Saturday, September 7, 2019

ശരത്കാലം 10




"കുരിയാക്കോസ് ചേട്ടൻ. "

രാഹുൽ അത്‌ഭുതത്തോടെ അച്ഛനെ നോക്കി.

"നിനക്കറിയാവുന്ന കുരിയാക്കോസ് എന്ന മനുഷ്യൻ ക്രൂരനായിരുന്നല്ലേ.. "

പുന്നത്തറച്ചൻ അവന്റെ കൈ വിടുവിച്ചു എഴുനേറ്റു പുറത്തേക്കു നടന്നു . 

"അതെ അച്ചോ.. അമ്മയും അച്ഛനും ഒരുമിച്ചു താമസിക്കുമ്പോൾ ഒരിക്കൽ പോലും അങ്ങോട്ട് വന്നിരുന്നില്ല. അതുമല്ല, അമ്മക്ക് കുരിയാക്കോസ് എന്ന പേര് കേൾക്കുന്നത് തന്നെ പേടിയായിരുന്നു .. "

"ഹ്മ്മ്.. അദ്ദേഹത്തിന്, അവരുടെ ഇഷ്ടത്തിന്, എതിരായിരുന്നല്ലോ... "

വരാന്തയിലേക്കെത്തിയ അച്ചനൊപ്പം രാഹുൽ നടന്നെത്തി.

"പക്ഷെ, ഞാൻ കേട്ടിരുന്നത് ...അവർ തമ്മിൽ വഴക്കുണ്ടായിരുന്നു എന്നെല്ലാം ആണല്ലോ.. കുരിയാക്കോസ് സാറാണ് അമ്മേം അച്ഛനേം അവിടുന്ന്,, എസ്സ്റ്റേറ്റീന്നു ഇറക്കി വിട്ടത് ... "

"ഹ്മ്മ്. . എസ്റ്റേറ്റിലെ വേലക്ക് വന്നവളുമായി നിന്റെ അച്ഛൻ കല്യാണം കഴിച്ചപ്പോൾ ആ ദേഷ്യത്തിന് അങ്ങിനെ ചെയ്തതാ .. പക്ഷെ , പറഞ്ഞാലുടനെ അവർ ഇറങ്ങി പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല .. "

"പിന്നെ എങ്ങനെയാ ഞങ്ങളെ... "

"അത് പറയാം.. അന്ന് നിനക്ക് മേലായ്ക വന്നു ആശുപത്രിയിൽ കിടക്കുമ്പോൾ, എല്ലാം അറിഞ്ഞു അദ്ദേഹമാണ് എന്നെ അങ്ങോട്ട് പറഞ്ഞു വിട്ടത്. നിനക്കും നിന്റെ അമ്മാമ്മക്കും ഒരു കുഴപ്പം വരാതെ നോക്കാനും താമസിക്കാൻ സൗകര്യം ഒരുക്കാനുമായി കുറെ പണവും തന്നിട്ടുണ്ട്. .. "

വിശ്വാസം വരാതെ തന്നെ നോക്കുന്ന രാഹുലിന്റെ തോളിൽ കൈയ്യിട്ടു അച്ചൻ ഓഫീസ് റൂമിലേക്ക് തിരികെ നടന്നു . 

"നിനക്ക് പ്രായപൂർത്തി ആകുമ്പോൾ തരാനായി കുറച്ചേറെ കാര്യങ്ങൾ കരുതി വച്ചാ അങ്ങേരു പോയെ.. "

താൻ ധരിച്ചിരുന്ന തിരുവസ്ത്രണത്തിന്റെ പോക്കറ്റിൽ നിന്നും എടുത്ത താക്കോലുപയോഗിച്ചു , അവിട യുണ്ടായിരുന്ന തടിയലമാര തുറന്നു ഒരു വലിയ ഫോൾഡർ എടുത്തു അച്ചൻ അവന്റെ മുന്പിലേക്കിട്ടു . 

"ഈ ഫയൽ മുഴുവനും നിന്റെ ജീവിതമാണ്.. നിന്റെ കയ്യിലേക്ക് വച്ച് തന്ന , വിറ്റുവെന്ന് പറഞ്ഞ ,ആ ചെറിയ കുടിലിന്റെ ആധാരം മുതൽ, മുണ്ടക്കയത്തെ നിന്റെ അച്ഛൻ നോക്കി നടത്തിയിരുന്ന എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം വരെ.. "

അവൻ ആ ഫോൾഡർ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് കസേരയിലേക്കിരുന്നു .. 

"എനിക്കിതെല്ലാം എന്തിനാ അച്ചോ.. ഞാൻ അവരുടെ ആരാ.. എനിക്കിതൊന്നും വേണ്ടാ.. "

കുറച്ചു സമയത്തെ മൗനത്തിനു ശേഷം ആ ഫോൾഡർ മേശയിലേക്കു വച്ച് അവൻ അച്ചനോട് ചേർന്നു നിന്നു , പിന്നെ അദ്ദേഹത്തിന്റെ വലത് കയ്യിൽ പിടിച്ചു താഴേക്കൂർന്നിരുന്ന് , ആ കൈത്തലത്തിൽ മുഖമമർത്തി തേങ്ങാൻ തുടങ്ങി .

"രാഹുൽ , നീ എന്താ ഇങ്ങനെ ...."

"എന്തിനാ അച്ചോ ഇതൊക്കെ എനിക്ക് തന്നെ .. ഇതൊക്കെ തിരിച്ചെടുത്തിട്ടു ഞങ്ങൾക്കു ആ ജീവിതം തരാൻ പറ്റുമോ ... "

പുന്നത്തറയച്ചൻ എന്ത് പറയണം എന്നറിയാതെ തന്റെ ഇടതു കൈകൊണ്ടു അവന്റെ തലയിൽ തഴുകികൊണ്ടിരുന്നു .

"ഇതൊക്ക അമ്മക്കറിയാമായിരുന്നോ ... "

"ഇല്ല ..."

"നീയാണ് ആദ്യമറിയേണ്ടത് എന്ന് ചേട്ടന് നിർബന്ധമുണ്ടായിരുന്നു ... "

രാഹുൽ മുഖമുയർത്തി അച്ചനെ നോക്കി ..

"മറ്റുള്ളവരുടെ കൂടെ ഒരനാഥനെ പോലെ നീ ജീവിക്കുമ്പോൾ, നീറി നീറി തന്നെയാണ് അദ്ദേഹവും ജീവിച്ചത്. ഞാൻ ചോദിച്ചിരുന്നു, എന്തെ നിന്നെ കൊണ്ടുപോകാതിരുന്നതെന്നു... "

"എന്നിട്ടു.. "

"നിന്റെ ചരിത്രം മറ്റുള്ളവർ അറിയുന്ന നിമിഷം, നീ ശക്തനായിരിക്കണം എന്നായിരുന്നു മറുപടി .. "

".."

"ഇപ്പോൾ , നിനക്കു പതിനെട്ടു വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇനി നിനക്ക് പോകാം .. നിന്റെ അച്ഛനും അമ്മയും താമസിച്ച എസ്റ്റേറ്റിലേക്കോ അല്ലങ്കിൽ, ആ ചെറിയ പത്തു സെന്റ് വീട്ടിലേക്കോ. ബാങ്കിൽ, നിനക്കീ ആയുസ്സിൽ കഴിയേണ്ട പണവും ഉണ്ട്... "

"എന്റെ അച്ഛന്റെ അമ്മയുടെ ജീവിതം നശിപ്പിച്ചതിന്റെ കൂലി... "

"അങ്ങിനെ ഒന്നുമില്ല മകനെ .. നീ കഴിഞ്ഞ പതിനഞ്ചു വര്ഷം എന്നോടൊപ്പമായിരുന്നു. എനിക്കുറപ്പുണ്ട്, നീ ഞാൻ പഠിപ്പിച്ചു തന്നതേ ചെയ്യൂ എന്ന്... "

പുന്നത്തറയച്ചൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി .. 

"അമ്മച്ചിക്ക് അറിയാമോ ഞാൻ ആരാണെന്നു .. "

"ഇല്ല.. ഇത് വരെ ആരും പറഞ്ഞിട്ടില്ല... "

"ഹ്മ്മ് .. ശേഖരൻ ... "

"ഇല്ല.. ആർക്കും അറിയില്ല.. "

അച്ചന്റെ മറുപടിയിൽ നിരാശയോടെ അവൻ മുഖം കുനിച്ചു ... 

"ഞാൻ ഒരു ഫോൺ നമ്പർ തരാം.. ഒരു ജോസ്.. മുണ്ടക്കയത്തുള്ളതാ. അവനാണ് എല്ലാം ഇപ്പോൾ നോക്കി നടത്തുന്നെ.. കണക്കും കാര്യങ്ങളും എല്ലാം ഇതിലുണ്ട്.. അവനെ വിളിച്ചു, ഇനി മുതൽ നീ തന്നെ എല്ലാം നോക്കണം.. "

മേശപ്പുറത്തു നിന്നും ഫോൾഡർ എടുത്തു രാഹുലിന്റെ കയ്യിലേൽപിച്ചു, ഒരു പിൻവിളിക്കു ചെവി കൊടുക്കാതെ പുന്നത്തറയച്ചൻ വെളിയിലേക്കു നടന്നു പോയി .

അല്പസമയത്തിനു ശേഷം , അവൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി , അടുത്ത് തന്നെയുള്ള വിശാലമായ മറ്റൊരു ഹാളിലേക്ക് കടന്നു ചെന്നു . അവിടെ , ഹാളിന്റെ അങ്ങേ അറ്റത്തു , രാഹുൽ എന്നെഴുതിയ പഴയ ഇരുമ്പു പെട്ടി തപ്പിയെടുത്തു അതിലെ ചെറിയ താഴ് തുറന്നു , നിറച്ചു വച്ചിരിക്കുന്ന തന്റെ മാത്രം ഇഷ്ട സാധനങ്ങളുടെ ഇടയിൽ നിന്നും പൂപ്പൽ കയറിത്തുടങ്ങിയ ഒരു കളർ ഫോട്ടോ കൈയിലെടുത്തു .

അച്ഛനും അമ്മയും , അവരുടെ ഇടയിൽ താനും .. 

നിയന്ത്രിക്കാൻ ആവാതെ ഒഴുകിത്തുടങ്ങിയ കണ്ണുനീർ ഒരു കുഞ്ഞികയ്യാലെ തുടച്ചു മാറ്റപ്പെട്ടപ്പോഴാണ് താൻ എവിടെയാണെന്ന ബോധം അവനു വന്നത് . ചുറ്റും നാലോ അഞ്ചോ കുട്ടികൾ , അവരുടെ മുഖവും കർക്കിടകമാസത്തിലെ ആകാശം പോലെ ഇരുണ്ടിരിക്കുന്നു.. പറയാൻ എനിക്കാരെങ്കിലും ഉണ്ട്, ഇവർക്കോ.. ആ ബോധം മനസ്സിലേക്ക് വന്ന നിമിഷം , ഫോട്ടോ പെട്ടിയിലേക്കു തിരികെ വച്ച് , തന്റെ കണ്ണ് തുടച്ചു അവൻ അവരുടെ കൂടെ പുറത്തേക്കു നടന്നു..

വൈകിട്ട് , സ്നേഹസദനിൽ നിന്നും രണ്ടു കിലൊമീറ്ററോളം അപ്പുറമുള്ള ജ്യോതി ഭവൻ എന്ന സ്ഥാപനത്തിലേക്ക് വലതു കയ്യിൽ ശരീരത്തോട് ചേർത്ത് പിടിച്ച ഫോൾഡറുമായി കയറിച്ചെല്ലുമ്പോൾ , മുറ്റത്തു തന്നെ മദർ സുപ്പീരിയർ നിൽക്കുന്നുണ്ടായിരുന്നു . 

"ഗുഡ് ഈവെനിംഗ് അമ്മെ .. "

സ്നേഹസദനിലെ കുട്ടികളുടെ എല്ലാം അമ്മയാണ് മദർ സുപ്പീരിയർ. 

"ഹാ.. നീ വരില്ലെന്നാണല്ലോ അച്ചൻ പറഞ്ഞെ.. നീ നിൽക്കുന്ന വീട്ടിൽ ആരോ വന്നന്നോ മറ്റോ.. "

"അതെ.. വരാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു.. പിന്നെ ഇവിടുത്തെ കുട്ടികളോടൊപ്പം അല്ലാതെ എങ്ങനാ ക്രിസ്ത്മസ് ആഘോഷിക്കുന്നേ.. അതാലോചിച്ചപ്പോ ഇങ്ങോട്ടു പൊന്നു.. "

"നന്നായി മോനെ, എന്നും ഇതുപോലെ വേണം .. ഇവിടുന്നു പലരും വലുതായി, ജോലിയൊക്കെയായി പോയിട്ടുണ്ട്.. അവരൊക്കെ ആദ്യം ഇങ്ങനായിരുന്നു .. പിന്നെ പിന്നെ .. പതുക്കെ നിക്കും .... "

"ഞാനും അങ്ങിനെ ആകുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ"

"മനുഷ്യന്റെ മനസ്സാണ് മോനെ .... ഒരു ജീവിതത്തിൽ അനുഭവിക്കാവുന്നതിൽ കൂടുതൽ ദുഃഖം ഇവിടെ നിങ്ങൾ അനുഭവിക്കുന്നില്ലേ.. അപ്പോൾ, സ്വാഭാവികമായും , ഒരു കുടുംബം ഒക്കെ ആകുമ്പോൾ , തങ്ങളുടെ പഴയ കാലം എല്ലാവരും മറക്കാൻ ശ്രമിക്കും ... അല്ല മറക്കണം... "

മദറിന്റെ വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞു , രാഹുൽ അവരുടെ കൈകളിൽ പിടിച്ചു ..

"നീ വിഷമിക്കാതെ..ഞാൻ ചുമ്മാ പറഞ്ഞതാ.. ചെല്ല് , അവളകത്തുണ്ട്.. രാവിലെ മുതൽ വല്യ സന്തോഷത്തിലാ.. "

".."

"അതാണ് മനസ്സിന്റെ ബന്ധം.. നീ വരുമെന്ന് ആരും പറഞ്ഞില്ലല്ലോ, എങ്കിലും മനസ്സിലായി കാണും.. "

രാഹുൽ അകത്തേക്ക് കയറിച്ചെല്ലുമ്പോൾ , മുന്നിൽ വന്ന പെൺകുട്ടി അടുക്കളയിലേക്ക് വിരൽ ചൂണ്ടി . 

അകത്തെ മുറിയിലൂടെ അടുക്കളയിലേക്കു ചെന്ന് , അവിടെ അരിഞ്ഞു വച്ച പച്ചക്കറികൾ, അടുപ്പിലിരുന്ന വലിയൊരു അലൂമിനിയപാത്രത്തിലേക്ക് ഇട്ടുകൊണ്ടിരുന്ന സ്ത്രീയുടെ പുറകിലെത്തി , അവരുടെ വലതു ചെവിയിലേക്ക് മുഖം ചേർത്തു വച്ച് അവൻ വിളിച്ചു ..

"അമ്മാ .. " 

(തുടരും)



No comments:

Post a Comment