Tuesday, December 8, 2020

കടലാഴങ്ങൾ 17

"അതെ , ആദിയേട്ടാ , ഞങ്ങൾ വൈകിട്ട് വീട്ടിൽ വരട്ടെ , കല്യാണ പെണ്ണിനെ ഒന്ന് പരിചയപെടാമല്ലോ "


ദിയ ആണ് വിളിച്ചു പറഞ്ഞത് 


"അതിനു .. കല്യാണപെണ്ണ് നാട്ടിലല്ലേ .. "


ആദി തിരിഞ്ഞു നിന്നു. 


"ഏഹ് .. അത് കൊള്ളാല്ലോ , കല്യാണം കഴിഞ്ഞിട്ട് , പുതുമോടി മാറാതെ തന്നെ ഒറ്റയ്ക്ക് തിരിച്ചു പൊന്നോ.."


"അത് പിന്നെ കല്യാണം കഴിഞ്ഞാൽ പെണ്ണ് ചെറുക്കന്റെ ഒപ്പമല്ലേ നില്കണ്ടത്  , അവള് ഭർത്താവിനൊപ്പം നാട്ടിലാണ് .. "


"അപ്പൊ , ആദിയേട്ടന്റെ കല്യാണം .. "


അഞ്ജലി പാതി വഴിയിൽ ചോദ്യം വിഴുങ്ങി ..


"എൻ്റെ .. ഹാ , അത് അനിയത്തിയുടെ കല്യാണം ആയിരുന്നെടോ . എല്ലാം പെട്ടന്നായിരുന്നെ , അത് കൊണ്ട് നിങ്ങളോടൊന്നും പറയാൻ കഴിഞ്ഞില്ല .. "


അഞ്ജലിയുടെ വിഷാദഭാവവും  , ദിയയുടെയും മൈഥിലിയുടെയും പുഞ്ചിരി മറയുന്നതും കണ്ടു ആദിയുടെ മുഖം വിടർന്നു .


"അല്ല അപ്പൊ .. ശെരിക്കും ആദിയേട്ടന്റെ കല്യാണം കഴിഞ്ഞില്ലാ .. "


"ഞാൻ എന്തിനാ കള്ളം പറയുന്നേ , ദേ നോക്കിയേ , അനിയത്തിയുടെ കല്യാണ ഫോട്ടോ .. "


അവൻ വാട്ട്സ് ആപ്പിൽ പരതി ഗായത്രിയുടെ വിവാഹഫോട്ടോ കാട്ടി കൊടുത്തു . 


"ആ , ഏതായാലും , ഞാൻ കാരണം പള്ളിയിൽ പോക്ക് മുടക്കേണ്ട .. കാര്യങ്ങൾ എല്ലാം മുറപോലെ നടക്കട്ടെ .. ഏഹ് .. "


ഒരിക്കൽ കൂടി , സിംസണെ നോക്കി തലയാട്ടി അവൻ തൻ്റെ ഫ്ലാറ്റിലേക്ക് നടന്നു . 


"ആ എന്നാൽ നീ പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ നോക്കടീ .. "


എന്ത് ചെയ്യണമെന്നറിയായതെ നിന്ന അഞ്ജലിയെ മൈഥിലി  ഫ്ലാറ്റിനു പുറത്തേക്കു ചെറുതായി തള്ളി.


"അതെ , സമയം വൈകി അഞ്ജു , വാ .. "


സിംസൺ ഫ്ലാറ്റിനു തൊട്ടു മുൻപിൽ തന്നെയുള്ള ലിഫ്റ്റ് തുറന്നു കൊണ്ട് ധൃതി കൂട്ടി  .


"സിംസൺ വണ്ടി എടുത്തോളൂ , ഞാൻ ഒന്ന് കൂടി വാഷ് റൂമിൽ പോയിട്ട് വരാം .."


അഞ്ജലി ഫ്ലാറ്റിനകത്തേക്കു നടന്നു , ബെഡ്റൂമിന് മുന്നിലെത്തിയ ശേഷം ദിയയെയും മൈഥിലിയെയും അടുത്തേക്ക് വരാൻ കൈകാട്ടി . 



"ഇനി എന്നാ ചെയ്യുവടീ .. ആദിയേട്ടന്റെ കല്യാണം കഴിഞ്ഞിട്ടുമില്ല , ഈ കുരിശ് തോളില് എടുക്കുവേം ചെയ്തു .. "


"ഇതിപ്പോ , അപ്പൻ പറഞ്ഞിട്ട് അയാളുടെ കൂടെ ഒന്ന് പോണൂ എന്നല്ലേ ഉള്ളൂ  .. "


മൈഥിലി അവളെ സമാധാനിപ്പിച്ചു .


"അങ്ങനെയല്ലല്ലോ  , ആദിയേട്ടൻ വേറെ കല്യാണം കഴിച്ചു എന്നും പറഞ്ഞു , അപ്പന്റെ വിളി വന്നപ്പോൾ ഞാനായിട്ട് കാണാം എന്ന് പറഞ്ഞതല്ലേ .. "


"ഡി മണ്ടി , അത് നല്ലതായില്ലേ , നിനക്ക് അയാളെ ഇഷ്‍ടമായില്ല എന്ന് പറഞ്ഞാൽ അവിടം കൊണ്ട് കാര്യങ്ങൾ എല്ലാം തീർന്നില്ലേ ,  സിംസണെ കണ്ടത് കൊണ്ട് അപ്പനെ ധിക്കരിച്ചു എന്ന് ഇനി പറയത്തുമില്ല "


"മിഥു , എന്നാലും .. "


"ഒരെന്നാലും ഇല്ല , നീ ഇപ്പൊ സിംസണിൻറെ കൂടെ പള്ളിയിൽ പോകാൻ നോക്ക് . ഏതായാലും ഇതൊരു അനുഗ്രഹം  കരുതിയാൽ മതി. നമുക്ക് , വൈകിട്ട് ആദിയേട്ടന്റെ ഫ്ലാറ്റിൽ പോകാം , സംസാരിക്കാം , പുള്ളിക്ക് ഇനി മറിച്ചൊരു ധാരണ ഉണ്ടേൽ മാറ്റുകയും ചെയ്യാം  , എന്തെ .. അല്ലെടി , ദിയെ .. "


"അതെ , അത് തന്നെ , ഇനി നീ സിംസണിന്റെ ഒപ്പം പോയില്ലെങ്കിൽ ആണ് പ്രശ്നം .. "


അഞ്ജലി നിസ്സഹായതയോടെ ഇരുവരെയും നോക്കി , പിന്നെ ഫ്ലാറ്റിൽ നിന്നും പുറത്തേക്കു ഇറങ്ങി നടന്നു 


##############################



"എല്ലാം കൂടി രണ്ടേക്കറോളം ഉണ്ടല്ലേ , തിരുമേനി .. "


"മോൻ മുത്തച്ഛാ  എന്ന് വിളിച്ചാൽ മതി കേട്ടോ ... ആ .. ഈ വീടും പുരയിടവും ഏകദേശം അത്രയും വരും .. "


"ഹ്മ്മ് .. എനിക്കീ പറമ്പോക്കെ ഒന്ന് നടന്നു കണ്ടാൽ കൊള്ളാമെന്നുണ്ട് .. "


"അതിനെന്താ .. ഞാൻ അച്യുതനെ , ഇവിടുത്തെ കാര്യസ്ഥനാ .. അവനെ വിളിക്കാം .. ഇല്ലത്തമ്മേ ..  "


ഏഴുമുറ്റത്തു നാല് കെട്ടിനുള്ളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ജസ്റ്റിനും പരമേശ്വരൻ നമ്പൂതിരിയും . നാട്ടിലെ ആദിയുടെ പേരിലുള്ള പ്രശ്നങ്ങൾ എല്ലാം ചോദിച്ചറിയാൻ എത്തിയതായതായിരുന്നു ജസ്റ്റിൻ . ജസ്റ്റിൻ ആദിയുടെ സുഹൃത്താണ് എന്നറിഞ്ഞതോടെ മുത്തശ്ശനും മുത്തശ്ശിക്കും ആശ്വാസമായി . 


"ഞാൻ വിളിച്ചു കൊണ്ട് വരാം ... "


 ഇല്ലത്തമ്മ എഴുനേറ്റു നാലുകെട്ടിനു വെളിയിലേക്കു നടന്നു 


" അവൾക്കു എപ്പോഴും കണ്ണനെ ഓർത്തു പേടിയാ , എന്ത് ചെയ്യാനാ , സങ്കടം മാത്രമേ അവന് ഇതുവരെ ഉണ്ടായിട്ടുള്ളൂ , അതോർത്തു വിഷമിക്കാൻ ഞങ്ങള് രണ്ടു പേരും .. "



"എല്ലാം ശെരിയാവും മുത്തശ്ശാ .. ഞങ്ങളൊക്കെ ഇല്ലേ .. "


ജസ്റ്റിൻ കസേരയിൽ നിന്നും എഴുനേറ്റു മുത്തശ്ശി യെ നോക്കി , പിന്നെ നടയിൽ അച്യുതൻ എത്തിയപ്പോൾ ഒരിക്കൽ കൂടി നാലുകെട്ട് വീക്ഷിച്ച ശേഷം അയാളുടെ അടുത്തേക്ക് നടന്നു ,  മുത്തശ്ശൻ അവനെ അനുഗമിച്ചു .



"അച്യുതാ , ഇയാളെ പറമ്പോക്കെ ഒന്ന് ചുറ്റിക്കാണിക്കണം  , ഹ്മ്മ് .. ആദിയുടെ കൂട്ടുകാരനാ .. പോലീസാ .. ആ കീചകനെ സസ്‌പെന്റ് ചെയ്തത് ഇയാളാ .. "


അത് കേട്ടതും , അച്യുതൻ മുണ്ടിന്റെ മടക്കിക്കുത്തു അഴിച്ചിട്ടു ഭവ്യതയോടെ ജസ്റ്റിനെ തൊഴുതു .  അയാൾ പുറത്തേക്കിറങ്ങി അഴിച്ചു വച്ചിരുന്ന ഷൂ ധരിച്ചു , ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഗ്ലാസ് എടുത്തു ധരിച്ചു മാധവന്റെ അടുത്തേക്ക് നടന്നു . മാധവനാകട്ടെ ജസ്റ്റിനെ കണ്ടതും അനിഷ്ടത്തോടെ തലയാട്ടി , അവൻ്റെ ചങ്ങലയുടെ ശബ്ധം അവിടെയാകെ മുഴങ്ങി .


"മാധവൻ ..അല്ലെ .. "


"അതെ സാർ .. ആദിയാണ് എന്ന് കരുതിക്കാണും , അല്ലെന്നു കണ്ടപ്പോ "


"ആ.. കുഴപ്പമില്ല , ഇവൻ ആദിയുടെ ചങ്ങാതിയാണ് ല്ലേ .. "


"അതെ , കുട്ടിക്കാലം മുതലേ , ശെരിക്കും പറഞ്ഞാൽ ഒരുമിച്ചു വളർന്നു എന്ന് പറയാം , രണ്ടു പേർക്കും ഏകദേശം ഒരേ പ്രായം ആണ് .. "



"ഹ്മ്മ് .. "


 ജസ്റ്റിൻ ആനയെ മറികടന്നു പറമ്പിലേക്ക് നടന്നു , പുറകെ അച്യുതനും.



"എന്താണ് സാർ , ഇവിടെമെല്ലാം ഇഷ്ടമായോ .. "


"ആ , ഇഷ്ടമായി അച്യുതാ , അല്ല അച്ചുവേട്ടാ .. അങ്ങനെ അല്ലെ ആദി വിളിക്കാറുള്ളത് . "


"അതെ .. ആദികുഞ്ഞു ഒരു പാവമാ സാറെ , എല്ലാവരും ചേർന്ന് ഓരോ പ്രശ്ങ്ങൾ ഉണ്ടാക്കി ആ കുഞ്ഞിന്റെ തലയിൽ ഇട്ടു കൊടുക്കുന്നതാ . "


"ആരാ ഈ എല്ലാരും .. "


"അത് .. "


പറഞ്ഞത് അബദ്ധമായതു പോലെ അച്യുതൻ നാക്കു കടിച്ചു 


"പറയ് അച്ചുവേട്ടാ , നമുക്ക് ഈ പ്രശ്ങ്ങളിൽ നിന്നും അവനെ രക്ഷിക്കേണ്ടേ .. "


"സാറെ , അത് .. അംബരീഷ് സാറാണ് എല്ലാത്തിനും പിന്നിൽ , പിന്നെ കുഞ്ഞിന് മുൻദേഷ്യം കൂടുതൽ ആയതു കൊണ്ട് .. എല്ലാ കുരുക്കിലും അറിയാതെ പോയി ചാടും  , നല്ലതു പറഞ്ഞു കൊടുക്കാനും ആരും ഇല്ലല്ലോ .. പിന്നെ സരോജിനിയുടെ കടേന്ന് സേവയും ."


"ഹ്മ്മ് .. അംബികാമ്മ .. "


"അവരൊരു ദുഷ്ടയാ സാറെ .. മാളവിക തമ്പുരാട്ടി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ലായിരുന്നു .. "


ജസ്റ്റിൻ സംശയത്തോടെ അയാളെ നോക്കി .. 


"അത് .. ആദി കുഞ്ഞിന്റെ അമ്മ .. "


"അവര് എങ്ങനെയാ മരിച്ചത് .. "


"ചുഴലിയായിരുന്നു സാറേ , ദാ ആ കുളത്തില് , വെളുപ്പിനെ കുളിക്കാൻ പോയതാ , പിന്നെ തിരക്കി ചെല്ലുമ്പോൾ .. ചിലര് പറയുന്നത് , കുളത്തിൽ എന്തോ കണ്ടു പേടിച്ചതാന്നാ ."


ജസ്റ്റിൻ കല്ലുകെട്ടി മറച്ച കുളത്തിനടുത്തക്കു ചെന്ന് , കുളപ്പുരയുടെ വാതിൽ തുറന്നു അകത്തേക്ക് നോക്കി .


"അഹിന്ദുക്കൾ കേറിയാൽ പ്രശ്നം വല്ലതും ഉണ്ടാകുമോ അച്ചുവേട്ടാ .. "


"എന്ത് പ്രശ്നം സാറെ , വേണോങ്കിൽ ആ ഷൂ ഒന്നഴിച്ചു വച്ചിട്ട് കേറിക്കോ .. "


ജസ്റ്റിൻ വാതിലിനരുകിൽ ഷൂവും സോക്‌സും അഴിച്ചു വച്ച് കൽപ്പടവുകൾ ഇറങ്ങി  താഴേക്ക് ചെന്നു . മുഖത്തു നിന്നും ഗ്ലാസ് ഊരി ഷർട്ടിന്റെ പോക്കറ്റിൽ വച്ച ശേഷം , ജലത്തിൽ മുങ്ങി കിടക്കുന്ന പടിയിൽ കുനിഞ്ഞു നിന്ന് ഇരു കൈകളിലുമായി വെള്ളം കോരി മുഖത്ത് ഒഴിച്ചു .പിന്നീട് നിവർന്നു നിന്ന് ചുറ്റും നോക്കിയ ശേഷം  അവൻ തിരികെ പടികൾ കയറി  മുകളിലേക്ക് നടന്നു .


"ഇവിടെ അങ്ങനെ ആളുകൾ വരാറില്ലേ .. "


"ചിലപ്പോ ഞങ്ങൾ പണിക്കാർ വരുന്നു കാടെല്ലാം വെട്ടി തെളിക്കും , പായല് വാരിക്കളയും, അല്ലാണ്ട് ആരും വരാറില്ല സാറെ  .. " 


"പക്ഷെ , ആരോ അടുത്ത് ഇവിടെ വന്നത് പോലെ ഉണ്ടല്ലോ  ... "


ജസ്റ്റിൻ സംശയത്തോടെ അച്യുതനെ നോക്കി .


"ആദികുഞ്ഞു വന്നാൽ എന്നും ഇവിടെ വന്നു ഈ പടിയിൽ കിടക്കും , അമ്മ അടുത്തുണ്ട് എന്നാണു പറയുക . ഞങ്ങൾ ആരും ഒറ്റയ്ക്ക് ഇങ്ങോട്ട് വരാറില്ല , പക്ഷെ കുഞ്ഞിന് അങ്ങനെ പേടിയൊന്നുമില്ല , ചെറുപ്പം മുതലേ സങ്കടം വന്നാൽ ഇവിടെ വന്നിരിക്കാരാണ് പതിവ് .."


"അപ്പൊ അവന്റെ അച്ഛൻ .."


"ഡോക്ടർ .. അതൊന്നും പറയാതെ ഇരിക്കുന്നതാ കഷ്ടം  .. "


"ഉം .. ബാ .." 


ജസ്റ്റിൻ  കുളപ്പുരയുടെ വാതിലിനരുകിലെത്തി , പിന്നെ കാലുകൾ തുടച്ചു , സോക്‌സും ഷൂവും ധരിച്ചു പറമ്പിലേക്ക് നടന്നു  


"അന്ന് ആദ്യമായ് ഈ മാളവിക തമ്പുരാട്ടി മരിച്ചു കിടക്കുന്നത് കണ്ടതാരാ .. "


"അത് ... "


അച്യുതൻ ഒരു നിമിഷം ആലോചിച്ചു നിന്നു .


"ജാനകി , അവരിവിടുത്തെ ഇവിടുത്തെ പുറം പണിക്കാരി ആയിരുന്നു സാറെ .. "


"ഹ്മ്മ് .. അച്ചുവേട്ടൻ എങ്ങനാ അറിഞ്ഞത് .. "


"ഞാൻ രാവിലെ എത്തിയപ്പോ .. "


"ഹ്മ്മ് .. എന്നിട്ട് . "


"എന്നിട്ട് എന്താകാനാ സാറെ .. കരക്ക്‌ കയറ്റിയപ്പോഴേ ആള് പോയി , പിന്നെ പോലീസ് വന്നു , തിരുമേനി അവിടേം ഇവിടേം എല്ലാം വിളിച്ചു പറഞ്ഞത് കൊണ്ട് , പെട്ടന്ന് കാര്യങ്ങൾ എല്ലാം നടത്തി , പിന്നെ അന്ന് ഈ അംബരീഷ് ഉണ്ടായിരിന്നു  ..ക്ഷമിക്കണം , അംബരീഷ് സാർ  ഉണ്ടായിരുന്നു എല്ലാത്തിനും ആളായിട്ടു , അന്ന് പോലീസിൽ കേറിയ സമയമാ "


"ആ , അല്ല അംബരീഷ് .. അയാൾക്ക്‌ ഇത് മായി .. "



"അതീ സാറേ , അംബിക , അംബരീഷ് , ഇവരുടെ അച്ഛൻ തിരുമേനിയുടെ കടയിൽ എടുത്തു കൊടുക്കാന് നിൽക്കുന്ന ആളായിരുന്നു .. അങ്ങനെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു .. "


"ഹ്മ്മ് ... "


പറമ്പിൽ മുഴുവൻ ചുറ്റിക്കണ്ടു ജസ്റ്റിൻ തിരികെ വരുമ്പോഴേക്കും അച്യുതനുമായി നല്ലൊരു ആത്മബന്ധം അവൻ ഉണ്ടാക്കി കഴിഞ്ഞിരുന്നു .


"അപ്പൊ ശെരി അച്ചുവേട്ടാ . മുത്തശ്ശാ ,മുത്തശ്ശി , ഞാൻ അങ്ങോട്ട് .. "


"ശെരി മോനെ .. "


"ആദി ഇവിടെ തന്നെ ഉണ്ടെന്നു കൂട്ടിക്കോ , ഇനി രണ്ടു പേരും വിഷമിക്കേണ്ട കേട്ടോ .. "


കാറിലേക്ക് കേറിയിരുന്നു ജസ്റ്റിൻ പറഞ്ഞു . 


"നല്ല കുട്ടി , ആദിമോന് ഇത് പോലെയുള്ള കൂട്ടുകാരും ഉണ്ടല്ലേ .. "


അച്യുതൻ പറഞ്ഞു തിരഞ്ഞു നോക്കിയത് തിരുമേനിയുടെ മുഖത്തേക്കാണ് .


"അതേടോ അച്യുതാ , ഇതു പോലെ കുറച്ചു പേരുണ്ട് , നമ്മൾ അറിയാൻ വൈകി എന്ന് മാത്രം .. "


തിരുമേനി അത്രയും പറഞ്ഞു തിരികെ പടികടന്നു നാലുകെട്ടിനുള്ളിലേക്കു നടക്കുമ്പോൾ കുറച്ചു നാളുകൾക്കു ശേഷം ആ മനസ്സു ശാന്തമായിരുന്നു 

#######################################################

അധികം താമസിക്കാതെ അഞ്ജലി പള്ളിയിൽ നിന്ന് തിരിച്ചെത്തിയിരുന്നു . അപ്പോഴേക്കും ആദി കിഷോറിനൊപ്പം പുറത്തേക്കു പോയിരുന്നു .


ഉച്ച ഭക്ഷണത്തിനു ശേഷം കൂട്ടുകാരികൾക്കൊപ്പം ബെഡിൽ കിടക്കുകയായിരുന്നു അഞ്ജലി . സിംസണിനോടൊപ്പം പള്ളിയിൽ പോയതും , തനിക്ക് ഇഷ്ടമായില്ല എന്നും വീട്ടിലേക്കു വിളിച്ചു പറഞ്ഞ ശേഷം തന്റെ കൂട്ടുകാരികളെ നോക്കിയവൾ നെടുവീർപ്പിട്ടു ..


"ഹോ , ഒരു കണക്കിന് ഇപ്പോഴാ സംഭവം ഒന്ന് കലങ്ങി തെളിഞ്ഞത് .. "


"ആ , കലങ്ങി എന്നത് ശെരിയായ , പക്ഷെ തെളിഞ്ഞു  എന്ന് പറയാൻ പറ്റില്ല .."


"അതെന്നാ മിഥൂ .."


അഞ്ജലി സംശയത്തോടെ മൈഥിലിയെ നോക്കി . 


"പെണ്ണെ , ഇതുവരെ ആദിയേട്ടൻ ഒരു ഗ്രീൻ സിഗ്നലും തന്നിട്ടില്ലല്ലോ , എല്ലാം നമ്മൾ ആലോചിച്ചു കൂട്ടിയതല്ലേ .. "


"എൻ്റെ  മിഥൂ  , ഇതിപ്പോ നീ ഇവൾക്ക് ധൈര്യം കൊടുക്കുവാന്നോ അതോ .. "


ദിയ അവരുടെ ഇടയിൽ കയറി .


"അഞ്ജു ,നീ മിഥു പറയുന്നതൊന്നും കാര്യമാക്കണ്ട , വൈകിട്ട് പുള്ളി വന്നോട്ടെ , നമുക്ക്  റൂമിൽ ഇടിച്ചു കയറാം  , എന്നിട്ട് ഇവളുടെ മനസ്സിലിരിപ്പിനെ പറ്റി ചെറിയ സൂചന നൽകാം , ചർച്ച ഏതു വഴിക്കു പോകുമെന്ന് നോക്കാമല്ലോ . "


"അഞ്ജു , എൻ്റെ അഭിപ്രായത്തിൽ സൂചന ഒന്നും വേണ്ട , ഉള്ള കാര്യം തുറന്ന് പറയണം , പറയാതെ കാത്തിരുന്നു കാത്തിരുന്നു അവസാനം കയ്യീന്നു പോകരുത് "


"ഹ്മ്മ് .. നോക്കാം , " 

ആദിയുടെ ഫ്ലാറ്റിൽ നിന്നും ഉയർന്ന സംഗീതം കേട്ടാണ് അഞ്ജലി ഉറക്കമുണർന്നത് ,അവധിയുടെ ആലസ്യത്തിൽ ഉറങ്ങിപ്പോയിരുന്നു അവർ മൂവരും .തൻ്റെ ഇരുവശവും കിടന്നു ഉറങ്ങുന്ന കൂട്ടുകാരികളെ ഉണർത്താതെ അവൾ ബെഡിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു .


"നീ ഇങ്ങനെ ചായ ഉണ്ടാക്കി നില്കാതെ , പോയി റെഡിയാക് , നമുക്ക് ചെക്കൻ കാണാൻ പോകണ്ടേ .."


അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്ന അഞ്ജലിയുടെ പുറകിൽ കൂട്ടുകാരികൾ എത്തി . അവൾ ചെറു പുഞ്ചിരിയോടെ ചായ കപ്പുകളിലാക്കി മൈഥിലിക്കും ദിയക്കും നീട്ടി . 


"പോകാടി  പെണ്ണുങ്ങളെ , അവിടെ നിന്ന് പാട്ടൊക്കെ കേള്കുന്നുണ്ട് , ഇനി വല്ല പാർട്ടിയുമാണോ ആവോ .."


"ആ , എങ്കിൽ പൊളിക്കും , നീ പോയി റെഡി ആയിക്കെ , ഒറ്റ നോട്ടത്തിൽ ആദിയേട്ടൻ വീഴണം .. "


മൈഥിലി അഞ്ജലിയെ ബെഡ്റൂമിലേക്ക് തള്ളി വിട്ടു .


ഒരു മണിക്കൂറിനു ശേഷം മൂന്നു പേരും തയ്യാറായി ആദിയുടെ ഫ്ലാറ്റിലേക്ക് നടന്നു . തുറന്നു കിടക്കുന്ന ഗ്രിൽ കടന്നു  , പകുതി അടച്ച വാതിൽ തള്ളി മാറ്റി അധികാരത്തോടെ അകത്തേക്ക് കയറിയ അഞ്ജലിയും കൂട്ടുകാരികളും അകത്തെ കാഴ്ചകണ്ടു ഒരു നിമിഷം ആശ്ചര്യപ്പെട്ടു നിന്നു .


ആദിയോട് ചേർന്നിരിക്കുന്ന ഒരു പെൺകുട്ടി , അവളുടെ തോളിലൂടെ അവൻ തൻ്റെ വലതു കൈ ചേർത്ത്  പിടിച്ചിരിക്കുന്നു. അവൾ മുഖം കുനിച്ചു അവൻ്റെ  മറുകയ്യിൽ ഉള്ള ഫോണിലെ ഫോട്ടോകൾ നോക്കുകയാണ് . ഇടയ്ക്കു എന്തോ പറഞ്ഞു ആദിയുടെ വയറ്റിൽ തൻ്റെ കൈ മുട്ട് കൊണ്ട് കുത്തി ചിരിക്കുന്നുമുണ്ട് . അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിയാൽ മുഖം മറഞ്ഞിരുന്നു .  മുന്നിലെ ടീപ്പോയിൽ പകുതി തീർന്ന ബിയർ കുപ്പികൾ . 


"ആദിയേട്ട .. "


അഞ്ജലിയുടെ ശബ്ദം മുഴുവനായി പുറത്തേക്കു വന്നിരുന്നില്ല 


മുന്നിൽ അഞ്ജലിയെയും കൂട്ടുകാരെയും കണ്ടു  ആദി പെട്ടന്ന് തന്നെ ആ പെൺകുട്ടിയെ വിട്ടു നേരെ ഇരുന്നു .


"ഹാ .. പെട്ടന്ന് .. വാ .. ഇരിക്ക് .. "


ആരോ ഫ്ലാറ്റിലേക്ക് കയറി വന്നതും ആദിയുടെ പരിഭ്രമവും കണ്ട അവനോടു ചേർന്നിരുന്ന പെൺകുട്ടി മുഖമുയർത്തി നോക്കി . അവളെ കണ്ടതും അഞ്ജലിയുടെയും കൂട്ടുകാരികളുടെയും മുഖത്തെ പരിഭ്രമം കൂടി . 


(തുടരും) 


 




No comments:

Post a Comment