Sunday, July 7, 2019

ആര്യൻ 12



ആകാശിന്റെ കാർ ഗേറ്റ് കടന്നു മുറ്റത്തേക്കെത്തി . എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കാർത്തികേയൻ കസേരയിൽ നിന്നെഴുന്നേറ്റു അകത്തേക്ക് പോയി.

നിറയെ കവറുകളുമായി ജാൻവി സൗമ്യയോടൊപ്പം അകത്തേക്ക് കയറിവന്നു

" ഷോപ്പിംഗ് എല്ലാം കഴിഞ്ഞോ, അവൾക്കു വേണ്ടതെല്ലാം വാങ്ങിയോ സൗമ്യേ"

"വാങ്ങി അമ്മെ .. "

"ഭക്ഷണം "

"അതൊക്കെ വെളീന്നു കഴിച്ചു. "

"എന്നാൽ കുറച്ചു നേരം വിശ്രമിക്കു, വൈകിട്ട് അമ്പലം വരെ പോകാം. "സുകന്യ അവരെയും കൂട്ടി അകത്തേക്ക് പോയി

വൈകിട്ട് ആര്യൻ ജാൻവി കൊടുത്ത നീല ഷർട്ടും അതിനു ചേരുന്ന ഡബിൾ മുണ്ടുമായിരുന്നു വേഷം, ജാൻവിയാകട്ടെ ഒരു ചുവന്ന പ്ലെയിൻ അംബർലാ കട്ട് ടോപ്പും അതിനു ചേരുന്ന ലെഗ്ഗിൻസും ദുപ്പട്ടയും. കാതിൽ ചെറിയ സ്റ്റോൺ വച്ച കമ്മൽ, മുടി പിന്നി ഒരു ബുഷ് ഇട്ടിരിക്കുന്നു. കയ്യിൽ ഒരു ചെറിയ വാച്ചും. പിന്നെ ഒരു ചെറിയ പൊട്ടും. അവർ രണ്ടുപേരും മുറ്റത്തോട്ടിറങ്ങി. ജാൻവി തന്റെ ഫോണിൽ ആര്യന്റെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് സുകന്യ അങ്ങോട്ട് വന്നത്. അല്പം പോലും മേക്കപ്പ് ഇല്ലാതെ തന്നെ സുന്ദരിയായിരിക്കുന്ന ജാൻവിയുടെ കവിളിൽ അവർ വാത്സല്യത്തോടെ തലോടി


ആര്യനും റിജോയും ബൈക്കിലും മറ്റുള്ളവർ കാറിലുമായി അമ്പലത്തിലേക്ക് പോയി. അഷ്ടമി ദിവസം ആയതിനാൽ അമ്പലത്തിൽ നല്ല തിരക്കായിരുന്നു. ദർശനം കഴിഞ്ഞു വെളിയിലിറങ്ങിയ ആര്യൻ ഒരിക്കൽ കൂടി വടക്കേ വാതിലിനരുകിലെ ലക്ഷ്മീ ദീപം തെളിയിച്ചു. ഇത്തവണ ജാൻവിയുടെ ഒപ്പമായിരുന്നു എന്ന് മാത്രം. അമ്മയുടെ അനുമതി വാങ്ങി ആര്യനും ജാൻവിയും തിരക്ക് പിടിച്ച പടിഞ്ഞാറേ നടയിൽ നിന്നും ബോട്ട് ജെട്ടിയിലേക്കു നടന്നു . ഓരോ കടയിലും കയറി ഇറങ്ങി സാധനങ്ങളുടെ വില ചോദിച്ചു ഒന്നും വാങ്ങാതെ തിരിച്ചിറങ്ങി, പലഹാര കടയിൽ നിന്നും പൊരിയും ബജ്ജിയും കഴിച്ചു തിരക്കിനിടയിൽ അവർ അലിഞ്ഞു ചേർന്നു. പാർക്കിലെ ഒരു ചാരുബെഞ്ചിൽ വേമ്പനാട് കായലിൽ മറുപുറത്തുള്ള ചെറിയ തെങ്ങിൻകൂട്ടത്തിനിടയിൽ മുങ്ങിത്താഴുന്ന അസ്തമയ സൂര്യന്റെ മനോഹാരിതയിൽ ലയിച്ചിരിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു

"ആര്യൻ , നിന്റെ നാട് എത്ര മനോഹരമാണ്, എന്നിട്ടും നീ എന്തിനു വെള്ളമില്ലാത്ത ബാംഗ്ലൂർ വന്നു കഷ്ടപ്പെടുന്നു. നീ എന്നെ എന്നാണ് ഇങ്ങോട്ടു കൊണ്ടുവരുന്നത്. എനിക്ക് ഇവിടെ ജീവിക്കാൻ കൊതിയാകുന്നു. ഇതു ശെരിക്കും ദൈവത്തിന്റെ നാട് തന്നെയാണ്. കായലും പുഴകളും .."

"ഇടക്കു വന്നു പോകുമ്പോളാണ് നാട് നല്ലതായി തോന്നുന്നത് , അല്ലാതെ ഒരാഴ്ച അടുപ്പിച്ചു താമസിച്ചാൽ മടുക്കും, അല്ലങ്കിൽ ഇവിടെ ഉള്ള ചിലര് മടുപ്പിക്കും "

"ആര് "

"ആരാച്ചാര് .. നീ വേറെ എന്തെങ്കിലും പറയു എന്റെ ജാനൂ " . മറുപടിയായി ജാൻവി പുഞ്ചിരിച്ചു കൊണ്ട് അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു.

കിസി നെ കഹാ പ്യാർ അമൃത് ഹേ , കിസി നെ കഹാ പ്യാർ ജഹർ ഹേ
കിസി നെ കഹാ പ്യാർ അമൃത് ഹേ , കിസി നെ കഹാ പ്യാർ ജഹർ ഹേ,

ഹം തോ ദോനോം സമഝകർ പി ഗെയെ
അഗർ അമൃത് ഹുവാ തോ ഉമർ ഭർ കോ പ്യാർ മിലേഗാ 
അഗർ മർ ഗെയെ തോ തടപ് തടപ് കർ ജീനാ നഹി പടേഗാ
(ആരോ പറഞ്ഞിട്ടുണ്ട് പ്രണയം അമൃത് പോലെ ആണെന്ന്,മറ്റാരോ പറഞ്ഞിട്ടുണ്ട് പ്രണയം വിഷം പോലെ ആണെന്ന്
ഞാൻ പ്രണയിച്ചത് അമൃതോ വിഷമോ ആണെങ്കിലും കുഴപ്പമില്ല എന്ന് കരുതിയാണ് 
കാരണം അമൃത് ആണെങ്കിൽ ജീവിതം മുഴുവൻ പ്രണയിക്കാം , മറിച്ചു വിഷം ആണെങ്കിൽ , ഇങ്ങനെ വിഷമിച്ചു ജീവിക്കേണ്ടി വരില്ലല്ലോ. )

ആര്യൻ വലതു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു. കുറച്ചു നേരം കൂടി അവിടെ ഇരുന്നശേഷം അവർ അമ്പലത്തിലേക്ക് തിരിച്ചു നടന്നു.

അടുത്ത ദിവസം രാവിലെ പ്രാതൽ കഴിച്ചുകൊണ്ടിരുന്ന ജാൻവിയുടെ അരികിലേക്ക് കാർത്തികേയൻ ഒരു പേപ്പറും പേനയും നീക്കി വച്ചു

"യുവർ ഫാദർ നെയിം, അഡ്രെസ്സ്, ഫോൺ നമ്പർ"

ജാൻവി ദയനീയമായി ആര്യനെ നോക്കി

"അച്ഛാ , ജാൻവി ഇതുവരെ ഒന്നും വീട്ടിൽ പറഞ്ഞിട്ടില്ല. ആദ്യം അവൾ പറഞ്ഞിട്ട് പിന്നെ നമുക്ക് വിളിക്കാമെന്നാ പറയുന്നേ. "

"അത് കുഴപ്പമില്ല, എന്തായാലും അവളോട് എഴുതാൻ പറ. എന്നാണേലും വിളിക്കണ്ടതല്ലേ "

സംസാരം അവിടെ അവസാനിച്ചെങ്കിലും ജാൻവി പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി കൊടുത്തു

ഡോക്ടർ ജഗദീഷ് താക്കൂർ 
ഡോക്ടർ കൗസല്യ താക്കൂർ

പിന്നെ , ഫോൺ നമ്പറും , ലളിത്പൂരീലെ ഹോസ്പിറ്റൽ അഡ്രസ്സും

വൈകുന്നേരം ആര്യനും ജാൻവിയും റിജോയും തിരിച്ചു ബാംഗ്ലൂർക്ക് ബസ് കയറി. ജാൻവി ആര്യനെ നേടിയതിന്റെ സന്തോഷത്തിലായിരുന്നെങ്കിൽ അവൻ തന്റെ നഷ്ട സ്വപ്നത്തിന്റെ വിങ്ങലിലായിരുന്നു

അടുത്ത മൂന്നു ദിവസം അധികം കുഴപ്പമില്ലാതെ ഓഫീസിൽ കടന്നു പോയി. ശനിയാഴ്ച രാവിലെ പതിവ് പോലെ ജാൻവിയുടെ കോൾ ആണ് ആര്യനെ ഉണർത്തിയത് 

"ജാനു.. "

"ആരു .. നീ സെക്യൂരിറ്റിയോട് ഒന്ന് സംസാരിക്കു..."

"എന്തിനു "

"ഞാനും ഫ്രണ്ട്സും താഴെ ഉണ്ട്, നീ സെക്യൂരിറ്റിയോട് ഒന്ന് പറയു ഞങ്ങളെ കയറ്റി വിടാൻ , പെട്ടികൾ എല്ലാം ആയിട്ടു വന്നകാരണം ഇവർ കയറ്റി വിടുന്നില്ല."

"എന്ത് പെട്ടി "

"അപ്പൊ നീ മറന്നു പോയോ, ഒരു മാസം നിന്റെ കൂടെ താമസിക്കാൻ പറഞ്ഞത്. ഞാൻ ദേ ഫോൺ ഇവന് കൊടുക്കുവാ , നീ പറയു ."

അപ്പോളാണ് ജാൻവിയോട് ഒരു മാസം തന്റെ കൂടെ നില്കണമെന്നു ആവശ്യപ്പെട്ട കാര്യം അവനോർമ്മ വന്നത്. അന്ന് അങ്ങിനെ പറഞ്ഞെങ്കിലും ജാൻവി അത് സീരിയസ് ആയിട്ടെടുക്കുമെന്നു ആര്യൻ കരുതിയില്ല. അവൻ സെക്യൂരിറ്റിയോട് അവരെ കയറ്റി വിടാൻ പറഞ്ഞിട്ട് ഹാളിലേക്ക് ഓടി. അവിടെ നിരന്നു കിടന്ന തന്റെ സകല സ്ഥാപക ജംഗമ വസ്തുക്കളും വലിച്ചു വാരി റൂമിലെ അലമാരിയിലേക്കു കുത്തി കയറ്റി. കുപ്പികൾ എല്ലാം പെറുക്കി വേസ്റ്റ് ബിന്നിൽ ഇട്ടു. ഇതിനു മുൻപും അവൾ വന്നിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം മുൻകൂട്ടി അറിയാവുന്നതു കൊണ്ട് വീട് വൃത്തിയാക്കി ഇടാൻ അവൻ ശ്രമിക്കാറുണ്ടായിരുന്നു. റൂമിന്റെയും ഹാളിന്റെയും എന്തിന് കിച്ചന്റെ വരെ വെളിയിലേക്കുള്ള ഡോറുകളും ജനാലകളും തുറന്നു , ഫാൻ അതിന്റെ മാക്സിമം സ്പീഡിൽ ഇട്ടു. അലമാരയിൽ നിന്നും റൂം ഫ്രഷ്നെർ എടുത്തുകൊണ്ടു വന്നു എല്ലാ മുറികളിലും വാതിലിന്റെയും ജനലിന്റെയും വിരികളിൽ അടിച്ചു. അതും പോരാതെ ഹാളിലെ തടി കൊണ്ടുണ്ടാക്കിയ അമ്പലത്തിൽ മൂന്നോ നാലോ ചന്ദനത്തിരിയും കത്തിച്ചു വച്ചു

അപ്പോഴേക്കും ഡോർ ബെൽ അടിച്ചു. ഇട്ടിരുന്ന ത്രീ ഫോർത്തിന്റെ മുകളിലേക്ക് ഒരു റൌണ്ട് നെക്ക് t ഷർട്ട് ഇട്ടു അതിലേക്കും കുറച്ചു പെർഫ്യൂം അടിച്ചു അവൻ വാതിൽ തുറക്കാൻ ഹാളിലേക്ക് ഓടി. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ എന്ന ആത്മഗതത്തോടെ

(തുടരും)

No comments:

Post a Comment