കുറിപ്പ് :-
1 . കഥ വായനക്കാർക്ക് മനസ്സിലായില്ലങ്കിൽ അത് കഥാകാരന്റെ പരാജയം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . അത് കൊണ്ട് തന്നെ പറയട്ടെ , കഴിഞ്ഞ അദ്ധ്യായവും ഈ അദ്ധ്യായവും ഉണ്ണിയെ കുറിച്ചു ദുർഗ്ഗ ചോദിക്കുമ്പോൾ ജോൺ ഓർത്തെടുക്കുന്നതാണ് . ഈ കഥ വർത്തമാന കാലത്തിൽ സന്ദര്ഭത്തിനനുസരിച്ചു ഒരു ഓർഡർ ഇല്ലാതെ ഭൂതകാലം ഓർത്തെടുക്കണത് പോലെയാണ് എഴുതിയിരിക്കുന്നത് . ക്ഷമിക്കുക .
2 . ഇന്നത്തെ അദ്ധ്യായം വായിക്കുന്നതിനു മുൻപ് ആദ്യത്തെ അദ്ധ്യായം (ഉത്സവപ്പിറ്റേന്ന് 1) വായിക്കുന്നത് നല്ലതായിരിക്കും. അല്ലാതെ ചുമ്മാ ട്വിസ്റ്റ് ഇട്ടു എന്ന് പറയരുത് .
####################################
ഒരിക്കൽ കൂടി ജോണിനെ അടിക്കാൻ ഉണ്ണി തുനിഞ്ഞെങ്കിലും അയാളുടെ കണ്ണുകളിലെ ദയനീയാവസ്ഥ കണ്ടു അവൻ പുറകോട്ടു മാറി . അടുത്ത് ഇരുന്ന വീപ്പയിൽ നിന്നും വീണ്ടും ഒരു ജാർ വെള്ളമെടുത്തു ജോണിന്റെ മുഖത്തേക്ക് ഒഴിച്ചു.
"അപ്പൊൾ നമ്മൾ എവിടാ പറഞ്ഞു നിർത്തിയത്.. ആ.. മഹാദേവൻ, അവർക്കു രണ്ടു മക്കൾ, രേവതിയും രുദ്രനും. പ്രീഡിഗ്രിയോടെ പഠിത്തം നിർത്തിയ സഹദേവൻ പിന്നീട് കടയിൽ മഹാദേവനെ സഹായിക്കാൻ പോയിത്തുടങ്ങി. ഒരു സഹായിയെ കൂടെ കിട്ടിയപ്പോൾ മഹാദേവൻ ആ കട വലുതാക്കുകയും കച്ചവടം നല്ല രീതീയിൽ മുന്നോട്ടു പോവുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയി. ഇതിടയിൽ കടയിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് പൂങ്കാവിൽ കുറച്ചു സ്ഥലം വാങ്ങുകയും, തന്റെ കുടുംബ പേരായ ഇലഞ്ഞിക്കൽ എന്ന് പേരിട്ടു ഒരു ചെറിയ ഓടിട്ട വീട് അയാൾ പണിയുകയും ചെയ്തു. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ആ കുടുംബം മുന്നോട്ടു പോയി തുടങ്ങി. കുട്ടികൾ വലുതായി , അതോടൊപ്പം സുഭദ്ര സഹദേവന് പെണ്ണ് നോക്കാനും തുടങ്ങി. അതിനിടയിലാണ് .... "
ഉണ്ണി ഒന്ന് നിർത്തി ജാർ കയ്യിലെടുത്തു വീപ്പയിൽ നിന്നും വെള്ളമെടുത്തു രണ്ടു കവിൾ കുടിച്ചു. ബാക്കി തന്റെ മുഖത്തേക്കും തലയിലേക്കും ഒഴിച്ചു . വീണ്ടും ഒരടി കൂടി പ്രതീക്ഷിച്ച പോലെ ജോൺ രണ്ടു കൈകൾ കൊണ്ടും മുട്ടുകാലുകൾ ശരീരത്തേക്കു ചേർത്ത് മുറിയുടെ മൂലയിലേക്ക് ചേർന്നിരുന്നു.
"ആ, അതിനിടയിലാണ് , ചെറുകുന്നേൽ മാമച്ചൻ ആ നാട്ടിൽ , മഹാദേവന്റെ പലചരക്കു കടയുടെ തൊട്ടടുത്ത് ചെറുകുന്നേൽ ചിട്ടീസ് തുടങ്ങിയത് . അത്യാവശ്യം കണക്കറിയാവുന്ന സഹദേവന് അവിടെ ജോലിയും കിട്ടി. വലിയ പൈസക്കാരായിരുന്ന ചെറുകുന്നേൽക്കാരുടെ വഴിപിഴച്ച ഇളയ സന്തതി ആയിരുന്നു മാമച്ചൻ. പക്ഷെ അയാളുടെ സ്വഭാവം അറിയാതെ നാട്ടുകാർ , ജമ്മുവിലെ അയാളുടെ ബ്രാഞ്ചിൽ നിന്നും തുടങ്ങിയിരുന്ന അഞ്ചു രൂപയുടെ ദിവസ ചിട്ടി മുതൽ അമ്പതു രൂപയുടെ മാസ ചിട്ടിയിൽ വരെ പണമിറക്കി. ഇതിനെല്ലാം പിന്നിൽ സഹദേവന്റെ വാക്കു സാമർഥ്യം ആണെന്നറിഞ്ഞ മാമച്ചൻ സഹദേവന്റെ ശമ്പളം കൂട്ടികൊടുത്തും, ചിട്ടി കിട്ടിയവർക്കു കൃത്യമായി പൈസ കൊടുത്തും , സഹദേവന്റെയും നാട്ടുകാരുടെയും വിശ്വാസം നേടിക്കൊണ്ടിരുന്നു. പക്ഷെ, നല്ല രീതിയിൽ പ്രവർത്തിച്ചു പോന്ന ആ ചിട്ടി കമ്പനി ഒരു വർഷത്തിന് ശേഷം അടച്ചു പൂട്ടി, കിട്ടിയ പൈസയുമായി മാമച്ചൻ നാട് വിട്ടു. സഹദേവനെ വിശ്വസിച്ചു , പൈസ ഇട്ടവർ മുഴുവനും, അവനെതിരായി.ആ ചിട്ടി കമ്പനിയിലെ ജോലിക്കാരൻ എന്ന നിലയിൽ SI അനന്തൻ സഹദേവനെ അറസ്റ് ചെയ്തു. "
മൂലയിലേക്ക് ചുരുണ്ടു കൂടി ഇരിക്കുന്ന ജോണിനു നേരെ തന്റെ കയ്യിലിരിക്കുന്ന തടിക്കഷണം ചൂണ്ടി ഉണ്ണി തുടർന്നു .
"ഒടുവിൽ മഹാദേവന്റെ ശ്രമഭലമായി വിശ്വനാഥപ്പണിക്കർ മുഖേനേ സഹദേവന് ജാമ്യം കിട്ടി. പക്ഷെ, വീട്ടിലേക്കു വരാതെ മാമച്ചനെ തേടിപ്പോയ സഹദേവൻ കാറിടിച്ചു മരിച്ചു എന്ന വാർത്തയാണ് നാട്ടുകാർ അറിഞ്ഞത്. പിന്നെ കേട്ടത് , ആ കാർ ഓടിച്ചിരുന്നത് വിശ്വനാഥപ്പണിക്കരുടെ ഡ്രൈവർ ആയിരുന്ന പള്ളിപ്പറമ്പിൽ ജോൺ ആണെന്നും. "
തന്റെ നേരെ നോക്കുന്ന ഉണ്ണിയുടെ കണ്ണുകളിൽ വീണ്ടും പകയെരിയുന്നതു ജോൺ കണ്ടു .
"അവിടം കൊണ്ടും ഈ കഥ തീർന്നില്ല ജോണേ.. മഹാദേവൻ, മകനെ പോലെ സ്നേഹിച്ച സഹദേവന്റെ മരണത്തിന്റെ പിന്നിലുള്ള യതാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു മാസത്തിനു ശേഷം, പൂങ്കാവിലെ ഉത്സവപ്പിറ്റേന്നു , കടയിൽ നിന്നും ചേച്ചിക്ക് ചാന്തും കണ്മഷിയും വളയും, എനിക്ക് പൊട്ടാസിന്റെ തോക്കും വാങ്ങിച്ചു തന്ന ശേഷം , നടന്നു പോയ അച്ഛനെ പിന്നെ ഞാൻ കാണുന്നത് ... "
ഉണ്ണിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി .. വർധിച്ച ദേഷ്യത്തോടെ തന്റെ കയ്യിലിരുന്ന തടിക്കഷണം ശക്തിയായി നിലത്തടിച്ചതു കാരണം അത് രണ്ടു കഷണമായി തെറിച്ചു പോയി.
"അച്ഛനെ കാണാതെ , രണ്ടു ദിവസം ഞാനും അമ്മയും ചേച്ചിയും അലഞ്ഞു നടന്നു , .. എല്ലാവരും പറഞ്ഞത് അന്ന് വൈകിട്ട് കട പൂട്ടി അച്ഛൻ വീട്ടിലേക്കു പോന്നു എന്നാണ് , ഒടുവിൽ മൂന്നാം ദിവസം രാവിലെ അമ്പല കുളത്തിൽ ചീഞ്ഞു നാറിയ ഒരു ശവമായി അച്ഛൻ പൊങ്ങി. കണ്ണുകൾ രണ്ടും മീനുകൾ കൊത്തി തിന്നിരുന്നു. ആ കാഴ്ച കാണാനാകാതെ അമ്മയും, ചേച്ചിയും മയങ്ങി വീണു. നാട്ടുകാരുടെ വിശ്വാസപ്രകാരം , ഉത്സവം കഴിഞ്ഞാൽ ഏഴു ദിവസത്തേക്ക് അമ്പലത്തിന്റെ അടുത്ത് പകൽ പോലും പോകാൻ പാടില്ല . പക്ഷെ , അത് തെറ്റിച്ചു , രാത്രിയിൽ അത് വഴി വന്ന അച്ഛൻ കാണാൻ പാടില്ലാത്തതു എന്തോ കണ്ടു പേടിച്ചു മരിച്ചു വീണു എന്ന മറ്റൊരു കഥ നാട് മുഴുവൻ പരന്നു . പോലീസ് ആകട്ടെ അതിനെ ആത്മഹത്യയാക്കി മാറ്റുകയും ചെയ്തു ."
ഉണ്ണി നടന്നു ജോണിനടുത്തേക്കെത്തി, തന്റെ വലതു കാലുയർത്തി ജോണിന്റെ തലയിൽ തൊഴിച്ചു . അയാൾ താഴക്കു മറിഞ്ഞു വീണു .
"തീർന്നില്ല ജോണേ , തുടങ്ങിയതേ ഉള്ളു . "
ഉണ്ണി തിരിച്ചു നടന്നു പഴയ ബെഞ്ചിലേക്ക് ഇരുന്നു.
"അന്ന് പോസ്റ്റുമാർട്ടം കഴിഞ്ഞു തുന്നി കെട്ടിയ ശവത്തിനു തെക്കേമുറ്റത്തു തീ കൊളുത്തിയപ്പോൾ, എന്നെ ചേർത്ത് പിടിച്ച ഒരാളുണ്ട്, പിന്നീട് അമ്മയുടെയും അമ്മാവന്റെയും പേരിലുള്ള സ്വത്തു വിറ്റു മാമച്ചൻ പറ്റിച്ചു കൊണ്ട് പോയ നാട്ടുകാരുടെ കടം മുഴുവൻ വീട്ടാൻ കൂടെ നിന്ന ഒരാൾ, അച്ഛന്റെ കട വിറ്റു രേവതി ചേച്ചിയുടെ പേരിൽ ബാങ്കിലിട്ടു, അവളേ നേഴ്സിങ് പഠിക്കാൻ സഹായിച്ച ഒരാൾ, അവളുടെ കല്യാണം ഒരച്ഛന്റെ കടമയോടെ മുന്നിൽ നിന്നും നടത്തിയ ഒരാൾ , ഒടുവിൽ മൂന്നു വര്ഷത്തിനപ്പുറം പത്താം ക്‌ളാസ് റിസൾട്ട് വന്ന ദിവസം, എന്നെ ചേർത്ത് പിടിച്ചു അമ്മയോട് , എന്നോട് , നിന്റയും, മാമച്ചന്റെയും, പണിക്കരുടെയും പിന്നെ പഴയ SI അനന്തന്റെയും കഥകൾ വിശദമാക്കിത്തന്ന ഒരാൾ, എന്നെ ഉണ്ണിയിൽ നിന്നും രുദ്രനാക്കിയ ആൾ .. രാമേട്ടൻ , ഗുമസ്തൻ രാമേട്ടൻ "
ആ പേര് കേട്ടതോടെ ജോൺ നിലത്തു നിന്നും എഴുനേൽക്കാൻ ശ്രമിച്ചു , പക്ഷെ , അയാളുടെ കാലുകളിൽ കുരുക്കി ഇട്ടിരുന്ന കയർ അതിനു സമ്മതിച്ചില്ല., കൈകൾ കുത്തി അയാൾ ഭിത്തിയോട് ചേർന്നിരുന്നു അത്ഭുതത്തോടെ ഉണ്ണിയെ നോക്കി.
"അതെ ജോൺ , അവിടം മുതൽ ഇവിടം വരെ എല്ലാ കഥകളും എഴുതിയത് രാമേട്ടനാണ്, സംവിധാനം , അഭിനയം എല്ലാം ഞാനും. ആദ്യം അമ്മയെ രാമേട്ടൻ മഠത്തിൽ തറവാട്ടിൽ ജോലിക്കാരിയാക്കി. ഒരമ്മയുടെ, സഹോദരങ്ങളുടെ സ്നേഹം അറിയാതെ ജീവിച്ച വൈശാഖിനെ ഞങ്ങളുടെ കളിപ്പാവയാക്കി. അവന്റെ കുട്ടിക്കാലത്തു , ഒന്നാം നിലയിൽ നിന്നും താഴേക്കു തടി കൊണ്ടുള്ള സ്റ്റെപ്പുകളിലൂടെ തലയിടിച്ചു വീണു, കുറച്ചു നാൾ ആശുപത്രിൽ കഴിഞ്ഞു , പിന്നീട് മരിച്ചു പോയ അവന്റെ അമ്മ , ആ മരണത്തിനു കാരണക്കാരൻ പണിക്കാരാണെന്നുള്ള അവന്റെ വിശ്വാസം, സത്യമോ മിഥ്യയോ, അത് ഞാനും അമ്മയും ഊതി പെരുപ്പിച്ചു. ഒടുവിൽ ഈ രുദ്രൻ , ചാടാൻ പറഞ്ഞാൽ ചാടാനും ഓടാൻ പറഞ്ഞാൽ ഓടാനും കൊല്ലാൻ പറഞ്ഞാൽ കൊല്ലാനും വരെ , അവന്റെ മനസ്സിന്റെ കണ്ട്രോൾ എന്റെ കയ്യിലായി. എല്ലാം രാമേട്ടന്റെ കഥ. നിനക്കറിയാമോ കുറെ വര്ഷം ഗുമസ്‌തനായി ജോലി ചെയ്തു കഴിഞ്ഞാൽ അയാൾക്ക് ഒരു വക്കീലിനേക്കാൾ അറിവ് കാണും, വിവരവും കുരുട്ടു ബുദ്ധിയും കാണും"
"അപ്പോൾ ജയിലിൽ നിന്നിറങ്ങിയ രാമേട്ടൻ എന്നെ സഹായിച്ചത് ..."
അതിനു മറുപടിയായി ഉണ്ണി ഉറക്കെ ചിരിച്ചു , അത് കേട്ട് പുറത്തു നിന്ന ആ പഞ്ചാബി ഡ്രൈവർ അകത്തേക്ക് കയറി വന്നു .
"അത് നിന്നോടുള്ള ചതി .. കഥ ഇന്റർവെൽ വരെ ആയുള്ളൂ, ബാക്കി കൂടി കേൾക്കു "
ബെഞ്ചിൽ നിന്നും എഴുനേറ്റു ഉണ്ണി വാതില്കലേക്കു നടന്നു. ഇരു കൈകളും വിടർത്തി കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഭിത്തിയിൽ നിന്നും വിടർന്നു നിൽക്കുന്ന കട്ടിളയുടെ വശങ്ങളിൽ പിടിച്ചു ജോണിനെ തിരിഞ്ഞു നോക്കി .
"കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ നടന്നു വരുമ്പോഴായിരുന്നു, ദേവുവിന് വിഷ്ണുവിനോട് പ്രണയം തുടങ്ങിയത്. അന്നൊരു കർക്കിട ദിവസത്തിൽ വയലിലെ ഏറുമാടത്തിൽ എന്നെ തേടി രാമേട്ടൻ പിന്നെയും വന്നും , കാര്യങ്ങൾ പറഞ്ഞു ആ നെഞ്ചിൽ വീണു കരഞ്ഞപ്പോൾ, തോളിൽ തട്ടി ആശ്വസിപ്പിക്കുകയല്ല മറിച്ചു എന്നിൽ ഉറങ്ങിക്കിടന്ന വൈരാഗ്യത്തെ ഉണർത്തുകയാണ് ചെയ്തത്. അന്ന് രാമേട്ടൻ പറഞ്ഞതെന്താണെന്ന് നിനക്കറിയാമോ ,
രുദ്രാ, നീ വീണ്ടും ഉണ്ണിയായി മാറുന്നു . നമ്മൾ കാത്തിരിക്കുന്നവൻ , ജോൺ വരാറായി, ഒരുകണക്കിന് , അവളുടെ ഈ പ്രണയം നിനക്ക് നല്ലതാണ് . നീയും അമ്മയും അവൻ വരുമ്പോൾ ഇവിടെ ഉണ്ടാകാൻ പാടില്ല , പിന്നെ ദേവൂ, അവളെ ഞാൻ നിന്റെയടുത്തെത്തിക്കും, എനിക്കറിയാം, അവളെ നിന്നെ പോലെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ല "
"അതെ ജോണേ , അന്ന് ഞങ്ങൾ വീണ്ടും കഥ മാറ്റിയെഴുതി. ഞാനും അമ്മയും ഡൽഹിക്കു പോന്നു , മൂന്നു വര്ഷത്തിനു ശേഷം കൃത്യമായി നീയും ദേവുവും ഇവിടെയെത്തി. "
ജോൺ വീണ്ടും ആശ്ചര്യത്തോടെ ഉണ്ണിയെ നോക്കി .
"എല്ലാവരും കരുതിയത്, ഉണ്ണി പിന്നെ നാട്ടിൽ തിരിച്ചു ചെന്നിട്ടില്ല എന്നാണ് .പക്ഷെ , ഈ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പലതവണ ഞാൻ നാട്ടിൽ വന്നു, അത് അറിയാവുന്നതു, രാമേട്ടനും, വൈശാഖിനും പിന്നെ ദെത്തനും മാത്രം. ആദ്യം വന്നത് , നീ ജയിലിൽ നിന്നിറങ്ങിയ ദിവസം, അന്ന് നീ കറക്റ്റ് ആയി ഞങ്ങൾ വിരിച്ച വലയിൽ വീണു , രാമേട്ടനെയും വൈശാഖിനെയും വിശ്വസിച്ചു നീ പണിക്കരുടെ അടുത്ത് നിന്നും വഴക്കിട്ടു പോന്നു . അവസാനം വന്നത് , നീയും ദേവുവും നാട് വിട്ട ദിവസം, ഞങ്ങളുടെ കഥയിൽ ഒരു പാളിച്ച പോലും വരാതിരിക്കാൻ , നീ അന്ന് ദേവുമായി ബൈക്കിൽ പോകുന്നത് വരെ, നിന്റെ സംസാരം കേട്ട് ഞാനും ആ ജങ്ഷനിൽ ഉണ്ടായിരുന്നു. എന്തിനു , അന്ന് വൈശാഖ് നിന്റെ കയ്യിലേൽപിച്ച മൂവായിരം രൂപ പോലും ഞാൻ കൊടുത്തതായിരുന്നു, എന്റെ ദേവുവിനു യാത്രയിൽ ഒരു കുറവും ഉണ്ടാകാതിരിക്കാൻ . പിന്നീട് , എവിടെ എങ്കിലും ഒന്ന് തെറ്റിയാൽ അവളെ ഇവിടെ എത്തിക്കാൻ ഞാൻ പുറകെ തന്നെ ഉണ്ടായിരുന്നു. നിങ്ങൾ കയറിയ ചെന്നൈ എക്സ് പ്രെസ്സിലും, GT എക്സ് പ്രെസ്സിലും ഒരു നിഴല് പോലെ. ഒടുവിൽ അവളും നീയും നിസാമുദ്ധീൻ സ്റ്റേഷനിൽ എന്നെ നോക്കി നടക്കുമ്പോൾ, പുറകിലെ ബോഗിയിൽ നിന്നിറങ്ങി, അവിടെ കാത്തിരുന്ന പോലെ ഞാൻ അഭിനയിച്ചു . നിങ്ങൾ നാട്ടിൽ നിന്നും പോന്നതിന്റെ അടുത്ത ദിവസം , ഉത്സവപ്പിറ്റേന്ന് , പൂങ്കാവിൽ നിന്നും രാമേട്ടൻ ദെത്തന്റെ വീട്ടിൽ പോകും വഴി പറഞ്ഞത് , ദുർഗ്ഗ പോയത് അവളെ ഒരുപാടു സ്നേഹിക്കുന്നവരുടെ അടുത്തേക്കാണെന്നാണ് , അതായതു എന്റെയും അമ്മയുടെയും അടുത്തേക്ക് എന്ന് ."
ഉണ്ണി വീണ്ടും അയാൾക്ക് നേരെ നടന്നടുത്തു .
"ചുരുക്കി പറഞ്ഞാൽ രാമേട്ടൻ പറഞ്ഞപോലെ, നിന്നെ ഞാൻ ഇവിടെ കൊണ്ടുവന്നു, അവളെയും. നാട്ടിലെ എന്റെ കൂട്ടുകാർ , രാമേട്ടൻ എല്ലാവരും പറഞ്ഞത് , നീയല്ല എന്റെ അമ്മാവനെ കൊന്നത് എന്നാണ് , നീ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് എന്റെ അച്ഛൻ മരിച്ചത് , എങ്കിലും ഞങ്ങൾ വിശ്വസിക്കുന്നു നീ അല്ല അതിനും പുറകിൽ എന്ന് .. നീ ഇപ്പോഴും ജീവനോടെ ഇരിക്കാൻ ഒരു കാരണം അത് തന്നെയാണ് .. "
ഒരു ദീർഘശ്വാസം എടുത്തു ഉണ്ണി ജോണിന്റെ മുഖത്തേക്ക് നോക്കി .
"അപ്പോൾ നേരത്തെ ഞാൻ പറഞ്ഞ ആ ചോദ്യം ഇതാണ് ... ആരാണ് എന്റെ അച്ഛനെയും അമ്മാവനെയും കൊന്നത് , നിനക്കറിയാവുന്നതു പെട്ടന്ന് പറ "
"അത് "
ഉണ്ണിയുടെ വലതു കൈ വീണ്ടും മുകളിലേക്ക് ഉയർന്നു , അതിനാനുപാതികമായി ജോണിന്റെ കാലിൽ കെട്ടിയിരുന്ന കയർ വലിയുകയും അയാൾ വീണ്ടും തലകീഴായി തൂങ്ങികിടക്കുകയും ചെയ്തു .
ഒരിക്കൽ കൂടി ജോണിന്റെ മുഖത്തേക്ക് വെള്ളം തെറിച്ചു വീണു .
"എന്ത് പറ്റി ജോണേട്ടാ .. ഒന്നും പറഞ്ഞില്ലല്ലോ , ഉണ്ണിയേട്ടൻ... " ദുർഗ്ഗ അടുത്ത് കസേരയിൽ കണ്ണടച്ചിരുന്ന ജോണിന്റെ മുഖത്തേക്ക് വെളിയിൽ പെയ്യുന്ന മഴയിൽ നിന്നും കൈക്കുമ്പിളിൽ പിടിച്ച വെള്ളം നീട്ടിയെറിഞ്ഞു .
പുഞ്ചിരിച്ചു കൊണ്ട് ജോൺ അവിടെനിന്നും എഴുനേറ്റു .
"മഴ കാലം തെറ്റി പെയ്യുകയാണല്ലോ മോളെ. .. "
"ജോണേട്ടൻ ഞാൻ ചോദിച്ചതിന് മറുപടി ഒന്നും തന്നില്ല .."
"വര്ഷങ്ങള്ക്കു മുൻപേ പറഞ്ഞതെ ഇപ്പോഴും എനിക്ക് പറയാനുള്ളു. ഒരു പാട് അനുഭവിച്ചതാണ് അവൻ, അത് പോലെ നിന്നോട് ഒത്തിരി ഇഷ്ടവുമുണ്ട് , ഒന്ന് പറയാം , ഈ ഉത്സവം കഴിയുമ്പോൾ, ചിലരെല്ലാം നമ്മളെ വിട്ടു പോകും.. പിന്നെ , അവൻ വരുന്നതിനു മുൻപ് , ചെയ്തു തീർക്കാൻ എനിക്ക് കുറച്ചു ജോലി കൂടി ബാക്കിയുണ്ട് ."
അവളുടെ വീൽചെയർ തള്ളിക്കൊണ്ട് വന്നു , റൂമിനു പുറത്തു കാത്ത് നിന്ന ഹോം നഴ്‌സിനെ ഏല്പിച്ചു ജോൺ നടന്നകന്നു. ദുർഗ്ഗ ആ റൂമിന്റെ വാതിൽക്കൽ അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഒന്നും മനസ്സിലാകാത്തവളെ പോലെ നോക്കിയിരുന്നു.
ഈ സമയം ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ ഇരിക്കുകയായിരുന്നു ഉണ്ണിയും അമ്മയും , എതിർ വശത്തുള്ള സീറ്റിൽ ഉണ്ണിയുടെ കുട്ടികളും .
താഴെ കാണുന്ന പഞ്ഞികെട്ടുപോലുള്ള മേഘങ്ങളേ നോക്കിയിരിക്കുന്ന അമ്മയുടെ വലതു കൈ തന്റെ ഇരു കൈകളിലും എടുത്തു ഉണ്ണി അവരോടു ചേർന്നിരുന്നു .
"അമ്മക്ക് ഇഷ്ടമുള്ള ഒരാളെ വിട്ടുതരാമെന്നു ഞാൻ വാക്ക് തന്നിരുന്നു ,അതാരാണെന്ന് പറഞ്ഞില്ല ഇത് വരെ."
ഉണ്ണിയെ നോക്കി പുഞ്ചിരിച്ച അമ്മയ്ക്ക് നേരെ തന്റെ വലതു കൈ നീട്ടി അതിലെ മൂന്നു വിരലുകൾ ഉയർത്തി.
"പണിക്കർ, അനന്തൻ, മാമച്ചൻ"
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
No comments:
Post a Comment