Sunday, July 7, 2019

ആര്യൻ 6


ആര്യൻ കസേരയിൽ നിന്ന് എഴുനേറ്റു മുന്നോട്ടു നടന്നു, പാൽ നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി പുഞ്ചിരിച്ചു.

അന്നൊരു വല്ലാത്ത ദിവസമായിരുന്നു. ഒരു പക്ഷെ പ്രകൃതി എനിക്കായി മാറ്റിവച്ച ദിവസം . രാവിലെ മുതൽ നല്ല മഴ. ഒരു പക്ഷെ അവൾ വരുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു. പക്ഷെ അവൾ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഓർമ്മകൾ ഉറങ്ങുന്ന വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും അക്കരക്കുള്ള യാത്ര. എന്റെ സ്വപ്നമായിരുന്നു അവളോട് മുട്ടിയുരുമ്മിയുള്ള യാത്ര. തുടക്കം ഒരു അവാർഡ് പടം പോലെ നിശ്ശബ്ദമായിരുന്നു. അകലങ്ങളിലേക്ക് കണ്ണും നട്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു.

"എന്ത് പറ്റി , ആദ്യമായാണോ ഇങ്ങനെ ബോട്ടിലെ യാത്ര"

"അതെ, എനിക്ക് വെള്ളം പേടിയാ, അത് കൊണ്ട് തന്നെ ഇതിലെ യാത്രയും"

"അപ്പോൾ ഇന്ന് വന്നതോ. "

"ഏട്ടൻ വിളിച്ചിട്ട് എങ്ങനെയാ വരാതിരിക്കുന്നെ ,അത് കൊണ്ടാ.. "

"അപ്പൊ എന്നോട് സ്നേഹം ഉണ്ട്.. "

"ഇല്ലെന്നു ഞാൻ എപ്പോളെങ്കിലും പറഞ്ഞോ. "

"ഉണ്ടെന്നു പറഞ്ഞിട്ടില്ലല്ലോ."

"സ്നേഹം ഇല്ലങ്കിൽ ഞാൻ കാണുവാൻ ഇത്രയും തവണ ശ്രമിക്കുമായിരുന്നോ, പിന്നെ ഇത് സ്നേഹം മാത്രം, പ്രണയം എന്നൊന്നും കരുതേണ്ട"

അവൾ വീണ്ടും അകലങ്ങളിലേക്ക് നോക്കി . പക്ഷേ അവളുടെ കണ്ണുകളിൽ ഞാൻ എന്നോടുള്ള പ്രണയത്തെ കണ്ടു. അത് പറയാനുള്ള മടി പോലെ

"നീ എന്താ ആലോചിക്കുന്നേ"

"ഏട്ടൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. പക്ഷെ ഇന്ന് വരെ എന്റെ ഫാമിലിയെ കുറിച്ച് ചോദിച്ചിട്ടില്ലല്ലോ. "

"നീ പറയാൻ മടിക്കുന്നത് ഞാൻ എന്തിനാണ് ചോദിക്കുന്നത്. എന്നെങ്കിലും ഞാൻ അറിയുവാൻ യോഗ്യൻ ആണെന്ന് തോന്നുമ്പോൾ മാത്രം പറഞ്ഞാൽ മതി. "

അവളുടെ കൺകോണുകളിൽ കണ്ണ് നീര് നിറയുന്നത് ഞാൻ കണ്ടു

"ഞാൻ പറയാം.. എന്റെ അച്ഛന്റെയും അമ്മയുടെയും ലേറ്റ് മാര്യേജ് ആണ്, അച്ഛന് നാല്പതു വയസ്സുള്ളപ്പോളാണ് അമ്മയെ വിവാഹം കഴിക്കുന്നത്. അച്ഛൻ ഇവിടെ നിന്നാണ് റിട്ടയർ ആയതു. പിന്നെ അച്ഛന് നാട് ഇഷ്ടമാണ്. അങ്ങിനെ ഇവിടെ താമസിക്കുന്നു. പിന്നെ .."

"പിന്നെ.."

"പിന്നെ ഒന്നും ഇല്ല, എനിക്ക് പഠിച്ചൊരു ജോലി വാങ്ങണം, ഒരു ടീച്ചർ ആയിട്ടു. എന്റെ വലിയ ആഗ്രഹം ആണ്. ഇത്രയേ ഉള്ളൂ.."

അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. പിന്നീട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. കായലിലൂടെ പോകുന്ന മോട്ടോർ പിടിപ്പിച്ച വള്ളങ്ങളെയും , തെങ്ങിൻ കുറ്റികളിൽ വന്നിരിക്കുന്ന കൊറ്റികളെയും അവൾ കൊച്ചു കുട്ടികളെ പോലെ നോക്കികൊണ്ടിരുന്നു. അല്പം മുൻപ് കണ്ണുനീർ നിറഞ്ഞ കണ്ണുകളിൽ അപ്പോൾ ആശ്ചര്യമായിരുന്നു. പെൺകുട്ടികളുടെ മനസ്സ് , അതൊരിക്കലും പിടിതരാത്ത ഒന്നാണ് , അടുത്ത നിമിഷം എന്തും സംഭവിക്കാം

അക്കരയിൽ ഇറങ്ങി അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറി ചായ കുടിച്ചു അടുത്ത ബോട്ടിൽ കയറി ഞങ്ങൾ തിരിച്ചു പോന്നു. ബോട്ട് സ്റ്റാർട്ട് ചെയ്തപ്പോഴെക്കും മഴ കൂടി വന്നു , നല്ല കാറ്റും വീശാൻ തുടങ്ങി. കാറ്റ് പിടിക്കാതിരിക്കാൻ ബോട്ടിലെ പടുതാ ഇടാറില്ല. അതുകൊണ്ടു തന്നെ കാറ്റടിച്ചു യാത്രക്കാർ ഏല്ലാം നനയാൻ തുടങ്ങി. കായലിന്റെ നടുക്കെത്താറായപ്പോളേക്കും കാറ്റും മഴയും ശക്തമായി. ബോട്ട് ഓളങ്ങളിൽ ഉയരാനും താഴാനും തുടങ്ങി. ചില സമയത്തു ബോട്ട് ജലനിരപ്പിനെക്കാൾ ഉയരത്തിൽ, അടുത്ത നിമിഷം ജലനിരപ്പിനേക്കാൾ താഴെ. സ്ത്രീകളും കുട്ടികളും എല്ലാം കരയാൻ തുടങ്ങി.ബോട്ടിലെ ജീവനക്കാർ, ഒന്നും പേടിക്കാനില്ല, കാറ്റ് കുറയുമ്പോൾ ബോട്ട് വീണ്ടും നിയന്ത്രണത്തിൽ ആകും എല്ലാവരും സീറ്റിൽ പിടിച്ചിരുന്നാൽ മാത്രം മതി എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഐശ്വര്യ പേടി കൊണ്ട് എന്റെ തോളുകയിൽ മുറുകെ പുണർന്നു ,
"ഏട്ടാ .. മിക്കവാറും നമ്മുടെ അവസാനം ഇവിടെയാകും "

"ഒന്ന് ചുമ്മാതിരി പെണ്ണെ "

"എനിക്ക് അവസാനമായി ഒരു കാര്യം പറയാനുണ്ട് "

"ഏഹ് "

"എനിക്ക് ഏട്ടനെ ഇഷ്ടമാണ് "
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.

"സത്യമായിട്ടും എനിക്കിഷ്ടമാണ് , ഇത്രയും നാൾ പറയാതിരുന്നത് എനിക്ക് വീട്ടുകാരെ ധിക്കരിക്കാൻ മടിയായിട്ടാണ്. "

"അപ്പോൾ ഇപ്പൊ പറയുന്നതോ "

"ഇന്നത്തോടെ നമ്മുടെ ജീവിതം തീരില്ല , ഇനിയും പറഞ്ഞില്ലെങ്കിൽ എന്റെ ആന്മാവിന് ശാന്തി കിട്ടില്ല "

ഞാൻ അവളെ എന്റെ നെഞ്ജോട് ചേർത്ത് പിടിച്ചു. പാവം, അവൾ അന്നാ ബോട്ടിൽ ഇരുന്നു ഒത്തിരി കരഞ്ഞു .
കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറ്റൊക്കെ കുറഞ്ഞു ഞങ്ങൾ കരക്കടുത്തു.

ഒന്നും മിണ്ടാതെ പോകുന്ന അവളുടെ കൈകൾ ഞാൻ പിടിച്ചു നിർത്തി.

"ഇഷ്ടമാണ് എന്ന് പറഞ്ഞത് ശെരി. പക്ഷെ ഒരു ജോലി ആയിട്ടു എന്റെ വീട്ടിൽ വന്നു ആണുങ്ങളെ പോലെ അച്ഛനോട് പെണ്ണ് ചോദിക്കു. "

"അച്ഛൻ സമ്മതിച്ചില്ലങ്കിലോ "

"
അച്ഛൻ ഒരിക്കലും എന്റെ ആഗ്രഹത്തിനെതിര്നിൽക്കില്ല "

"പിന്നെ അടുത്ത തവണ കാണുമ്പോൾ എനിക്ക് കുറച്ചേറെ സംസാരിക്കാനുണ്ട് . ഏട്ടൻ വീട്ടിൽ വരുന്നതിനു മുൻപ് അതെല്ലാം അറിയണം. "

അവൾ നടന്നകന്നു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടികാഴ്ച . പിന്നെ അവളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല . അവളെ തിരക്കി അവൾ താമസിച്ചിരുന്നു എന്നു പറയുന്ന സ്ഥലത്തു പോയി , അവർ വാടകക്കായിരുന്നെന്നു അവിടെ നിന്ന് മനസ്സിലായി. അവളുടെ അച്ഛൻ മരിച്ചുവെന്നും , ചേട്ടൻ വന്നു എല്ലാം എടുത്തു കൊണ്ട് പോയെന്നു പറഞ്ഞു. കോളേജിൽ അന്വഷിച്ചപ്പോൾ , കുറെ നാളായിട്ടു വന്നിട്ടില്ല എന്നു പറഞ്ഞു. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല , ഇന്ന് കാണുന്നത് വരെ.

"കൊള്ളാല്ലോ , ആര്യാ .. അപ്പോൾ നാളെ എല്ലാം പറഞ്ഞു സെറ്റിൽ ആക്കമല്ലോ. "

"ആക്കണം ചേച്ചി , ഒരു വാക്ക് പോലും പറയാതെ എന്നെ പിരിഞ്ഞതെന്തിനാണെന്നു ചോദിക്കണം. പറ്റുമെങ്കിൽ നാളെ തന്നെ അവളുടെ വീട്ടിൽ പോണം. "

"ഇന്ന് രാത്രി കൂടെ അല്ലെ ഉള്ളു , നാളെ നേരെ കണ്ടു നീ എല്ലാം ശെരിയാkക്കൂ . തിരിച്ചു പോകും മുൻപ് നമുക്ക് അങ്ങോട്ട് ഉറപ്പിക്കാം അല്ലെ സൗമ്യേ "

"ശെരിയാ .. ഏതായാലും നിങ്ങൾ ഇങ്ങോട്ടു വാ , അവനിങ്ങനെ ഇത്തിരി സ്വപ്നം കണ്ടിരിക്കട്ടെ "

ആകാശും , സൗമ്യയും അകത്തേക്ക് നടന്നു. ആര്യൻ ടീപോയിലേക്കു കാല് കയറ്റി വച്ച് കസേരയിൽ മലർന്നു കിടന്നു ആകാശത്തു വിരിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി.
*****************************************************************************************
രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡി ആയി അര്യൻ താഴക്കെത്തി.

"നീ എന്താ രാവിലെ കുളിച്ചു റെഡി ആയി , പത്തു മണി കഴിഞ്ഞല്ലേ പോകുന്നേ " ഭക്ഷണവുമായി സുകന്യ എത്തി.

"ഒന്നുമില്ലമ്മേ , രാവിലെ കുളിച്ചേക്കാമെന്നു വിചാരിച്ചു"

"ഇന്ന് എന്തെ രാവിലത്തെ മരുന്ന് കഴിച്ചില്ലേ "

"മരുന്നോ "

അപ്പോളേക്കും ആര്യന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി

"ദാ , ഇത് തന്നെ , നിന്റെ ജാനൂ "

ആര്യൻ പുഞ്ചിരിയോടെ ഫോൺ എടുത്തു .

"ജാനൂ "

".."

"പിണക്കമാണോ "

"ഇല്ല "

"പിന്നെ , എന്തെ ഒന്നും മിണ്ടാത്തെ "


"ദിൽ കോ ദിൽ സെ ചുരയാ തുംനേ ,
ദൂർ ഹൊതെ ഹുയെ ഭി അപ്നാ ബനായാ തുംനേ
കഭി ഭൂൽ നഹി പായെങ്കെ തുംകൊ ദോസ്ത് ,
ക്യോമ്കി ദോസ്തി കർനാ സിഖായ തുംനേ "

(എന്റെ മനസ്സിനെ കവർന്നെടുത്തത് നീയാണ് , ദൂരെയാണെങ്കിലും എന്നെ സ്വന്തമാക്കിയത് നീയാണ്

നിന്നെ ഒരിക്കലും സുഹൃത്തിനു മറക്കാൻ സാധിക്കില്ല കാരണം , നല്ല സുഹൃതുക്കളാകാൻ പഠിപ്പിച്ചത് നീയാണ്)



"ജാൻ .. ഞാനിന്നു "

"ഞാൻ ഊഹിച്ചു , അവളോട് സംസാരിക്കൂ . നിന്റെ സന്തോഷം , അത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നും നിനക്കായി ഞാൻ ഉണ്ടാകും "

"ഓക്കേ , ഞാൻ വൈകിട്ടു വിളിക്കാം "

"ബൈ ഡിയർ"

മറുവാക്ക് പറയുന്നതിന് മുൻപേ ജാൻവി ഫോൺ വച്ചു .

സമയത്തു ആര്യന്റെ മനസ്സ് നിറയെ ഐശ്വര്യയും അവർ ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആയിരുന്നു.

കിഴക്കേ നടയിൽ വണ്ടി നിർത്തി അമ്പലത്തിനകത്തേക്കു നടക്കുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടി വന്നു. ഇന്നവളെ അരികത്തു ചേർത്ത് നക്ഷത്ര കണ്ണുകളിൽ നോക്കി ചോദിക്കണം , എന്തിനെന്നെ ഒറ്റക്കാക്കി പോയെന്നു. ഇടത്തെ ചുണ്ടിനു മുകളിലെ മറുകിൽ വിരലുരസി അവളെ ഒന്ന് ചൊടിപ്പിക്കണം. അവൾക്കു സമ്മതമാണെങ്കിൽ പടിഞ്ഞാറേ നടയിലെ വളക്കടയിൽ നിന്നും ഒരു ജോഡി കുപ്പി വള വാങ്ങികൊടുക്കണം , തിരക്കിനിടയിലൂടെ അവളുടെ കൈ പിടിച്ചു ബോട്ട് ജെട്ടി വരെ നടക്കണം, അതിനിടയിൽ പൊരിയും കരിമ്പും തിന്നണം.

"ഏട്ടാ "

ഐശ്വര്യയുടെ വിളിയാണ് അവനെ പകൽ സ്വപ്നങ്ങളിൽ നിന്ന് ഉണർത്തിയത്. വെളുത്ത ചെറിയ പൂവുകൾ ഉള്ള കറുത്ത ഒരു കോട്ടൺ സാരിയും കറുത്ത ബ്ലൗസും. മുഖം വല്ലാതെ വാടിയിരുന്നെങ്കിലും കണ്ണുകളിലെ തിളക്കത്തിന് ഒട്ടും കുറവില്ലായിരുന്നു.

"നീ എവിടെയായിരുന്നു. "

"പറയാം , എല്ലാം പറയാം . അതിനു മുൻപ് നമുക്കൊരിടം വരെ പോകാം "

"എങ്ങോട്ടു "

"എന്റെ വീട്ടിലേക്കു , പേടിയുണ്ടോ "

"ഇല്ല "

അവൾ തിരിഞ്ഞു നടന്നു. അവൻ പുറകെയും

(തുടരും )

No comments:

Post a Comment