Sunday, July 7, 2019

ആര്യൻ 8


"ഇനി നിങ്ങൾ സംസാരിക്കു. എന്നിട്ടു ആര്യൻ തീരുമാനിക്കു എന്ത് വേണമെന്ന്. ഞാൻ വെളിയിൽ ഉണ്ടാകും.." റോയി പുറത്തേക്കിറങ്ങി.

"ഐശ്വര്യ .. ഞാൻ .. "

"ഏട്ടാ .. അച്ഛന്റെ മരണശേഷം ഞങ്ങൾ ഒത്തിരി അനുഭവിച്ചു. പട്ടിണി , ഉപദ്രവം .. ഒടുവിൽ മുങ്ങിത്താഴാൻ പോയ എനിക്ക് കിട്ടിയ പിടിവള്ളിയായിരുന്നു റോയിച്ചൻ , ചെറുപ്പം മുതലേ എന്നോടും അമ്മയോടും ദേഷ്യവും വെറുപ്പുമായിരുന്നു വിഷ്ണുവേട്ടന്. അത് കൊണ്ടാണ് അച്ഛൻ ഞങ്ങളെ നാട്ടിലേക്കു കൊണ്ടുപോകാതിരുന്നത്. പലപ്പോളും എന്റെ കുടുബകാര്യം പറയണമെന്ന് വിചാരിച്ചതാണ്. പക്ഷെ എനിക്കന്നു ഏട്ടനെ നഷ്ടപെട്ടാലോ എന്നോർത്ത് പറഞ്ഞില്ല. അന്ന് ചേട്ടനെ ഇഷ്ടമാണ് എന്ന് പറഞ്ഞു വന്ന ദിവസം ഞാൻ എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞിരുന്നു. പക്ഷെ പെട്ടന്നായിരുന്നു അച്ഛൻ പോയത്. അച്ഛൻറെ മരണ ശേഷം എന്റെ കയ്യിൽ നിന്ന് ഏട്ടന്റെ ഫോൺ നമ്പറും നഷ്ടമായി. പിന്നെ അടിമയെപ്പോലെ , ചവിട്ടും ഇടിയും ഏറ്റു അച്ഛന്റെ വീട്ടിൽ. പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ല.അപ്പോഴാണ് റോയിച്ചൻ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി വന്നത്. എത്രയും പെട്ടന്ന് എന്നെ ഒഴിവാക്കണമെന്ന ആഗ്രഹമായിരുന്നു വിഷ്ണുവേട്ടന് . ഞാൻ അന്ന് വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്നെ ചിലപ്പോൾ ജീവനോടെ കാണുവാൻ സാധിക്കില്ലായിരുന്നു. ഒടുവിൽ , എനിക്കും അമ്മക്കും വീട്ടിലോ സ്വത്തിലോ ഉള്ള അവകാശം മുഴുവൻ എഴുതി വാങ്ങിയിട്ടാണ് കല്യാണം നടത്തിയത്. ഒരു തരി പൊന്നില്ലാതെ പഴയ കുറച്ചു ഡ്രസ്സുമായിട്ടാണ് ഞാൻ റോയിച്ചന്റെ വീട്ടിൽ കയറിയത്. എല്ലാ കാര്യങ്ങളും ഞാൻ രാത്രിയിൽ തന്നെ റോയിച്ചനോട് പറഞ്ഞിരുന്നു. പിന്നീട് ഞങ്ങൾ കുറച്ചു നാൾ ഏട്ടനെ അന്വഷിച്ചു. ഒടുവിൽ സ്നേഹത്തിനു മുൻപിൽ എനിക്ക് .. " അവൾ വീണ്ടും കരഞ്ഞു തുടങ്ങി.

എന്ത് ചെയ്യണം എന്നറിയാതെ ആര്യൻ പരിഭ്രമിച്ചു .

ഒരിക്കൽ പോലും എന്റെ ആഗ്രഹങ്ങൾക്ക് റോയിച്ചൻ എതിര് നിന്നില്ല. കല്യാണത്തിന് ശേഷം , പ്രൈവറ്റായി ഡിഗ്രി ചെയ്തു. പിന്നെ പ്രീ പ്രൈമറി ക്ളാസ്സിന്റെ ട്രെയിനിങ് കോഴ്സ് കംപ്ലീറ്റ് ആക്കി. അങ്ങിനെയാണ് ഞാൻ സ്കൂളിൽ ജോയിൻ ചെയ്തത്. പിന്നെ ഇത്രയും കാര്യങ്ങൾക്കിടയിലൂടെ കടന്നു പോകുന്നത് കാരണം , ഞാൻ സ്കൂളിൽ ആരുമായും അത്ര അടുത്ത് ഇടപെടാറില്ല. എല്ലാം എല്ലാവരോടും തുറന്നു പറഞ്ഞു വീണ്ടും ഒരു സഹതാപം ഉണ്ടാക്കാൻ എനിക്ക് താത്പര്യമില്ല. ”

"വേണ്ട ഐശ്വര്യ .. നിന്റെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താൻ ദൈവം തന്ന നിധിയായിരിക്കും റോയിച്ചൻ , നിങ്ങൾ സന്തോഷമായി ജീവിക്കു. "

"ഏട്ടൻ എന്നോട് പൊറുക്കണം, ഒത്തിരി ആഗ്രഹങ്ങൾ തന്നിട്ട് ചതിച്ചു എന്ന് തോന്നരുത്. " ഐശ്വര്യ അവന്റെ മുൻപിൽ കൈകൂപ്പി മുട്ടുകുത്തി നിന്നു.

ആര്യൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി , റോയിയുടെ കൈകളിൽ പിടിച്ചു

"റോയി , നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് , എനിക്കിപ്പോൾ അത്ര മാത്രമേ പറയ്യാൻ സാധിക്കൂ. നാലു വർഷങ്ങൾക്കിപ്പുറം അവൾ എന്നോടൊപ്പമില്ലെങ്കിലും സുരക്ഷിതമായ ഒരിടത്തു , അവൾക്കിഷ്ടമുള്ള ജോലിയിൽ .. നല്ല കാര്യമാണ്. "

ആര്യൻ തന്റെ കാറിലേക്ക് നടന്നു. അപ്പോളാണ് മധ്യവയസ്കയായ ഒരു സ്ത്രീ ഒരു കുഞ്ഞു കുട്ടിയുമായി അങ്ങോട്ട് കയറി വരുന്നത് .

"ആര്യൻ , ഇത് ഐശ്വര്യയുടെ അമ്മ , ഞങ്ങൾ ഇങ്ങോട്ടു കൊണ്ടുപോന്നു. അത് ഞങ്ങളുടെ മകൾ "
ആര്യൻ കൈനീട്ടി അവളെ വാങ്ങി

"എന്താ മോളുടെ പേര് "

"ഇഷിക "

പരിചയമില്ലാത്തതു കൊണ്ടാകും കുട്ടി റോയിയുടെ നേരെ ചാടി. ആര്യൻ അവളെ റോയിയെ ഏല്പിച്ചു കാറിന്റെ ഡോർ തുറന്നു ഡാഷിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്തു.

"കുറെ നാൾ മുൻപ് വാങ്ങിയതാ , ഇനി ഇതു ഇവൾക്കിരിക്കട്ടെ. "

പിന്നീടൊരക്ഷം മിണ്ടാതെ ആര്യൻ തന്റെ കാർ ഓടിച്ചു വെളിയിലേക്കു പോയി. ഇഷിക ബോക്സ് തുറന്നു അമ്മയോട് വിളിച്ചു പറഞ്ഞു

"ദേ അങ്കിൾ ഒരു മാലയാണ് തന്നെ "

തേങ്ങലടക്കാതെ ഐശ്വര്യ ഓടി വന്നു റോയിയേയും ഇഷികയെയും ചേർത്ത് കെട്ടിപിടിച്ചു. അവൻ അവരെയും കൊണ്ട് അകത്തേക്ക് പോയി.

ആര്യന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. താൻ ഇത്രയധികം സ്നേഹിച്ച , ഒരുപാടു സ്ഥലങ്ങളിൽ അന്വഷിച്ചു അലഞ്ഞു ഒടുവിൽ കണ്ടുപിടിച്ച പെൺകുട്ടി മറ്റൊരാളുടെ ഭാര്യ ആണ് എന്നകാര്യം അവനപ്പോഴും അംഗീകരിക്കാൻ സാധിക്കുന്നില്ലായിരുന്നു. അവൻ വീട്ടിലെത്തി നേരെ അവന്റെ മുറിയിലേക്ക് കയറിപ്പോയി . സൗമ്യയും ആകാശും അവന്റെ പുറകെ റൂമിലെത്തി. അവൻ അവരോടു എല്ലാ കാര്യങ്ങളും പറഞ്ഞു പൊട്ടി കരഞ്ഞു. എന്ത് പറയണമെന്നറിയാതെ അവരും കുഴങ്ങി.സുകന്യയും കാർത്തികേയനും അമ്പലത്തിൽ പോയത് കൊണ്ട് അവർ ഇതൊന്നും അറിഞ്ഞിരുന്നില്ല . സമയങ്ങളിൽ എല്ലാം ആര്യന്റെ ഫോണിലേക്കു ജാൻവിയുടെ കാൾ വരുന്നുണ്ടായിരുന്നു. അവളോട് സംസാരിക്കാനുള്ള മടി കൊണ്ടോ , അല്ലങ്കിൽ തന്റെ ശബ്ദം മാറിയിരിക്കുന്നത് അറിഞ്ഞാലുള്ള ഭവിഷ്യത് ഓർത്തോ അവൻ കാൾ അറ്റൻഡ് ചെയ്തില്ല. പിന്നീട് അവൻ തന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.

രാത്രിയിൽ അച്ഛനുമമ്മയും എത്തിയപ്പോഴേക്കും ആദിയെ അവരെ ഏല്പിച്ചു സൗമ്യയും ആകാശും ആര്യനെയും കൊണ്ട് വെളിയിൽ പോയി. നിർത്താതെ സംസാരിക്കാറുള്ള , ഇടക്കിടക്ക് തമാശ പറയാറുള്ള ആര്യന്റെ അപ്പോഴത്തെ അവസ്ഥ അവരെ കുറച്ചൊന്നുമല്ല അലട്ടിയതു. കായലിനോട് ചേർന്നുള്ള ചാര് ബെഞ്ചിൽ ഇരുന്നു സൗമ്യ അവന്റെ കൈകൾ എടുത്തു തന്റെ മടിയിൽ വച്ചു.

"ആര്യൻ, നിന്നോട് എന്ത് പറയണമെന്ന് എനിക്കറിയില്ല. നിനക്ക് ഇതൊക്കെ മറികടക്കാനാവുമെന്നു തന്നെയാണ് എനിക്ക് തോന്നുന്നത് "

"ശെരിയാണ് ചേച്ചി, കാലത്തിന് മായ്ക്കാൻ പറ്റാത്തതൊന്നുമില്ല എന്നൊക്കെ പറയുന്നത് പോലെ, ഞാനും മറന്നേക്കാം. ആദ്യം അത് കേട്ടപ്പോളുണ്ടായ ബുദ്ധിമുട്ട് , നാലഞ്ചു കൊല്ലം നമ്മൾ കൊണ്ട് നടന്ന ഒരു സ്വപ്നം തകരുമ്പോൾ ഉണ്ടാകുന്ന വേദന.. "

"നീ അത് വിട്ടുകള ആര്യൻ " ആകാശ് അവന്റെ തോളിൽ തട്ടി പറഞ്ഞു.

"മറക്കാൻ ശ്രമിക്കുകയാണ് ചേട്ടാ.. എങ്കിലും ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്. അവർ എന്നോട് ഇതൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ,പിന്നെയെപ്പോഴെങ്കിലും അവരെ ഒരുമിച്ചു കണ്ടാൽ എന്നെ ചതിച്ചതാണെന്നു ഞാൻ കരുതിയേനെ.ഒന്നും ഇല്ലങ്കിലും ഇന്നുവരെ ദുഃഖങ്ങൾ മാത്രം അനുഭവിച്ച പെൺകുട്ടിക്ക് അവൻ ഒരു നല്ല ജീവിതം കൊടുത്തില്ലേ. ഇങ്ങനെ മനസ്സുള്ളവർ എത്ര പേരുണ്ടാകും കാലത്തു . ഒരുപാടു നാൾ അകന്നു ജീവിച്ചത് കൊണ്ടാകും ഒരു പക്ഷെ ഞാൻ ഇങ്ങനെ പിടിച്ചു നില്കുന്നത്. "

ആര്യൻ എന്തെല്ലാമോ പിന്നെയും പിറുപിറുത്തു കൊണ്ട് സ്വയം മനസ്സിനെ ശാന്തമാക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. രാത്രി വൈകി അവർ വീട്ടിലേക്കു മടങ്ങി

മനസ്സിന്റെ അടിത്തട്ടിൽ ഒരു വിങ്ങലുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും ആര്യൻ അവസ്ഥയോടു ഏറെക്കുറെ പൊരുത്തപ്പെട്ടിരുന്നു. ലീവ് ക്യാൻസൽ ചെയ്തു അടുത്ത ദിവസം തന്നെ ബാംഗ്ലൂർക്ക് തിരിച്ചു പോകണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു

(തുടരും)

No comments:

Post a Comment