Wednesday, December 2, 2020

ഉത്സവപ്പിറ്റേന്ന് 22

 മേച്ചേരിൽ വീടിന്റെ ഉമ്മറത്ത് ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുകയായിരുന്നു ജോൺ . ഉണ്ണിയും ദുർഗ്ഗയും പറഞ്ഞതു പ്രകാരമുള്ള വീടുകളുടെ പണികൾ അവസാനഘട്ടത്തിൽ എത്തി നിൽകുമ്പോൾ , ഒന്നിനും ഒരു കുറവും വരാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഈ ദിവസങ്ങളിൽ ഉണ്ണിയുടെ അമ്മയും കുട്ടികളും കൊച്ചിയിലെ ഫ്ലാറ്റിലായിരുന്നു താമസം . ദുർഗ്ഗയുടെ ആശുപത്രി വാസം മുപ്പത് ദിവസത്തോളമായിരിക്കുന്നു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ ആരംഭിച്ചത് കൊണ്ടും , പര സഹായത്തോടെ നടക്കാൻ തുടങ്ങിയത് കൊണ്ടും , ഒന്നോ രണ്ടോ ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നാണ് ഡോക്ടർ പറഞ്ഞരിക്കുന്നതു . ഫെബ്രുവരി പതിനഞ്ചിനോടകം അഥവാ കുംഭം ഒന്ന് മുതൽ എല്ലാവർക്കും പൂങ്കാവിൽ താമസിക്കണം എന്നാണ് ആഗ്രഹം. അത് കൊണ്ട് തന്നെ രണ്ടു വീടുകളും , മേച്ചേരിലും ഇലഞ്ഞിക്കലും അവരാവശ്യപെട്ടപോലെ ഒരുമിച്ച് താമസയോഗ്യമാക്കുകയാണ് അമനും കൂടെയുള്ള തൊഴിലാളികളും. 



താൻ കളിച്ചു വളർന്ന പള്ളിപ്പറമ്പ് എന്നറിയപ്പെട്ടിരുന്ന , നാട്ടിലെ കത്തോലിക്കാ പള്ളിയുടെ അരികിലുള്ള ചെറിയ വീടും സ്ഥലവും ജോണിന്റെ ഓർമയിലേക്ക് വന്നു . ഒരുകാലത്തു നാട്ടിലെ, പ്രമാണിയും പള്ളി പ്രമുഖനുമായിരുന്ന , ക്രിസ്ത്യാനി ആയിരുന്നെങ്കിലും വടക്കേ മുറ്റത്തിനപ്പുറം തനിക്കു സ്ഥാനം ലഭിക്കാതിരുന്ന മാളിയേക്കൽ വക്കച്ചന്റെ വീട് ഇന്ന് സ്വന്തമാണെങ്കിലും , ജനിച്ചു വളർന്ന വീട് അയാളുടെ ഓർമ്മയിൽ ഒരു നോവായി തീർന്നു. തന്റെ മാതാപിതാക്കളുടെ മരണത്തിനും , അനാഥനായതിനും എല്ലാം തന്റെ വഴിപിഴച്ച ഭൂതകാലത്തെ ആയാൾ ശപിച്ചു കൊണ്ടുതന്നെ എല്ലാം പിടിച്ചെടുക്കാൻ കൂടെ നിൽക്കുന്ന , തന്റെ രണ്ടാം ജന്മത്തിനു കാരണക്കാരായ ഉണ്ണിക്കും ദുർഗ്ഗക്കും അയാൾ മനസ്സിൽ നന്ദി പറഞ്ഞു. അയാളുടെ ഓർമ്മ പള്ളിപ്പറമ്പിൽ നിന്നും , തന്റെ കുമ്പസാരം നടന്ന കുരുക്ഷേത്രത്തിലെ ആ ചെറിയ ഇരുട്ട് മുറിയിലേക്ക് സഞ്ചരിച്ചു. 


തലകീഴായി തൂങ്ങിയാടുന്ന ജോണിനെ നോക്കി ഉണ്ണി ചോദിച്ചു കൊണ്ടിരുന്നു .


"ആരാണ് കൊന്നത് "


"പറയാം " ജോണിന്റെ വാക്കുകൾ കേട്ടതും ഉണ്ണി വീണ്ടും തന്റെ കയ്യ് ഉയർത്തുകയും ജോൺ താഴേക്ക് പതിക്കുകയും ചെയ്തു.


"ഒരു രാത്രി, ഞാൻ പണിക്കരുമായി പാലാക്ക് പോവുകയായിരുന്നു, കടുത്തുരുത്തി കഴിഞ്ഞപ്പോൾ സ്ഥിരം വഴിയിൽ നിന്നും മാറി വേറൊരു വഴിയാണ് എനിക്ക് കാണിച്ചു തന്നത്. അങ്ങിനെ ഞങ്ങൾ എത്തിപ്പെട്ടത് നിറയെ റബ്ബർ കാടുകൾക്കിടയിൽ അടഞ്ഞു കിടക്കുന്ന ഒരു വീട്ടിലും. അവിടെ , വീട് തുറന്നു അകത്തു കയറിയ ഞങ്ങൾ കത്തിച്ചു വച്ച മണ്ണണ്ണ വിളക്കുകളുടെ വെളിച്ചത്തിൽ കണ്ടത് മരിച്ചു കിടക്കുന്ന സഹദേവനെ ആണ്. മാമ്മച്ചനും അന്നത്തെ SI അനന്തനും പിന്നെ വേറെ മൂന്ന് പേരും അവിടെ ഉണ്ടായിരുന്നു. കുറച്ചു നേരം മാമ്മച്ചനും പണിക്കരും പിന്നെ അനന്തനും തമ്മിൽ എന്തോ സംസാരിച്ചു. ഒടുവിൽ പണിക്കർ എന്നെ അകത്തെ മുറിയിലേക്ക് വിളിച്ചു. അതിനു ഒരാഴ്‌ച മുൻപാണ് അമ്മച്ചിയുടെ ചികിൽസക്കായി കുറച്ചു പണം ഞാൻ ചോദിച്ചത്. ആ പൈസ, ഒരു ലക്ഷം രൂപ എനിക്ക് തരാമെന്നു അവർ സമ്മതിച്ചു. പകരം സഹദേവനെ ഇരുട്ടിന്റെ മറവിൽ അറിയാതെ കാർ ഇടിച്ചതാണെന്നു സമ്മതിക്കണമെന്നും. സഹദേവൻ മദ്യപിച്ചു കാറിന്റെ മുൻപിലേക്ക് മനഃപൂർവം ചാടിയതെന്നും എന്നെ സഹായിക്കാൻ വേണ്ടുന്നതെല്ലാം SI ചെയ്യുമെന്നും അവർ എന്നോട് പറഞ്ഞു. അങ്ങിനെ ആണ് ഞാൻ ആ കുറ്റം ഏറ്റെടുത്ത്. പക്ഷെ , ഞാൻ ജയിലിൽ ആയതോടെ കാര്യങ്ങൾ എല്ലാം മറിയുകയും ആ കേസ് മുഴുവനായി എന്റെ തലയിൽ ഇടുകയും ചെയ്തു. ഇടക്കെപ്പോഴോ പണിക്കരുടെ ചില രഹസ്യങ്ങൾ ഞാൻ അറിഞ്ഞതിനെ തുടർന്നായിരിക്കാം അങ്ങിനെ ചെയ്തത്."


ജോൺ പറഞ്ഞു നിർത്തി . 


"ജോണെ, നീ പറഞ്ഞതൊക്കെ ശെരിയായിരിക്കും, കാരണം നിനക്ക് വേണ്ടി അലഞ്ഞു നടന്ന സമയത്തു, എനിക്ക് ബോധ്യപ്പെട്ടത് തന്നെയാണിതെല്ലാം.പക്ഷെ, എനിക്കറിയേണ്ടത് ഒന്ന് കൂടിയുണ്ട് , എന്റെ അച്ഛന്റെ മരണം, അതും നീ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ. "



"ഉണ്ണീ , ഞാൻ ജാമ്യത്തിൽ ഇറങ്ങിയത് എന്റെ അമ്മച്ചി മരിച്ച ശേഷമാണു. അവസാനമായി എനിക്കൊന്നു കാണാൻ പോലും സാധിച്ചില്ല.പള്ളീലച്ചന്റെ അപേക്ഷ പ്രകാരം ആണ് എനിക്കന്നു ജാമ്യം കിട്ടിയത്. പ്രാർത്ഥനക്കു ശേഷം, ഞാൻ പണിക്കരെ കാണാൻ പോയിരുന്നു. അന്നവിടെ മാമ്മച്ചനും അനന്തനും ഉണ്ടായിരുന്നു. അകത്തുള്ളവരെ കുറിച്ചു അറിയാതെ വെളിയിൽ പണിക്കരെ കാത്തു നിന്റെ അച്ഛനും രാമൻ നായരും. എനിക്കെതിരായി, മാമച്ചനെതിരായി വാദിക്കണമെന്നു അപേക്ഷിക്കാൻ വന്നതായിരുന്നു നിന്റ അച്ഛൻ. അകത്തു എങ്ങനെ ഇതൊഴിവാക്കാമെന്നു ചിന്തിച്ചു മറ്റുള്ളവരും. നിന്റെ അച്ഛനെയും രാമൻ നായരെയും പറഞ്ഞു വിട്ടു പണിക്കർ എന്നെ വിളിപ്പിച്ചു. ആശുപത്രിയിൽ കൊണ്ട് പോകും മുൻപേ എന്റെ അമ്മച്ചി മരിച്ചെന്നും, അതിനെടുത്ത കുറച്ചു പൈസ ആണെന്ന് പറഞ്ഞു ഒരു പൊതികെട്ടും എന്നെ കാണിച്ചു. അതിനു ശേഷം, കേസിന്റെ കാര്യത്തിനാണെന്നു പറഞ്ഞു കുറെ പേപ്പറിൽ വിരലടയാളം പതിപ്പിച്ചു. പക്ഷെ അതെന്റെ വീടും സ്ഥലവും അയാളുടെ പേരിലാക്കാനുള്ള വഴിയായിരുന്നെന്നു പിന്നീടാണറിഞ്ഞത്. അന്ന് രാത്രിയിൽ പള്ളിയിൽ കഴിഞ്ഞു, പിറ്റേ ദിവസം ഞാൻ തിരിച്ചു ജയിലിലേക്ക് പോയി. ഇതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല ഉണ്ണീ. "


അവന്റെ നേരെ ജോൺ കൈകൾ കൂപ്പി . ഉണ്ണി , അവിടെ നിന്ന ഡ്രൈവറോട് എന്തോ പറഞ്ഞു പുറത്തേക്കു പോയി. ഡ്രൈവർ അടുത്തേക്ക് വന്നു ജോണിന്റെ കൈകൾ പുറകോട്ടാക്കി കാലുകളിലേക്കു കെട്ടി എന്തെല്ലാമോ ഹിന്ദിയിൽ പറഞ്ഞു. ഉണ്ണി ഉടനെ തിരിച്ചു വരുമെന്നും താൻ പറഞ്ഞത് സത്യമല്ലങ്കിൽ തന്റെ അവസമായിരിക്കും എന്ന് മാത്രം ജോണിന് മനസ്സിലായി. അന്യ നാട്ടിൽ വന്നു മറ്റൊരാളുടെ സഹായം ഉണ്ടാക്കിയെടുത്തു തന്നെ കുടുക്കാൻ മിടുക്കുള്ള ഉണ്ണിക്കു താൻ പറഞ്ഞതിലെ സത്യങ്ങൾ നാട്ടിൽ നിന്നും അന്വഷിച്ചെടുക്കാൻ പ്രയാസമുണ്ടാകില്ല എന്ന് അയാൾ ആശ്വസിച്ചു .


മുഖത്തേക്ക് ശക്തമായി വെളിച്ചം അടിച്ചപ്പോഴാണ് ജോൺ കണ്ണുതുറന്നതു. നിലത്തു കുത്തിയിരുന്ന് , തന്റെ കൈകാലുകളിലെ കെട്ടുകൾ അഴിക്കുകയാണ് ഉണ്ണി . 


"ജോൺ , നീ പറഞ്ഞതിൽ സത്യമുള്ളതു കൊണ്ട് നിന്നെ ഞാൻ വെറുതെ വിടുന്നു , പകരം എന്റെ കൂടെ കാണുമോ "


കെട്ടുകൾ അഴിച്ച ശേഷം നിവർന്നു നിന്ന് , തന്റെ നേരെ വലതു കൈ നീട്ടിയ ഉണ്ണിയുടെ നേർക്ക് ആയാസപ്പെട്ട് ജോൺ തന്റെ വലതു കൈ നീട്ടി. 


"ഉണ്ടാവും, ജീവൻ പോകുന്നവരെ , പക്ഷെ ഒരു കാര്യം , പണിക്കരെ എനിക്ക് വേണം"


കയ്യിൽ പിടിച്ചു എഴുനേറ്റു വന്ന ജോണിനെ തന്റെ തോളിലേക്ക് ചേർത്ത് വച്ച് ഉണ്ണി തലയാട്ടി .


പിന്നീടെപ്പോഴോ ബോധം തെളിയുമ്പോൾ താൻ ഒരു ആശുപത്രിക്കിടക്കയിൽ ആണെന്ന് ജോണിന് മനസ്സിലായി. തലയിലും ശരീരത്തിലും എല്ലാം ചുറ്റികെട്ടുകൾ , വേദന കൊണ്ട് അറിയാതെ ഒന്ന് ഞെരങ്ങി . അത് കേട്ട് അടുത്തിരുന്ന ഒരു സ്ത്രീ അവനെ നോക്കി എന്തെല്ലാമോ പഞ്ചാബി കലർന്ന ഹിന്ദിയിൽ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും പുറത്തു നിന്ന്, തന്നോടൊപ്പമുണ്ടായിരുന്ന ഡ്രൈവറും ഒരു ഡോക്ടറും അകത്തേക്ക് കയറിവന്നു.


കുറച്ചു ദിവസത്തെ ചികിത്സക്ക് ശേഷം ജോൺ ആശുപത്രി വിട്ടു . ഉണ്ണിയുടെ ആവശ്യപ്രകാരം, ആ ഡ്രൈവർ അയാളെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി . ഉണ്ണിയോടൊപ്പം നിന്ന് ജോണിന്റെ ഈ അവസ്ഥക്ക് കാരണമായത് കൊണ്ടാകാം സ്വന്തം അനിയനെ പോലെ അയാൾ ജോണിനോട് പെരുമാറി . ദുർഗ്ഗ കൂടെ ഉണ്ടായിരുന്നതിനു ശേഷം , പിന്നെയും , തനിക്കു ആരക്കൊയോ കൂടെ ഉള്ളപോലെ ജോണിന് വീണ്ടും തോന്നി തുടങ്ങി. സതീന്ദർ സിംഗ്‌ എന്ന ആ ഡ്രൈവറുടെ അമ്മയും ഭാര്യയും രണ്ടു മക്കളും , പിന്നെ നേരത്തെ ആശുപത്രിയിൽ കണ്ട, ഭർത്താവു മരിച്ചു പോയ പെങ്ങളുമായിരുന്നു ആ വീട്ടിലെ താമസക്കാർ . ഒരു ആക്സിഡന്റ് സംഭവിച്ചു എന്ന മാത്രമായിരുന്നു അവർ വീട്ടിൽ പറഞ്ഞിരുന്നത് . ഒന്നോ രണ്ടോ ആഴ്‌ചയിൽ ഒരിക്കൽ മാത്രമായിരുന്നു സതീന്ദർ വീട്ടിൽ വരാറുണ്ടായിരുന്നത് . ഒരു മാസത്തിനു ശേഷം അവിടെ നിന്നും തിരിച്ചെത്തിയ ജോൺ ഡ്രൈവർ ആയി വീണ്ടും ജോലി തുടങ്ങി .


രണ്ടു വർഷങ്ങൾക്കിപ്പുറം , ഉണ്ണി UP യിലെ മീററ്റ് എന്ന സ്ഥലത്തു ACP ആയിരിക്കുമ്പോഴായിരുന്നു ഏതോ അപകടം പറ്റി കോടതിയിൽ കേസിൽ കിടന്ന ലോറി ചെറിയ വിലയ്ക്കു വാങ്ങി ജോണിന് നൽകിയത് . സതീന്ദർ സിംഗ്‌ തന്റെ സുഹൃത്തിന്റെ വർക്ക് ഷോപ്പിൽ അത് നന്നാക്കി കൊടുക്കുകയും ചെയ്തു. പിന്നീട് ആ ഒറ്റ ലോറിയിൽ നിന്നും മുപ്പതോളം ലോറികൾ ഉള്ള , സ്വന്തമായി വർക്ക് ഷോപ്പുകൾ ഉള്ള നിലയിലേക്ക് ജോൺ വളർന്നു . ആ ലോറികളിൽ പകുതിയും, ദുർഗ്ഗയുടെയും ഉണ്ണിയുടെയും സഹായത്താൽ UP യിലെ കോടതികളിൽ കെട്ടിക്കിടന്ന കേസുകൾ ഒത്തു തീർപ്പാക്കി വാങ്ങിച്ചതാണ് .


മേച്ചേരിൽ വീടിന്റെ മുറ്റത്തെ പേരമരച്ചോട്ടിൽ കസേരയിൽ കണ്ണുമടച്ചു പഴയകാര്യങ്ങൾ ഓർത്തിരുന്ന ജോണിനെ , പോക്കറ്റിൽ കിടന്ന മൊബൈലിന്റെ ബെല്ലടി ഉണർത്തി .


"പർമീന്തർ കാളിംഗ് "


ധൃതിയിൽ അയാൾ ഫോൺ എടുത്തു ചെവിയോട് ചേർത്തു .


"സത് ശ്രീ അകാൽ ജി"


കസേരയിൽ നിന്നും എഴുനേറ്റു , മുറ്റത്തു ഉലാത്തികൊണ്ടു , ചുണ്ടിൽ ഒരു ചെറു പുഞ്ചിയോടെ അയാൾ അപ്പുറത്തു നിന്നും കേൾക്കുന്ന പരിഭവങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടിരുന്നു. 


###################


ദുർഗ്ഗയുടെ ആശുപത്രി വാസത്തിന്റെ അവസാന ദിവസം. അവൾ വന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . അമ്മയും കുട്ടികളും ജോണും ചേർന്ന് സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വയ്കുമ്പോഴാണ് മരുന്നുകളും ഡിസ്ചാർജ് ഷീറ്റുമായി ഉണ്ണി അവിടേക്കു വന്നത് .


എട്ടു വയസ്സുള്ള റിയാൻഷും അഞ്ചു വയസ്സുള്ള റോണിതും , ഉണ്ണിയുടെ മക്കൾ .ഡൽഹിയിൽ ജീവിക്കുന്നത് കൊണ്ട് പേരുകൾക്ക് ഒരു നോർത്തിന്ത്യൻ ചുവ ഉണ്ടങ്കിലും ,അവിടുത്തെ കേരള സ്കൂളിൽ പഠിക്കുന്നതിന്നാലും വീട്ടിൽ മലയാളം സംസാരിക്കുന്നതിനാലും നാട്ടിലെ മറ്റു കുട്ടികളെ പോലെ തന്നെ മാതൃഭാഷ സംസാരിക്കാൻ അവർക്കു സാധിക്കുന്നുണ്ട്. കുട്ടികളെയും അമ്മയെയും ജോണിനൊപ്പം പൂങ്കാവിലേക്കയച്ചിട്ടു , ഉണ്ണി ദുർഗ്ഗയുടെ വീൽചെയറുമായി രണ്ടാമത്തെ നിലയിലുള്ള മറ്റൊരു മുറിയിലേക്ക് പോയി.


ശരീരം അനക്കാനാവാതെ , ഒന്നു സംസാരിക്കാൻ പോലും ആകാതെ കിടക്കുന്ന അശോകന്റെ മുറിയായിരുന്നു അത്.മുറി തുറക്കുന്നതിനു മുൻപ് , ദുർഗ്ഗ വീൽചെയറിൽ നിന്നെഴുന്നേറ്റു ഉണ്ണിയുടെ തോളിൽ പിടിച്ചു. വാതിൽ തള്ളി തുറന്നു അകത്തേക്ക് നടന്നു വരുന്ന ഉണ്ണിയേയും ദുർഗ്ഗയെയും കണ്ടു വിദ്യ അമ്പരന്നു . ഒന്നും പറയാനാകാതെ ഉള്ളിലുയരുന്ന വിങ്ങലമർത്തി അവൾ ഇരുവരെയും മാറി മാറി നോക്കി .


ഉണ്ണിയെ കണ്ടതും പഴയ ഓർമ്മയിൽ അശോകന്റെ കണ്ണുകൾ വല്ലാതെ വലിഞ്ഞു മുറുകി . അവൻ പേടിയോടെ അവരെ തുറിച്ചു നോക്കി കൊണ്ടിരുന്നു . ഒരക്ഷരം മിണ്ടാതെ ഇരുവരും ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.


ഇടക്കെപ്പോഴോ അവളുടെ നോട്ടം അവനിലേക്ക്‌ പാറിവീണു എന്നതൊഴിച്ചാൽ , അവിടെ നിന്നും പൂങ്കാവിലേക്കുള്ള യാത്രയിൽ ദുർഗ്ഗ തീർത്തും മൗനിയായിരുന്നു എന്നതു ഉണ്ണിയെ കൂടുതൽ അസ്വസ്ഥനാക്കി.


മേച്ചേരിൽ വീട്ടിലേക്കു അവരെത്തി , ഡോർ തുറന്നു മുറിയിലേക്ക് എടുത്തു കൊണ്ട് പോകുന്നതിനിടയിൽ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ഉണ്ണി ചോദിച്ചു.


"ദേവൂ, എന്ത് പറ്റി നിനക്ക് "


".."


"എന്താണെങ്കിലും പറയു "


"സത്യം പറ ഉണ്ണിയേട്ടാ, എന്താ നിങ്ങളുടെ ഉദ്ദേശ്യം "


"എന്ത് "


"ഈ ഉത്സവം എന്നൊക്കെ പറഞ്ഞു ഇവിടെ കൊണ്ട് വന്നത് , ലക്ഷങ്ങൾ മുടക്കി ഇതെല്ലാം ചെയ്യുന്നത്.. "


"ദേവൂ , ഒന്നും കാണാതെ ഞാൻ ചാടിപുറപ്പെടില്ല എന്ന് നിനക്കറിയാമല്ലോ "


ബെഡിലേക്ക് അവളെ കിടത്തി അവൻ പുറത്തേക്കു നടന്നു. 


വൈകിട്ട് ഭക്ഷണം കഴിച്ചു മരുന്നുമായി മുറിയിലേക്ക് ചെന്ന ഉണ്ണിയെ അടുത്തിരുത്തി അടുത്തുകിടന്ന മേശപ്പുറത്തെ ചെറിയ പെട്ടിയിലേക്ക് അവൾ വിരൽ ചൂണ്ടി. വലതു കൈ നീട്ടി, ആ പെട്ടിയെടുത്തു അതിൽ നിന്നും പഴയ ആ വെള്ളി പാദസ്വരം എടുത്തു ദുർഗ്ഗയെ നോക്കി . 


"സ്വന്തം ആകുമ്പോൾ അണിയിക്കും എന്നല്ലേ പറഞ്ഞെ , ഇനി ആകാമല്ലോ "


ഉണ്ണി തറയിൽ മുട്ട് കുത്തി നിന്ന് അവളുടെ കാലുകളിൽ നിന്നും സ്വർണ്ണപാദസ്വരം അഴിച്ചെടുത്തു ആ വെള്ളി പാദസ്വരം അണിയിച്ചു . 


"ഇനി , ഇത് മതി, ജീവിത കാലം മുഴുവനും "


ഉണ്ണി തറയിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു , ആ മുഖം തന്റെ നെഞ്ചോടു ചേർത്തു. 


"ബെഡ് റസ്റ്റ് ആയിപ്പോയി, ഇല്ലങ്കിൽ കാണാമായിരുന്നു "


"ഉണ്ണിയേട്ടാ ഫോൺ "


തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ഉണ്ണിയുടെ കൈകൾ വിടർത്തി അവൾ മേശപ്പുറത്തു ഇരുന്നു ശബ്‌ദിക്കുന്ന മൊബൈലിലേക്ക് നോക്കി. അതിൽ തെളിഞ്ഞു വരുന്ന നമ്പർ കണ്ടു ഉണ്ണിയുടെ മുഖത്തെ പുഞ്ചിരി മായുന്നത് അവൾ ശ്രദ്ധിച്ചു. ഒരിക്കൽ കൂടി അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ അധരങ്ങൾ അമർത്തി ഫോണുമായി ഉണ്ണി വെളിയിലേക്കിറങ്ങി. അവൾ കട്ടിലിലേക്ക് കിടന്നു , തന്റെ ഫോണിലെ മെയിലുകൾ നോക്കികൊണ്ടിരുന്നു. അൽപ സമയത്തിന് ശേഷം , ഉണ്ണി റൂമിലേക്ക് കടന്നു വന്നു വേഗത്തിൽ ഡ്രെസ് ധരിക്കാൻ തുടങ്ങി.


"ദേവൂ, ഒരു അർജന്റ് വർക്ക് ഉണ്ട്, ഞാൻ ഒന്ന് ബാംഗ്ലൂർക്കു പോയി വരാം"


"അപ്പോൾ ഇവിടെ, ഉത്സവം "


"രണ്ടേ രണ്ടു ദിവസം , ഓടി വരാം മോളെ "


അലമാരയുടെ അടിയിൽ നിന്നും ലാപ്ടോപ്പ് ബാഗ് വലിച്ചെടുത്തു അവൾക്കെതിരെ വലതു കൈ കൊണ്ട് ഒരുമ്മ എറിഞ്ഞു കൊടുത്തു ഉണ്ണി പുറത്തേക്കോടി .


"രാമേട്ടാ, ഞാൻ വണ്ടി എടുക്കുവാ, ഇത്തിരി കഴിയുമ്പോൾ ജോണിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും കൊണ്ട് വരും "


ഉമ്മറത്തു ഇരിക്കുന്ന രാമേട്ടനോട് വിളിച്ചു പറഞ്ഞു ഉണ്ണി കാർ വെളിയിലേക്കു ഓടിച്ചു പോയി. 


######################


ജോണിന്റെ ഫോർച്യൂണർ മേട്ടുപ്പാളയത്തിൽ നിന്നും കോട്ടഗിരിയിലേക്കു തിരിയുമ്പോൾ സമയം വെളുപ്പിനെ നാലു മണി കഴിഞ്ഞിരുന്നു. വണ്ടി റോഡിന്റെ വശത്തേക്കൊതുക്കി , മൊബൈലിൽ നോക്കി വഴി ഒന്ന് കൂടി ഉറപ്പാക്കി , ഉണ്ണി അടുത്ത് കണ്ട ആൽവിൻ ബൂത്തിലേക്ക് കയറി.


"അണ്ണാ രണ്ടു സ്ട്രോങ്ങ് കോഫി, പിന്നെ ബണ്ണും "


അപ്പോഴേക്കും കോ ഡ്രൈവർ സീറ്റിൽ നിന്നും ജോണും ഉറക്കം വിട്ടെഴുന്നേറ്റു. ഡോർ തുറന്നു പുറത്തിറങ്ങിയ അയാൾ , വണ്ടിയിൽ നിന്നും വെള്ളകുപ്പിയെടുത്തു മുഖം കഴുകി, ഉണ്ണിയുടെ അടുത്ത് വന്നിരുന്നു.


"എവിടെ എത്തി "


"മേട്ടുപ്പാളയം "


"ഇനി എത്ര ദൂരം "


"രണ്ടു മണിക്കൂർ "


"അപ്പൊ രാവിലെ അങ്ങെത്തും അല്ലെ "


"അതെ, അവൻ നമ്മളെ കണി കണ്ടുണരട്ടെ "


മുന്നിൽ കൊണ്ട് വച്ച കോഫി, സ്റ്റീൽ ഗ്ലാസിൽ നിന്നും അടിയിൽ ഇരുന്ന ടംബ്ലറിലേക്കു ഒഴിച്ച് കൊണ്ട് ഉണ്ണി ജോണിനെ നോക്കി കണ്ണിറുക്കി . 


(തുടരും)

No comments:

Post a Comment