Tuesday, September 3, 2019

ശരത്കാലം 8




"രാഹുലെ.. മോനെ... "


അമ്മമ്മയുടെ വിളിക്കു മറുപടിയായി തനിക്കൊന്നുമില്ലയെന്നു പറയണമെന്ന് കരുതിയെങ്കിലും , അതിനു മുൻപേ അവന്റെ കണ്ണുകൾ അടഞ്ഞുപോയിരുന്നു . 


"ഇപ്പോൾ കുഴപ്പമില്ല, ഈ ഡ്രിപ് കഴിയുമ്പോൾ നിങ്ങൾക്കു പോകാം.. പിന്നെ.. തന്നിരിക്കുന്ന മരുന്നുകൾ സമയത്തിന് കഴിക്കണം.. അധികം മാനസികമായി വിഷമിപ്പിക്കരുത്... "


ഓർമ്മകൾ തിരികെ വരുമ്പോൾ അവൻ കേട്ടതിതാണ് .. കണ്ണുകൾ മെല്ലെ തുറന്ന് ചുറ്റും നോക്കിയപ്പോൾ , പള്ളിമുറിയിലെ കിടക്കയിലാണ് താൻ എന്നവന് മനസ്സിലായി . എതിർ വശത്തുള്ള ബെഡിന്റെ നമ്പർ അഞ്ചു , അപ്പോൾ തന്റേതു പതിനഞ്ചു ... ഏഴു വയസ്സിനിടയിൽ , പള്ളിമുറിയിലെ ആ ജനറൽ വാർഡ് അവന്റെ മറ്റൊരു വീട് പോലെ ആയിരുന്നു . ഡോക്ടറും , നേഴ്‌സുമാരും എന്തിനു ഓരോ ബെഡും അവനു സുപരിചിതമായിരുന്നു .


"ആ.. നീ പിന്നേം അമ്മുമ്മേ പേടിപ്പിച്ചല്ലേ... "


കണ്ണ് തുറന്നു കിടന്ന അവന്റെ കവിളിൽ തട്ടി ഡോക്ടർ ചോദിച്ചു .


"ഇത് തീർന്നാൽ ഉടനെ പോകാം കേട്ടോ.."


സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന ഗ്ലൂക്കോസ് കുപ്പിയിലേക്ക് ചൂണ്ടി പറഞ്ഞു കൊണ്ട് ഡോക്ടർ തിരിഞ്ഞു നടന്നു. അവൻ വലതു വശത്തു നിന്നും തല പതുക്കെ ഇടതു വശത്തേക്ക് തിരിച്ചു നോക്കി, ആ കണ്ണുകൾ ആരെയോ തിരയുന്നത് പോലെ അവിടെ കൂടി നിന്നവർക്ക് തോന്നി.


അമ്മൂമ്മ , അപ്പച്ചൻ ചേട്ടൻ , അന്നമ്മ ചേടത്തി ... പിന്നെ ..കാൽച്ചുവട്ടിൽ ഒരു വെളുത്ത വസ്ത്രം ധരിച്ച ഒരാളും ..


അവന്റെ ഇടതു കൈ ഉയർന്നപ്പോൾ അമ്മൂമ്മ അവന്റെ മുഖത്തിനരുകിലേക്കു തന്റെ ചെവിയടുപ്പിച്ചു ..


"അതാരാ അമ്മമ്മേ.. "


"ഞാൻ .. പുന്നത്തറ അച്ചൻ.. "


മറുപടി പറഞ്ഞത് അവനരുകിലേക്കു വന്ന പുന്നത്തറ അച്ചനായിരുന്നു . അവരുടെ ആദ്യ കൂടി കാഴ്ച അങ്ങിനെയായിരുന്നു . 


"മോനും അമ്മച്ചിയും, ഇനി മുതൽ എന്റെ കൂടാ കേട്ടോ.. "


രാഹുൽ സംശയ ഭാവത്തിൽ അപ്പച്ചൻ ചേട്ടനെ നോക്കി .


"കുഞ്ഞു പേടിക്കണ്ട.. ഇങ്ങനെ ഇടക്കിടക്ക് വയ്യായ്ക വന്നാൽ അമ്മമ്മ ഒറ്റക്ക് എന്നാ ചെയ്യും... ഈ അച്ചനെ അപ്പച്ചൻ ചേട്ടൻ വിളിച്ചതാ.. നിങ്ങളെ നോക്കാൻ.. മോന്റെ അസുഖമെല്ലാം മാറ്റും.. "


അയാൾ അവനരുകിൽ വന്നു തലയിൽ തലോടി .. 


വൈകിട്ട് , വീട് പൂട്ടി അമ്മമ്മ താക്കോൽ അപ്പച്ചൻ ചേട്ടനെ ഏൽപ്പിക്കുമ്പോൾ രാഹുലും അയാളുടെ അരികിലെത്തി ..


"അപ്പച്ചൻ ചേട്ടാ .. "


യാചന കലർന്ന ആ ഒരു വിളിയിൽ നിന്ന് അവന്റെ എല്ലാ അപേക്ഷകളും അയാൾക്ക്‌ മനസ്സിലായി .


" ഞാൻ നോക്കിക്കോളാം നിന്റെ വീടിനെ , പോയിട്ട് മിടുക്കനായിട്ടു വാ .. "


അപ്പച്ചൻ അവന്റെ കൈ പിടിച്ചു അച്ചൻ വന്ന ജീപ്പിനകത്തേക്കു കയറ്റി ഇരുത്തിയപ്പോൾ അന്നമ്മ ചേടത്തി അവന്റെ പുസ്തകങ്ങളും അവരുടെ ഡ്രെസ്സുകളുമടങ്ങിയ ബാഗുകൾ പുറകിലേക്ക് വച്ച് , അമ്മമ്മേയെ ജീപ്പിലേക്കു കയറാൻ സഹായിച്ചു . 


"അച്ചോ.. ഇതാ പെണ്ണ് തന്ന കാശാ.. പിന്നെ ഈ സ്ഥലത്തിന്റെ പ്രമാണോം.. എല്ലാം അച്ചനെടുത്തോ .. നല്ലോണം നോക്കണം രണ്ടു പേരേം .."


മുൻപിലെ സീറ്റിലിരുന്ന പുന്നത്തറ അച്ചന്റെ കയ്യിലേക്ക് അപ്പച്ചൻ , നേരത്തെ വന്ന സ്ത്രീ തന്ന നോട്ടുകെട്ടുകളും പേപ്പറും ഏൽപ്പിക്കുന്നത് അവൻ കണ്ടു ..


" കർത്താവാനുഗ്രഹിച്ചു , ഇവരെ നോക്കാനുള്ളതെല്ലാം കിട്ടുന്നുണ്ട്.. എന്നാലും, ഇതെല്ലാം ഞാൻ ഇവന്റെ പേരിൽ ബാങ്കിൽ ഇട്ടേക്കാം.. "


പുറകോട്ടു നോക്കി അച്ചൻ എന്തിനങ്ങനെ പറഞ്ഞു എന്ന് അവനു മനസ്സിലായില്ലെങ്കിലും , മൂന്നു നേരം കഴിക്കാനുള്ള ഭക്ഷണവും , മരുന്നും മുടങ്ങാതെ കിട്ടുന്ന ഒരിടത്തേക്കാണ് തങ്ങളുടെ യാത്ര എന്നവന് മനസ്സിലായി. ആരും ഇല്ലാതായതിൽ പിന്നെ വയ്യാത്ത അമ്മമ്മ , അന്ന ചേടത്തിയോടൊപ്പം പണിക്ക് പോയി കൊണ്ട് വരുന്നതാണ് കഴിക്കാറ് . അല്ലങ്കിൽ അപ്പച്ചൻ ചേട്ടന്റെ വീട്ടിൽ നിന്നും . ആ വണ്ടി , തന്റെ വീട് വിട്ടു ദൂരേക്ക്‌ പോകുന്തോറും , ഓട്ടുപാലുകൊണ്ടുള്ള തന്റെ ബോളിൽ കുഞ്ഞു വിരലുകൾ കൊണ്ട് അമർത്തി പിടിച്ചു ഓർമ്മകളിലേക്കു അവൻ അലിഞ്ഞു ചേർന്നു ... 


"വാട്ട് ഈസ് ദിസ് .. "


രാഹുലിന്റെ കയ്യിൽ നിന്നും വഴുതിപ്പോയ ഓട്ടുപാലിന്റെ ആ ബോൾ രൂപം ഉരുണ്ടെത്തിയത് സൈമണിന്റെ കാൽ ചുവട്ടിലിലാണ് . 


"അത് .. ബോൾ.. അത് പോലൊരു സാധനം.. "


അപ്രതീക്ഷിതമായ ചോദ്യത്തിൽ അവൻ ഒന്ന് പരിഭ്രമിച്ചു .. 


"ഒഹ്.. ഓക്കേ.. ഞാൻ നിന്നെ കാണാൻ വന്നതാ..കുറച്ചു കഴിഞ്ഞു എനിക്കൊന്നു കാഞ്ഞിരപ്പള്ളിക്ക് പോണം... എനിക്ക് നല്ല തലവേദന , നിനക്ക് ഡ്രൈവ് ചെയ്യാമോ .. "


രാഹുൽ തലയാട്ടി .. 



"എന്നാൽ പോയി റെഡി ആക്.. ഇപ്പൊ തന്നെ മണി ഒൻപതായി, ഒരു വൺ അവറിൽ പോണം.. ഒക്കെ.. "


ബോൾ രാഹുലിന്റെ കയ്യിലേൽപിച്ചു അയാൾ തിരികെ നടന്നു .. അടുത്ത ദിവസം രാവിലെ , പഴയ ഓർമകളിൽ കൂടെ സഞ്ചരിച്ചു , പുകപ്പുരയുടെ മുന്നിൽ ഇരിക്കുമ്പോഴായിരുന്നു സൈമൺ അവനെ തിരക്കി അങ്ങോട്ട് വന്നത് . 


പത്തു മണിയോടെ അവൻ തയ്യാറായി അമ്മച്ചിയുടെ കയ്യിൽ നിന്നും കാറിന്റെ താക്കോൽ വാങ്ങി , മുറ്റത്തു കിടന്ന വണ്ടി തിരിച്ചിട്ടു . സിസിലിയും സൈമണിന്റെ ഭാര്യ ടീനയും മക്കളും എല്ലാം ടോണിയോടൊപ്പം പള്ളിയിലേക്ക് പോയിരുന്നു . 


"അവൻ ഇവിടെ നിന്ന് പഠിക്കാൻ വന്നതാ.. അല്ലാതെ നിന്റെ ഡ്രൈവർ അല്ല.. അതോർത്തു വേണം പോകാൻ. "


വണ്ടിയുടെ പുറകിലേക്ക് കയറാൻ പോയ സൈമണിനെ നോക്കി അമ്മച്ചി പറഞ്ഞു . 


"ഒഹ്ഹ് .. സോറി മാൻ.. "


ഒരു നേർത്ത പുഞ്ചിരിയോടെ , ഡ്രൈവർ സീറ്റിൽ ഇരുന്നു തന്നെ നോക്കുന്ന രാഹുലിനെ കണ്ണടച്ച് കാണിച്ചു , പുറകിലെ ഡോർ അടച്ചു സൈമൺ മുന്നിലെ ഇടതു വശത്തെ സീറ്റിലേക്കിരുന്നു .


"പോകാം.. വഴി അറിയാല്ലോ അല്ലെ... "


അമ്മച്ചിക്ക് നേരെ കൈവീശി കാണിച്ചു , അയാൾ രാഹുലിനു നേരെ നോക്കി .


"ടോണി ചേട്ടനൊപ്പം കാഞ്ഞിരപ്പള്ളി വഴി മുണ്ടക്കയം വരെ പോയിട്ടുണ്ട്, എവിടെ തിരിയണം എന്ന് പറഞ്ഞാൽ മതി. "


സീറ്റ് ബെൽറ്റ് ഇട്ടു , വണ്ടി മുന്നോട്ടു ഓടിച്ചു കൊണ്ട് രാഹുൽ പറഞ്ഞു . 


"ഹ്മ്മ്..ഞാൻ ഒന്ന് മയങ്ങുവാ..തലവേദന കുറയുന്നില്ല... നീ കാഞ്ഞിരപ്പള്ളി ആകുമ്പോൾ വിളിക്ക്.. "


സീറ്റു പുറകോട്ടാക്കി കണ്ണടച്ച് ചാരിക്കിടന്നു സൈമൺ തന്റെ ഇടതു കൈ നെറ്റിയിൽ അമർത്തി മയങ്ങാൻ തുടങ്ങി . 


###############


"എവിടെ എത്തി .. "


ഒരു നീണ്ട മയക്കത്തിനു ശേഷം കണ്ണ് തുറന്ന സൈമൺ പ്രതീക്ഷയോടെ ചുറ്റും നോക്കി . പക്ഷെ , ഡ്രൈവർ സീറ്റിൽ രാഹുലിനെ കാണാത്തതും , കാർ റോഡിൽ നിന്നു മാറി ഉൾപ്രദേശത്തെവിടെയോ ആണെന്നുള്ളതും അയാളിൽ ചെറിയൊരു ഭീതി പടർത്തി . 


സീറ്റ് ബെൽറ്റ് ഊരി ഡോർ തുറന്നു പുറത്തിറങ്ങിയ സൈമൺ , മുതുകത്തേറ്റ ശക്തമായ പ്രഹരത്തിൽ വണ്ടിയുടെ ബോണറ്റിൽ പോയി ഇടിച്ചു താഴേക്ക് വീണു. പെട്ടന്നുണ്ടായ ആക്രമണത്തിൽ പകച്ചു പോയ അയാൾ തറയിൽ മുട്ട് കുത്തി എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും തോളിലേക്ക് പതിച്ച ചവിട്ടിൽ വീണ്ടും നിലകിട്ടാതെ താഴക്കു വീണു പോയി . തട്ട് തട്ടായുള്ള ഭൂപ്രകൃതിയിൽ താഴേക്കു ശരീരം ഊർന്നു പോകുന്നതിനിടയിൽ വേഗത്തിൽ മുകളിൽ നിന്നും ഓടി വന്ന ഒരുവൻ തന്റെ കയ്യിൽ പിടിച്ചുയർത്തുന്നതായും , വീണ്ടും ദൂരേക്ക്‌ താൻ എറിയപ്പെടുന്നതായും സൈമണിന് തോന്നി .


ബോധം തെളിയുമ്പോൾ , ഒരു പുഴയുടെ തീരത്തായിരുന്നു അയാൾ .ശരീരം മുഴുവൻ പൊടിയുന്ന വേദന അവഗണിച്ചു അയാൾ മുഖമുയർത്തി നോക്കി . അല്പം ദൂരെ കാറും , അതിന്റെ ബോണറ്റിൽ ഇരിക്കുന്ന രാഹുലിനെയും കണ്ടു അയാൾ ഇരു കൈകളും തറയിൽ കുത്തി എഴുനേൽക്കാൻ ശ്രമിച്ചു . 
പലവട്ടം വീഴാൻ പോയെങ്കിലും, വേച്ചു വേച്ചു അയാൾ അവനരുകിലെത്തി.. 

"നീ.. നീ എന്തിനാ എന്നോട്.. "

മുഖത്തൊരു പുഞ്ചിരി വരുത്തി തന്റെ അടുക്കലേക്ക് നടന്നടുക്കുന്ന അവനു നേരെ കൈ ചൂണ്ടി സൈമൺ ചോദിച്ചു.. മറുപടിയായി തന്റെ വലതു കൈകൊണ്ടു രാഹുൽ അയാളുടെ കഴുത്തിൽ അമർത്തി കാറിനോട് ചേർത്തു വച്ചു... 

"ഈ ചോദ്യം ഞാൻ അല്ലേ സൈമാ ചോദിക്കണ്ടെ.. എന്തിനാ നീ ഞങ്ങളോട് അങ്ങിനെ ചെയ്തേ.. "

ശ്വാസം എടുക്കാൻ പാട് പെടുന്ന സൈമണിന്റെ കഴുത്തിൽ നിന്നും കയ്യെടുത്തു രാഹുൽ പുറകോട്ട് മാറി നിന്നു.. 

"നീ ആരാ.. നിനക്കെന്താ വേണ്ടേ.. "

ഇരു കൈകൾ കൊണ്ടും കഴുത്തിൽ തടവി അയാൾ നിലത്തേക്കൂർന്നിരുന്നു.. രാഹുലിന്റെ മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു.. പിന്നെ ഇരു കൈകളും ഉയർത്തി അവൻ മുകളിലേക്കു നോക്കി.. 

" ദൈവമേ.. "

ഒരു ദീർഘ നിശ്വാസം എടുത്തു അവൻ അയാളുടെ അരികിലെത്തി.. 

"നിനക്കെന്നെ ഓർമ്മയില്ല അല്ലേ സൈമാ.. പോട്ടെ.. നിനക്കൊരു രേവതിയെ ഓർമ്മയുണ്ടോ.. മുണ്ടക്കയത്തുള്ള? "

അമ്മയുടെ പേര് കേട്ടതും അയാളുടെ കണ്ണുകൾ വികസിക്കുന്നത് രാഹുൽ അറിഞ്ഞു.. സൈമൺ കാറിന്റെ വശത്തു പിടിച്ചു നേരെ നിന്നു അവനെ നോക്കി എന്തോ പറയാൻ തുനിഞ്ഞു.. 

"എനിക്കെന്താ വേണ്ടതെന്നു നിനക്കറിയണം അല്ലേ.. എനിക്കെന്റെ അച്ഛനെ വേണം, അമ്മയെ വേണം.. അനാഥനായി വളർന്ന കഴിഞ്ഞ കാലം വേണം.. തരാൻ പറ്റുമോ നിനക്ക്.. "

പറയാൻ വന്നത് മുഴുപ്പിക്കാനാവാതെ അയാൾ പകുതിയിൽ നിർത്തി.. 


"മോനെ.. ഞാൻ.. "

"വേണ്ട.. ഇതൊന്നും എനിക്ക് തിരികെ ലഭിക്കില്ലെന്നെനിക്കറിയാം.. പക്ഷെ, ഞാൻ അനാഥൻ അല്ലെന്ന് നിങ്ങൾ പറയണം.. അതു മാത്രം.. പറ്റുമോ.. "

"..."

" പറ്റില്ല അല്ലേ.. "

എന്താ ചെയ്യേണ്ടന്നറിയാതെ നിൽക്കുന്ന സൈമണിന് നേരെ നോക്കി അത്രയും പറഞ്ഞു അവൻ മുന്നോട്ടു നടന്നു.. ശാന്തമായി ഒഴുകുന്ന ആ പുഴയെ ലക്ഷ്യമാക്കി.. 

(തുടരും )

രാഹുൽ ഇത്രയും ശക്തനാണോ, എങ്ങനെ ഒറ്റക്ക്.. ആ വക ചോദ്യങ്ങൾക്ക് മറുപടി അടുത്ത അദ്ധ്യായങ്ങളിൽ കിട്ടും.. 

പള്ളിമുറി -പണ്ട് പള്ളിയോടടുത്തുള്ള ഒരു മുറിയിൽ ആയിരുന്നു ഹോസ്പിറ്റൽ നടന്നിരുന്നത്.. അങ്ങിനെ കോട്ടയം ഭാഗത്തൊക്കെ പള്ളി നടത്തുന്ന ആശുപത്രികളെ പള്ളിമുറികൾ എന്ന്‌ വിളിച്ചു പോന്നു..

No comments:

Post a Comment