Wednesday, December 2, 2020

ഉത്സവപ്പിറ്റേന്ന് 19

 സാഗറിൽ എത്തിയ ശേഷമുള്ള തന്റെ ജീവിതം ഒരു തരം ജയിലിൽ അകപ്പെട്ട കുറ്റവാളികളുടേതു പോലെ ആദ്യ ദിവസങ്ങളിൽ ദുർഗ്ഗക്കു തോന്നി . മിലിട്ടറി ക്യാമ്പുകളും നാട്ടുകാരും ഇടകലർന്ന ജീവിതം ആയിരുന്നു ആ പട്ടണത്തിലേത് . പുതിയ സിം കിട്ടിയതോടെ , എന്നും വൈകിട്ടു അമ്മായിയെ വിളിച്ചു വിശേഷം പറഞ്ഞും , ഇടയ്ക്കിടയ്ക്ക് ദത്തെട്ടനെ വിളിച്ചു അച്ഛനോട് സംസാരിച്ചും വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു. ഇതിനിടയിൽ, വല്ലപ്പോഴും മാത്രം വരുന്ന കർക്കശഭാവത്തോടെയുള്ള , പഠിത്തത്തെ കുറിച്ച് മാത്രം ചോദിക്കുന്ന ഉണ്ണിയേട്ടന്റെ ഫോൺ വിളിക്കായി അവൾ കാത്തിരുന്നു തുടങ്ങി .



പതുക്കെ പതുക്കെ അവൾ അനിതേച്ചിയുടെ മക്കളുമായി,എട്ടിൽ പഠിക്കുന്ന അപ്പുവും അഞ്ചിൽ പഠിക്കുന്ന അമ്മുവും, കൂട്ട് കൂടുകയും തന്റെ പഴയ കുറുമ്പ് നിറഞ്ഞ ജീവിതം തിരികെ പിടിക്കുകയും ചെയ്തു. . പട്ടണമാണെങ്കിലും കേരളത്തിലെ ഒരു ഗ്രാമ പ്രദേശം പല തോന്നിച്ച സാഗറിൽ ആകെയുള്ള ഇരുപത്തി അഞ്ചോളം മലയാളി കുടുംബങ്ങൾ കേരള കോളനി എന്നറിയപ്പെടുന്ന സ്ഥലത്തു ഒരുമിച്ചായിരുന്നു താമസം . അവിടുത്തെ മുതിർന്നവർ മിക്കവരും സാഗർ ബിഷപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്ന സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരോ അല്ലങ്കിൽ മിലിട്ടറി ക്യാമ്പുകളിലെ കോൺട്രാക്ടർമാരോ ആയിരുന്നു. പ്രേമചന്ദ്രനെ പോലെ ചുരുക്കം ചില ഗവര്മെന്റ് ജോലിക്കാരും . കുട്ടികൾ എല്ലാം തന്നെ സെന്റ് മേരിസ് സ്കൂളിൽ ആയിരുന്നു പ്ലസ് ടു വരെ പഠിച്ചിരുന്നത് , അതിനു ശേഷം സാഗർ യൂണിവേഴ്‌സിറ്റിയിലോ അല്ലങ്കിൽ ഭോപാലിലെയോ ഇൻഡോറിലെയോ കോളേജുകളിൽ ഉന്നത വിദ്യാദ്യാസം നേടിയിരുന്നു. 


അനിതേച്ചിയുടെ സഹായത്തോടെ വലിയ ബുദ്ധിമുട്ടില്ലാതെ അവൾക്കു LLBക്കു അഡ്മിഷൻ ലഭിച്ചു. പബ്ലിക് ട്രാൻസ്‌പോർട് എന്നു പറയാൻ മഹീന്ദ്രയുടെ വലിയ ഓട്ടോകൾ മാത്രമായിരുന്നു ആ പട്ടണത്തിൽ ഉണ്ടായിരുന്നത് , പത്തും പന്ത്രണ്ടും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന ആ വണ്ടിയിലെ യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്ര പലപ്പോഴും അവൾക്കു മനം പുരട്ടൽ ഉണ്ടാക്കി , ഇടക്കെപ്പോഴോ ഉണ്ണിയോട് അത് അവൾ പറയുകയും ചെയ്തു. എങ്കിലും അവൾ ആ ജീവിതത്തോട് പതുക്കെ ഇഴുകി ചേർന്നു . ആ വര്ഷം, അവിടെ നടന്ന ഓണം, കേരള പിറവി ആഘോഷങ്ങളിലൂടെ അപ്പുവിന്റെയും അമ്മുവിന്റയും ചേച്ചിയായി , മലയാളികൾക്കിടയിൽ പരിചിതയായി അവൾ മാറി. തപ്പി തടഞ്ഞു പറഞ്ഞിരുന്ന ഹിന്ദി , കുറച്ചേറെ ഒഴുക്കോടെ പറയാൻ തുടങ്ങി . ഇതിനിടക്ക് ഉണ്ണി പ്രാഥമിക പരീക്ഷ ജയിച്ചെന്നും , ഒരു ചെറിയ അപകടം പറ്റി തലക്കും കൈക്കും പരിക്കുകളുമായി ജോൺ ആശുപത്രിയിലാണെന്നും ഉള്ള വാർത്തകൾ അവളെ തേടി വന്നു . ജോണിനെ കാണണമെന്നുള്ള ആഗ്രഹം അവൾക്കുണ്ടായിരുന്നെങ്കിലും LLB സർട്ടിഫിക്കറ്റുമായല്ലാതെ ഡൽഹിക്കു വരരുതെന്നുള്ള ഉണ്ണിയുടെ വാശിക്ക് മുൻപിൽ അവൾ തിരിച്ചൊന്നും പറഞ്ഞില്ല. 


ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, ആ ക്രിസ്മസ് അവധിക്കാലത്തു അവളുടെ ആഗ്രഹം പോലെ അമ്മായിയും രേവേച്ചിയും മക്കളും അനിലേട്ടനും സാഗറിലെത്തി , പുറകെ, കുറച്ചു ദിവസങ്ങൾക്കു ശേഷം ജോണും . വഴിക്കണ്ണുമായി അവൾ ഉണ്ണിക്കു വേണ്ടി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം . 


"ശെരിക്കും ഉണ്ണിയേട്ടന് എന്നോട് ഇഷ്ടമുണ്ടോ ജോണേട്ടാ" ഇടക്കെപ്പോഴോ , ജോണും അവളും മാത്രമായ വേളയിൽ ദുർഗ്ഗ ചോദിച്ചു.


"നിനക്കെന്തു തോന്നുന്നു "


"ആവൊ , എനിക്കൊന്നു മാത്രമേ അറിയൂ , ഇപ്പോൾ എന്റെ മനസ്സിൽ ഉണ്ണിയേട്ടൻ മാത്രമേ ഉള്ളു , ഇനിയുള്ള ജീവിതത്തിലും"


" എന്റെ അറിവിൽ, ഒരു പാട് കഷ്ടപ്പാട് സഹിച്ചാണ് ഉണ്ണി വളർന്നത്. പഴയതൊന്നും മറക്കാതെ , ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിൽ ആക്കാനുള്ള ഓട്ടത്തിൽ ആണ് അവൻ, നീ ഉൾപ്പെടെ. തുറന്നു പറയുന്നില്ലന്നെ ഉള്ളു , നിന്നെ ഇത്രയും സ്നേഹിക്കുന്ന , ശ്രദ്ധിക്കുന്ന ഒരാൾ വേറെ ഉണ്ടാകില്ല ദുർഗ്ഗാ . ഒരു പാട് സ്നേഹം ഉള്ളിൽ വച്ച് നിന്റെ മുന്നിൽ ദേഷ്യത്തിന്റെ മുഖമൂടിയുമായി നടക്കുകയാണ് . "


തന്റെ നെറ്റിയിലെ മുറിപ്പാടിൽ തഴുകി ജോൺ പറഞ്ഞു 


"ഹ്മ്മ്.. ജോണേട്ടന് ഇപ്പോഴും വേദന ഉണ്ടോ " ജോണിന്റെ മുറിപ്പാടിലേക്ക് അവൾ നോക്കി.


"ഇല്ല മോളെ, കുറെ നാളായുള്ള വേദന ഇപ്പോൾ മാറിയിരിക്കുന്നു , സന്തോഷം മാത്രമേയുള്ളു.. കൂടെപ്പിറപ്പില്ലാത്ത, ബന്ധുക്കാരില്ലാതെ എനിക്ക് ഒരനിയനെയും അനിയത്തിയേയും കിട്ടിയില്ലേ "


ജോണിന്റെ കണ്ണ് നിറഞ്ഞു വരുന്നത് അവൾ കണ്ടു . പറഞ്ഞത് പകുതിയും മനസ്സിലായില്ലെങ്കിലും ജോണും ഉണ്ണിയും തന്നോടൊപ്പം എന്നും ഉണ്ടാകുമെന്നു അവൾക്കു തോന്നി. ദുർഗ്ഗയെ അത്‌ഭുതപെടുത്തികൊണ്ടു ന്യൂ ഇയർ സമ്മാനമായി ഉണ്ണി പ്രേമചന്ദ്രൻ വഴി അവൾക്കൊരു ഒരു സ്കൂട്ടി സമ്മാനിച്ചു. ഉണ്ണിയേട്ടന് തന്നോടുള്ള കരുതലും സ്നേഹവും എത്ര വലുതാണെന്ന് അവൾക്കു മനസ്സിലായി.


സ്കൂട്ടി ലഭിച്ച ശേഷം കോളേജിൽ പോക്കും വൈകിട്ട് കുട്ടികളോടൊപ്പം അവളുടെ കറങ്ങി നടപ്പുമെല്ലാം അതിൽ തന്നെയായി. ഇതിനിടയിൽ ഉണ്ണി സിവിൽ സർവീസിന്റെ മെയിൻ പരീക്ഷ വിജയിച്ചതായും , ഫെബ്രുവരി അവസാനത്തോടെ ഇന്റർവ്യൂ ഉണ്ടാകുമെന്നുമുള്ള അറിയിപ്പ് കിട്ടി. ജീവിതത്തിൽ ആദ്യമായി തന്റെ പ്രാർത്ഥന ദൈവം കേൾകുന്നതായി അവൾക്ക് തോന്നി. തന്റെ രണ്ടാം സെമസ്റ്റർ പരീക്ഷയെക്കാൾ അവൾക്കു ഉണ്ണിയുടെ ഇന്റർവ്യൂ റിസൾട്ടിന്റെ ഭയമായിരുന്നു ആ കാലയളവിൽ.


ഒടുവിൽ മെയ് ആദ്യവാരം എല്ലാവരുടെയും ആശങ്കകൾക്ക് വിരാമമിട്ടു, പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ഇരുന്നൂറ്റി നാല്പത്തി എട്ടാം റാങ്കോടെ ഉണ്ണി എന്ന രുദ്രൻ മഹാദേവൻ സിവിൽ സർവീസ് ജീവിതത്തിലേക്ക് നടന്നു കയറി . അന്ന് വൈകിട്ട് ദുർഗ്ഗയെ വിളിക്കുമ്പോൾ ആദ്യമായി അവന്റെ സ്വരം ആർദ്രമായിരുന്നു . ഇടർച്ച കൂടാതെ അവൻ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ അവൾ സമ്മതം മൂളി.


രണ്ടു വർഷങ്ങൾ പിന്നെയും കടന്നു പോയി . ഉണ്ണി ഇപ്പോൾ UP കേഡറിൽ, ആഗ്രയിൽ ഡിസിപി ആണ് . ഇതിനിടയിൽ ഒരിക്കൽ പോലും ഉണ്ണി അവളെ കാണാനായി ശ്രമിച്ചിട്ടില്ല. പക്ഷെ , അവൾക്കു വേണ്ടി ഒരു വിളിപ്പാടകലെ എന്നും അവൻ ഉണ്ടായിരുന്നു. ഉണ്ണിയുടെ കൂടി ശ്രമഫലമായി രണ്ടു ലോറികൾ സ്വന്തമാക്കിയിരുന്ന ജോൺ ഇടക്കെല്ലാം ഒരു ദൂതനെ പോലെ അവളെ കാണാൻ എത്തിയിരുന്നു.


ഉണ്ണിയുടെ ആഗ്രഹം പോലെ , യൂണിവേഴ്‌സിറ്റി തലത്തിൽ ഒന്നാം റാങ്കോടെ അവൾ മൂന്ന് വർഷ LLB കോഴ്സ് പൂർത്തിയാക്കി .ബിരുദ ദാന ചടങ്ങിൽ ഉണ്ണിയെ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവന്റെ അഭാവം അവളെ വിഷമിപ്പിച്ചു . ചടങ്ങിനൊടുവിൽ ഉണ്ണിയുടെ സമ്മാനമായി , ജോൺ നീട്ടിയ ചെറിയ ചുമല പെട്ടി തട്ടിക്കളഞ്ഞു അവൾ പുറത്തേക്കോടി . അവളുടെ മനസ്സിൽ ഒരിക്കൽക്കൂടി താൻ പ്രണയത്തിൽ പരാജയപ്പെടുകയാണോ എന്നൊരു ഭയം വന്നു നിറഞ്ഞു . പക്ഷെ , അവളുടെ ആ പേടിയെ ഇല്ലാതാക്കി , ഉണ്ണി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിന് വെളിയിൽ അവളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു . തന്റെ നെഞ്ചിൽ വീണു കരയുന്ന ദുർഗ്ഗയെ അടർത്തി മാറ്റി , ജോണിന്റെ കയ്യിലെ ചുമല പെട്ടിയിൽ നിന്നും രുദ്രൻ എന്നെഴുതിയ സ്വർണ്ണ മോതിരം അവളുടെ വലതു കയ്യിലെ മോതിര വിരലിലേക്കു അണിയിച്ചു. 


നീണ്ട ആറു വർഷങ്ങൾക്ക് ശേഷം തിരിച്ചു കേരളത്തിൽ മടങ്ങിയെത്തി , വിൽവാദ്രിനാഥന്റെ മുന്നിൽ വച്ച്, അച്ഛൻ, ഉണ്ണിയുടെ കൈകളിൽ ദുർഗ്ഗയെ ഏൽപ്പിക്കുമ്പോൾ, അവൾ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും LLM പൂർത്തിയാക്കി അഡ്വക്കേറ്റ് കട്ടാരിയയുടെ ഓഫീസിൽ വർമാജിക്കു കീഴെ പ്രാക്ടീസ് തുടങ്ങിയിരുന്നു .


മയക്കത്തിൽ നിന്നും ഉണർന്ന ദുർഗ്ഗ കണ്ടത് , കസേരയിൽ ഇരുന്നു , തന്റെ ബെഡിൽ തലചേർത്തു വച്ച് മയങ്ങുന്ന ഉണ്ണിയെ ആണ്. അവൾ പതുക്കെ തന്റെ കൈ ഉയർത്തി അവന്റെ തലയിൽ തലോടി. 


ആശുപത്രിയിൽ എത്തി പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞിരുന്നു. അവളെ വീൽചെയറിൽ ഇരുത്തി റൂമിനു വെളിയിലെ ചെറിയ ഇടനാഴിയിലൂടെ തള്ളി കൊണ്ടുപോയി അങ്ങേ അറ്റത്തെ തുറന്ന സ്ഥലത്തു ഇരുത്തിയിരിക്കുകയാണ് ജോൺ . അത്യാവശ്യ കാര്യങ്ങൾ നോക്കാനായി ഒരു ഹോം നഴ്സിനെ ഏർപ്പാടാണ് ചെയ്തു , ജോലിയുടെ ഭാഗമായി കുറച്ചു ദിവസത്തേക്ക് ഡൽഹിക്കു പോയിരിക്കുകയാണ് ഉണ്ണി . തിരിച്ചു വരുമ്പോൾ മക്കളെയും അമ്മയെയും ഉത്സവം കൂടാൻ കൊണ്ടുവരണം എന്ന ആഗ്രഹം കൂടി അവനുണ്ട് . 


"ജോണേട്ടാ, ശെരിക്കും എനിക്ക് വേണ്ടിയാണോ ഉണ്ണിയേട്ടൻ അശോകനെ തല്ലിയതു ? "


"എന്തെ ഇപ്പൊ അങ്ങിനെ തോന്നാൻ ?"


അകലങ്ങളിലേക്ക് നോക്കി ചോദിച്ച അവളുടെ ആ ചോദ്യത്തിന് ജോണിന് മറുപടി ഉണ്ടായിരുന്നില്ല .


"ഞാനൊരു വക്കീലല്ലേ, അത്യാവശ്യം കള്ളത്തരമൊക്കെ എനിക്കും തിരിച്ചറിയാൻ പറ്റും, ജോണേട്ടന് അറിയാവുന്ന സത്യം പറ, എനിക്ക് വേണ്ടിയാണോ ഈ ഉത്സവം നടത്തുന്നത് ,അതോ ഞാൻ അറിയാത്ത കഥകൾ ഇനിയും ബാക്കിയുണ്ടോ ഉണ്ണിയേട്ടന്. "


ജോൺ കണ്ണുകൾ അടച്ചു അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഒന്നിലേക്ക് ഇരുന്നു. തന്റെ തലയിൽ ശ്കതമായി എന്തോ വന്നു അടിക്കുന്നതായും ബോധം മറയുന്നതായും അയാൾക്ക്‌ തോന്നി ..


"പള്ളിപ്പറമ്പിൽ ജോൺ .. "


അടഞ്ഞു പോകുന്ന തന്റെ കണ്ണുകളിലേക്കു വെള്ളം കോരിയൊഴിച്ചു മുൻപിൽ നിന്ന ആൾരൂപം അലറി. 


(തുടരും )


കുറിപ്പ് :- ഇത്തിരി വേഗത്തിൽ ആണ് കഥ പോകുന്നത് എന്നറിയാം, ക്ഷമിക്കുക.

No comments:

Post a Comment