Monday, January 11, 2021

കടലാഴങ്ങൾ 18

"ആൻ.. ആൻ IPS"

ഒരു വിറവൽ അഞ്ജലിയുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു..

"ആ.. അഞ്ജലി.. വരൂ എല്ലാവരും വരൂ.."

"ഇത്.. ആൻ മാഡമല്ലേ.. "

ദിയ സംശയത്തോടെ ആനിനെ നോക്കി.

"യെസ്, ഐ ആം ആൻ.. നിങ്ങൾക്ക് എന്നെ അറിയാമോ.."

"അറിയാം.. മാം ഒരിക്കൽ ഞങളുടെ ഓഫിസിലും വന്നിട്ടുണ്ട്.. അല്ല മാം എന്താ ഇവിടെ.."

"ആഹ്.. ഇത് നല്ല ചോദ്യം.. ആൻ ആദിയുടെ അടുത്ത് അല്ലാതെ പിന്നാരുടെ അടുത്താ പോകേണ്ടത്.. "

ആൻ സോഫയിൽ ണ് നിന്നും എഴുനേറ്റു ആദിയോട് ചേർന്നു നിന്നു.

" ആ.. ആൻ, പരിചയപെടുത്താൻ മറന്നു. ഇത് അഞ്ജലി, ദിയ, പിന്നെ അത് മൈഥിലി. "

"ഓഹ് നിന്റെ നൈബെർഴ്സ് അല്ലെ.."

ആൻ കുനിഞ്ഞു ഒരു ബിയർ കുപ്പി കയ്യിൽ എടുത്തു അവരുടെ ചുറ്റും  ഒരു വട്ടം നടന്ന ശേഷം വീണ്ടും ആദിയോട് ചേർന്നു നിന്നു.

"അഞ്ജലി മറിയം തോമസ്.. ല്ലേ.."

"ഹ്മ്മ്"

"പറഞ്ഞിട്ടുണ്ട്.. വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞിട്ടുണ്ട്.. ബാ ഇരിക്ക്. നമുക്കൊന്ന് കൂടാം..  .."

സോഫയിലേക്ക് ഇരുന്നു ആൻ ആദിയെ നോക്കി.
" ആദി നീ ഫ്രിഡ്ജിൽ ഇരിക്കുന്ന കുപ്പികൾ ഇങ്ങോട്ട് എടുത്തോണ്ട് വാ.. "

"വേണ്ടാ.. സോറി.. ഞങ്ങൾ ഇറങ്ങട്ടെ.."

അഞ്ജലി ധൃതി കൂട്ടി പുരത്തേക്കു നടക്കാൻ ഒരുങ്ങി.

"ആഹ്. അങ്ങനെ പോയാലോ. ആദിയുടെ ഫ്രെണ്ട്സ് എന്റേം ഫ്രണ്ട്‌സ് അല്ലെ. വാടോ, നമുക്കൊന്നു ഇരിക്കാം. "

വലതു കയ്യിൽ പിടിച്ചിരിക്കുന്ന  കുപ്പി വട്ടത്തിൽ കറക്കി, അതെ കയ്യിലെ ചൂണ്ടു വിരൽ എതിർ വശത്തിൽ ഉള്ള കസേരയിലേക്ക് ചൂണ്ടി ആൻ പറഞ്ഞു.

"ഇല്ലാ, നിങ്ങളുടെ പ്രൈവസി കളയുന്നില്ല. ജസ്റ്റ്‌ ആദിയേട്ടന്റെ അനിയത്തിയുടെ കല്യാണഫോട്ടോസ് കാണാൻ വന്നതാ.. യു കണ്ടിന്യൂ.. ഞങ്ങൾ പിന്നെ വന്നോളാം."

മൈഥിലി, അഞ്ജലിയുടെ മനസ്സറിഞ്ഞത് പോലെ അത്രയും പറഞ്ഞു മുന്നേ നടന്നു. തല താഴ്ത്തി പുറകെ മറ്റു രണ്ടു പേരും.

"ആർ യു ഷുവർ.."

ബോട്ടിൽ വായിലേക്ക് കമഴ്ത്തി കാലിയാക്കിയ ശേഷം  കുഴഞ്ഞ ശബ്ദത്തിൽ ആൻ അവരോട് ചോദിച്ചു.

"യെസ്."

ഫ്ലാറ്റിന്റെ കതക് അടയ്ക്കും മുൻപ് അഞ്ജലി ഒരിക്കൽ കൂടി അവരെ നോക്കി. അവളുടെ കണ്ണിൽ സങ്കട ഭാവം നിറഞ്ഞിരുന്നു.

"അളിയാ, നീ കൊള്ളാല്ലോ. മുറ്റ് പീസാ വിട്ടു കളയണ്ട, മുറുക്കെ പിടിച്ചോണം.."

അവർ കടന്നു പോയതും ഒഴിഞ്ഞ ബോട്ടിൽ ടീപ്പൊയിൽ വച്ചു ആൻ അവന്റെ തോളിൽ തട്ടി.

" ഡി പട്ടി, ഒരു കൺഫ്യൂഷൻ തീർന്നു വരുവായിരുന്നു. നീ കാരണം അടുത്തതായി. ഹോ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കും.. എന്റെ ദൈവമേ.. "

അവൻ വലതു കൈ നെഞ്ചിൽ വച്ചു മുകളിലേക്കു നോക്കി.

"ഡാ, നീ എന്തിനാ ടെൻഷൻ ആകുന്നെ, ഇത്തിരി കഷ്ടപെട്ടു നേടുന്നതാ നല്ലത്. പിന്നെ , അവള് നിനക്കുള്ളതാ. ആ കണ്ണിൽ നോക്കിയാൽ അറിയാം നിന്നോടുള്ള ഇഷ്ടം. "

"ഉവ്വാ.. ഈ കിഷോർ ഇറങ്ങി പോയപ്പോൾ വാതിൽ അടക്കാഞ്ഞതാ പ്രശ്നം ആയതു."

"കൊള്ളാം, എന്നിട്ട് വേണം അടച്ചിട്ട വാതിലുനുള്ളിൽ നീയും ഞാനും വല്ല പരിപാടിയും ആണെന്ന് അവൾ കരുതാൻ. ഇതിപ്പോ അത്രക്ക് പ്രശ്നം ഇല്ലല്ലോ."

"ആവോ "

അവൻ തന്റെ ബോട്ടിൽ എടുത്തു വായിലേക്ക് കമഴ്ത്തി.




#############

"ഇതിപ്പോ എന്നതാടി.."

"എനിക്കറിയില്ല ദിയെ, ഓരോ പുതിയ മാരണങ്ങൾ വന്നു കേറിവല്ലേ ."

"ഹാ. എന്നാലും ആൻ മാഡവും ആദിയെട്ടനും തമ്മിലുള്ള ബന്ധം ആണ് എനിക്കു മനസ്സിലാവാത്തത്.."

"എൻ്റെ പൊന്നോ , നിങ്ങൾ രണ്ടു പേരും ഒന്ന് നിർത്തുവോ.. "

അഞ്ജലി ദേഷ്യത്തോടെ ഇരുവരെയും നോക്കി.

"ആഹ് , ഡി മിഥു , ആദിയേട്ടനൊപ്പം ഒരു പെണ്ണിനെ കണ്ടതിനു ഇവൾ എന്തിനാ നമ്മളുടെ തലയിൽ കേറുന്നേ .."

"ആ , അതും വെറും പെണ്ണല്ല , ആൻ , ഐ പി എസ് .."

"ദിയ , മിഥൂ , ആദിയേട്ടൻറെ ഒപ്പം ഒരു പെണ്ണിനെ കണ്ടത്തിലൊന്നും എനിക്കൊരു പ്രശ്നവുമില്ല . "

"ഉവ്വ .."

"നിങ്ങൾ ശ്രദ്ധിച്ചോ , നമ്മൾ അകത്തേക്കു ചെന്നതും പുള്ളിയുടെ ഒരു പരിഭ്രമം , അതിലുപരി ആൻ മാഡം എത്ര കംഫർട്ടബിള് ആയാണ് ഇരുന്നത് .. " 


അഞ്ജലി അവരെ നോക്കി പുഞ്ചിരിച്ചു .

"നീയെന്താ പറഞ്ഞു വരുന്നത് ."

"ആൻ മാഡം പുള്ളിക്ക് വേണ്ടപ്പെട്ട ആരോ ആണ് , ഒരു പക്ഷെ നല്ലൊരു സുഹൃത്ത് .."

"പക്ഷെ നീ അവിടെ നിന്ന് ഇറങ്ങിയപ്പോ നിന്റെ കണ്ണുകൾ നിറഞ്ഞിരുന്നല്ലോ .. "

മറുപടിയായി അവളരെ നോക്കി പുഞ്ചിരിച്ചു ..

"മനസ്സിലായില്ല .. "

"മിഥൂ, അതൊരു ട്രിക്കല്ലേ പൊട്ടി , എന്നോടൊരു സോഫ്റ്റ് കോർണർ പുള്ളിക്കുണ്ട് , ഇന്നത്തെ സംഭവം ഏറ്റെങ്കിൽ ഇവിടെ എന്നെ കാണാൻ വരും .."

"ഓഹോ , എന്നിട്ട് .. "

"ഞാൻ പറയിപ്പിക്കും ,എന്നെ ഇഷ്ടമാണെന്നു , നിങ്ങൾ കണ്ടോളൂ .."


അവരെ തള്ളി മാറ്റി അഞ്ജലി റൂമിനകത്തേക്കു കയറിപ്പോയി 
###########################

"ഹേയ് അഞ്ജലി .. "

രാവിലെ മുതൽ തന്നെ ഓഫിസിലെ തിരക്കിനിടയിൽ മുഴുകിയിരിക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു ആദി ഇരുന്നു . 

"ഹ്മ്മ് ..."

"എന്താണ് , ഐ മീൻ , എന്തിനാണ് എന്നെ ഇങ്ങനെ ആവൊയിട് ചെയ്യുന്നേ .. "

"ആദിയേട്ടാ ,സോറി , മിസ്റ്റർ ആദിത്യ , ഇവിടെ ഓഫീസ് മര്യാദകൾ പാലിക്കണം എന്നല്ലേ റൂൾ , സൊ .. "

അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം പുച്ഛമാണോ എന്നവൻ സംശയിച്ചു ..

"ഓഹ് , ഓക്കേ , ഇന്ന് വൈകിട്ട് ഫ്രീ ആകുമോ , എനിക്കല്പം സംസാരിക്കണം .. "

"എനിതിങ് അര്ജന്റ് ..വീ കാൻ ടോക്ക് നൗ "

അവൾ ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി നോക്കി.

"നോ  ,  ഇറ്റ്സ് സംതിങ് പേഴ്സണൽ .. വൈകിട്ട് ഒരല്പസമയം നീക്കിവച്ചാൽ .. "

"ഓക്കേ , പക്ഷെ ,എനിക്ക് മാത്രമായി ഒരു പേർസണൽ ലോകം ഇതുവരെ ഇല്ല , അതുകൊണ്ടു  എൻ്റെ ഫ്രണ്ട്സ് കൂടെ ഉണ്ടാകും , കുഴപ്പമില്ലല്ലോ അല്ലെ .. "

"ഇല്ലാ , ഒരിക്കലുമില്ല .. "

ആദി തൻ്റെ ലാപ്ടോപ്പ് മടക്കി വച്ച് കസേരയിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടന്നു . 

അവളാകട്ടെ തൻ്റെ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് മെസ്സേജ് അയക്കുന്ന തിരക്കിലായിരുന്നു 

"ലേഡീസ് , ബി റെഡി , ഇന്ന് വൈകിട്ട് ആ അത്ഭുതം സംഭവിക്കും .."

(തുടരും)




Wednesday, January 6, 2021

ഒറ്റമുറി വീട്

 



ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് കതക് തുറന്ന് സുദേവ് വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ഭാര്യയും മക്കളും അകത്തെ മുറികളിൽ നല്ല ഉറക്കത്തിലായിരുന്നു. ഭിത്തിയിലെ ഘടികാരം സമയം പന്ത്രണ്ടു മണി ആയെന്നറിയിച്ചു. ശബ്ദമുണ്ടാക്കാതെ ധരിച്ചിരുന്ന വസ്ത്രം മാറി, കാവിമുണ്ടെടുത്തു കൈകാലുകൾ കഴുകി അയാൾ സോഫയിലേക്കിരുന്നു. കഴിഞ്ഞ കുറെ മണിക്കൂറുകളിൽ നടന്ന സംഭവ വികാസങ്ങൾ മനസ്സിലേക്ക് തികട്ടി വന്നപ്പോൾ ചെന്നിയിൽ അനുഭവപ്പെട്ട വേദനമാറ്റാനെന്നവണ്ണം വലതു കൈയുടെ ചൂണ്ടു വിരലും തള്ള വിരലും ചേർന്നമർത്തി, പിന്നെ സോഫായിലേക്കു നീണ്ടു നിവർന്നു കിടന്നു.


അന്ന് രാവിലെ ആറു മണിയോടെയാണ് തനിക്കു അനൂപിന്റെ ഫോൺ വന്നത് . മറുനാടൻ മലയാളികളുടെ സംഘടനയിലെ ഭാരവാഹികൾ എന്ന നിലയിൽ ആ സ്ഥലത്തെ പ്രശ്നങ്ങളും പരാതികളും പലപ്പോഴും അവർക്കു കിട്ടാറുണ്ട്. കഴിയുന്നത് പോലെ അവരെ സഹായിക്കാൻ ശ്രമിക്കാറുമുണ്ട് . പക്ഷെ, അപ്പോൾ അവരെ തേടിവന്ന അപേക്ഷ കുറച്ചു കടുപ്പമുള്ളതു തന്നെയായിരുന്നു . കുറച്ചപ്പുറമുള്ള ബാലാജി ഫ്ളാറ്റിലെ ജയദേവന്റെ അച്ഛനെ, കുമാരേട്ടനെ,കാണ്മാനില്ല.കുമാരേട്ടൻ , തനിക്കു പരിചയമുള്ള മനുഷ്യനാണല്ലോ എന്ന തിരിച്ചറിവിൽ ഉറക്കം വെടിഞ്ഞു ബെഡിൽ സുദേവ് എഴുന്നേട്ടിരുന്നു , പിന്നെ സാവധാനം കിടപ്പുമുറിയുടെ പുറത്തേക്കു നടന്നു . ബേക്കറിയിലോ അല്ലങ്കിൽ തലമുടി വെട്ടുന്ന കടയിലോ സ്ഥിരമായി മലയാളം പേപ്പറുമായി മല്ലിടാറുള്ള ഒരു സാധാ നാട്ടിൻപുറത്തുകാരൻ . മൂന്നു മക്കളാണ് , അവരെല്ലാം ബാംഗ്ലൂരിൽ താമസമാക്കി . ഭാര്യ മരിച്ചു പോയതോടെ നാട്ടിലെ സ്ഥലമെല്ലാം വിറ്റു മക്കൾക്കായി വീതിച്ചു കൊടുത്തു അവരോടൊപ്പം കൂടി. ഇടക്കെപ്പോഴോ പരിചയപ്പെട്ടപ്പോൾ പറഞ്ഞതാണ് ഇതെല്ലാം.


രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോൾ സ്ഥിരം കാണാറുള്ള സ്ഥലങ്ങളിൽ അദ്ദേഹത്തെ കണ്ടിരുന്നില്ല . പിന്നീട് കുറെ കാലത്തിനു ശേഷം ഒരാഴ്ച മുൻപാണ് വീണ്ടും കണ്ടത് . ഓരോ മക്കളും നിർബന്ധിച്ചു വിളിച്ചുകൊണ്ടു പോകും, ചെന്നില്ലങ്കിൽ അവർക്കു പരാതിയാ.. എന്നാ ചെയ്യാനാടാ ഉവ്വേ എന്ന് നാടൻ ഭാഷയിൽ പറഞ്ഞു , തന്റെ തോളിൽ തട്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചത് , അനൂപിനൊപ്പം അങ്ങോട്ടുള്ള യാത്രയിൽ ഓർത്തെടുത്തു.


ബാലാജി അപ്പാർട്മെന്റിലെ അറുന്നൂറ്റി പതിനാലാം ഫ്ലാറ്റിലേക്ക് അവർ ചെല്ലുമ്പോൾ ശോകമൂകമായ അവസ്തയിലായിരുന്നു എല്ലാവരും. സുദേവിനെയും അനൂപിനെയും കണ്ടപാടെ ജയദേവൻ ഓടി വന്നു ..


"അനൂപ്, എന്തേലും വഴിയുണ്ടോ.. അച്ഛൻ ഇങ്ങനെ ആരോടും പറയാതെ പോകുമെന്ന് കരുതിയതല്ല.. ഇതിപ്പോ ചേച്ചിയും ചേട്ടനും എന്നെ കൊന്നില്ലന്നെ ഉള്ളൂ , ഇവിടുന്നല്ലേ മിസ്സായെ .. "


അയാളുടെ വാക്കുകളിൽ അച്ഛനെ കാണാതായതിലും കൂടുതലായി , തന്റെ വീട്ടിൽ നിന്നും അങ്ങനെ സംഭവിച്ചതിൽ സഹോദരങ്ങൾ കുറ്റപ്പെടുത്തുമെന്നുള്ള ധ്വനി മുഴച്ചു നിന്നിരുന്നു . 


കുമാരേട്ടൻ കിടന്നിരുന്ന ആ ഹാളിലെ ചെറിയ രണ്ടടി വീതിയുള്ള തടി കട്ടിലിൽ കൂടുതലായി അവർക്ക് കണ്ടുപിടിച്ചെടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല . പക്ഷെ ,താഴേക്കിറങ്ങിച്ചെന്ന് സെക്യൂരിറ്റി മുറിയിലെ പഴയ ദൃശ്യങ്ങളിൽ നിന്നും രാത്രിയിൽ നാല് മണിയോടെ ചെറിയൊരു കറുത്ത ബാഗുമായി ഇറങ്ങിപോകുന്ന ആ കുറിയ മനുഷ്യനെ അവർ തിരിച്ചറിഞ്ഞു. പിന്നീടൊരു പരക്കം പാച്ചിലായിരുന്നു , രാത്രിയിലെ സെക്യൂരിറ്റിയെ അന്വഷിച്ചു അവരുടെ താമസ സ്ഥലത്തു , വിവരങ്ങൾ ശേഖരിച്ചു പോലീസ് സ്റ്റേഷനിലേക്ക്, അവിടെ നിന്നും ഒരു പോലീസുകാരനെയും കൂട്ടി കുമാരേട്ടൻ പോകാൻ സാധ്യതയുള്ള വഴികളിലെല്ലാം കൂടി . ഒടുവിൽ ഫ്ലാറ്റിൽ നിന്നും കുറച്ചകലെയുള്ള ഒരു കടയുടെ സി സി ടി വി ക്യാമറ ദൃശ്യങ്ങളിൽ നിന്നും ഒരോട്ടോയിൽ കയറുന്ന അദ്ദേഹത്തെ കണ്ടെത്തി. ആ യാത്ര ചെന്ന് നിന്നതു കൃഷ്‌ണരാജപുരം എന്ന ബാംഗ്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു . റെയിൽവേ സ്റ്റേഷനിനിലെ ക്യാമറയിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് കടമ്പകൾ വേറെയുണ്ട് . അതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനൊപ്പം ആ എട്ടു മണിക്കൂറിൽ കടന്നു പോയ ട്രെയിനുകളുടെ വിവരങ്ങൾ കൂടി ശേഖരിച്ചു വന്നപ്പോഴേക്കും സൂര്യൻ ഉദിച്ചുയർന്നു തലയ്ക്കു മീതെ എത്തിയിരുന്നു.


എട്ടു മണിക്കൂറിൽ ഇരു വശങ്ങളിലേക്കുമായി കടന്നു പോയത് അമ്പത്തിയാറു ട്രെയിനുകൾ !!!. സാധാമനുഷ്യന്റെ അന്വഷണം വഴിമുട്ടിയ സമയം .. ഇനിയെന്തെന്നുള്ള ചോദ്യം അവരുടെ മുന്പോട്ടുള്ള പ്രയാണത്തിന് തടസ്സമായി നിന്നു...


അതിലെ യാത്രക്കാരുടെ ലിസ്റ്റെടുക്കാം

അപ്പോൾ ജനറൽ ടിക്കറ്റിലാണ് പോയതെങ്കിലോ 

അല്ല , ഇനി ഇവിടെ വന്നിറങ്ങി വേറെ എങ്ങോട്ടെങ്കിലും പോയതാണെങ്കിലോ 


ഉത്തരങ്ങൾ ചോദ്യമായിമാറിയ വേളയിൽ ഒരു ഫോൺ സന്ദേശം അവരെ തേടിയെത്തി , കഴിഞ്ഞ ദിവസങ്ങളിൽ കുമാരേട്ടൻ നടത്തിയ ഫോൺ വിളികൾ , സന്ദർശനങ്ങൾ, അതിന്റെ ഉള്ളടക്കം അതൊരു വലിയ ആശ്വാസമായിരുന്നു. ജയദേവനെ വിളിച്ചു പറഞ്ഞു , വണ്ടി നിറയെ ഡീസലുമടിച്ചു ഹൊസൂർ വഴി സേലത്തേക്കു , അവിടുന്ന് യേർക്കാടെന്ന വിനോദ സഞ്ചാര മേഖലയിലേക്ക് ഓടിയെത്തി . കുന്നിന്റെ താഴ് വരയിലെ ശാന്തി ആശ്രമം എന്ന വലിയൊരു കെട്ടിടത്തിലേക്കെത്തിയപ്പോൾ സമയം വൈകിട്ട് ആറു മണി. ആശ്രമത്തിലെ മാനേജരെ കണ്ടു ആളതുതന്നെയെന്നുറപ്പു വരുത്തി അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നിരുന്ന കുമാരേട്ടന്റെ മുഖം പ്രസന്നമായിരുന്നു .


"ഹാ.. സുദേവ്.. എല്ലാരുമുണ്ടല്ലോ.. "


തന്നെയും അനൂപിനെയും പിന്നെ കൂടെ വന്ന പോലീസുകാരനെയും നോക്കി ചിരിച്ചു കൊണ്ട് കട്ടിലിൽ എഴുനേറ്റിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ തങ്ങളുടെ പുറകിൽ ആരെയോ തിരയുന്നുതുപോലെ സുദേവിന് തോന്നി . 


"എന്താ കുമാരേട്ടാ ഇങ്ങനെ പറയാതെ പോന്നത് .. അവർക്കൊക്കെ വലിയ വിഷമമായില്ലേ.. "


"ആർക്കു.. "


കുമാരേട്ടന്റെ മറുപടി വളരെ പെട്ടന്നായിരുന്നു , ആ മുഖത്തു വിരിഞ്ഞത് പുച്ഛഭാവമായിരുന്നോ ..


"ജയദേവന് , അവർക്കു, സഹോദരങ്ങൾക്ക് .. "


"അവർ വന്നിട്ടുണ്ടോ ... "


"ഇല്ലാ .. ഞങ്ങൾ കാര്യങ്ങളറിഞ്ഞു ഇങ്ങോട്ടു പോരുകയായിരുന്നു ... "


" ഹ്മ്മ് .. അവർക്കു നല്ല സന്തോഷമായിക്കാണും ... "


വാക്കുകൾ ഇടറി , നിറഞ്ഞ കണ്ണുകൾ, മുഖം തുടക്കാനെന്ന വ്യാജേന കഴുത്തിൽ കിടന്ന തോർത്ത് കൊണ്ട് ഒപ്പിയെടുത്ത കുമാരേട്ടൻ , തുറന്നു കിടന്ന ജനലിലൂടെ ദൂരേക്ക്‌ നോക്കി . 


"തന്റെ അച്ഛനുമമ്മയും ഇപ്പൊൾ എവിടാ... "


അടുത്ത ചോദ്യത്തിനു മുൻപേ കുമാരേട്ടൻ മറു ചോദ്യമെറിഞ്ഞപ്പോൾ താൻ ഒന്ന് പരുങ്ങി ...


"ചേട്ടനോടൊപ്പം... "


"നന്നായി. നല്ലതു വരും ആ മോന്... "


കുമാരേട്ടന്റെ മനസ്സിൽ വ്യസനത്തിന്റെ കടലിരമ്പുന്നതു അവർക്കപ്പോൾ വ്യക്തമായി കേൾക്കാമായിരുന്നു ..


"കൗസല്യ, എന്റെ ഭാര്യ, അവള് പോകുന്നത് വരെ സുഖമായിരുന്നു.. പിന്നെ, ഞാൻ ഒരു വാടകക്കാരനായടോ.. "


കുമാരേട്ടൻ ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസമെടുത്തു .. 


"കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി , രണ്ടു മാസം കൂടുമ്പോൾ യാത്രയാണ് , മൂത്തവന്റെ വീട്ടീന്ന് മകളുടെ അടുത്തേക്ക് , പിന്നെ ജയദേവന്റെ , പിന്നെ വീണ്ടും മൂത്തവന്റെ അടുത്തേക്ക് .. നാട്ടിലെ സ്വത്തുക്കളെല്ലാം വിറ്റു മൂന്നായി വീതിച്ചപ്പോൾ സ്വന്തം അച്ഛന്റെ പിന്നീടുള്ള ജീവിതം കൂടിയയാണവർ വീതിച്ചെടുത്തെന്നു ഞാൻ അറിഞ്ഞില്ല .. "


"അറുപതു ദിവസം എനിക്ക് ഓരോ വീട്ടിലും താമസിക്കാൻ ഉള്ള സമയമാണ് . ഞാൻ പറഞ്ഞിട്ടില്ലേ അവർ വിളിച്ചു കൊണ്ടിരിക്കുവാ എന്നൊക്കെ .. ചുമ്മാതെയാ .. അൻപത്തി ഒമ്പതാം ദിവസം അടുത്ത ദിവസത്തേക്ക് ടാക്സി ബുക്ക് ചെയ്തിരിക്കും , ഇനി അടുത്ത വീട്ടിൽ ചെന്ന് കയറിയാലോ , എന്തോ ശല്യം വന്ന മാതിരിയാ . മടുത്തു .. കയ്യിൽ ഒന്നും ഇല്ലാതായാൽ പിന്നെ നമുക്ക് ജീവിതത്തിൽ വിലയൊന്നും ഇല്ലല്ലോ ... "


"പിന്നെ ഇവിടെങ്ങനെ... "


"അതും കൗസല്യയുടെ മുൻകരുതലാ ... "


അത്ഭുതത്തോടെ നോക്കിയിരിക്കുന്ന തങ്ങളോടായി കുമാരേട്ടൻ തുടർന്നു.


"പേപ്പറിൽ കണ്ടതാ ഇങ്ങനൊരു ആശ്രമത്തിന്റെ കാര്യം .കഴിഞ്ഞ ഒരു മാസമായി ഞാൻ വിഷമത്തിലായിരുന്നു . പിന്നെ , എന്റെ കൗസല്യ അവിടേം രക്ഷക്കെത്തി , കുറച്ചു പൈസ ബാങ്കിലുണ്ടായിരുന്നു . അവള് പശൂനേം കൊഴിയേം ആടിനേം വളർത്തി ഉണ്ടാക്കിയ സമ്പാദ്യം, ഒരു പതിനഞ്ചു ഇരുപത്തു കൊല്ലത്തെ , നല്ലൊരു തുക ഉണ്ടായിരുന്നേ. മക്കളോടൊന്നും പറയാതെ സൂക്ഷിച്ചു വച്ചിരുന്നതാ. എന്തോ, ദൈവ നിശ്ചയം അതായിരിക്കും , ഏതായാലും എല്ലാം കൂടി കൊടുത്തപ്പോൾ , നമുക്കും ഇവിടെയൊരു ഒരു വീട് സ്വന്തമായി കിട്ടിയഡോ, ഒരൊറ്റ മുറി വീട് .. ഇനി ഈ വീട്ടിൽ നിന്നും ദൈവത്തിന് മാത്രമേ ഇറക്കിവിടാൻ പറ്റൂ.. "


ഒരു ദീർഘനിശ്വാസത്തോടെ കുമാരേട്ടൻ പറഞ്ഞു നിർത്തിയപ്പോഴേക്കും തോർത്തിൽ തുടക്കാനാവാത്ത വിധം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു . 


"നിങ്ങൾക്കു ബുന്ധിമുട്ടായല്ലേ.. ക്ഷമിക്കണം കേട്ടോ.. "


അനൂപിന്റെ ഇരുകൈകളും ചേർത്ത് പിടിച്ചു അത്രയും പറഞ്ഞു കുമാരേട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു.


കുറച്ചു സമയങ്ങൾക്കു ശേഷം , വിവരങ്ങൾ ജയദേവനെ വിളിച്ചു പറഞ്ഞു , കുമാരേട്ടനുമായുള്ള ഫോട്ടോയും അയച്ചു കൊടുത്തു ഇറങ്ങാൻ നേരം അദ്ദേഹം ഞങ്ങളെ തടഞ്ഞു നിർത്തി . 


"അവരോടു പറഞ്ഞേക്ക്, ഇനി കുമാരേട്ടനൊരു തിരിച്ചു വരവില്ലാന്നു, ആകെ രണ്ടു ജോഡി ഷർട്ടും മുണ്ടും പിന്നെ കൗസല്യയുടെ ഫോട്ടോയും മാത്രമേ എടുത്തിട്ടുള്ളൂ എന്നും.. "


കൂടെ വന്ന പോലീസുകാരൻ , തന്റെ നിയമപ്രകാരമുള്ള ജോലികൾ പൂർത്തിയാക്കി , ആശ്രമത്തിൽ നിന്നും തിരികെ വരുന്നതിനു മുൻപ് ഒരിക്കൽ കൂടി മാനേജരുടെ മുറിയിൽ തങ്ങൾ കയറി . 


"പറയാതെ പൊന്നതാണല്ലേ.. പിന്നെ, പുള്ളിക്കാരന്റെ മക്കളോട് പറഞ്ഞേക്കു, ഇത് പോലെ ആർക്കും വേണ്ടാത്ത വയസ്സായ ജന്മങ്ങളെ നോക്കുന്ന സ്ഥലത്താണെന്നും , അവർ അദ്ദേഹത്തെ നല്ലവണ്ണം നോക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും . ആ , ദാ ഇത് വച്ചോളൂ, നിങ്ങളുടെ ചുറ്റുപാടും കൊടുത്തോളൂ , ആർക്കെങ്കിലും ആവശ്യം വന്നാൽ വിളിക്കാമല്ലോ ..പിന്നെ , കാശു കുറേശ്ശെ അടച്ചും മുറി ബുക്ക് ചെയ്യാം കേട്ടോ .. "


ആശ്രമത്തിന്റെ ഫോൺ നമ്പറും അഡ്രസ്സും ഉള്ള കാർഡ് നീട്ടി കാവി വസ്ത്രധാരിയായ അയാൾ പറഞ്ഞു .


"ഹാ.. ഏട്ടൻ വന്നിട്ട് ഇവിടെ കിടക്കുവാണോ.. അത്താഴം കഴിച്ചിരുന്നോ.. ചപ്പാത്തി ചൂടാക്കണോ.. "


ഭാര്യയുടെ ശബ്‌ദമാണ് സുദേവിനെ ഓർമ്മയിൽ നിന്നും ഉണർത്തിയത് . 


"ആഹ്.. ഞാൻ കഴിച്ചിട്ടാണ് വന്നത് , നീ നല്ല ഉറക്കമായിരുന്നു, അതാ ഉണർത്തണ്ട എന്ന് കരുതി ഇവിടെ കിടന്നത് ... "


"എന്നാൽ വാ കിടക്കാം... "


അഴിഞ്ഞു കിടന്ന തലമുടി ഒതുക്കി വച്ച് ഉറക്കച്ചടവോടെ ഭാര്യ കിടക്കമുറിയിലേക്കു തിരികെ നടന്നപ്പോൾ സുദേവ് സോഫയിൽ എഴുന്നേറ്റിരുന്നു. പിന്നെ എന്തോ തീരുമാനിച്ച പോലെ ടീപ്പോയുടെ മുകളിൽ കിടന്ന പേഴ്‌സിൽ നിന്നും ആശ്രമത്തിന്റെ കാർഡ് കയ്യിലെടുത്തു . അതിലേക്കു നോക്കി ഇരിക്കവേ , സുദേവിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു , മനസ്സിൽ നിറഞ്ഞു വന്ന ഒരോറ്റമുറി വീടിന്റെ ഭംഗിയോർത്തുള്ള പുഞ്ചിരി . 


(അവസാനിച്ചു)