Sunday, July 7, 2019

ആര്യൻ 20



രണ്ടു മാസമായി ജാൻവിയും ആര്യനും കാത്തിരിക്കുന്നത് മാർച്ച് മൂന്നു ആകാൻ വേണ്ടിയാണ് .കാരണം മറ്റൊന്നുമല്ല , രന്ടു വര്ഷത്തിലേറെയായുള്ള ജാൻവിയുടെ കാത്തിരിപ്പിനവസാനമായി , മൂന്നു മാസത്തെ അവരുടെ ഹൃദയത്തിൽ തട്ടിയുള്ള പ്രണയത്തിന്റെ അവസാനമായി അവർ ഒന്നാകുന്ന ദിവസം. ജനുവരിയിലെ ഒരു സായാഹ്നത്തിൽ ബാംഗ്ലൂരിലെ ആര്യന്റെ ഫ്ലാറ്റിൽ, രണ്ടു വീട്ടുകാരും മാത്രമുള്ള ഒരു ചെറിയ ചടങ്ങിൽ അവരുടെ സഗായി (വിവാഹ നിശ്‌ചയം) കഴിഞ്ഞിരുന്നു.

ആര്യന്റെ വീട്ടുകാർക്ക് വടക്കേഇന്ത്യൻ കല്യാണങ്ങളെക്കുറിച്ചു യാതൊരു അറിവും ഇല്ലാതിരുന്നതിനാലാൽ ജഗദീഷിൻറെ അടുത്ത സുഹൃത്തും ഹോസ്പിറ്റൽ ഉടമയുമായ ഡോക്ടർ ഗംഗ പ്രസാദ് ആയിരുന്നു അവരുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. ആര്യനും ഏറ്റവും അടുത്ത ബന്ധുക്കളും അടക്കം ഇരുപതോളം പേർ ഒരാഴ്ചക്ക് മുൻപേ എത്തി. ചെറുക്കന്റെ വീട്ടുകാർ ആയിരുന്നെങ്കിലും എല്ലാവരും ജാൻവിയുടെ വീട്ടിൽ നടന്ന കല്യാണത്തിന് മുൻപുള്ള ചടങ്ങുകളിൽ പങ്കെടുത്തു. ഹൽദി എന്നറിയപ്പെടുന്ന,ചെറുക്കന്റെയും പെണ്ണിന്റെയും മുഖത്തും കൈകാലുകളിലും എല്ലാം പനിനീരിൽ ചാലിച്ച മഞ്ഞൾ തേച്ചു ദുരാന്മാവുകളിൽ നിന്നും രക്ഷപ്പെടുത്തുന്ന ചടങ്ങായിരുന്നു ആദ്യം . പിന്നീടുള്ള രണ്ടു ദിവസങ്ങളിലും വൈകുന്നേരം തുടങ്ങി പാതിരാത്രി വരെ നീണ്ടു നിൽക്കുന്ന സംഗീത് . കല്യാണ പെണ്ണും ചെറുക്കനും അവരുടെ ബന്ധുക്കാരും എല്ലാം ചേർന്ന് നടത്തുന്ന ഡാൻസും പാട്ടുമെല്ലാം. ഒരു തരത്തിൽ ആ ചടങ്ങിൽ വച്ചു രണ്ടു വീട്ടുകാരും തമ്മിൽ കൂടുതൽ അറിയാനും പരിചയപ്പെടാനും സാധിച്ചു. ഒടുവിൽ കല്യാണ ദിവസം നടക്കുന്ന മെഹന്ദി അഥവാ മൈലാഞ്ചി. ഇതെല്ലം കഴിഞ്ഞു രാത്രി ഒൻപതു മണിയോടെ ബരാത് ആരംഭിച്ചു. ഒരു വെളുത്ത പെൺ കുതിരപ്പുറത്തു നിറയെ വർക്കുകൾ ഉള്ള ഗോൾഡൻ ഷെർവാണിയും ചുവന്ന ടർബനും ധരിച്ചു ഒരു രാജാവിനെ പോലെ ആര്യൻ വിവാഹ വേദിയിലേക്ക് പോയി. മുൻപിൽ ബാന്റ് മേളത്തിന്റെ ഒപ്പം ഡാൻസുമായി ജയ് യുടെ കൂട്ടുകാർ ആ ബരാതിനെ ഒരു വല്യ ആഘോഷമാക്കി മാറ്റി. കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കെത്തിയ അവരെ ജാൻവിയുടെ വീട്ടുകാർ ചന്ദനം തൊട്ടു വരവേറ്റു. 

കൊട്ടാരം പോലുള്ള വേദിയിൽ നിന്ന് എല്ലാവരെയും കൈകൂപ്പി ആര്യൻ സോഫയുടെ വലതു വശത്തിരുന്നു . അല്പം കഴിഞ്ഞപ്പോൾ ജാൻവിയും അങ്ങോട്ട് വന്നു . നിറയെ കൃസ്റ്റലുകളും , കല്ലുകളും ഉപയോഗിച്ച് മനോഹരമാക്കിയ ഒരു വൈൻ റെഡ് നിറത്തിലുള്ള ലഹങ്കയും ബ്ളൗസുമായിരുന്നു വേഷം .സ്വർണ്ണവും ഡയമെണ്ടും ഇടകലർന്ന ആഭരണങ്ങൾ. ഇരുകൈകളിലും സ്വര്ണവളകൾക്കൊപ്പം നിറയെ കുപ്പിവളകളും. കണ്ടാൽ രാജ്പുത് രാജകുമാരിയെ പോലെ തന്നെ. ആര്യൻ, താൻ ഒരുപാടു ആളുകളുടെ മുന്നിൽ ആണ് ഉള്ളതെന്ന എന്ന ഓർമ്മയില്ലാതെ അവളെ തന്നെ നോക്കിയിരുന്നു. ജാൻവിയും വേദിയിലേക്ക് വന്നു എല്ലാവരെയും തൊഴുതു ആ സോഫയുടെ ഇടത് വശത്തു വന്നിരുന്നു . അൽപ സമയത്തിന് ശേഷം വരമാല എന്നറിയപ്പെടുന്ന , വിവാഹ ചെറുക്കനും പെണ്ണും പരസ്പരം പൂമാല കഴുത്തിൽ അണിയുന്ന ചടങ്ങു നടന്നു. അതിനു ശേഷം , വീട്ടുകാരോടും ബന്ധുക്കാരോടുമൊപ്പം ഫോട്ടോ എടുക്കലും പിന്നെ അത്താഴം കഴിക്കലും. രാത്രി പതിനൊന്നു മണിയായതോടു കൂടി അടുത്ത ബന്ധുക്കാരൊഴികെ വിവാഹത്തിന് വന്നവരെല്ലാം തിരികെപ്പോയി. 

പക്ഷെ അതിനു ശേഷമായിരുന്നു , യതാർത്ഥ കല്യാണ ചടങ്ങുകൾ ആരംഭിച്ചത് . വെറും പത്തു മിനിറ്റ് കൊണ്ട് വിവാഹം നടത്തുന്ന കേരളത്തിൽ നിന്നും വന്ന ആര്യന്റെ വീട്ടുകാർക്ക് ഇതെല്ലം കണ്ടു ആശ്‌ചര്യപെട്ടു. രാത്രി പന്ത്രണ്ടു മണിക്ക് ശേഷം , അഗ്നികുണ്ഡത്തിന്റെ മുൻപിൽ വച്ച് മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ കന്യാദാനം നടന്നു. ജഗദീഷിന്റെ വലതു കൈക്കുള്ളിൽ ആര്യൻ തന്റെ വലുത് കൈ വിടർത്തി വച്ചു . അതിനു മുകളിലായി ജാൻവി തന്റെ രണ്ടു കൈകളും. പൂജാരി മന്ത്രങ്ങൾ ചൊല്ലി പരിശുദ്ധമായ ഗംഗാ ജലം അവരുടെ കൈകളിൽ ഒഴിച്ച് കന്യാദാനം പൂർത്തിയാക്കി , ജാൻവിയെ ആര്യന്റെതു മാത്രമാക്കി. പിന്നീട് മന്ത്രങ്ങൾ ഉരുവിട്ടു അർപ്പിക്കുന്ന നെയ്യുടെ കരുത്തിൽ തേജസ്സോടെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി അവൻ ജാൻവിയുടെ കഴുത്തിൽ താലി കെട്ടി. ഒടുവിൽ ജീവിതത്തിലെ പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകൾ എടുത്തു അല്ലങ്കിൽ ദൈവത്തോട് പ്രാർത്ഥിച്ചു ആ അഗ്നികുണ്ഡത്തെ ഏഴു തവണ വലം വച്ച് വിവാഹച്ചടങ്ങുൾ പൂർത്തിയായി. ഒടുവിൽ , രാവിലെ നാല് മണിയോടെ , അരിയും പണവും ചേർത്ത് താൻ ജനിച്ചു വളർന്ന വീട്ടിലേക്കു എറിഞ്ഞു , താൻ പോയാലും തന്റെ വീട്ടിൽ എപ്പോഴും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടാകണമെന്ന് മനസ്സിൽ പ്രാർത്ഥിച്ചു , തിരഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു ആര്യനൊപ്പം കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

രണ്ടു ദിവസങ്ങൾക്കു ശേഷം അവർ തിരിച്ചു നാട്ടിലേക്ക് വന്നു, ആ ഞായറാഴ്‌ച ആര്യന്റെ വീട്ടിൽ നാട്ടുകാർക്കും ബന്ധുക്കാർക്കുമായി ഒരു റിസപ്ഷൻ. ഈ ഒരാഴ്‌ചക്കിടയിൽ യാത്രകളും അടുത്ത ബന്ധുവീട് സന്ദർശനങ്ങളുമായി ഒരിക്കൽ പോലും മനസ്സ് തുറന്നൊന്ന് സംസാരിക്കാനോ എന്തിനു വിശ്രമം പോലും കിട്ടിയില്ല എന്നതായിരുന്നു സത്യം. കിടക്ക മുറിയിലെ ആര്യന്റെ മുഖഭാവത്തിൽ നിന്നും ജാൻവിക്കതു മനസ്സിലാവുകയും ചെയ്തു. പക്ഷെ ക്ഷീണം കാരണം രണ്ടു പേർക്കും ഒന്ന് പരിഭവം പറയാൻ പോലും ആകാതെ ഉറങ്ങിപ്പോവുകയായിരുന്നു പതിവ് . ഒടുവിൽ ലീവ് തീരുന്നതിനും ഒരാഴ്ച മുന്നേ ആര്യൻ ജാൻവിയുമായി ബാംഗ്ലൂർക്ക് പോന്നു . അടുത്ത ദിവസം രാവിലെ ഉറങ്ങി എഴുന്നേറ്റ അവൾക്കു മുൻപിൽ ഒരു കപ്പ് കാപ്പിയുമായി ആര്യൻ നിന്നു . 

"ജാനൂ .."

"ഹ്മ്മ്മ്"

"നമുക്ക് ഒരു യാത്ര പോയാലോ "

"പോകാം .. എത്ര ദിവസം "

"ദാട്സ് മൈ ഗേൾ , നാല് ദിവസം.. പിന്നെ ഇത്തവണ പോകുമ്പോൾ ഡ്രെസ്സിന്റെ ഒപ്പം പാസ്പോര്ട് കൂടി എടുത്തോ"

രണ്ടു ദിവസത്തിനപ്പുറം മാലിദ്വീപിലെ ഒരു സ്വകാര്യ പൂളുള്ള വാട്ടർ വില്ലയിൽ അവനോടൊപ്പം കിടക്കവേ ജാൻവി ആ സ്വർണം കെട്ടിയ രുദ്രക്ഷത്തിൽ ചുണ്ടുകൾ കോർത്ത് നഗ്‌നമായ അവന്റെ നെഞ്ചിലേക്കമർന്നു . 

"ആരൂ , എനിക്ക് വേണ്ടി ഒരു യാത്ര പോകാമോ "

"പോകാം "

"എങ്ങോട്ടാണെന്ന് നിനക്കറിയണ്ടേ "

"വേണ്ട .. "

"നിനക്ക് വേണ്ടങ്കിലും ഞാൻ പറയാം, കേദാര്നാഥിലേക്കു , ആരുവിനെ എനിക്ക് തിരിച്ചു തന്ന മഹേശ്വരനെ കണ്ടു നന്ദി പറയാൻ .നമുക്കൊരുമിച്ചു നിന്ന് .. "

പറഞ്ഞു തീരുന്നതിനു മുൻപ് എല്ലാം മനസ്സിലായവനെപ്പോലെ തലയാട്ടി അവളെ ബെഡിൽ നിന്നും കോരിയെടുത്തു ആര്യൻ ആ പൂളിലേക്കെറിഞ്ഞു.നെഞ്ചിൽ കൈകൾ ചേർത്ത് പൊങ്ങിവന്ന ജാൻവി അവനെ കണ്ടു കണ്ണുകൾ അടച്ചു. മീശ ഒന്ന് കൂടി പിരിച്ചു ,കുറ്റിത്താടിയിൽ തഴുകി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു അവനും ആ പൂളിലേക്ക് ചാടി . 

ആര്യന്റെയും ജാൻവിയുടെയും ഒരുമിച്ചുള്ള ജീവിതം അങ്ങിനെ ഇവിടെ ആരംഭിക്കുകയാണ്. 

(അവസാനിച്ചു)

ആര്യൻ 19



വൈകുന്നേരം എല്ലാവരും ചേർന്ന് ബാല്കണിയിൽ ഇരുന്നു വർത്തമാനം പറയുമ്പോഴായിരുന്നു വീടിന്റെ മുറ്റത്തേക്ക് ഒരു പഴയ മോഡൽ കമാൻഡർ ജീപ്പ് ഇരച്ചെത്തിയത് . അതിൽ നിന്നിറങ്ങിയ ആളുകളെ കണ്ടു കൗസല്യയുടെയും ജഗദീഷിന്റെയും മുഖം ഇരുണ്ടു. ആരും അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു അവർ രണ്ടു പേരും ജഗ് മോഹനുമായി താഴേക്ക് പോയി.

വന്നതാരെല്ലാമാണെന്നു ജാൻവിയുടെ മുഖഭാവത്തിൽ നിന്ന് വ്യ്കതമായിരുന്നു . അവൾ ഒരു കൈകൊണ്ടു ഭയ്യയെയും മറു കൈകൊണ്ടു ആര്യനെയും മുറുക്കെ പിടിച്ചു. താഴെ നിന്ന് ബുന്ദേലി ഭാഷയിൽ വാഗ്വാദങ്ങൾ ഉയർന്നു കേട്ടു. പേടിച്ചിട്ടെന്നപോലെ ജാൻവി ഇരുവരെയും മാറി മാറി നോക്കി

"ജയ് ആര്യനുമായി താഴേക്ക് വരൂ " ജഗദീഷ് വിളിച്ചതനുസരിച്ചു ജയ് ആര്യനുമായി താഴേക്ക് പോകാനിറങ്ങി

"ഭയ്യാ " ജാൻവി പോകരുതെന്ന അപേക്ഷയുടെ ഭാവത്തിൽ ജയ്യുടെ കൈകൾ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി.

"ഒന്നും സംഭവിക്കില്ല മോളെ , ഭാവേഷ് നീ ഇവർ രണ്ടു പേരുമായി റൂമിലേക്ക് കയറിക്കൊള്ളൂ " ജാൻവിയുടെ കവിളിൽ തട്ടി ഭവേഷിനെ നോക്കിയിട്ട് അവൻ താഴേക്കിറങ്ങി. ഒന്നും ഉണ്ടാകില്ല എന്നർത്ഥത്തിൽ അവളെ കണ്ണടച്ച് കാണിച്ചു ആര്യനും പുറകെ പോയി.

താഴേക്ക് ചെല്ലുമ്പോൾ ,തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളെ ആര്യൻ കണ്ടു. സോഫയിൽ പ്രായം ചെന്ന ഒരാളും പിന്നെ വേറെ രണ്ടു പേരും ഇരിപ്പുണ്ട് . അടുത്തായി രോഹിതും പിന്നെ വേറെ രണ്ടു യുവാക്കളും . ആര്യൻ അങ്ങോട്ട് എത്തിയ ഉടനെ സോഫയിൽ ഇരുന്ന പ്രായം ചെന്ന മനുഷ്യനും മറ്റൊരാളും എഴുനേറ്റു.

"അപ്പോൾ നീയാണോ മദ്രാസി, ഞങ്ങളുടെ പെണ്ണിനെ മയക്കി എടുത്തവൻ . നിനക്ക് എന്ത് യോഗ്യത ഉണ്ടെടാ ഒരു രാജ്പുത് പെണ്ണിനെ കെട്ടാൻ , നിറം കണ്ടു പുറകേ കൂടിയതാ നീ , അതോ അവളുടെ സ്വത്തും കുടുംബവും കണ്ടോ " അയാൾ ആര്യന്റെ നേരെ ആക്രോശിച്ചു. ആര്യൻ എന്തോ പറയാൻ വായ് തുറന്നെങ്കിലും തന്റെ തോളിൽ അമർന്ന ജയ് യുടെ കൈകൾ ഒന്നും മിണ്ടരുതെന്നു അവനോടു അപേക്ഷിച്ചു.

"ഹേ അതുമാത്രമായിരിക്കില്ല ഭയ്യാ , കണ്ടില്ലേ അവന്റെയൊരു നിൽപ്. പേരിനൊരു ആര്യൻ ഉണ്ട് കൂടെ. പക്ഷെ പേരിട്ടകൊണ്ടൊന്നും നിനക്കു ആര്യന്മാരുടെ ആഢ്യത്വം കിട്ടില്ല മോനെ. നീ എന്നും തെക്കൻ മദ്രാസി തന്നെ, ചോറും മീനും തിന്നുന്ന രാക്ഷസന്റെ വർഗം ."

ആര്യൻ മുഖമൊന്നു തഴുകി മുന്നോട്ടു ഒരു കാൽ വച്ചു . അപ്പോഴേക്കും കൗസല്യ അവരുടെ ഇടയിലേക്ക് കയറി

"ദയവായി ഇപ്പോൾ തന്നെ എല്ലാവരും ഇവിടുന്നിറങ്ങണം , അവൻ ഞങ്ങളുടെ അതിഥി ആണ്, ഭാവി മരുമകനും. അവനെ നിങ്ങൾ ആക്ഷേപിക്കുന്നത് ഞങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. "

"കൗസല്യ , നീ പണ്ടേ അഹങ്കാരി ആണെന്ന് ഞങ്ങൾക്കറിയാം, വല്യ ഡോകട്ർ അല്ലെ. എന്ന് കരുതി ജാതകം പോലും നോക്കാതെ ഞങ്ങളുടെ രക്തത്തെ ആർകെങ്കിലും കെട്ടിച്ചു കൊടുക്കാമെന്നു നീ കരുതരുത്. "

"മതി , ഇനി നിങ്ങൾ ഒരക്ഷരം മിണ്ടിപ്പോകരുത് " കൗസല്യയുടെ മുഖഭാവം മാറുന്നത് ആര്യൻ അറിഞ്ഞു. ഓരോ സ്ത്രീയും ദേഷ്യം പൂണ്ടാൽ ദുർഗയായി മാറുമെന്ന് അമ്മ പറഞ്ഞതവനോർത്തു .

"മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് , അടുക്കളയിൽ ഒളിച്ചിരുന്ന ഒരു പതിനാലുകാരിയെ നിങ്ങൾക്കറിയൂ. പറഞ്ഞ ജാതകം പോലും നോക്കാതെ, അന്ന് വിവാഹം എന്താണെന്നു പോലുമറിയാത്ത പ്രായത്തിൽ കല്യാണ പന്തലിലേക്ക് എന്നെ എറിഞ്ഞു കൊടുത്തപ്പോൾ , പിന്നീട് ഇദ്ദേഹത്തിന്റെ മുൻപിൽ വച്ച് ഇവൾ നിന്റെ ഭാര്യയാണ് , തല്ലുവോ , കൊല്ലുവോ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞപ്പോൾ മുറിഞ്ഞു പോയതാണ് എനിക്ക് നിങ്ങളോടും പിന്നെ നിങ്ങളുടെ അച്ഛനോടുമുള്ള രക്തബന്ധം. പതിനാലുകാരി അല്ല ഞാനിപ്പോൾ, അതുപോലെ അന്ന് നിങ്ങളെ പേടിച്ചു കഴിഞ്ഞ പോലീസുകാരുമല്ല ഇപ്പോൾ ഉള്ളത് , കാലം ഒത്തിരി മാറിപ്പോയി. അത് കൊണ്ട് നിങ്ങൾ വീട്ടിലേക്കു പോയ്കൊള്ളൂ. "

"കൗസല്യ , നിന്റെ മകളുടെ നല്ലതിന് വേണ്ടിയാണിത് പറയുന്നത്. നമ്മുടെ കുടുംബത്തിൽ നിന്നല്ലങ്കിൽ പോലും, നമുക്ക് നല്ല ക്ഷത്രിയനെ കണ്ടെത്താം.."

"വേണ്ട .. എന്റെ മകളുടെ കാര്യമോർത്തു നിങ്ങൾ സങ്കടപെടേണ്ട. ഞാൻ നിങ്ങളുടെ ആരുമല്ല. പണ്ടേ അറുത്തു മുറിച്ചു കളഞ്ഞതാണ് നിങ്ങളുമായുള്ള ബന്ധം. പിന്നെ, അവളെ ഞങ്ങൾ ഏൽപ്പിക്കുന്നത് സുരക്ഷിതമായ കൈകളിൽ ആണെന്നുള്ള വിശ്വാസം ഞങ്ങൾക്കുണ്ട്. അവർ ആരും ഇരുട്ടിന്റെ മറവിൽ തട്ടികൊണ്ടു പോകാൻ വന്നതല്ല, അന്തസ്സായി പെണ്ണ് ചോദിച്ചു വന്നതാണ്. സ്ത്രീകളെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന നാട്ടിൽ നിന്ന്. അതുമല്ല, അവൾക്കു സ്വന്തം കാലിൽ നിൽക്കാനുള്ള യോഗ്യതയുണ്ടു , അതിനെ അംഗീകരിക്കാനുള്ള മനസ്സ് ഇവനുമുണ്ട്. " അവരുടെ നേരെ ചൂണ്ടിപിടിച്ച കൗസല്യയുടെ കൈ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി. അവർ രണ്ടു പേരും കൗസല്യയുടെ ഭാഗത്തു നിന്ന് അങ്ങിനെ ഒരു സംസാരം പ്രതീക്ഷിച്ചിരുന്നില്ല എന്ന വണ്ണം തല കുനിച്ചു.

"അപ്പോൾ , നിങ്ങൾ രണ്ടു പേരും വീട്ടിലേക്കു ചെല്ലൂ. പറ്റുമെങ്കിൽ നിങ്ങൾ അന്തസ്സായി കല്യാണം കഴിപ്പിച്ചു വിട്ട നിങ്ങളുടെ പെണ്മക്കളെ അവരുടെ അച്ഛനായിട്ടു ഒന്ന് വിളിച്ചു ചോദിക്കു, സന്തോഷമാണോ എന്ന്. അതോ അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയും വഴക്കും തല്ലും ഏറ്റു ജീവിക്കുകയാണോ എന്ന് . ആദ്യം , സ്വന്തം വീട് നന്നാക്കൂ, എന്നിട്ടാവാം മറ്റുള്ളവരുടെ കാര്യം. രോഹിതേ നീ വല്യച്ചന്മാരെയും കൊണ്ട് പോ " അവർ വാക്കുകൾക്ക് ഒട്ടും ഇടർച്ചയില്ലാതെ പറഞ്ഞ നിർത്തി.

രോഹിതും രണ്ടു യുവാക്കളും നേരത്തെ സംസാരിച്ച രണ്ട് പേരും പുറത്തേക്കിറങ്ങി. സോഫയിൽ ഇരുന്ന മൂന്നാമത്തെ ആൾ കൗസല്യയുടെ അടുത്തെത്തി അവരുടെ തോളിൽ തട്ടി

"മോളെ , ഇളയ ആൾ എന്ന നിലയിൽ എന്നും അവർ പറയുന്നത് കേൾക്കാമായിരുന്നു എനിക്ക് വിധി. എന്റെ രോഹിതിനെ നിന്റെ അടുക്കലേക്കു വിട്ടത് തന്നെ ഇവരുടെ അടുക്കൽ നിന്നും രക്ഷപെടാനായിരുന്നു. അവർ പറഞ്ഞതൊന്നും കാര്യമാക്കണ്ട , ഞാൻ കല്യാണത്തിന് ചിലപ്പോഴെ വരൂ. നീ ഇതവൾക്കു കൊടുക്കണം. " അയാൾ തന്റെ താറുടുത്ത മുണ്ടിന്റെ സൈഡിൽ നിന്ന് ഒരു ചെറിയ പൊതികെട്ടെടുത്തു അവരെ ഏല്പിച്ചു. അതിനു ശേഷം അയാൾ ആര്യന്റെ അടുക്കലേക്കു വന്നു, അവന്റ കൈകൾ രണ്ടും തന്റെ കൈയിൽ കൂട്ടിപ്പിടിച്ചു.

"ഞാൻ ജാൻവിയുടെ ഇളയ മാമനാണ് . ഇവളുടെ നേരെ മൂത്തത്. അന്നിവളുടെ അവസ്ഥ കണ്ടു കരയാനെ സാധിച്ചുള്ളൂ. ഇതോക്കെ കണ്ടു മോൻ അത്ഭുതപെട്ടുകാണും , നിങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലല്ലോ. എന്റെ മോളെ നല്ലവണ്ണം നോക്കണം. എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും " നിറഞ്ഞു വന്ന കണ്ണ് തുടച്ചു അയാൾ ഇറങ്ങിപ്പോയി.

ജീപ്പ് സ്പീഡിൽ വെളിയിലേക്കു ഓടിച്ചു പോയതോടെ മുകളിൽ നിന്നും ജാൻവി ഓടിവന്നു. അവൾ അമ്മ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ജയ് ആര്യനുമായി മുകളിലേക്ക് പോയി. ഒരു പെരുമഴ തോർന്ന പ്രതീതി ആയിരുന്നു ആവിടെ .

രാത്രിയുടെ ഏതോ യാമത്തിൽ ബാൽക്കണിയിൽ നിലത്തു ഇരിക്കുകയായിരുന്നു ആര്യനും ജാൻവിയും .
നിലാവ് പൊഴിക്കുന്ന പൂർണ്ണ ചന്ദ്രനെ നോക്കി ഭിത്തിയിൽ ചാരിയിരിക്കുന്ന ആര്യന്റെ നെഞ്ചിലേക്കമർന്നു ഒരേ കമ്പിളിക്കുള്ളിൽ ജാൻവി . ജയ്യോട് അനുവാദം വാങ്ങി വന്നതാണ് രണ്ടു പേരും

"ആര്യൻ, അവർ അങ്ങിനെ പറഞ്ഞപ്പോൾ നീ പേടിച്ചു പോയോ"

"ഇല്ല , പക്ഷെ എന്തെക്കൊയോ തിരിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ ജയ് .. അവൻ എന്നെ തടഞ്ഞു "

"അറിയാം ആര്യൻ, അഭിമാനമുളവർക്ക് കേട്ടു നിൽക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ തന്നെയാണ് അവർ പറഞ്ഞത് , പക്ഷെ, ചില സമയങ്ങളിൽ .. "

"ജാനൂ, ശെരിക്കും നിനക്കെന്നെ ഇഷ്ടമല്ലേ, നിനക്കും , നിന്റെ വീട്ടുകാർക്കും .."

ആര്യൻ പറഞ്ഞു തീരുന്നതിനു മുൻപേ ജാൻവി തിരിഞ്ഞിരുന്നു അവന്റെ വായ് പൊത്തി . അവളുടെ കണ്ണുകൾ നിറയുന്നത് നിലാവിന്റെ വെളിച്ചത്തിൽ അവൻ കണ്ടു

"സാസോം സെ പ്യാരി ആപ് കി ചാഹത്
ധട്കനോ സെ പ്യാരി ആപ് കി മൊഹബ്ബത് 
ജിന്ദഗി സെ പ്യാരി ആപ് കി മുസ്ക്റാഹട്ട് 
ഇസ്കെ ലിയേ കർതെ രഹെ ഉമ്രഭർ ഖുദ്കി ഇബാദത് "

(എന്റെ ശ്വാസത്തെക്കാൾ നിന്റെ പ്രണയത്തെ ഞാൻ ഇഷ്ടപെടുന്നു,
എന്റെ ഹൃദയമിടിപ്പിനെക്കാൾ നിന്റെ പ്രണയത്തെ ഞാൻ ഇഷ്ടപെടുന്നു,
എന്റെ ജീവിതത്തേക്കാൾ നിന്റെ പുഞ്ചിരിയെ ഞാൻ ഇഷ്ടപെടുന്നു,
നിനക്ക് വേണ്ടി , നിന്റെ പ്രണയത്തിനു വേണ്ടി , നിന്റെ സന്തോഷമുള്ള ജീവിതത്തിനായി ജീവിതം മുഴുവൻ ഞാൻ പ്രാർത്ഥിക്കുന്നു. )

"ആരൂ , നാളെ തന്നെ മടങ്ങിപ്പോയാലോ , നമ്മൾ മാത്രമുള്ള , നമ്മുടെ ലോകത്തേക്ക് "

"ജാൻ, നീ എന്ത് കരുത്തും എന്നെനിക്കറിയില്ല. ബന്ധങ്ങൾ അതൊരിക്കലും തകർത്തു കളയാനുള്ളതല്ല . അതൊരു മാല പോലെയാണ് , അതിലേക്കു പല നിറത്തിലും വലുപ്പത്തിലും ഉള്ള മുത്തുകൾ ചേർത്ത് കോർത്തെടുക്കുമ്പോൾ അതിനു നീളം കൂടും ഒപ്പം ഭംഗിയും . പിന്നെ , മുത്ത് കോർത്ത നൂലിന്റെ കട്ടി പോലെയിരിക്കും മാലയുടെ ആയുസ്സ് . എത്ര അടുത്ത് നിന്ന് സ്നേഹിക്കാൻ പറ്റുമോ ബന്ധങ്ങൾക്കും അത്രയും ആയുസ്സു ലഭിക്കും. നിനക്ക് നിന്റെ അച്ഛനോടുള്ള പോലെ അല്ലങ്കിൽ അദ്ദേഹത്തിന് തിരിച്ചു നിന്നോടുള്ള പോലെ അച്ഛനും ദാദക്കും പരസ്പരമുള്ള ഇഷ്ടം,അതൊക്കെ ഇപ്പോഴേ പ്രകടിപ്പിക്കാൻ സാധിക്കൂ."

"ആരൂ , നിന്നോടൊരിക്കലും പറഞ്ഞു ജയിക്കാൻ എനിക്കാവില്ല " ജാൻവി കമ്പിളി ഒന്ന് കൂടി പുതച്ചു അവനോടു ചേർന്നിരുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം അവർ ലളിത്പൂരിലേക്കും , കുറച്ചു ദിവസം അച്ഛനോടും അമ്മയോടും ഒപ്പം താമസിച്ച ശേഷം ജാൻവിയും ആര്യനും ബാംഗ്ലൂരേക്കും ജയ് ഡെൽഹിക്കും മടങ്ങിപ്പോയി

***********************
രണ്ടു മാസങ്ങൾക്കിപ്പുറം :- 
ആര്യന്റെ വീട്ടുകാരുടെ നിർബന്ധം കാരണം രണ്ടു പേരും ഇപ്പോൾ രണ്ടിടത്താണ് താമസം . ആര്യൻ ഫ്ലാറ്റിലും , ജാൻവി പിജി യിലും . ഓഫീസിൽ വച്ചും , പിന്നെ വീക്കെന്റുകളിൽ മാളുകളിലോ പാർക്കിലോ അല്ലാതെ യാതൊരു തരത്തിലുമുള്ള കണ്ടുമുട്ടലുകൾ ഇല്ല എന്ന് തന്നെ പറയാം . ആര്യന്റെ അമ്മ എന്നും വിളിച്ചു ജാൻവിയോട് കാര്യങ്ങൾ അന്വഷിക്കും,അവളാകട്ടെ ഉള്ളതെല്ലാം സത്യമായിട്ടു വിളിച്ചു പറയുകയും ചെയ്യും.

രണ്ടു മാസമായി ജാൻവിയും ആര്യനും കാത്തിരിക്കുന്നത് മാർച്ച് മൂന്നു ആകാൻ വേണ്ടിയാണ് .

(തുടരും)