Friday, October 25, 2019

ശരത്കാലം 17




"അപ്പോൾ ഷേർളി ചേച്ചി... "

നീന അത്ഭുതത്തോടെ സൈമണിനെ നോക്കി .. 

"ഹ്മ്മ് .. ഷേർളിക്ക് അനിലിനെ ഇഷ്ടമായിരുന്നു.. "

"അപ്പോൾ ഈ ഭാമ.. അവരുടെ കത്തുകൾ. "

"നീന.. സ്വാർത്ഥത... മനുഷ്യനെ ചതിയനാകുന്നത് സ്വാർത്ഥത എന്ന വികാരമാണ്. നമ്മൾ എത്രയും കൂടുതൽ സ്വാർത്ഥരാകുന്നുവോ അത്രയും ചതിയന്മാരും ആകും... "

"എന്ന് വച്ചാൽ.. "

"എന്ന് വച്ചാൽ.. ശേഖരനും ഷേർളിയും ചേർന്നുണ്ടാക്കിയ പ്ലാൻ ,അതായിരുന്നു ആ മൂന്നു വർഷങ്ങളിൽ കണ്ടത്.. "

"എങ്ങനെ.. "

സൈമൺ  ഒരു ദീർഘ നിശ്വാസത്തോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു ജനലിന്റെ അരികിലേക്ക് നടന്നു. 

"ഭാമയെ സ്വന്തമാക്കാൻ അനിൽ എങ്ങനെ ആണോ ശേഖരന്റെ സഹായം തേടിയത്, അത് പോലെ തന്നെ ഷേർളി അനിലിനെ സ്വന്തമാക്കാൻ ശേഖരന്റെ സഹായം തേടിയിരുന്നു .. "

"അതിനു ഷേർളി ചേച്ചി എന്തിനാ ശേഖരനോട് ചോദിക്കുന്നെ.. ഈ അനിൽ വീട്ടിൽ തന്നെ അല്ലേ താമസിക്കുന്നെ. നേരിട്ട് ചോദിച്ചാ പോരെ... ഹ്മ്മ്.. പിന്നെ അതുമല്ല ആൾ അത്രക്ക് സ്മാർട്ട് ആയിരുന്നോ... "

മറുപടിയായി സൈമണിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു , പുച്ഛം കലർന്ന പുഞ്ചിരി . 

"അഹ് .. അപ്പോൾ നിങ്ങൾക്കും അയാളോട് അസൂയ ആയിരുന്നോ .. " 

ആ പുഞ്ചിരിയിൽ ഒളിഞ്ഞു കിടന്ന മറുപടി വായിച്ചെടുക്കാൻ  നീനക്കു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .

"ഹ്മ്മ്.. അനിൽ ഒരു പതിഞ്ഞ സ്വഭാവക്കാരനായിരുന്നു, ഇവൻ,  ഈ രാഹുലിനെ പോലെ.. ആരോടും വഴക്കിന് പോകില്ല, മാക്സിമം ക്ഷമിക്കും, ആര് എന്ത് പറഞ്ഞാലും തന്നാൽ കഴിയുന്ന പോലെ സഹായിക്കും, നല്ലവണ്ണം പാടും, വരക്കും , കാണാനും മിടുക്കൻ.. കോളേജിൽ എല്ലാവര്ക്കും അവനെ വല്യ കാര്യമായിരുന്നു.. എന്തിനു.. ഈ തേരേഴത്തു വീട്ടിൽ പോലും അവൻ പറയുന്നത് കഴിഞ്ഞിട്ടേ പാപ്പനും  അമ്മച്ചിയും ഞങ്ങളുടെ വാക്കുകൾ പോലും കേട്ടിരുന്നുള്ളൂ .. "

സൈമൺ ശ്വാസമെടുത്തു തിരിഞ്ഞു നിന്നു.  പഴയ കാര്യങ്ങൾ പറയുമ്പോൾ പോലും അയാളുടെ മനസ്സിൽ തികട്ടിവരുന്ന പക നീനക്കു മനസ്സിലായി .. 

"എന്നിട്ടു.. ഈ ഷേർളിയും ശേഖരനും തമ്മിലുള്ള ബന്ധം.. അതെങ്ങനെ .. "

"പറയാം .. "

സൈമൺ നടന്നു ടേബിളിനടുത്തെത്തി  ജാറിലിരുന്ന വെള്ളം ഒരു കവിൾ കുടിച്ചു . 

"അനിലിനോട് , അവൻ ഇവിടെ വന്ന ആദ്യ ദിവസം തന്നെ ഷേർളിക്ക് ഇഷ്ടം തോന്നിയിരുന്നു. പിന്നീട് ഓരോ തവണ കാണുമ്പോഴും അത് കൂടിക്കൂടി വന്നതേ ഒള്ളൂ. അപ്പോഴാണ് അവനു ഭാമയോടാണ് ഇഷ്ടം എന്ന് അവൾക്കു മനസ്സിലായത്. ശേഖരനും ഭാമയും തമ്മിലുള്ള ബന്ധം അറിയാമായിരുന്ന ഷേർളി അങ്ങനെ ആണ് അനിലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ എന്ന നിലയിൽ അയാളെ പോയി കാണുന്നത് .. അനിലിന്റേയും ഭാമയുടെയും സംസാരവും വളരെ അടുത്തുള്ള പെരുമാറ്റവും കണ്ടു ഭയപ്പെട്ടു നിന്ന ശേഖരനും അതൊരു  പിടിവള്ളിയായിരുന്നു. കാരണം കുട്ടികാലത്തെ തന്നെ അവന്റെ മനസ്സിൽ കയറിക്കൂടിയ പെണ്ണായിരുന്നു ഭാമ. "

"യു മീൻ ...ഭാമക്ക് ശേഖരനെ ഇഷ്ട്ടമായിരുന്നെന്നോ.. "

"അതെ .. ശേഖരനും ഭാമക്കും പരസ്പരം ഇഷ്ട്മായിരുന്നു. ശേഖരൻ പറയുന്നതിന്റെ അപ്പുറം പോകാത്ത  പെൺകുട്ടിയായിരുന്നു ഭാമ.."


"അപ്പോൾ അനിലും ഭാമയുമായുള്ള പ്രണയം, ആ കത്തുകൾ .."

"അതായിരുന്നു ചതി, ശേഖരന്റെ ..ഷേർളിയുടെ.. ചതി .. "

"മീൻസ്.. "

"സിമ്പിൾ.. ശേഖരൻ അനിലിന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്ന കത്തുകൾ എല്ലാ ഷേർളിക്കായിരുന്നു കൊടുത്തിരുന്നത്, പകരം അവൾ കൊടുക്കുന്ന എഴുത്തുകൾ ആയിരുന്നു ഭാമയുടെ പേരിൽ അനിലിന് കിട്ടിയിരുന്നത്.. "

"അപ്പോൾ ഇതൊന്നും ഭാമക്ക് അറിയില്ലായിരുന്നു.. "

"ഇല്ല.. അവൾക്ക് അനിൽ നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു.. "

"അങ്ങിനെ ആണെങ്കിൽ, അതായത് ഈ കത്തുകൾ എഴുതിയത് ഭാമ അല്ലായിരുന്നെങ്കിൽ അനിലിന് കൈയ്യക്ഷരം മനസ്സിലാകില്ലേ.. അത് മാത്രവുമല്ല .. അയാൾക്കു ഭാമയോട് വല്ലാണ്ട് പ്രണയം തോന്നിയാൽ അത് ആപത്താകുമെന്നു ശേഖരൻ ചിന്തിച്ചില്ലേ .."

"ഞാൻ പറഞ്ഞില്ലേ അനിലൊരു പാവമായിരുന്നെന്നു.. അവനു വിശ്വാസമുള്ളവരെ അവൻ കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. .. "

സൈമണിന്റെ വാക്കുകളിൽ വല്ലാത്തൊരു പതർച്ച വന്നത് നീന ശ്രദ്ധിച്ചു ..

"അവരുടെ ഉദ്ദേശം ഭാമ അവനെ ചതിച്ചു എന്ന് വരുത്തുക എന്നതായിരുന്നു,  ഒരു വലിയ പ്ലാൻ ആയിരുന്നു അവരുടേത് .. "

"പക്ഷെ ഭാമ ചതിച്ചു എന്ന് വന്നാൽ അയാൾ തകർന്നു പോകില്ലേ.. "

"ഹ്മ്മ്.. അത് തന്നെ.. ഞാൻ പറയാം.. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നു വന്നവനായിരുന്നു ശേഖരൻ. അവന്റെ മുന്നിൽ പണവും ഭാമയും മാത്രമായിരുന്നു ടാർഗറ്റ് . ഷേർളിയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ശേഖരൻ കണക്കു കൂട്ടിയതും അത് തന്നെ... അവളിൽ നിന്നും അനിലിന്റെ പേരിൽ പലപ്പോഴായി അയാൾ തുകകൾ കൈപ്പറ്റി,  അത് പോലെ ഭാമക്കെന്ന പേരിൽ അനിലിൽ നിന്നും. എന്നാൽ ഭാമയും അനിലും തമ്മിൽ കാണരുത് എന്ന ആഗ്രഹത്തിൽ അവളെ അവളുടെ അച്ഛന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു.. പക്ഷെ , ശേഖരന്റെ ലക്ഷ്യങ്ങൾ അത് മാത്രമായിരുന്നില്ല , ഭാമ അവളുടെ വീട്ടിലേക്കു പോയത് അവിടെ നിന്ന് പഠിക്കാൻ മാത്രമായിരുന്നില്ല"

"പിന്നെ .."

"അവൾക്കവകാശപ്പെട്ട സ്വത്തുക്കൾ വളരെ തുച്ഛമായിരുന്നിട്ടും ശേഖരൻ ഭാമയെ മുന്നിൽ നിർത്തി അവളുടെ അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്നും നേടി. എന്നാൽ അവളുടെ ഒരു തുള്ളി കണ്ണുനീർ വീഴ്ത്താൻ അവൻ സമ്മതിച്ചും ഇല്ല.. "

"ഞാൻ ചോദിച്ചത്, ഭാമയുടെയും ശേഖരന്റേയും വിവാഹ വാർത്തയോടുള്ള അനിലിന്റെ പ്രതികരണം.. അതെങ്ങനെ ആയിരുന്നു .. "

"ഹ്മ്മ്.. ഷേർളിയും ശേഖരനും കണക്കു കൂട്ടിയതും അത് തന്നെയായിരുന്നു.. ഭാമയുടെ വിവാഹ വാർത്ത  അറിഞ്ഞു മാനസ്സികമായി തകർന്നു പോകുന്ന അനിൽ .."

".."

"ഡൽഹിയിൽ എത്തിയ ശേഷമുള്ള ഷേർളിയുടെ തന്നോടുള്ള പെരുമാറ്റം അനിലിൽ അസ്വസ്ഥത  സൃഷ്ടിച്ചിരുന്നു.  അവൻ എന്നോട് പലപ്പോഴും അത് പറഞ്ഞിട്ടുമുണ്ടായിരുന്നു. അവിടെ എത്തി രണ്ടു മാസത്തിനു ശേഷം ഞങ്ങൾ എല്ലാവരും അങ്ങോട്ട് പോയിരുന്നു. ഷേർളിക്ക് താത്കാലികമായി അവിടെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി കിട്ടി, അനിലിന് അവിടെ കോളേജിൽ അഡ്മിഷനും. ഞങ്ങൾ എല്ലാവരും അവിടെ ചെന്നത് കൊണ്ട് തിരിച്ചു വരണമെന്ന അവന്റെ മോഹം നടന്നതുമില്ല.. ഷേർളിയും അനിലും ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ടും , പാപ്പൻ അവനോടു ഷേർളിയുടെ കാര്യങ്ങൾ എല്ലാം നോക്കണമെന്ന് പറഞ്ഞിരുന്നത് കൊണ്ടും അവർ പരസ്പരം മിക്കവാറും കാണാറുണ്ടായിരുന്നു. ഈ സമയങ്ങളിൽ എല്ലാം ഷേർളി അവനോടു പരമാവധി അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ, അപ്പോഴും ഭാമ എന്ന അച്ചുതണ്ടിൽ ചുറ്റിത്തിരിയുകയായിരുന്നു അനിൽ. "

"എന്നിട്ടു .."

"ഷേർളിയുടെ അവസാന ആയുധമായിരുന്നു ഭാമയുടെ വിവാഹ വാർത്ത അനിലിനെ അറിയിക്കുക എന്നത്.  അതിനോടുള്ള അവന്റെ പ്രതികരണം , അത് മുതലാക്കി അവന്റെ മനസ്സിൽ കയറിക്കൂടുക അങ്ങിനെ ആയിരുന്നു അവളുടെ പ്ലാൻ.. ഡൽഹിക്കു പോയ ശേഷം ഭാമയുടെ പേരിൽ ഒരൊറ്റ കത്തു പോലും അവനു ലഭിച്ചിരുന്നില്ല. കുരിയാക്കോസ് സാറിന്റെ കർശ്ശന നിർദ്ദേശം ഉള്ളതിനാൽ അവനു നാട്ടിലേക്കു വരാനും സാധിച്ചിരുന്നില്ല. ഷെർളിയിലൂടെയും വല്ലപ്പോഴും അമ്മച്ചിയെയോ എന്നെയോ ഇവിടുത്തെ ഫോണിൽ വിളിച്ചറിയുന്നതും മാത്രമായിരുന്നു അവനു നാടുമായുള്ള ബന്ധം.. അവർ പോയി ഒരു വർഷത്തിന് ശേഷമായിരുന്നു ഭാമയുടെയും ശേഖരന്റേയും വിവാഹം. വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത നടത്തിയ ഒരു ചെറിയ ചടങ്ങ്. അതിനും കുറച്ചു ദിവസങ്ങൾക്കു ശേഷമായിരുന്നു അനിൽ എല്ലാം അറിഞ്ഞത്. പരീക്ഷ കഴിഞ്ഞു , ആ സമയത്തു ഞാനും ഡൽഹിയിൽ ഉണ്ടായിരുന്നു ."

"ആര് ഷേർളി പറഞ്ഞാണോ അറിഞ്ഞേ ... "

"അല്ല.. ഇവിടെ വിളിച്ചപ്പോൾ അമ്മച്ചിയാണ് പറഞ്ഞത്.  ഫോൺ താഴെ വച്ച് നിശബ്ദനായി നിൽക്കുന്ന അവന്റെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. ജീവിതത്തിൽ വീണ്ടും വീണ്ടും പരാജയങ്ങൾ നേരിടേണ്ടി വരുന്ന ഒരുവന്റെ മുഖം. സ്വന്തമെന്ന് കരുതുന്നവർ ഒറ്റക്കാക്കി പോകുമ്പോൾ ഉള്ള വേദന ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു.. അപ്പോഴാണ് ഷേർളിയുടെ റോൾ പുറത്തു വന്നത്. ഇത്രയും നല്ലൊരു അഭിനേതാവിനെ ഞാൻ എന്റെ ജീവിതത്തിലെ വേറെ കണ്ടിട്ടില്ല . അവനെ ചേർത്ത് പിടിച്ചു, അവനോടൊപ്പം പൊട്ടി കരഞ്ഞു, അവളെ ശാപവാക്കുകൾ കൊണ്ട് മൂടുമ്പോൾ ഞാൻ അന്ന് അറിഞ്ഞിരുന്നില്ല അവളും ശേഖരനും തമ്മിലുള്ള ഡീലിനെ പറ്റി. ആ സഹതാപത്തിലൂടെ അവന്റെ മനസ്സിലൊരു സ്ഥാനം അതായിരുന്നു അവളുടെ മോഹം.. "

"പിന്നെ... "

"പിന്നെയെന്താ .. ചതി തിരിച്ചറിയപ്പെടുന്ന നിമിഷം, ആരെയും വിശ്വസിക്കും എന്നറിയാതെ ജീവിക്കേണ്ട അവസ്ഥ.. അതായിരുന്നു അവന്റെ പിന്നീടുള്ള നാളുകൾ. ഡൽഹിയിലെ പഠിത്തം നിർത്തി അവൻ നാട്ടിലേക്കു  പോന്നു, ഇങ്ങോട്ടല്ലാ .. അവന്റെ വീട്ടിലേക്ക് ...  മുണ്ടക്കയത്തേക്ക് .. പക്ഷെ "

"എന്ത് പക്ഷേ.. "

"ആരോടും ഒന്നും പറയാതെ അവന്റെ നാട്ടിലേക്കുള്ള വരവ് പാപ്പന് ഇഷ്ടമായില്ല. അവർ തമ്മിൽ വഴക്കായി എന്നുള്ളതാണ് സത്യം. ഇരുപത്തിയഞ്ചു വയസ്സ് വരെ സ്വത്തിൽ അവകാശമില്ല എന്ന പവർ ഓഫ് അറ്റോർണി  പാപ്പൻ ഉപയോഗിച്ചു.  അതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.. "

".."

"അമ്മയുടെ പേരിലുള്ള സ്ഥലം വിട്ടു കിട്ടിയ പൈസ കൊണ്ട് ചന്തയിൽ കടമുറികൾ വാങ്ങിയ കാര്യം അനിൽ എല്ലാവരിൽ നിന്നും മറച്ചു വച്ചിരുന്നു. പിന്നീട് ഷേർളി , അനിൽ സ്ഥലം  വിറ്റുവെന്നും ആ പൈസ കൊണ്ട് എന്തോ തിരിമറി നടത്തിയെന്നും ശേഖരനുമായി ചേർന്ന് തെളിവ് സഹിതം പാപ്പന് മുൻപിൽ അവതരിപ്പിച്ചു .  അത് കൊണ്ടാണ്  പാപ്പൻ പെട്ടന്ന് തന്നെ അനിലിനെ ഡൽഹിക്കു അയച്ചതും , ഉടനെ തിരികെ വരേണ്ട എന്ന് നിർബന്ധം പിടിച്ചതും . പക്ഷെ പാപ്പനോടോ അമ്മച്ചിയോടോ പറയാൻ പ്രതേകിച്ചു ഒരു കാര്യവുമില്ലാതെ അവിടെ നിന്നും തിരിച്ചു വന്നതോടെ അനിലിന്റെ സ്വഭാവത്തിൽ അവർക്കു സംശയം ആയിത്തുടങ്ങി .  അങ്ങിനെ ഒരു സാഹചര്യത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായ അവൻ മുണ്ടക്കയത്തെ വീട്ടിൽ ആരോടും ഒന്നും മിണ്ടാതെ ഒതുങ്ങിക്കൂടാൻ തുടങ്ങി.അതൊന്നും പാപ്പന് ഇഷ്ടമായിരുന്നില്ല .. "

"അപ്പോൾ അവൻ ശേഖരനോടോ ഭാമയോടോ ഒന്നും ചോദിച്ചില്ലേ .. "

"ഇല്ല .. അവന് ശേഖരനെ അത്രക്ക് വിശ്വാസമായിരുന്നു .. അവന്റെ ആ ചതി അവനു താങ്ങാൻ കഴിയുമായിരുന്നില്ല . "

"ഹ്മ്മ് .. എന്നിട്ട്  .. "

"അങ്ങനെ എല്ലാം തകർന്നിരുന്ന അവന്റെ മുന്നിലേക്ക് കുറച്ചു നാളുകൾക്കു ശേഷം പ്രതീക്ഷയുമായി എത്തിയ പെൺകുട്ടിയായിരുന്നു രേവതി .. രാഹുലിന്റെ അമ്മ  .. "

(തുടരും)  

Thursday, October 24, 2019

ശരത്കാലം 16



"അനിലേ .. ഇനി എന്താ പരുപാടി... "

ഡിഗ്രി പരീക്ഷക്ക് ശേഷമുള്ള വര്ഷകാലനാളുകളിലൊന്നിൽ , കുരിയാക്കോസ് സാർ അനിലിനോട് ചോദിച്ചു . 

"അത് സാർ.. പിജി ചെയ്യണം, പിന്നെ ബിഎഡ് .. എന്നിട്ടു നമ്മുടെ സ്കൂളിൽ കയറണം.. "

"ഹ്മ്മ്. നല്ലതാണു .. പക്ഷെ ഇവിടെ വേണ്ടാ.. "

അനിൽ ആശ്ചര്യത്തോടെ സാറിനെ നോക്കി . കയ്യിലിരുന്ന ദിനപത്രം മടക്കി താഴേക്ക് വച്ച്, കസേരയിൽ നിന്നും എഴുനേറ്റു അവൻ സാറിന്റെ അടുക്കലേക്കു ചെന്നു . 

"ഇത്രയും നാൾ ഇങ്ങനെ ഇവിടെ കഴിഞ്ഞില്ലേ.. ഇനി പുറത്തേക്കൊക്കെ ഒന്ന് കണ്ടു വാ .. "

"എന്ന് വച്ചാൽ ... "

ചോദിച്ചത് ഉമ്മറത്തേക്ക് വന്ന മറിയ ആയിരുന്നു.

"ഞാൻ ചാക്കോയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് .. അടുത്ത ആഴ്ച അനിലും ഷേർളിയും ഡൽഹിക്കു പോകുന്നു .."

ചാക്കോ കുരിയാക്കോസ് സാറിന്റെ അനിയൻ ആണ് . ഡൽഹിയിൽ ഗെവര്മെന്റ് ജോലിയാണ് , കുടുംബത്തോടൊപ്പം അവിടെയാണ് താമസം.

"ഷേർളിക്ക് അടുത്ത മാസം , അവിടെ ഗവര്മെന്റ് ഹോസ്പിറ്റലിൽ ജോലിക്കുള്ള എക്സാം ഉണ്ട് .അത് കിട്ടിയില്ലങ്കിൽ അവിടെ ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി , എക്സ്പീരിയൻസ് ആകുമല്ലോ , പിന്നെ നിനക്കവിടെ കോളേജിൽ അഡ്മിഷനും അവൻ ശരിയാക്കും , ഇപ്പോഴേ പോയി അവിടെ എല്ലാം ഒന്ന് കണ്ടു വച്ചോ .... "

"അതിന് ഞങ്ങളുടെ റിസൾട്ട് വന്നിട്ടില്ലല്ലോ സാറെ.. "

"ലാസ്റ്റ് ഇയർ എക്സാം എഴുതിയവർക്ക് ഹോസ്പിറ്റൽ നേഴ്സ് ആകാനുള്ള അപ്ലിക്കേഷൻ അയക്കാം , അതൊക്കെ അവൾ അയച്ചു കഴിഞ്ഞു .. പിന്നെ നീ , നീ നല്ല മാർക്കോടെ ഡിഗ്രി പാസ്സവും എന്നെനിക്കു ഉറപ്പുണ്ട്... "

അടുത്ത് നിന്ന അനിലിന്റെ തോളിൽ തട്ടി കുരിയാക്കോസ് സാർ പുറത്തേക്കു നടന്നു . 

"വരുന്ന ബുധനാഴ്ച ആണ് ട്രെയിൻ, ടിക്കറ്റ് ട്രാവൽസുകാർ എത്തിച്ചു തരും. പരീക്ഷ ഒക്കെ കഴിഞ്ഞതല്ലേ, രണ്ടു പേരും പോയി അവിടെയെല്ലാം ഒന്ന് കറങ്ങു . അപ്പോഴേക്കും സര്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഒക്കെ ആയി ഞങ്ങളും വരാം .."

യാത്ര എന്ന് കേട്ടപ്പോൾ ഷേർളിയുടെ മുഖം മേടമാസത്തിലെ സൂര്യനെപ്പോലെ തെളിഞ്ഞു വന്നെങ്കിൽ , ആ കർക്കിടക മാസത്തിലെ ആകാശം പോലെ അനിലിന്റെ മുഖം ഇരുണ്ടു മൂടി . മനസ്സിൽ ആശങ്കകൾ വന്നു മൂടി മറ്റൊരു പേമാരിക്കായി കോപ്പുകൂട്ടി . കുരിയാക്കോസ് സാറിന്റെ കാർ റോഡിലേക്കിറങ്ങിയ പാടെ മുണ്ട് ഒന്ന് കൂടി മുറുക്കിയുടുത്തു മുറ്റത്തിരുന്ന സൈക്കിളിൽ കയറി അവൻ തന്റെ ചങ്ങാതിയുടെ അടുത്തേക്ക് പാഞ്ഞു.

"ശേഖരാ , ഞാൻ ഇപ്പോൾ എന്നാ ചെയ്യാനാ .. ഒന്ന് പോയി ഭാമയെ കണ്ടാലോ .. "

ചന്തയിലെ തന്റെ കടയിൽ ഇരുന്നു കണക്കുകൾ നോക്കികൊണ്ടിരുന്ന ശേഖരന്റെ അരികിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടു അനിൽ പറഞ്ഞു തുടങ്ങി . 

"ഹേയ് .. അതൊന്നും ശെരിയാവില്ല .. അവൾക്കവിടെ ഇപ്പോൾ കുഴപ്പമില്ല , ഇനി നീയെങ്ങാനും ചെന്ന് കണ്ടാൽ, അത് മതി .. "

"അല്ലടാ ... എന്നാ ഒരു കാര്യം ചെയ്യാം .. നമുക്ക് രജിസ്റ്റർ ചെയ്താലോ .. "

"അതിനു വയസ്സ് 21 കഴിയണം .. "

"ഹ്മ്മ് .. ഇനി എന്താ ചെയ്യുക .. "

"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ .. ഞാൻ ഇല്ലേ ഇവിടെ ... രണ്ടു കൊല്ലം കൊണ്ട് നിന്റെ പഠിത്തം കഴിയുന്നു , ദൈവം സഹായിച്ചു അവിടെ നല്ലൊരു ജോലി കിട്ടുന്നു , തിരിച്ചു വരുന്നു , കല്യാണം കഴിക്കുന്നു , നിങ്ങൾ രണ്ടാളും അങ്ങോട്ട് പോകുന്നു .. പിന്നെ അവിടെ ആരെങ്കിലും പ്രശ്നത്തിന് വരുമോ .."

"ഹ്മ്മ് .. അതും ശെരിയാ .. "

"അതാടാ ഞാൻ പറഞ്ഞെ .. നീ പോയിട്ട് വാ .. ഇവിടെ അവൾക്ക് വേറെ കല്യാണം ആകാതെ ഞാൻ നോക്കിക്കൊള്ളാം .. അതെന്റെ വാക്കാണ് .. "

ശേഖരൻ തന്റെ വലതു കൈ നീട്ടി അനിലിന്റെ കൈ പിടിച്ചു .

"പക്ഷെ അവളോടൊന്ന് പറയാതെ എങ്ങനാ.. "

"ആ .. എല്ലാം പറഞ്ഞൊരു കത്തെഴുത്, ബാക്കി ഞാൻ അവിടെ നേരിട്ട് ചെല്ലുമ്പോൾ ശെരിയാക്കാം ... "

"ഹ്മ്മ് .. പക്ഷെ , അവിടെ ചെന്നാൽ എങ്ങനാ .. "

"അതിനൊക്കെ വഴി കാണാം.. നീ ഇങ്ങനെ പേടിച്ചാൽ എങ്ങനാ.. എല്ലാവര്ക്കും കിട്ടുന്നതല്ലല്ലോ ഇങ്ങനെ ഡൽഹിയിൽ ഒക്കെ പോയി പഠിക്കാനുള്ള ചാൻസ്.. ഒന്നുമില്ലങ്കിലും സാറ് നിന്റെ അച്ഛനെ പോലെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്നില്ലേ... "

"നീ പറഞ്ഞത് സത്യമാ.. സാറും അമ്മച്ചിയും ഒരു കുറവും എനിക്കുണ്ടാക്കിയിട്ടില്ല, അവരുടെ മകനെ പോലെ തന്നെയാ നോക്കുന്നെ.. അതാണ് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിച്ചേ.. "

ശേഖരന്റെ കയ്യിലിരുന്ന ബുക്കിൽ നിന്നും ഒരു പേജ് വലിച്ചു കീറി അതിൽ എഴുതാൻ തുടങ്ങിക്കൊണ്ടു അനിൽ പറഞ്ഞു .

വിവരങ്ങൾ എല്ലാം ചേർത്ത് കത്തെഴുതി കവർ ശേഖരനെ ഏല്പിച്ചു വീട്ടിലേക്കു മടങ്ങിയെങ്കിലും അനിലിന്റെ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞിരുന്നില്ല . പക്ഷെ , പിന്നീടുള്ള ദിവസങ്ങളിൽ അനിലിന് ഒട്ടും സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം . കുരിയാക്കോസ് സാറിന്റെ നിർദ്ദേശപ്രകാരം ബാങ്കിലും സർട്ടിഫിക്കറ്റ് വാങ്ങാൻ അധികാരപ്പെടുത്തി സമ്മതപത്രം കൊടുക്കാൻ കോളേജിലും , പിന്നെ തന്റെ വീട്ടിലുമായി ഓടിനടന്നു ഒരാഴ്ച പോയത് വളരെ പെട്ടന്നായിരുന്നു . ദൂരേക്ക്‌ പോകാനൊരു വിമുഖത ഉണ്ടയിരുന്നെങ്കിലും , തൻറെ നല്ലതേ കുരിയാക്കോസ് സാർ ആഗ്രഹിക്കൂ എന്നറിയാവുന്നതിനാലും , ദൂരെ എന്റെ മോളെ നോക്കാൻ നീ അവിടെ വേണം എന്ന അമ്മച്ചിയുടെ അപേക്ഷയുടെ മുന്നിലും അവനു മറുവാക്ക് പറയാൻ സാധിക്കുമായിരുന്നില്ല . 

ഒടുവിൽ അടുത്ത ബുധനാഴ്ച കോട്ടയത്ത് നിന്നും അവർ കയറിയ കേരള എക്സ്പ്രസ്സ് ഡൽഹി ലക്ഷ്യമാക്കി ഓടി തുടങ്ങിയപ്പോൾ , ഭാമയോട് ഒരു വാക്കു പോലും പറയാനാകാത്ത സങ്കടത്തിൽ , ജനലിലൂടെ ദൂരേക്ക്‌ നോക്കിയിരുന്ന അനിലിന്റെ കണ്ണുകൾ ഈറനണിഞ്ഞു . അതെ സമയം , അവനിൽ മാത്രം ദൃഷ്ടിയൂന്നിയിരുന്ന മറ്റൊരാൾ , ഇനി മുതൽ തന്റേതു മാത്രമാകാൻ പോകുന്ന അനിലിനെ ഓർത്തു ഹൃദയം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു . 

(തുടരും)

Monday, October 21, 2019

ശരത്കാലം 15





"ശേഖരാ.. ഭാമ.. അവളെന്നാ എന്നോട് ഒന്നും പറയാതെ പോയെ.. "

"... "

"ഞാൻ കരുതി അവൾക്കെന്നോട് ഒരിഷ്ടം ഉണ്ടായിരുന്നെന്ന് .. ഒരു സുഹൃത്തായി പോലും അവളെന്നെ കണ്ടില്ലാല്ലേ .."

ഗ്രീഷ്മ കാലത്തിന്റെ ആദ്യ നാളുകളിൽ ,ആ കുന്നിലെ കുറ്റിച്ചെടികളെല്ലാം പൂത്തു, പുല്ലുകൾ എല്ലാം ഇളം മഞ്ഞ നിറം തൂകി അങ്ങിങ്ങായി നിന്നിരുന്നു . അവക്കിടയിലൂടെ ഉച്ച സമയത്തെ വരണ്ട കാറ്റിൽ ശലഭങ്ങൾ പാറി പറന്നു നടക്കുന്നുണ്ടായിരുന്നു . അല്പം ദൂരെയായി ഒരു കണിക്കൊന്നമരം , പൂവുകൾ കൊഴിഞ്ഞു ചില്ലകൾ മാത്രമായി വരാൻ പോകുന്ന വർഷകാലത്തെ കാത്തെന്നപോലെ നിൽകുന്നു . അനിൽ, നിറഞ്ഞു വന്ന കണ്ണുകളെ അടക്കി നിർത്തി മുന്നോട്ടു നടന്നു, ദൂരെ കാണുന്ന കോളേജിലേക്ക് ദൃഷ്ടി പായിച്ചു.ആ ക്യാമ്പസ് പൂത്ത വാകമരങ്ങളാൽ നിറഞ്ഞു ശോണ നിറമണിഞ്ഞു നിന്നിരുന്നു.

പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ നാളുകളിൽ മുണ്ടക്കയത്തിനു പോകാതെ കുരിയാക്കോസ് സാറിനൊപ്പം കോട്ടയത്ത് നിന്നതു ഭാമയുടെ സാന്നിധ്യം പ്രതീക്ഷിച്ചു മാത്രമായിരുന്നു . തന്റെ പ്രണയം തുറന്നു പറയാൻ പല തവണ ശ്രമിച്ചെങ്കിലും , അവളുടെ കണ്ണുകളിലെ പ്രകാശത്തിൽ എല്ലാം മറന്നു നിൽക്കാനേ അനിലിന് കഴിയുമായിരുന്നുള്ളൂ.അതുമല്ലങ്കിൽ തന്റെ പ്രണയം നിരസിക്കുന്നതിനോടൊപ്പം അവളുടെ സാമീപ്യം കൂടി നഷ്ടമായാലോ എന്നവൻ പേടിച്ചിരുന്നു . ഒടുവിൽ , തന്നോടൊരു വാക്കുപോലും പറയാതെ തുടർപഠനത്തിനായി ആ നാട്ടിൽ നിന്നും പോയ ഭാമയെകുറിച്ചോർത്തു ശേഖരനോട് പരിഭവം പറയുകയായിരുന്നു അവൻ .

"ഡാ .. അതിപ്പോൾ , പെട്ടന്ന് അവളുടെ അച്ഛൻ വന്നു എറണാകുളത്തിന് കൊണ്ട് പോയതല്ലേ .."

"ഇത്രയും നാൾ ഇല്ലാതിരുന്ന അവളുടെ അച്ഛൻ ഇപ്പോൾ എവിടുന്നു വന്നു . കുട്ടികാലം മുതൽ അവൾ നിങ്ങളോടൊപ്പമല്ലായിരുന്നോ .. "

"ഹാ .. അത് ശെരി തന്നെ .. പിന്നെ , അച്ഛനും രണ്ടാനമ്മയും ഒക്കെ സ്നേഹത്തോടെ വന്നു വിളിച്ചപ്പോൾ അവള് പോയി ... കുറച്ചു നാളെക്കെന്നല്ലേ ഞങ്ങൾ കരുതിയെ .. ഇതിപ്പോൾ ഡിഗ്രി അവര് അവിടെ പഠിപ്പിച്ചോളാം എന്നൊക്കെയാ പറയുന്നേ ..പിന്നെ അച്ഛനെ അടുത്ത് കിട്ടിയപ്പോൾ അവൾക്കും സന്തോഷമായി .. "

"ശേഖരാ .. ഇനി അവരെന്തെങ്കിലും ചെയ്യുമോ അവളെ .. "

"നീ .. നീ ഇങ്ങനെ പേടിക്കാതെ .. ഞാൻ ഇല്ലേ .. അവൾക്കൊന്നും പറ്റില്ല .. "

ശേഖരൻ അനിലിന്റെ അടുത്തേക്കെത്തി തോളിൽ തട്ടി സമാധാനിപ്പിക്കാൻ നോക്കി ..

"അനിലെ .. നീ ഒരു കാര്യം ചെയ്യ് .. ഒരു എഴുത്തെഴുത് ...ഞാൻ അയച്ചോളാം .. ഹ്മ്മ്മ് .. അപ്പോൾ നിങ്ങള് തമ്മിൽ ഉള്ള അടുപ്പം തുടരാമല്ലോ .. എന്തേ .. "

"നമുക്കൊന്നു പോയി കണ്ടാലോ .. "

"അത് വേണ്ട .. അതൊന്നും ശെരിയാവില്ല .. ചുമ്മാ ചോദ്യങ്ങൾ ഉണ്ടാവും ... ഞാൻ ഇടക്കു പോകാം .. "

"ഹ്മ്മ് .. കത്ത് ഞാൻ നാളെ തരാം .. "

അനിൽ ശേഖരനെ ആ കുന്നിൻ മുകളിൽ ഒറ്റക്കാക്കി താഴേക്കു നടന്നിറങ്ങി . 

അടുത്ത ദിവസം തന്നെ അനിൽ കത്തെഴുതി ശേഖരന് നൽകുകയും , ഒരാഴ്ചക്ക് ശേഷം ശേഖരന്റെ കയ്യിൽ നിന്ന് ഭാമയുടെ മറുപടി അവനു ലഭിക്കുകയും ചെയ്തു .

മറ്റൊരു വർഷകാലം കൂടി ആരംഭിച്ചു , ഒപ്പം പുതിയൊരു അധ്യയന കാലഘട്ടം കൂടി . അനിൽ , കുരിയാക്കോസ് സാറിന്റെ കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ , ഷേർളി ഡോക്ടർ മോഹമുപേക്ഷിച്ചു കോട്ടയത്ത് തന്നെ നേഴ്സിങ് കോളേജിൽ ചേർന്നു . തുടർന്നുള്ള ദിവസങ്ങളിൽ അനിലിന്റേയും ഭാമയുടെയും കത്തിടപാടുകൾ കൂടിവരികയും അവർ പരസ്പരം ഹൃദയം തുറന്നു എഴുതാൻ തുടങ്ങുകയും ചെയ്തു . 

ഫോണുകൾ ആഡംബര വസ്തുക്കൾ മാത്രമായിരുന്ന ആ സമയം കത്തിടപാടുകൾ തന്നെയായിരുന്നു സാധാരണക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് . തന്റെ വിലാസത്തിൽ വരുന്ന കവറിൽ നിന്നും അനിലിന്റെ പേരിലുള്ള മൂന്ന് വശവും ഒട്ടിച്ചു ഭദ്രമാക്കിയ രണ്ടായി മടക്കിയ വെള്ളപ്പേപ്പർ എടുത്തു മാറ്റിയ ശേഷമായിരുന്നു ശേഖരൻ ആ കവർ അമ്മയേല്പിച്ചിരുന്നത് . 

ഇതിനിടയിൽ തനിക്കു ലഭിച്ചിരുന്ന വിഹിതം മുഴുവൻ ഭാമക്ക് സമ്മാനങ്ങൾ വാങ്ങാനായി അനിൽ ശേഖരനെ ഏല്പിച്ചു തുടങ്ങി . ഒരിക്കൽ പോലും അവൾ അനിലിനോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും ലഭിക്കുന്ന സമ്മാനങ്ങൾക്ക് അവൾ അടുത്ത കത്തിൽ നന്ദി പറഞ്ഞിരുന്നു .

വീണ്ടും കാലങ്ങൾ മാറിക്കൊണ്ടിരുന്നു .രണ്ടു വർഷങ്ങൾക്കിപ്പുറം , ഡിഗ്രി അവസാന നാളുകളിൽ പരസ്പരം കാണാതെ എന്നാൽ കത്തുകളിലൂടെ അനിലിന്റേയും ഭാമയുടെയും പ്രണയം തീവ്രമായി കഴിഞ്ഞിരുന്നു . തങ്ങളുടെ തുടർ ജീവിതത്തിൽ ഒരു കുറവും ഉണ്ടാകാതിരിക്കാൻ , അനിൽ ചന്തയിൽ രണ്ടു നിലയിലായി പത്തോളം കടമുറികൾ ഉള്ള ഒരു കെട്ടിടം ഭാമയുടെ പേരിൽ വാങ്ങി . തന്റെ അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ തുക ഉപയോഗിച്ചാണ് അവൻ ആ കെട്ടിടം വാങ്ങിയത് . ഒരു പക്ഷെ കുരിയാക്കോസ് സാർ ഭാമയുമായുള്ള പ്രണയത്തെ എതിർത്താൽ , ഇരുപത്തിയഞ്ചു വയസ്സ് വരെ എങ്ങനെ ജീവിക്കും എന്ന ശേഖരന്റെ ചോദ്യത്തിന് പരിഹാരമായാണ് അവൻ അങ്ങിനെ ചെയ്തത്. അതുകൊണ്ടു തന്നെ സ്ഥലം വില്കലും കടമുറികൾ വാങ്ങലുമൊന്നും ശേഖരൻ ഒഴികെ മറ്റാരും അറിഞ്ഞിരുന്നില്ല.

ഡിഗ്രി പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം എന്നായിരുന്നു ഭാമയുടെയും അനിലിന്റേയും പദ്ധതി.എല്ലാത്തിനും കൂടെ താൻ ഉണ്ടാകും എന്ന ശേഖരന്റെ വാക്കിന്റെ പിൻബലത്തിൽ അനിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടികൊണ്ടിരുന്നു .

(തുടരും)

(ക്ഷമിക്കുക, കുറെ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. ജോലി, നാട്ടിൽ പോക്ക് തുടങ്ങി കുറെ കാര്യങ്ങൾ കൊണ്ട് തിരക്കായിപ്പോയി.ഒരാഴ്‌ചയായി ശ്രമിക്കുകയാണ് , മനസ്സിലെ വരികൾ ഒന്നും എഴുതിതീർക്കാൻ സാധിക്കുന്നില്ല. പ്രിയ്യപ്പെട്ട എഴുത്തുകാരുടെ കഥകൾ പോലും വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. അതെല്ലാം തീർത്തു, മനസ്സ് എഴുതാനായി തയ്യാറായി വരുമ്പോഴേക്കും നീട്ടിയെഴുതാം. കഥയിലേക്ക്‌ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഉടനെ അടുത്ത ഭാഗം ഇടാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ ..)

Monday, September 23, 2019

ശരത്കാലം 14





ദിവസങ്ങൾ കൊഴിഞ്ഞുപോയികൊണ്ടിരുന്നു . കുരിയാക്കൊസ് സാറിന്റെ കോളേജിൽ തന്നെ മൂവർക്കും അഡ്മിഷൻ കിട്ടി . അനിൽ ഫസ്റ്റ് ഗ്രൂപ്പും , ഡോക്ടർ ആകണമെന്ന വാശിയിൽ ഷേർളി സെക്കന്റ് ഗ്രൂപ്പും ആണ് എടുത്തത് . മാർക്ക് കുറവായിരുന്നതിനാൽ ഭാമ തേർഡ് ഗ്രൂപ്പും . കോളേജിലേക്കുള്ള മൂവരുടെയും പോക്കും വരവും സാറിന്റെ വണ്ടിയിൽ തന്നെ ആയിരുന്നു .

ശേഖരന്റെ അമ്മയുടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയായിരുന്നു ഭാമ . കുട്ടികാലത്തെ അമ്മ മരിച്ചതോടെ , അച്ഛൻ വേറെ വിവാഹം കഴിക്കുകയും അവളെ ശേഖരന്റെ അമ്മയുടെ അമ്മ അവരുടെ കുടുംബ വീട്ടിലേക്കു കൊണ്ട് വരികയുമായിരുന്നു . പിന്നീടെപ്പോഴോ , ഭാമ ശേഖരന്റെ വീട്ടിൽ നിന്ന് പഠിക്കാൻ തുടങ്ങി.ഒരിക്കൽ പോലും അനാഥ എന്നൊരു രീതിയിൽ അവർ അവളെ കണ്ടിരുന്നില്ല എന്ന് മാത്രവുമല്ല അവളുടെ എല്ലാ ആവശ്യങ്ങളും അവർ സന്തോഷത്തോടെ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

ശേഖരൻ പലതവണയായി പത്താം ക്‌ളാസ് പരീക്ഷ എഴുതി തോൽവി അടഞ്ഞ യുവാവായിരുന്നു . ആ സമയത്തു ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ വയസ്സ് പ്രായം . പക്ഷെ കച്ചവടത്തിൽ മിടുക്കനായിരുന്നു അവൻ . അതിലുപരി കുരിയാക്കോസ് സാറിന്റെ പറമ്പിലെ നാളികേരവും , റബറും കുരുമുളകുമെല്ലാം ശേഖരിച്ചു ചന്തയിൽ കൊണ്ട് പോയി വിൽക്കുന്നതും കണക്കു സൂക്ഷിക്കുന്നതും എല്ലാം അവനായിരുന്നു . മൂന്നോ നാലോ കൊല്ലം കൊണ്ട് , മികച്ചൊരു കാര്യസ്ഥനായി അവൻ മാറി. അവന്റെ ആത്മാർത്ഥത എടുത്തു പറയേണ്ട ഒന്നായിരുന്നു . 

പലപ്പോഴായി കുരിയാക്കോസ് സാറിനൊപ്പം മുണ്ടക്കയത്തു പോയിട്ടുള്ളതിനാൽ ശേഖരന് മുൻപേ തന്നെ അനിലിനെ അറിയാമായിരുന്നു .അത് കൊണ്ട് തന്നെ , കോട്ടയത്ത് വന്ന ശേഷം അവന്റെ ഏറ്റവും അടുത്ത ചങ്ങാതി ആയി ശേഖരൻ മാറി . ഒഴിവു സമയങ്ങളിൽ ശേഖരനൊപ്പം കറങ്ങുക എന്നതായിരുന്നു അനിലിന്റെ വിനോദം .അനിലിന്റെ അച്ഛനെ വൃദ്ധ സദനത്തിലേക്കു മാറ്റിയ ശേഷം , മുണ്ടക്കയത്തുള്ള അവന്റെ വീടും , അവിടുത്തെ എസ്റ്റേറ്റ് കാര്യങ്ങളും കുര്യക്കോസ് സാറിന്റെ അവിടുത്തെ കൃഷിക്കൊപ്പം ശേഖരനാണ് നോക്കിയിരുന്നത് . ശേഖരന് മനോജ് എന്നോരനിയൻ കൂടി ഉണ്ടായിരുന്നു . ഏകദേശം അനിലിന്റെ പ്രായമുണ്ടായിരുന്ന മനോജ് , പഠിത്തത്തിൽ തീരെ മോശമായിരുന്നതിനാൽ പുറം പണിക്കു പോവുകയായിരുന്നു പതിവ്. 

ഒന്നാം വർഷ ക്ലാസ്സുകൾ അവസാനിക്കാറായപ്പോഴേക്കും , അവരെല്ലാം തന്നെ ഉറ്റ ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു . ഷേർളിയും ഭാമയും ശേഖരനും അനിലും സൈമണും സിസിലിയും എല്ലാം . ഭാമയുടെ സൗന്ദര്യമോ ,അമ്മയില്ലാത്തവൾ എന്ന നിലയിൽ താൻ കടന്നു വന്ന സാഹചര്യങ്ങൾ അനുഭവിക്കുന്നവൾ എന്ന നിലയിലുള്ള സഹതാപമോ എല്ലാത്തിലും ഉപരി കൗമാര മനസ്സിന്റെ ചാപല്യമോ അവളുടെ മേൽ അനിലിൽ മോഹങ്ങൾ വളർത്തി . ഒരു പക്ഷെ ആത്മാർത്ഥ സ്നേഹം കൊണ്ടോ , അവളുടെ മറുത്തൊരു വാക്കു തന്നെ വേദനിപ്പിക്കുമെന്നുള്ള ചിന്ത കൊണ്ടോ , ആ സ്നേഹത്തെ ഭാമയോട് പറയാൻ അവനെ അനുവദിച്ചിരുന്നില്ല . തേരേഴത്തു വീടിനു വെളിയിൽ , പലപ്പോഴും , അവളുടെ നോട്ടത്തിനായി , സംസാരത്തിനായി അവൻ പല വഴികളിലും കാത്തു നിന്നിരുന്നു .

അവൻ കണ്ടിട്ടുള്ള തന്റെ അമ്മയുടെ പ്രതിരൂപമായാണ് ഭാമയെ കരുതിപ്പോന്നത് . അതിരാവിലെ കുളിച്ചു വിളക്ക് കൊളുത്തി , നെറ്റിയിൽ കുറി വരച്ചു , കുളിർപ്പിന്നൽ കെട്ടി തുളസിക്കതിർ വച്ച് , തന്നെ വിളിച്ചുണർത്തുന്ന അമ്മ . ആഹാരം തന്നു , സ്കൂളിൽ കൊണ്ട് പോകുന്ന , ഒരിക്കൽ പോലും ദേഷ്യപ്പെടാത്ത തന്റെ അമ്മ . ഭാമയെ നേരിൽ കാണുമ്പോഴെല്ലാം അവൻ ആ ഓർമ്മകളിൽ അലിഞ്ഞു പോകുമായിരുന്നു. ഭാമയുടെ സാമീപ്യം അത് കൊണ്ട് കൂടിയാകും അവൻ ആഗ്രഹിച്ചിരുന്നതും. ഏതൊരു പുരുഷനും തന്റെ അമ്മയെ , താൻ സ്നേഹിക്കുന്ന പെൺകുട്ടിയിൽ കണ്ടെത്തിയാൽ , അത് സാമീപ്യം കൊണ്ട് മാത്രമാണെങ്കിൽ പോലും അതിൽ പരം മറ്റൊരു സന്തോഷം അവനുണ്ടാകില്ല എന്നത് സത്യമാണ്‌.

"ശേഖരാ .. എനിക്കൊരു ഉപകാരം ചെയ്യുമോ .. "

ഒന്നാം വർഷ പരീക്ഷക്കു ശേഷം , മേടമാസത്തിലെ ഒരു നിലാവുള്ള രാത്രിയിൽ വീടിനടുത്തുള്ള മൊട്ടക്കുന്നിലെ പാറയിൽ മലർന്നു കിടന്നാണ് അവനാ സത്യം ശേഖരനോട് പറഞ്ഞത് .

"പറ ..നിനക്കെന്നാ വേണം ..."

കള്ളു കുപ്പി വായിലേക്ക് കമഴ്ത്തി മൂന്നോ നാലോ കവിൾ ഇറക്കി , തറയിലേക്ക് കുപ്പി തിരിച്ചു വച്ച്, ഷാപ്പിലെ തലക്കറിയിൽ മുക്കിയ ചെണ്ട മുറിയൻ കപ്പ കഷ്ണം വായിലേക്കിട്ടു ശേഖരൻ അവനെ നോക്കി.

"ഡാ .. എനിക്കവളെ വേണം.. പൊന്നു പോലെ നോക്കിക്കൊള്ളാം.. "

"ആരെ .. "

ശേഖരന്റെ മിഴികൾ വിടർന്നു . ഒരു രഹസ്യം കേൾക്കാനെന്ന വണ്ണം അവനരുകിലേക്കു ചേർന്നിരുന്നു .

"അവളെ, ഭാമയെ.. അവളുടെ പഠിപ്പു കഴിഞ്ഞു ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം.. അങ്ങ് മുണ്ടക്കയത്തേക്കു.. "

"അതിനവൾക്കു സമ്മതമാണോ.... "

"അറിയില്ല .. അതാണ് ഞാൻ നിന്നോട് പറഞ്ഞത്.. നീ അവളോട് ചോദിക്കണം.. "

പാറയിലേക്കിരുന്നു അവൻ ശേഖരനെ നോക്കി . അന്നത്തെ നിലാവിന്റെ തെളിച്ചത്തിൽ , ശേഖരന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ടു അവനു പരിഭ്രമമായി .

"ഡാ.. സത്യമായും ചതിക്കാനല്ല... ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം, നോക്കിക്കൊള്ളാം .. നോക്ക്, ജോലി ആയില്ലേലും കഴിയാനുള്ള വക ഉണ്ട്. ഇനി അതല്ല, നേരിട്ട് നിന്റെ അച്ഛനോട് ചോദിക്കണേ ഞാൻ സാറിനോട് പറയാം.. എനിക്കവളില്ലാതെ പറ്റില്ല ശേഖരാ... അതീ അന്തിക്കള്ളിന്റെ മോളിൽ പറേണതല്ലടാ .."

കള്ള് നിറച്ചു വച്ചിരിക്കുന്ന മറ്റൊരു കുപ്പിയുടെ കോർക്ക് കടിച്ചു തുറന്നു അതുമായി അവിടെ നിന്നും എഴുനേറ്റു അനിൽ മുന്നോട്ടു നടന്നു.

"അത് വേണ്ട അനിലേ ..നീ ഇങ്ങനെ ധൃതി പിടിക്കാതെ ... ഞാൻ .. ഞാൻ ഒന്ന് ചോദിക്കട്ടെ അവൾക്കു സമ്മതമാണോ എന്ന് . അല്ലേൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം .. ഒന്നുമില്ലേലും നമ്മള് ചങ്ങാതിമാരല്ലേ .. "

"മതി .. അത് മതി .. നീ ഏറ്റാൽ മതി .. ഇവിടുന്നു മടങ്ങിപോകുമ്പോൾ അവൾ കൂടി വേണം .. എന്റെ കൂടെ . അന്ന് ആദ്യം കണ്ടപ്പോൾ മുതൽ സ്നേഹിച്ചു പോയി , ഒരുപാട് ആഗ്രഹിച്ചു പോയി .. "

"ഹ്മ്മ്.."

"ഈ അനാഥ ചെക്കന് ഒരാനാഥ പെണ്ണ് മതി.. "

"ഉം .. "

ഒന്ന് നീ മൂളി ശേഖരൻ തന്റെ കയ്യിലിരുന്ന കള്ളു കുപ്പി മുഴുവനായി വായിലേക്ക് കമഴ്ത്തി ..

"എന്നിട്ടു .... " 

അത് വരെ കഥപോലെ പഴയ കാര്യങ്ങൾ കേട്ടുകൊണ്ടിരുന്ന സൈമണിന്റെ ഭാര്യ നീന അയാളുടെ അടുത്തേക്ക് ചെന്നിരുന്നു . സൈമൺ, കൈനീട്ടി മേശയുടെ മുകളിൽ ഇരുന്ന ജാറിൽ നിന്നും വെള്ളം വായിലേക്ക് ഒഴിക്കാൻ തുടങ്ങി.

"എന്നിട്ടെന്നാ പറ്റിയെന്നു... അയാളെങ്ങനാ ഇവന്റെ അച്ഛനെ പറ്റിച്ചേ.. പിന്നെ ഈ കാര്യങ്ങൾ നിങ്ങളെങ്ങനാ അറിഞ്ഞേ .. നിങ്ങൾ എങ്ങനാ ഇവരുടെ ഇടയിൽ പെട്ടെ "

"പറയാം... "

സൈമൺ ജാർ താഴെവച്ചു ഒരു ദീര്ഘ നിശ്വാസമെടുത്തു കട്ടിലിൽ നിന്നും എഴുനേറ്റു . 

"അന്ന് ആ സംഭവത്തിനു ശേഷം, ഒരാഴ്ച കഴിഞ്ഞു കാണും, അനിലിന്റെ അച്ഛൻ മരിച്ചു. നേരത്തെ പറഞ്ഞില്ലേ അനിൽ അവർക്കു ഒത്തിരി വൈകി ഉണ്ടായ കുട്ടിയായിരുന്നു. അതിലുപരി അവരിരുവരും അസുഖക്കാരും. അച്ഛന്റെ മരണത്തോടെ അവൻ വല്ലാണ്ട് തകർന്നു പോയിരുന്നു. അവന്റെ മാതാപിതാക്കൾ അവരുടെ ബന്ധുക്കളുമായി അത്ര നല്ല സുഖത്തിലായിരുന്നില്ല, പിന്നെ .. "

"പിന്നെ.. "

"മകന് ഇരുപത്തി അഞ്ചു വയസ്സാകുന്നവരെ എല്ലാം നോക്കി ഏല്പിക്കാൻ നമ്മുടെ പാപ്പന് അധികാരം കൊടുത്തു രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു .. അത് കൊണ്ട് തന്നെ, മരണശേഷവും അവന്റെ ബന്ധുക്കൾ എല്ലാം അവനിൽ നിന്നും അകലം പാലിച്ചു. "

അവരുടെ ഇടയിൽ കുറച്ചു നേരത്തേക്ക് നിശബ്ദത കടന്നു വന്നു . 

"പിന്നെ ഒരു മാസം, വെക്കേഷന് ഞാനും അമ്മച്ചിയും സിസിലിയും ഷേർളിയും എല്ലാം അവരുടെ എസ്റ്റേറ്റിൽ ആയിരുന്നു താമസം .. ഒരു വലിയ വീട്.. ഒന്നൊര രണ്ടു ഏക്കർ ഉണ്ടാകും.. കുറെ റബ്ബറും കുരുമുളകും ഏലവും അങ്ങിനെ.. കുറച്ചു പണിക്കാർ എപ്പോഴും കാണും.. ശേഖരനും ഉണ്ടായിരുന്നു കൂടെ ഭാമയും .."

നീന , ഇനി എന്തെന്നറിയാനായി സൈമണിനടുത്തേക്കു നടന്നു ചെന്നു .

"ഞങ്ങളുടെ അവിടുത്തെ താമസം അനിലിന് ഒരു പാട് ആശ്വാസമായിരുന്നു . ഇടയ്ക്കിടെ പഴയ ഓർമ്മകളിലേക്ക് പോയിരുന്നതൊഴിച്ചാൽ അവൻ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു . അവൻ ഞങ്ങളെ , പ്രത്യേകിച്ചു ഭാമയെയും ഷേർളിയെയും വീടിന്റെയും പറമ്പിന്റെയും മുക്കും മൂലയും എല്ലാം ചുറ്റിക്കാണിക്കും , എന്നിട്ടു ഓരോ കഥകൾ പറഞ്ഞു തരും . മിക്കവാറും കഥകൾ അവസാനിക്കുന്നത് അവന്റെ അമ്മയിൽ ആയിരിക്കും .. എന്നിട്ടു അവൻ അവരുടെ മുഖത്തേക്ക് നോക്കും . ചിലപ്പോഴെല്ലാം അവൻ കരയും, അവരും . പിന്നെ പിന്നെ അവിടുത്തെ താമസം രസമായി മാറി . എല്ലാവരും ആയി മണിമലയാറിൽ കുളിക്കാൻ പോകും , കാട് കയറും , ഉണക്ക കപ്പയും ഉണക്ക ഇറച്ചിയും പണിക്കാര് പെണ്ണുങ്ങൾ ഉണ്ടാക്കി തരും . അവിടുത്തെ ആൾക്കാർക്ക് അനിലിനെ , അവന്റെ അച്ഛനെ വല്യ ബഹുമാനമായിരുന്നു . സ്കൂളും ആശുപത്രിയും എല്ലാം അവർ കുറച്ചു പേര് ചേർന്നുണ്ടാക്കിയതാണത്രെ .. "

"അവിടെ നിന്നും തിരിച്ചു വന്നതോടെ ഭാമക്ക് അനിലിനോടുള്ള സമീപനത്തിൽ ഒരു പാട് മാറ്റം വന്നിരുന്നു. പലപ്പോഴും അവരിരുവരും മാത്രമായി സംസാരിക്കാറുണ്ടായിരുന്നു. ചിലപ്പോഴെല്ലാം അവർ സംസാരിക്കാൻ തുടങ്ങിയാൽ ചുറ്റും ഞങ്ങൾ ഉണ്ടെന്ന കാര്യം അവർ മറന്നു പോകാറുണ്ട് എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു. ഇത് ഞാൻ മാത്രമല്ല, അമ്മച്ചിയും പാപ്പനും ഷേർളിയും സിസിലിയും എല്ലാം ശ്രദ്ധിച്ചിരുന്നു. "

"എന്നിട്ടു അവർ തമ്മിൽ ഇഷ്ടത്തിലായോ .. പിന്നെ എങ്ങനാ ശേഖരൻ ഭാമയെ കല്യാണം കഴിച്ചേ .."

(തുടരും)

Friday, September 20, 2019

ശരത്കാലം 13





തേരേഴത്തു വീടിന്റെ ഗേറ്റ് കടന്നു വന്ന ഇളം നീല നിറമുള്ള പ്രീമിയർ പദ്മിനി മുറ്റത്തു വന്നു നിർത്തിയപ്പോൾ ഉമ്മറ പടിയിൽ ഇരിക്കുകയായിരുന്ന മറിയ എഴുനേറ്റു . അതോടൊപ്പം അകത്തു നിന്നും ഒരാൺകുട്ടിയും പെൺകുട്ടിയും പുറത്തേക്കു ഓടി വന്നു , ഡ്രൈവർ സീറ്റിലെ ഡോർ പുറത്തു നിന്നും തുറന്നു കൊടുത്തു.

"പാപ്പാ ... "

ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ കറുത്ത കട്ടി ഫ്രെയിം ഉള്ള കണ്ണട വച്ച കുരിയാക്കോസ് , തന്റെ നീണ്ട ജൂബായുടെ പോക്കെറ്റിൽ നിന്നും കുറച്ചു മിട്ടായികൾ എടുത്തു അവർക്കു നേരെ നീട്ടി .

"എന്റെ സാറെ .. ഒൻപതാം ക്ളാസ്സിലേക്കായെന്ന് ഒരു വിചാരോം ഇല്ല രണ്ടിനും , വഴക്കും കൂടി മരം കേറി നടക്കുവാ .. "

മറിയ , കുരിയാക്കൊസിനടുത്തേക്കു നീങ്ങി നിന്ന് , കുട്ടികളെ നോക്കി പരിഭവിച്ചു . 

"ആണോടാ പിള്ളേരെ... ചേച്ചി എന്തിയെ.. "

"ചേച്ചി മോളിലുണ്ട്.. ടെറസിൽ.. "

മറുപടി പറഞ്ഞത് സൈമൺ ആയിരുന്നു . അതെ സമയം സിസിലി , ചേച്ചി എന്ന് വിളിച്ചു വീടിനുള്ളിലേക്ക് ഓടിയിരുന്നു .

"സാറെ .. എന്തോ സമ്മാനം കൊണ്ട് വരും എന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞല്ലോ .. എന്താ ... "

"ആഹ്.. അത് മറന്നു പോയി... നാണിച്ചു ഇരിക്കാതെ , ഇറങ്ങി വാടാ മോനെ.. "

കറുത്ത ഷീറ്റ് ഓടിച്ചിരുന്ന കാറിന്റെ ഗ്ലാസ്സുകൾക്കുള്ളിലൂടെ അകത്തിരിക്കുന്നവരെ കാണുവാൻ പ്രയാസമായിരുന്നതിനാൽ , കുരിയാക്കോസ് ഡോർ തുറന്നു കാറിനകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് , മറു വശത്തെ ഡോർ തുറന്നു ഒരു പൊടിമീശക്കാരൻ പുറത്തിറങ്ങി . 

"ഇങ്ങോട്ടു വാ.. "

അയാൾ കൈ ഉയർത്തി അടുക്കലേക്കു വിളിച്ചപ്പോൾ ഒന്ന് ശങ്കിച്ചു നിന്ന ശേഷം കയ്യിലിരുന്ന ബാഗ്‌ മുറുകെ പിടിച്ചു അവൻ അവരുടെ അടുക്കലേക്കു എത്തി . 

"മറിയെ, മനസ്സിലായോ നിനക്ക് .."

ഇല്ല എന്ന ഭാവത്തിൽ അവർ അവനെ അടിമുടി നോക്കികൊണ്ടിരുന്നു . 

"ഇത്, അനിൽ.. നമ്മുടെ ശങ്കുണ്ണി ചേട്ടന്റെ.. മുണ്ടക്കയത്തെ... "

"ആഹ്.. നീ അങ്ങ് വലുതായിപ്പോയല്ലോ... "

മറിയ അവന്റെ അടുത്തെത്തി കവിളിൽ തലോടി . 

"അവൻ പത്തു പാസ്സായി..ഡിസ്റ്റിങ്‌ഷൻ ഉണ്ട്.. ശങ്കുണ്ണി ചേട്ടൻ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടുവോന്നു ചോദിച്ചു, ഞാൻ അപ്പൊ തന്നെ കൂട്ടികൊണ്ടു പൊന്നു .."

"അത് നന്നായി .. "

"സൈമാ .. നീ ഇവനെ കൊണ്ട് പോയി ആ സ്റ്റെപ്പിന്റെ സൈഡിലെ മുറി കാട്ടി കൊട്.. ഹ്മ്മ് ചെല്ല് .. "

സൈമണിന്റെ മുഖഭാവം പെട്ടന്ന് മാറിയെങ്കിലും , അപ്പനെ ധിക്കരിക്കാനുള്ള മടി കൊണ്ട് അവൻ അനിലിന്റെ കൈ പിടിച്ചു അകത്തേക്ക് നടക്കാൻ തുടങ്ങി . അപ്പോഴാണ് അകത്തു നിന്നും ഓടി വന്ന ഒരു പെൺകുട്ടി അവരുടെ മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു നിന്നത് . അനിലിന്റേയും ആ പെൺകുട്ടിയുടെയും കണ്ണുകൾ ഇടഞ്ഞ തൊട്ടടുത്ത നിമിഷത്തിൽ നില തെറ്റി അവൾ അനിലിന്റെ ശരീരത്തിലേക്ക് വന്നിടിക്കുകയും , രണ്ടു പേരും താഴേക്ക് വീഴുകയും ചെയ്തു . 

"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു.. പത്തു ജയിച്ചേ പിന്നെ നിലത്തു ചവിട്ടി അല്ല നടത്തം.. വന്നു കേറിയപ്പോഴേ ആ ചെക്കനെ ഉരുട്ടിയിട്ടു... "

മറിയ മുറ്റത്തു നിന്നും ഓടി വന്നു , അവരെ പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചു . 

"ഞാൻ അറിയാതെ.. "

നിലത്തു വീണ് കിടക്കുന്ന അനിലിന്റെ ശരീരത്തിൽ നിന്നും പിടഞ്ഞെഴുനേറ്റ ആ പെൺകുട്ടി തന്റെ വസ്ത്രങ്ങൾ ശെരിയാക്കി നേരെ നിന്നു , പിന്നെ , നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അകത്തേക്ക് ഓടി . 

"ഡി മോളെ ..നിന്നോടല്ല.. ദേ ഈ പിശാശിനോടാ ... "

കൈകുത്തി , നിലത്തു നിന്നും എഴുനേറ്റു വന്ന അനിൽ മറിയ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കിയപ്പോൾ , തന്നെ നോക്കി ചിരിച്ചു കാണിച്ചു കുരിയാക്കൊസിനടുത്തേക്കു ഓടിപ്പോകുന്ന ഒരു ചുരുളൻ മുടിക്കാരിയെ കണ്ടു . 

"ഷേർളി കുഞ്ഞേ... "

"പാപ്പാ ..."

"നീ അവളെ പിന്നേം കരയിപ്പിച്ചല്ലേ ... എന്നതായിരുന്നു രണ്ടും കൂടി മോളിൽ ... "

"അത് പാപ്പാ .. പേരക്ക പറിക്കുവായിരുന്നു.. അപ്പച്ചന് തരാൻ വേണ്ടി അവള് ഓടി വന്നതാ .. പുറകെ ഞാനും.. അപ്പൊ അറിയാണ്ട്.. "

ഷേർളി നിന്ന് പരുങ്ങി .. 

"ഹ്മ്മ് ചെല്ല് , തൊട്ടാവാടി , ഇനി അതും പറഞ്ഞു കരഞ്ഞു വെള്ള പൊക്കം ഉണ്ടാക്കേണ്ട..അവൾക്കു നമ്മളല്ലേ ഉള്ളൂ .."

"ഭാമേടെ കരച്ചില് മാറ്റാൻ ഒരു വഴിയുണ്ട്.. പാപ്പാൻ സമ്മതിക്കണം.. "

"എന്ത്... "

"ലാലേട്ടന്റെ പടം റിലീസ് ആയിട്ടുണ്ട്.. കൊണ്ട് പോകാവോ.."

"ഏതു പടം.. "

"താഴ്‌വാരം .. ഇതിപ്പോ റിലീസ് ആയിട്ടു മൂന്നാഴ്ചയായി.. കോട്ടയത്ത് തിരക്ക് കാണുകേല.. "

"ഹ്മ്മ് .. നാളെ ഞായർ അല്ലെ , ഫസ്റ്റിന് പോകാം.. "

"എന്നാ ശെരി.. അവളുടെ കരച്ചില് മാറ്റിട്ടു വിളിച്ചോണ്ട് വരാം.. "

അകത്തേക്ക് ഓടിപ്പോകാൻ തുടങ്ങിയ ഷേർളി ബ്രെക്കിട്ടപോലെ അനിലിന്റെ അടുത്ത് നിന്നു . 

"കൊള്ളാലോ ചെക്കൻ, വന്നപ്പോഴേ, ഞങ്ങടെ പെണ്ണിനെ കെട്ടിപിടിച്ചല്ലേ.. "

"ഞാൻ.. ഞാനല്ല.. അമ്മച്ചി.. ഞാനല്ല"

അനിൽ ഭീതിയോടെ അവളെ നോക്കി , പിന്നെ പുറകോട്ടു തിരിഞ്ഞു മറിയയെം .. 

"നീ പോടി അവിടുന്ന്.. വന്നു കേറിയപ്പോഴേ ചെക്കനെ പേടിപ്പിക്കാതെ.. അവള് ചുമ്മാ പറഞ്ഞതാ മോനേ... സൈമാ .. നീ ചേട്ടനെ വിളിച്ചോണ്ട് അകത്തേക്ക് ചെല്ല് .. "

സൈമണും അനിലും അകത്തേക്ക് പോയപ്പോൾ മറിയ പടികെട്ടിറങ്ങി മുറ്റത്തു നിൽക്കുന്ന കുരിയാക്കൊസിനടുത്തെത്തി ..

"സാറെ ..അനിൽ ..."

"ഹ്മ്മ് .. അമ്മ മരിച്ചേപിന്നെ വല്യ കഷ്ട്ടമാ അവന്റെ കാര്യം . ശങ്കുണ്ണി ചേട്ടനു തീരെ മേലാ . ആ വലിയ വീടും അവനും , മേലാത്ത അച്ഛനും .. നല്ല കഴിവുള്ളവനാ , ഒറ്റയ്ക്ക് പഠിച്ചു അത്രേം മാർക് വാങ്ങീല്ലേ .. നിനക്ക് അവൻ ഇവിടെ നിൽക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ "

"എന്ത് കുഴപ്പം സാറേ.. മൂന്നെണ്ണത്തിന് ഒപ്പം ഒരാൾക്ക് കൂടി വിളമ്പണം.. അതിനെന്താ.. "

"വയസ്സാം കാലത്ത് , ആറ്റു നോറ്റു ഉണ്ടായ കുട്ടിയല്ലേ .. ഞാൻ കൊണ്ട് പോരുവാ എന്ന് പറഞ്ഞപ്പോ വല്യ സങ്കടായിരുന്നു. പിന്നെ , അച്ഛനേം അമ്മേം പോലെ നോക്കിക്കോളാന്ന് പറഞ്ഞപ്പോ സമ്മതിച്ചു . "

"അപ്പൊ , ശങ്കുണ്ണി ചേട്ടൻ .."

"വീട് പൂട്ടിയിടാൻ പോകുവാ .. സ്ഥലം നോക്കാനും , കൃഷിക്കും എല്ലാം ഒരാളെ ഏൽപ്പിക്കണം , ചേട്ടനെ ആശുപത്രിയിലേക്ക് മാറ്റണം ... "

കുരിയാക്കോസ് ഒന്ന് നിർത്തി കാറിലേക്ക് ചാരി നിന്ന് , പോക്കെറ്റിൽ നിന്നും സിഗെരെറ് എടുത്തു കത്തിച്ചു .

"കുറെ കടപ്പാട് ഉണ്ട് മറിയെ എനിക്ക് മാടവന വീട്ടുകാരോട്. പണ്ട് മുണ്ടക്കയത്തു അപ്പൻ ചെന്നപ്പോൾ സഹായിച്ചത് ഈ ശങ്കുണ്ണി ചേട്ടന്റെ അച്ഛനാ.. പിന്നെ ശങ്കുണ്ണി ചേട്ടനും .. തീരെ വയ്യ.. അസ്മയോ , വാതമോ ഒന്നും പറയണ്ട.. ഇവിടെ തന്നെ ഒരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. "

"എന്നിട്ട് .. "

"എറണാകുളത്തു പുതിയൊരു ഏർപ്പാട് തുടങ്ങിയിട്ടുണ്ട്, ഈ വയസ്സായവരെ നോക്കുന്ന സ്ഥലം .. അമ്മാതിരി ഒരെണ്ണം കോട്ടയത്തും തുടങ്ങാൻ പിതാവിന് പ്ലാൻ ഉണ്ട്.. ആദ്യം കുറച്ചു പൈസ അടച്ചാൽ മതി. പിന്നെ ജീവിതകാലം മുഴുവൻ അവർ നോക്കിക്കൊള്ളും. "

മറിയ, പുതിയ അറിവ് കേട്ട ജിജ്ഞാസയോടെ കുരിയാക്കൊസിനെ നോക്കി കൊണ്ടിരുന്നു . 

"അവനു എപ്പോ വേണേലും പോയി കാണാം, പിന്നെ മരുന്നും ഡോക്ടറും എല്ലാം അവിടെ ഉണ്ടാകും .. പഠിത്തം കഴിഞ്ഞു സ്വന്തം കാലിൽ നില്കുമ്പോ, അവൻ തീരുമാനിക്കട്ടെ.. "

"പാവം കുഞ്ഞു... "

മറിയ , ഇടതു കൈ നെഞ്ജോട് ചേർത്ത് പിണച്ചു വച്ച് , വലതു കൈ മുട്ട് മടക്കി , ഇടതു കൈപ്പത്തിയിൽ വച്ച് , വലതു കൈ , തന്റെ വലതു കവിളോട് ചേർത്ത് വച്ചു . 

ഇതേ സങ്കട ഭാവത്തിൽ തന്നെ ആയിരുന്നു, അവരുടെ സംസാരം ശ്രദ്ധിച്ചു ടെറസ്സിൽ നിന്നിരുന്ന മൂന്നു പെൺകുട്ടികളും . 

"അമ്മേ.. അമ്മേ.. "

അമൂല്യ ഭാമയെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു .. അടുക്കള പടിയിൽ പഴയ ഓർമ്മകളിൽ ഇരുന്ന ഭാമ , നിറ കണ്ണുകളോടെ മകളെ നോക്കി .

"രാഹുൽ പറഞ്ഞത് സത്യമാണോ അമ്മെ.. നിങ്ങൾ എല്ലാവരും ചേർന്ന് അവരെ, അവന്റെ അച്ഛനെ .. "

"അമ്മൂ... "

പറഞ്ഞു തീരും മുൻപേ ഭാമ ,തന്റെ കയ്യുയർത്തി അവളുടെ വായ മൂടി .

"ഞാൻ ആരെയും ചതിച്ചിട്ടില്ല മോളെ . അനിൽ .. അവനോടൊരിക്കൽ പോലും ഞാൻ അങ്ങിനെ പെരുമാറിയിട്ടില്ല . പക്ഷെ ... ഇത് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല .. എനിക്കൊന്നും അറിയില്ല ... "

"ആഹാ .. കുറെ കാശുണ്ടന്നു കരുതി , എന്തും വിളിച്ചു പറയാമെന്നായോ അവനു "

അവൾ അമ്മക്കരുകിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടക്കാനൊരുങ്ങിയെങ്കിലും , ഭാമ അവളുടെ വലതു കൈയ്യിൽ ബലമായി പിടിച്ചു നിർത്തി . 

"മോളെ .. അവനു നുണ പറയേണ്ട കാര്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് .. ഞാൻ അറിയാതെ എന്തെങ്കിലും നടന്നിട്ടുണ്ടങ്കിലോ .. അത്രയും പറഞ്ഞിട്ട് നിന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞോ ആ സമയത്തു ... "

"ഹ്മ്മ്.. "

എന്തോ ആലോചിച്ചെന്ന പോലെ അവൾ വീണ്ടും നിലത്തേക്ക് അമ്മയുടെ അരികിലേക്ക് ചേർന്നിരുന്നു.


ഇതേ സമയം , അടച്ചിട്ട മുറിയിൽ തന്റെ ഭാര്യയുടെ ചോദ്യങ്ങൾക്കു മറുപടി പറയാനാകാതെ തലകുനിച്ചിരിക്കുകയായിരുന്നു സൈമൺ .

(തുടരും)