Monday, September 9, 2019

ശരത്കാലം 11





അകത്തെ മുറിയിലൂടെ അടുക്കളയിലേക്കു ചെന്ന് , അവിടെ അരിഞ്ഞു വച്ച പച്ചക്കറികൾ, അടുപ്പിലിരുന്ന വലിയൊരു അലൂമിനിയപാത്രത്തിലേക്ക് ഇട്ടുകൊണ്ടിരുന്ന സ്ത്രീയുടെ പുറകിലെത്തി , അവരുടെ വലതു ചെവിയിലേക്ക് മുഖം ചേർത്തു വച്ച് അവൻ വിളിച്ചു ..

"അമ്മാ .. " 

ആ സ്ത്രീ ഞെട്ടി തിരിഞ്ഞു നോക്കി .. പിന്നെ , ഇരു കൈകളും തോളിൽ കിടന്ന ചെറിയ തുണിയിൽ തുടച്ചു , തന്റെ വലതു കൈ കൊണ്ട് രാഹുലിന്റെ ഇടതു കവിളിൽ തലോടി. സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"രേവമ്മ... "

രാഹുൽ , തന്റെ വലതു കയ്യിയർത്തി , അവരുടെ കണ്ണുനീർ തുടച്ചു , തോളിൽ കൂടി കയ്യിട്ടു അടുക്കള വാതിൽ വഴി പുറത്തേക്കു നടന്നു .

"ചേട്ടത്തി.. കറി ഒന്ന് നോക്കണേ... "

അടുക്കള മുറ്റത്തേക്കിറങ്ങിയ രേവതി , അവിടെ നിന്നിരുന്ന പ്രായമായ സ്ത്രീയോട് പറഞ്ഞു

"ഹ്മ്മ്.. മോൻ വന്നല്ലേ.. ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ സംസാരിക്ക് .. "

രാഹുലിന്റെ കവിളിൽ തലോടി അവർ അകത്തേക്ക് പോയി . രേവതിയും രാഹുലും , അടുക്കളത്തോട്ടം കടന്നു ആ വലിയ വീടിന്റെ വടക്കു വശത്തുള്ള മാവിൻ ചുവട്ടിൽ ഇരുന്നു. ആ വലിയ മാവിൽ ചാരി കാലുകൾ നീട്ടി ഇരുന്ന രേവതിയുടെ മടിയിൽ തലവച്ചു രാഹുൽ കിടന്നു . അമ്മയുടെ വിരലുകൾ അവന്റെ തലമുടിയിൽ തലോടി തുടങ്ങിയപ്പോൾ അവൻ കണ്ണുകൾ അടച്ചു . അമ്മയും മകനും മാത്രമുള്ള സമയങ്ങളിൽ അവരുടെ ശീലമായിരുന്നു അത് . കുട്ടിക്കാലത്തു അങ്ങിനെ ഒന്ന് കിടക്കാൻ ഒരു പാട് ആഗ്രഹിച്ചിരുന്ന കാര്യം അവനോർത്തു .

"ഇതെന്താ നിന്റെ കയ്യിൽ.. "

അപ്പോഴാണ്‌ രേവതി അവന്റെ കയ്യിൽ ഇരുന്ന ഫോൾഡർ ശ്രദ്ധിച്ചത് .

"നമ്മുടെ ഇതുവരെയുള്ള ജീവിതത്തിന്റെ ആകേ കൂലി.. "

അവൻ കണ്ണുകൾ തുറന്നു പുച്ഛത്തോടെ ആ ഫോൾഡർ രേവതിക്ക് നേരെ നീട്ടി ..

"എന്ന് വച്ചാൽ.. "

"അയാള് , മുണ്ടക്കയത്തെ എസ്റ്റേറ്റും, പഴയ വീടും എന്റെ പേരിൽ എഴുതിയതിന്റെ പേപ്പറുകൾ .. പിന്നെ, എന്റെ പേരിൽ ബാങ്കിൽ ഇട്ട പൈസയുടെ രേഖകളും .. "

"ആര് കുരിയാക്കോസ് സാറോ... "

രേവതി നിലത്തുനിന്നും ഒരു പിടച്ചിലോടെ എഴുനേറ്റു . ഇത്രയും വർഷം കഴിഞ്ഞിട്ടും അമ്മയ്ക്ക് അയാളോടുള്ള പേടിയോ ബഹുമാനമോ കുറഞ്ഞിട്ടില്ല എന്നോർത്ത് രാഹുലിന് അത്ഭുതമായി .

"ഹ്മ്മ്.. അയാളാണത്രെ എന്നെ ഇവിടെ എത്തിക്കാൻ പുന്നത്തറ അച്ചനെ അയച്ചത്. .. എന്നിട്ടു ഇതെല്ലം ചെയ്തിട്ട് അച്ചന്റെ കൈയ്യിൽ കൊടുത്തൂന്നു.. അയാളുടെ മകനെ രക്ഷിച്ചതിനുള്ള കൂലി അല്ലാണ്ടെന്താ.. "

"... "

"നമുക്കിതൊന്നും വേണ്ടമ്മേ.. എല്ലാം പുന്നത്തറയച്ചൻ എടുത്തോട്ടെ .. പഠിത്തം കഴിഞ്ഞു ഒരു ജോലി ആകുന്നത് വരെ എങ്ങനെ എങ്കിലും ഒന്ന് പിടിച്ചു നില്ക്കു, എന്നിട്ടു ഞാൻ അമ്മയെ കൊണ്ടുപോയ്ക്കോളാം.. "

തന്റെ മകന്റെ വാക്കുകളിൽ വന്ന ആത്മവിശ്വാസത്തിൽ രേവതിക്ക് സന്തോഷം തോന്നി .. 

"അത് നല്ലതാണു.. പക്ഷെ, നമുക്കിതെല്ലാം വേണം മോനെ.. നിന്റെ പേരിൽ ഉള്ള പണവും, ആ സ്ഥലങ്ങളും എല്ലാം.. നിന്റെ അമ്മയുടെ വാശിയാണെന്നു കൂട്ടിക്കോ... "

രാഹുൽ നിലത്തു നിന്നും എഴുനേറ്റു അമ്മയെ നോക്കി ..

"വേണം മോനെ.. എല്ലാം നിന്റെ കയ്യിൽ കൊണ്ട് വരണം.. ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്കാ എസ്റ്റേറ്റിൽ ആരെയും പേടിക്കാതെ കഴിയണം.. "

".."

"എന്നിട്ടു നീ പറഞ്ഞ പോലെ നമ്മുടെ മാത്രമായ എങ്ങോട്ടെങ്കിലും പോകാം.. എല്ലാം അച്ചനെ ഏല്പിക്കാം.. "

"ഹ്മ്മ് . പിന്നെ .. ഞാൻ സൈമണിനെ കണ്ടിരുന്നു ... ഒറ്റയ്ക്ക് .. "

"എന്നിട്ടു .. അയാള് നിന്നെ തിരിച്ചറിഞ്ഞോ. .. "

"ഹ്മ്മ് .. ഞാൻ ആരാണെന്നു അയാളോട് പറഞ്ഞു .. എന്തിനു വന്നതാണെന്നും .. "

" എന്നിട്ടു.."

"അയാൾ എനിക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാമെന്നു പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു മാപ്പു പറഞ്ഞു.. ഒന്നും അറിയില്ലായിരുന്നുവത്രെ.. "

"ഹാ .. "

അമ്മയുടെ മുഖത്തു വിരിയുന്ന ഭാവം പുച്ഛമാണോ അതോ ദേഷ്യമാണോ എന്നറിയാതെ അവൻ കുഴങ്ങി .

"സൂക്ഷിക്കണം മോനെ.. ചതിയന്മാരാ.. എല്ലാവരും..പറഞ്ഞു പറ്റിക്കും നിന്നെ.. "

അവരവന്റെ കയ്യിൽ ബലമായി പിടിച്ചു .. 

"ഞാൻ , നോക്കിക്കോളാം അമ്മെ.. "

രാഹുൽ രേവതിയെ ചേർത്ത് പിടിച്ചു തിരികെ നടന്നു .

********************************

ക്രിസ്തുമസ് അവധിക്കു ശേഷം , കലാലയത്തിലെ ആദ്യ ദിനം. ഐസക്കിനും അഭിലാഷിനുമൊപ്പം ക്ലാസ്സിലേക്ക് പോകുമ്പോഴായിരുന്നു , ലാബിനു മുൻപിൽ നിന്നും സംസാരിച്ചു കൊണ്ടിരുന്ന അമൂല്യയെയും അര്ജുനനെയും അവരുടെ സുഹൃത്തുക്കളെയും രാഹുൽ കാണുന്നത് . 

"നിങ്ങള് നടന്നോ.. ഞാൻ ഇപ്പൊ വരാം.. "

രാഹുൽ അവരോടായി പറഞ്ഞു കൊണ്ട് , ക്ലാസ്സിന്റെ വരാന്തയിൽ നിന്നും താഴേക്കു ചാടി . 

"ഡാ.. അവന്മാർ ഉണ്ട് അവിടെ.. ചുമ്മാ ഒരു പ്രശനം ഉണ്ടാക്കണോ.. "

"കണക്കുകൾ ആണുങ്ങൾക്ക് തീർക്കാനുള്ളതാണ്.. ചുമ്മാ ഇടയിൽ കയറി വന്നേക്കരുത് .."

അവർക്കു നേരെ തന്റെ ബാഗ് എറിഞ്ഞു കൊടുത്തു അവൻ അമൂല്യയുടെ നേർക്ക് നടന്നു .

"അമ്മൂ.. ഒരു മിനിറ്റ്, ഒരു കാര്യം പറയാനുണ്ട്.. "

അമ്മുവിൻറെ അടുത്തെത്തി , മുണ്ടിന്റെ മടക്കി കുത്തു അഴിച്ചിട്ടു അവൻ വലതു കൈ നീട്ടി അവളെ വിളിച്ചു. 

"എനിക്കൊന്നും പറയാനില്ല .. നീ ക്ലാസ്സിലേക്കു പോ... "

അർജുനെ നോക്കി , ചെറിയൊരു പേടിയോടെ അവൾ പറഞ്ഞു .

"ഒരു മിനിറ്റു.. ഒറ്റ കാര്യം പറയാനാ.. "

"അവള് പറഞ്ഞില്ലേ ഒന്നും പറയാനില്ലന്ന് .. പിന്നെ, നീ സീനിയേഴ്‌സിനെ പേരാണോടാ വിളിക്കുന്നെ.. "

മുന്നോട്ട് വന്നു മറുപടി പറഞ്ഞത് അർജുൻ ആയിരുന്നു .

" നോക്ക് .. ഇത് ഞങ്ങളുടെ കാര്യം ആണ്, പേര് വിളിക്കണോ, വേറെ വെല്ലോം വിളിക്കണോ എന്ന് ഞാനാ തീരുമാനിക്കുന്നെ... "

"ഞങ്ങടെ കാര്യോ.. "

അർജുൻ വലതു കൈകൊണ്ടു അവനെ ശക്തമായി പുറകോട്ടു തള്ളി . ഭിത്തിയിൽ പോയി ഇടിച്ചു നിന്ന രാഹുൽ , തന്റെ നേരെ കൈ വീശി പാഞ്ഞു വന്ന അർജുന്റെ മുന്നിൽ നിന്നും വേഗത്തിൽ ഒഴിഞ്ഞു മാറി. രാഹുലിനെ തല്ലാനാകാതെ , ഓടി വന്ന ശക്തിയിൽ വീണു പോയ അർജുനെ നോക്കി , മുണ്ടു മടക്കി കുത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന രാഹുലിന് ചുറ്റും അപ്പോഴേക്കും മൂന്നു പേർ നിരന്നു നിന്നു . അവരുടെ പുറകിലായി , താഴെ നിന്നും എഴുനേറ്റു വന്ന അർജുനും . ഒരിടി കാണാനുള്ള സന്തോഷത്തിൽ ചുറ്റും കുട്ടികൾ കൂടുകയും , അവർ രാഹുൽ വാങ്ങി കൂട്ടാൻ പോകുന്ന തല്ലിന്റെ കണക്കെടുക്കാൻ തുടങ്ങുകയും ചെയ്തു . 

രാഹുൽ പുറകോട്ടു നടക്കുന്തോറും അവരും അവനു നേരെ നടക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ വലതു വശത്തു നിന്നവൻ , കൈ ചുരുട്ടി രാഹുലിന്റെ മുഖത്തേക്ക് ഇടിക്കാൻ ശ്രമിച്ചെങ്കിലും , അത് മുൻകൂട്ടി അറിഞ്ഞെന്നപോലെ തന്റെ ഇടതു കൈ കൊണ്ട് അവനെ തടുത്തു , പെട്ടന്ന് മുഖം കുനിച്ചു ചുരുട്ടി പിടിച്ച വലതു കൈ ഇടതു വശത്തു നിന്നവന്റെ വയറിലേക്ക് ശക്തമായി ചേർത്തു . അവൻ വയറിൽ ഇരു കൈകളും ചേർത്ത് താഴേക്ക് കുനിഞ്ഞിരുന്നു . പെട്ടന്നുള്ള രാഹുലിന്റെ പ്രത്യാക്രമണത്തിൽ പകച്ചു പോയ അവർക്കു മറ്റൊരവസരം നൽകാതെ , അവൻ മുന്നൊട്ടു വന്നു , നടുക്ക് നിന്നവന്റെ കഴുത്തിൽ പിടിച്ചു താഴേക്ക് കുനിച്ചു അവന്റെ മുതുകിലൂടെ ഇടതു വശത്തു നിന്നും വലത്തേക്ക് ഉരുണ്ടു , വലതു കാൽ കൊണ്ടു അവന്റെ പുറകിൽ നിന്ന അർജുന്റെ ഇടതു കവിളിൽ ചവിട്ടി , അതെ സ്പീഡിൽ കറങ്ങി വന്നു ഇരു കാലുകളും അവന്റെ വലതു വശത്തു നിന്നവന്റെ തോളിലേക്ക് പതിപ്പിച്ചു അവനെ ദൂരേക്ക്‌ തെറിപ്പിച്ച ശേഷം നേരെ നിന്നു .പിന്നീടു, അപ്പോഴും കുനിഞ്ഞു നിൽക്കുകയായിരുന്ന നടുക്ക് നിന്നവന്റെ കോളറിൽ , ഇടതു കൈ കൊണ്ട് പിടിച്ചു നേരെ നിർത്തി , വലതു കൈ ഉയർത്തി ഒന്ന് ആഞ്ഞു വീശി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ തെറിച്ചു ദൂരേക്ക്‌ വീണു . പിന്നെ ഞൊടിയിടയിൽ ഓടി ചെന്ന് താഴെ വീണു കിടക്കുകയായിരുന്ന അർജുന്റെ ഷർട്ടിൽ പിടിച്ചുയർത്തി , മുഖത്തിനിരുവശവും മാറി മാറി തല്ലി , പിന്നെ താഴേക്കിട്ടു . രാഹുലിനെ പിടിച്ചു മാറ്റാൻ പലരും ആ സമയത്തു മുന്നോട്ടു വന്നെങ്കിലും , ക്രൂരമായ അവന്റെ മുഖഭാവം കണ്ടു എല്ലാവരും പിന്തിരിഞ്ഞു . 

"ഞാൻ , രാഹുൽ രേവതി... രേവതി എന്റെ അമ്മ.. അഭിമാനം പണയം വയ്ക്കാതെ ജീവിച്ച സ്ത്രീ ... ഇനിയും എന്തെങ്കിലും നിനക്കൊക്കെ അറിയണോ... നിങ്ങൾക്കാർക്കെങ്കിലും അറിയണോ "

മുണ്ടു ഒരിക്കൽ കൂടി മടക്കി കുത്തി , വലതു ചൂണ്ടു വിരൽ അര്ജുന് നേരെ നീട്ടി , പിന്നെ ആ കൈ വിരൽ അവിടെ കൂടി നിന്ന ഓരോരുത്തരുടെയും നേരെ നീട്ടി അവൻ തന്റെ ക്ലാസ്സിലേക്ക് നടന്നു . ആ മറുപടിയിൽ അവിടം വളരെ വേഗത്തിൽ ശാന്തമായി. 

അടുത്ത ദിവസം രാവിലെ , പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ ഒരു സൈഡിൽ അർജുനും , കൂട്ടുകാരും അവരുടെ മാതാപിതാക്കളും നിരന്നു നിന്നു, മറു വശത്തു രാഹുലും നടുക്ക് കൊട്ടാരത്തിലച്ചനും.

"ഞാൻ .. ഞാൻ എന്ത് ചെയ്യണം നിന്നെ.. നിന്നെ ഇങ്ങോട്ടു വിട്ട പുന്നത്തറ അച്ചന്റെ പേര് കളഞ്ഞല്ലോ നീ.."

എല്ലാവരുടെയും മുന്നിൽ വച്ച് പ്രിൻസിപ്പലച്ചൻ അവനു നേരെ ആക്രോശിച്ചുകൊണ്ടിരുന്നു . 

"അച്ചോ.. അനാഥാനാണ് എന്നൊന്നും, ഞങ്ങള് നോക്കുകേല കേട്ടോ.. ചെക്കന്റെ കയ്യും കാലും തല്ലിയൊടിക്കും.. "

"ആ... എങ്ങനെ കൊണ്ട് നടന്ന കുഞ്ഞുങ്ങളാണെന്നു നോക്കിക്കേ, അവൻ തല്ലി പതം വരുത്തി കളഞ്ഞു "

അവിടെ കൂടി നിന്ന അവരുടെ മാതാപിതാക്കൾ രാഹുലിനെ നോക്കി പല്ലിറുമ്മി ...

"ചെക്കനെ ഇനി ഇവിടെ പഠിപ്പിക്കാൻ ഞങ്ങള് സമ്മതിക്കുകേലാ കേട്ടാ... "

"പിന്നെ നിങ്ങളോലത്തും ... "

ആ ശബ്ദം കേട്ട് അവിടം നിശബ്ദമായി .. 

"മറിയ ചേട്ടത്തി... "

അടുത്ത് നിന്ന അറ്റൻഡർ ആത്മഗതം പറഞ്ഞത് ഉറക്കെയായിപ്പോയി . അമ്മച്ചി അവരുടെ അടുക്കലേക്കു എത്തി , പുറകെ സൈമണും . 

"നിന്നെയൊന്നും അമ്മച്ചിമാര് തല്ലിയിട്ടില്ല ആല്ല്യോടാ... "

അർജുന്റെ കവിളിൽ വിരലോടിച്ചു അമ്മച്ചി ചോദിച്ചു ..

"തല്ലാനോ.. ഞാനോ.. "

"ആഹ്ഹ .. അതാ .. മക്കള് നല്ലോണം വളർന്നില്ലേ തല്ലണം .. ഇനി അതല്ല , വീട്ടീന്ന് കിട്ടിയില്ലേ .. ദാ ഇതുപോലെ നാട്ടീന്നു കിട്ടും , പിന്നെ ഇങ്ങനെ പട്ടി മോങ്ങണ പോലെ നിന്നിട്ടു കാര്യമില്ല .. "

അവർ എല്ലാവരുടെയും ഇടയിലൂടെ നടന്നു രാഹുലിന്റെ അടുത്തെത്തി ..

"ഇത് രാഹുൽ .. രാഹുൽ രേവതി.. എന്റെ മോന്റെ മോൻ , എന്റെ ചെറുമകൻ ... "

അത് കേട്ട് അവിടെ കൂടി നിന്നവരെല്ലാം ഞെട്ടി അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി .

"എവിടേലും ഉള്ള ഒരുത്തനെ പിടിച്ചു അങ്ങനെ പറയേണ്ട കാര്യം എനിക്കില്ല , മനസ്സിലായല്ലോ എല്ലാവര്ക്കും .. പിന്നെ , ഇനി ഇവിടെ ഏതേലും ചെറ്റകള് ഇവൻ അനാഥനാണ് എന്നും പറഞ്ഞു അവനെ വേദനിപ്പിപ്പിക്കാൻ നോക്കിയാൽ .. ഹാ.. "

"എന്നാലും അമ്മച്ചി.. ഇവൻ.. "

പ്രിൻസിപ്പലച്ചൻ അവരുടെ അരികിലെത്തി..

"അച്ചനോന്നും മിണ്ടണ്ട.. എനിക്കറിയാം ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ , റാഗിങ്ങിന് കേസ് കൊടുക്കണോ .. ആ .. പിന്നെ ദേ നിന്നോട്.. "

അമ്മച്ചി നടന്നു അർജുന്റെ അരികിലെത്തി കുനിഞ്ഞിരുന്ന അവന്റെ മുഖം തന്റെ കയ്യാലെ ഉയർത്തി ..

"ഇവന്റെ അമ്മ .. രേവതി .. കേറി പിടിക്കാൻ വന്ന രണ്ടെണ്ണത്തെ വെട്ടി കൊന്നിട്ട് വിയ്യൂര് പത്തു കൊല്ലം കെടന്നവളാ .. അപ്പൊ, ആ അമ്മയുടെ ഉശിരു ഇവനും കാണും .. ഇനി മേലാൽ ആ വഴിക്കെങ്ങാനും ചെന്നാൽ മോൻ നല്ലോണം മേടിച്ചോണ്ടേ പോകൂ .. "

അവിടെ കൂടി നിന്നവരുടെ മുഖത്ത് വിരിയുന്ന ഭാവ വ്യത്യാസങ്ങൾ അവൻ കണ്ടു , ഒപ്പം, അമ്മച്ചിയേയും തന്നെയും മാറി മാറി നോക്കി ഒരു മൂലയിൽ നിൽക്കുന്ന അമൂല്യയെയും .

"അച്ചോ , എന്നാ ഞങ്ങള് പോകുവാ , നാളെ ചെക്കൻ പഠിക്കാൻ വന്നോളും .. സൈമാ , നോക്കി നില്കാതെ അവനെ വിളിച്ചോണ്ട് വാടാ .. "

പ്രിൻസിപ്പലച്ചനെ നോക്കി തല കുലുക്കി , അമ്മച്ചി മുന്നേ നടന്നു , രാഹുലിന്റെ കൈപിടിച്ച് സൈമൺ പുറകെയും. 

(തുടരും)

No comments:

Post a Comment