Sunday, July 7, 2019

ആര്യൻ 11


"ജാൻവി , എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് "


"ആരു , നീ പറഞ്ഞതെല്ലാം ഞാൻ ക്ഷമയോടെ കേട്ടിട്ടുണ്ട് , ഇനിയും എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം, പക്ഷെ , ഇന്ന് , ഇപ്പോൾ ആദ്യം ഞാൻ പറയാം. ഒരു തവണ എങ്കിലും ഞാനും ജയിച്ചോട്ടെ "


"...."


"ആരു , എനിക്കറിയാം , നിനക്ക് കുറച്ചു സമയം വേണമെന്ന് , കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു സ്ട്രോങ്ങ് റിലേഷൻ ഇല്ലായിരുന്നെങ്കിലും നിന്റെ ഓർമ്മകളിൽ , സ്വപ്നങ്ങളിൽ ഉണ്ടായിരുന്ന , കാലങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന ഒരു പെൺകുട്ടി , അവളെ നിനക്കത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല . പക്ഷെ, കഴിഞ്ഞ പതിനെട്ടു മാസം കാത്തിരുന്ന പോലെ ഇനിയും ഞാൻ കാത്തിരിക്കാം , അതിനു നിന്റെ ഭാര്യ ആവണമെന്നില്ല , ഇത് പോലെ ഒരു സുഹൃത്തായി. പിന്നെ , എന്റെ വീട്ടുകാർ എന്ത് പറയുമെന്നുള്ള, നിന്നെ സ്വീകരിക്കുമോ എന്നുള്ള അതുമല്ലങ്കിൽ ഞാനുമായി ഒരു റിലേഷൻ ഉണ്ടായശേഷം എന്നെ നഷ്ടപ്പെടുമോ എന്നുള്ള നിന്റെ ഭയം. അതു ഞാൻ നിനക്ക് വാക്ക് തരാം , ഇനി നിന്റെ ജാനുവിന് ഒരു ജീവിതമുണ്ടെങ്കിൽ അതു നിന്നോടൊപ്പം മാത്രമായിരിക്കും. ഒടുവിലത്തേത് , എന്നും എന്നോട് എല്ലാവരും അതായതു നിന്റെയും എന്റെയും സുഹൃത്തുക്കൾ ചോദിക്കുന്ന, ഇടയ്ക്കൊക്കെ നിന്റെ മനസ്സിലും ഉയർന്നു വരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം , എങ്ങനെ നിന്റെ അവഗണന കണ്ടില്ലെന്നു നടിച്ചു പിന്നെയും പിന്നെയും നിന്നെ തേടി ഞാൻ വരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം , ആരു നീ എനിക്കാരാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം "


ആര്യൻ ചാര് ബെഞ്ചിൽ നിന്നും എഴുനേറ്റു കായലിന്റെ അരികു കെട്ടിയിരിക്കുന്ന സിമെൻറ് തറയിലേക്ക് കയറി നിന്ന് അകലങ്ങളിലേക്ക് നോക്കി.


"വീട് വിട്ടു നിന്ന ഏഴു കൊല്ലത്തിനിടക്ക് എനിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം തോന്നിയത് നിന്റെ അടുത്താണ്. എത്രയോ തവണ നിന്നോടൊപ്പം നിന്റെ ഫ്ലാറ്റിൽ താമസിച്ചിട്ടുണ്ട് , നിന്നോടൊപ്പം രാത്രിയോ പകലെന്നോ ഇല്ലാതെ യാത്രകൾ പോയിട്ടുണ്ട് , അപ്പോഴൊന്നും അനാവശ്യമായ സ്പർശനമോ , നോട്ടമോ എന്തിനു ഒരു വാക്ക് പോലും നീ എന്നോട് പറഞ്ഞിട്ടില്ല. നിനക്കെന്നോട് തോന്നിയ സൗഹൃദം , അതിലെ കരുതൽ അതെല്ലാം വേണ്ട എന്ന് വയ്ക്കാൻ എനിക്ക് തോന്നിയില്ല. നിനക്ക് മറ്റൊരു കുട്ടിയെ ഇഷ്ടമാണെന്നു അറിഞ്ഞ നിമിഷം മുതൽ നിന്നെ നഷ്ടപെടുന്നതിനേക്കാൾ നിന്റെ സൗഹൃദം നഷ്ടപെടുന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയത്. ഒരു പെണ്ണിനും ആണിനും എന്നും സുഹൃത്തായിരിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ .. "


അവൻ തിരിച്ചു നടന്നു അവളുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു. അവന്റെ രണ്ട് കൈകളും തന്റെ കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ചു ജാൻവി ആര്യന്റെ കണ്ണുകളിലേക്കു നോക്കി .


"ആരു , ഇനി നീ പറയു, എന്താണ് നിനക്ക് പറയാനുള്ളത് "


"ജാൻവി, നീ പറഞ്ഞില്ലേ ഓരോ തവണയും ഞാൻ നിന്നെ തോല്പിക്കുകയാണെന്നു. പക്ഷെ, എന്നും തോറ്റു തന്നിട്ട് എന്റെ ജയം കണ്ടു നീ സന്തോഷിക്കുകയല്ലേ. ദാ , ഇപ്പോൾ പോലും. എന്റെ മനസ്സിനെ ഇത്രക്കും അടുത്തറിയാൻ നിനക്കെങ്ങനെ സാധിക്കുന്നു. ശെരിയാണ് , എനിക്കൊരല്പം സമയം വേണം , എല്ലാം മറക്കാൻ എന്നിട്ടു പുതിയൊരു ജീവിതം തുടങ്ങാൻ .. നീ അടുത്ത ഒരു മാസം എന്നോടൊത്തു താമസിക്കാമോ.. എന്റെ .. അല്ല നമ്മുടെ വീട്ടിൽ. ബെഡ്‌റൂം ഒഴികെ എല്ലാം പങ്കിട്ടു. കാരണം നീ പറഞ്ഞു നിർത്തിയ ആ പക്ഷെ ..

അതെനിക്ക് പേടിയാണ്. "


"എനിക്ക് സമ്മതമാണ് ആര്യൻ. പിന്നെ ആ പക്ഷെ.. ശെരിയാണ് , നീ എന്റേതാണ് എന്ന് നീ സമ്മതിക്കുന്ന ദിവസം മുതൽ എല്ലാം കൊണ്ടും നീ എന്റേത് മാത്രമായിരിക്കും, അതെന്റെ സ്വാർത്ഥത ആണെന്ന് കൂട്ടിക്കോ അല്ലങ്കിൽ തന്റെ പ്രിയനോടുള്ള ഒരു പെൺകുട്ടിയുടെ സ്നേഹം. ഞാനും ഒരു പെണ്ണല്ലേ ആരു "


"അപ്പോൾ നിന്റെ ഫാമിലി, അവരോടു. "


"നീ ഇതിനു മുൻപ് പ്രണയിച്ചത് ആ കുട്ടിയുടെ ഫാമിലിയോട് അനുവാദം ചോദിച്ചിട്ടാണോ, അല്ലല്ലോ. ഇവിടെ നിന്റെ ഫാമിലി നമ്മോടൊപ്പം ഇല്ലേ. എന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും എല്ലാം നീ വന്നു സമ്മതിപ്പിക്കണം. "


ആര്യൻ അവിടെ നിന്നും എഴുനേറ്റു ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.


"ആര്യൻ, പതുക്കെ ആൾക്കാരെല്ലാം നോക്കുന്നു "


"ജാനു, ചിരിക്കാതെ ഞാൻ എന്ത് ചെയ്യും, ഇതൊരു മാതിരി രണ്ടു തെലുങ്ക് പടം ഒരുമിച്ചു ചേർത്ത പോലെ ആയില്ലേ "


"എങ്ങനെ"


"ആദ്യം നായിക നായകനെ മറ്റൊരു പെണ്ണിന് വിട്ടു കൊടുക്കുന്നു, പിന്നെ അവനെ തേടി വരുന്നു.പിന്നെ അവർ തമ്മിൽ പ്രേമിക്കുന്നു. രണ്ടാമത്തേത് നായകൻ നായികയെ കെട്ടാൻ അവളുടെ വീട്ടിൽ പോയി അച്ഛനെയും അമ്മയെയും ചേട്ടന്മാരെയും എന്തിനു അവിടുത്തെ വേലക്കാരെ വരെ സോപ്പിടുന്നു , അടി , ഇടി , വെട്ടു , ഗുണ്ടകൾ , ഒടുവിൽ എല്ലാവരെയും സമ്മതിപ്പിക്കുന്നു. ഞാനാരാടി അല്ലു അര്ജുനനോ"


ജാൻവിയുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.


"ആരു , ഐ ആം ഹാപ്പി നൗ. ഈ ആരുവിനെയാണ് ഞാൻ ഇഷ്ടപെട്ടത് , എനിക്ക് വേണ്ടത്. ബാക്കിയെല്ലാം നമുക്കു ആലോചിച്ചു തീരുമാനിക്കാം. "


ജാൻവി എഴുനേറ്റ് ആര്യന്റെ അരുകിലേക്കു ചെന്ന് തന്റെ വലതു കൈ അവന്റെ വലതു കയ്യിൽ ചേർത്ത് വച്ചു .


"ഞാൻ വാക്ക് തരുന്നു എന്റെ പ്രിയതമനു, എന്റെ കഴുത്തിൽ നിന്റെ താലി വീണില്ലെങ്കിലും ,എന്നെ സിന്ദൂരമണിയിച്ചു അഗ്നി സാക്ഷിയായി ഏഴു വലം വച്ചില്ലങ്കിലും , ഇനി മുതൽ ഈ ജാൻവി ആര്യനുള്ളതായിരിക്കും. "


"ചാന്ദ് ഭി സൂരജ് കി ഹി കിരൺ സെ ചമകതാ ഹേ

ഓർ ഫൂൽ ഖിൽനെ കെ ബാദ് ഭി മഹ്കതാ ഹേ

പ്യാർ കർനെ വാലെ കഹ്തെ നഹി

പർ ഉൻകി ആംഖോം സെ പ്യാർ ഛലകതാ ഹേ "

(പ്രണയം ഉള്ളിലുള്ളവർ , പ്രണയിക്കുന്നവർ അത് പറയാറില്ല , പക്ഷെ അവരുടെ കണ്ണുകളിൽ ആ സ്നേഹം നിറഞ്ഞു നില്കും )


കുറച്ചകലെ മറ്റൊരു ബെഞ്ചിൽ ഇരുന്ന ആകാശ് സൗമ്യയെ തോണ്ടി .


"എടി , നമ്മുടെ അനിയന് ഭ്രാന്തായെന്നാ തോന്നുന്നത്. "


"എങ്ങനെ ആകാണ്ടിരിക്കും , ആ പെണ്ണ് അത്രക്ക് അവനെ സ്നേഹിക്കുന്നുണ്ട് "


മറുപടിയായി അവളെ നോക്കി പുഞ്ചിരിച്ചു ആകാശ് എഴുനേറ്റു , കൂടെ സൗമ്യയും .അവർ നടന്നു ആര്യന്റെയും ജാൻവിയുടെയും അരികിലെത്തി.


"നമുക്ക് പോയാലോ"


തിരിച്ചു പോകുമ്പോൾ സൗമ്യ ആകാശിനോടൊപ്പം ഫ്രണ്ടിൽ കയറി. ജാൻവിയും ആര്യനും പുറകിലും , ഇടക്കെപ്പോഴോ അവന്റെ കൈകൾ കൂട്ടി പിടിച്ചു ആ തോളിൽ തലചായ്ച്ചു തന്റെ സ്വപ്നങ്ങൾ എല്ലാം യാഥാർഥ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിൽ അവൾ മയങ്ങിത്തുടങ്ങി.


****

സിറ്റ്ഔട്ടിൽ കസേരയിൽ ഇരിക്കുകയാണ് കാർത്തികേയൻ , സോപാനത്തിൽ സുകന്യയും. ആദിയും റിജോയും അടുത്തുള്ള പുല്ലുവിരിച്ച മാവിന്റെ തണലിൽ കളിക്കുന്നു.


"ഭാര്യേ, എന്ത് തോന്നുന്നു "


"എന്ത്"


"ജാൻവി "


"അവൾ കണ്ടിടത്തോളം നല്ല കുട്ടിയാണ്, അവനെ ശെരിക്കും മനസ്സിലാക്കിയിട്ടുമുണ്ട്."


"അതെനിക്കും തോന്നി, എന്നാലും മറ്റുള്ളവർ "


"എന്ത് മറ്റുള്ളവർ , അവന്റെ ജീവിതം ജീവിക്കേണ്ടത് അവനു ഇഷ്ടമുള്ളവരോടൊപ്പം, സന്തോഷം കൊടുക്കുന്നവരോടൊപ്പം അവനു സൗകര്യമുള്ള വിധത്തിലാണ്. അത് തെറ്റായ തരത്തിൽ അല്ലെങ്കിൽ പിന്നെ എന്തിനാണാലോചിക്കുന്നതു. ഒരു ബുദ്ധിമുട്ടു വന്നാൽ ഈ പറഞ്ഞ എത്ര മറ്റുള്ളവർ നമ്മോടൊപ്പം ഉണ്ടാകും"


"അതൊക്ക ശെരി തന്നെ, പക്ഷെ, അവൻ നമ്മളെ വിട്ടു പോകുമോ എന്നൊരു ഭയം"


"ഏതായാലും അവനവിടെ ഒരു ഫ്‌ലാറ്റ് വാങ്ങി,അപ്പൊ തന്നെ അറിയാവുന്നതല്ലേ ഇനി അവന്റെ ജീവിതം അവിടെയൊക്കെ തന്ന ആയിരിക്കുമെന്ന്. പിന്നെ ആ കുട്ടിയെ കണ്ടിട്ട് അങ്ങിനെ ഒന്നും എനിക്ക് തോന്നിയില്ല. "


"ഫ്ലാറ്റ് , അതെല്ലാം വിട്. അന്ന് എല്ലാവരും കൂടി പറഞ്ഞപ്പോൾ. നീ ഇത് പറ , അവര് തമ്മിൽ ചേർച്ച ഉണ്ടോ. "


"അതൊക്കെ ഞാൻ എപ്പോഴേ നോക്കി, രണ്ടു പേരും നല്ല ചേർച്ചയാ .അവന്റെ ചെവിക്കു താഴെ പൊക്കമുണ്ട് , നല്ല നീളത്തിലുള്ള മിനുസമുള്ള മുടി, ആകര്ഷണമുള്ള കണ്ണുകൾ , പിന്നെ ഗോതമ്പിന്റെ നിറം.. "


അപ്പോഴേക്കും ആകാശിന്റെ കാർ ഗേറ്റ് കടന്നു മുറ്റത്തേക്കെത്തി . എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കാർത്തികേയൻ കസേരയിൽ നിന്നെഴുന്നേറ്റു അകത്തേക്ക് പോയി.


(തുടരും)

No comments:

Post a Comment