"എനിക്കൊന്നും അറിയില്ലായിരുന്നു
.. സത്യം.. "
"സൈമാ.. നിനക്കൊന്നും
അറിയില്ല.. നീ കൊച്ചു കുഞ്ഞല്ലേ... "
രാഹുൽ , ഒഴുക്ക് കുറഞ്ഞ പുഴയിലേക്കിറങ്ങി
മുഖം കഴുകി കരയിലേക്ക് കയറി വന്നു .
" മോനെ .. ഞാൻ വന്നിരുന്നു..
ആരെയും കണ്ടില്ല.. എല്ലാം വിറ്റിട്ടു പോയി എന്നാ പറഞ്ഞത്... "
"ഹ്മ്മ്. "
"പറ മോനെ ... ഞാൻ എന്ത്
ചെയ്യണം. "
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു
യാചന സ്വരത്തിൽ സൈമൺ ചോദിച്ചു ..
"നിങ്ങൾ പറയണം, ഞാൻ അനാഥനല്ലന്ന്..
എനിക്ക് നഷ്ടമായതെല്ലാം നിങ്ങൾ തിരികെ തരണം ... "
രാഹുലിന്റെ അപ്പോഴത്തെ മുഖഭാവത്തിൽ
താൻ നേടാൻ പോകുന്ന ലക്ഷ്യങ്ങളുടെ വ്യാപ്തിയെ കുറിച്ചുള്ള അറിവ് പ്രകടമായിരുന്നു
.
"ആരോട്... എങ്ങനെ ..
"
"അതിനുള്ള മറുപടി ഞാൻ
പുറകെ പറയാം.. ഇനി അതല്ല, ഒരിക്കൽ കൂടി ചതി ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ .. നമ്മൾ
സംസാരിച്ചതെല്ലാം റെക്കോർഡ് ആയി കഴിഞ്ഞു .. "
അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന
ഐസക്കിനെയും അഭിലാഷിനെയും നോക്കി രാഹുൽ പുഞ്ചിരിച്ചു.
"കർത്താവു വലിയവനാ സൈമൺ,
അത് കൊണ്ടാ, ഇത്ര പെട്ടന്ന് നമുക്കൊരു കൂടിക്കാഴ്ച സാധ്യമായത്.. നമ്മൾ മാത്രമായ ഒരു
യാത്രക്ക് എങ്ങനെ വഴിയുണ്ടാക്കും എന്നാലോചിക്കുമ്പോൾ, നീ തന്നെ എന്നെ വിളിച്ചു കൊണ്ട്
വന്നില്ലേ.. "
അവരുടെ കയ്യിലിരുന്ന ക്യാമറ
വാങ്ങി അതിലെ വിഷ്വലുകൾ നോക്കുന്നതിനിടയിൽ അവൻ പറഞ്ഞു .
"വാ കാറിലേക്ക് കയറി
ഇരിക്ക്, "
കാറിന്റെ ഇടതു വശത്തെ ഡോർ
തുറന്നു പിടിച്ചു രാഹുൽ അയാളെ നോക്കി . മറുത്തൊരക്ഷരം പറയാതെ കാറിലേക്ക് സൈമൺ കയറി
ഇരുന്നപ്പോൾ , ഐസക്കും അഭിലാഷും ദൂരെ നിർത്തിയിട്ടിരുന്ന ബൈക്ക് ലക്ഷ്യമാക്കി നടന്നു.
"കൊല്ലാനായിരുന്നു ആദ്യം
പ്ലാൻ ചെയ്തേ.. പിന്നെ നിങ്ങടെ രണ്ടു പുള്ളേരെ കണ്ടപ്പോ വേണ്ടന്നു വച്ചു.. അതുകൊണ്ടാ
ഒന്ന് പെരുമാറിയെ .. പക്ഷെ .. എപ്പോഴും ആ ദയ പ്രതീക്ഷിക്കണ്ട.. "
ഡ്രൈവർ സീറ്റിലേക്ക് കയറുന്നതിനിടയിൽ
അയാളെ നോക്കി രാഹുൽ പറഞ്ഞു ..
"ഇവിടുന്നു പോയിട്ട്
തനിക്കു പോലീസിൽ ഒരു കംപ്ലൈന്റ് കൊടുക്കാം, എന്നെ പിടിച്ചു അകത്തിടാം.. പക്ഷെ അതിനൊപ്പം
, നിങ്ങടെ അപ്പൻ കാശ് മുടക്കി ഒതുക്കിയ പഴയ കേസുകൾ എല്ലാം പുറത്തു വരും.. പിന്നെ അമേരിക്കക്കു
പോകലും കുടുംബവും എല്ലാം... "
വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ
അവൻ പറഞ്ഞു നിർത്തി . ഒന്നും സംസാരിക്കാനാവാതെ സൈമൺ പുറത്തേക്കു നോക്കിയിരുന്നു.
"ഈ പുഴ ഓർമ്മയുണ്ടോ നിങ്ങൾക്ക്
.. "
പുഴക്ക് കുറുകെയുള്ള പാലത്തിൽ
വണ്ടി നിർത്തി രാഹുൽ അയാളെ നോക്കി ..
"മണിമലയാർ.. "
"ആഹ് .. അപ്പൊ മറന്നിട്ടില്ല
അല്ലെ ... "
"അവളെവിടാ ഉള്ളത്..
"
സൈമണിന്റെ വലതു കവിളിൽ കൈവിരലുകൾ
മടക്കിയുള്ള ഇടിയായിരുന്നു അതിനു രാഹുലിന്റെ മറുപടി
"അവളോ... രേവതി.. അങ്ങനെ
വിളിക്കടോ... "
ഇടിയുടെ ശക്തിയിൽ , സൈമണിന്റെ
ശിരസ്സ് ഇടതു വശത്തെ ഡോറിൽ ഇടിച്ചു മുന്നോട്ടു പോയി കാറിന്റെ ഡാഷിൽ തട്ടി നിന്നു .
മുഖം ശരീരത്തിൽ നിന്നും വേർപെട്ടു പോകുന്ന പോലെ തോന്നിയ വേദനയിൽ അയാൾ ഇരുകൈകൾ കൊണ്ടും
കവിളിൽ ചേർത്ത് പിടിച്ചു കുനിഞ്ഞിരുന്നു .
"വേദന ഉണ്ടല്ലേ.. ഇതുപോലെ
ഒരുപാട് അനുഭവിച്ചതാ എന്റെയമ്മ.. അതിലിത്തിരി തിരിച്ചു തന്നില്ലേ ഞാൻ മകനല്ലല്ലോ..
"
ദേഷ്യവും സങ്കടവും കൊണ്ട്
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
അൽപ സമയത്തെ ഡ്രൈവിന് ശേഷം
കാർ നിന്നപ്പോൾ എവിടെയെത്തിയെന്നറിയാൻ സൈമൺ മുഖമുയർത്തി നോക്കി .
"ഇറങ്ങി വാ.. എവിടെയെങ്കിലും
വീണതാണെന്ന് പറഞ്ഞാൽ മതി.. ഡ്രസ്സ് ചെയ്തിട്ട് പോകാം.. "
ചില്ലിനിടയിലൂടെ ഹോസ്പിറ്റൽ
ചൂണ്ടിക്കാണ്ടികൊണ്ടു രാഹുൽ പുറത്തേക്കിറങ്ങി . എന്തുചെയ്യണമെന്നറിയാതെ മറു വശത്തുകൂടെ
സൈമണും . കാരണം , അയാളുടെ മനസ്സ് വര്ഷങ്ങള്ക്കു മുൻപ് താൻ ചെയ്തുപോയ തെറ്റുകളുടെ ഓർമ്മകളിൽ
അല്ലങ്കിൽ അതിന്റെ പശ്ചാതാപത്തിലായിരുന്നു .
വൈകിട്ട് ,രാഹുലിനൊപ്പം തേരേഴത്തു
വീട്ടിൽ കയറിച്ചെല്ലുമ്പോൾ ശരീരത്തിൽ പലഭാഗത്തുമുള്ള മുറിവുകൾ കെട്ടിവച്ചു , മുഖം നീരുവച്ചു
വീങ്ങി , ഇടതു കൈ പ്ലാസ്റ്റർ ഇട്ട അവസ്ഥയിൽ ആയിരുന്നു സൈമൺ . കാഞ്ഞിരപ്പള്ളിക്കുള്ള
യാത്രയിൽ ഇടയിലെവിടെയോ കാഴ്ചകൾ കാണാൻ ഇറങ്ങിയ സൈമൺ കാൽ വഴുതി റോഡിൽ നിന്നും താഴേക്കു
വീണു എന്ന് മാത്രമായിരുന്നു അവരിരുവരും വീട്ടിൽ പറഞ്ഞത് .
ക്രിസ്തുമസിന് തലേ ദിവസം
, അമ്മച്ചിയോട് യാത്ര പറഞ്ഞു രാഹുൽ കട്ടപ്പനക്കു തിരിച്ചു പോയി . എല്ലാ തിരുപ്പിറവിയും
പുന്നത്തറ അച്ചനോടും തന്റെ സഹോദരങ്ങളോടും ഒപ്പമായിരുന്നു അവൻ ആഘോഷിച്ചിരുന്നത്. കഴിഞ്ഞ
പതിനഞ്ചു വർഷത്തെ ശീലം . ഈ വർഷം അത് മുടങ്ങുമല്ലോ എന്ന ആശങ്കയിൽ ദിവസങ്ങൾ കടന്നു പോകുമ്പോഴായിരുന്നു
സൈമൺ അവനോടൊപ്പം യാത്രയായത് .
സ്നേഹസദൻ എന്നെഴുതിയ ഗേറ്റ്
കടന്നു രാഹുൽ ചെല്ലുമ്പോൾ , റപ്പായി ചേട്ടനും കുട്ടികളും ചേർന്ന് പുൽക്കൂടൊരുക്കുകയായിരുന്നു
. അവരുടെ അടുത്തേക്ക് നടന്നു ചെന്ന അവനു ചുറ്റും കുട്ടികൾ സന്തോഷത്തോടെ തുള്ളിച്ചാടാൻ
തുടങ്ങി. അവൻ തന്റെ ഷോൾഡർ ബാഗ് തുറന്നു അവർക്കെല്ലാം താൻ വാങ്ങി വന്ന മിഠായികൾ കൊടുത്തു
കൊണ്ടിരുന്നു . തങ്ങളുടെ ഊഴത്തിനായി കാത്തു നിന്ന് , കിട്ടുന്ന രണ്ടു മിട്ടായികൾ വാങ്ങി
അടുത്ത ആൾക്ക് വേണ്ടി മാറി കൊടുക്കുന്ന കുട്ടികളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു . ഒടുവിലെ
കുട്ടിയും മിട്ടായി വാങ്ങി മാറി കഴിഞ്ഞപ്പോൾ , അവൻ ബാക്കിയുണ്ടായിരുന്നവ റപ്പായി ചേട്ടനെ
ഏല്പിച്ചു , ഓഫീസിലേക്ക് പുന്നത്തറയച്ചനെ കാണാനായി നടന്നു . ഓഫീസിലേക്ക് കയറിപ്പോകുന്നതിനു
മുൻപ് തിരിഞ്ഞു നോക്കിയ അവൻ കാണുന്നത്, റപ്പായി ചേട്ടന്റെ വാക്കുകൾക്കായി കാത്തിരിക്കുന്ന
കുട്ടികളെ ആണ്. അതൊരു ശീലമാണ് , കുഞ്ഞുങ്ങൾ മുതൽ വലിയ കുട്ടികൾ വരെ, റപ്പായി ചേട്ടൻ
കഴിച്ചോളൂ എന്ന് പറയുന്നത് വരെ കാത്തിരിക്കും, ആർക്കും ആരോടും പരിഭവമില്ല, എല്ലാം തുല്യമായി
വീതിക്കപെടും. സ്നേഹസദനു പുറത്തെ ജീവിതത്തോട് അവനു പുച്ഛം തോന്നി.
"നീ വന്നോ.. ഞാൻ കരുതി..
"
കസേരയിൽ ഇരുന്നു , മേശയിൽ
വച്ചിരുന്ന ബുക്കിൽ എഴുതിക്കൊണ്ടിരുന്ന പുന്നത്തറ അച്ചൻ കാൽപെരുമാറ്റം കേട്ടു മുഖമുയർത്തി
അവനെ നോക്കി.
"വരാമെന്നു കരുതിയതല്ലച്ചോ..
പിന്നെ എല്ലാം ഒത്തു വന്നു .."
അവൻ ബാഗ് മേശമേൽ വച്ച് , സിപ്
തുറന്നു കുറച്ചു നോട്ടുകൾ എടുത്തു അച്ചന് നേരെ നീട്ടി . ഇതെന്തിനാ എന്നർത്ഥത്തിൽ പുന്നത്തറ
അച്ചൻ അവനെ നോക്കി, പിന്നെ ഒന്നും മിണ്ടാതെ ബുക്കിൽ പിന്നെയും തുടർന്നു എഴുതാൻ തുടങ്ങി.
"മൂന്നു മാസത്തെ ശമ്പളം
ആണച്ചോ.. ഇത് വാങ്ങണം, കുട്ടികൾക്ക് എന്തേലും .. "
"എന്നിട്ടു.. "
"എന്നെകൊണ്ടാകുന്ന പോലെ,അനിയന്മാർക്
.. "
"..."
"എനിക്കൊന്നു കുമ്പസാരിക്കണം
അച്ചോ.. "
നോട്ടുകൾ മേശപ്പുറത്തു വച്ച്,
കസേരയിൽ നിന്നെഴുന്നേറ്റു അവൻ അച്ചനരുകിലേക്കു ചെന്നു.
"സൈമണെ കണ്ടോ ..
"
"ഹ്മ്മ്.. "
അവൻ അച്ചനരുകിൽ മുട്ടുകുത്തിയിരുന്നു
, അദ്ദേഹത്തിന്റെ വലതു കൈ മുഖത്ത് ചേർത്ത് പിടിച്ചു വിതുമ്പാൻ തുടങ്ങി . അങ്ങിനെ ആയിരുന്നു
കുട്ടിക്കാലം മുതൽ അവന്റെ കുമ്പസാരം . എന്ത് തെറ്റ് ചെയ്താലും അച്ചനരുകിൽ ചെന്ന് ആ
കൈ മുത്തി എല്ലാം തുറന്നു പറയും . ഒടുവിൽ അച്ചൻ , അവന്റെ തലയിൽ തലോടി ആശ്വസിപ്പിക്കും
. ഒരിക്കൽ പോലും പൊറുക്കാൻ ആവാത്ത തെറ്റുകൾ ഒന്നും അവൻ ചെയ്തിരുന്നില്ല എന്നത് ഒരു
രക്ഷാകർത്താവ് എന്ന നിലയിലും വൈദികൻ എന്ന നിലയിലും പുന്നത്തറ അച്ചനെ സന്തോഷിപ്പിച്ചിരുന്നു
.
"നീ ,ഇനി എന്ത് ചെയ്യുന്നതിനും
മുൻപ് ഒന്നാലോചിക്കണം.. "
ഇടതു കൈ കൊണ്ട് രാഹുലിന്റെ
മുഖം തന്റെ വലതു കയ്യിൽ നിന്നും ഉയർത്തി അച്ചൻ അവന്റെ കണ്ണുകളിലേക്കു നോക്കി . പാപഭാരം
കൊണ്ട് സങ്കടപ്പെട്ട ഒരു മനസ്സ് അദ്ദേഹത്തിനു അവിടെ നിന്നും വായിച്ചെടുക്കാൻ സാധിച്ചു
.
"അന്ന് ഒറ്റക്കായ നിന്നെയും
നിന്റെ അമ്മാമ്മയെയും ഇവിടെ കൊണ്ട് വരാൻ പറഞ്ഞത്, നീ കരുതുന്ന പോലെ ആ അപ്പച്ചൻ ചേട്ടനല്ല..
"
രാഹുലിന്റെ മുഖം അത്ഭുതം കൊണ്ട്
വിടർന്നു വന്നു ...
"പിന്നെ, അന്ന് നിന്റെ
അമ്മാമ്മതന്ന പൈസയും, ആ വീട് വിറ്റ പൈസയും അല്ലാതെ നല്ലൊരു തുക നിന്റെ പേരിൽ ബാങ്കിൽ
ഉണ്ട്... സൈമൺ ചെയ്ത തെറ്റിന്റെ ബാക്കിയായി... "
രഹസ്യങ്ങൾ അറിയാനുള്ള വ്യഗ്രതയോടെ
അവനച്ചനോട് ചേർന്ന് നിന്നു .
"നിന്റെ ഇത് വരെ ഉള്ള
പഠിപ്പും, ഇപ്പോൾ തേരേഴതെക്കുള്ള നിന്റെ പോക്കും, എല്ലാം പണ്ടേ എഴുതപ്പെട്ടതാണ് മോനെ..
"
"അമ്മച്ചി ...
"
അവൻ പുന്നത്തറ അച്ചന്റെ ഇരു
കൈകളും നെഞ്ചോടു ചേർത്ത് പിടിച്ചു ചോദിച്ചു .. എന്നാൽ അല്ല എന്ന അർത്ഥത്തിലുള്ള തലയാട്ടലായിരുന്നു
അച്ചന്റെ മറുപടി
(തുടരും)
9th part alle.. please edit the heading
ReplyDelete