Sunday, July 7, 2019

ആര്യൻ 9


തിങ്കളാഴ് , വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാൾ. വ്യാഘ്രപാദമഹര്ഷിക്ക് ഭാര്യാസമേധം വൈക്കത്തപ്പൻ ദർശനം കൊടുത്ത നാൾ. അതി രാവിലെ നാലു മണിയോടെ ആകാശും കാർത്തികേയനും അഷ്ടമി ദർശനത്തിനായി അമ്പലത്തിലേക്ക് പോയി. വെളുപ്പിനെ ഉമ്മറത്തു കത്തിച്ച വച്ച വിളക്കെടുക്കാനായി ആറുമണിയോടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയപ്പോളാണ് കാറിൽ വന്നിറങ്ങുന്ന രണ്ടു പേരെ സുകന്യ കണ്ടത് .

റിജോയും ജാൻവിയുമായിരുന്നു അത് .

"സൗമ്യേ , നീ ഒന്നിങ്ങു വന്നേ " സുകന്യ വാതിക്കൽ നിന്ന് വിളിച്ചു കൂവി.

"മോളെ ജാൻവി , അതാണ് നിന്റെ അമ്മായി അമ്മ , സുകന്യാമ്മ . വിളക്കുമായാണ് നില്കുന്നെ ,നല്ല സമയത്താണ് നമ്മൾ എത്തിയത് . പറ്റുമെങ്കിൽ അതും മേടിച്ചു വലതു കാല് വച്ച് അകത്തേക്ക് കയറിക്കോ . " ടാക്സിക്ക് പൈസ കൊടുത്തു കൊണ്ടിരുന്ന ജാൻവിയുടെ ചെവിയിൽ റിജോ പറഞ്ഞു.
കുർത്തയും ജീൻസുമായിരുന്നു അവളുടെ വേഷം. ഒരു ഷാൾ അവൾ കഴുത്തിൽ ചുറ്റിയിട്ടുണ്ടായിരുന്നു. മിനുസമുള്ള അവളുടെ കറുത്ത മുടിയിഴകൾ അനുസരണയില്ലാതെ രാവിലത്തെ ഇളം കാറ്റില് പാറിപറക്കുണ്ടായിരുന്നു .

ജാൻവി ഷാൾ കൊണ്ട് മുടി മറച്ചു, കണ്ണുകളിൽ ദുഃഖം വരുത്തി അവരുടെ അടുത്തേക്ക് നടന്നടുത്തു. സമയം കൊണ്ട് സൗമ്യയും ഉമ്മറത്തേക്ക് എത്തിയിരുന്നു.

"ഡാ റിജോ .. ഇതാരാ കൂടെ .. കണ്ടിട്ട് നല്ല കുടുംബത്തിൽ പിറന്ന കുട്ടിയാണല്ലോ , അടിച്ചോണ്ടു വന്ന വരവാണോ "

റിജോ പലതവണ ആര്യന്റെ കൂടെ വന്നിട്ടുള്ളതിനാൽ അവനെ എല്ലാവര്ക്കും നല്ല പരിചയമായിരുന്നു.

"അമ്മച്ചി , ഇത് ജാൻവി .. ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്നതാ .ഇന്ന് ഇവിടെ .. ഉത്സവത്തിനു വരാമെന്നു കരുതി "

"സുകന്യമ്മാ " ഹാൻഡ് ബാഗ് റിജോയുടെ കയ്യിൽ കൊടുത്തു ജാൻവി സുകന്യയുടെ കാലിൽ വീണു. വിളക്കു സൗമ്യയെ ഏല്പിച്ചു സുകന്യ അവളുടെ തോളിൽ പിടിച്ചുയർത്തി. റിജോ പറഞ്ഞ പോലെ അവൾ വലതു കാൽ വച്ച് അകത്തു കയറി.

"ആര്യൻ "

"മുകളിൽ റൂം , ഫസ്റ്റ് ലെഫ്റ് " സൗമ്യ കൈകൾ കൊണ്ട് ആഗ്യം കാണിച്ചു.

"സുകന്യമ്മാ , ഞാൻ " കൈകൾ കൊണ്ട് മുകളിലേക്ക് പൊയ്ക്കോട്ടേ എന്നവൾ ചോദിച്ചു.

സുകന്യ പാവയെ പോലെ തല ആട്ടിയതും അവളുടെ കവിളുകളിൽ ഉമ്മ വച്ച് ജാൻവി മുകളിലേക്ക് ഓടിപ്പോയി.

" റിജോ .. സത്യം പറഞ്ഞോ , എന്താ സംഭവം "

"അമ്മച്ചി , ഇന്നലെ ഉച്ചമുതൽ ആര്യൻ ഫോൺ എടുക്കുന്നില്ല , പിന്നെ സ്വിച്ച് ഓഫ് ആയി എന്ന് പറഞ്ഞു ഞങ്ങളുടെ റൂമിൽ വന്നു ഭയങ്കര ബഹളമായിരുന്നു. ഒടുവിൽ , എനിക്ക് വീടറിയാമെന്നത് കൊണ്ട് , എന്നെയും കൂട്ടി ബസിൽ കയറി ഇങ്ങോട്ടു പോന്നു . പിന്നെ രാവിലെ എറണാകുളത്തു നിന്ന് ഇങ്ങോട്ടു ബസ് കിട്ടാത്തത് കാരണം ഒരു ടാക്സി പിടിച്ചു. സത്യമായിട്ടും ഇത് മാത്രമേ എനിക്കറിയാവൂ. "

"ഇവളെങ്ങനാ .. നല്ല കുട്ടിയാണോ " സുകന്യ പറഞ്ഞു തീർന്നതും , സൗമ്യ അവളെ തോണ്ടാൻ തുടങ്ങി.

"അമ്മയിങ്ങോട്ടു വന്നേ ചുമ്മാ അതുമിതും പറയാതെ "

"പിന്നെ നല്ല കുട്ടിയാണോന്നോ. ഒന്നാന്തരം ഫാമിലിയാ . അവൾക്കാണെങ്കിൽ ആര്യനെന്നു പറഞ്ഞാൽ ജീവനാ "

"ഹം , തോന്നി. നീ ചായ കുടിച്ചായിരുന്നോ "

"ഇല്ലമ്മച്ചി , എനിക്കൊന്നു ഫ്രഷ് ആകണം എന്നിട്ടു മതി. "

"എന്നാൽ നീ അകത്തേക്ക് വാ "

പിന്നെയൊരു പറച്ചിലിന് നില്കാതെ അവന്റെയും ജാൻവിയുടെയും ബാഗുകൾ അകത്തേക്ക് വച്ച് റിജോ ഫ്രഷ് അകാൻ ബാത്റൂമിലേക്കു പോയി.

സമയത്തു ഉറങ്ങികിടന്ന ആര്യന്റെ നെറ്റിയിൽ നിലത്തു മുട്ടുകുത്തി നിന്ന് ഉമ്മ വയ്ക്കുകയായിരുന്നു ജാൻവി . നനുത്ത സ്പർശനത്തിൽ ഉറക്കമുണർന്ന ആര്യൻ , അടുത്തു ജാൻവിയെ കണ്ടു ചാടി എഴുനേറ്റു

"അവൾ എന്ത് പറഞ്ഞു" യാതൊരു മുഖവുരയുമില്ലാതെ അവന്റെ തോളിൽ പിടിച്ചു കട്ടിലിൽ ഇരുത്തി ജാൻവി ചോദിച്ചു.

"അവൾ.. അവൾ വേറെ വിവാഹം കഴിച്ചു. " ആര്യന്റെ കണ്ണ് നിറയാൻ തുടങ്ങി.

ജാൻവി അവനെ വിട്ടു പുറകോട്ടു മാറിനിന്നു, വലതു കൈ വീശി അവന്റെ മുഖത്തടിച്ചു.അമ്മാ എന്ന വിളിയോടെ ഇടതു കവിൾ പൊത്തി പിടിച്ചു ആര്യൻ നിർവികാരനായിരുന്നു .

"എത്ര നാൾ നീ എന്നെ കഷ്ടപെടുത്തി. ദേഷ്യം കൊണ്ടാ "

ജാൻവി അവന്റെ കവിളുകളിൽ ഉമ്മകൾ കൊണ്ട് മൂടി

"ജാൻ.. നീ വിചാരിക്കുന്നത് പോലെ അല്ല. അവൾ എന്നെ ചതിച്ചതൊന്നും അല്ല" ആര്യന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

"വേണ്ട ആരൂ , എനിക്കൊന്നും അറിയണ്ട .. " അവൾ അവന്റെ മുഖമെടുത്തു തന്റെ നെഞ്ചോട് ചേർത്തു, ആശ്വസിപ്പിക്കാനെന്നവണ്ണം മൂർദ്ധാവിൽ ഉമ്മവച്ചു. ആര്യൻ കുഞ്ഞു കുട്ടിയെ പോലെ അവളുടെ അരയിൽ കൈകൾ കൊണ്ട് ചുറ്റി നെഞ്ചിൽ മുഖമമർത്തി .

ശബ്ദം കേട്ട് അങ്ങോട്ടെത്തിയ സുകന്യയും സൗമ്യയും കണ്ടത് റൂമിൽ കട്ടിലിൽ ഇരിക്കുന്ന ആര്യന്റെ മുഖം നെഞ്ചോട് ചേർത്ത് നിൽക്കുന്ന ജാൻവിയെ ആണ് . അവരെ വിളിക്കാൻ പോയ അമ്മയെയും കൊണ്ട് സൗമ്യ പെട്ടന്ന് താഴേക്ക് വന്നു.

"സൗമ്യ .. അവര് "

"അവൾക്കു അത്രക്ക് സ്നേഹമുള്ളത് കൊണ്ടല്ലേ ആര്യന്റെ ഫോൺ കിട്ടതായപ്പോൾ ഓടി വന്നത്. " ആര്യന്റെ തലേ ദിവസത്തെ സങ്കടങ്ങൾ ഓർത്തു കൊണ്ട് സൗമ്യ മറുപടി പറഞ്ഞു. അവളെ കൊണ്ടേ ആര്യന്റെ സങ്കടങ്ങൾ മാറ്റാൻ സാധിക്കുവുള്ളു എന്ന അറിവിൽ അവൾ സന്തോഷിച്ചു.

"അമ്മച്ചി.. ചായ" റിജോ അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു. സുകന്യ ഒരു കപ്പിൽ ചായയുമായി അവന്റെ അടുത്തെത്തി. അപ്പോളാണ് മുകളിൽ നിന്നും ജാൻവി ഇറങ്ങി വന്നത്. സുകന്യയെ കണ്ടതും തന്റെ ഷാൾ എടുത്തു തലമുടി ഒന്നുകൂടി മറച്ചു.


"ഇവൾ എന്താ ചെയ്യുന്നേ" സുകന്യ സംശയത്തോടെ അവളുടെ ഷാൾ പൊക്കി നോക്കി.

"ഒന്നുമില്ല, ബഹുമാനം കൊണ്ടാ. അവരുടെ നാട്ടിലൊക്കെ അങ്ങനെയാ " റിജോ മറുപടി പറഞ്ഞു.

"ഇവിടെ അങ്ങിനെ ഒന്നും ഇല്ല എന്ന് അവളോട് പറ. സൗമ്യേ നീ ഇവൾക്ക് അകത്തെ ബെഡ്റൂം കാണിച്ചു കൊടുക്ക് , ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ. "

സൗമ്യ ജാൻവിയെയും കൊണ്ട് താഴെ തന്നെയുള്ള മറ്റൊരു റൂമിലേക്ക് പോയി

"റിജോ, നീ മുകളിൽ അവന്റെ റൂമിൽ പൊയ്ക്കോ "

"അമ്മെ, കുട്ടീടെ കയ്യിൽ വേറെ ഡ്രെസ്സൊന്നും ഇല്ലല്ലോ. എന്റെ ഡ്രസ്സ് അതിനൊട്ടു പാകമാവുകയും ഇല്ല. "
സൗമ്യ റൂമിൽ നിന്ന് തിരിച്ചു വന്നു

"നേരെ എന്റെ റൂമിൽ വന്നിട്ട് ഇങ്ങോട്ടു പോരുകയാ ചെയ്തേ .. അത് കൊണ്ട് ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല "

"അത് കുഴപ്പമില്ല, നമുക്കു ശെരിയാക്കാം റിജോ , അല്ല ജാൻവിക്ക്നമ്മുടെ ഭക്ഷണം ഇഷ്ടമാകുമോ , ഇനി ചപ്പാത്തി ഉണ്ടാക്കണോ " സുകന്യ അടുക്കളയിലേക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ചോദിച്ചു

"അവൾക്കു ആര്യന്റെ കൂടെ കൂടി എല്ലാം ശീലമായമ്മച്ചി. ഇഡലിയോ ദോശ അപ്പമോ ഒക്കെ മതി .. അയ്യോ അത് പറഞ്ഞപ്പോഴാ ഓർത്തെ , ഇന്നലെ വൈകിട്ട് മുതൽ പെണ്ണു ഒന്നും കഴിച്ചിട്ടില്ല , ഞാൻ നിര്ബന്ധിച്ചിട്ടു ഒരു പകുതി ജ്യൂസ് മാത്രം കുടിച്ചു.. "

"ഹും " ഒന്ന് ഇരുത്തി മൂളി സുകന്യ അടുക്കളയിലേക്കു നടന്നു, റിജോ ആര്യന്റെ മുറിയിലേക്കും

കുറച്ചു കഴിഞ്ഞു ആര്യൻ റിജോയോടൊപ്പം താഴേക്കിറങ്ങി വന്നു. ഡൈനിങ്ങ് റൂമിൽ നിന്നും അവൻ കണ്ടു അമ്മയോടൊപ്പം എന്തെല്ലാമോ ആഗ്യത്തിലും ഹിന്ദിയിലും പറഞ്ഞു ചിരിക്കുന്ന ജാൻവിയെ. അവനു നിമിഷം സന്തോഷവും സങ്കടവും ഒരു പോലെ വന്നു. സമയത്തു തന്നെയാണ് അമ്പലത്തിൽ നിന്നും കാർത്തികേയനും ആകാശും അങ്ങോട്ട് വന്നത്.

"അമ്മ ചായ " ഡൈനിങ്ങ് ടേബിളിന്റെ അടിയിൽ നിന്നും കസേര വലിച്ചെടുത്തു അതിൽ ഇരുന്ന് കൊണ്ട് ആകാശ് വിളിച്ചു പറഞ്ഞു.

സുകന്യ കയ്യിലെ അരിമാവ് നോക്കി ജാൻവിയോടെ കണ്ണ് കൊണ്ട് ചായ കെറ്റിൽ കാണിച്ചു .

"ഏക് നഹി , തീൻ കപ്പ് , ഫാദർ ആൻഡ് ബ്രദർ അയാ " ഒരു കപ്പിൽ മാത്രം ചായ പകർന്ന ജാൻവിയെ നോക്കി , ഹിന്ദി സീരിയലിലെ സകല നായികമാരെയു മനസ്സിൽ വിചാരിച്ചു സുകന്യ പറഞ്ഞു.

ആര്യന്റെ അച്ഛനും ചേട്ടനും എന്ത് പറയുമെന്ന ആധിയിൽ മൂന്നു ചായ കപ്പുകളും ഒരു ട്രേയിൽ വച്ച് ജാൻവി ഡൈനിങ്ങ് റൂമിലേക്ക് നടന്നു.
(തുടരും)

No comments:

Post a Comment