പീയാര് കഥകള്
പറയാന് കൊതിച്ചതും മടിച്ചതുമായ കാര്യങ്ങള് പറയാന് ഒരിടം ... എന്റെ പകല് കിനാവുകളുടെ സ്വപ്ന തീരം .....
Monday, January 11, 2021
കടലാഴങ്ങൾ 18
Wednesday, January 6, 2021
ഒറ്റമുറി വീട്
ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് കതക് തുറന്ന് സുദേവ് വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ഭാര്യയും മക്കളും അകത്തെ മുറികളിൽ നല്ല ഉറക്കത്തിലായിരുന്നു. ഭിത്തിയിലെ ഘടികാരം സമയം പന്ത്രണ്ടു മണി ആയെന്നറിയിച്ചു. ശബ്ദമുണ്ടാക്കാതെ ധരിച്ചിരുന്ന വസ്ത്രം മാറി, കാവിമുണ്ടെടുത്തു കൈകാലുകൾ കഴുകി അയാൾ സോഫയിലേക്കിരുന്നു. കഴിഞ്ഞ കുറെ മണിക്കൂറുകളിൽ നടന്ന സംഭവ വികാസങ്ങൾ മനസ്സിലേക്ക് തികട്ടി വന്നപ്പോൾ ചെന്നിയിൽ അനുഭവപ്പെട്ട വേദനമാറ്റാനെന്നവണ്ണം വലതു കൈയുടെ ചൂണ്ടു വിരലും തള്ള വിരലും ചേർന്നമർത്തി, പിന്നെ സോഫായിലേക്കു നീണ്ടു നിവർന്നു കിടന്നു.
അന്ന് രാവിലെ ആറു മണിയോടെയാണ് തനിക്കു അനൂപിന്റെ ഫോൺ വന്നത് . മറുനാടൻ മലയാളികളുടെ സംഘടനയിലെ ഭാരവാഹികൾ എന്ന നിലയിൽ ആ സ്ഥലത്തെ പ്രശ്നങ്ങളും പരാതികളും പലപ്പോഴും അവർക്കു കിട്ടാറുണ്ട്. കഴിയുന്നത് പോലെ അവരെ സഹായിക്കാൻ ശ്രമിക്കാറുമുണ്ട് . പക്ഷെ, അപ്പോൾ അവരെ തേടിവന്ന അപേക്ഷ കുറച്ചു കടുപ്പമുള്ളതു തന്നെയായിരുന്നു . കുറച്ചപ്പുറമുള്ള ബാലാജി ഫ്ളാറ്റിലെ ജയദേവന്റെ അച്ഛനെ, കുമാരേട്ടനെ,കാണ്മാനില്ല.കുമാരേട്ടൻ , തനിക്കു പരിചയമുള്ള മനുഷ്യനാണല്ലോ എന്ന തിരിച്ചറിവിൽ ഉറക്കം വെടിഞ്ഞു ബെഡിൽ സുദേവ് എഴുന്നേട്ടിരുന്നു , പിന്നെ സാവധാനം കിടപ്പുമുറിയുടെ പുറത്തേക്കു നടന്നു . ബേക്കറിയിലോ അല്ലങ്കിൽ തലമുടി വെട്ടുന്ന കടയിലോ സ്ഥിരമായി മലയാളം പേപ്പറുമായി മല്ലിടാറുള്ള ഒരു സാധാ നാട്ടിൻപുറത്തുകാരൻ . മൂന്നു മക്കളാണ് , അവരെല്ലാം ബാംഗ്ലൂരിൽ താമസമാക്കി . ഭാര്യ മരിച്ചു പോയതോടെ നാട്ടിലെ സ്ഥലമെല്ലാം വിറ്റു മക്കൾക്കായി വീതിച്ചു കൊടുത്തു അവരോടൊപ്പം കൂടി. ഇടക്കെപ്പോഴോ പരിചയപ്പെട്ടപ്പോൾ പറഞ്ഞതാണ് ഇതെല്ലാം.
രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോൾ സ്ഥിരം കാണാറുള്ള സ്ഥലങ്ങളിൽ അദ്ദേഹത്തെ കണ്ടിരുന്നില്ല . പിന്നീട് കുറെ കാലത്തിനു ശേഷം ഒരാഴ്ച മുൻപാണ് വീണ്ടും കണ്ടത് . ഓരോ മക്കളും നിർബന്ധിച്ചു വിളിച്ചുകൊണ്ടു പോകും, ചെന്നില്ലങ്കിൽ അവർക്കു പരാതിയാ.. എന്നാ ചെയ്യാനാടാ ഉവ്വേ എന്ന് നാടൻ ഭാഷയിൽ പറഞ്ഞു , തന്റെ തോളിൽ തട്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചത് , അനൂപിനൊപ്പം അങ്ങോട്ടുള്ള യാത്രയിൽ ഓർത്തെടുത്തു.
ബാലാജി അപ്പാർട്മെന്റിലെ അറുന്നൂറ്റി പതിനാലാം ഫ്ലാറ്റിലേക്ക് അവർ ചെല്ലുമ്പോൾ ശോകമൂകമായ അവസ്തയിലായിരുന്നു എല്ലാവരും. സുദേവിനെയും അനൂപിനെയും കണ്ടപാടെ ജയദേവൻ ഓടി വന്നു ..
"അനൂപ്, എന്തേലും വഴിയുണ്ടോ.. അച്ഛൻ ഇങ്ങനെ ആരോടും പറയാതെ പോകുമെന്ന് കരുതിയതല്ല.. ഇതിപ്പോ ചേച്ചിയും ചേട്ടനും എന്നെ കൊന്നില്ലന്നെ ഉള്ളൂ , ഇവിടുന്നല്ലേ മിസ്സായെ .. "
അയാളുടെ വാക്കുകളിൽ അച്ഛനെ കാണാതായതിലും കൂടുതലായി , തന്റെ വീട്ടിൽ നിന്നും അങ്ങനെ സംഭവിച്ചതിൽ സഹോദരങ്ങൾ കുറ്റപ്പെടുത്തുമെന്നുള്ള ധ്വനി മുഴച്ചു നിന്നിരുന്നു .
കുമാരേട്ടൻ കിടന്നിരുന്ന ആ ഹാളിലെ ചെറിയ രണ്ടടി വീതിയുള്ള തടി കട്ടിലിൽ കൂടുതലായി അവർക്ക് കണ്ടുപിടിച്ചെടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല . പക്ഷെ ,താഴേക്കിറങ്ങിച്ചെന്ന് സെക്യൂരിറ്റി മുറിയിലെ പഴയ ദൃശ്യങ്ങളിൽ നിന്നും രാത്രിയിൽ നാല് മണിയോടെ ചെറിയൊരു കറുത്ത ബാഗുമായി ഇറങ്ങിപോകുന്ന ആ കുറിയ മനുഷ്യനെ അവർ തിരിച്ചറിഞ്ഞു. പിന്നീടൊരു പരക്കം പാച്ചിലായിരുന്നു , രാത്രിയിലെ സെക്യൂരിറ്റിയെ അന്വഷിച്ചു അവരുടെ താമസ സ്ഥലത്തു , വിവരങ്ങൾ ശേഖരിച്ചു പോലീസ് സ്റ്റേഷനിലേക്ക്, അവിടെ നിന്നും ഒരു പോലീസുകാരനെയും കൂട്ടി കുമാരേട്ടൻ പോകാൻ സാധ്യതയുള്ള വഴികളിലെല്ലാം കൂടി . ഒടുവിൽ ഫ്ലാറ്റിൽ നിന്നും കുറച്ചകലെയുള്ള ഒരു കടയുടെ സി സി ടി വി ക്യാമറ ദൃശ്യങ്ങളിൽ നിന്നും ഒരോട്ടോയിൽ കയറുന്ന അദ്ദേഹത്തെ കണ്ടെത്തി. ആ യാത്ര ചെന്ന് നിന്നതു കൃഷ്‌ണരാജപുരം എന്ന ബാംഗ്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു . റെയിൽവേ സ്റ്റേഷനിനിലെ ക്യാമറയിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് കടമ്പകൾ വേറെയുണ്ട് . അതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനൊപ്പം ആ എട്ടു മണിക്കൂറിൽ കടന്നു പോയ ട്രെയിനുകളുടെ വിവരങ്ങൾ കൂടി ശേഖരിച്ചു വന്നപ്പോഴേക്കും സൂര്യൻ ഉദിച്ചുയർന്നു തലയ്ക്കു മീതെ എത്തിയിരുന്നു.
എട്ടു മണിക്കൂറിൽ ഇരു വശങ്ങളിലേക്കുമായി കടന്നു പോയത് അമ്പത്തിയാറു ട്രെയിനുകൾ !!!. സാധാമനുഷ്യന്റെ അന്വഷണം വഴിമുട്ടിയ സമയം .. ഇനിയെന്തെന്നുള്ള ചോദ്യം അവരുടെ മുന്പോട്ടുള്ള പ്രയാണത്തിന് തടസ്സമായി നിന്നു...
അതിലെ യാത്രക്കാരുടെ ലിസ്റ്റെടുക്കാം
അപ്പോൾ ജനറൽ ടിക്കറ്റിലാണ് പോയതെങ്കിലോ
അല്ല , ഇനി ഇവിടെ വന്നിറങ്ങി വേറെ എങ്ങോട്ടെങ്കിലും പോയതാണെങ്കിലോ
ഉത്തരങ്ങൾ ചോദ്യമായിമാറിയ വേളയിൽ ഒരു ഫോൺ സന്ദേശം അവരെ തേടിയെത്തി , കഴിഞ്ഞ ദിവസങ്ങളിൽ കുമാരേട്ടൻ നടത്തിയ ഫോൺ വിളികൾ , സന്ദർശനങ്ങൾ, അതിന്റെ ഉള്ളടക്കം അതൊരു വലിയ ആശ്വാസമായിരുന്നു. ജയദേവനെ വിളിച്ചു പറഞ്ഞു , വണ്ടി നിറയെ ഡീസലുമടിച്ചു ഹൊസൂർ വഴി സേലത്തേക്കു , അവിടുന്ന് യേർക്കാടെന്ന വിനോദ സഞ്ചാര മേഖലയിലേക്ക് ഓടിയെത്തി . കുന്നിന്റെ താഴ് വരയിലെ ശാന്തി ആശ്രമം എന്ന വലിയൊരു കെട്ടിടത്തിലേക്കെത്തിയപ്പോൾ സമയം വൈകിട്ട് ആറു മണി. ആശ്രമത്തിലെ മാനേജരെ കണ്ടു ആളതുതന്നെയെന്നുറപ്പു വരുത്തി അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നിരുന്ന കുമാരേട്ടന്റെ മുഖം പ്രസന്നമായിരുന്നു .
"ഹാ.. സുദേവ്.. എല്ലാരുമുണ്ടല്ലോ.. "
തന്നെയും അനൂപിനെയും പിന്നെ കൂടെ വന്ന പോലീസുകാരനെയും നോക്കി ചിരിച്ചു കൊണ്ട് കട്ടിലിൽ എഴുനേറ്റിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ തങ്ങളുടെ പുറകിൽ ആരെയോ തിരയുന്നുതുപോലെ സുദേവിന് തോന്നി .
"എന്താ കുമാരേട്ടാ ഇങ്ങനെ പറയാതെ പോന്നത് .. അവർക്കൊക്കെ വലിയ വിഷമമായില്ലേ.. "
"ആർക്കു.. "
കുമാരേട്ടന്റെ മറുപടി വളരെ പെട്ടന്നായിരുന്നു , ആ മുഖത്തു വിരിഞ്ഞത് പുച്ഛഭാവമായിരുന്നോ ..
"ജയദേവന് , അവർക്കു, സഹോദരങ്ങൾക്ക് .. "
"അവർ വന്നിട്ടുണ്ടോ ... "
"ഇല്ലാ .. ഞങ്ങൾ കാര്യങ്ങളറിഞ്ഞു ഇങ്ങോട്ടു പോരുകയായിരുന്നു ... "
" ഹ്മ്മ് .. അവർക്കു നല്ല സന്തോഷമായിക്കാണും ... "
വാക്കുകൾ ഇടറി , നിറഞ്ഞ കണ്ണുകൾ, മുഖം തുടക്കാനെന്ന വ്യാജേന കഴുത്തിൽ കിടന്ന തോർത്ത് കൊണ്ട് ഒപ്പിയെടുത്ത കുമാരേട്ടൻ , തുറന്നു കിടന്ന ജനലിലൂടെ ദൂരേക്ക് നോക്കി .
"തന്റെ അച്ഛനുമമ്മയും ഇപ്പൊൾ എവിടാ... "
അടുത്ത ചോദ്യത്തിനു മുൻപേ കുമാരേട്ടൻ മറു ചോദ്യമെറിഞ്ഞപ്പോൾ താൻ ഒന്ന് പരുങ്ങി ...
"ചേട്ടനോടൊപ്പം... "
"നന്നായി. നല്ലതു വരും ആ മോന്... "
കുമാരേട്ടന്റെ മനസ്സിൽ വ്യസനത്തിന്റെ കടലിരമ്പുന്നതു അവർക്കപ്പോൾ വ്യക്തമായി കേൾക്കാമായിരുന്നു ..
"കൗസല്യ, എന്റെ ഭാര്യ, അവള് പോകുന്നത് വരെ സുഖമായിരുന്നു.. പിന്നെ, ഞാൻ ഒരു വാടകക്കാരനായടോ.. "
കുമാരേട്ടൻ ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസമെടുത്തു ..
"കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി , രണ്ടു മാസം കൂടുമ്പോൾ യാത്രയാണ് , മൂത്തവന്റെ വീട്ടീന്ന് മകളുടെ അടുത്തേക്ക് , പിന്നെ ജയദേവന്റെ , പിന്നെ വീണ്ടും മൂത്തവന്റെ അടുത്തേക്ക് .. നാട്ടിലെ സ്വത്തുക്കളെല്ലാം വിറ്റു മൂന്നായി വീതിച്ചപ്പോൾ സ്വന്തം അച്ഛന്റെ പിന്നീടുള്ള ജീവിതം കൂടിയയാണവർ വീതിച്ചെടുത്തെന്നു ഞാൻ അറിഞ്ഞില്ല .. "
"അറുപതു ദിവസം എനിക്ക് ഓരോ വീട്ടിലും താമസിക്കാൻ ഉള്ള സമയമാണ് . ഞാൻ പറഞ്ഞിട്ടില്ലേ അവർ വിളിച്ചു കൊണ്ടിരിക്കുവാ എന്നൊക്കെ .. ചുമ്മാതെയാ .. അൻപത്തി ഒമ്പതാം ദിവസം അടുത്ത ദിവസത്തേക്ക് ടാക്സി ബുക്ക് ചെയ്തിരിക്കും , ഇനി അടുത്ത വീട്ടിൽ ചെന്ന് കയറിയാലോ , എന്തോ ശല്യം വന്ന മാതിരിയാ . മടുത്തു .. കയ്യിൽ ഒന്നും ഇല്ലാതായാൽ പിന്നെ നമുക്ക് ജീവിതത്തിൽ വിലയൊന്നും ഇല്ലല്ലോ ... "
"പിന്നെ ഇവിടെങ്ങനെ... "
"അതും കൗസല്യയുടെ മുൻകരുതലാ ... "
അത്ഭുതത്തോടെ നോക്കിയിരിക്കുന്ന തങ്ങളോടായി കുമാരേട്ടൻ തുടർന്നു.
"പേപ്പറിൽ കണ്ടതാ ഇങ്ങനൊരു ആശ്രമത്തിന്റെ കാര്യം .കഴിഞ്ഞ ഒരു മാസമായി ഞാൻ വിഷമത്തിലായിരുന്നു . പിന്നെ , എന്റെ കൗസല്യ അവിടേം രക്ഷക്കെത്തി , കുറച്ചു പൈസ ബാങ്കിലുണ്ടായിരുന്നു . അവള് പശൂനേം കൊഴിയേം ആടിനേം വളർത്തി ഉണ്ടാക്കിയ സമ്പാദ്യം, ഒരു പതിനഞ്ചു ഇരുപത്തു കൊല്ലത്തെ , നല്ലൊരു തുക ഉണ്ടായിരുന്നേ. മക്കളോടൊന്നും പറയാതെ സൂക്ഷിച്ചു വച്ചിരുന്നതാ. എന്തോ, ദൈവ നിശ്ചയം അതായിരിക്കും , ഏതായാലും എല്ലാം കൂടി കൊടുത്തപ്പോൾ , നമുക്കും ഇവിടെയൊരു ഒരു വീട് സ്വന്തമായി കിട്ടിയഡോ, ഒരൊറ്റ മുറി വീട് .. ഇനി ഈ വീട്ടിൽ നിന്നും ദൈവത്തിന് മാത്രമേ ഇറക്കിവിടാൻ പറ്റൂ.. "
ഒരു ദീർഘനിശ്വാസത്തോടെ കുമാരേട്ടൻ പറഞ്ഞു നിർത്തിയപ്പോഴേക്കും തോർത്തിൽ തുടക്കാനാവാത്ത വിധം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു .
"നിങ്ങൾക്കു ബുന്ധിമുട്ടായല്ലേ.. ക്ഷമിക്കണം കേട്ടോ.. "
അനൂപിന്റെ ഇരുകൈകളും ചേർത്ത് പിടിച്ചു അത്രയും പറഞ്ഞു കുമാരേട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു.
കുറച്ചു സമയങ്ങൾക്കു ശേഷം , വിവരങ്ങൾ ജയദേവനെ വിളിച്ചു പറഞ്ഞു , കുമാരേട്ടനുമായുള്ള ഫോട്ടോയും അയച്ചു കൊടുത്തു ഇറങ്ങാൻ നേരം അദ്ദേഹം ഞങ്ങളെ തടഞ്ഞു നിർത്തി .
"അവരോടു പറഞ്ഞേക്ക്, ഇനി കുമാരേട്ടനൊരു തിരിച്ചു വരവില്ലാന്നു, ആകെ രണ്ടു ജോഡി ഷർട്ടും മുണ്ടും പിന്നെ കൗസല്യയുടെ ഫോട്ടോയും മാത്രമേ എടുത്തിട്ടുള്ളൂ എന്നും.. "
കൂടെ വന്ന പോലീസുകാരൻ , തന്റെ നിയമപ്രകാരമുള്ള ജോലികൾ പൂർത്തിയാക്കി , ആശ്രമത്തിൽ നിന്നും തിരികെ വരുന്നതിനു മുൻപ് ഒരിക്കൽ കൂടി മാനേജരുടെ മുറിയിൽ തങ്ങൾ കയറി .
"പറയാതെ പൊന്നതാണല്ലേ.. പിന്നെ, പുള്ളിക്കാരന്റെ മക്കളോട് പറഞ്ഞേക്കു, ഇത് പോലെ ആർക്കും വേണ്ടാത്ത വയസ്സായ ജന്മങ്ങളെ നോക്കുന്ന സ്ഥലത്താണെന്നും , അവർ അദ്ദേഹത്തെ നല്ലവണ്ണം നോക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും . ആ , ദാ ഇത് വച്ചോളൂ, നിങ്ങളുടെ ചുറ്റുപാടും കൊടുത്തോളൂ , ആർക്കെങ്കിലും ആവശ്യം വന്നാൽ വിളിക്കാമല്ലോ ..പിന്നെ , കാശു കുറേശ്ശെ അടച്ചും മുറി ബുക്ക് ചെയ്യാം കേട്ടോ .. "
ആശ്രമത്തിന്റെ ഫോൺ നമ്പറും അഡ്രസ്സും ഉള്ള കാർഡ് നീട്ടി കാവി വസ്ത്രധാരിയായ അയാൾ പറഞ്ഞു .
"ഹാ.. ഏട്ടൻ വന്നിട്ട് ഇവിടെ കിടക്കുവാണോ.. അത്താഴം കഴിച്ചിരുന്നോ.. ചപ്പാത്തി ചൂടാക്കണോ.. "
ഭാര്യയുടെ ശബ്‌ദമാണ് സുദേവിനെ ഓർമ്മയിൽ നിന്നും ഉണർത്തിയത് .
"ആഹ്.. ഞാൻ കഴിച്ചിട്ടാണ് വന്നത് , നീ നല്ല ഉറക്കമായിരുന്നു, അതാ ഉണർത്തണ്ട എന്ന് കരുതി ഇവിടെ കിടന്നത് ... "
"എന്നാൽ വാ കിടക്കാം... "
അഴിഞ്ഞു കിടന്ന തലമുടി ഒതുക്കി വച്ച് ഉറക്കച്ചടവോടെ ഭാര്യ കിടക്കമുറിയിലേക്കു തിരികെ നടന്നപ്പോൾ സുദേവ് സോഫയിൽ എഴുന്നേറ്റിരുന്നു. പിന്നെ എന്തോ തീരുമാനിച്ച പോലെ ടീപ്പോയുടെ മുകളിൽ കിടന്ന പേഴ്‌സിൽ നിന്നും ആശ്രമത്തിന്റെ കാർഡ് കയ്യിലെടുത്തു . അതിലേക്കു നോക്കി ഇരിക്കവേ , സുദേവിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു , മനസ്സിൽ നിറഞ്ഞു വന്ന ഒരോറ്റമുറി വീടിന്റെ ഭംഗിയോർത്തുള്ള പുഞ്ചിരി .
(അവസാനിച്ചു)
Tuesday, December 8, 2020
കടലാഴങ്ങൾ 17
"അതെ , ആദിയേട്ടാ , ഞങ്ങൾ വൈകിട്ട് വീട്ടിൽ വരട്ടെ , കല്യാണ പെണ്ണിനെ ഒന്ന് പരിചയപെടാമല്ലോ "
ദിയ ആണ് വിളിച്ചു പറഞ്ഞത്
"അതിനു .. കല്യാണപെണ്ണ് നാട്ടിലല്ലേ .. "
ആദി തിരിഞ്ഞു നിന്നു.
"ഏഹ് .. അത് കൊള്ളാല്ലോ , കല്യാണം കഴിഞ്ഞിട്ട് , പുതുമോടി മാറാതെ തന്നെ ഒറ്റയ്ക്ക് തിരിച്ചു പൊന്നോ.."
"അത് പിന്നെ കല്യാണം കഴിഞ്ഞാൽ പെണ്ണ് ചെറുക്കന്റെ ഒപ്പമല്ലേ നില്കണ്ടത് , അവള് ഭർത്താവിനൊപ്പം നാട്ടിലാണ് .. "
"അപ്പൊ , ആദിയേട്ടന്റെ കല്യാണം .. "
അഞ്ജലി പാതി വഴിയിൽ ചോദ്യം വിഴുങ്ങി ..
"എൻ്റെ .. ഹാ , അത് അനിയത്തിയുടെ കല്യാണം ആയിരുന്നെടോ . എല്ലാം പെട്ടന്നായിരുന്നെ , അത് കൊണ്ട് നിങ്ങളോടൊന്നും പറയാൻ കഴിഞ്ഞില്ല .. "
അഞ്ജലിയുടെ വിഷാദഭാവവും , ദിയയുടെയും മൈഥിലിയുടെയും പുഞ്ചിരി മറയുന്നതും കണ്ടു ആദിയുടെ മുഖം വിടർന്നു .
"അല്ല അപ്പൊ .. ശെരിക്കും ആദിയേട്ടന്റെ കല്യാണം കഴിഞ്ഞില്ലാ .. "
"ഞാൻ എന്തിനാ കള്ളം പറയുന്നേ , ദേ നോക്കിയേ , അനിയത്തിയുടെ കല്യാണ ഫോട്ടോ .. "
അവൻ വാട്ട്സ് ആപ്പിൽ പരതി ഗായത്രിയുടെ വിവാഹഫോട്ടോ കാട്ടി കൊടുത്തു .
"ആ , ഏതായാലും , ഞാൻ കാരണം പള്ളിയിൽ പോക്ക് മുടക്കേണ്ട .. കാര്യങ്ങൾ എല്ലാം മുറപോലെ നടക്കട്ടെ .. ഏഹ് .. "
ഒരിക്കൽ കൂടി , സിംസണെ നോക്കി തലയാട്ടി അവൻ തൻ്റെ ഫ്ലാറ്റിലേക്ക് നടന്നു .
"ആ എന്നാൽ നീ പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ നോക്കടീ .. "
എന്ത് ചെയ്യണമെന്നറിയായതെ നിന്ന അഞ്ജലിയെ മൈഥിലി ഫ്ലാറ്റിനു പുറത്തേക്കു ചെറുതായി തള്ളി.
"അതെ , സമയം വൈകി അഞ്ജു , വാ .. "
സിംസൺ ഫ്ലാറ്റിനു തൊട്ടു മുൻപിൽ തന്നെയുള്ള ലിഫ്റ്റ് തുറന്നു കൊണ്ട് ധൃതി കൂട്ടി .
"സിംസൺ വണ്ടി എടുത്തോളൂ , ഞാൻ ഒന്ന് കൂടി വാഷ് റൂമിൽ പോയിട്ട് വരാം .."
അഞ്ജലി ഫ്ലാറ്റിനകത്തേക്കു നടന്നു , ബെഡ്റൂമിന് മുന്നിലെത്തിയ ശേഷം ദിയയെയും മൈഥിലിയെയും അടുത്തേക്ക് വരാൻ കൈകാട്ടി .
"ഇനി എന്നാ ചെയ്യുവടീ .. ആദിയേട്ടന്റെ കല്യാണം കഴിഞ്ഞിട്ടുമില്ല , ഈ കുരിശ് തോളില് എടുക്കുവേം ചെയ്തു .. "
"ഇതിപ്പോ , അപ്പൻ പറഞ്ഞിട്ട് അയാളുടെ കൂടെ ഒന്ന് പോണൂ എന്നല്ലേ ഉള്ളൂ .. "
മൈഥിലി അവളെ സമാധാനിപ്പിച്ചു .
"അങ്ങനെയല്ലല്ലോ , ആദിയേട്ടൻ വേറെ കല്യാണം കഴിച്ചു എന്നും പറഞ്ഞു , അപ്പന്റെ വിളി വന്നപ്പോൾ ഞാനായിട്ട് കാണാം എന്ന് പറഞ്ഞതല്ലേ .. "
"ഡി മണ്ടി , അത് നല്ലതായില്ലേ , നിനക്ക് അയാളെ ഇഷ്‍ടമായില്ല എന്ന് പറഞ്ഞാൽ അവിടം കൊണ്ട് കാര്യങ്ങൾ എല്ലാം തീർന്നില്ലേ , സിംസണെ കണ്ടത് കൊണ്ട് അപ്പനെ ധിക്കരിച്ചു എന്ന് ഇനി പറയത്തുമില്ല "
"മിഥു , എന്നാലും .. "
"ഒരെന്നാലും ഇല്ല , നീ ഇപ്പൊ സിംസണിൻറെ കൂടെ പള്ളിയിൽ പോകാൻ നോക്ക് . ഏതായാലും ഇതൊരു അനുഗ്രഹം കരുതിയാൽ മതി. നമുക്ക് , വൈകിട്ട് ആദിയേട്ടന്റെ ഫ്ലാറ്റിൽ പോകാം , സംസാരിക്കാം , പുള്ളിക്ക് ഇനി മറിച്ചൊരു ധാരണ ഉണ്ടേൽ മാറ്റുകയും ചെയ്യാം , എന്തെ .. അല്ലെടി , ദിയെ .. "
"അതെ , അത് തന്നെ , ഇനി നീ സിംസണിന്റെ ഒപ്പം പോയില്ലെങ്കിൽ ആണ് പ്രശ്നം .. "
അഞ്ജലി നിസ്സഹായതയോടെ ഇരുവരെയും നോക്കി , പിന്നെ ഫ്ലാറ്റിൽ നിന്നും പുറത്തേക്കു ഇറങ്ങി നടന്നു
##############################
"എല്ലാം കൂടി രണ്ടേക്കറോളം ഉണ്ടല്ലേ , തിരുമേനി .. "
"മോൻ മുത്തച്ഛാ എന്ന് വിളിച്ചാൽ മതി കേട്ടോ ... ആ .. ഈ വീടും പുരയിടവും ഏകദേശം അത്രയും വരും .. "
"ഹ്മ്മ് .. എനിക്കീ പറമ്പോക്കെ ഒന്ന് നടന്നു കണ്ടാൽ കൊള്ളാമെന്നുണ്ട് .. "
"അതിനെന്താ .. ഞാൻ അച്യുതനെ , ഇവിടുത്തെ കാര്യസ്ഥനാ .. അവനെ വിളിക്കാം .. ഇല്ലത്തമ്മേ .. "
ഏഴുമുറ്റത്തു നാല് കെട്ടിനുള്ളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ജസ്റ്റിനും പരമേശ്വരൻ നമ്പൂതിരിയും . നാട്ടിലെ ആദിയുടെ പേരിലുള്ള പ്രശ്നങ്ങൾ എല്ലാം ചോദിച്ചറിയാൻ എത്തിയതായതായിരുന്നു ജസ്റ്റിൻ . ജസ്റ്റിൻ ആദിയുടെ സുഹൃത്താണ് എന്നറിഞ്ഞതോടെ മുത്തശ്ശനും മുത്തശ്ശിക്കും ആശ്വാസമായി .
"ഞാൻ വിളിച്ചു കൊണ്ട് വരാം ... "
ഇല്ലത്തമ്മ എഴുനേറ്റു നാലുകെട്ടിനു വെളിയിലേക്കു നടന്നു
" അവൾക്കു എപ്പോഴും കണ്ണനെ ഓർത്തു പേടിയാ , എന്ത് ചെയ്യാനാ , സങ്കടം മാത്രമേ അവന് ഇതുവരെ ഉണ്ടായിട്ടുള്ളൂ , അതോർത്തു വിഷമിക്കാൻ ഞങ്ങള് രണ്ടു പേരും .. "
"എല്ലാം ശെരിയാവും മുത്തശ്ശാ .. ഞങ്ങളൊക്കെ ഇല്ലേ .. "
ജസ്റ്റിൻ കസേരയിൽ നിന്നും എഴുനേറ്റു മുത്തശ്ശി യെ നോക്കി , പിന്നെ നടയിൽ അച്യുതൻ എത്തിയപ്പോൾ ഒരിക്കൽ കൂടി നാലുകെട്ട് വീക്ഷിച്ച ശേഷം അയാളുടെ അടുത്തേക്ക് നടന്നു , മുത്തശ്ശൻ അവനെ അനുഗമിച്ചു .
"അച്യുതാ , ഇയാളെ പറമ്പോക്കെ ഒന്ന് ചുറ്റിക്കാണിക്കണം , ഹ്മ്മ് .. ആദിയുടെ കൂട്ടുകാരനാ .. പോലീസാ .. ആ കീചകനെ സസ്‌പെന്റ് ചെയ്തത് ഇയാളാ .. "
അത് കേട്ടതും , അച്യുതൻ മുണ്ടിന്റെ മടക്കിക്കുത്തു അഴിച്ചിട്ടു ഭവ്യതയോടെ ജസ്റ്റിനെ തൊഴുതു . അയാൾ പുറത്തേക്കിറങ്ങി അഴിച്ചു വച്ചിരുന്ന ഷൂ ധരിച്ചു , ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഗ്ലാസ് എടുത്തു ധരിച്ചു മാധവന്റെ അടുത്തേക്ക് നടന്നു . മാധവനാകട്ടെ ജസ്റ്റിനെ കണ്ടതും അനിഷ്ടത്തോടെ തലയാട്ടി , അവൻ്റെ ചങ്ങലയുടെ ശബ്ധം അവിടെയാകെ മുഴങ്ങി .
"മാധവൻ ..അല്ലെ .. "
"അതെ സാർ .. ആദിയാണ് എന്ന് കരുതിക്കാണും , അല്ലെന്നു കണ്ടപ്പോ "
"ആ.. കുഴപ്പമില്ല , ഇവൻ ആദിയുടെ ചങ്ങാതിയാണ് ല്ലേ .. "
"അതെ , കുട്ടിക്കാലം മുതലേ , ശെരിക്കും പറഞ്ഞാൽ ഒരുമിച്ചു വളർന്നു എന്ന് പറയാം , രണ്ടു പേർക്കും ഏകദേശം ഒരേ പ്രായം ആണ് .. "
"ഹ്മ്മ് .. "
ജസ്റ്റിൻ ആനയെ മറികടന്നു പറമ്പിലേക്ക് നടന്നു , പുറകെ അച്യുതനും.
"എന്താണ് സാർ , ഇവിടെമെല്ലാം ഇഷ്ടമായോ .. "
"ആ , ഇഷ്ടമായി അച്യുതാ , അല്ല അച്ചുവേട്ടാ .. അങ്ങനെ അല്ലെ ആദി വിളിക്കാറുള്ളത് . "
"അതെ .. ആദികുഞ്ഞു ഒരു പാവമാ സാറെ , എല്ലാവരും ചേർന്ന് ഓരോ പ്രശ്ങ്ങൾ ഉണ്ടാക്കി ആ കുഞ്ഞിന്റെ തലയിൽ ഇട്ടു കൊടുക്കുന്നതാ . "
"ആരാ ഈ എല്ലാരും .. "
"അത് .. "
പറഞ്ഞത് അബദ്ധമായതു പോലെ അച്യുതൻ നാക്കു കടിച്ചു
"പറയ് അച്ചുവേട്ടാ , നമുക്ക് ഈ പ്രശ്ങ്ങളിൽ നിന്നും അവനെ രക്ഷിക്കേണ്ടേ .. "
"സാറെ , അത് .. അംബരീഷ് സാറാണ് എല്ലാത്തിനും പിന്നിൽ , പിന്നെ കുഞ്ഞിന് മുൻദേഷ്യം കൂടുതൽ ആയതു കൊണ്ട് .. എല്ലാ കുരുക്കിലും അറിയാതെ പോയി ചാടും , നല്ലതു പറഞ്ഞു കൊടുക്കാനും ആരും ഇല്ലല്ലോ .. പിന്നെ സരോജിനിയുടെ കടേന്ന് സേവയും ."
"ഹ്മ്മ് .. അംബികാമ്മ .. "
"അവരൊരു ദുഷ്ടയാ സാറെ .. മാളവിക തമ്പുരാട്ടി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ലായിരുന്നു .. "
ജസ്റ്റിൻ സംശയത്തോടെ അയാളെ നോക്കി ..
"അത് .. ആദി കുഞ്ഞിന്റെ അമ്മ .. "
"അവര് എങ്ങനെയാ മരിച്ചത് .. "
"ചുഴലിയായിരുന്നു സാറേ , ദാ ആ കുളത്തില് , വെളുപ്പിനെ കുളിക്കാൻ പോയതാ , പിന്നെ തിരക്കി ചെല്ലുമ്പോൾ .. ചിലര് പറയുന്നത് , കുളത്തിൽ എന്തോ കണ്ടു പേടിച്ചതാന്നാ ."
ജസ്റ്റിൻ കല്ലുകെട്ടി മറച്ച കുളത്തിനടുത്തക്കു ചെന്ന് , കുളപ്പുരയുടെ വാതിൽ തുറന്നു അകത്തേക്ക് നോക്കി .
"അഹിന്ദുക്കൾ കേറിയാൽ പ്രശ്നം വല്ലതും ഉണ്ടാകുമോ അച്ചുവേട്ടാ .. "
"എന്ത് പ്രശ്നം സാറെ , വേണോങ്കിൽ ആ ഷൂ ഒന്നഴിച്ചു വച്ചിട്ട് കേറിക്കോ .. "
ജസ്റ്റിൻ വാതിലിനരുകിൽ ഷൂവും സോക്‌സും അഴിച്ചു വച്ച് കൽപ്പടവുകൾ ഇറങ്ങി താഴേക്ക് ചെന്നു . മുഖത്തു നിന്നും ഗ്ലാസ് ഊരി ഷർട്ടിന്റെ പോക്കറ്റിൽ വച്ച ശേഷം , ജലത്തിൽ മുങ്ങി കിടക്കുന്ന പടിയിൽ കുനിഞ്ഞു നിന്ന് ഇരു കൈകളിലുമായി വെള്ളം കോരി മുഖത്ത് ഒഴിച്ചു .പിന്നീട് നിവർന്നു നിന്ന് ചുറ്റും നോക്കിയ ശേഷം അവൻ തിരികെ പടികൾ കയറി മുകളിലേക്ക് നടന്നു .
"ഇവിടെ അങ്ങനെ ആളുകൾ വരാറില്ലേ .. "
"ചിലപ്പോ ഞങ്ങൾ പണിക്കാർ വരുന്നു കാടെല്ലാം വെട്ടി തെളിക്കും , പായല് വാരിക്കളയും, അല്ലാണ്ട് ആരും വരാറില്ല സാറെ .. "
"പക്ഷെ , ആരോ അടുത്ത് ഇവിടെ വന്നത് പോലെ ഉണ്ടല്ലോ ... "
ജസ്റ്റിൻ സംശയത്തോടെ അച്യുതനെ നോക്കി .
"ആദികുഞ്ഞു വന്നാൽ എന്നും ഇവിടെ വന്നു ഈ പടിയിൽ കിടക്കും , അമ്മ അടുത്തുണ്ട് എന്നാണു പറയുക . ഞങ്ങൾ ആരും ഒറ്റയ്ക്ക് ഇങ്ങോട്ട് വരാറില്ല , പക്ഷെ കുഞ്ഞിന് അങ്ങനെ പേടിയൊന്നുമില്ല , ചെറുപ്പം മുതലേ സങ്കടം വന്നാൽ ഇവിടെ വന്നിരിക്കാരാണ് പതിവ് .."
"അപ്പൊ അവന്റെ അച്ഛൻ .."
"ഡോക്ടർ .. അതൊന്നും പറയാതെ ഇരിക്കുന്നതാ കഷ്ടം .. "
"ഉം .. ബാ .."
ജസ്റ്റിൻ കുളപ്പുരയുടെ വാതിലിനരുകിലെത്തി , പിന്നെ കാലുകൾ തുടച്ചു , സോക്‌സും ഷൂവും ധരിച്ചു പറമ്പിലേക്ക് നടന്നു
"അന്ന് ആദ്യമായ് ഈ മാളവിക തമ്പുരാട്ടി മരിച്ചു കിടക്കുന്നത് കണ്ടതാരാ .. "
"അത് ... "
അച്യുതൻ ഒരു നിമിഷം ആലോചിച്ചു നിന്നു .
"ജാനകി , അവരിവിടുത്തെ ഇവിടുത്തെ പുറം പണിക്കാരി ആയിരുന്നു സാറെ .. "
"ഹ്മ്മ് .. അച്ചുവേട്ടൻ എങ്ങനാ അറിഞ്ഞത് .. "
"ഞാൻ രാവിലെ എത്തിയപ്പോ .. "
"ഹ്മ്മ് .. എന്നിട്ട് . "
"എന്നിട്ട് എന്താകാനാ സാറെ .. കരക്ക് കയറ്റിയപ്പോഴേ ആള് പോയി , പിന്നെ പോലീസ് വന്നു , തിരുമേനി അവിടേം ഇവിടേം എല്ലാം വിളിച്ചു പറഞ്ഞത് കൊണ്ട് , പെട്ടന്ന് കാര്യങ്ങൾ എല്ലാം നടത്തി , പിന്നെ അന്ന് ഈ അംബരീഷ് ഉണ്ടായിരിന്നു ..ക്ഷമിക്കണം , അംബരീഷ് സാർ ഉണ്ടായിരുന്നു എല്ലാത്തിനും ആളായിട്ടു , അന്ന് പോലീസിൽ കേറിയ സമയമാ "
"ആ , അല്ല അംബരീഷ് .. അയാൾക്ക് ഇത് മായി .. "
"അതീ സാറേ , അംബിക , അംബരീഷ് , ഇവരുടെ അച്ഛൻ തിരുമേനിയുടെ കടയിൽ എടുത്തു കൊടുക്കാന് നിൽക്കുന്ന ആളായിരുന്നു .. അങ്ങനെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു .. "
"ഹ്മ്മ് ... "
പറമ്പിൽ മുഴുവൻ ചുറ്റിക്കണ്ടു ജസ്റ്റിൻ തിരികെ വരുമ്പോഴേക്കും അച്യുതനുമായി നല്ലൊരു ആത്മബന്ധം അവൻ ഉണ്ടാക്കി കഴിഞ്ഞിരുന്നു .
"അപ്പൊ ശെരി അച്ചുവേട്ടാ . മുത്തശ്ശാ ,മുത്തശ്ശി , ഞാൻ അങ്ങോട്ട് .. "
"ശെരി മോനെ .. "
"ആദി ഇവിടെ തന്നെ ഉണ്ടെന്നു കൂട്ടിക്കോ , ഇനി രണ്ടു പേരും വിഷമിക്കേണ്ട കേട്ടോ .. "
കാറിലേക്ക് കേറിയിരുന്നു ജസ്റ്റിൻ പറഞ്ഞു .
"നല്ല കുട്ടി , ആദിമോന് ഇത് പോലെയുള്ള കൂട്ടുകാരും ഉണ്ടല്ലേ .. "
അച്യുതൻ പറഞ്ഞു തിരഞ്ഞു നോക്കിയത് തിരുമേനിയുടെ മുഖത്തേക്കാണ് .
"അതേടോ അച്യുതാ , ഇതു പോലെ കുറച്ചു പേരുണ്ട് , നമ്മൾ അറിയാൻ വൈകി എന്ന് മാത്രം .. "
തിരുമേനി അത്രയും പറഞ്ഞു തിരികെ പടികടന്നു നാലുകെട്ടിനുള്ളിലേക്കു നടക്കുമ്പോൾ കുറച്ചു നാളുകൾക്കു ശേഷം ആ മനസ്സു ശാന്തമായിരുന്നു
#######################################################
അധികം താമസിക്കാതെ അഞ്ജലി പള്ളിയിൽ നിന്ന് തിരിച്ചെത്തിയിരുന്നു . അപ്പോഴേക്കും ആദി കിഷോറിനൊപ്പം പുറത്തേക്കു പോയിരുന്നു .
ഉച്ച ഭക്ഷണത്തിനു ശേഷം കൂട്ടുകാരികൾക്കൊപ്പം ബെഡിൽ കിടക്കുകയായിരുന്നു അഞ്ജലി . സിംസണിനോടൊപ്പം പള്ളിയിൽ പോയതും , തനിക്ക് ഇഷ്ടമായില്ല എന്നും വീട്ടിലേക്കു വിളിച്ചു പറഞ്ഞ ശേഷം തന്റെ കൂട്ടുകാരികളെ നോക്കിയവൾ നെടുവീർപ്പിട്ടു ..
"ഹോ , ഒരു കണക്കിന് ഇപ്പോഴാ സംഭവം ഒന്ന് കലങ്ങി തെളിഞ്ഞത് .. "
"ആ , കലങ്ങി എന്നത് ശെരിയായ , പക്ഷെ തെളിഞ്ഞു എന്ന് പറയാൻ പറ്റില്ല .."
"അതെന്നാ മിഥൂ .."
അഞ്ജലി സംശയത്തോടെ മൈഥിലിയെ നോക്കി .
"പെണ്ണെ , ഇതുവരെ ആദിയേട്ടൻ ഒരു ഗ്രീൻ സിഗ്നലും തന്നിട്ടില്ലല്ലോ , എല്ലാം നമ്മൾ ആലോചിച്ചു കൂട്ടിയതല്ലേ .. "
"എൻ്റെ മിഥൂ , ഇതിപ്പോ നീ ഇവൾക്ക് ധൈര്യം കൊടുക്കുവാന്നോ അതോ .. "
ദിയ അവരുടെ ഇടയിൽ കയറി .
"അഞ്ജു ,നീ മിഥു പറയുന്നതൊന്നും കാര്യമാക്കണ്ട , വൈകിട്ട് പുള്ളി വന്നോട്ടെ , നമുക്ക് റൂമിൽ ഇടിച്ചു കയറാം , എന്നിട്ട് ഇവളുടെ മനസ്സിലിരിപ്പിനെ പറ്റി ചെറിയ സൂചന നൽകാം , ചർച്ച ഏതു വഴിക്കു പോകുമെന്ന് നോക്കാമല്ലോ . "
"അഞ്ജു , എൻ്റെ അഭിപ്രായത്തിൽ സൂചന ഒന്നും വേണ്ട , ഉള്ള കാര്യം തുറന്ന് പറയണം , പറയാതെ കാത്തിരുന്നു കാത്തിരുന്നു അവസാനം കയ്യീന്നു പോകരുത് "
"ഹ്മ്മ് .. നോക്കാം , "
ആദിയുടെ ഫ്ലാറ്റിൽ നിന്നും ഉയർന്ന സംഗീതം കേട്ടാണ് അഞ്ജലി ഉറക്കമുണർന്നത് ,അവധിയുടെ ആലസ്യത്തിൽ ഉറങ്ങിപ്പോയിരുന്നു അവർ മൂവരും .തൻ്റെ ഇരുവശവും കിടന്നു ഉറങ്ങുന്ന കൂട്ടുകാരികളെ ഉണർത്താതെ അവൾ ബെഡിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു .
"നീ ഇങ്ങനെ ചായ ഉണ്ടാക്കി നില്കാതെ , പോയി റെഡിയാക് , നമുക്ക് ചെക്കൻ കാണാൻ പോകണ്ടേ .."
അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്ന അഞ്ജലിയുടെ പുറകിൽ കൂട്ടുകാരികൾ എത്തി . അവൾ ചെറു പുഞ്ചിരിയോടെ ചായ കപ്പുകളിലാക്കി മൈഥിലിക്കും ദിയക്കും നീട്ടി .
"പോകാടി പെണ്ണുങ്ങളെ , അവിടെ നിന്ന് പാട്ടൊക്കെ കേള്കുന്നുണ്ട് , ഇനി വല്ല പാർട്ടിയുമാണോ ആവോ .."
"ആ , എങ്കിൽ പൊളിക്കും , നീ പോയി റെഡി ആയിക്കെ , ഒറ്റ നോട്ടത്തിൽ ആദിയേട്ടൻ വീഴണം .. "
മൈഥിലി അഞ്ജലിയെ ബെഡ്റൂമിലേക്ക് തള്ളി വിട്ടു .
ഒരു മണിക്കൂറിനു ശേഷം മൂന്നു പേരും തയ്യാറായി ആദിയുടെ ഫ്ലാറ്റിലേക്ക് നടന്നു . തുറന്നു കിടക്കുന്ന ഗ്രിൽ കടന്നു , പകുതി അടച്ച വാതിൽ തള്ളി മാറ്റി അധികാരത്തോടെ അകത്തേക്ക് കയറിയ അഞ്ജലിയും കൂട്ടുകാരികളും അകത്തെ കാഴ്ചകണ്ടു ഒരു നിമിഷം ആശ്ചര്യപ്പെട്ടു നിന്നു .
ആദിയോട് ചേർന്നിരിക്കുന്ന ഒരു പെൺകുട്ടി , അവളുടെ തോളിലൂടെ അവൻ തൻ്റെ വലതു കൈ ചേർത്ത് പിടിച്ചിരിക്കുന്നു. അവൾ മുഖം കുനിച്ചു അവൻ്റെ മറുകയ്യിൽ ഉള്ള ഫോണിലെ ഫോട്ടോകൾ നോക്കുകയാണ് . ഇടയ്ക്കു എന്തോ പറഞ്ഞു ആദിയുടെ വയറ്റിൽ തൻ്റെ കൈ മുട്ട് കൊണ്ട് കുത്തി ചിരിക്കുന്നുമുണ്ട് . അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിയാൽ മുഖം മറഞ്ഞിരുന്നു . മുന്നിലെ ടീപ്പോയിൽ പകുതി തീർന്ന ബിയർ കുപ്പികൾ .
"ആദിയേട്ട .. "
അഞ്ജലിയുടെ ശബ്ദം മുഴുവനായി പുറത്തേക്കു വന്നിരുന്നില്ല
മുന്നിൽ അഞ്ജലിയെയും കൂട്ടുകാരെയും കണ്ടു ആദി പെട്ടന്ന് തന്നെ ആ പെൺകുട്ടിയെ വിട്ടു നേരെ ഇരുന്നു .
"ഹാ .. പെട്ടന്ന് .. വാ .. ഇരിക്ക് .. "
ആരോ ഫ്ലാറ്റിലേക്ക് കയറി വന്നതും ആദിയുടെ പരിഭ്രമവും കണ്ട അവനോടു ചേർന്നിരുന്ന പെൺകുട്ടി മുഖമുയർത്തി നോക്കി . അവളെ കണ്ടതും അഞ്ജലിയുടെയും കൂട്ടുകാരികളുടെയും മുഖത്തെ പരിഭ്രമം കൂടി .
(തുടരും)
Wednesday, December 2, 2020
ഉത്സവപ്പിറ്റേന്ന് 25 (അവസാന ഭാഗം)
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണ്ണി ഉറക്കത്തിൽ നിന്നും ഉണർന്നത് , ഇടം കയ്യിലെ വാച്ചിൽ നിന്നും സമയം അഞ്ചു കഴിഞ്ഞു എന്ന് അവനു മനസ്സിലായി . കിടന്ന തഴപ്പായ അരികിലേക്ക് ചുരുട്ടി വച്ച് , ഉണ്ണി ഉമ്മറത്തേക്ക് നടന്നു. മുൻവശത്തെ കതക് തുറന്നപ്പോൾ വെളിയിൽ ജോൺ ആയിരുന്നു . വീടിന്റെ വെളിയിലുള്ള റെഡ് ഓക്‌സൈഡ് ഇട്ട ചെറിയ വരാന്തയിലേക്ക് അയാൾ ഇരുന്നു , തൊട്ടടുത്തായി ഉണ്ണിയും.
"ഉണ്ണി, ഇനി നാല് ദിവസങ്ങൾ മാത്രം, എന്താ പ്ലാൻ "
"എന്ത് പ്ലാൻ " ഉണ്ണി പുഞ്ചിരിയോടെ ജോണിന്റെ മുഖത്തേക്ക് നോക്കി.
"അനന്തൻ, പണിക്കർ "
മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു .
"ഉണ്ണി, എനിക്ക് .. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.."
"ഹ്മ്മ്, .. അതിനു മുൻപ് ജോൺ ഞാൻ പറയുന്നത് കേൾക്കണം "
"എന്ത് "
"ജോണേ , ഞാൻ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്, ഇന്ത്യൻ സിവിൽ സർവീസ്, അവിടെ പൊട്ടന്മാരല്ല ഉള്ളത്. നീയൊക്കെ കണ്ടിട്ടുള്ളത് , പത്താം ക്‌ളാസ് പോലും ജയിച്ചിട്ടില്ലാത്ത ഇവിടുത്തെ മന്ത്രിമാരെ സല്യൂട്ട് അടിക്കുന്ന, രാഷ്ട്രീയക്കാർ ഒട്ടും വില കൊടുക്കാത്ത സിവിൽ സർവീസ്കാരെയാണ് . എന്നാൽ അതിനൊക്കെ ഒത്തിരി മുകളിൽ ആണവർ. ജനാധിപത്യത്തിന്റെ ചില പോരായ്മകൾ കൊണ്ട് അർഹർ അല്ലാത്തവർക്ക് മുൻപിൽ തലകുനിക്കേണ്ടി വരുന്നു എന്ന് മാത്രം .. വെല്ലോം മനസ്സിലായോ"
ഉണ്ണി അവിടെ നിന്നും എഴുനേറ്റു ജോണിനെ നോക്കി. അയാൾ ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി .
"എന്നാൽ പറയാം, കഴിഞ്ഞ പത്തു കൊല്ലമായി, അതായതു, ഈ മാമച്ചൻ എന്ന അഗസ്റ്റിൻ ജോസഫ് ഗൾഫിൽ നിന്നും വന്നത് മുതൽ ഞാൻ പുറകെ ഉണ്ട് . തെക്കൻ കർണാടകയിൽ സ്ഥലം വാങ്ങിയതും, പിന്നെ നാച്ചപ്പയുമായി വഴക്കുണ്ടായതും, ഒടുവിൽ ജ്ഞാനസുന്ദരം എന്ന പേരിൽ മേട്ടുപ്പാളയത്തു വന്നതുമെല്ലാം ഞാൻ അറിഞ്ഞിരുന്നു. പിന്നെ , നിനക്ക് ഇപ്പോഴും സംശയം ഉള്ള രണ്ടരക്കോടി, എനിക്കറിയാവുന്ന ഒരച്ചനുണ്ട് അങ്ങ് ബാംഗ്ലൂരിൽ , പുള്ളി അത് കുറേശ്ശേ വീതം വച്ചു ചില സ്ഥാപനങ്ങൾക്ക് കൊടുത്തു. ഇത്തിരി കൂടി ബാക്കി ഉണ്ട് . "
"പക്ഷെ ഉണ്ണി, നമ്മുടെ ബാക്കി കാര്യങ്ങൾ .."
"ചെയ്യാം ജോണേ , സമയം ഒരുപാടുണ്ടല്ലോ. പക്ഷെ , നിനക്ക് ഞാനൊരു വാക്ക് തന്നിരുന്നു, അത് എനിക്ക് പാലിക്കാൻ പറ്റില്ല. പകരം നിനക്ക് ഞാൻ പള്ളിപ്പറമ്പ് തരാം, ഫ്രീ ആയി. നീ അവിടെ ഒരു വീട് പണിയൂ, എന്നിട്ടു അടുത്ത ജൂലൈ മൂന്നിന് , നമ്മുടെ ഇടവക പള്ളിയിലെ , തോറാന പെരുന്നാൾ ,നിന്റെ പേരിൽ നടത്തൂ .. കുഴിവെട്ടുകാരൻ പാപ്പിയുടെ മകന്റെ മുൻപിൽ പള്ളി പ്രമാണിമാർ മുട്ടുകുത്തട്ടെ , ഇപ്പൊൾ , ആ പ്രസിഡണ്ട് രാഘവൻ എന്നെ കാണുമ്പോൾ തൊഴുന്നതു കണ്ടില്ലേ അത് പോലെ ..."
"അത് വെറും മോഹം മാത്രമാണ് ഉണ്ണി, അയാളുടെ മരണം എന്റെ കൈകൊണ്ടു മാത്രമാണ് "
ജോൺ എഴുനേറ്റു ഉണ്ണിയുടെ അടുക്കലേക്കു നടന്നു .
"ജോൺ, വാക്ക് മാറ്റി പറയുന്നവൻ അല്ല ഈ ഉണ്ണി, പക്ഷെ, എനിക്ക് എത്രയും വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രം ,"
"നടക്കില്ല ഉണ്ണി "
ജോൺ ഉണ്ണിയുടെ തോളിൽ പിടിച്ചു തനിക്കു നേരെ നിർത്തി . ഉണ്ണി പുഞ്ചിരിച്ചു കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു ആരെയോ വിളിച്ചു .
"അരെ ഭാഭിജി , സത് ശ്രീ ആകൽ ജി .... കഹാം പഹുജുഗയി .. ഓഹ് ഓക്കെ.. മേം ജോൺ ഭായ് കോ ഫോൺ ദേത്താ ഹും .. ഹാൻ മേരെ സാഥ് മെ ഹേ "
(ആ ചേടത്തി, നമസ്കാരം, എവിടെ എത്തി .. ജോണിന് ഫോൺ കൊടുക്കാം, എന്റെ അടുത്തുണ്ട്)
ജോൺ ഉണ്ണിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു മുന്നോട്ട് നടന്നു . അവൻ ഇരുകൈകളും കോർത്ത് പിടിച്ചു തലയുടെ പുറകിൽ അമർത്തി ഇരു വശത്തേക്കും ചരിച്ചു ജോണിന്റെ സംസാരം കേട്ടിരുന്നു .
കോൾ കട്ട് ചെയ്തു ജോൺ ഉണ്ണിയുടെ നേരെ നടന്നടുത്തു .
"നീ പർമീന്ദറിനെ ഇതിനിടിയിൽ എന്തിനാ കൊണ്ട് വന്നേ ? "
"ജോൺ , ഞാൻ പറഞ്ഞല്ലോ, പണിക്കരെ നിനക്ക് തരാൻ പറ്റില്ല എന്ന്. .. പിന്നെ , നീ ഇതിലൊന്നും ഇടപെടേണ്ട , തത്കാലം ഭാഭിയും കുട്ടികളും ആയി ഉത്സവം കൂട്. അവരൊന്നും ഇതൊന്നും കണ്ടിട്ടില്ലല്ലോ. "
ഉണ്ണി വരാന്തയിലേക്ക് കയറി , വെളിയിൽ നിന്നും കതകു അടച്ചു കുറ്റിയിട്ടു , താക്കോലുമായി പുറത്തേക്കു നടന്നു .
"വാടോ ജോണേ , അവര് ഇപ്പോൾ എത്തും, സതീന്ദർ ഭായ് കൂടെ ഉള്ളതല്ലേ, ഒന്നിനും ഒരു കുറവും പാടില്ല. "
വരാൻ മടിച്ചു നിന്ന ജോണിന്റെ കൈ പിടിച്ചു ഉണ്ണി മുൻപേ നടന്നു.
"ഉണ്ണി, നമ്മൾ വിട്ടു പോയ ഒരാൾ അനന്തൻ, അയാളെ .. "
"പുള്ളി ധ്യാനത്തിന് പോയിരിക്കുവല്ലേ, അയാളുടെ ഒടുക്കത്തെ ..."
"അപ്പൊൾ അയാളെയും നീ .. "
"ഹ്മ്മ് .. രണ്ടു ദിവസത്തെ എക്സ്ട്രാ പണി അതല്ലായിരുന്നോ "
ഉണ്ണി മുറ്റത്തിന് താഴെ വഴിയിൽ കിടന്ന ജോണിന്റെ വണ്ടിയിലേക്ക് ചാടിക്കയറി .
"ചലോ മേരെ ഭായ് , ആജ് തോ മസ്തി കരേംഗേ "
########################
ഏഴാം ഉത്സവദിവസം , കുംഭ ഭരണി , പൂങ്കാവ് ഗ്രാമം ഉത്സവത്തിന്റെ ആനന്ദത്തിൽ ആറാടുകയാണ് . നാടിൻറെ നാനാഭാഗത്തു നിന്നും മേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലികളും , അമ്മൻ കുടവും , ഗരുഡൻ തടികളും ദേവിക്ക് നേർച്ചയായി വന്നു കൊണ്ടിരുന്നു.
ഇതേ സമയം തന്നെ ഇരുപതു ചെണ്ടക്കാരുടെ അകമ്പടിയോടെ , ഗരുഡന്മാർ മേച്ചേരിൽ വീടിന്റെ മുറ്റത്തു പറന്നു നടക്കുകയാണ് . ചെണ്ട മേളത്തിന്റെ ആവേശം കണ്ടു നില്കുന്നവരിലേക്കും പടർന്നു കഴിഞ്ഞു . അസുര വാദ്യം അതിന്റെ പൂർണ്ണ രൂപമെടുക്കുമ്പോൾ കാഴ്ച്ചക്കാരുടെ കൈകളും കാലുകളും അതിനൊപ്പം ഇളകാൻ തുടങ്ങി. ഒന്നരമണിക്കൂർ നേരത്തെ പയറ്റിനൊടുവിൽ ഗരുഡന്മാരും ഇറങ്ങിയും കയറിയുമുള്ള കൊട്ടിന് ശേഷം ചെണ്ടക്കാരും മുറ്റത്തു നിന്നും പിന്മാറി. ആ സമയത്തു , ഗരുഡൻ പയറ്റ് കാണാൻ വന്നവർക്കുള്ള സദ്യ വിളമ്പാൻ തുടങ്ങി. പിന്നെയുള്ള ഒരു മണിക്കൂർ കഴിഞ്ഞാൽ ഗരുഡന്മാരുടെ അമ്പലത്തിലേക്കുള്ള പുറപ്പാടാണ്.
"ഉണ്ണി .."
അത് വരെയും ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന വിഷ്ണുവും ആതിരയും കുട്ടികളും വീട്ടിനകത്തേക്ക് കയറി വന്നു .
"ആ വിഷ്ണു .. വരൂ.. ദേവൂ ഒന്നിങ്ങോട്ടു വരൂ ..."
അവരെ ഹാളിലിൽ കിടന്ന സോഫയിലേക്കിരുത്തി ഉണ്ണി അടുത്ത റൂമിലേക്ക് നോക്കി വിളിച്ചു.
മൂത്ത മകന്റെ കയ്യിൽ പിടിച്ചു ദുർഗ്ഗ അവരുടെ അടുത്തേക്ക് പതുക്കെ നടന്നു വന്നു .
"നീ വന്നല്ലോ വിഷ്ണു , ഏതായാലും അത് നന്നായി. ഇനി പിണക്കമൊന്നും ഇല്ല എന്ന വിശ്വാസത്തിൽ ഞങ്ങൾക്ക് തിരിച്ചു പോകാമല്ലോ .. അല്ലെ ദേവൂ. "
ദുർഗ്ഗ അവരെ നോക്കി പുഞ്ചിരിച്ചു .
"ആതിര, ഇങ്ങനെ വീണ്ടും കാണുമെന്നു കരുതിയതല്ല, അന്ന് വീട്ടിൽ വന്നു പറഞ്ഞതെല്ലാം മറന്നു കളയണെ.. ഒരു പാട് വിഷമം കൊണ്ട് പറഞ്ഞതാ "
ആതിരയുടെ കൈകളിൽ പിടിച്ചു ദുർഗ്ഗ പറഞ്ഞു .
അപ്പോഴേയ്ക്കും , വിഷ്ണുവിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി . അവൻ അതുമായി പുറത്തേക്കിറങ്ങി . അല്പസമയത്തിനു ശേഷം തിരിച്ചു വന്ന വിഷ്ണുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു, ഉണ്ണിയുടെ മുഖത്ത് പുഞ്ചിരിയും.
"ഉണ്ണി .. അത് വിദ്യയാണ് വിളിച്ചത്, അശോകന് എന്തോ ഒരു സുഖമില്ലായ്‌മ പോലെ, ഒന്ന് അവിടം വരെ ചെല്ലാമോ എന്ന്. എന്നാൽ ഞങൾ ഇറങ്ങട്ടെ "
"ഭക്ഷണം "
"അത് കുഴപ്പമില്ല, എനിക്ക് ഇവളെ , ഇവരുടെ വീട്ടിൽ ആക്കിയിട്ടു വേണം പോകാൻ .. തീരെ സമയം ഇല്ല. നിങ്ങളെല്ലാവരും നാളെ ഉച്ചക്ക് പോകും എന്നാണ് കേട്ടത്, അങ്ങിനെ ആണെങ്കിൽ, നാളെ പോകും മുൻപ് വീണ്ടും വരാം."
"അപ്പോൾ പണിക്കർ സാർ .."
"അച്ഛൻ കുറച്ചു നാളായിട്ടു മഠത്തിൽ ഒറ്റക്കാണ് .. ഭക്ഷണം ഞങൾ കൊണ്ട് പോയി കൊടുക്കും അത്ര തന്നെ, എന്ത് ചെയ്യാനാ, വയസ്സാകുമ്പോൾ വാശിയും കൂടിയാൽ "
വിഷ്ണു , ആതിരയും കുട്ടികളുമായി വേഗത്തിൽ പടികൾ ഇറങ്ങി നടന്നകന്നു .
###############
സമയം പതിനൊന്നു കഴിഞ്ഞിരുന്നു . ഗരുഡൻ തൂക്കം അമ്പലമുറ്റത്തേക്കു കടന്നപ്പോൾ ദുർഗ്ഗ ഉണ്ണിയുടെയും അമ്മയുടെയും കൈപിടിച്ച് വീട്ടിലേക്കു നടന്നു . ആരോഗ്യം ഇത് വരെയും മെച്ചപ്പെടാത്തതിനാൽ അധികം നേരം അവിടെ നിൽക്കുന്നതും , പൊടി ശ്വസിക്കുന്നതും എല്ലാം അവളെ അലോരസപ്പെടുത്തികൊണ്ടിരുന്നു. കുട്ടികളെ ജോണിനെയും , അമ്ബലത്തിലെ കാര്യങ്ങൾ എല്ലാം രാമൻ നായരെയും ദത്തനെയും ഏല്പിച്ചു അവർ മൂവരും പതുക്കെ അമ്പലമുറ്റത്തു നിന്നും പുറത്തേക്കു നടന്നു. പക്ഷെ അവർ ചെന്നെത്തിയത് മഠത്തിൽ തറവാട്ടിൽ ആയിരുന്നു .
വാതിലിലെ ആദ്യ മുട്ടലിൽ തന്നെ അവർക്കു മുൻപിൽ ആ വീടിന്റെ വലിയ വാതിൽ തുറന്നു ഒരാൾ പുറത്തിറങ്ങി. അകത്തു കടന്ന ഉണ്ണിയെ ഹാളിന്റെ തെക്കു വശത്തെ മുറി ചൂണ്ടി കാണിച്ചു അയാൾ പുറത്തേക്കു പോയി . ഈ സമയം നല്ല ഉറക്കത്തിലായിരുന്നു പണിക്കർ . അകത്തേക്ക് കടന്ന ഉണ്ണി വലതു കൈ കൊണ്ട് പണിക്കരുടെ വായ് ചുറ്റി പിടിച്ചു ഇടതു കൈകൊണ്ട് അയാളെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് വന്നു . എന്താണ് നടക്കുന്നത് എന്നറിയാതെ പണിക്കർ കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു . ഹാളിലേക്ക് കൊണ്ട് വന്ന വന്ന പണിക്കരെ ഉണ്ണി അവിടെ കിടന്ന സോഫയിലേക്ക് തള്ളിയിട്ടു . ഹാളിലെ വെളിച്ചത്തിൽ , മുന്നിൽ നിൽക്കുന്ന ഓരോരുത്തരെയും അയാൾ ഞട്ടലോടെ തിരിച്ചറിഞ്ഞു .
"സുഭദ്ര .. ദുർഗ്ഗ .. ഉണ്ണി .. "
ഈ സമയത്തു നേരെത്തെ അവർക്കു വേണ്ടി വീടിന്റെ വാതിൽ തുറന്നു കൊടുത്തയാൾ വെളിയിൽ നിന്നും വാതിൽ അടച്ചു പുറത്തു കാവൽ നിന്നു.
"നിങ്ങള്ക്ക് എന്താ വേണ്ടേ .. "
അടഞ്ഞു പോയ വാതിലിനു നേരെ നോക്കി പേടിയോടെ പണിക്കർ അവരോടു ചോദിച്ചു .
"ചോദിച്ചാൽ തരാൻ പറ്റുവോ .. "
"ഹ്മ്മ്"
"എന്റെ ഭർത്താവിനെ , സഹോദരനെ, ഞങ്ങള്ക്കു നഷ്ടമായ നല്ല ജീവിതത്തെ , എന്റെ മാനത്തെ .. "
സുഭദ്ര വിറച്ചു കൊണ്ട് പറഞ്ഞു . പണിക്കർ പരിഭ്രമത്തോടെ ചുറ്റിലും നോക്കി.
"ഞാൻ പറഞ്ഞില്ലേ പണിക്കരെ , നിന്റെ അവസാനം കുറിച്ചിട്ടേ ഞാൻ ഇവിടുന്നു പോകു എന്ന്. "
ദുർഗ്ഗ മുന്നോട്ടു വന്നു അയാളുടെ ഇരു കവിളുകളിലും മാറി മാറി അടിച്ചു.
"പണിക്കരെ , ഒരു പാട് ആൾക്കാരെ പ്രതികൂട്ടിൽ കയറ്റി വാദിച്ചിട്ടുള്ളതല്ലേ. അത് കൊണ്ട് തന്നെ , നിന്റെ വിധി നടപ്പാക്കന്നതിനു മുൻപ് അത് എന്തിനാണെന്ന് നീ അറിഞ്ഞിരിക്കണ്ടേ .. എന്റെ അമ്മാവന് വേണ്ടി , അച്ഛന് വേണ്ടി, എന്റെ അമ്മക്ക് വേണ്ടി, ഇതിനെല്ലാം ഉപരി, നിങ്ങൾ കാരണം കഷ്ടപ്പെടേണ്ടി വന്ന ഈ ഗ്രാമത്തിലെ ഓരോരുത്തർക്കും വേണ്ടി .."
ഉണ്ണി മുന്നോട്ടു നടന്നു പണിക്കരുടെ കഴുത്തിലൂടെ കയ്യിട്ടു അയാളെ വടക്കു വശത്തെ കുളിമുറിയിലേക്ക് കൊണ്ട് പോയി . ഉണ്ണിയുടെ ബലിഷ്ഠമായ കൈക്കുള്ളിൽ ഒന്ന് അലറിക്കരയാൻ പോലും ആകാതെ അയാൾ പിടഞ്ഞു കൊണ്ടിരുന്നു . കുളിമുറിയിലെ മൂലയിലേക്ക് അയാളെ തള്ളിയിട്ടു , അവിടെ ഇരുന്ന വലിയ ചെമ്പിന്റെ പാത്രത്തിൽ ടാപ് തുറന്നു അവൻ വെള്ളം നിറക്കാൻ തുടങ്ങി. തന്നെ ഒന്നും ചെയ്യരുത് എന്ന അപേക്ഷയുടെ ഭാവത്തിൽ കൈകൂപ്പി അയാൾ അവനെ നോക്കി. വെള്ളം നിറഞ്ഞു കഴിഞ്ഞപ്പോൾ പണിക്കരുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു അതിനടുത്തേക്കു അയാളെ വലിച്ചിഴച്ചു കൊണ്ടുവന്നു. ഇടം കൈ കൊണ്ട് അയാളുടെ കൈകൾ പിടിച്ചു , വലം കൈകൊണ്ടു പണിക്കരുടെ തല മുഴുവനായതും അതിലേക്കു ബലമായി താഴ്ത്തിപ്പിടിച്ചു. കുറച്ചു നിമിഷത്തിനു ശേഷം അയാളുടെ തല, ഉണ്ണി പിടിച്ചുയർത്തി. പണിക്കർ ചുമച്ചു കൊണ്ട് ശ്വാസം എടുക്കാൻ തുടങ്ങി.
"അമ്മേ .. ഞാൻ പറഞ്ഞ വാക്ക് പാലിച്ചു .. "
അങ്ങോട്ട് വന്ന അമ്മയെ നോക്കി പറഞ്ഞിട്ട് ഉണ്ണി ഇരു കൈകള്കൊണ്ടും പണിക്കരുടെ മുഖം വെള്ളത്തിലേക്ക് ചേർത്ത് വച്ചു .
"സുഭദ്രേ .. അരുതു, എന്നെ ഒന്നും ചെയ്യരുത് എന്ന് ഉണ്ണിയോട് പറയൂ.. എന്നെ വിടാൻ പറയൂ ..."
പണിക്കർ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു .
"പണിക്കരെ, വർഷങ്ങൾക്കു മുൻപ് ഒരു വൈകുന്നേരം, അനന്തന്റെ കയ്യിൽ കിടന്നു പിടയുമ്പോഴും ഞാൻ ഇത് തന്നെ അല്ലെ പറഞ്ഞു കരഞ്ഞത്. നിങ്ങളുടെ ഇളയ കുഞ്ഞിനെ , മൂത്തമകളെ , അവരെ എല്ലാം ഒരു അമ്മയെ പോലെ നോക്കിയതിനു , നിങ്ങൾ എനിക്ക് തന്ന ശിക്ഷ... അന്ന് താൻ എന്റെ കരച്ചിൽ കേട്ട് പൊട്ടിച്ചിരിക്കുകയല്ലായിരുന്നോ .. "
സുഭദ്ര മുന്നോട്ട് വന്നു തന്റെ മെല്ലിച്ച കൈകൾ കൊണ്ട് പണിക്കരുടെ മുഖം ആ പാത്രത്തിലെ വെള്ളത്തിലേക്ക് അമർത്തി പിടിച്ചു. അയാളുടെ ശരീരത്തിലെ അവസാന ചലനവും നിന്ന ശേഷം ഒരു വിങ്ങലോടെ അവർ കുളിമുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിപ്പോയി. ഉണ്ണി അയാളെ പുറത്തേക്കു വലിച്ചെടുത്തു മൂക്കിലേക്ക് വിരൽ ചേർത്തു. ചെറിയ ശ്വാസം പുറത്തേക്കു വരുന്നതായി അവനു തോന്നി. അയാളെ മലർത്തിക്കിടത്തി വയറ്റിൽ ഞെക്കി കുറച്ചു വെള്ളം പുറത്തേക്കു കളഞ്ഞു. പിന്നെ , അല്പം ജീവൻ മാത്രമുള്ള ആ ശരീരത്തെ പൊക്കി തോളിലിട്ട് വീടിനു വെളിയിലേക്കു നടന്നു. അതെ സമയം, അമ്പലത്തിൽ, വലിയ കുരുതിക്കു ശേഷം ഏഴു ദിവസത്തേക്ക് നട അടച്ചതായുള്ള അറിയിപ്പോടെ കതിനകൾ മുഴങ്ങിക്കൊണ്ടിരുന്നു.
##############
അടുത്ത ദിവസം, ഉത്സവപ്പിറ്റേന്ന് , ഉച്ചയോടെ , പൂങ്കാവിൽ നിന്നും രണ്ടു കാറുകൾ എയർ പോർട്ടിലേക്കു യാത്രയായി , ഒന്നിൽ ജോണും കുടുംബവും മറ്റൊന്നിൽ ഉണ്ണിയും ദുർഗ്ഗയും അമ്മയും കുട്ടികളും . വണ്ടികൾ അമ്പലത്തിനു അരികിൽ എത്തിയപ്പോൾ അവരെ യാത്രയാക്കാനായി കമ്മറ്റിക്കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു .
"ഒത്തിരി സന്തോഷമായി ഉണ്ണി , ഇത്തവണത്തെ ഉത്സവം പൊടി പൊടിച്ചു ..അപ്പോൾ ഇനി എന്നാണ് തിരിച്ചു "
ഡോർ തുറന്നു പുറത്തിറങ്ങിയ ഉണ്ണിയുടെ കൈകളിൽ പിടിച്ചു അയാൾ ചോദിച്ചു. അപ്പോഴേക്കും ജോണും അവരുടെ അടുത്തേക്ക് നടന്നു വന്നു.
"അത് .. പറ്റുമെങ്കിൽ ഉടൻ .. നമ്മുടെ ജോണിന്റെ കുറച്ചു സ്ഥലം പണിക്കരുടെ കയ്യിലുണ്ട്. അത് നിങ്ങൾ എല്ലാവരും ചേർന്ന് വാങ്ങി തരമെങ്കിൽ, പറയുന്ന കാശ് കൊടുക്കാം .. അങ്ങിനെ ആണെങ്കിൽ , അടുത്ത പള്ളി പെരുന്നാൾ ഈ ജോണിന്റെ വക "
"ആഹാ.. പണിക്കരോ, പറഞ്ഞ പോലെ അയാളെ ഇന്നലെ രാത്രി മുതൽ കാണാനില്ല. അത്താഴം കൊടുത്തു വിഷ്ണു പുറത്തേക്കു പോയതാ , രാവിലെ വന്നു നോക്കിയപ്പോൾ ഡോർ തുറന്നു കിടക്കുന്നു , ഇയാള് ഈ വയസ്സാം കാലത്തു ആ ചെറുക്കനെ ബുദ്ധിമുട്ടിക്കാനായി എവിടെ പോയതാണോ "
"ഓഹ് ... എന്തെങ്കിലും ആകട്ടെ, പറ്റുമെങ്കിൽ നിങ്ങൾ ഈ ജോണിന് ആ സ്ഥലം ശെരിയാക്കി കൊടുക്ക്. എന്നിട്ട് നമുക്കൊരുമിച്ചു പള്ളി പെരുന്നാളും നടത്താം.. എന്തെ ? "
"അപ്പോൾ അങ്ങിനെ ആകട്ടെ, നമുക്ക് വേണ്ടത് ഉടനെ ചെയ്യാം, എന്തെ .." പ്രസിഡണ്ട് ചുറ്റുമുള്ളവരെ നോക്കി. എല്ലാവരും ശെരി എന്ന മട്ടിൽ തലയാട്ടി.
ഉണ്ണി ചിരിച്ചു കൊണ്ട് തലയാട്ടി കാറിലേക്ക് കയറി , പുറകിലെ കാറിൽ ജോണും. രണ്ടു കാറുകളും മുന്നോട്ടു ഓടിക്കൊണ്ടിരുന്നപ്പോൾ ഉണ്ണിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി .
"എന്താ ജോണേ "
"നീ അയാളെ .. ഞാനില്ലാതെ .."
"ഹ്മ്മ്.."
മുഖത്തു വിരിഞ്ഞ ക്രൂരത നിറഞ്ഞ പുഞ്ചിരി പുറത്തു കാട്ടാതെ , ഫോൺ കട്ടാക്കി പുറത്തേക്കു തലയിട്ടു, പുറകിൽ അമ്പലകുളത്തിനരുകിൽ തങ്ങളെ യാത്രയാക്കാൻ നിന്നവരെ നോക്കി ഉണ്ണി , തന്റെ കൈ വീശി.
(അവസാനിച്ചു)
പീയാർ
കുറിപ്പ് :- അങ്ങിനെ ഈ കഥ അവസാനിക്കുകയാണ് . എല്ലാ കഥാപാത്രങ്ങങ്ങൾക്കും ആവശ്യമായ സ്പേസ് കൊടുത്തു എന്ന് തന്നെയാണ് എന്റെ വിശ്വാസം. പിന്നെ ഓരോ കഥാപാത്രങ്ങൾക്കും മുഖങ്ങൾ കൊടുത്തു , എന്റെ മുൻപിൽ നടക്കുന്നത് പോലെ എഴുതുന്നത് കൊണ്ടാണ് , സംഭാഷണങ്ങളെക്കാൾ സാഹചര്യങ്ങൾ കഥയിൽ മുന്നിട്ടു നില്കുന്നത്.
ഒരല്പം കഷ്ടപ്പെട്ട് എഴുതിയതാണ് , ഇനി ഇതുപോലുള്ള എടുത്താൽ പൊങ്ങാത്ത സംഭവങ്ങളിൽ തല വയ്ക്കില്ല.സത്യം . വായിക്കുക , അഭിപ്രായം പറയുക ഒരു വരിയെങ്കിലും (ഇമോജി വേണ്ട )
ഉത്സവപ്പിറ്റേന്ന് 24
പൂങ്കാവ് അമ്പലത്തിനു കിഴക്കു വശത്തുള്ള അമ്പലക്കുളത്തിൽ അക്കരെ ഇക്കരെ നീന്തി, മുങ്ങി നിവർന്നു കയറിയപ്പോൾ തനിക്കു വല്ലാത്തൊരു ഉന്മേഷം വന്നുവെന്നു ഉണ്ണിക്ക് തോന്നി . കരയിൽ നിന്നും കാവിമുണ്ടെടുത്തു ഉടുത്തു , അരയിൽ ചുറ്റിയിരുന്ന ചുവന്ന തോർത്ത് പിഴിഞ്ഞെടുത്തു ശരീരത്തിലേക്കിട്ടു ലൂണാർ ചെരുപ്പ് കഴുകി കാലിലിട്ടു , അമ്പലകുളത്തിന്റെ പടികയറി വന്നപ്പോൾ അവൻ പഴയ പതിനെട്ടുകാരനായി. തന്നെ കാണാൻ വന്ന കൂട്ടുകാരനുമായി അമ്പലത്തിൽ എത്തിയതായിരുന്നു ഉണ്ണി. നനഞ്ഞ വസ്ത്രങ്ങൾ ഒരു കവറിൽ ഇട്ടു , അവന്റെ ബൈക്കിന്റെ ഹാന്റിലിൽ തൂക്കി ഉണ്ണി അമ്പലത്തിനുള്ളിലേക്ക് നടന്നു. വടക്കോട്ടു ദർശനമായി ഇരിക്കുന്ന ദേവിയുടെ നടയിൽ കൈകൂപ്പി നിന്ന് പ്രാർത്ഥിച്ചു , ചുറ്റമ്പലത്തിനുള്ളിൽ മൂന്നു വലതു വച്ച് , ചന്ദനവും കുങ്കുമവും ചേർത്ത് നെറ്റിയിലും നെഞ്ചിലും കുറിതൊട്ട് പുറത്തിറങ്ങിയ അവനെ നോക്കി നാട്ടുകാർ അടക്കം പറയാൻ തുടങ്ങി .
"നമ്മുടെ ഉണ്ണിയല്ലേ , ഇലഞ്ഞിക്കലെ സുഭദ്രയുടെ മകൻ "
"മറ്റേ , അമ്പലക്കുളത്തിൽ ചത്ത് പൊങ്ങിയ മഹാദേവന്റെ മകൻ "
"ഏതു , കടം കേറിയപ്പോൾ അമ്മയെയും കൊണ്ട് നാട് വിട്ട ... "
"ഇവൻ അല്ലെ , ആ ജോണിനൊപ്പം ഒളിച്ചോടിയ മറ്റവളുടെ ഭർത്താവ് "
"മിണ്ടല്ലേ, ഇവൻ പോലിസാ "
"ഇത്തവണ ഉത്സവം നടത്തുന്നത് ഇവരാ "
"കുറെ കാശ് ഉണ്ടായിട്ടു എന്ത് കാര്യം, പണ്ട് നാട്ടു കാരെ പറ്റിച്ചുണ്ടാക്കിയതല്ലേ "
അമ്പലത്തിൽ തൊഴാൻ വന്ന സ്ത്രീകളുടെ സംസാരം അതിരു വിട്ടപ്പോൾ ഉണ്ണി തെക്കേ വശത്തുള്ള ആൽത്തറയുടെ അടുത്തേക്ക് നടന്നു . അപ്പോഴേക്കും അവനെ കണ്ടു അമ്പല കമ്മറ്റി പ്രസിഡന്റും കുറച്ചു പേരും അങ്ങോട്ട് വന്നു .
"മോൻ തൊഴുതു ഇറങ്ങിയോ "
പ്രസിഡന്റിന്റെ മോൻ എന്ന വിളി ഉണ്ണിയുടെ മനസ്സിൽ പരിഹാസം ഉണ്ടാക്കിയെങ്കിലും , അത് മറച്ചു വച്ച് അവൻ പുഞ്ചിരിച്ചു .
"ആ രാഘവേട്ടാ, തൊഴുത്തിറങ്ങി. ഞാൻ വരാന്നു പറഞ്ഞതിലും രണ്ടു ദിവസം വൈകി , കാര്യങ്ങൾ എങ്ങനെ പോകുന്നു"
"നന്നായി പോകുന്നു , ആദ്യം ജോണാണ് പൈസ തരുന്നത് എന്ന് കേട്ട് എല്ലാവരും ഒന്ന് മുഖം തിരിച്ചു, പിന്നെയല്ലേ പറഞ്ഞത് അത് നമ്മുടെ ഉണ്ണിയുടെ സംഭാവന ആണെന്ന് , ഇവൻ നമ്മുടെ സ്വന്തം അല്ലെ "
അയാൾ ചുറ്റും നോക്കുകയും , എല്ലാവരും പ്രസിഡണ്ട് പറഞ്ഞത് ശെരിയാണ് എന്നർത്ഥത്തിൽ തലയാട്ടി ചിരിക്കുകയും ചെയ്തു.
"പിന്നെ മോനെ, ആ ഒരു ലക്ഷം കൊണ്ട്, അമ്പലം ഒന്ന് മോടി പിടിപ്പിച്ചു. ബാക്കി എല്ലാം പിരിവെടുത്തു നടത്താമെന്നു വിചാരിക്കുന്നു. "
"രാഘവേട്ടാ, നാളെ രണ്ടു ലക്ഷം കൂടി തരാം, ഉത്സവം ഭംഗിയായി നടക്കട്ടെ .. പിന്നെ "
ഉണ്ണി അവരോടു ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി ...
"ഞാൻ പൈസ തരുന്ന കാര്യം ഇനി കൊട്ടിഘോഷിച്ചു നടക്കേണ്ട. രസീതും വേണ്ട.. ഒരു ഭക്തൻ .. അത് മതി.. അല്ലങ്കിൽ തന്നെ ഈ ഇൻകം ടാക്സ്കാര് നാലു വശത്തു നിന്നും നോക്കിയിരിക്കുവാ "
"മതി, മതി.. അങ്ങിനെ മതി, ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ"
പ്രസിണ്ടന്റിന്റെ ചോദ്യത്തിന് ഇല്ല എന്നർത്ഥത്തിൽ എല്ലാവരും ചുമലു കൂച്ചി .
അപ്പോഴാണ് ദർശനം കഴിഞ്ഞിറങ്ങിയ വിഷ്ണുവും ആതിരയും ചുറ്റമ്പലത്തിനു വെളിയിലൂടെ വലം വച്ച് അവർക്കരുകിലൂടെ വന്നത് .
"മോനെ ഒരു മിനിറ്റേ, നമ്മുടെ പണിക്കരുടെ മോനാ.. ഇത്തിരി അഹങ്കാരിയാ.. ഞങ്ങൾ സംഭാവന ചോദിച്ചു ചെന്നപ്പോൾ കളിയാക്കി വിട്ടതാ. അവനോടു രണ്ടെണ്ണം പറയണം, നീയും വാ .."
പ്രസിഡന്റ് എല്ലാവരെയും ഒന്ന് നോക്കി വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു. പുറകെ ഉണ്ണിയും.
"വിഷ്ണു, ഇത് ഉണ്ണി, നമ്മുടെ ഇലഞ്ഞിക്കലെ.. ഇത്തവണത്തെ ഉത്സവത്തിനുള്ള പൈസ ഇവനാ തരുന്നേ , ജോൺ അല്ല, പിന്നെ തൂക്കവും ഇവരുടെ വീട്ടീന്നാ "
വിഷ്ണു ചിരിച്ചു കൊണ്ട് ഉണ്ണിയെ നോക്കി .
"അല്ല മോളെ, ഇന്നലെ ഉത്സവത്തിന് കൊടികേറീട്ടു ഇതുവരെ അനന്തൻ സാറു വന്നില്ലല്ലോ, സാധാരണ ഏഴു ദിവസവും ഇവിടെ ഉണ്ടാകാറുള്ളതാണല്ലോ , എവിടെപ്പോയി. "
"അത് രാഘവേട്ടാ , അച്ഛൻ സായി ഭക്തൻ ആണെന്ന് അറിയാല്ലോ , പെൻഷൻ പറ്റിയെ പിന്നെ ഇടയ്ക്കിടയ്ക്ക് ഒരൊറ്റ പോക്കാ .. പിന്നെ രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞു നോക്കിയാൽ മതി . ഷിർദിയിൽ പോയി ധ്യാനം നടത്തി പതുക്കെ വരൂ. വിളിക്കുക പോലും ഇല്ല "
"ഹ്മ്മ് ..നല്ലതാ .. "
ആ സമയത്തു ഉണ്ണി വിഷ്ണുവിന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു .
"വിഷ്ണു.. അന്ന് ആശുപത്രിയിൽ നടന്നതിന് ക്ഷമ ചോദിക്കുന്നു. അവളുടെ ആ അവസ്ഥയിൽ നിന്റെ ചോദ്യം എനിക്ക് താങ്ങാൻ പറ്റിയില്ല. നിനക്കറിയാമല്ലോ എന്നെ. അവളെ വിധിച്ചത് എനിക്കായിരിക്കും, ഒരു പെണ്ണിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരു യുദ്ധം വേണ്ടാ, പ്ളീസ്. "
വിഷ്ണുവിന്റെ കണ്ണുകളിലേക്കു നോക്കി ഉണ്ണി പറഞ്ഞു.
"എനിക്ക് മനസ്സിലാകും ഉണ്ണി, നീ എനിക്ക് വച്ചുനീട്ടിയതു നിന്റെ ജീവനായിരുന്നു. അത് ഒരു വല്ലാത്ത നിമിഷത്തിൽ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു, എന്തിന്റെ പേരിലായാലും തെറ്റ് തെറ്റ് തന്നെയാണ്. അത് തിരിച്ചറിഞ്ഞപ്പോൾ അവളെ തേടി ഒരുപാടു അലഞ്ഞു. പിന്നീട് , ജോൺ വന്നു , ഒടുവിൽ നീയും . നീയാണ് അവളുടെ ഭർത്താവു എന്നറിഞ്ഞപ്പോൾ ആദ്യം സന്തോഷിച്ചു, പിന്നെ ദുഃഖം, ദേഷ്യം .. അറിയില്ല .. ഇപ്പോൾ ഒന്നും എന്റെ മനസ്സിൽ ഇല്ല, നിങ്ങൾ സുഖമായി ജീവിക്കൂ. "
വിഷ്‌ണു ഉണ്ണിയെ ചേർത്ത് പിടിച്ചു . അവൻ തന്റെ പഴയ കൂട്ടുകാരനായി മാറിയതായി ഉണ്ണിക്ക് മനസ്സിലായി .
"വിഷ്ണു .. ജോണും , ദേവുവും മഠത്തിൽ തറവാട്ടിൽ വന്നു വഴക്കുണ്ടാക്കിയതൊന്നും എന്റെ അറിവോടെ അല്ല. പിന്നെ അവർക്കു നിന്റെ അച്ഛനോട് ദേഷ്യം കാണും , പക്ഷെ എനിക്കില്ല .. നിന്റെ അച്ഛൻ കാരണം ഞാനും അമ്മയും ചേച്ചിയും കുറച്ചു നാൾ പട്ടിണി കൂടാതെ ജീവിച്ചിട്ടുണ്ട് .. മറക്കില്ല ഞാൻ , ഒന്നും , ഒരിക്കലും "
വിഷ്ണുവിനെ ചേർത്ത് പിടിച്ചു മുഖത്തേക്ക് ഇരച്ചു വന്ന ദേഷ്യം ഉള്ളിലൊതുക്കി ഉണ്ണി പറഞ്ഞു നിർത്തി .
"എന്ത് പറ്റി രണ്ടാളും "
അവരുടെ അടുത്തേക്ക് പ്രസിഡന്റും ആതിരയും നടന്നെത്തി .
"ഹേ, ഞങ്ങൾ പഴയ കൂട്ടുകാർ ആയിരുന്നു , ഇടക്കൊരു ചെറിയ പിണക്കം വന്നു, അത് പറഞ്ഞു തീർത്താണ് "
ഉണ്ണി അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അപ്പോൾ വിഷ്ണു, ആതിര, ഉത്സവം കഴിഞ്ഞു പിറ്റേന്ന് ഞങ്ങൾ ഡൽഹിക്കു തിരിച്ചു പോകും, പിന്നെ അടുത്ത ഉത്സവത്തിനെ ഉണ്ടാകൂ. ഇത്തിരി പോന്ന നമ്മുടെ ഈ ജീവിതത്തിൽ വാശിയും വൈരാഗ്യം ഉണ്ടാകാതെ സന്തോഷമായി ജീവിക്കാം. "
ഉണ്ണി വിഷ്ണുവിന്റെ തോളിൽ തട്ടി ആൽ തറയിലേക്ക് തിരിച്ചു നടന്നു .
"പാവം ഉണ്ണി, ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി, പിന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ടു ജീവിച്ചു. ഇപ്പൊ കണ്ടോ, ജനിച്ചനാടും, നമ്മുടെ ദേവിയെയും മറന്നില്ല, അതിന്റെ ഐശ്വര്യം അവനു ഏപ്പോഴും കിട്ടും."
പ്രസിഡണ്ട് ഉണ്ണിയെ നോക്കി അവരോടു പറഞ്ഞിട്ട് പടിഞ്ഞാറേ നടയിലുള്ള കമ്മറ്റി ആഫിസിലേക്കു കയറി.
#############
മേച്ചേരിയിൽ നിന്നും ഉച്ചയൂണും കഴിച്ചു , ഇലഞ്ഞിക്കൽ വീട്ടിൽ എത്തി ,തന്റെ പഴയ മുറിയിൽ താഴെ വിരിച്ചിരുന്ന തഴപ്പായയിൽ കിടക്കുകയായിരുന്നു ഉണ്ണി. അവന്റെ മനസ്സിലേക്ക് ആതിര പറഞ്ഞ കാര്യങ്ങൾ കയറിവന്നു .
"അത് രാഘവേട്ടാ , അച്ഛൻ സായി ഭക്തൻ ആണെന്ന് അറിയാല്ലോ , പെൻഷൻ പറ്റിയെ പിന്നെ ഇടയ്ക്കിടയ്ക്ക് ഒരൊറ്റ പോക്കാ .. പിന്നെ രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞു നോക്കിയാൽ മതി . ഷിർദിയിൽ പോയി ധ്യാനം നടത്തി പതുക്കെ വരൂ. വിളിക്കുക പോലും ഇല്ല "
രണ്ടു ദിവസം മുൻപ് , ചൊവ്വാഴ്ച രാവിലെ ബാംഗ്ലൂർ സിറ്റി ജംഗ്ഷൻ എന്ന മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതാണ് അനന്തൻ . അവിടെ നിന്നും യെശ്വന്ത്പൂരിൽ പോയി , രാവിലെ ഏഴരക്കുള്ള യെശ്വന്ത്പൂർ - ഷിർദി എക്സ്പ്രസ്സിൽ കയറുക എന്നതാണ് ലക്‌ഷ്യം. മജെസ്റ്റിക് റെയിൽവേ സ്റ്റേഷന് വെളിയിലുള്ള മെയിൻ ബസ്റ്റാന്റിലേക്ക് അണ്ടർ പാസ്സ് വഴി നടക്കുമ്പോഴാണ് തോളിൽ എന്തോ കടിച്ചപോലെ അയാൾക്ക് തോന്നിയത് . പിന്നെ ഓർമ്മ വരുമ്പോൾ ഏതോ ഒരു ഇരുട്ട് മുറിയിലും .
പെട്ടന്ന് തന്നെ അയാൾ നിലത്തും നിന്നും പിടഞ്ഞെഴുനേറ്റു. മുറിയിൽ നിന്നും ശബ്ദം കേട്ടതോടെ അവിടെ തൂക്കിയിരുന്ന ലൈറ്റ് തെളിഞ്ഞു. അതിന്റെ വെളിച്ചത്തിൽ കണ്ണടഞ്ഞു പോയ അനന്തൻ വലതു കൈ വിടർത്തി നെറ്റിയിൽ ചേർത്ത് ചുറ്റും നോക്കി . അപ്പോൾ ആ മുറിയുടെ വാതിൽ തുറന്നു രണ്ടു പേർ അകത്തേക്ക് കയറി വന്നു .
"ആരാ , എന്താ, എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നേ , ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ "
അനന്തൻ അവരോടായി ദേഷ്യത്തിൽ ചോദിച്ചു .
"നിർത്തി നിർത്തി ചോദിക്കു അനന്തൻ സാറെ .. എല്ലാത്തിനും ഞാൻ മറുപടി പറയാം "
അയാളുടെ അടുത്തേക്ക് കസേര വലിച്ചിട്ടു തുടർന്നു
"ഞാൻ രുദ്രൻ , നമ്മളൊരു നാട്ടുകാരാ, എന്നിട്ടിങ്ങനെ ചോദിച്ചാൽ എങ്ങനെയാ.. "
ഉണ്ണി അയാളെ അടിമുടി ഒന്നും നോക്കി.
"എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നേ, ഞാൻ ആരാണെന്നു അറിയാമോ"
ഇരുന്ന ഇരുപ്പിൽ തന്നെ അടിവയറിനൊരു ചവിട്ടായിരുന്നു അതിനുള്ള ഉണ്ണിയുടെ മറുപടി . അനന്തൻ തന്റെ ഇരു കൈകളും കൊണ്ട് ചവിട്ടു കൊണ്ട ഭാഗത്തു അമർത്തി പിടിച്ചു കുനിഞ്ഞിരുന്നു ..
"നീയാരാ ..എന്തിനാ എന്നോട് .. ഈ വയസ്സാം കാലത്തു .."
"അത് കൊള്ളാം.. വയസ്സാം കാലം അല്ലെ.. "
ഉണ്ണി കസേരയിൽ നിന്നും എഴുനേറ്റു വലതു കാലുയർത്തി അയാളുടെ തോളിൽ ചവിട്ടി ഭിത്തിയോട് ചേർത്ത് നിർത്തി . ഇടതു കൈകൊണ്ടു അയാളുടെ വലതു കൈപ്പത്തി ഉയർത്തി പിടിച്ചു .
"നല്ല കൈ ആണല്ലോ അനന്താ ഇത്. ഈ കൈ കൊണ്ട് എന്തെല്ലാം തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നീ ഓർക്കുന്നുണ്ടോ "
അയാൾ ഭീതിയോടെ ഉണ്ണിയെ നോക്കി.
"നീ എന്തെല്ലാം ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാണല്ലേ, എന്നാൽ എനിക്കോർമ്മയുള്ളതു പറയാം.. വര്ഷങ്ങള്ക്കു മുൻപ് മഠത്തിൽ തറവാട്ടിൽ വച്ച് അടുക്കളയിൽ പണിതു കൊണ്ടിരുന്ന , ഭർത്താവു മരിച്ച ഒരു സ്ത്രീയുടെ ഇടുപ്പിൽ ചുറ്റിയ കയ്യല്ലേ ഇത്. കട്ടിലിലേക്ക് എറിയപെട്ട ആ സ്ത്രീയെ ബോധം മറയും വരെ തല്ലിയ, അവരുടെ വസ്ത്രങ്ങൾ ഓരോന്നായി കീറിയെറിഞ്ഞ, ഒടുവിൽ എല്ലാം കഴിഞ്ഞു കിടക്കവിരി ചുറ്റി കരഞ്ഞു കൊണ്ടിരുന്ന അവരുടെ മുഖത്തേക്കു നൂറിന്റെ രണ്ടു നോട്ടുകൾ എറിഞ്ഞു കൊടുത്തിട്ടു, നിന്റെ പതിനേഴു തികയാത്ത മകളെ കൊണ്ടുവന്നാൽ ദേ ഇത് തരാം എന്ന് പറഞ്ഞു അഞ്ഞൂറിന്റെ നോട്ടുകൾ കാണിച്ച കൈ ... "
"സുഭദ്ര .. "
"അതെ .. സുഭദ്ര.. നീയൊക്കെ കൂടി കൊന്നു കളഞ്ഞ മഹാദേവന്റെ ഭാര്യ, സഹദേവന്റെ ചേച്ചി .. എന്റെ അമ്മ "
അയാൾ ദയനീയമായി ഉണ്ണിയെ നോക്കി .
"നിനക്ക് ഈ കൈ വേണ്ട അനന്താ.. അമ്മക്ക് വേണ്ടി ഞാൻ ഇതെടുക്കുവാ.."
ഉണ്ണിയുടെ വലതു കയ്യിലിരുന്ന കൊടുവാൾ ഉയർന്നു താഴുകയും , ഉണ്ണിയുടെ മുഖത്തേക്ക് ചോര തെറിക്കുകയും ചെയ്തു. അനന്തന്റെ വലതു കൈ , ഉണ്ണിയുടെ ഇടതു കയ്യിൽ തൂങ്ങിക്കിടന്നു . അയാളുടെ മുറിവിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി.
"രുദ്രൻ .. "
തോളിൽ നിന്നും കാലെടുത്തു , അനന്തന്റെ മുഖത്തേക്ക് തുപ്പി , അയാളുടെ കൈ ദൂരേക്ക് എറിഞ്ഞു അവൻ ദേഷ്യത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി.
"നാച്ചപ്പ .. ചതിക്ക് മറുപടി ചതി എന്നാണ് രുദ്രൻ പഠിച്ചിരിക്കുന്നതു , അത് വീടിനു വേണ്ടിയായാലും , രാജ്യത്തിന് വേണ്ടിയായാലും .. നീ ചോദിച്ചത് ഞാൻ തന്നു , പകരം നീ എനിക്കിവനെയും .. എനിക്കറിയാം വാളെടുത്തവൻ വാളാലെന്നു .. കാലം എനിക്കായും എന്തെങ്കിലും എഴുതിവച്ചിട്ടുണ്ടാകും "
അയാളുടെ ബോധം മറഞ്ഞപ്പോൾ കൊടുവാൾ താഴേക്കിട്ടു ഉണ്ണി പുറത്തേക്കിറങ്ങി .
"നാച്ചപ്പാ ... തൂക്കിയെടുത്തു ട്രാക്കിലിട്ടേക്കു .. ഒരു ഐഡൻറ്റിറ്റി പോലും വേണ്ട .. അനാഥ ശവം , അത് മതി. "
വെളിയിൽ കിടന്ന XUVഇൽ കയറുന്നതിനു മുൻപ് അവൻ വിളിച്ചു പറഞ്ഞു.
"സർ .. എങ്ങോട്ടു " ഡ്രൈവർ പേടിയോടെ , അതിശയത്തോടെ ഉണ്ണിയെ നോക്കി
"നാച്ചപ്പയുടെ ഔട്ട് ഹൌസ് ... ഒന്ന് കുളിക്കണം, എന്നിട്ടു ഓഫീസിൽ പോണം "
പുറകിലിരുന്ന രണ്ടരക്കോടിയുടെ പെട്ടിയിൽ തഴുകി ഉണ്ണി പുഞ്ചിരിച്ചു ,ക്രൂരത നിറഞ്ഞ പുഞ്ചിരി.
(തുടരും)
കുറിപ്പ് :-
1 . വയലൻസ് കൂടുതൽ ആണെന്നറിയാം , പ്രതികാര കഥയാണ് അത് കൊണ്ട് മാത്രം.
2 . ഉണ്ണി വില്ലനാണോ നായകനാണോ എന്നു നിങ്ങൾ വായനക്കാർ തീരുമാനിക്കുക .
3 . നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അഭിപ്രായം അറിയിക്കുക .
ഉത്സവപ്പിറ്റേന്ന് 23
ഉണ്ണി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് ഓടിക്കുമ്പോൾ ഇടതു വശത്തിരുന്ന ജോൺ പുറത്തേക്കു നോക്കികൊണ്ടിരുന്നു .
"ആദ്യം ഹോസ്പിറ്റൽ , പിന്നെ പള്ളി അല്ലെ"
"അതെ, ആദ്യം ഹോസ്പിറ്റൽ, പിന്നെ ഒരു മൂന്നു കിലോമീറ്ററിൽ ഒരു ക്രിസ്ത്യൻ പള്ളി.പിന്നെ അരകിലോമീറ്റർ കഴിഞ്ഞാൽ വലത്തോട്ടൊരു വഴി. "
"ഇതൊക്കെ ശരിയായിരിക്കുമോ"
"ജോണിന് പേടിയുണ്ടോ " വണ്ടി സ്ലോ ചെയ്‌തുകൊണ്ട് ഉണ്ണി അയാളെ നോക്കി.
"ഇല്ല"
"ഹ്മ്മ്"
ഒരു മണിക്കൂറിലേറെയുള്ള ഡ്രൈവിന് ശേഷം ആശുപത്രിയും , പള്ളിയും പിന്നീട് മാപ്പിൽ ഉള്ളത് പോലെ വലത്തോട്ട് ഒരു വഴിയും അവർ കണ്ടു . ടാർ റോഡിൽ നിന്നിറങ്ങി ചെമ്മൺ റോഡിലൂടെ കുറച്ചു ദൂരം പോയശേഷം ഉണ്ണി വണ്ടി നിർത്തി , രണ്ടു തവണ ലൈറ്റ് ഡിമും ബ്രൈറ്റുമാക്കി . ആ സമയം കുറച്ചു ദൂരത്തിനപ്പുറം ഒരു ചെറിയ ഇടവഴിയിൽ നിന്നും ഒരു XUV പുറത്തേക്കിറങ്ങുകയും ഡ്രൈവർ സീറ്റിലിരുന്ന ആൾ ആ പാതയുടെ വലതു വശത്തുള്ള ഇരുന്നൂറു മീറ്ററോളം ഉള്ളിലുള്ള ഒരു വീടിനെ ചൂണ്ടി കാണിച്ചു തന്റെ വലതു കൈയ്യിലെ നാലു വിരലുകൾ ഉയർത്തി കാട്ടി മുന്നോട്ടു ഓടിച്ചു പോവുകയും ചെയ്തു. ഉണ്ണി തങ്ങളുടെ വണ്ടി XUV കിടന്നിരുന്ന ഇടവഴിയിലേക്ക് കയറ്റി നിർത്തി പുറത്തിറങ്ങി . പുറകിലെ സീറ്റിൽ ഇരുന്ന ലാപ്ടോപ്പ് ബാഗിൽ നിന്നും ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റർ എടുത്തു ഇരു കൈകളിലും മുട്ടുമുതൽ കൈപ്പത്തി വരെ ചുറ്റി കെട്ടി. അതിനു ശേഷം കറുത്ത നിറമുള്ള ജാക്കറ്റ് ധരിച്ചു തലയുടെ പുറകിലേക്ക് ഇരുകൈകളും ചേർത്ത് വച്ച് ഇരു വശത്തേക്കും ചരിച്ചു. കുനിഞ്ഞു നിന്ന് ഷൂവിന്റെ വള്ളികൾ ഒരിക്കൽക്കൂടി ഉറപ്പിച്ചു കെട്ടി.
"ജോൺ, ഇപ്പോൾ സമയം അഞ്ചു അമ്പത്തിഅഞ്ചു. കൃത്യം ആറുമണിക്ക് ഈ ലാപ്ടോപ്പ് ബാഗും, ആ പ്ലാസ്റ്റിക് കവറുമായി അങ്ങോട്ട് വന്നേക്കണം. നമുക്ക് മുപ്പതു മിനുട്ടു മാത്രമേ ഉള്ളൂ "
ശബ്ദം ഉണ്ടാക്കാതെ ഡോർ അടച്ചു , അല്പം മാറി തേയില ചെടികൾക്കിടയിൽ ഇരിക്കുന്ന ഒരു വെളുത്ത കവർ ചൂണ്ടിക്കാട്ടി ഉണ്ണി ആ വീട്ടിലേക്കു നടന്നു .
ജോൺ വണ്ടിയുടെ ഇടതു വശത്തു നിന്നും ചാടിയിറങ്ങി , ബാഗ് എടുത്തു തോളിലിട്ട് , വണ്ടി പൂട്ടി, വലതു കയ്യിൽ കവർ തൂക്കിയെടുത്തു , ഇടതു കയ്യിലെ വാച്ചിലേക്ക് നോക്കി നിന്നു. വലിയ സൂചി പന്ത്രണ്ടിലേക്കു എത്തിയപ്പോൾ ശ്വാസം ഒന്ന് വലിച്ചെടുത്തിട്ടു ജോൺ ആ വീട്ടിലേക്കു നടന്നു തുടങ്ങി.
തേയിലച്ചെടികൾ വേലിക്കെട്ടുകൾ തീർത്ത ആ വീടിന്റെ മുറ്റത്തേക്ക് ചെന്ന് കയറുമ്പോൾ ഇരു കൈകൾ കൊണ്ടും, രക്തം ഒഴുകി കൊണ്ടിരിക്കുന്ന കഴുത്തിലേക്ക് കൈകൾ അമർത്തിപ്പിടിച്ചു കമഴ്ന്നു വീഴുന്ന ഒരുവനേയാണ് കണ്ടത് . പുറകെ, കയ്യിലിരുന്ന ചോര ഇറ്റു വീഴുന്ന കത്തി താഴേക്കിട്ടു മുഖത്തൊരു പുഞ്ചിരിയുമായി വീടിന്റെ പടികൾ ഇറങ്ങി വരുന്ന ഉണ്ണിയെയും. ഒന്നോ രണ്ടോ സെക്കന്റുകൾക്കിപ്പുറം വീടിനുള്ളിൽ നിന്നും മൂന്നു പേർ കൂടി വെളിയിലേക്കു വന്നു . ആദ്യം വന്നയാൾ ഉണ്ണിക്കു നേരെ ഉയർന്നു ചാടി വന്നെങ്കിലും, അസാമാന്യ മെയ്‌വഴക്കത്തോടെ അവൻ ഒഴിഞ്ഞു മാറുകയും അയാൾ ആ മുറ്റത്തേക്ക് വീഴുകയും ചെയ്തു. രണ്ടാമൻ ആകട്ടെ വലിയൊരു തടികഷണവുമായാണ് ഉണ്ണിക്ക് നേരെ പാഞ്ഞു വന്നത്. അയാൾ വീശിയ തടിക്കഷണം ഇരുകൈകളും മടക്കി തന്റെ മുഖത്തിന് മുൻപിൽ വച്ച് തടുത്തു , വേഗത്തിൽ അതിനോട് ചേർന്ന് കറങ്ങി , ഉണ്ണി, വലതു കൈമുട്ടുകൊണ്ടു അയാളുടെ കഴുത്തിനു താഴെ ശക്തമായി ഇടിച്ചു . ഒരു നിമിഷം , അതെ പോലെ തന്നെ നിന്ന് അയാൾ താഴേക്ക് തളർന്നു വീണു. ഉണ്ണി, താഴെ വീണ തടിക്കഷണം കയ്യിലേക്കെടുത്തു തനിക്കെതിരെ ഓടിവന്ന നാലാമന്റെ മുഖത്തേക്ക് അടിച്ചു . ജോണിനോട് അകത്തേക്ക് കയറി പോയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് കാണിച്ച ശേഷം , അവൻ , തനിക്കെതിരെ ഉയർന്നു ചാടിവന്നവന് നേരെ തിരിഞ്ഞു.
ജോൺ അകത്തേക്ക് കയറി അടഞ്ഞു കിടന്ന മുറിയുടെ വാതിലിൽ മുട്ടി . അകത്തു നിന്ന് മറുപടി ഒന്നും വരാത്തതിനാൽ ജോൺ വാതിലിൽ ശക്തമായി ചവിട്ടി. കതകു നാല് കഷണമായി തകർന്നു അകത്തേക്ക് വീണപ്പോൾ പേടിയിയോടെ കട്ടിലിൽ ഇരിക്കുന്ന മാമച്ചനെ ജോൺ കണ്ടു . കയ്യെത്തി ലൈറ്റ് ഇട്ടു അടുത്ത് കിടന്ന കസേരയിലേക്ക് ജോൺ ഇരുന്നു .
"മാമച്ചന് എന്നെ മനസ്സിലായോ "
"സുന്ദരം, ജ്ഞാന സുന്ദരം, മാമച്ചൻ യാര് "
മുഖമടച്ച ഒരടിയായിരുന്നു ജോണിന്റെ മറുപടി .
അപ്പോഴേക്കും നാലു പേരെയും അകത്തേക്ക് വലിച്ചിട്ടു ഉണ്ണിയും ആ മുറിയിലേക്ക് കടന്നു വന്നു .
"മാമച്ചൻ അല്ല ജോണേ, അഗസ്റ്റിൻ ജോസഫ്. നിനക്ക് എന്നെ മനസ്സിലായോ "
ഇല്ല എന്ന അർത്ഥത്തിൽ മാമച്ചൻ തലയാട്ടി.
"ഇനി എന്റെ പേര് അറിഞ്ഞിട്ടും വല്യ കാര്യമില്ല, ഒരു കാര്യം അറിയാനാണ് ഞങ്ങൾ വന്നത് , ഇരുപത്തിയെട്ടു വര്ഷങ്ങള്ക്കു മുൻപ് മഹാദേവൻ എന്നൊരാൾ പൂങ്കാവിൽ അമ്പല കുളത്തിൽ മുങ്ങി മരിച്ചിരുന്നു. അതെങ്ങനെ എന്ന് പറഞ്ഞാൽ മതി, ഞങ്ങൾ പെട്ടന്ന് പൊയ്ക്കൊള്ളാം."
"ഏതു മഹാദേവൻ , പൂങ്കാവോ ...എനിക്കറിയില്ല ..."
മാമച്ചൻ പറഞ്ഞു തീരും മുന്പേ , അയാളുടെ മുതുകിൽ വലതുകാൽ വച്ച് , ശബ്ദം അധികം പുറത്തു വരാതിരിക്കാൻ മുഖം ബെഡിലേക്കു ചേർത്ത് അമർത്തി , ഉണ്ണി, ഇരുകൈകളിലും പിടിച്ചു പുറകോട്ടാക്കി തിരിച്ചു .
"പറയാം .. "
വേദന കൊണ്ട് പുളയുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു. കൈകൾ അയാളുടെ ശരീരത്തിൽ നിന്നും വേർപെടുത്തി , ജോണിന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് ബാഗ് മേടിച്ചു , കട്ടിലിന്റെ സൈഡിൽ ഇരുന്നു ഉണ്ണി മാമച്ചനെ നോക്കി.
"അന്ന് , സഹദേവന്റെ കേസിന്റെ കാര്യം അന്വഷിക്കാനായി പണിക്കർ വക്കീലിന്റെ വീട്ടിലേക്കു പോകുമ്പോൾ വഴിയിൽ വച്ച്, കഴുത്തിൽ തോർത്ത് മുറുക്കി..... "
മാമച്ചൻ വാക്കുകൾ ഇടയ്ക്കു വച്ച് നിർത്തി ജോണിനെ നോക്കി .
"എന്നിട്ടു "
ബാഗു വലിച്ചു തുറന്നു ഒരു കെട്ടു പേപ്പർ എടുത്തു കയ്യിൽ വച്ച് , ബാക്കി അറിയുവാൻ ഉണ്ണി തിടുക്കം കൂട്ടി .
"മരിച്ചെന്നു കണ്ടപ്പോൾ, വക്കീലും അനന്തനും പറഞ്ഞിട്ട് ഞാൻ കുളത്തിൽ കൊണ്ടെയിട്ടു "
"ഹ്മ്മ്.. അതേതായാലും നന്നായി. അതിന്റെ കുറ്റം കിട്ടിയത് ദേവിക്കല്ലേ. ഏതായാലും,താൻ ദേ ഈ പേപ്പറിൽ ഒക്കെ ഒപ്പിട്ടേക്കു , ഞങ്ങൾക്ക് അധികം സമയം ഇല്ല "
ഉണ്ണി കയ്യിലിരുന്ന കുറച്ചു സ്റ്റാമ്പ് പേപ്പർ എടുത്തു മാമച്ചന് നേരെ നീട്ടി .
"ഇത് ?"
"നീ ഒപ്പിടുവോ അതോ "
ഉണ്ണി വലതു കാൽ മുട്ട് മടക്കി മാമച്ചന് നേർക്ക് ചെന്നു . അയാൾ പേടിയോടെ ആ പേപ്പറുകളിൽ ഒപ്പിടാൻ ഉണ്ണി നീട്ടിയ പേന കയ്യിലെടുത്തു .
"ആ, അങ്ങനെ.. ഇനി വൃത്തിയായി അഗസ്റ്റിൻ ജോസഫ് എന്ന് ഒപ്പിട്ടോ , ഞാൻ അടുക്കളയിൽ പോയി കയ്യൊന്നു കഴുകി വരാം, മുഴുവൻ ചോരയാ"
ഇരു കൈകളും കുടഞ്ഞു ഉണ്ണി മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിപ്പോയി.
"മാമച്ചന് മനസ്സിലായോ അവനെ "
അയാളുടെ കയ്യിൽ നിന്നും ഒപ്പിട്ട പേപ്പറുകൾ വാങ്ങി ബാഗിലേക്കു വയ്ക്കുന്നതിനിടയിൽ ജോൺ ചോദിച്ചു .
"ഇല്ല "
"അത് രുദ്രൻ മഹാദേവൻ, നീ കൊന്നു കളഞ്ഞ മഹാദേവന്റെ മകൻ "
നനഞ്ഞ കൈ അവിടെ കിടന്ന ഒരു തോർത്തിൽ തുടച്ചു കൊണ്ട് അകത്തേക്ക് വന്ന ഉണ്ണിയെ മാമച്ചൻ ഞെട്ടലോടെ നോക്കി . അവൻ പെട്ടന്ന് തന്നെ, മാമച്ചനെ ബെഡിലേക്കു കമഴ്ത്തിയിട്ട് , തന്റെ കയ്യിലിരുന്ന തോർത്ത് കൊണ്ട് കൈകൾ പുറകോട്ടു കൂട്ടിക്കെട്ടി അയാളുടെ മുതുകത്തു കയറിയിരുന്നു . ജോണിനോട് പുറത്തേക്കു പൊയ്ക്കൊള്ളാൻ മുഖം കൊണ്ട് കാണിച്ചു , ജീൻസിന്റെ പോക്കറ്റിൽ നിന്നും കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കവർ വലിച്ചെടുത്തു മാമച്ചന്റെ തലവഴി കഴുത്തിലേക്ക് ഇറക്കി. ആ കവർ ഒരു തരി വായു പോലും കടക്കാനാവാതെ ഉണ്ണി കൂട്ടി പിടിച്ചതോടെ , ശ്വാസം മുട്ടി അയാൾ തല ഇരുവശത്തേക്കും വെട്ടിക്കാൻ തുടങ്ങി. അൽപ സമയത്തിനുള്ളിൽ ആ കവറിനുള്ളിൽ അയാളുടെ ചൂടുള്ള നിശ്വാസ വായു നിറഞ്ഞു,മുഖം പുറത്തു നിന്നും കാണാൻ സാധിക്കാത്തവിധം മങ്ങിപ്പോയി . രണ്ടു മിനിറ്റിനകം മാമച്ചന്റെ അനക്കം നിന്നു ,അയാൾ ബെഡിലേക്കു മുഖം ചേർത്ത് വീണു .
കയ്യിലെ കെട്ടഴിച്ചു , പൾസ് നോക്കി മുഖത്ത് നിന്നും ഉണ്ണി വേഗത്തിൽ കവർ ഊരിയെടുത്തു . ജോൺ വീണ്ടും അകത്തേക്ക് കയറി നോക്കുമ്പോൾ , ഉമ്മറത്തു വച്ചിരുന്ന വലിയ കവറിൽ നിന്നും എന്തെല്ലാമോ ആ മുറികളിൽ കുടഞ്ഞിട്ടു , അടുക്കളയിൽ നിന്നും കറുത്ത കരിപോലെ എന്തോ വീടിന്റെ മുന്നിലേക്ക് ഒരു ചെറിയ കയറിന്റെ വലുപ്പത്തിൽ ഇട്ടു കൊണ്ട് വരുന്ന ഉണ്ണിയെ ആണ് കണ്ടത്.
"ജോൺ, നിങ്ങൾ വണ്ടിയെടുത്തു മുന്നോട്ടു പൊയ്ക്കോളൂ, പത്തു മിനിട്ടിനു ശേഷം തിരിച്ചു വരണം , എന്നിട്ടു ഇപ്പോൾ നിർത്തയിരിക്കുന്നതിന്റെ കുറെ മുൻപ് നിർത്തണം, ഞാൻ അവിടെ കാണും "
"ഉണ്ണി .. നിന്നെ തനിച്ചാക്കി "
"ഇതുപോലുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാനാണ് എന്നും താത്പര്യം, അപ്പൊൾ ഞാൻ എന്നെ മാത്രം രക്ഷിച്ചാൽ മതിയല്ലോ. പെട്ടന്നാകട്ടെ "
ജോൺ അപ്പോൾ തന്നെ പുറത്തേക്കു നടന്നു , വണ്ടിയുടെ അടുത്തെത്തി ബാഗ് അതിലേക്കിട്ടു ഉണ്ണി പറഞ്ഞപോലെ മുൻപോട്ടു ഓടിച്ചു പോയി. വണ്ടി കണ്ണിൽ നിന്ന് മറഞ്ഞതും , ഉണ്ണി പോക്കറ്റിൽ നിന്നും തീപ്പട്ടി എടുത്തു ആ വീടിന്റെ പടിയിൽ കിടന്നിരുന്ന കരിമരുന്നിലേക്കു തീ പടർന്നു . തീ ഉള്ളിലേക്ക് പോകുന്നത് കണ്ടതും ഉണ്ണി അവിടെ നിന്നും നടന്നു വെളിയിലെ തേയിലത്തോട്ടത്തിനകത്തേക്കു കയറി നിന്നു .ഒരു മിനിറ്റിന്റെ ഇടവേളയ്ക്കു ശേഷം അവൻ പ്രതീക്ഷിച്ച പോലെ വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ ആ വീട്ടിൽ നിന്നും ഒരു തീഗോളം മുകളിലേക്ക് ഉയരുകയും , നാലു വശത്തു നിന്നും തീ പടർന്നു പിടിക്കുകയും ചെയ്തു.
ശബ്ദം കേട്ടു ആൾക്കാർ അങ്ങോട്ട് ഓടി വരുന്നത് കണ്ടു ഉണ്ണി തേയിലച്ചെടികൾക്കിടയിലൂടെ , അല്പം ദൂരെ റോഡിന്റെ അരികിലേക്ക് ആർക്കും പിടികൊടുക്കാതെ നടന്നു . ജോണിന്റെ വണ്ടി അടുത്തെത്തിയതും, ഉണ്ണി തേയില ചെടികൾക്കിടയിൽ നിന്നും പുറത്തേക്കിറങ്ങി വണ്ടിയിൽ കയറി കോ ഡ്രൈവർ സീറ്റ് പുറകോട്ടാക്കി ചാരിക്കിടന്നു.
"എന്നാച് സർ " ഇടയ്ക്കിടയ്ക്ക് സ്ഫോടനത്തോടെ ഒരു വലിയ തീഗോളമായി കത്തിയുയരുന്ന വീടിനു മുൻപിൽ വണ്ടി നിർത്തി ജോൺ അവിടെ ഓടിക്കൂടിയവരോട് ചോദിച്ചു.
"തെരിയാത്"
വണ്ടി കുറച്ചു മുന്നോട്ടു പോയപ്പോൾ സീറ്റ് നിവർത്തി ഉണ്ണി ചാരിയിരുന്നു .
"നീ എന്താ ചെയ്തത് "
"അറിയില്ല, ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചതാ. പിന്നെ കുറച്ചു പന്നി പടക്കം വീട്ടിൽ വച്ചിരുന്നത് കൊണ്ട് അപകടത്തിന്റെ ശക്തി കൂടി. പാവങ്ങൾ, ആരും രക്ഷപെട്ടു കാണില്ല. "
ജാക്കറ്റ് പുറകിലെ സീറ്റിലേക്ക് ഊരിയിട്ട് , ഉണ്ണി , കയ്യിൽ കെട്ടിയിരുന്ന പ്ലാസ്റ്ററിന്റെ കെട്ടഴിക്കാൻ തുടങ്ങി .
"നീ എന്താ ആ പേപ്പറിൽ ഒപ്പിട്ടു വാങ്ങിയത്. "
"ഹാ.. അതോ.. അവന്റെ രണ്ടര കോടിയുടെ മുതൽ , തെക്കൻ കർണാടകയിലെ ഹുൻസൂറിനും മടിക്കേരിക്കും ഇടയിലെ സ്ഥലം, എട്ടു വർഷത്തിന് മുൻപ് ഏതോ ഒരു നാച്ചപ്പക്ക് കൊടുത്തതാണെന്ന്."
"അപ്പൊ ആ പൈസ നീ .. പിന്നെ ഇപ്പൊ ഒപ്പിട്ട ആ പേപ്പർ എങ്ങനെ എട്ടു വര്ഷം .."
"ആ പൈസ ഞാൻ എടുത്താൽ പിന്നെ ഞാനും അവനും തമ്മിൽ എന്ത് വ്യത്യാസം. അത് എത്തേണ്ടിടത്തു എത്തും .. ഈ പേപ്പറിലെ ഒപ്പു, അതിനു വലിയ വില ഒന്നും ഇല്ല , പൈസ കൊടുത്താൽ എന്തും നടക്കുന്ന ഒരു നാടല്ലേ ജോണേ ഇത്. എന്നാലും ചാകും മുൻപ് അവനും ചതി പറ്റി എന്നൊന്ന് അറിയണം, അതിനു വേണ്ടി മാത്രം .. . പിന്നെ ഇന്ന് ചത്തവൻ , മാമ്മച്ചനോ അഗസ്റ്റിൻ ജോസഫോ അല്ല. ഏതോ തമിഴൻ ജ്ഞാന സുന്ദരം ആണ്."
"ഹ്മ്മ് "
"ജോണേ, ഈ പാൻകാർഡ് , ആധാർ കാർഡ് ഒക്കെ എന്തിനാണ് എന്ന് ഇനിയും നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല "
ജോണിന്റെ വണ്ടി മേട്ടുപ്പാളയത്തിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു മുന്നോട്ടു കുറച്ചു ദൂരം ഓടിയപ്പോൾ നേരത്തെ കണ്ട XUV റോഡിന്റെ സൈഡിൽ കിടക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സറിഞ്ഞ പോലെ ജോൺ തന്റെ ഫോർച്ച്യൂണർ അവിടെ നിർത്തുകയും , ഉണ്ണി ലാപ്ടോപ്പ് ബാഗ് എടുത്തു പുറത്തേക്കിറങ്ങുകയും ചെയ്തു.
"ജോണേ , ഞാൻ ബാംഗ്ലൂർ വരെ ഒന്നു പോയിട്ട് വരാം.. ഒരു ഒഫീഷ്യൽ ട്രിപ്പ്. നാളെ വൈകിട്ട് വീട്ടിൽ കാണാം, അപ്പോൾ എല്ലാം പറഞ്ഞപോലെ .. "
ജോണിന് നേരെ കൈവീശി കാണിച്ചു ഉണ്ണി XUV യിലേക്ക് കയറി. ആ കാർ എതിർ ദിശയിലേക്കു പാഞ്ഞു പോയപ്പോൾ , കഴിഞ്ഞ ഒരുമണിക്കൂറിൽ താൻ കണ്ട കാര്യങ്ങൾ ഒരിക്കൽ കൂടി ഒരു സിനിമ പോലെ ജോണിന്റെ മനസ്സിലേക്ക് കടന്നു വന്നു . ഇത്രയും നാൾ കൂടെ നടന്നിട്ടും മനസ്സിലാക്കാൻ സാധിക്കാത്ത ഉണ്ണിയെക്കുറിച്ചു ചിന്തിച്ചു, ഇനി വരാൻ പോകുന്ന കലാശക്കൊട്ടിനു തയ്യാറാകാനായി അയാൾ തന്റെ വണ്ടി പൂങ്കാവിലേക്കു ഓടിച്ചു.
പീയാർ
(തുടരും)
കുറിപ്പ് :- അഭിപ്രായം എഴുതണേ.