Sunday, July 7, 2019

ആര്യൻ 15



"ജാൻവി വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ഫോൺ ചെയ്യാൻ തുടങ്ങി. ഡോറിനപ്പുറമുള്ള അവളുടെ പേടിച്ചുള്ള മുഖഭാവത്തിൽ നിന്നും കാര്യങ്ങൾ കൈവിട്ടു പോയത് പോലെ ആര്യന് തോന്നി. എന്ത് വന്നാലും ഇനി ജാൻവിയെ ആർക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സിൽ തീരുമാനിച്ചു അവൻ പുറത്തിറങ്ങി അവളുടെ അടുത്തേക്ക് നടന്നു."


"ജാൻവി , ഫോൺ കട്ട് ചെയ്തു ഡോറിലേക്കു ചാരി നിന്നു. "


" ജാൻ, എന്ത് പറ്റി "


" ഭയ്യയെ ആണ് വിളിച്ചത്... അവൻ പിജി യിൽ ഇന്നലെ പോയിരുന്നു , നമ്മളോട് അവനെ കാണാൻ ചെല്ലാൻ പറഞ്ഞു. "

" നീ എന്റെ ഒപ്പമാണെന്നു പറഞ്ഞോ "


" പറഞ്ഞു, അവൻ ഒരു സൈക്കാട്രിസ്റ് ആണെന്നു നിനക്കറിയില്ലേ. ഞാൻ എന്ത് നുണ പറഞ്ഞാലും അവൻ കണ്ടു പിടിക്കും, എന്തിനാ വെറുതെ "

" ജാനൂ, ഞാനും കൂടി വരണോ "

" ആര്യൻ , നിനക്ക് പേടിയാണോ, എന്നായാലും എല്ലാവരും അറിയേണ്ടതല്ലേ "

" എനിക്ക് , ഭ്രാന്തുള്ളവരെ പേടിയാ, അതിന്റെ ഡോക്ടറെ അതിലേറെ പേടിയാ "

"ആര്യന്റെ സംസാരം ജാൻവിയുടെ ടെന്ഷനെ കുറച്ചു. അവൾ ചിരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി."

" ആര്യൻ, ഭയ്യാ പറഞ്ഞു, രണ്ടു ദിവസം അവന്റെ ഒപ്പം നിൽക്കണമെന്ന്. നിനക്കു കുഴപ്പമുണ്ടോ "


" അത് , ഭയ്യാ എവിടെയാണ് താമസം. "

" ഇവിടെ , നിംഹാൻസിൽ , ഏതോ സെമിനാറിന് വന്നതാ .. അവന്റെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ , ആറേഴു മാസമായി ഞങ്ങൾ പരസ്പരം കണ്ടിട്ട് , സൊ .. "

" ഇട്സ് ഓക്കേ , ജാനൂ.. "

"ആര്യൻ കാറിന്റെ സ്പീഡ് കൂട്ടി. അവിടെ നിന്ന് വീട് വരെയുള്ള യാത്രയിൽ അവരിരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി , അവിടെ നിന്ന് ഫ്രഷ് ആയി കുറച്ചു ഡ്രെസ്സുകളും പിന്നെ ഓഫീസിലേക്കുള്ള ബാഗുമായി ജാൻവി ഇറങ്ങി. ഹോസ്പിറ്റലിലേക്കുള്ള യാത്രയിലും അവർക്കിടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു . നിംഹാൻസിന്റെ ഓഫീസിൽ ക്വാർട്ടേഴ്സിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ ജാൻവി ആര്യന്റെ കയ്യിൽ പിടിച്ചു. "


" എന്തെങ്കിലും പറയൂ , ഇങ്ങനെ എന്നോട് സംസാരിക്കാതെ ഇരുന്നാൽ എനിക്ക് ഭ്രാന്താവും , ഞാൻ ഭയ്യയുടെ കൂടെ പോകുന്നതിൽ അത്രക്ക് സങ്കടമാണോ . "

" ഒന്നുമില്ല ജാനൂ, രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം, നിന്നെ പിരിയാനൊരു വിഷമം. പക്ഷെ അത് കുഴപ്പമില്ല. "

"ജാൻവി പറഞ്ഞ വീടിനു മുൻപിൽ ആര്യൻ കാർ നിർത്തി . ആ വീടിന്റെ മുൻപിൽ ജാൻവിയുടെ സഹോദരൻ നിൽക്കുന്നുണ്ടായിരുന്നു. അവൾ കാറിൽ നിന്ന് ഇറങ്ങി ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു . അപ്പോഴേക്കും അവരുടെ അടുക്കലേക്കു ഒരു പെൺകുട്ടി കൂടി നടന്നു വന്നു. അവൾ വളരെ പരിചയമുള്ളപോലെ അവളോട് സംസാരിച്ചു അകത്തേക്ക് കയറി."

"ആര്യൻ കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേയ്ക്കു നടന്നു. ജാൻവിയുടെ സഹോദരൻ അവനു നേർക്ക് വലതു കൈ നീട്ടി. "
" ഐ ആം ജയറാം താക്കൂർ , യു കാൻ കാൾ മി ജയ് "

" ആര്യൻ .. ആര്യൻ കാർത്തികേയൻ അവനും കൈനീട്ടി."

" വരൂ, നമുക്കകത്തേക്ക് ഇരിക്കാം ജയ് അവന്റെ കൈ വിടാതെ തന്നെ അകത്തേക്ക് കൂട്ടികൊണ്ടു പോയി."

"അകത്തെ ഹാളിലെ കസേരകളിൽ അവരിരുന്നപ്പോൾ നേരത്തെ കണ്ട പെൺകുട്ടി കൂൾ ഡ്രിങ്ക്സുമായി അങ്ങോട്ടു വന്നു. "

" ആര്യൻ , മീറ്റ് മിസ് സ്വാതി ഗുപ്ത, ഡോക്ടർ ആണ് , ഇവിടെ നിംഹാൻസിൽ വർക്ക് ചെയ്യുന്നു. "

"ആര്യൻ സ്വാതിയെ നോക്കി പുഞ്ചിരിച്ചു. ഈ സമയമത്രയും വലതു കയ്യിലെ മോതിര വിരലിൽ കിടക്കുന്ന റിങ് ടെൻഷനോടെ തിരിച്ചു കൊണ്ടിരിക്കുകയായിരുന്നു ജാൻവി . അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ ടെൻഷൻ തന്നിലേക്കും പടരുന്നതായി ആര്യന് തോന്നി. "

" ആര്യൻ, എന്ത് പറ്റി ഒന്നും സംസാരിക്കാതെ .. ജാൻവിയുടെ ഫ്രണ്ട് ആകുമ്പോൾ നിറയെ സംസാരിക്കുന്ന ഒരാളായിരിക്കണമല്ലോ "

" സർ, എനിക്കങ്ങനെ ഒന്നും ഇല്ല , പിന്നെ ഈ സൈക്കാട്രിസ്റ് എന്നൊക്കെ പറയുമ്പോൾ ഒരു പേടി "

" ആര്യൻ, നിനക്കെന്നെ ജയ് എന്ന് വിളിക്കാം അല്ലങ്കിൽ ഭയ്യാ .. പിന്നെ സൈക്കാട്രിസ്റ് ആളുകളെ പിടിച്ചു തിന്നതൊന്നും ഇല്ലല്ലോ. "

" അതല്ല ഭയ്യാ, എനിക്ക് പണ്ട് തൊട്ടേ ഡോക്ടർ എന്ന് കേള്കുന്നതേ പേടിയാ, പിന്നെ അത് ഒരു സൈക്കാട്രിസ്റ് കൂടിയാകുമ്പോൾ .. "

" ശെരി , നമുക്കൊരു കാര്യം ചെയ്യാം , വെളിയിലേക്കൊന്നു പോയി വരാം , തന്റെ മനസ്സൊന്നു ഫ്രീ ആകട്ടെ , ഫുഡ്, ഷോപ്പിംഗ് ഒക്കെയായിട്ടു ഇവിടെ അടുത്ത് എവിടെ പോകാം "

" ഫോറം ആര്യനും ജാൻവിയും ഒരുമിച്ചു പറഞ്ഞത് കേട്ടപ്പോൾ ജയ് രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു."



ഫോറം മാളിലെത്തി, അവിടുത്തെ സാൾട്ട് റെസ്റ്റോറന്റിൽ ആര്യനും ജാൻവിയും ടേബിളിന്റെ ഒരു സൈഡിലും ജെയ്യും സ്വാതിയും മറു സൈഡിലും ഇരുന്നു. ചെറിയ തമാശകളിലൂടെ ജയ് അന്തരീക്ഷം സൗഹാർദപരമാക്കി . അപ്പോഴേക്കും ആര്യനും ജാൻവിയും തങ്ങളുടെ മനസ്സ് തുറന്നു സംസാരിച്ചു തുടങ്ങി . ലഞ്ച് കഴിഞ്ഞപ്പോൾ ജാൻവിയെ സ്വതിയോടൊപ്പം ഫസ്റ്റ് ഫ്ലോറിലെ സോച് ഷോപ്പിലേക്ക് ജയ് പറഞ്ഞു വിട്ടു. അവിടെ ജയ്യും ആര്യനും മാത്രമായി.

" ആര്യൻ , നിനക്കെന്തൊ എന്നോട് പറയാനുണ്ട് , തുറന്നു പറഞ്ഞോളൂ "

" ഭയ്യാ .. അത് ഞാൻ ജാൻവിയെ ഇഷ്ടപെടുന്നു. അവളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിക്കുന്നു.

" അത് കൊണ്ടാണോ നിങ്ങൾ ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നത് "


" അത്, ഞാൻ .. "

" ആര്യൻ, ഒരു പെണ്ണും ആണും ഒരുമിച്ചു താമസിച്ചതു കൊണ്ട് ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം .പക്ഷെ .. "


" ഭയ്യാ, ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. പിന്നീടൊരിക്കൽ പെട്ടന്ന് അവൾ അപ്രത്യക്ഷമായി. അഞ്ചു കൊല്ലത്തിനു ശേഷം ഞാൻ അവളെ വീണ്ടും കണ്ടപ്പോൾ അവൾ വിവാഹിതയായിരുന്നു. ആ വാർത്ത അറിഞ്ഞപ്പോൾ ഞാൻ വല്ലാണ്ട് തളർന്നു പോയി. അപ്പോഴെല്ലാം എനിക്ക് താങ്ങായി നിന്നതു ജാൻവിയാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി ഞാനും ജാൻവിയും നല്ല സുഹൃത്തുക്കൾ ആണ്. ഒരിക്കൽ പോലും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഞാൻ അവളോട് ഒരു സുഹൃത്തിനിനുപരിയായി ഇന്നലെ വരെ പെരുമാറിയിരുന്നില്ല .അവളെ ഞാൻ എന്റെ വീട്ടിലേക്കു ക്ഷണിച്ചത് അവൾക്കെന്നോട് സ്നേഹമുണ്ടന്നറിവുള്ളതു കൊണ്ടാണ്. എന്റെ സ്വഭാവവും, ജീവിതവും എല്ലാം കണ്ടറിഞ്ഞു എന്നോടൊപ്പം കഴിയാൻ സാധിക്കുമെങ്കിൽ , ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മാത്രമാണ്. സമൂഹം എന്ത് പറയും എന്നത് ഞാൻ ചിന്തിച്ചില്ല എന്നത് സത്യമാണ്. "

" ഉം , പക്ഷെ ഒരു സഹോദരൻ എന്ന നിലയിൽ , അല്ലങ്കിൽ ഒരു പെൺകുട്ടിയുടെ കുടുംബത്തിന് ഇതൊന്നും താങ്ങാൻ സാധിക്കില്ല . നമ്മളൊന്നും അമേരിക്കയിൽ അല്ലല്ലോ ജീവിക്കുന്നെ . "

" ഭയ്യാ .. നിങ്ങൾക്കു ഞാനൊരു വാക്ക് തരാം , ഇന്നലെ അവൾക്കു കൊടുത്തപോലെ , എന്റെ മരണം വരെ ഞാൻ ജാൻവിയോടൊപ്പം ഉണ്ടായിരിക്കും. "

"ആര്യൻ “
തന്റെ വലതു കൈ ജയ് യുടെ വലതു കൈയ്യിൽ ചേർത്തു.

" പിന്നെ .. ഇത്ര പെട്ടന്ന് ഒരാളെ മറന്നു മറ്റൊരാളെ നിനക്കെങ്ങനെ സ്നേഹിക്കാൻ പറ്റും എന്നൊക്കൊ ചോദിച്ചാൽ എനിക്കതിനുള്ള മറുപടിയൊന്നും തരാൻ ഇല്ല. നിങ്ങൾ ഒരു സൈക്കാട്രിസ്റ് അല്ലെ, മനുഷ്യന്റെ മനസ്സുകളെ കൊണ്ട് അമ്മാനമാടുന്നവർ. ഒരു പക്ഷെ നിങ്ങൾക്ക് എന്റെ മനസ്സിനെ , അതിലെ ഇപ്പോഴത്തെ വികാരത്തെ മനസ്സിലാക്കാൻ സാധിക്കില്ലേ "
" ആര്യൻ , നിനക്കൊപ്പം ജാൻവിയെ അയക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. പക്ഷെ ഇങ്ങനെ നടന്നാൽ മതിയോ. രണ്ടു പേരുടെയും വീട്ടിൽ പറയണ്ടേ "

" എന്റെ വീട്ടിൽ അറിയാം , എല്ലാവര്ക്കും അവളെ ഇഷ്ടവുമാണ്. ജാൻവിയാണ് പറഞ്ഞത് അവൾ പറഞ്ഞു മാത്രം നിങ്ങൾ അറിഞ്ഞാൽ മതിയെന്ന് . ഒരു പക്ഷെ അവൾ എന്റെ തീരുമാനത്തിന് കാത്തിരുന്നതാകാം. കാരണം ഇന്നലെ മാത്രമാണ് ഞാൻ അവൾക്കു മുൻപിൽ സ്നേഹം തുറന്നു പറഞ്ഞത്. "

"ജയ് മുന്നോട്ടു വന്നു ആര്യന്റെ തോളിൽ കയ്യിട്ടു താഴേക്ക് പോകാനായി എസ്കലേറ്ററിലേക്കു നടന്നു. "
" ഭയ്യാ .. ഒരുമിച്ചു താമസിക്കുന്ന കാര്യമൊന്നും അവളോട് ചോദിക്കരുത്. ഞാൻ കാരണം , എന്റെ നിർബദ്ധം കൊണ്ട് മാത്രമാണ് ..പ്ളീസ്. "

" ആര്യൻ, ചെറുപ്പം മുതലേ എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തീരുമാനങ്ങൾ ഉള്ള പെൺകുട്ടിയായിരുന്നു ജാൻവി. അത് കൊണ്ട് തന്നെ അവൾ ഒരു സൗത്ത് ഇന്ത്യനെ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ഞാൻ ആദ്യം അത്ഭുതപ്പെട്ടു , പക്ഷെ നിന്നോട് സംസാരിക്കുമ്പോൾ അവളുടെ തീരുമാനം തെറ്റിയില്ല എന്നെനിക്കു മനസ്സിലായി. "

അവരിരുവരും സൊചിന്റെ ഷോപ്പിലേക്ക് കയറുമ്പോൾ , ഒരു താത്പര്യവുമില്ലാതെ ഡ്രെസ്സുകൾ തിരിച്ചും മറിച്ചും നോല്കുന്ന ജാൻവിയെ ആര്യൻ കണ്ടു.


" ഈ റിങ് കൊള്ളാല്ലോ ജാൻവി , ഇതെവിടുന്നു വാങ്ങിയതാ ജയ് അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. "

" അത് .. “ ജാൻവി ആര്യന്റെയും ജയ് യുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

" എന്തിനാ ഭയ്യാ ഇപ്പൊ റിങ് , ആര്കെങ്ങിലും കൊടുക്കാനാണോ സ്വാതിയെ ഒളികണ്ണിട്ടു നോക്കി ആര്യൻ ചോദിച്ചു."

" നീ ഇപ്പോഴാ എന്റെ ജാൻവിക്ക്‌ പറ്റിയ ആളായത്. ഏതായാലും, ഞാൻ ഉറപ്പിച്ചു. ഈ ക്രിസ്മസ് വെക്കേഷന് നീ ലളിത് പൂരിലേക്കു വാ. നമുക്കിതങ്ങു തീരുമാനമാക്കാം "

ജാൻവി ഒത്തിരി സന്തോഷത്തോടെ ജയ് യുടെ തോളിൽ തൂങ്ങി. പിന്നെ കൈ നീട്ടി ആര്യനെ തോണ്ടി.

വൈകിട്ട് വീട്ടിലെത്തിയ ആര്യന് താൻ ഒറ്റപെട്ടു പോകുന്നത് പോലെ തോന്നി. കഴിഞ്ഞ മൂന്നു ആഴ്ച കൊണ്ട് ജാൻവി തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണെന്ന് അവനു മനസ്സിലായി. അര്യൻ തന്റെ മുറിയിൽ നിന്നിറങ്ങി ജാൻവി കിടന്നിരുന്ന മുറിയിലേക്ക് നടന്നു. അവളുടെ ബെഡിൽ അവളുടെ ഓർമകളിൽ അതിലേക്കു കിടന്നു. അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി

"പ്യാർ മേ തേരെ ഹം കുഛു ഇസ് കദർ ഖോ ഗയെ ഹേ , ജമാനെ സെ ബേഖബർ ഹം തേരെ ദിൽ മേ ബസ് ഗയെ ഹേ , മത് നികാൽനാ അബ് ഹമേ തേരെ ദിൽ സെ , ഹം ഹമേശാ കെ ലിയേ അബ് തുംഹാര ഹോ ഗെയെ ഹേ. "

"( നിന്നോടുള്ള പ്രണയത്തിൽ ഞാൻ എന്നെ തന്നെ നഷ്ടപ്പെട്ട് അലഞ്ഞു നടന്നു ഒടുവിൽ നിന്റെ ഹൃദയത്തിൽ കൂടു കൂട്ടി,"

"ഇനി എന്നെ നിന്റെ ഹൃദയത്തിൽ നിന്നും പുറത്താക്കരുത് ,ഞാൻ എന്നെന്നേക്കുമായി നിന്റെയായിക്കഴിഞ്ഞു. ) "

" ജാനൂ .. എനിക്ക് നീ ഇല്ലാതെ വയ്യ "

" എനിക്കും .. പിന്നെ , ഞാൻ നിന്റെ കാര്യം വീട്ടിൽ പറഞ്ഞു "

" എന്നിട്ടു "

" അവരൊന്നും പറഞ്ഞില്ല , അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. പിന്നെ , ഭയ്യാ നമുക്കായി ക്രിസ്മസിനു ലളിത് പൂരിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഇവിടുന്നു ഭോപ്പാലിലേക്കു ഫ്ലൈറ്റ്, പിന്നെ അവിടുന്ന് ട്രെയിൻ. "

" അവർ സമ്മതിക്കില്ലേ "

" അച്ഛനുമമ്മയും സമ്മതിക്കുമായിരിക്കും , പക്ഷെ .. "

" എന്ത് പക്ഷെ .. പിന്നെ ആരുടെ സമ്മതമാണ് വേണ്ടത് "

" അവർ സിറ്റിയിൽ ആണ് താമസം, നമുക്ക് അവരുടെ നാട്ടിൽ പോകേണ്ടി വരും , ദാദാജിയെയും ദാദിയെയും കാണേണ്ടി വരും "

" പോകാമല്ലോ "
" അതത്ര എളുപ്പമല്ല ആരൂ , ഹൈസ്കൂൾ കഴിഞ്ഞ ശേഷം ഞാനോ, ചേട്ടനോ അങ്ങോട്ടു പോയിട്ടില്ല "
" പിന്നെ "

" അവർ ഞങ്ങളെ കാണാൻ ലളിത്പൂരിലെക്കു വരുമായിരുന്നു. ഇപ്പോൾ വയസ്സായി, അത് കൊണ്ട് വരാറില്ല. "

" അതല്ല , നിങ്ങൾ അങ്ങോട്ട് പോകാത്തതെന്താ "

" അത് .. അത് കേരളമല്ലാത്തതു കൊണ്ട് , അവിടെയുള്ളവർക്കു പഠിപ്പും വിവരവുമില്ലാത്തതു കൊണ്ട് "

"ജാൻവിയുടെ സ്വരം മാറുന്നത് കേട്ടു ആര്യന് പരിഭ്രമമായി . "

 (തുടരും )

No comments:

Post a Comment