Sunday, July 7, 2019

ആര്യൻ 13



ഇട്ടിരുന്ന ത്രീ ഫോർത്തിന്റെ മുകളിലേക്ക് ഒരു റൌണ്ട് നെക്ക് t ഷർട്ട് ഇട്ടു അതിലേക്കും കുറച്ചു പെർഫ്യൂം അടിച്ചു അവൻ വാതിൽ തുറക്കാൻ ഹാളിലേക്ക് ഓടി. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ എന്ന ആത്മഗതത്തോടെ .

വാതിൽ തുറന്നതും എല്ലാവരും ഇടിച്ചകത്തേക്കു കയറി. ജാൻവിയോടൊപ്പം അവളുടെ അടുത്ത കൂട്ടുകാരികളായ ശില്പിയും പിന്നെ മലയാളി കൂടി ആയ ജ്വാലയും ഉണ്ട്. കൊണ്ടുവന്ന രണ്ടു വലിയ പെട്ടികളും ഷോൾഡർ ബാഗും , പിന്നെ രണ്ടു ട്രാവൽ ബാഗുകളും ഹാളിലേക്ക് വച്ച് അവർ സോഫയിലേക്ക് ഇരുന്നു. ആര്യൻ വാതിലടച്ചു തിരിഞ്ഞതും എന്തോ ഓർത്ത പോലെ ജാൻവി തടിയിൽ തീർത്ത അമ്പലത്തിന്റെ മുൻപിലേക്ക് നടന്നു ചെന്നു . പിന്നെ അഞ്ച് തിരിയിട്ടു ആ വലിയ വിളക്ക് കത്തിച്ചു കുറച്ചു നേരം കൈകൂപ്പി നിന്നു . 

ആയിരത്തി അഞ്ഞൂറ് സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഒരു മൂന്നു ബെഡ്‌റൂം ഫ്ലാറ്റായിരുന്നു ആര്യന്റെതു. അജിയേട്ടൻ എന്ന് ആര്യൻ വിളിക്കുന്ന , അജേഷ് എന്ന അവന്റെ വല്യച്ഛന്റെ മകൻ കാരണമാണ് ആ ഫ്ലാറ്റ് വാങ്ങിയത്. ആറു പേർ ഒന്നിച്ചു വാങ്ങിയപ്പോൾ ബിൽഡർ നല്ല ഒരു തുക അവർക്കു കുറച്ചു കൊടുത്തു. മകൻ എങ്ങാനും ശമ്പളം ധൂർത്തടിച്ചു കളയുമോന്നോ പേടിയിൽ കാർത്തികേയനും സുകന്യയും നിര്ബന്ധിച്ചപ്പോൾ അവനു മറുത്തൊന്നും പറയാനും പറ്റിയില്ല. നല്ല ശമ്പളം ഉണ്ടെങ്കിലും , എല്ലാ ഐ ടി ക്കാരെയും പോലെ , കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറെ ഇ എം ഐ ആയി ബാങ്ക് കൊണ്ടുപോകും , പിന്നെ ക്രെഡിറ്റ് കാർഡിന്റെ ബില്ല് കൂടി അടച്ചാൽ ഒന്നും കയ്യിൽ കാണാറില്ല എന്നതായിരുന്നു സത്യം. 

പടിഞ്ഞാറേ ദിക്കിലേക്ക് ദര്ശനമുള്ള ആ വലിയ ഫ്ലാറ്റിൽ ഹാളും ഡൈനിങ്ങ് ഏരിയയും ഒരുമിച്ചായിരുന്നു. പക്ഷെ പ്ലൈവൂഡിൽ വർക്ക് ചെയ്ത് അത് രണ്ടാക്കി തിരിച്ചു. ഹാളിൽ നിന്നും ഡൈനിങ്ങ് ഏരിയിലേക്ക് ചെന്നാൽ ഇടതു വശത്തു രണ്ടു ബാത്റൂം അറ്റാച്ച് ചെയ്തിട്ടുള്ള ബെഡ്റൂമുകൾ. അതിൽ രണ്ടാമത്തെ മുറിയിലാണ് ആര്യൻ കിടക്കാറുള്ളത് . വലതു വശത്തു ഗസ്റ്റ് ബെഡ്‌റൂമും പിന്നെ കോമൺ ബാത്റൂം , അതിനപ്പുറം ഓപ്പൺ കിച്ചൻ . വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണെങ്കിലും ആര്യന്റെ കിടപ്പു മുറിക്കും , ഹാളിനും കിഴക്കോട്ടു ദർശനമായുള്ള ബാൽക്കണി ഉണ്ടായിരുന്നു. അത് പോലെ തന്നെ കിച്ചനപ്പുറം ഒരു വർക്ക് ഏരിയയും. പതിനൊന്നാം നിലയിലെ ആ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ മനോഹരമായ സൂര്യോദയം കാണാം. അത് തന്നെയായിരുന്നു ആര്യനു ആ ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടതും. 

ആര്യൻ അവളുടെ പെട്ടികൾ തന്റെ റൂമിനടുത്തുള്ള ബെഡ്‌റൂമിൽ കൊണ്ടു വന്ന് വച്ചു . 

"ജാനു , നീ ഈ മുറി ഉപയോഗിച്ചോളൂ.. "

"അടിപൊളി വീടാണല്ലോ, മൊത്തം ഇന്റീരിയർ ചെയ്തു നല്ല ഭംഗി ഉണ്ടല്ലോ " ജ്വാല അല്പം അസൂയയോടെ ജാൻവിയുടെ ചെവിയിൽ പറഞ്ഞു. മറുപടിയായി അവളുടെ കൈയ്യിൽ നുള്ളി ജാൻവി തന്റെ പെട്ടികൾ തുറന്നു വാർഡ്റോബിലേക്കു തുണികൾ അടുക്കാൻ തുടങ്ങി. 

"ആരൂ, ഇനി ഒരു പെട്ടി കൂടി ഉണ്ട്, അത് അവിടെ പോയി എടുക്കണം, കുറച്ചു ബുക്കുകൾ ആണ്. " വെളിയിൽ തന്നെ നോക്കി നിൽക്കുന്ന ആര്യനോട്‌ അവൾ പറഞ്ഞു.

"നോക്കാം , ഇപ്പോൾ നീ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ശെരിയാക്കു "

"ബായി (വേലക്കാരി) വരുമോ "

"ഇന്ന് വീക്കൻഡ് അല്ലെ പത്തു മണിയാകും. അല്ലാത്ത ദിവസം എട്ടു മണിക്ക് വരും. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം. നിങ്ങൾക്ക് ചായ വയ്ക്കണമെങ്കിൽ പാല് ഫ്രിഡ്ജിൽ ഉണ്ട്. " അതും പറഞ്ഞു ആര്യൻ തന്റെ റൂമിൽ കയറി വാതിലടച്ചു. 

കുളി കഴിഞ്ഞിറങ്ങിയ ആര്യന് ജ്വാല ചായ ഇട്ടു കൊടുത്തു. അപ്പോളും ജാൻവി റൂമിൽ ഡ്രെസ്സുകൾ അടുക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം അവരെ തനിച്ചാക്കി ജ്വാലയും ശില്പിയും തിരിച്ചു പോയി. അപ്പോഴേക്കും ലക്ഷ്മി എന്ന വേലക്കാരി വന്നു. ആര്യനെ ബ്രേക്ക് ഫാസ്റ്റ് വാങ്ങാൻ പറഞ്ഞ വിട്ടു , വീടിന്റെ നിയന്ത്രണം ഏറ്റെടുത്ത ജാൻവി അവരെ കൊണ്ട് വീട് മൊത്തം തൂത്തു വാരി തുടപ്പിച്ചു വൃത്തിയാക്കി . കുറച്ചു കാശു കൂടുതൽ കിട്ടുന്ന സന്തോഷത്തിൽ ആകാം അവർ ഹിന്ദിയിൽ എന്തൊക്കെയോ ജാൻവിയോട് പറയുന്നുണ്ടായിരുന്നു. തിരിച്ചെത്തിയ ആര്യനെ നോക്കി മാഡം സൂപ്പർ ആണെന്ന് പറഞ്ഞു അവൾ പോയി. അപ്പോഴേക്കും ഒരു ലിസ്റ്റുമായി ജാൻവി അവന്റെയടുത്തെത്തി. ഇനിയെന്ത് എന്ന അവന്റെ ചോദ്യത്തിന് ഒന്ന് കണ്ണടച്ചു കാണിച്ചു അവൾ ബിഗ് ബാസ്ക്കെറ്റിൽ അടുക്കള സാധനങ്ങൾ ഓർഡർ ചെയ്യാൻ തുടങ്ങി. ജാൻവി വന്ന കാര്യം തന്റെ വീട്ടിൽ അറിഞ്ഞാലുണ്ടാകാൻ പോകുന്ന പൊല്ലാപ്പുകളെ കുറിച്ചോർത്തു അവൻ പിന്നെയും ടെന്ഷൻ ആയി. അജിയേട്ടൻ ഫാമിലിയോടൊപ്പം ഓൺസൈറ്റിൽ പോയത് കൊണ്ട് ആ വഴിക്കുള്ള പേടി കുറഞ്ഞിരുന്നെങ്കിലും , വേറെയും പരിചയക്കാർ അവിടെ താമസമുള്ളതു കൊണ്ട് രണ്ടു പേരും തങ്ങളുടെ സ്വന്തം വണ്ടിക്കു ഓഫീസിൽ പോകണമെന്നും പരസ്പരം അറിയില്ലാത്ത പോലെ പുറത്തു പെരുമാറണമെന്നും തീരുമാനിച്ചു.

ദിനരാത്രങ്ങൾ കഴിഞ്ഞു പോയി. അവർ ഒരു ഫ്ലാറ്റിൽ രണ്ടു മുറിയിൽ കഴിഞ്ഞു പോന്നു. ഒരാഴ്‌ചക്ക് ശേഷമുള്ള അടുത്ത വ്യാഴം , എല്ലാ മാസത്തിലേയും പോലെ രണ്ടാമത്തെ കഠിന വയറുവേദന ദിവസം ആര്യനും അവൾക്കു കൂട്ടായി ലീവെടുത്തു വീട്ടിലിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ പറയുന്നതെല്ലാം അനുസരിച്ചു , ഇടക്കെല്ലാം അവളുടെ വഴക്കു കേട്ടു അവളോടൊപ്പം . അന്ന് രാത്രിയിൽ ആര്യൻ ഉറങ്ങിയതും അവളോടൊപ്പം ആ ബെഡിൽ ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം വേദനിക്കുന്ന തന്റെ ശരീരത്തിൽ തഴുകി തരാൻ ഒരാളുണ്ടായത് കുറച്ചൊന്നുമല്ല ജാൻവിയെ സന്തോഷിപ്പിച്ചത്. പക്ഷെ അവളെ കൂടുതൽ ആശ്‌ചര്യപ്പെടുത്തിയത് അതിനു ശേഷമുള്ള ദിവസങ്ങളിലെ അവന്റെ പെരുമാറ്റമായിരുന്നു. പലപ്പോഴും ആര്യന്റെ കണ്ണുകൾ തെന്നിമാറിപ്പോകുന്നത് ജാൻവി അറിഞ്ഞു. അവന്റെ കണ്ണുകളിൽ എന്തിനു വിരൽത്തുമ്പുകൊണ്ടുള്ള സ്പര്ശനത്തിൽ പോലും തന്നോടുള്ള പ്രണയം തുടിക്കുന്നതായി അവൾക്കു തോന്നി. കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോൾ വാക്കുകൾക്ക് ഇടർച്ചയുണ്ടാകുന്നതും , തന്റെ മുറിയിലേക്ക് അനുവാദം ചോദിച്ചു മാത്രം കടന്നു വരുന്നതുമെല്ലാം അവൾ തിരിച്ചറിഞ്ഞു.

ആര്യന്റെ വീട്ടിൽ എത്തിയതിനു ശേഷമുള്ള മൂന്നാമത്തെ ശെനിയാഴ്‌ച , രാവിലെ സൂര്യോദയം കണ്ടു ചായക്കപ്പുമായി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ജാൻവി . അരയോളം കഷ്ടിച്ചെത്തുന്ന ഒരു സ്ലീവ് ലെസ്സ് ടോപ്പും ഷോർട്‌സും ആയിരുന്നു അവളുട വേഷം . പെട്ടന്ന് ആര്യന്റെ ശ്വാസം തന്റെ മേൽ പതിയുന്നതും അതിന്റെ വേഗം മാറിവരുന്നതും അവൾ അറിഞ്ഞു. തന്റെ വയറിന്റെ വലതു ഭാഗത്തു ടോപിനുള്ളിലൂടെ ആര്യന്റെ വിരലുകൾ അമരുന്നത് ഒരു പുഞ്ചിരിയോടെ അവൾ ആസ്വദിച്ചു. ആ സ്പര്ശനത്തിന്റെ പിന്നിലുള്ള വികാരം എന്താണെന്നു മനസ്സിലാക്കി അവളുടെ ഹൃദയം വല്ലാണ്ട് മിടിക്കാൻ തുടങ്ങി.

ഇഷ്‌ക് ഐസാ കരോ കി ധടകൻ മേ ബസ്‌ ജായെ , 
സാസ് ഭി ലോ തോ ഖുശ്‌ബു ഉസി കി ആയെ , 
പ്യാർ കാ നശാ ആംഖോം പേ ഛാ ജായെ
ബാത് കുഛു ഭി നാ ഹോ പർ നാം ഉസി കാ ആയെ 

(എനിക്ക് ഇങ്ങനെ പ്രണയിക്കണം,
അവന്റെ ഹൃദയമിടിപ്പിൽ ജീവിക്കണം,
ശ്വാസമെടുക്കുമ്പോൾ പോലും അവന്റെ സുഗന്ധം വരണം 
പ്രേമത്തിന്റെ ഉന്മാദ അവസ്ഥ കണ്ണുകളിൽ ഉണ്ടാകണം 
സംസാരം എന്ത് തന്നെയായാലും , തുടക്കവും ഒടുക്കവും അവനിൽ തന്നെ ആയിരിക്കണം ) 

ആര്യൻ വലതു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു , മറ്റേ കൈ കൊണ്ട് രാവിലത്തെ ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി വച്ച് അവളുടെ ഇടത്തെ ചെവിയുടെ മുകളിൽ മിനുസമുള്ള മുടിയിഴകൾക്കിടയിൽ ചുണ്ടുകൾ ചേർത്തു . 

"ജാനൂ"

".."

"ആർ യു ഓക്കേ "

"എസ് "

"നമുക്കൊരു യാത്ര പോയാലോ "

"ശെരി "

"എങ്കിൽ റെഡി ആയിക്കോ , പത്തു മണിക്ക് നമ്മൾ പോകുന്നു, നാളെ രാവിലെ തിരിച്ചു വരുന്നു. അത് കൊണ്ട് രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തോളണം. പിന്നെ.. "

"പിന്നെ .. "

"പിന്നെ.. ഒരു ഗിഫ്റ്റ് ഞാൻ നിന്റെ ബെഡിൽ വച്ചിട്ടുണ്ട്. അത് കൂടി എടുത്തോളണം"

മറുപടിയായി അവന്റെ കവിളിൽ അധരങ്ങൾ അമർത്തി അവൾ ബെഡ്റൂമിലേക്ക് ഓടി. തനിക്കുള്ള ആര്യന്റെ ആദ്യ സമ്മാനമാണ് അതെന്നുള്ളത് അവളെ കൂടുതൽ സന്തോഷിപ്പിച്ചു. ബെഡിലെ കവറിൽ നിന്നും ആ സമ്മാനം കയ്യിലെടുത്തപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ജാൻവിക്ക്‌ . 

(തുടരും)

No comments:

Post a Comment