ഗാസിയാബാദിയിൽ നിന്നും പട്ട്യാലയിലെക്കുള്ള ലോറിയിൽ സഹായിയായി പോവുകയായിരുന്നു ജോൺ. ജോലിക്കു ചേർന്നിട്ടു അധിക ദിവസമാകാത്തതിനാലും ഹിന്ദി ഭാഷ വശമില്ലാത്തതിനാലും വഴികൾ തിട്ടമില്ലാത്തതിനാലും ആദ്യത്തെ ആറു മാസം സഹായിയായി ജോലി ചെയ്യാനായിരുന്നു കോൺട്രാക്ടർ പറഞ്ഞിരുന്നത്. പഞ്ചാബിലേക്കുള്ള കന്നി യാത്രയിൽ പാനിപത് കഴിഞ്ഞപ്പോഴേക്കും നെൽ , ഗോതമ്പു പാടങ്ങൾക്കൊപ്പം കടുക് പാടങ്ങളും റോഡിനിരുവശവും ജോൺ കാണാൻ തുടങ്ങി . നല്ല മഞ്ഞയും പച്ചയും നിറത്തിലുള്ള മനോഹരമായ ഒരു കിടക്കവിരി പോലെ കിലോമീറ്ററുകളോളം നീളത്തിൽ കടുക് ചെടികൾ പൂത്തു നിന്നിരുന്നു. അവനെ അതിശയിപ്പിച്ച മറ്റൊരു കാര്യം ട്രാക്ടറിൽ വന്നിറങ്ങുന്ന തലപ്പാവ് ധരിച്ച നല്ല പൊക്കവും വണ്ണവുമുള്ള ആ നാട്ടുകാർ തങ്ങളുടെ ഉടുപ്പുകൾ ഊരിവച്ചു മറ്റൊരു ഡ്രസ്സ് ധരിച്ചു പാടങ്ങളിൽ ഇറങ്ങി ജോലി ചെയ്യുന്നതായിരുന്നു. തന്റെ നാട്ടിലെ , ഷർട്ടിൽ അഴുക്കു പറ്റിക്കാതെ ജോലി ചെയ്യാൻ ശ്രമിക്കുന്ന ചെറുപ്പക്കാരെ ഓർത്തയാൾക്കു പുച്ഛം തോന്നി
മുന്നൂറു കിലോമീറ്ററോളം അകലത്തിലേക്കുള്ള യാത്രയിൽ മൂന്നിൽ രണ്ടു ദൂരം പിന്നിട്ടു കുരുക്ഷേത്രയിൽ എത്തിയപ്പോഴേക്കും ഉച്ച ഭക്ഷണ സമയം ആയിരുന്നു. അടുത്ത് കണ്ട ധാബയിൽ നിരത്തിയിട്ടിരിക്കുന്ന കയർ ചുറ്റിയ കട്ടിലിൽ ഇരുന്നു സംഭാഷണ പ്രിയനായ പഞ്ചാബി ഡ്രൈവറും ജോണും റൊട്ടിക്കും കറിക്കും പറഞ്ഞു . രസികൻ ആയ ആ പഞ്ചാബി ഡ്രൈവർ ഒരോ മിനിറ്റിലും പുതിയ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ഹിന്ദി തന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ജോൺ ആ ഡ്രൈവറുടെ പഞ്ചാബി കലർന്ന ഹിന്ദി കേട്ട് ഒന്നും മനസ്സിലാകാതെ , എന്നാൽ അയാളെ വെറുപ്പിക്കാനാവാതെ പുഞ്ചിരിച്ചു കൊണ്ടിരുന്നു.
ഭക്ഷണം കഴിച്ചു ലോറിയിൽ കയറിയ ജോണിന് മയക്കം വരാൻ തുടങ്ങി. ഡ്രൈവറോട് പറഞ്ഞു പുറകിലെ സീറ്റിലേക്ക് ഉറങ്ങാൻ കിടന്ന ജോണിനെ മുഖത്ത് വീണ വെള്ളത്തുള്ളികളാണ് ഉണർത്തിയത് . അപ്പോൾ തലകീഴായായി തൂങ്ങികിടന്ന ജോൺ ബോധം വന്നതോടെ കയ്യുകൾ ഉയർത്തി , ശരീരം ഇളക്കി , കാലിലെ കെട്ടുകൾ അഴിച്ചു താഴേക്കിറങ്ങാൻ നോക്കി . പെട്ടന്നാണ് തലയുടെ വശത്തായി തടിക്കഷണം കൊണ്ടുള്ള ശക്തമായ അടി കിട്ടിയത് . കയ്യുകൾ ഉപയോഗിച്ച് അടിയേറ്റ ഭാഗത്തു ഞെക്കി പിടിച്ചപ്പോൾ അയാളുടെ നടുവിലും ആ തടിക്കഷണം കൊണ്ടുള്ള ഒരു പ്രഹരം കിട്ടി. തന്റെ കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ ജോണിന് തോന്നി. അപ്പോഴേക്കും ഒരു ജാർ നിറയെ വെള്ളം അയാളുടെ മുഖത്തെക്ക് വന്നു വീണു . കണ്ണുകളിലെ ക്ഷീണവും , ജലത്തുള്ളികളും അയാളുടെ കാഴ്ച മറച്ചെങ്കിലും വലതു കയ്യിൽ ഒരു വലിയ തടി കഷണവുമായി നിൽക്കുന്ന ഒരു രൂപത്തെ അവ്യക്തമായി ജോണ് കണ്ടു .
"പള്ളിപ്പറമ്പിൽ ജോൺ"
വീണ്ടും മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊണ്ട് അയാൾ അലറി. അതിനു ശേഷം അയാൾ കയ്യുയർത്തി എന്തോ കാണിച്ചപ്പോൾ തലകീഴായി കെട്ടിത്തൂക്കിയിരുന്ന കയർ അഴിയുകയും ജോണ് താഴേക്ക് വീഴുകയും ചയ്തു. മുറിയിൽ ഉണ്ടായിരുന്ന, ആ കയർ അഴിച്ചു വിട്ട ആൾ തന്നോടൊപ്പം തമാശ പറഞ്ഞിരുന്ന പഞ്ചാബി ഡ്രൈവർ ആയിരുന്നെന്നു അയാൾക്ക് മനസ്സിലായി. വാതിൽ തുറന്നു ആ ഡ്രൈവർ പുറത്തേക്കു പോയപ്പോൾ, താൻ ഒരു ചതിക്കുഴിയിൽ ആണ് എന്ന് ജോണിന് മനസ്സിലായി. ചാണകം മെഴുകിയ ചാര നിറമുള്ള ആ തറയിൽ കിടന്നു കഴിഞ്ഞ കുറച്ചു സമയത്തു തനിക്കെന്തു സംഭവിച്ചു എന്നയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.പക്ഷെ കൂടുതൽ ചിന്തിക്കാൻ ആവുന്നതിനു മുൻപ്, വലതു കാൽ ഉപയോഗിച്ച് നേരത്തെ കണ്ട രൂപം ജോണിനെ ചവിട്ടി തെറിപ്പിച്ചു. അടുത്തുള്ള ഭിത്തിയിൽ ഇടിച്ചു ശരീരം വല്ലതെ നുറുങ്ങുന്നതു പോലെ അയാൾക്ക് തോന്നി . ഒരുകണക്കിന് അയാൽ ഇരു കൈകളും കുത്തി ഭിത്തിയിലേക്കു ചാരി ഇരുന്നു, മുഖം തോലുകൊണ്ടു തുടച്ചു ആ രൂപത്തെ നോക്കി. തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്ക് വരുന്ന വെളിച്ചത്തിൽ ആ മുഖം കണ്ടു ജോണ് ഞെട്ടി
"ഉണ്ണി "
"ഉണ്ണി.. അങ്ങിനെയും പറയാം.. പക്ഷെ ഇപ്പോൾ രുദ്രൻ.. "
തടിക്കഷണം കൊണ്ട് ജോണിന്റെ നെഞ്ചത്ത് കുത്തി അടുത്തു കിടന്ന ബെഞ്ചിലേക്ക് അവൻ ഇരുന്നു .
"നീ .. നീ എന്തിന് എന്നെ .. "
ഉണ്ണിയുടെ മുഖത്ത് ക്രൂരത നിറഞ്ഞ പുഞ്ചിരി വിടർന്നു . ചുണ്ടുകളുടെ ഇടതു വശത്തു നിന്നും പതിയെ വിരിഞ്ഞു വലതു വശത്തേക്ക് എത്തുന്ന ഒരു പുഞ്ചിരി .
"ജോൺ .. ഉണ്ണി എന്നറിയപ്പെടുന്ന, ഈ രുദ്രൻ ഒരു കഥ പറയാം.. കഥയുടെ അവസാനം ഒരു ചോദ്യം.അതിനു ശെരിയായി ഉത്തരം പറഞ്ഞാൽ നിനക്ക് ജീവനോടെ പോകാം, അല്ലങ്കിൽ ..."
ഇത്തവണ ചിരിച്ചത് ജോണ് ആയിരുന്നു .
"എനിക്കറിയാം ജോണ്, ആരോരും ഇല്ലാത്ത, തിരിച്ചു ചെല്ലുമെന്നുകരുതി ആരും കാത്തിരിക്കാനില്ലാത്ത നിനക്ക് എന്ത് സത്യം, എന്ത് ജീവിതം .. പക്ഷെ , ഇവിടെ നിന്റെ അവസാനം എങ്ങിനെ ആയിരിക്കുമെന്ന് നിനക്കറിയാമോ.. ദാ .. ആ യന്ത്രം കണ്ടോ "
ഉണ്ണി ദൂരേക്ക് വിരൽ ചൂണ്ടി . ജോൺ, തുറന്നു കിടന്ന വാതിലിലൂടെ ,അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്കു നോക്കി.
"അത്, ഇവിടെ, ഈ ഗോതമ്പും നെല്ലും എല്ലാം മെതിച്ചു കഴിഞ്ഞു മിച്ചം വരുന്ന വൈക്കോൽ ചെറുതായി മുറിച്ചെടുക്കുന്ന യെന്ത്രമാണ്. അതിലൂടെ വരുന്ന വയ്ക്കോൽ കഷണങ്ങൾക്കു ദേ ഇത്രയേ നീളം കാണു. "
അവൻ തന്റെ ചൂണ്ടു വിരൽ ഉയർത്തി അതിനോട് തള്ള വിരൽ ചേർത്ത് വച്ച് പറഞ്ഞു .
"അതിലേക്കു നിന്റെ കയ്യും കാലും എല്ലാമിട്ട് മുറിച്ചെടുക്കും , എന്നിട്ടു ഈ കടുക് പാടത്തു അടിവളമായി ഉഴുതു ചേർക്കും. ബാക്കി ഇവിടുത്തെ പന്നികൾക്ക് കൊടുക്കും"
ഉണ്ണിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു അവിടെ ദേഷ്യം വന്നു നിറയുന്നത് ജോൺ കണ്ടു .
"അപ്പോൾ ഞാൻ കഥ പറയാം. ശ്രദ്ധിച്ചു കേട്ടോണം , ഇടയ്ക്കു ശ്രദ്ധമാറിപ്പോയാൽ ഉത്തരം പറയാൻ പറ്റില്ല"
ജോണിന്റെ ശരീരത്തിൽ നിന്നും തടി കഷ്ണം എടുത്തു നിലത്തു കുത്തി ഉണ്ണി എഴുനേറ്റു മുറിയുടെ വാതിലിലേക്ക് നടന്നു .
"ഒരിടത്തൊരിടത്തു ഒരമ്മക്കും അച്ഛനും രണ്ടു മക്കളായിരുന്നു. മൂത്തത് പെണ്ണും ഇളയത് ആണും. അവര് തമ്മിൽ പത്തു വയസ്സിനു മുകളിൽ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. മകൻ ജനിച്ചു മൂന്നോ നാലോ വയസ്സിൽ അമ്മ മരിച്ചതോടെ, ആ ചേച്ചി, തന്റെ അനിയന്റെ അമ്മ കൂടി ആയി. തടി മില്ലിൽ കണക്കെഴുത്തുകാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ ആ ചേച്ചിയും അനിയനും ജീവിച്ചു പോന്നു. പത്താം ക്ളാസോടെ വിദ്യാഭ്യാസം നിർത്തിയ ചേച്ചി ചെറിയ ചെറിയ പണി ചെയ്തു രോഗബാധിതനായ അച്ഛന്റെ ജോലി ഭാരം കുറച്ചു. അങ്ങിനെ ഇരിക്കെ ആ നാട്ടിൽ എന്തിനോ എത്തിയ ഒരു ചെറുപ്പക്കാരന് ആ പെൺകുട്ടിയെ ആദ്യ ദർശനത്തിൽ തന്നെ ഇഷ്ടമായി. കുട്ടികാലത്തെ അച്ഛൻ ഉപേക്ഷിച്ചു , അമ്മ മറ്റൊരു വിവാഹം കഴിച്ചു ദൂരെ നാട്ടിലേക്കു പോയതോടെ അനാഥനായി മാറിയ ആ ചെറുപ്പക്കാരൻ തന്റെ അമ്മാവന്മാരുടെ ദയ കൊണ്ടായിരുന്നു പഠിച്ചതും ജീവിച്ചിരുന്നതും. വലുതായപ്പോൾ. തന്റെ അധ്വാന ബലമായി അടുത്ത ഗ്രാമത്തിൽ അയാളൊരു പലചരക്കു കട തുടങ്ങി. "
ഒന്ന് നിർത്തി ഉണ്ണി ജോണിന് നേർക്ക് തിരിഞ്ഞു .
"വല്ലതും മനസ്സിലായോ ജോണെ "
ഇരുകൈകളും കൊണ്ടും നെറ്റിയിലെ മുറിപ്പാടിൽ അമർത്തി ഒന്നും മനസ്സിലായില്ല എന്നയാൾ തലയാട്ടി .
" ആ ചെറുപ്പക്കാരൻ തന്റെ അമ്മാവന്മാരോട് കാര്യങ്ങൾ പറയുകയും, വിവാഹത്തിന് ശേഷം വേറെ താമസിച്ചോളാം എന്നുറപ്പിൽ ആ പെണ്കുട്ടിയുമായുള്ള ബന്ധം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ആ പെൺകുട്ടിക്ക് ആകെ ഒരു അപേക്ഷയെ ഉണ്ടായിരുന്നുള്ളു. വയ്യാതായങ്കിലും, ജോലിക്കു പോകുന്ന അച്ഛനെയും, മകനെ പോലെ താൻ സ്നേഹിക്കുന്ന ആനിയനേയും ഒപ്പം കൂട്ടണം. കുട്ടികാലം മുതലേ ഒറ്റയ്ക്ക് ജീവിച്ചിരുന്ന അവനു അതിന് ഒരുപാടു സന്തോഷമായിരുന്നു. അങ്ങിനെ അവരുടെ വിവാഹം കഴിയുകയും , ആ പെൺകുട്ടിയും അച്ഛനും സഹോദരനുമൊപ്പം , തന്റെ പലചരക്കു കട നടത്തുന്ന ഗ്രാമത്തിൽ ഒരു വാടക വീട്ടിൽ ജീവിതം തുടങ്ങുകയും ചെയ്തു . "
"മഹാദേവൻ .."
ജോണിന്റെ സ്വരം കേട്ട് ഉണ്ണി അസ്വസ്ഥനായി , അവൻ തന്റെ കയ്യിലിരുന്ന തടിക്കഷണം കൊണ്ട് ജോണിന്റെ തോളിലേക്ക് ശക്തമായി അടിച്ചു . വേദന കൊണ്ട് നിലവിളിച്ചു പോയ ജോണിന് നേരെ വീണ്ടും വിരൽ ചൂണ്ടി അവൻ അലറി
"ഇടയ്ക്കു കയറി പറയുന്നോ നായെ .. ഇനി ഞാൻ പറയാതെ നീ മിണ്ടിയാൽ നിന്റെ നാവു ഞാൻ അരിയും"
അവന്റെ പകയോടെ കത്തുന്ന കണ്ണുകൾ കണ്ടു ജോൺ നടുങ്ങി . ഉണ്ണിയിൽ നിന്നും രുദ്രനിലേക്കുള്ള ദൂരം വളരെ വലുതാണെന്നും , തനിക്കൊരു പക്ഷെ ഇനി ഒരു തിരിച്ചു പോക്കുണ്ടാവില്ലന്നും അയാൾക്കു മനസ്സിലായി .
"സുഭദ്രയും , സഹദേവനും അതായിരുന്നു ആ സഹോദരങ്ങളുടെ പേരുകൾ. ആ ചെറുപ്പക്കാരന്റെ പേര് മഹാദേവൻ . സുഭദ്രയുടെ വിവാഹത്തിന് രണ്ടു കൊല്ലങ്ങൾക്കു ശേഷം അവരുടെ അച്ഛൻ മരിച്ചു. പക്ഷെ സുഭദ്രയുടെ അനിയനെ സ്വന്തം മകനായി കണ്ടു മഹാദേവൻ പഠിപ്പിച്ചു. ഇതിനിടയിൽ അവർക്കു രണ്ടു മക്കളുണ്ടായി , മൂത്തതു രേവതി, പിന്നെ അഞ്ചു വയസ്സിന്റെ ഇളപ്പത്തിൽ ഒരു മകനും , രുദ്രൻ. "
"ഉണ്ണി എനിക്കൊന്നും അറിയില്ല, നിനക്കെന്നെ വേണേൽ കൊല്ലാം , അറിഞ്ഞു കൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല . അന്ന് ആശുപത്രി ചിലവിനുള്ള പണം കിട്ടുമെന്ന് പറഞ്ഞപ്പോൾ ഞാൻ കുറ്റം .. "
ജോൺ പറഞ്ഞു മുഴിപ്പിക്കുന്നതിനു മുൻപേ ആ തടിക്കഷണം ഒരിക്കൽക്കൂടി ഉയർന്നു താഴ്ന്നു .
"ഫ.. നിന്നോട് ഇപ്പോൾ വാ തുറക്കാൻ ആരേലും പറഞ്ഞോടാ .. "
മുറിയുടെ മൂലയിൽ വേദന കൊണ്ട് ചുരുണ്ടു കൂടുന്ന ജോണിന് നേരെ ഉണ്ണി വീണ്ടും പാഞ്ഞടുത്തു.
(തുടരും)
No comments:
Post a Comment