Sunday, July 7, 2019

ആര്യൻ 4


സെക്യൂരിറ്റി രജിസ്റ്ററിൽ ഒപ്പു വച്ച് UKG ബി സെക്ഷന്റെ ക്ലാസ്സു അന്വഷിച്ചു മുൻപോട്ടു നടക്കുമ്പോളായിരുന്നു അത്രയും നാൾ കാത്തിരുന്ന ആ കാഴ്‌ച കണ്ടത്. തന്റെ ഹൃദയമിടിപ്പ് ഉയർന്നു ,താൻ ഇപ്പോൾ മരിച്ചുപോകുമെന്നു ആര്യന് തോന്നി.ഒരു കൈ സഹായത്തിനായി അടുത്തുണ്ടായിരുന്ന തൂണിൽ ബലമായി പിടിച്ചു . ഒരു മന്ത്രം പോലെ എന്തോ പലവട്ടം ഉരുവിട്ട് തുറന്നു കിടന്ന ജനലിലൂടെ ആ ക്ലാസ്റൂമിലെക്കു പ്രതീക്ഷയോടെ അവൻ നോക്കി.

"ഐശ്വര്യ "

"സർ , ആ ക്ലാസ്സിലേക്ക് ഇരുന്നോളൂ " മുൻപിലെ മറ്റൊരു ക്ലാസ് കാണിച്ചിട്ട് അവിടെ നിന്നിരുന്ന ആയ അവനോടു പറഞ്ഞു. ആര്യൻ ക്ലാസ്സിനകത്തേക്കു കയറി ഏറ്റവും പുറകിലെ ഒരു കസേരയിൽ പോയിരുന്നു. എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ഉള്ളത് കൊണ്ടാകും ക്ലാസ് നിറഞ്ഞിരുന്നു.അല്പം കഴിഞ്ഞു കുട്ടികളുമായി ഒരു ടീച്ചർ അവരുടെ ക്ലാസ്സിലേക്കെത്തി. മുൻപിൽ ടീച്ചർ അവരുടെ പുറകെ ട്രെയിനിന്റെ ബോഗികൾ പോലെ ഓരോ കുട്ടികളും ചുക് ചുക് ശബ്ദത്തോടെ . അവർ ആ കുഞ്ഞു കസേരകളിൽ അവർക്കു മുൻപിൽ ഇരുന്നു. നടുവിലായി ആദിയുമുണ്ട്. ആര്യൻ അവനെ കൈ വീശി കാണിച്ചു. അവൻ തിരിച്ചും .

അപ്പോളാണ് അവൻ ക്ലാസ് മുറികൾ ശ്രദ്ധിക്കുന്നത്.ചുറ്റും നിറയെ പെയിന്റിങ്ങുകൾ തൂക്കിയിട്ടിരിക്കുന്നു. നേരത്തെ വന്ന ടീച്ചർ ഒരു പെട്ടി നിറയെ എന്തൊക്കെയോ സാധനങ്ങളുമായി എത്തി. ആര്യൻ തന്റെ മൊബൈലിൽ വന്ന മെസ്സേജ് നോക്കിയിരിക്കുമ്പോൾ ആണ് അവനെ ഞെട്ടിച്ചു കൊണ്ട് ആ സ്വരം അവിടെ മുഴങ്ങിയത്

"ഞാൻ ഐശ്വര്യ, UKG ബി സെക്ഷനിലെ മിസ്സ് ആണ്. ഈ കുട്ടികളിൽ നിന്ന് നമ്മൾ ഇന്നു അറിയാൻ ശ്രമിക്കുന്നത് ലോക പ്രശസ്ത ചിത്രകാരന്മാരെ കുറിച്ചും അവർ ഉപയോഗിച്ചിരുന്ന ടെക്‌നിക്കുകളെ കുറിച്ചുമാണ് ."

ഐശ്വര്യ വേറെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ആര്യന്റെ മനസ്സ് കുറച്ചു കൊല്ലം പുറകിലേക്ക് പോയി . അന്നും അവൾ അവനോടു സംസാരിച്ചു കൊണ്ടിരുന്നു , അവനാകട്ടെ നക്ഷത്രങ്ങളെ ഒളിപ്പിച്ചു വച്ച അവളുടെ കണ്ണുകളിൽ നോക്കിയിരിക്കുകയായിരുന്നു .

ആദിയുടെ സ്വരമാണ് അവനെ ഓർമകളിൽ നിന്ന് ഉണർത്തിയത്.

"ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ലോക പ്രശസ്തനായ അമേരിക്കൻ ചിത്രകാരൻ ആയിരുന്ന ജാക്സൺ പൊള്ളോക്കിനെ കുറിച്ചാണ്. വലിയ പേപ്പറിൽ പെയിന്റ് ഒഴിച്ചോ അല്ലങ്കിൽ ബ്രെഷ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചു പെയിന്റ് തെറുപ്പിച്ചു ആയിരുന്നു അദ്ദേഹം ചിത്രം വരച്ചിരുന്നത് .അതിനെ ഡ്രിപ് ടെക്‌നിക് അല്ലങ്കിൽ ആക്ഷൻ പെയിന്റിംഗ് എന്നാണ് വിളിക്കുന്നത് . ഇനി ഞാൻ എന്റെ കൊച്ചച്ഛനെ എനോടൊപ്പം ചേർന്ന് ചിത്രം വരക്കാൻ ക്ഷണിക്കുന്നു.”

മുന്നോട്ടു നടന്നു ചെന്ന ആര്യനെ കണ്ടു പാർവതി ചിരിച്ചു , പക്ഷെ ആ ചിരിയുടെ മറവിൽ അവളുടെ വിളറിയ , പരിഭ്രമം നിറഞ്ഞ മിഴികൾ അവൻ കണ്ടു. അവൻ ഒരു ഹായ് മാത്രം പറഞ്ഞു ആദിയോടൊപ്പം ചിത്രം വരയ്ക്കാൻ തുടങ്ങി.

"കൊച്ചച്ഛൻ പേടിക്കണ്ട , ഞാൻ അല്ലെ ഉള്ളത് , ഇപ്പൊ ശെരിയാക്കി തരാം "

ആദി , ഒരോ പത്രങ്ങളിലിൽ നിന്നും ബ്രഷ് എടുത്തു നിവർത്തിയിട്ടിരിക്കുന്ന പേപ്പറിൽ പെയിന്റ് തെറുപ്പിക്കുന്നുണ്ടായിരുന്നു. ഒരു മിനിട്ടിനു ശേഷം ഏതോ വലിയ ചിത്രകാരനെ പോലെ ആ പേപ്പറിന്റെ നാലു വശവും നടന്നു , ഇരുന്നും നിന്നും നോക്കി പിന്നെയും തിരിച്ചു പോയി കുറെ കടും കളർ വീണ്ടും കോരിയൊഴിച്ചു. ആ സമയമത്രയും വേഗത്തിൽ മിടിച്ചു കൊണ്ടിരുന്ന തന്നെ ഹൃദയത്തെ പിടിച്ചു നിർത്താൻ ആര്യൻ പാട് പെടുകയായിരുന്നു, തോട്ടടുത്തു നിൽക്കുന്ന ഐശ്വര്യയുടെ നേരെ നീളുന്ന തന്റെ അനുസരണയില്ലാത്ത കണ്ണുകളെ അടക്കി നിർത്തുകയായിരുന്നു.

"കഴിഞ്ഞു"

"എന്ത് "

"പെയിന്റിംഗ് "

യുദ്ധക്കളം പോലെ കിടക്കുന്ന ആ പേപ്പർ ആദി ചൂണ്ടി കാണിച്ചു . ഒരു വേള ആര്യന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

ഐശ്വര്യ ആ പേപ്പർ എടുത്തു ആര്യന്റെ കയ്യിൽ കൊടുത്തു .

"താങ്ക്സ് ഫോർ കമിങ് . പ്ളീസ് കീപ് ദിസ് വിത്ത് യു . ആദി ഇവിടെ വന്നിരിക്കു. "

അവൻ ഒന്നും മിണ്ടാതെ ആ പേപ്പറുമായി തന്റെ സീറ്റിലേക്ക് പോയി.

പ്രോഗ്രാം കഴിഞ്ഞു വെളിയിൽ നിന്ന ആര്യന്റെ അടുത്തേക്ക് സൗമ്യ വന്നു.

"നീ പോകുന്നില്ലേ , അവനെ ഞാൻ വരുമ്പോൾ കൊണ്ടുവരാം "

"എന്തോന്നാ ചേച്ചി ഈ കാണിച്ചു വച്ചിരിക്കുന്നത് , പണ്ടേതോ പടത്തിൽ മുകേഷ് പറഞ്ഞപോലെ , മോഡേൺ ആര്ട്ട് "

"ഇതൊക്കെ ഒരു രസം അല്ലെ , ഒന്നുമില്ലെങ്കിലും അവർ ഇതൊക്കെ പഠിക്കുന്നില്ലേ , നിനയ്ക്കിപ്പോളെങ്കിലും അറിയാവോ ഈ ജാക്സൺ പൊള്ളോക്ക് ആരാണെന്നു "

"അയ്യോ , എന്നെ വിട് , ഈ ടീച്ചർമാരോട് തർക്കിക്കാൻ ഞാൻ ഇല്ല. "

"എന്നാൽ നീ വിട്ടോ "

"ചേച്ചി , എനിക്കൊരു കാര്യം അറിയാനുണ്ട് .. ചേച്ചിക്ക് ആ ഐശ്വര്യ മിസ്സിനെ പരിചയമുണ്ടോ "

"ഉണ്ടങ്കിൽ "

"എനിക്കൊന്നു സംസാരിക്കണമായിരുന്നു. , അവരുടെ ക്ലാസ് എപ്പോളാ കഴിയുക "

"ഇഹ് .. എന്താണ് നിനക്ക് സംസാരിക്കാനുള്ളത് , ദുരുദ്ദേശം വല്ലതും "

"എനിക്കറിയാവുന്ന ആളാണ് , കണ്ടിട്ട് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു. ഒന്നും പരിചയം പുതുക്കണം അത്ര മാത്രം "

"പ്രീ പ്രൈമറി ടീച്ചേർസ് പന്ത്രണ്ടു മണിക്കേ പോകു. കിഡ്സ് എല്ലാം പോയില്ലേ , ഞാൻ വേണമെങ്കിൽ ആ കുട്ടിയെ വിളിച്ചു കൊണ്ട് വരാം "

അവന്റെ മറുപടിക്കായി കാത്തു നിലക്കാതെ സൗമ്യ അകത്തേക്ക് പോയി. ആര്യൻ സ്കൂളിലെ വിസിറ്റർ റൂമിലേക്കു നടന്നു.

അല്പം കഴിഞ്ഞു സൗമ്യ പുറത്തേക്കിറങ്ങി വന്നു .

"നിനക്കെങ്ങനെയാ അവളെ പരിചയം "

"അത് പിന്നെ .. ഞാൻ .. എനിക്കറിയാം അവളെ "

"പക്ഷെ അവൾ പറഞ്ഞത് അങ്ങിനെ അല്ലല്ലോ , നിന്നെ അറിയില്ല , ഇന്നാണ് ആദ്യമായി കാണുന്നതെനും "

"ഞാൻ പ്രതീക്ഷിച്ചു...ചേച്ചി ഒരു ഉപകാരം കൂടി ചെയ്യണം "

"എന്ത് "

" പക്ഷെ , ഐശ്വര്യയെ പരിചയമുണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞതായി അവളോട് പറയണം . ചേച്ചി ടീച്ചർ അല്ലെ, അപ്പൊ മുഖം നോക്കി മനസ്സ് വായിക്കാനൊക്കെ അറിയാമല്ലോ. അത് കൊണ്ട് അവളുടെ മറുപടി എന്തായാലും ആ മനസ്സൊന്നും വായിക്കണം , എന്നിട്ടു വൈകിട്ട് എന്നോട് പറയണം "

"ഡാ അത് .." സൗമ്യയുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ആര്യൻ നടന്നകന്നു.

വീട്ടിലെത്തിയ ആര്യന്റെ മനസ്സ് അസ്വസ്ഥമായിരുന്നു, വെളിയിൽ നിന്ന് കഴിച്ചു എന്ന് സുകന്യയോട് കള്ളം പറഞ്ഞു മുകളിലെ മുറിയിലേക്ക് പോയി. കട്ടിലിൽ കിടന്നുഅവൻ ജാൻവിയെ വിളിച്ചു.

"ജാനൂ"

"ആരൂ , നിനക്കെന്താ പറ്റിയെ "

"എനിക്കൊന്നും പറ്റിയില്ല, നീ എന്താ ശായറി ഒന്നും പറയാത്തെ "

"നിനക്കൊന്നും പറ്റിയില്ല എന്ന് പറഞ്ഞാൽ അത് നുണയാണ് , നിന്റെ ശബ്ദം ഒന്ന് പതറിയാൽ , മനസ്സിന്റെ മിടിപ്പോന്നു തെറ്റിയാൽ ഞാൻ അറിയും. നീ പറയൂ എന്തുണ്ടായെന്നു "

"ഞാൻ ഇന്ന് അവളെ കണ്ടു "

"എന്നിട്ടവൾ അറിയില്ലെന്ന് പറഞ്ഞു അല്ലെ "

"നിനക്കെങ്ങനെ "

"അറിയാം ആരൂ , നിങ്ങൾ രണ്ടു പേരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ ആഴം എനിക്കറിയില്ല , ഐ മീൻ അവളുടെ ഭാഗത്തു നിന്ന്. അത് കൊണ്ട് , നീ അന്വഷിക്കൂ അവൾ എന്തിനിങ്ങനെ പറഞ്ഞുവെന്നു"

"ജാനൂ . ഞാൻ "

"ആഖോം മേ ആ ജാതേ ഹേ ആസു ,
ഫിർ ഭി ലബോ പെ ഹസി രഖനി പട്തി ഹേ
ആഖോം മേ ആ ജാതേ ഹേ ആസു ,
ഫിർ ഭി ലബോ പെ ഹസി രഖനി പട്തി ഹേ

യെ മൊഹബ്ബത് ഭി ക്യാ ചീസ് ഹേ യാരോ
ജിസ് സെ കർത്തെ ഹേ ഉസിസെ ചുപാനി പട്തി ഹേ "

(കണ്ണുകളിൽ സങ്കടം നിറഞ്ഞാലും പലപ്പോഴും നമുക്ക് പുഞ്ചിരിക്കേണ്ടിയിരിക്കുന്നു , കാരണം ഈ പ്രണയമെന്നത് ഇത് വരെ മനസ്സിലാകാത്ത ഒന്നാണ് . അത് നമ്മൾ പ്രണയിക്കുന്നവരുടെ മുൻപിൽ ചില സമയത്തു മറച്ചു വയ്‌ക്കേണ്ടിയിരിക്കുന്നു . )

".."

"ആരൂ , എന്റെ അമ്മായിഅമ്മ എന്തിയെ "

"താഴെയുണ്ട് , ഞാൻ എന്റെ റൂമിലാ "

"രാവിലെ ഞാൻ വിളിച്ചതിനു എന്തെങ്കിലും പറഞ്ഞോ "

"പറഞ്ഞു "

"എന്ത് "

"കണ്ട ഹിന്ദിക്കാരികളെ വിളിച്ചോണ്ട് വരാനാണ് ഭാവമെങ്കിൽ അടിച്ചു പൊട്ടിക്കുമെന്നു "

"ദൈവമേ , അപ്പൊ എനിക്ക് ഡബിൾ വർക്ക് ആണല്ലോ "

"എങ്ങനെ "

"നിന്നെയും , നിന്റെ അമ്മയെയും കുപ്പിയിലിറക്കണ്ടേ "

ആര്യൻ അറിയാതെ ചിരിച്ചു പോയി

"കണ്ടോ , എന്നോട് സംസാരിച്ചപ്പോൾ നിന്റെ മനസ്സു തണുത്ത് കണ്ടോ "

"ജാനൂ .. നീ എന്തിനു ഇങ്ങനെ "

"ആരൂ .. ഞാൻ എന്നും എന്താണ് പ്രാര്ഥിക്കുന്നതെന്നറിയാമോ .. നിന്റെ സന്തോഷം . നീ എവിടെ ആയിരുന്നാലും നിനക്ക് സ്നേഹിക്കാൻ നിന്നെ സ്നേഹിക്കാൻ ചുറ്റും ഒരുപാടു പേരുണ്ടാകണമെന്നു. നീ ആരെയാണോ തേടി നടക്കുന്നത് , അയാൾ നിന്നെ തേടി വരണമെന്ന് ..എന്ത് കൊണ്ടാണെന്നു നിനക്കറിയാമോ"

".."

"നിന്റെ വേദന എനിക്ക് കണ്ടു നിൽക്കാനാവില്ല , നിന്റെ സങ്കടം എന്നോ എന്റെ സങ്കടമായി മാറി കഴിഞ്ഞു. നീ എവിടെയായാലും, ആരോടൊപ്പമായാലും നീ സന്തോഷത്തോടെ ഇരിക്കണം "

ഫോണിന്റെ മറുവശത്തു വീണ്ടും ജാൻവിയുടെ തേങ്ങലുയർന്നു.

"ജാൻവി .. നീ എന്താ ഇങ്ങനെ .. ഞാൻ ഫോൺ വയ്ക്കും "

"ഇല്ല .. ഞാൻ കരയില്ല , ഒരു കാര്യം കൂടി . നിന്റെ ബാഗിന്റെ രണ്ടാമത്തെ പോക്കറ്റിൽ ഞാൻ ഒരു ബോക്സ് വച്ചിട്ടുണ്ട് . അതിലുള്ളതെടുത്തു നിന്റെ ആലിലക്കണ്ണന്റെ ഒപ്പമിടു. എപ്പോഴെങ്കിലും മനസ്സിന് ബുദ്ധിമുട്ടു തോന്നിയാൽ , അതു കയ്യിലെടുത്തു ശിവ പഞ്ചാക്ഷരി മന്ത്രമുരുവിടു . എല്ലാം ശെരിയാവും "

"നീ .. "

"ഒന്നും സംഭവിക്കില്ല ആരൂ .. എന്ത് ഉണ്ടായാലും ഞാൻ നിന്നോട് കൂടെയുണ്ടാകും "

"ഹമ് "

"എന്നാൽ ശെരി , ഞാൻ വയ്ക്കുന്നു. പിന്നെ വിളിക്കാം "

ഒരു മറുപടിക്കു കാത്തു നില്കാതെ ജാൻവി ഫോൺ വച്ചു . ആര്യൻ തന്റെ ബാഗിൽ നിന്നും അവൾ പറഞ്ഞ ബോക്സ് കൈയ്യിലെടുത്തു . സ്വർണം കെട്ടിയ രുദ്രാക്ഷം . അവൻ അതെടുത്തു തന്റെ മാലയുടെ കൊളുത്തിൽ ഇട്ടു.


താഴെ ആദിയുടെയും സൗമ്യയുടേയും ബഹളം കേട്ടാണ് ആര്യൻ ഉച്ചമയക്കം കഴിഞ്ഞു ഉണർന്നത്. അവൻ താഴേക്കിറങ്ങി വന്നു.

"നീ എപ്പോളാ അമ്പലത്തിൽ പോകുന്നത് " ഒരു പ്ലേറ്റ് നിറയെ നെയ്യപ്പവുമായി സുകന്യ വന്നു.

"ആഹാ .. അമ്മ നെയ്യപ്പം ഉണ്ടാക്കിയോ "

"ഞാൻ ഉണ്ടാക്കിയതൊന്നും അല്ല , എനിക്ക് വയ്യ പണ്ടത്തെ പോലെ അടുക്കളയിലെ ചൂടിൽ നില്ക്കാൻ , ഇതിവൾ വാങ്ങി വന്നതാ "

"കൊള്ളാം , പിന്നെ ഞാൻ ഇന്ന് പോകുന്നില്ല അമ്മെ "

"നീ ഉത്സവം എന്നും പറഞ്ഞല്ലേ വന്നേ , എന്നിട്ടെന്താ പോകാത്തെ .."

"നാളെ പതിനൊന്നാം ഉത്സവമല്ലേ , ഉത്സവബലിക്ക് പോകാം "

"അതെ , കേമമാകും ,പതിനൊന്ന് ആന ഉണ്ടാകും "

സുകന്യ അടുക്കളയിലേക്കു നടന്നു.

"ചേച്ചി അവളോട് പറഞ്ഞോ "

ആര്യൻ സോപാനത്തിൽ ഇരുന്നു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആദിയെ നോക്കി സൗമ്യയോട് ചോദിച്ചു .

"പറഞ്ഞു "

"എന്നിട്ടു"

"അവൾ പിന്നെയും അത് തന്നെ പറഞ്ഞു , നിന്നെ അറിയില്ല എന്നു "

"അവളുടെ മുഖത്തു എന്തങ്കിലും ഭാവമാറ്റം "

"എന്നെ വീണ്ടും കണ്ടപ്പോളേ അവൾ എഴുനേറ്റു നടക്കാൻ തുടങ്ങിയിരുന്നു. അത് കൊണ്ട് മുഖം കണ്ടില്ല. പക്ഷെ അവൾക്കു നിന്നെ അറിയാമെന്നു ആ ശരീര ഭാഷയിൽ നിന്നും എനിക്ക് മനസ്സിലായി. "

"ഓക്കെ , ചേച്ചിക്ക് എത്ര നാളായി അവളെ അറിയാം "

"അവൾ ഈ ജൂണിൽ ജോയിൻ ചെയ്തതാ .. അങ്ങിനെ ആരോടും മിണ്ടാറില്ല, പിന്നെ പ്രീ പ്രൈമറി വേറെ സെക്ഷൻ അല്ലെ .അത് കൊണ്ട് ഞങ്ങൾ തമ്മിൽ പേരന്റ് ടീച്ചർ റിലേഷൻ മാത്രമേ ഉള്ളു. പക്ഷെ കുട്ടികളെ വളരെ ഇഷ്ടമാണ് ..നീ എന്നോട് സത്യം പറ , നിങ്ങൾ തമ്മിൽ എങ്ങിനെയാ പരിചയം “

"അങ്ങിനെ വലിയൊരു പരിചയമൊന്നുമില്ല, അവളുമായി പ്രണയത്തിലായിരുന്നു ആത്രയെ ഉള്ളു. "

മുറ്റത്തെ അഴയിൽ തുണി വിരിച്ചിടുകയായിരുന്ന സൗമ്യ അവനടുത്തേക്കു വന്നു ,

"പ്രണയം , നിങ്ങൾ തമ്മിൽ “

അതെ സമയം ആദി സൗമ്യയുടെ ഫോണുമായി ഓടി വന്നു. അതിൽ പരിചയമില്ലത്താ ഒരു നമ്പറിൽ നിന്നും കാൾ.

"ഹലോ "

"സൗമ്യ മിസ്സ് ."

"അതെ "

"ഞാൻ ഐശ്വര്യ ആണ് "

"പറഞ്ഞോളൂ "

"എനിക്കൊന്നു ആര്യനോട്‌ സംസാരിക്കണം "

"അതിനു നിനക്കറിയില്ല എന്നല്ലേ പറഞ്ഞത് "

"സോറി , സ്കൂളിൽ ആയതു കൊണ്ട് , പ്ളീസ് അവിടെ ഉണ്ടങ്കിൽ ഒന്ന് കൊടുക്കാമോ "

"കൊടുക്കാം "

സൗമ്യ ഫോൺ ആര്യന് നീട്ടി , പതുക്കെ പറഞ്ഞു

"ഐശ്വര്യ , നിന്നോട് സംസാരിക്കണമെന്ന് . "

"ഹലോ "

".."

"ആര്യനാണ് "

മറുപുറത്തു ഒരു പൊട്ടികരച്ചിൽ അവൻ കേട്ടു.

"ഐഷു "

"ഏട്ടാ ഞാൻ .. എനിക്കറിയില്ല എന്ത് പറയണമെന്ന് .. "

"നീ ഒന്നും പറയണ്ട , വർഷങ്ങളായുള്ള എന്റെ തിരച്ചിലിനൊരവസാനമുണ്ടായല്ലോ , അത് മതി "

ആര്യന്റെ കണ്ണുകളും നിറയാൻ തുടങ്ങി.

"ഞാൻ .. എനിക്കിനി .. " അവളുടെ വാക്കുകൾ പാതിവഴിയിൽ മുറിയുന്നതു അവനറിഞ്ഞു.

"വേണ്ട ഐഷു , നീ പറ എവിടെയാണ് താമസമെന്നു , ഞാൻ വരാം പെണ്ണ് ചോദിയ്ക്കാൻ . അന്ന് പറഞ്ഞ പോലെ , നിന്റെ അച്ഛനെ കണ്ടു ഒരാണിനെ പോലെ തന്നെ ചോദിക്കാം ഞാൻ. "

"ഏട്ടാ .. പ്ളീസ് .. എനിക്കൊന്നു കാണണം . നാളെ തന്നെ "

"വരാം ഐഷു , നമ്മൾ ആദ്യമായി കണ്ട സ്ഥലത്തു, രാവിലെ പതിനൊന്നു മണിക്ക് "

"ശെരി " ആര്യൻ മറുത്തു പറയുന്നതിന് മുൻപേ അവൾ ഫോൺ വച്ചു .

"ഡാ .. സന്തോഷമായില്ലേ നിനക്ക് , ഞാൻ അമ്മയോട് പറയട്ടെ "

"ഇപ്പോൾ വേണ്ട ചേച്ചി ,നാളെ അവളെ കണ്ടു കഴിഞ്ഞിട്ടു പറയാം "

"എന്നാൽ ഒരു കാര്യം ചെയ്യൂ , നിങ്ങളുടെ പ്രണയ കഥ പറ "

"ഇപ്പോളോ , വൈകിട്ടാകട്ടെ , രാത്രിയിൽ ആകാശേട്ടനെയും കൂട്ടി വാ , നമുക്ക് ടെറസ്സിൽ ഇരിക്കാം "

"ഓഹോ , അപ്പൊ വൈകിട്ട് പരുപാടി പ്ലാൻ ഇടുവാനോ "

ഒരു കള്ള ചിരി ചിരിച്ചു അര്യൻ അകത്തേക്ക് കയറിപ്പോയി.

വൈകിട്ടു ആകാശും ആര്യനും പിന്നെ സൗമ്യയും മാത്രം ടെറസ്സിൽ , രണ്ടു പേർക്കും ഹോട്ടും സൗമ്യക്ക് വൈനും . ബാംഗ്ലൂർ സ്പെഷ്യൽ.

"നീ കഥ പറ ആര്യ ... ഒരു പ്രണയ കഥ കേട്ടിട്ടു കുറെ നാളായി. "

സൗമ്യ തിരക്ക് കൂട്ടി.

ആര്യൻ ആ കഥ പറഞ്ഞു തുടങ്ങി,നക്ഷത്ര കണ്ണുള്ള പെൺകുട്ടിയുടെ കഥ , എപ്പോളും നാട്ടിലേക്ക് വരുമ്പോൾ ബസിൽ കാണാറുള്ള അതെ സ്വപ്നം .

(തുടരും)

No comments:

Post a Comment