Sunday, July 7, 2019

ആര്യൻ 7



"ഐഷു , ഞാൻ കാറിലാണ് "

"അത് നന്നായി , ഇനി ഓട്ടോ പിടിക്കണ്ടല്ലോ " തിരിഞ്ഞു നോക്കാതെ ഐശ്വര്യ മുന്നോട്ടു നടന്നു.

പാർക്കിങ്ങിൽ നിന്ന് കാർ എടുത്തു ഐശ്വര്യ കാണിച്ച വഴികളിലൂടെ ആര്യൻ മുന്നോട്ടു ഓടിച്ചു കൊണ്ടിരുന്നു. എന്തൊക്കെയോ പറയണമെന്ന് ആര്യൻ പലതവണ വിചാരിച്ചെങ്കിലും , വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നതു പോലെ അവനു തോന്നി. ഇടക്കെപ്പോഴോ ഗിയറിൽ നിന്നും ഇടം കൈ അവളുടെ വലം കയ്യിലേക്ക് നീണ്ടു. പക്ഷെ പിടികൊടുക്കാതെ അവൾ കൈ വലിച്ചെടുത്തു. അവളുടെ നിശബ്ദത അവനെ വല്ലാതെ ഭയപ്പെടുത്തി.

"അടുത്ത ലെഫ്റ് എടുത്തോളൂ."

അവൻ കാർ ഇടത്തെ സൈഡിലുള്ള ചെറിയ റോഡിലേക്ക് വളച്ചു.

"ആ കാണുന്ന ഗേറ്റിനു മുൻപിൽ നിർത്തിക്കോളൂ. "

കാര് നിർത്തിയതും , ഐശ്വര്യ പുറത്തിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.

"പൗർണ്ണമി "

ആര്യൻ ആ ചെറിയ വീടിന്റെ മുൻപിൽ കാർ നിർത്തി.

"അകത്തേക്ക് കയറി വരൂ "

ഡോർ തുറന്നിറങ്ങിയ ആര്യനോട്‌ അകത്തേക്ക് കയറിയ ഐശ്വര്യവിളിച്ചു പറഞ്ഞു.

"ഇങ്ങോട്ടു ഇരിക്കാം " ആ ചെറിയ ഹാളിലെ സോഫയിലേക്ക് ചൂണ്ടി അവൾ ചൂണ്ടി കാണിച്ചു.

"ഞാൻ അകത്തു പോയി എന്തെങ്കിലും കുടിക്കാൻ എടുക്കാം , വെയിലത്ത് വന്നതല്ലെ. "

"ഐഷു , നീ .. ഇവിടെ വേറെ ആരും ഇല്ലേ "

അകത്തേക്ക് തിരിഞ്ഞു നടന്നു തുടങ്ങിയ ഐശ്വര്യ തിരിച്ചു വന്നു സോഫയിലിരുന്ന ആര്യന്റെ മുൻപിൽ മുട്ടുകുത്തിയിരുന്നു. രണ്ടു കൈകൾ കൊണ്ടും അവന്റെ കൈകൾ ചേർത്ത് പിടിച്ചു തന്റെ മുഖത്തേക്കു ചേർത്ത് കരയാൻ തുടങ്ങി. അത് വരെ പിടിച്ചു വച്ചിരുന്ന കണ്ണ് നീർ അവന്റെ മുൻപിൽ ഒഴുകിത്തുടങ്ങി.

"ഐഷു .. നീ എന്തിനാ കരയുന്നെ .. എന്താണെങ്കിലും പറയു .. നമുക്ക് സംസാരിച്ചു തീർക്കാം "

"ഏട്ടാ ഞാൻ .. എന്റെ വിവാഹം കഴിഞ്ഞു. ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ് . "

ആ വാക്കുകൾ ആര്യനെ തകർത്തു കളഞ്ഞു. കഴിഞ്ഞ കുറെ കൊല്ലങ്ങളായി താൻ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണതായി അവനു മനസ്സിലായി. എന്തിനെന്നോ എങ്ങനെയെന്നോ എന്നെല്ലാം ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും , അവൻ അവിടെ നിന്നും എഴുനേറ്റു വെളിയിലേക്കു നടക്കാൻ തുടങ്ങി.ചുറ്റും നടക്കുന്നതെന്താണെന്ന് മനസ്സിലാകാതെ തലകുനിച്ചു നടന്ന അവൻ വെളിയിലേക്കുള്ള വാതിലിനടുത്തു നിന്നയാളെ തട്ടി.

"ഞാൻ റോയി .. ഐശ്വര്യയുടെ ഭർത്താവാണ് "

"ഹായ് റോയി .. ഐ ആം സോറി , ഇങ്ങനെ ഒരു കൂടി കാഴ്ച ഉണ്ടാകുമെന്നു കരുതിയതല്ല. "

"ആര്യൻ ,ഏതായാലും വന്നതല്ലേ , നമുക്ക് കുറച്ചു സംസാരിച്ചിട്ട് പോകാം "

റോയി ആര്യന്റെ കൈക്കു പിടിച്ചു അകത്തേക്ക് നടന്നു.

"ആര്യൻ , ഇവൾക്കും എനിക്കും പറയാനുള്ളത് മുഴുവൻ കേട്ടിട്ട് വേണം താൻ ഇവിടെ നിന്ന് പോകാൻ. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരം വേണ്ടേ. ഇവൾ അനുഭവിക്കുന്ന കുറ്റബോധത്തിന് , തന്റെ അന്വഷണങ്ങൾക്ക് എല്ലാം .."

ആര്യൻ റോയിയേയും ഐശ്വര്യയെയും മാറി മാറി നോക്കി.

"ഏട്ടാ .. എന്നോട് ക്ഷെമിക്കണം എന്നേ എനിക്കിപ്പോൾ പറയാൻ സാധിക്കൂ . ഇന്നലെ സ്കൂളിൽ വച്ച് കണ്ടപ്പോൾ മുതൽ ... "

റോയി ഐശ്വര്യയെ പിടിച്ചു അവനരുകിൽ ഇരുത്തി. അവൾ റോയിയുടെതോളിൽ ചേർന്ന് വീണ്ടും കരയാൻ തുടങ്ങി. ആര്യൻ എന്ത് പറയണം അല്ലെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങി .

"ആര്യൻ , ഐശ്വര്യ നിന്നെ ചതിച്ചതാണെന്ന് തനിക്ക് തോന്നാം. പക്ഷെ, ഞാൻ എല്ലാം പറയാം . എല്ലാം കേട്ട് ശേഷം തനിക്കു തീരുമാനിക്കാം ,ഇവൾ നിന്നെ ചതിച്ചതാണോ എന്ന് . "

റോയി പറഞ്ഞു തുടങ്ങി.

ഇവർ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തായിരുന്നു ഞാനും കുടുബവും താമസിച്ചിരുന്നത്. ഒരു വൈകുന്നേരം ഐശ്വര്യയുടെയും അമ്മയുടെയും കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടി ചെല്ലുന്നത് . ഞങ്ങൾ കാണുന്നത് നെഞ്ച് വേദന കാരണം മയങ്ങി വീണിരിക്കുന്ന അച്ഛനെയും , അദ്ദേഹത്തിന് ചുറ്റും ഇരുന്നു നിലവിളിക്കുന്ന ഐശ്വര്യയെയും അമ്മയെയും ആണ് . രണ്ടു സ്ത്രീകൾക്ക് എന്ത് ചെയ്യാനാകും. ഞങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാം പെട്ടന്നു കഴിഞ്ഞു . ഇനിയെന്ത് എന്നാലോചിച്ചു നിന്ന ഞങ്ങൾക്ക് നേരെ ഐശ്വര്യയുടെ അമ്മ അദ്ദേഹത്തിന്റെ മൊബൈൽ നീട്ടി, അതിലെ ഒരു നമ്പറിൽ വിളിച്ചു പറയാൻ അപേക്ഷിച്ചു. ഐശ്വര്യയുടെ ചേട്ടന്റെ ഫോൺ നമ്പർ ആയിരുന്നു അത് .. ഐശ്വര്യയുടെ അച്ഛന്റെ ആദ്യ ഭാര്യയിൽ ഉള്ള മകൻ വിഷ്ണു . അവരുടെ മരണശേഷമായിരുന്നു ഐശ്വര്യയുടെ അമ്മയെ അദ്ദേഹം വിവാഹം കഴിച്ചത്. കുട്ടിക്കാലത്തു അവനു കുഴപ്പമൊന്നുമുണ്ടായിരുന്നില്ലങ്കിലും പിന്നീട് അവനു അവനു ഐശ്വര്യയുടെ അമ്മയെ ഇഷ്ടമല്ലാതായി. അവന്റെയമ്മയെ കൊന്നതിവരാണെന്നു അവൻ വിശ്വസിച്ചു. അത് കൊണ്ട് തന്നെ കുറച്ചു വലുതായപ്പോൾ മുതൽ വിഷ്ണു അമ്മയെയും ഐശ്വര്യയെയും ഉപദ്രവിക്കാൻ തുടങ്ങി.അങ്ങിനെയാണ് സ്വന്തം നാട്ടിൽ നിന്നും അകലെയായി ഇവരുമായി അദ്ദേഹം താമസം തുടങ്ങിയത്. വിഷ്ണു അച്ഛമ്മയോടൊപ്പം കുടുംബവീട്ടിലും.

മരണം അറിഞ്ഞു വിഷ്ണു എത്തി. പിന്നെ ബോഡിയോടൊപ്പം ഇവരെയും നാട്ടിലേക്കു കൊണ്ടുപോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം വിഷ്ണു മാത്രം തിരിച്ചെത്തി, ആ വാടക വീട് കാലിയാക്കി എല്ലാ സാധനങ്ങളുമായി തിരിച്ചു പോയി. പിന്നീടൊരിക്കൽ ഞാനും പിന്നെ ഇവിടുത്തെ ഒന്ന് രണ്ടു അയൽക്കാരും അവിടെ പോയിരുന്നു. അവിടെ ഇവരുടെ അവസ്ഥ തീരെ പരിതാപകരമായിരുന്നു. വിഷ്ണുവിനെതിരെ ആർക്കും ഒന്നും പറയാൻ വയ്യാത്ത സ്ഥിതി. മരണശേഷമുള്ള സെര്ടിഫിക്കട്ടും ആശുപത്രിയുടെ കുറച്ചു ബില്ലുകളും മറ്റും കൊടുക്കാൻ ചെന്ന ഞങ്ങളെ വരെ അവൻ ആട്ടിയിറക്കി. പോരുമ്പോൾ ഞാൻ കണ്ടു അടുക്കളഭാഗത്തു കരഞ്ഞു തളർന്നിരിക്കുന്നു ഇവളെ.

ഇവളോടുള്ള ഇഷ്ടം കൊണ്ടോ , അതോ ഇവളുടെ ബുദ്ധിമുട്ടു കണ്ടോ , ഞാൻ എന്റെ വീട്ടിൽ കാര്യങ്ങൾ പറഞ്ഞു. അവർക്കും ഇവളെയും ഇവളുടെ അമ്മയെയും കുറെ വര്ഷങ്ങളായിട്ടു അറിയാം. അങ്ങിനെ ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ പെണ്ണ് ചോദിച്ചു അവിടെ ചെന്നു . മരണം നടന്നിട്ടു ഒരു വർഷമെങ്കിലും കഴിയണം വിവാഹത്തിന് എന്നറിയാൻ പാടില്ലാഞ്ഞിട്ടല്ല, എന്തോ അപ്പോൾ അങ്ങിനെ ചെയ്യണം എന്നു തോന്നി. പക്ഷെ വിഷ്ണുവിന്റെ പെരുമാറ്റം ഞങ്ങളെ അത്‌ഭുതപ്പെടുത്തി . ഇന്നെങ്ങിൽ ഇന്ന് തന്നെ കെട്ടിക്കൊണ്ടു പൊയ്ക്കോളാൻ അവൻ പറഞ്ഞു. ഒറ്റ കണ്ടീഷൻ ഇനി മേലാൽ ഭാഗം ചോദിച്ചു അങ്ങോട്ട് ചെല്ലരുത് എന്ന് മാത്രം. ഒരു മാസം കഴിഞ്ഞു ഒരു ചെറിയ ചടങ്ങിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.അന്ന് രാത്രിയിലാണ് ഇവൾ എന്നോട് തന്റെ കാര്യം പറയുന്നത്. എന്റെ കാലിൽ വീണു കരഞ്ഞ അവളോട്‌ എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. അച്ഛന്റെ മരണ സമയത്തെ തിരക്കിലോ , വീട് മാറുന്നതിനിടയിലോ തന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടിരുന്നു. എങ്കിലും ആറേഴു മാസം ഞങ്ങൾ അന്വഷിച്ചു. ഒടുവിൽ എപ്പോളോ ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങി.

വീട്ടിലെ മൂത്തമകനായതുകൊണ്ടും , പിന്നെ ഇവളെ ഞാൻ മതം മാറ്റിക്കാത്തതു കൊണ്ടു ബന്ധുക്കാർക്കു അത്ര ഇഷ്ടമൊന്നുമല്ലാത്തതു കൊണ്ടും ഞാൻ ഈ വീട് വാങ്ങി ഇങ്ങോട്ടു മാറി. ഇടക്കൊക്കെ എന്റെ അനിയന്മാരും അമ്മച്ചിയും അപ്പച്ചനും എല്ലാം വരും . പിന്നെ ഞങ്ങൾ ഇങ്ങനെ ഒരു ചെറിയ രീതിയിൽ ജീവിച്ചു പോകുന്നു.

ഇനി നിങ്ങൾ സംസാരിക്കു. എന്നിട്ടു ആര്യൻ തീരുമാനിക്കു എന്ത് വേണമെന്ന്. ഞാൻ വെളിയിൽ ഉണ്ടാകും.." റോയി പുറത്തേക്കിറങ്ങി.

(തുടരും)

No comments:

Post a Comment