ഉണ്ണി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് ഓടിക്കുമ്പോൾ ഇടതു വശത്തിരുന്ന ജോൺ പുറത്തേക്കു നോക്കികൊണ്ടിരുന്നു .
"ആദ്യം ഹോസ്പിറ്റൽ , പിന്നെ പള്ളി അല്ലെ"
"അതെ, ആദ്യം ഹോസ്പിറ്റൽ, പിന്നെ ഒരു മൂന്നു കിലോമീറ്ററിൽ ഒരു ക്രിസ്ത്യൻ പള്ളി.പിന്നെ അരകിലോമീറ്റർ കഴിഞ്ഞാൽ വലത്തോട്ടൊരു വഴി. "
"ഇതൊക്കെ ശരിയായിരിക്കുമോ"
"ജോണിന് പേടിയുണ്ടോ " വണ്ടി സ്ലോ ചെയ്‌തുകൊണ്ട് ഉണ്ണി അയാളെ നോക്കി.
"ഇല്ല"
"ഹ്മ്മ്"
ഒരു മണിക്കൂറിലേറെയുള്ള ഡ്രൈവിന് ശേഷം ആശുപത്രിയും , പള്ളിയും പിന്നീട് മാപ്പിൽ ഉള്ളത് പോലെ വലത്തോട്ട് ഒരു വഴിയും അവർ കണ്ടു . ടാർ റോഡിൽ നിന്നിറങ്ങി ചെമ്മൺ റോഡിലൂടെ കുറച്ചു ദൂരം പോയശേഷം ഉണ്ണി വണ്ടി നിർത്തി , രണ്ടു തവണ ലൈറ്റ് ഡിമും ബ്രൈറ്റുമാക്കി . ആ സമയം കുറച്ചു ദൂരത്തിനപ്പുറം ഒരു ചെറിയ ഇടവഴിയിൽ നിന്നും ഒരു XUV പുറത്തേക്കിറങ്ങുകയും ഡ്രൈവർ സീറ്റിലിരുന്ന ആൾ ആ പാതയുടെ വലതു വശത്തുള്ള ഇരുന്നൂറു മീറ്ററോളം ഉള്ളിലുള്ള ഒരു വീടിനെ ചൂണ്ടി കാണിച്ചു തന്റെ വലതു കൈയ്യിലെ നാലു വിരലുകൾ ഉയർത്തി കാട്ടി മുന്നോട്ടു ഓടിച്ചു പോവുകയും ചെയ്തു. ഉണ്ണി തങ്ങളുടെ വണ്ടി XUV കിടന്നിരുന്ന ഇടവഴിയിലേക്ക് കയറ്റി നിർത്തി പുറത്തിറങ്ങി . പുറകിലെ സീറ്റിൽ ഇരുന്ന ലാപ്ടോപ്പ് ബാഗിൽ നിന്നും ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റർ എടുത്തു ഇരു കൈകളിലും മുട്ടുമുതൽ കൈപ്പത്തി വരെ ചുറ്റി കെട്ടി. അതിനു ശേഷം കറുത്ത നിറമുള്ള ജാക്കറ്റ് ധരിച്ചു തലയുടെ പുറകിലേക്ക് ഇരുകൈകളും ചേർത്ത് വച്ച് ഇരു വശത്തേക്കും ചരിച്ചു. കുനിഞ്ഞു നിന്ന് ഷൂവിന്റെ വള്ളികൾ ഒരിക്കൽക്കൂടി ഉറപ്പിച്ചു കെട്ടി.
"ജോൺ, ഇപ്പോൾ സമയം അഞ്ചു അമ്പത്തിഅഞ്ചു. കൃത്യം ആറുമണിക്ക് ഈ ലാപ്ടോപ്പ് ബാഗും, ആ പ്ലാസ്റ്റിക് കവറുമായി അങ്ങോട്ട് വന്നേക്കണം. നമുക്ക് മുപ്പതു മിനുട്ടു മാത്രമേ ഉള്ളൂ "
ശബ്ദം ഉണ്ടാക്കാതെ ഡോർ അടച്ചു , അല്പം മാറി തേയില ചെടികൾക്കിടയിൽ ഇരിക്കുന്ന ഒരു വെളുത്ത കവർ ചൂണ്ടിക്കാട്ടി ഉണ്ണി ആ വീട്ടിലേക്കു നടന്നു .
ജോൺ വണ്ടിയുടെ ഇടതു വശത്തു നിന്നും ചാടിയിറങ്ങി , ബാഗ് എടുത്തു തോളിലിട്ട് , വണ്ടി പൂട്ടി, വലതു കയ്യിൽ കവർ തൂക്കിയെടുത്തു , ഇടതു കയ്യിലെ വാച്ചിലേക്ക് നോക്കി നിന്നു. വലിയ സൂചി പന്ത്രണ്ടിലേക്കു എത്തിയപ്പോൾ ശ്വാസം ഒന്ന് വലിച്ചെടുത്തിട്ടു ജോൺ ആ വീട്ടിലേക്കു നടന്നു തുടങ്ങി.
തേയിലച്ചെടികൾ വേലിക്കെട്ടുകൾ തീർത്ത ആ വീടിന്റെ മുറ്റത്തേക്ക് ചെന്ന് കയറുമ്പോൾ ഇരു കൈകൾ കൊണ്ടും, രക്തം ഒഴുകി കൊണ്ടിരിക്കുന്ന കഴുത്തിലേക്ക് കൈകൾ അമർത്തിപ്പിടിച്ചു കമഴ്ന്നു വീഴുന്ന ഒരുവനേയാണ് കണ്ടത് . പുറകെ, കയ്യിലിരുന്ന ചോര ഇറ്റു വീഴുന്ന കത്തി താഴേക്കിട്ടു മുഖത്തൊരു പുഞ്ചിരിയുമായി വീടിന്റെ പടികൾ ഇറങ്ങി വരുന്ന ഉണ്ണിയെയും. ഒന്നോ രണ്ടോ സെക്കന്റുകൾക്കിപ്പുറം വീടിനുള്ളിൽ നിന്നും മൂന്നു പേർ കൂടി വെളിയിലേക്കു വന്നു . ആദ്യം വന്നയാൾ ഉണ്ണിക്കു നേരെ ഉയർന്നു ചാടി വന്നെങ്കിലും, അസാമാന്യ മെയ്‌വഴക്കത്തോടെ അവൻ ഒഴിഞ്ഞു മാറുകയും അയാൾ ആ മുറ്റത്തേക്ക് വീഴുകയും ചെയ്തു. രണ്ടാമൻ ആകട്ടെ വലിയൊരു തടികഷണവുമായാണ് ഉണ്ണിക്ക് നേരെ പാഞ്ഞു വന്നത്. അയാൾ വീശിയ തടിക്കഷണം ഇരുകൈകളും മടക്കി തന്റെ മുഖത്തിന് മുൻപിൽ വച്ച് തടുത്തു , വേഗത്തിൽ അതിനോട് ചേർന്ന് കറങ്ങി , ഉണ്ണി, വലതു കൈമുട്ടുകൊണ്ടു അയാളുടെ കഴുത്തിനു താഴെ ശക്തമായി ഇടിച്ചു . ഒരു നിമിഷം , അതെ പോലെ തന്നെ നിന്ന് അയാൾ താഴേക്ക് തളർന്നു വീണു. ഉണ്ണി, താഴെ വീണ തടിക്കഷണം കയ്യിലേക്കെടുത്തു തനിക്കെതിരെ ഓടിവന്ന നാലാമന്റെ മുഖത്തേക്ക് അടിച്ചു . ജോണിനോട് അകത്തേക്ക് കയറി പോയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് കാണിച്ച ശേഷം , അവൻ , തനിക്കെതിരെ ഉയർന്നു ചാടിവന്നവന് നേരെ തിരിഞ്ഞു.
ജോൺ അകത്തേക്ക് കയറി അടഞ്ഞു കിടന്ന മുറിയുടെ വാതിലിൽ മുട്ടി . അകത്തു നിന്ന് മറുപടി ഒന്നും വരാത്തതിനാൽ ജോൺ വാതിലിൽ ശക്തമായി ചവിട്ടി. കതകു നാല് കഷണമായി തകർന്നു അകത്തേക്ക് വീണപ്പോൾ പേടിയിയോടെ കട്ടിലിൽ ഇരിക്കുന്ന മാമച്ചനെ ജോൺ കണ്ടു . കയ്യെത്തി ലൈറ്റ് ഇട്ടു അടുത്ത് കിടന്ന കസേരയിലേക്ക് ജോൺ ഇരുന്നു .
"മാമച്ചന് എന്നെ മനസ്സിലായോ "
"സുന്ദരം, ജ്ഞാന സുന്ദരം, മാമച്ചൻ യാര് "
മുഖമടച്ച ഒരടിയായിരുന്നു ജോണിന്റെ മറുപടി .
അപ്പോഴേക്കും നാലു പേരെയും അകത്തേക്ക് വലിച്ചിട്ടു ഉണ്ണിയും ആ മുറിയിലേക്ക് കടന്നു വന്നു .
"മാമച്ചൻ അല്ല ജോണേ, അഗസ്റ്റിൻ ജോസഫ്. നിനക്ക് എന്നെ മനസ്സിലായോ "
ഇല്ല എന്ന അർത്ഥത്തിൽ മാമച്ചൻ തലയാട്ടി.
"ഇനി എന്റെ പേര് അറിഞ്ഞിട്ടും വല്യ കാര്യമില്ല, ഒരു കാര്യം അറിയാനാണ് ഞങ്ങൾ വന്നത് , ഇരുപത്തിയെട്ടു വര്ഷങ്ങള്ക്കു മുൻപ് മഹാദേവൻ എന്നൊരാൾ പൂങ്കാവിൽ അമ്പല കുളത്തിൽ മുങ്ങി മരിച്ചിരുന്നു. അതെങ്ങനെ എന്ന് പറഞ്ഞാൽ മതി, ഞങ്ങൾ പെട്ടന്ന് പൊയ്ക്കൊള്ളാം."
"ഏതു മഹാദേവൻ , പൂങ്കാവോ ...എനിക്കറിയില്ല ..."
മാമച്ചൻ പറഞ്ഞു തീരും മുന്പേ , അയാളുടെ മുതുകിൽ വലതുകാൽ വച്ച് , ശബ്ദം അധികം പുറത്തു വരാതിരിക്കാൻ മുഖം ബെഡിലേക്കു ചേർത്ത് അമർത്തി , ഉണ്ണി, ഇരുകൈകളിലും പിടിച്ചു പുറകോട്ടാക്കി തിരിച്ചു .
"പറയാം .. "
വേദന കൊണ്ട് പുളയുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു. കൈകൾ അയാളുടെ ശരീരത്തിൽ നിന്നും വേർപെടുത്തി , ജോണിന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് ബാഗ് മേടിച്ചു , കട്ടിലിന്റെ സൈഡിൽ ഇരുന്നു ഉണ്ണി മാമച്ചനെ നോക്കി.
"അന്ന് , സഹദേവന്റെ കേസിന്റെ കാര്യം അന്വഷിക്കാനായി പണിക്കർ വക്കീലിന്റെ വീട്ടിലേക്കു പോകുമ്പോൾ വഴിയിൽ വച്ച്, കഴുത്തിൽ തോർത്ത് മുറുക്കി..... "
മാമച്ചൻ വാക്കുകൾ ഇടയ്ക്കു വച്ച് നിർത്തി ജോണിനെ നോക്കി .
"എന്നിട്ടു "
ബാഗു വലിച്ചു തുറന്നു ഒരു കെട്ടു പേപ്പർ എടുത്തു കയ്യിൽ വച്ച് , ബാക്കി അറിയുവാൻ ഉണ്ണി തിടുക്കം കൂട്ടി .
"മരിച്ചെന്നു കണ്ടപ്പോൾ, വക്കീലും അനന്തനും പറഞ്ഞിട്ട് ഞാൻ കുളത്തിൽ കൊണ്ടെയിട്ടു "
"ഹ്മ്മ്.. അതേതായാലും നന്നായി. അതിന്റെ കുറ്റം കിട്ടിയത് ദേവിക്കല്ലേ. ഏതായാലും,താൻ ദേ ഈ പേപ്പറിൽ ഒക്കെ ഒപ്പിട്ടേക്കു , ഞങ്ങൾക്ക് അധികം സമയം ഇല്ല "
ഉണ്ണി കയ്യിലിരുന്ന കുറച്ചു സ്റ്റാമ്പ് പേപ്പർ എടുത്തു മാമച്ചന് നേരെ നീട്ടി .
"ഇത് ?"
"നീ ഒപ്പിടുവോ അതോ "
ഉണ്ണി വലതു കാൽ മുട്ട് മടക്കി മാമച്ചന് നേർക്ക് ചെന്നു . അയാൾ പേടിയോടെ ആ പേപ്പറുകളിൽ ഒപ്പിടാൻ ഉണ്ണി നീട്ടിയ പേന കയ്യിലെടുത്തു .
"ആ, അങ്ങനെ.. ഇനി വൃത്തിയായി അഗസ്റ്റിൻ ജോസഫ് എന്ന് ഒപ്പിട്ടോ , ഞാൻ അടുക്കളയിൽ പോയി കയ്യൊന്നു കഴുകി വരാം, മുഴുവൻ ചോരയാ"
ഇരു കൈകളും കുടഞ്ഞു ഉണ്ണി മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിപ്പോയി.
"മാമച്ചന് മനസ്സിലായോ അവനെ "
അയാളുടെ കയ്യിൽ നിന്നും ഒപ്പിട്ട പേപ്പറുകൾ വാങ്ങി ബാഗിലേക്കു വയ്ക്കുന്നതിനിടയിൽ ജോൺ ചോദിച്ചു .
"ഇല്ല "
"അത് രുദ്രൻ മഹാദേവൻ, നീ കൊന്നു കളഞ്ഞ മഹാദേവന്റെ മകൻ "
നനഞ്ഞ കൈ അവിടെ കിടന്ന ഒരു തോർത്തിൽ തുടച്ചു കൊണ്ട് അകത്തേക്ക് വന്ന ഉണ്ണിയെ മാമച്ചൻ ഞെട്ടലോടെ നോക്കി . അവൻ പെട്ടന്ന് തന്നെ, മാമച്ചനെ ബെഡിലേക്കു കമഴ്ത്തിയിട്ട് , തന്റെ കയ്യിലിരുന്ന തോർത്ത് കൊണ്ട് കൈകൾ പുറകോട്ടു കൂട്ടിക്കെട്ടി അയാളുടെ മുതുകത്തു കയറിയിരുന്നു . ജോണിനോട് പുറത്തേക്കു പൊയ്ക്കൊള്ളാൻ മുഖം കൊണ്ട് കാണിച്ചു , ജീൻസിന്റെ പോക്കറ്റിൽ നിന്നും കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കവർ വലിച്ചെടുത്തു മാമച്ചന്റെ തലവഴി കഴുത്തിലേക്ക് ഇറക്കി. ആ കവർ ഒരു തരി വായു പോലും കടക്കാനാവാതെ ഉണ്ണി കൂട്ടി പിടിച്ചതോടെ , ശ്വാസം മുട്ടി അയാൾ തല ഇരുവശത്തേക്കും വെട്ടിക്കാൻ തുടങ്ങി. അൽപ സമയത്തിനുള്ളിൽ ആ കവറിനുള്ളിൽ അയാളുടെ ചൂടുള്ള നിശ്വാസ വായു നിറഞ്ഞു,മുഖം പുറത്തു നിന്നും കാണാൻ സാധിക്കാത്തവിധം മങ്ങിപ്പോയി . രണ്ടു മിനിറ്റിനകം മാമച്ചന്റെ അനക്കം നിന്നു ,അയാൾ ബെഡിലേക്കു മുഖം ചേർത്ത് വീണു .
കയ്യിലെ കെട്ടഴിച്ചു , പൾസ് നോക്കി മുഖത്ത് നിന്നും ഉണ്ണി വേഗത്തിൽ കവർ ഊരിയെടുത്തു . ജോൺ വീണ്ടും അകത്തേക്ക് കയറി നോക്കുമ്പോൾ , ഉമ്മറത്തു വച്ചിരുന്ന വലിയ കവറിൽ നിന്നും എന്തെല്ലാമോ ആ മുറികളിൽ കുടഞ്ഞിട്ടു , അടുക്കളയിൽ നിന്നും കറുത്ത കരിപോലെ എന്തോ വീടിന്റെ മുന്നിലേക്ക് ഒരു ചെറിയ കയറിന്റെ വലുപ്പത്തിൽ ഇട്ടു കൊണ്ട് വരുന്ന ഉണ്ണിയെ ആണ് കണ്ടത്.
"ജോൺ, നിങ്ങൾ വണ്ടിയെടുത്തു മുന്നോട്ടു പൊയ്ക്കോളൂ, പത്തു മിനിട്ടിനു ശേഷം തിരിച്ചു വരണം , എന്നിട്ടു ഇപ്പോൾ നിർത്തയിരിക്കുന്നതിന്റെ കുറെ മുൻപ് നിർത്തണം, ഞാൻ അവിടെ കാണും "
"ഉണ്ണി .. നിന്നെ തനിച്ചാക്കി "
"ഇതുപോലുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാനാണ് എന്നും താത്പര്യം, അപ്പൊൾ ഞാൻ എന്നെ മാത്രം രക്ഷിച്ചാൽ മതിയല്ലോ. പെട്ടന്നാകട്ടെ "
ജോൺ അപ്പോൾ തന്നെ പുറത്തേക്കു നടന്നു , വണ്ടിയുടെ അടുത്തെത്തി ബാഗ് അതിലേക്കിട്ടു ഉണ്ണി പറഞ്ഞപോലെ മുൻപോട്ടു ഓടിച്ചു പോയി. വണ്ടി കണ്ണിൽ നിന്ന് മറഞ്ഞതും , ഉണ്ണി പോക്കറ്റിൽ നിന്നും തീപ്പട്ടി എടുത്തു ആ വീടിന്റെ പടിയിൽ കിടന്നിരുന്ന കരിമരുന്നിലേക്കു തീ പടർന്നു . തീ ഉള്ളിലേക്ക് പോകുന്നത് കണ്ടതും ഉണ്ണി അവിടെ നിന്നും നടന്നു വെളിയിലെ തേയിലത്തോട്ടത്തിനകത്തേക്കു കയറി നിന്നു .ഒരു മിനിറ്റിന്റെ ഇടവേളയ്ക്കു ശേഷം അവൻ പ്രതീക്ഷിച്ച പോലെ വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ ആ വീട്ടിൽ നിന്നും ഒരു തീഗോളം മുകളിലേക്ക് ഉയരുകയും , നാലു വശത്തു നിന്നും തീ പടർന്നു പിടിക്കുകയും ചെയ്തു.
ശബ്ദം കേട്ടു ആൾക്കാർ അങ്ങോട്ട് ഓടി വരുന്നത് കണ്ടു ഉണ്ണി തേയിലച്ചെടികൾക്കിടയിലൂടെ , അല്പം ദൂരെ റോഡിന്റെ അരികിലേക്ക് ആർക്കും പിടികൊടുക്കാതെ നടന്നു . ജോണിന്റെ വണ്ടി അടുത്തെത്തിയതും, ഉണ്ണി തേയില ചെടികൾക്കിടയിൽ നിന്നും പുറത്തേക്കിറങ്ങി വണ്ടിയിൽ കയറി കോ ഡ്രൈവർ സീറ്റ് പുറകോട്ടാക്കി ചാരിക്കിടന്നു.
"എന്നാച് സർ " ഇടയ്ക്കിടയ്ക്ക് സ്ഫോടനത്തോടെ ഒരു വലിയ തീഗോളമായി കത്തിയുയരുന്ന വീടിനു മുൻപിൽ വണ്ടി നിർത്തി ജോൺ അവിടെ ഓടിക്കൂടിയവരോട് ചോദിച്ചു.
"തെരിയാത്"
വണ്ടി കുറച്ചു മുന്നോട്ടു പോയപ്പോൾ സീറ്റ് നിവർത്തി ഉണ്ണി ചാരിയിരുന്നു .
"നീ എന്താ ചെയ്തത് "
"അറിയില്ല, ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചതാ. പിന്നെ കുറച്ചു പന്നി പടക്കം വീട്ടിൽ വച്ചിരുന്നത് കൊണ്ട് അപകടത്തിന്റെ ശക്തി കൂടി. പാവങ്ങൾ, ആരും രക്ഷപെട്ടു കാണില്ല. "
ജാക്കറ്റ് പുറകിലെ സീറ്റിലേക്ക് ഊരിയിട്ട് , ഉണ്ണി , കയ്യിൽ കെട്ടിയിരുന്ന പ്ലാസ്റ്ററിന്റെ കെട്ടഴിക്കാൻ തുടങ്ങി .
"നീ എന്താ ആ പേപ്പറിൽ ഒപ്പിട്ടു വാങ്ങിയത്. "
"ഹാ.. അതോ.. അവന്റെ രണ്ടര കോടിയുടെ മുതൽ , തെക്കൻ കർണാടകയിലെ ഹുൻസൂറിനും മടിക്കേരിക്കും ഇടയിലെ സ്ഥലം, എട്ടു വർഷത്തിന് മുൻപ് ഏതോ ഒരു നാച്ചപ്പക്ക് കൊടുത്തതാണെന്ന്."
"അപ്പൊ ആ പൈസ നീ .. പിന്നെ ഇപ്പൊ ഒപ്പിട്ട ആ പേപ്പർ എങ്ങനെ എട്ടു വര്ഷം .."
"ആ പൈസ ഞാൻ എടുത്താൽ പിന്നെ ഞാനും അവനും തമ്മിൽ എന്ത് വ്യത്യാസം. അത് എത്തേണ്ടിടത്തു എത്തും .. ഈ പേപ്പറിലെ ഒപ്പു, അതിനു വലിയ വില ഒന്നും ഇല്ല , പൈസ കൊടുത്താൽ എന്തും നടക്കുന്ന ഒരു നാടല്ലേ ജോണേ ഇത്. എന്നാലും ചാകും മുൻപ് അവനും ചതി പറ്റി എന്നൊന്ന് അറിയണം, അതിനു വേണ്ടി മാത്രം .. . പിന്നെ ഇന്ന് ചത്തവൻ , മാമ്മച്ചനോ അഗസ്റ്റിൻ ജോസഫോ അല്ല. ഏതോ തമിഴൻ ജ്ഞാന സുന്ദരം ആണ്."
"ഹ്മ്മ് "
"ജോണേ, ഈ പാൻകാർഡ് , ആധാർ കാർഡ് ഒക്കെ എന്തിനാണ് എന്ന് ഇനിയും നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല "
ജോണിന്റെ വണ്ടി മേട്ടുപ്പാളയത്തിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു മുന്നോട്ടു കുറച്ചു ദൂരം ഓടിയപ്പോൾ നേരത്തെ കണ്ട XUV റോഡിന്റെ സൈഡിൽ കിടക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സറിഞ്ഞ പോലെ ജോൺ തന്റെ ഫോർച്ച്യൂണർ അവിടെ നിർത്തുകയും , ഉണ്ണി ലാപ്ടോപ്പ് ബാഗ് എടുത്തു പുറത്തേക്കിറങ്ങുകയും ചെയ്തു.
"ജോണേ , ഞാൻ ബാംഗ്ലൂർ വരെ ഒന്നു പോയിട്ട് വരാം.. ഒരു ഒഫീഷ്യൽ ട്രിപ്പ്. നാളെ വൈകിട്ട് വീട്ടിൽ കാണാം, അപ്പോൾ എല്ലാം പറഞ്ഞപോലെ .. "
ജോണിന് നേരെ കൈവീശി കാണിച്ചു ഉണ്ണി XUV യിലേക്ക് കയറി. ആ കാർ എതിർ ദിശയിലേക്കു പാഞ്ഞു പോയപ്പോൾ , കഴിഞ്ഞ ഒരുമണിക്കൂറിൽ താൻ കണ്ട കാര്യങ്ങൾ ഒരിക്കൽ കൂടി ഒരു സിനിമ പോലെ ജോണിന്റെ മനസ്സിലേക്ക് കടന്നു വന്നു . ഇത്രയും നാൾ കൂടെ നടന്നിട്ടും മനസ്സിലാക്കാൻ സാധിക്കാത്ത ഉണ്ണിയെക്കുറിച്ചു ചിന്തിച്ചു, ഇനി വരാൻ പോകുന്ന കലാശക്കൊട്ടിനു തയ്യാറാകാനായി അയാൾ തന്റെ വണ്ടി പൂങ്കാവിലേക്കു ഓടിച്ചു.
പീയാർ
(തുടരും)
കുറിപ്പ് :- അഭിപ്രായം എഴുതണേ.
No comments:
Post a Comment