Thursday, October 22, 2020

കടലാഴങ്ങൾ -15

അന്ന് രാത്രിയിൽ കുറച്ചു ദിവസങ്ങൾ കൂടി നന്നായൊന്നുറങ്ങാൻ ആദിക്കു കഴിഞ്ഞു. അത് കൊണ്ട് തന്നെ അടുത്ത ദിവസം കുറച്ചേറെ വൈകിയാണ് അവൻ ഉണർന്നതും . 


"മുത്തശ്ശി .. "


തോർത്തുമുണ്ട് കഴുത്തിൽ ചുറ്റി , നാലുകെട്ടിനുള്ളിൽ ഒന്ന് പരതിയ ശേഷം  അവൻ അടുക്കളയിലേക്കു നടന്നു .


"ആ കണ്ണാ ,മൊനെഴുന്നേറ്റോ .. സമയം കുറച്ചായി കേട്ടോ "


അവരവന്റെ മുഖത്തു തലോടി 


"ഹ്മ്മ് .. ഞാൻ ഒന്ന് കുളിച്ചു വരാം . അല്ലാ മുത്തശ്ശനെന്തിയെ .. "


വലം കയ്യിൽ എണ്ണ പകർന്നു , പിന്നീട് അവനതു തലയിൽ തേച്ചു പിടിപ്പിച്ചു .


 "രാവിലെ എങ്ങോട്ടോ പോകുന്നത് കണ്ടു .. ഇന്നലെ രാത്രിയിൽ ശെരിക്കുറങ്ങിയില്ലാ പാവം .. "


"എന്തെ .. "


അടുക്കളയുടെ വടക്കേ പടി കടന്നു വരാന്തയിലേക്കിറങ്ങിയ ആദി സംശയത്തോടെ തിരിഞ്ഞു നിന്നു .


"മിനിഞ്ഞാന്ന് നടന്നത് അങ്ങനെ വിട്ടു കളയില്ല എന്ന് പറയുന്നത് കേട്ടു , രാവിലെ അതിന്റെ കാര്യത്തിനാ പോയിരിക്കുന്നേ .. "


"എങ്ങോട്ട് .. "


"അതറിയില്ല കണ്ണാ , മിക്കവാറും MLA യെ കാണാൻ ആവും , ഇനി നിന്നെ തൊടാൻ അവന്റെ കയ്യ് പൊങ്ങില്ല എന്നും പറഞ്ഞാ പോയെ .. "


"വേണ്ടായിരുന്നു മുത്തശ്ശി ..ഞാനായിട്ട് ഒന്നും .. പറഞ്ഞുവല്ലോ , തിരിച്ചു പോവുകയാണ് , ഇനി ഇങ്ങോട്ടു ഇടയ്ക്കു മാത്രമേ വരൂ , അവരെല്ലാം കരുതുന്നത് പോലെ ഉണ്ടാകില്ല .. "


അവൻ വരാന്തയിൽ നിന്നും പടികൾ ഇറങ്ങി , മുറ്റത്തു നിന്ന മാവിന്റെ ഒരു ചെറിയ കമ്പെടുത്തു വായിലിട്ടു ചവച്ചു ..


"മുത്തശ്ശി .. അംബികാമ്മയോടു പറഞ്ഞോളൂ  , ഈ വീടും സ്ഥലവും കൂടി ഗോവിന്ദിനോ ഗായത്രിക്കോ കൊടുക്കാൻ എനിക്ക് സമ്മതാണന്നു .. തെക്കേ പറമ്പിലെ ആ കുളവും കുളപ്പുരയും മാത്രം മതി എനിക്ക് .. "


പറഞ്ഞു തീരുമ്പോൾ അവൻ്റെ വാക്കുകൾ ഇടറിയത് അവർ ശ്രദ്ധിച്ചു . എങ്കിലും തൻ്റെ ചെറുമകൻറെ സ്വഭാവത്തിൽ വന്ന മാറ്റം കുറച്ചൊന്നുമല്ല അവരെ സന്തോഷിപ്പിച്ചത് .


കുളപ്പടവിന്റെ ഏറ്റവും ഒടുവിലത്തെ പടിയിൽ തൻ്റെ ശരീരത്തിൽ തഴുകി പോകുന്ന ഓളങ്ങളുടെ തണുപ്പിൽ കിടക്കുമ്പോൾ താൻ ഈ ലോകത്തു കിട്ടാവുന്നതിൽ ഏറ്റവും ശാന്തമായ സ്ഥലത്താണ് എന്നവനു തോന്നി ..


"ഹാ , മോനിവിടെ കിടക്കുവാണോ .. പനി  വരുവേ .. "


കുളപ്പുരയിൽ നിന്നും പടികളിറങ്ങി വന്ന അച്യുതൻ അവനോട് ചെറിയൊരു ശാസനയോടെ പറഞ്ഞു .


"പനി വരാനോ , എനിക്കോ , ഈ കുളത്തിൽ ഇങ്ങനെ കിടന്നാലോ ..അച്ചുവേട്ടൻ എന്താ ഈ പറയുന്നേ .. "


"മോൻ എഴുന്നേറ്റെ , നേരം കുറെ ആയില്ലേ കുളിക്കാനാണെന്നു പറഞ്ഞു ഇങ്ങോട്ടു പോന്നിട്ട് , ഇല്ലത്തമ്മ , മോനെ കാണാഞ്ഞിട്ട് എന്നെ തിരക്കാൻ വിട്ടതാ .. പാവം പേടിച്ചിരിക്കുകയാ "


"പേടിയോ , ഈ കുളത്തിനിയോ .. അച്ചുവേട്ടന് തോന്നുന്നുണ്ടോ ഈ കുളക്കരയിൽ വച്ച് എനിക്കെന്തെങ്കിലും പറ്റുമെന്ന് .. എനിക്കീ വീട്ടിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം ഈ കുളമാണ് .. അങ്ങനെയല്ലേ ... "


മറുപടി പറയാതെ അയാൾ തല താഴ്ത്തി, അവൻ്റെ അരികിലേക്ക് പടികൾ ഇറങ്ങി ചെന്നു .


"ഇവിടെ ഉണ്ട് എൻ്റെ  അമ്മ , എൻ്റെ ശരീരത്തു വന്നു ചേരുന്ന ഈ ഓളങ്ങൾ അമ്മയുടെ കൈകളാണ് , സുഖമല്ലേ എന്ന് ചോദിക്കുന്നതാണ് , മോനൊന്നുകൊണ്ടും പേടിക്കണ്ട എന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയാണ് ... "


ആദിയോട് എന്ത് പറയണമെന്നറിയാതെ അയാൾ അവനരുകിൽ നിന്നു .


"അച്ചുവേട്ടനറിയാമോ , എൻ്റെ അമ്മ ദാ ഇവിടെയുണ്ട് ... കുസൃതി കുറയ്ക്കാനായി മനയിൽ ഉച്ചഭക്ഷണം നിഷേധിക്കപ്പെടുമ്പോൾ , പട്ടിണികിടത്തുമ്പോൾ വയറു നിറയെ വെള്ളം തന്നത് എൻ്റെ അമ്മയാണ് , തല്ലു കൊണ്ടും , പൊള്ളലേറ്റും ഉണ്ടായ എൻ്റെ ശരീരത്തിലെ  മനസ്സിലെ വേദനകളെ എൻ്റെ അമ്മ തഴുകി കളഞ്ഞത്  ഇങ്ങനെയാണ് .. പിന്നെ ഞാൻ എന്തിനു പേടിക്കണം .. ആരെ പേടിക്കണം .... എൻ്റെ അമ്മ .. എൻ്റെ അമ്മ .. ഇവിടെയാണ് ... "


അച്യുതനെന്തെങ്കിലും പറയും മുൻപേ ആദി പടിയിൽ നിന്നും താഴേക്കു മറിഞ്ഞു ആ കുളത്തിൻ്റെ ആഴങ്ങളിലേക്ക് മുങ്ങിയിരുന്നു . 


#######################################


ഉച്ചയൂണും കഴിഞ്ഞു മുത്തശ്ശിയുടെ മടിയിൽ തലയും വച്ച് വരാന്തയിൽ കിടക്കുമ്പോഴാണ് പരമേശ്വരൻ നമ്പൂതിരി കയറി വന്നത് . വന്ന പാടെ കയ്യിലിരുന്ന ഒരു കവർ ആദിയുടെ നേരെ നീട്ടി 

 

"ഇതിലൊന്ന് ഒപ്പിട്ടു തരുകാ .. "


അവൻ സംശയഭാവത്തിൽ അദ്ദേഹത്തെ നോക്കി .


"നോക്കണ്ട , ഇത് അവനുള്ളതാ , അവൻ പെൻഷൻ മേടിക്കാതെ കോടതി കയറി നടക്കുന്നതെനിക്ക് കാണണം , ഞാൻ പോയിരുന്നു ആ ഡി എസ് പി യെ കാണാൻ . പിന്നെ , കവലേല് രാഘവനും കടയിൽ ഉണ്ടായിരുന്നെന്ന് പറഞ്ഞു രണ്ടു പേരും സാക്ഷികളായി ഒപ്പിട്ടുണ്ട് ."


"ഇതെല്ലാം  വേണോ മുത്തശ്ശാ .. "


"അല്ലാണ്ട് പഴയ പോലെ നീ ഒറ്റയ്ക്ക് തീർക്കാൻ പോവുവാണോ .. "


"ഇല്ലാ ,എനിക്ക് ഇതിലൊന്നും താത്‌പര്യമില്ല , തിരികെ പോണം , ഇവിടെ കേസും കൂട്ടവുമായി കോടതി കേറാൻ എനിക്ക് വയ്യ  .. "


"നല്ലതു , പക്ഷെ ഇത് നീ ചെയ്യണം , നിനക്കു വേണ്ടിയോ എനിക്ക് വേണ്ടിയോ അല്ല , അവൻ കാരണം ജീവിതം നഷ്ടപെട്ട ഒരു പാട് പേരുണ്ടുവിടെ , അവർക്കു വേണ്ടി .. "


ഒന്ന് മടിച്ച ശേഷം അവൻ മുത്തശ്ശന്റെ കയ്യിൽ നിന്നും പേന  വാങ്ങി പരാതിയിൽ ഒപ്പിട്ടു തിരികെ നൽകി . അദ്ദേഹം അപ്പോൾ തന്നെ ആ പേപ്പർ കവറിൽ ഇട്ടു ഡ്രൈവറുടെ നേരെ നീട്ടി .


"സുധീ , ഇതിൻ്റെ ഒരു കോപ്പി എടുക്കണം , എന്നിട്ടു നമ്മൾ വരും വഴി കണ്ട സാറിൻ്റെ കയ്യിൽ കൊടുക്കണം , അദ്ദേഹം കോപ്പിയിൽ ഒപ്പിട്ടു തരും , അതും വാങ്ങി പോരണം , വൈകിട്ടു മുൻപ് ഇങ്ങത്തെണം ... "


"ശെരി തിരുമേനി .. "


അയാൾ ആ കവർ വാങ്ങി കാറിനരുകിലേക്ക് നടന്നു ..


"ഇല്ലത്തമ്മേ , വല്ലാണ്ട് വിശക്കുന്നു , കഴിക്കാൻ എടുത്തൊള്ളൂ .. "


പരമേശ്വരൻ നമ്പൂതിരി നാലുകെട്ടിനകത്തേക്കു  നടന്നപ്പോൾ ജാനകി അന്തർജ്ജനം അദ്ദേഹത്തെ അനുഗമിച്ചു . ആദി ,  ഒരു ചെറു പുഞ്ചിരിയോടെ ഫോൺ കയ്യിലെടുത്തു ജസ്റ്റിൻ എന്നെഴുതിയ നമ്പറിൽ വിരലമർത്തി . 


"എസ് , മിസ്റ്റർ ആദിത്യൻ നാരായണൻ .."


"മുത്തശ്ശൻ വന്നുവല്ലേ .. "


"ഹ്മ്മ് . "


"എനിക്കൊരു പരാതിയുമില്ല എന്ന് അപ്പോഴേ പറഞ്ഞതല്ലേ .. "


"ഡാ നാരായണൻ്റെ മോനെ , എന്താണ് നിനക്ക് പറ്റിയത് . നിനക്ക് പരാതിയില്ല എന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുക എന്നെനിക്കറിയാമായിരുന്നു , ഞാൻ കാത്തിരുന്നു , മുപ്പത്തിയാറു മണിക്കൂർ , ഒന്നും നടന്നില്ല , അത് കൊണ്ട് , നിനക്ക് വേണ്ടി , എൻ്റെ കൂട്ടുകാരന് വേണ്ടി ഞാൻ അങ്ങോട്ട് ഇറങ്ങി . ആ പിന്നെ , ഞാൻ മാത്രമല്ല , നിന്റെ മുത്തശ്ശനും . ഇനി നീ ഗാലറിയിൽ ഇരുന്നാൽ മതി . ഹ്മ്മ് .. ഞാൻ കളിക്കാം നിനക്ക് വേണ്ടി .. "


"പുല്ല് , എന്നതാണേലും കുഴപ്പമില്ല , ഇടയ്ക്കിടെ എന്നെ ഇങ്ങോട്ടു വിളിക്കാതിരുന്നാൽ മതി .. "


"അത് ശെരി , മോന് ഈ കനകമംഗലത്തു വരാൻ അല്ലെ ബുദ്ധിമുട്ടുള്ളൂ , കുറച്ചപ്പുറം ഉള്ള , എന്റെ അധികാര പരിധിയിൽ തന്നെയുള്ള പാലായിൽ വരാൻ ബുദ്ധിമുട്ടു ഇല്ലല്ലോ അല്ലെ .. "


"അതെങ്ങനെ ... "


"ഞാനേ ഒരു IPS കാരനാടാ , നീയൊക്കെ എന്ത് കള്ളത്തരം കാണിച്ചാലും ഞാൻ അറിയും .. ഹ്മ്മ് .. അപ്പൊ ബൈ , നാളെ കുഴപ്പമൊന്നും പറ്റിക്കാതെ ബുള്ളറ്റ് ഇങ്ങോട്ടു കൊണ്ടു വന്നേക്കണം .. ആ പിന്നെ അമ്മച്ചിക്ക് എന്തോ പാഴ്സൽ  തന്നു  വിടാനുമുണ്ട് , നേരത്തെ വന്നേക്കണം .."


"ഹ്മ്മ് , ശെരി സാറേ , ഞാൻ രാവിലെ എത്തിയേക്കാം , ഉച്ചക്ക് ഊണ് അവിടുന്ന് , എന്നിട്ടു വൈകുന്നേരം ബസ് കേറാൻ നീ കൊണ്ടേ  വിട്ടാൽ മതി .."


"ഒക്കെടാ ആദി , പണിയുണ്ട് .. ബൈ ."


"ബൈ .. "


ആദി കാൾ കട്ട് ചെയ്തു ഫോൺ താഴേക്കു വച്ച് കപ്പമാവിന്റെ ചുവട്ടിലേക്ക് നടന്നു . 


"ഡാ മാധവാ , ഞാൻ നാളെ പോകും കേട്ടോ ..."


അവൻ കൈ നീട്ടി പറഞ്ഞപ്പോൾ , എന്തോ മനസ്സിലായത് പോലെ മാധവൻ തൻ്റെ തുമ്പിക്കൈ കൊണ്ട് ആദിയെ വട്ടം പിടിച്ചു തന്നോട് ചേർത്തു 


############################################################


"മുത്തശ്ശി, ഞാനൊരു മണിക്കൂർ കഴിഞ്ഞു ഇറങ്ങും കേട്ടോ .. "


"ഞാൻ പോകണ്ട എന്ന് പറഞ്ഞാലും നീ പോകുമല്ലോ , പിന്നെന്താ .. "


പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ പറഞ്ഞത് കേട്ട് മുത്തശ്ശി   പുഞ്ചരിയോടെ മറുപടി പറഞ്ഞു . ഒരു കരച്ചിൽ പ്രതീക്ഷിച്ചിരുന്ന അവരുടെ മുഖത്ത് നിന്നും ഇങ്ങനെ കേട്ടതോടെ അവൻ അത്ഭുതത്താൽ തൻ്റെ എതിർവശമിരിക്കുന്ന മുത്തശ്ശനെ നോക്കി . അവിടെയും ഒരു പുഞ്ചിരി വിടർന്നിരുന്നു .


"സരോജിനി ഇപ്പൊൾ വരും , നിനക്ക് കൊണ്ട് പോകാൻ കുറച്ചു നെയ്യപ്പോം , അവലോസ് പൊടിയും അച്ചപ്പോം എല്ലാം പറഞ്ഞിട്ടുണ്ട് .  നീ പോയി റെഡി ആയി വാ .. "


"ഓഹോ , സാധാരണ പോലെ ഇത്തവണ കരഞ്ഞു നിലവിളി ഇല്ലേ ? "


"എന്തിന്  , നിനക്ക് നിന്റെ ഇഷ്ടങ്ങൾ അല്ലെ പ്രധാനം അതിനിടയിൽ ഈ വയസ്സായവരുടെ അഭിപ്രായങ്ങൾക്കു എന്ത് വില .. "


"ഓഹോ , അപ്പോൾ ജസ്റ്റിൻ എല്ലാം പറഞ്ഞു അല്ലെ .. "


ആദി കസേരയിൽ നിന്നും എഴുനേറ്റു കൈകഴുകാനായി പുറത്തേക്കു നടന്നു ..




കുറച്ചു സമയത്തിനപ്പുറം , സരോജിനി കൊടുവന്ന സാധനങ്ങളും , തൻ്റെ കുറച്ചു ഡ്രെസ്സുമെല്ലാം ഷോൾഡർ ബാഗിലാക്കി , ഏഴുമുറ്റം മനയുടെ മുറ്റത്തു നിന്നും ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി മുന്നേറ്റെടുക്കുകയായിരുന്നു ആദി. 


"നീ .. നീ നശിച്ചു പോകുമെടാ ... "


ആ സമയം    ദേഷ്യത്തോടെ അങ്ങോട്ട് വന്ന അംബിക അവനു മുൻപിൽ കയറി നിന്നു . ഇരു കൈകളും തലയ്ക്കു മുകളിൽ പിടിച്ചു അവനെ ശപിക്കാൻ തുടങ്ങി .


"നോക്കിക്കോ , ഈ പോകുന്ന വഴി ഏതേലും ടിപ്പർ നിന്നേം കൊണ്ട് പോകും , അത്രയും നെഞ്ചിൽ തട്ടിയാടാ ഈ പറയുന്നേ .. "


അവർ ശാപവാക്കുകൾ കൊണ്ട് മൂടുമ്പോൾ മറുത്തൊന്നും പറയാതെ പുഞ്ചിരിച്ചു നില്കുകയായിരുന്നു ആദി. ആ സമയം അവൻ്റെ മനസ്സിലൊരു നിസംഗ്ഗഭാവമായിരുന്നു .


"എന്താണ് അംബികേ പ്രശനം , എന്തിനാ നീ അവനെ വഴക്കു പറയുന്നേ .. "


പരമേശ്വരൻ നമ്പൂതിരി മനയുടെ പടികളിറങ്ങി അവരുടെ അടുത്തേക്കെത്തി 


"പിന്നെ വഴക്കു പറയാതെ , ഈ അസത്തു വന്നതേ കുഴപ്പമായില്ലേ  , അംബരീഷ്  എട്ടന് കല്യാണം കൂടാൻ പറ്റിയില്ല , ഇപ്പൊ ദേ ഇവൻ കൊടുത്ത പരാതിയിൽ സസ്‌പെൻഷനും .. "


ആദി ഒന്നും വേണ്ടായിരുന്നു എന്ന ഭാവത്തിൽ മുത്തശ്ശനെ നോക്കി , പിന്നെ വീണ്ടും ബുള്ളറ്റിൻ്റെ കിക്കറടിച്ചു . 


"ഒരു മിനിട്ടു  നിൽക്കൂ കുട്ടീ  .. "


മുത്തശ്ശി അവനെ പിടിച്ചു നിർത്തി , വേഗം അകത്തേക്ക് കയറിപ്പോയി  , കുറച്ചു സമയത്തിന് ശേഷം ,  ഒരു താലത്തിൽ കർപ്പൂരം കത്തിച്ചു അവനു മുന്നിലേക്ക് വന്നു .


"അമ്മെ .. "


"നീ മിണ്ടരുത് .. "


അവരെ  എതിർക്കാൻ വന്ന അംബികയെ തൻ്റെ ശോഷിച്ച ഇടതു കയ്യ് ഉയർത്തി മിണ്ടരുത് എന്നാജ്ഞാപിച്ചു , പിന്നെ ആ താലം അവനു മുന്നിൽ ഉഴിഞ്ഞു വടക്കു ദിക്കിലേക്ക്  എറിഞ്ഞു . 


"ഉം ..പൊയ്ക്കോളൂ .. "


ആദി , അവരെയും കടന്നു ദൂരേക്ക്‌ പോയിക്കഴിഞ്ഞപ്പോൾ മുത്തശ്ശി മുത്തശ്ശനെ നോക്കി ..


"ഈ അശ്രീകരത്തിനു എന്താന്നു വച്ചാ കൊടുക്കുക , ഇനി മേലാൽ  ഈ മനയുടെ മുറ്റത്തു ഇവൾ കാലു കുത്തരുത് , നമ്മളിലൊരാൾ പോയാൽ പോലും .. "


"അംബിക , ആ പരാതി കൊടുത്തതു ഞാനാണ് , എന്താണ് എന്ന് വച്ചാൽ എന്നെ ചെയ്തോളൂ നിങ്ങൾ അങ്ങളയും പെങ്ങളും . അതല്ല ഇനിയും ആ പാവത്തിന്റെ പുറകെ പോകാനാണ് ഭാവമെങ്കിൽ , കരുതി ഇരുന്നോളൂ , ഈ ഏഴുമുറ്റത്തു വലിയ തിരുമേനിയുടെ ഒരു മുഖമേ നീ കണ്ടിട്ടുള്ളൂ , ഇനി അങ്ങനെയാവില്ല .. "


പരമേശ്വരൻ നമ്പൂതിരിയിൽ നിന്നും അങ്ങനെ കേട്ടതോടെ എന്ത് പറയണണമെന്നറിയാതെ അംബിക തിരിഞ്ഞു നടക്കാനൊരുങ്ങി .. 


"ഇത് കൂടി അറിഞ്ഞോളൂ , അവൻ , ആദി,  ഇവിടെ ജീവിക്കും , അവൻ്റെ  വനവാസവും അജ്ഞാതവാസവും കഴിഞ്ഞിരിക്കുന്നു , തിരികെ വരുമവൻ , അടുത്ത ഏഴുമുറ്റത്തെ തിരുമേനിയായി . ഇത് നിൻ്റെ ഭർത്താവിനോടും കൂടി പറഞ്ഞേക്ക് .. "


തിരുമേനി തിരികെ നടക്കുന്നതിനിടയിൽ മുറ്റത്തു നിന്ന കാര്യസ്ഥൻ അച്യുതന് നേരെ വിരൽ ചൂണ്ടി . 


"അച്യുതാ , പടിപ്പുര അടച്ചെക്ക്  , കണ്ട കൊടിച്ചി പട്ടികൾ മനയിൽ കയറി നിരങ്ങുന്നുണ്ട് .. "


നാലുകെട്ടിനകത്തേക്കു കയറി പരമേശ്വരൻ നമ്പൂതിരി വാതിൽ കൊട്ടിയടക്കുമ്പോൾ , പിടിവിട്ട മനസ്സുമായി ബുള്ളെറ്റ് ഓടിക്കുകയായിരുന്നു ആദി . അവൻ്റെ കർണ്ണപുടങ്ങളിൽ  ഒരു സിനിമ ശാലയിലെന്ന പോലെ അംബികയുടെ ശാപവാക്കുകൾ വന്നു പതിച്ചു കൊണ്ടിരുന്നു .


(തുടരും)