Thursday, October 24, 2019

ശരത്കാലം 16



"അനിലേ .. ഇനി എന്താ പരുപാടി... "

ഡിഗ്രി പരീക്ഷക്ക് ശേഷമുള്ള വര്ഷകാലനാളുകളിലൊന്നിൽ , കുരിയാക്കോസ് സാർ അനിലിനോട് ചോദിച്ചു . 

"അത് സാർ.. പിജി ചെയ്യണം, പിന്നെ ബിഎഡ് .. എന്നിട്ടു നമ്മുടെ സ്കൂളിൽ കയറണം.. "

"ഹ്മ്മ്. നല്ലതാണു .. പക്ഷെ ഇവിടെ വേണ്ടാ.. "

അനിൽ ആശ്ചര്യത്തോടെ സാറിനെ നോക്കി . കയ്യിലിരുന്ന ദിനപത്രം മടക്കി താഴേക്ക് വച്ച്, കസേരയിൽ നിന്നും എഴുനേറ്റു അവൻ സാറിന്റെ അടുക്കലേക്കു ചെന്നു . 

"ഇത്രയും നാൾ ഇങ്ങനെ ഇവിടെ കഴിഞ്ഞില്ലേ.. ഇനി പുറത്തേക്കൊക്കെ ഒന്ന് കണ്ടു വാ .. "

"എന്ന് വച്ചാൽ ... "

ചോദിച്ചത് ഉമ്മറത്തേക്ക് വന്ന മറിയ ആയിരുന്നു.

"ഞാൻ ചാക്കോയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് .. അടുത്ത ആഴ്ച അനിലും ഷേർളിയും ഡൽഹിക്കു പോകുന്നു .."

ചാക്കോ കുരിയാക്കോസ് സാറിന്റെ അനിയൻ ആണ് . ഡൽഹിയിൽ ഗെവര്മെന്റ് ജോലിയാണ് , കുടുംബത്തോടൊപ്പം അവിടെയാണ് താമസം.

"ഷേർളിക്ക് അടുത്ത മാസം , അവിടെ ഗവര്മെന്റ് ഹോസ്പിറ്റലിൽ ജോലിക്കുള്ള എക്സാം ഉണ്ട് .അത് കിട്ടിയില്ലങ്കിൽ അവിടെ ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി , എക്സ്പീരിയൻസ് ആകുമല്ലോ , പിന്നെ നിനക്കവിടെ കോളേജിൽ അഡ്മിഷനും അവൻ ശരിയാക്കും , ഇപ്പോഴേ പോയി അവിടെ എല്ലാം ഒന്ന് കണ്ടു വച്ചോ .... "

"അതിന് ഞങ്ങളുടെ റിസൾട്ട് വന്നിട്ടില്ലല്ലോ സാറെ.. "

"ലാസ്റ്റ് ഇയർ എക്സാം എഴുതിയവർക്ക് ഹോസ്പിറ്റൽ നേഴ്സ് ആകാനുള്ള അപ്ലിക്കേഷൻ അയക്കാം , അതൊക്കെ അവൾ അയച്ചു കഴിഞ്ഞു .. പിന്നെ നീ , നീ നല്ല മാർക്കോടെ ഡിഗ്രി പാസ്സവും എന്നെനിക്കു ഉറപ്പുണ്ട്... "

അടുത്ത് നിന്ന അനിലിന്റെ തോളിൽ തട്ടി കുരിയാക്കോസ് സാർ പുറത്തേക്കു നടന്നു . 

"വരുന്ന ബുധനാഴ്ച ആണ് ട്രെയിൻ, ടിക്കറ്റ് ട്രാവൽസുകാർ എത്തിച്ചു തരും. പരീക്ഷ ഒക്കെ കഴിഞ്ഞതല്ലേ, രണ്ടു പേരും പോയി അവിടെയെല്ലാം ഒന്ന് കറങ്ങു . അപ്പോഴേക്കും സര്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഒക്കെ ആയി ഞങ്ങളും വരാം .."

യാത്ര എന്ന് കേട്ടപ്പോൾ ഷേർളിയുടെ മുഖം മേടമാസത്തിലെ സൂര്യനെപ്പോലെ തെളിഞ്ഞു വന്നെങ്കിൽ , ആ കർക്കിടക മാസത്തിലെ ആകാശം പോലെ അനിലിന്റെ മുഖം ഇരുണ്ടു മൂടി . മനസ്സിൽ ആശങ്കകൾ വന്നു മൂടി മറ്റൊരു പേമാരിക്കായി കോപ്പുകൂട്ടി . കുരിയാക്കോസ് സാറിന്റെ കാർ റോഡിലേക്കിറങ്ങിയ പാടെ മുണ്ട് ഒന്ന് കൂടി മുറുക്കിയുടുത്തു മുറ്റത്തിരുന്ന സൈക്കിളിൽ കയറി അവൻ തന്റെ ചങ്ങാതിയുടെ അടുത്തേക്ക് പാഞ്ഞു.

"ശേഖരാ , ഞാൻ ഇപ്പോൾ എന്നാ ചെയ്യാനാ .. ഒന്ന് പോയി ഭാമയെ കണ്ടാലോ .. "

ചന്തയിലെ തന്റെ കടയിൽ ഇരുന്നു കണക്കുകൾ നോക്കികൊണ്ടിരുന്ന ശേഖരന്റെ അരികിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടു അനിൽ പറഞ്ഞു തുടങ്ങി . 

"ഹേയ് .. അതൊന്നും ശെരിയാവില്ല .. അവൾക്കവിടെ ഇപ്പോൾ കുഴപ്പമില്ല , ഇനി നീയെങ്ങാനും ചെന്ന് കണ്ടാൽ, അത് മതി .. "

"അല്ലടാ ... എന്നാ ഒരു കാര്യം ചെയ്യാം .. നമുക്ക് രജിസ്റ്റർ ചെയ്താലോ .. "

"അതിനു വയസ്സ് 21 കഴിയണം .. "

"ഹ്മ്മ് .. ഇനി എന്താ ചെയ്യുക .. "

"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ .. ഞാൻ ഇല്ലേ ഇവിടെ ... രണ്ടു കൊല്ലം കൊണ്ട് നിന്റെ പഠിത്തം കഴിയുന്നു , ദൈവം സഹായിച്ചു അവിടെ നല്ലൊരു ജോലി കിട്ടുന്നു , തിരിച്ചു വരുന്നു , കല്യാണം കഴിക്കുന്നു , നിങ്ങൾ രണ്ടാളും അങ്ങോട്ട് പോകുന്നു .. പിന്നെ അവിടെ ആരെങ്കിലും പ്രശ്നത്തിന് വരുമോ .."

"ഹ്മ്മ് .. അതും ശെരിയാ .. "

"അതാടാ ഞാൻ പറഞ്ഞെ .. നീ പോയിട്ട് വാ .. ഇവിടെ അവൾക്ക് വേറെ കല്യാണം ആകാതെ ഞാൻ നോക്കിക്കൊള്ളാം .. അതെന്റെ വാക്കാണ് .. "

ശേഖരൻ തന്റെ വലതു കൈ നീട്ടി അനിലിന്റെ കൈ പിടിച്ചു .

"പക്ഷെ അവളോടൊന്ന് പറയാതെ എങ്ങനാ.. "

"ആ .. എല്ലാം പറഞ്ഞൊരു കത്തെഴുത്, ബാക്കി ഞാൻ അവിടെ നേരിട്ട് ചെല്ലുമ്പോൾ ശെരിയാക്കാം ... "

"ഹ്മ്മ് .. പക്ഷെ , അവിടെ ചെന്നാൽ എങ്ങനാ .. "

"അതിനൊക്കെ വഴി കാണാം.. നീ ഇങ്ങനെ പേടിച്ചാൽ എങ്ങനാ.. എല്ലാവര്ക്കും കിട്ടുന്നതല്ലല്ലോ ഇങ്ങനെ ഡൽഹിയിൽ ഒക്കെ പോയി പഠിക്കാനുള്ള ചാൻസ്.. ഒന്നുമില്ലങ്കിലും സാറ് നിന്റെ അച്ഛനെ പോലെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്നില്ലേ... "

"നീ പറഞ്ഞത് സത്യമാ.. സാറും അമ്മച്ചിയും ഒരു കുറവും എനിക്കുണ്ടാക്കിയിട്ടില്ല, അവരുടെ മകനെ പോലെ തന്നെയാ നോക്കുന്നെ.. അതാണ് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിച്ചേ.. "

ശേഖരന്റെ കയ്യിലിരുന്ന ബുക്കിൽ നിന്നും ഒരു പേജ് വലിച്ചു കീറി അതിൽ എഴുതാൻ തുടങ്ങിക്കൊണ്ടു അനിൽ പറഞ്ഞു .

വിവരങ്ങൾ എല്ലാം ചേർത്ത് കത്തെഴുതി കവർ ശേഖരനെ ഏല്പിച്ചു വീട്ടിലേക്കു മടങ്ങിയെങ്കിലും അനിലിന്റെ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞിരുന്നില്ല . പക്ഷെ , പിന്നീടുള്ള ദിവസങ്ങളിൽ അനിലിന് ഒട്ടും സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം . കുരിയാക്കോസ് സാറിന്റെ നിർദ്ദേശപ്രകാരം ബാങ്കിലും സർട്ടിഫിക്കറ്റ് വാങ്ങാൻ അധികാരപ്പെടുത്തി സമ്മതപത്രം കൊടുക്കാൻ കോളേജിലും , പിന്നെ തന്റെ വീട്ടിലുമായി ഓടിനടന്നു ഒരാഴ്ച പോയത് വളരെ പെട്ടന്നായിരുന്നു . ദൂരേക്ക്‌ പോകാനൊരു വിമുഖത ഉണ്ടയിരുന്നെങ്കിലും , തൻറെ നല്ലതേ കുരിയാക്കോസ് സാർ ആഗ്രഹിക്കൂ എന്നറിയാവുന്നതിനാലും , ദൂരെ എന്റെ മോളെ നോക്കാൻ നീ അവിടെ വേണം എന്ന അമ്മച്ചിയുടെ അപേക്ഷയുടെ മുന്നിലും അവനു മറുവാക്ക് പറയാൻ സാധിക്കുമായിരുന്നില്ല . 

ഒടുവിൽ അടുത്ത ബുധനാഴ്ച കോട്ടയത്ത് നിന്നും അവർ കയറിയ കേരള എക്സ്പ്രസ്സ് ഡൽഹി ലക്ഷ്യമാക്കി ഓടി തുടങ്ങിയപ്പോൾ , ഭാമയോട് ഒരു വാക്കു പോലും പറയാനാകാത്ത സങ്കടത്തിൽ , ജനലിലൂടെ ദൂരേക്ക്‌ നോക്കിയിരുന്ന അനിലിന്റെ കണ്ണുകൾ ഈറനണിഞ്ഞു . അതെ സമയം , അവനിൽ മാത്രം ദൃഷ്ടിയൂന്നിയിരുന്ന മറ്റൊരാൾ , ഇനി മുതൽ തന്റേതു മാത്രമാകാൻ പോകുന്ന അനിലിനെ ഓർത്തു ഹൃദയം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു . 

(തുടരും)

No comments:

Post a Comment