രണ്ടു മാസമായി ജാൻവിയും ആര്യനും കാത്തിരിക്കുന്നത് മാർച്ച് മൂന്നു ആകാൻ വേണ്ടിയാണ് .കാരണം മറ്റൊന്നുമല്ല , രന്ടു വര്ഷത്തിലേറെയായുള്ള ജാൻവിയുടെ കാത്തിരിപ്പിനവസാനമായി , മൂന്നു മാസത്തെ അവരുടെ ഹൃദയത്തിൽ തട്ടിയുള്ള പ്രണയത്തിന്റെ അവസാനമായി അവർ ഒന്നാകുന്ന ദിവസം. ജനുവരിയിലെ ഒരു സായാഹ്നത്തിൽ ബാംഗ്ലൂരിലെ ആര്യന്റെ ഫ്ലാറ്റിൽ, രണ്ടു വീട്ടുകാരും മാത്രമുള്ള ഒരു ചെറിയ ചടങ്ങിൽ അവരുടെ സഗായി (വിവാഹ നിശ്ചയം) കഴിഞ്ഞിരുന്നു.
ആര്യന്റെ വീട്ടുകാർക്ക് വടക്കേഇന്ത്യൻ കല്യാണങ്ങളെക്കുറിച്ചു യാതൊരു അറിവും ഇല്ലാതിരുന്നതിനാലാൽ ജഗദീഷിൻറെ അടുത്ത സുഹൃത്തും ഹോസ്പിറ്റൽ ഉടമയുമായ ഡോക്ടർ ഗംഗ പ്രസാദ് ആയിരുന്നു അവരുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. ആര്യനും ഏറ്റവും അടുത്ത ബന്ധുക്കളും അടക്കം ഇരുപതോളം പേർ ഒരാഴ്ചക്ക് മുൻപേ എത്തി. ചെറുക്കന്റെ വീട്ടുകാർ ആയിരുന്നെങ്കിലും എല്ലാവരും ജാൻവിയുടെ വീട്ടിൽ നടന്ന കല്യാണത്തിന് മുൻപുള്ള ചടങ്ങുകളിൽ പങ്കെടുത്തു. ഹൽദി എന്നറിയപ്പെടുന്ന,ചെറുക്കന്റെയും പെണ്ണിന്റെയും മുഖത്തും കൈകാലുകളിലും എല്ലാം പനിനീരിൽ ചാലിച്ച മഞ്ഞൾ തേച്ചു ദുരാന്മാവുകളിൽ നിന്നും രക്ഷപ്പെടുത്തുന്ന ചടങ്ങായിരുന്നു ആദ്യം . പിന്നീടുള്ള രണ്ടു ദിവസങ്ങളിലും വൈകുന്നേരം തുടങ്ങി പാതിരാത്രി വരെ നീണ്ടു നിൽക്കുന്ന സംഗീത് . കല്യാണ പെണ്ണും ചെറുക്കനും അവരുടെ ബന്ധുക്കാരും എല്ലാം ചേർന്ന് നടത്തുന്ന ഡാൻസും പാട്ടുമെല്ലാം. ഒരു തരത്തിൽ ആ ചടങ്ങിൽ വച്ചു രണ്ടു വീട്ടുകാരും തമ്മിൽ കൂടുതൽ അറിയാനും പരിചയപ്പെടാനും സാധിച്ചു. ഒടുവിൽ കല്യാണ ദിവസം നടക്കുന്ന മെഹന്ദി അഥവാ മൈലാഞ്ചി. ഇതെല്ലം കഴിഞ്ഞു രാത്രി ഒൻപതു മണിയോടെ ബരാത് ആരംഭിച്ചു. ഒരു വെളുത്ത പെൺ കുതിരപ്പുറത്തു നിറയെ വർക്കുകൾ ഉള്ള ഗോൾഡൻ ഷെർവാണിയും ചുവന്ന ടർബനും ധരിച്ചു ഒരു രാജാവിനെ പോലെ ആര്യൻ വിവാഹ വേദിയിലേക്ക് പോയി. മുൻപിൽ ബാന്റ് മേളത്തിന്റെ ഒപ്പം ഡാൻസുമായി ജയ് യുടെ കൂട്ടുകാർ ആ ബരാതിനെ ഒരു വല്യ ആഘോഷമാക്കി മാറ്റി. കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കെത്തിയ അവരെ ജാൻവിയുടെ വീട്ടുകാർ ചന്ദനം തൊട്ടു വരവേറ്റു.
കൊട്ടാരം പോലുള്ള വേദിയിൽ നിന്ന് എല്ലാവരെയും കൈകൂപ്പി ആര്യൻ സോഫയുടെ വലതു വശത്തിരുന്നു . അല്പം കഴിഞ്ഞപ്പോൾ ജാൻവിയും അങ്ങോട്ട് വന്നു . നിറയെ കൃസ്റ്റലുകളും , കല്ലുകളും ഉപയോഗിച്ച് മനോഹരമാക്കിയ ഒരു വൈൻ റെഡ് നിറത്തിലുള്ള ലഹങ്കയും ബ്ളൗസുമായിരുന്നു വേഷം .സ്വർണ്ണവും ഡയമെണ്ടും ഇടകലർന്ന ആഭരണങ്ങൾ. ഇരുകൈകളിലും സ്വര്ണവളകൾക്കൊപ്പം നിറയെ കുപ്പിവളകളും. കണ്ടാൽ രാജ്പുത് രാജകുമാരിയെ പോലെ തന്നെ. ആര്യൻ, താൻ ഒരുപാടു ആളുകളുടെ മുന്നിൽ ആണ് ഉള്ളതെന്ന എന്ന ഓർമ്മയില്ലാതെ അവളെ തന്നെ നോക്കിയിരുന്നു. ജാൻവിയും വേദിയിലേക്ക് വന്നു എല്ലാവരെയും തൊഴുതു ആ സോഫയുടെ ഇടത് വശത്തു വന്നിരുന്നു . അൽപ സമയത്തിന് ശേഷം വരമാല എന്നറിയപ്പെടുന്ന , വിവാഹ ചെറുക്കനും പെണ്ണും പരസ്പരം പൂമാല കഴുത്തിൽ അണിയുന്ന ചടങ്ങു നടന്നു. അതിനു ശേഷം , വീട്ടുകാരോടും ബന്ധുക്കാരോടുമൊപ്പം ഫോട്ടോ എടുക്കലും പിന്നെ അത്താഴം കഴിക്കലും. രാത്രി പതിനൊന്നു മണിയായതോടു കൂടി അടുത്ത ബന്ധുക്കാരൊഴികെ വിവാഹത്തിന് വന്നവരെല്ലാം തിരികെപ്പോയി.
പക്ഷെ അതിനു ശേഷമായിരുന്നു , യതാർത്ഥ കല്യാണ ചടങ്ങുകൾ ആരംഭിച്ചത് . വെറും പത്തു മിനിറ്റ് കൊണ്ട് വിവാഹം നടത്തുന്ന കേരളത്തിൽ നിന്നും വന്ന ആര്യന്റെ വീട്ടുകാർക്ക് ഇതെല്ലം കണ്ടു ആശ്ചര്യപെട്ടു. രാത്രി പന്ത്രണ്ടു മണിക്ക് ശേഷം , അഗ്നികുണ്ഡത്തിന്റെ മുൻപിൽ വച്ച് മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ കന്യാദാനം നടന്നു. ജഗദീഷിന്റെ വലതു കൈക്കുള്ളിൽ ആര്യൻ തന്റെ വലുത് കൈ വിടർത്തി വച്ചു . അതിനു മുകളിലായി ജാൻവി തന്റെ രണ്ടു കൈകളും. പൂജാരി മന്ത്രങ്ങൾ ചൊല്ലി പരിശുദ്ധമായ ഗംഗാ ജലം അവരുടെ കൈകളിൽ ഒഴിച്ച് കന്യാദാനം പൂർത്തിയാക്കി , ജാൻവിയെ ആര്യന്റെതു മാത്രമാക്കി. പിന്നീട് മന്ത്രങ്ങൾ ഉരുവിട്ടു അർപ്പിക്കുന്ന നെയ്യുടെ കരുത്തിൽ തേജസ്സോടെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി അവൻ ജാൻവിയുടെ കഴുത്തിൽ താലി കെട്ടി. ഒടുവിൽ ജീവിതത്തിലെ പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകൾ എടുത്തു അല്ലങ്കിൽ ദൈവത്തോട് പ്രാർത്ഥിച്ചു ആ അഗ്നികുണ്ഡത്തെ ഏഴു തവണ വലം വച്ച് വിവാഹച്ചടങ്ങുൾ പൂർത്തിയായി. ഒടുവിൽ , രാവിലെ നാല് മണിയോടെ , അരിയും പണവും ചേർത്ത് താൻ ജനിച്ചു വളർന്ന വീട്ടിലേക്കു എറിഞ്ഞു , താൻ പോയാലും തന്റെ വീട്ടിൽ എപ്പോഴും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടാകണമെന്ന് മനസ്സിൽ പ്രാർത്ഥിച്ചു , തിരഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു ആര്യനൊപ്പം കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
രണ്ടു ദിവസങ്ങൾക്കു ശേഷം അവർ തിരിച്ചു നാട്ടിലേക്ക് വന്നു, ആ ഞായറാഴ്ച ആര്യന്റെ വീട്ടിൽ നാട്ടുകാർക്കും ബന്ധുക്കാർക്കുമായി ഒരു റിസപ്ഷൻ. ഈ ഒരാഴ്ചക്കിടയിൽ യാത്രകളും അടുത്ത ബന്ധുവീട് സന്ദർശനങ്ങളുമായി ഒരിക്കൽ പോലും മനസ്സ് തുറന്നൊന്ന് സംസാരിക്കാനോ എന്തിനു വിശ്രമം പോലും കിട്ടിയില്ല എന്നതായിരുന്നു സത്യം. കിടക്ക മുറിയിലെ ആര്യന്റെ മുഖഭാവത്തിൽ നിന്നും ജാൻവിക്കതു മനസ്സിലാവുകയും ചെയ്തു. പക്ഷെ ക്ഷീണം കാരണം രണ്ടു പേർക്കും ഒന്ന് പരിഭവം പറയാൻ പോലും ആകാതെ ഉറങ്ങിപ്പോവുകയായിരുന്നു പതിവ് . ഒടുവിൽ ലീവ് തീരുന്നതിനും ഒരാഴ്ച മുന്നേ ആര്യൻ ജാൻവിയുമായി ബാംഗ്ലൂർക്ക് പോന്നു . അടുത്ത ദിവസം രാവിലെ ഉറങ്ങി എഴുന്നേറ്റ അവൾക്കു മുൻപിൽ ഒരു കപ്പ് കാപ്പിയുമായി ആര്യൻ നിന്നു .
"ജാനൂ .."
"ഹ്മ്മ്മ്"
"നമുക്ക് ഒരു യാത്ര പോയാലോ "
"പോകാം .. എത്ര ദിവസം "
"ദാട്സ് മൈ ഗേൾ , നാല് ദിവസം.. പിന്നെ ഇത്തവണ പോകുമ്പോൾ ഡ്രെസ്സിന്റെ ഒപ്പം പാസ്പോര്ട് കൂടി എടുത്തോ"
രണ്ടു ദിവസത്തിനപ്പുറം മാലിദ്വീപിലെ ഒരു സ്വകാര്യ പൂളുള്ള വാട്ടർ വില്ലയിൽ അവനോടൊപ്പം കിടക്കവേ ജാൻവി ആ സ്വർണം കെട്ടിയ രുദ്രക്ഷത്തിൽ ചുണ്ടുകൾ കോർത്ത് നഗ്നമായ അവന്റെ നെഞ്ചിലേക്കമർന്നു .
"ആരൂ , എനിക്ക് വേണ്ടി ഒരു യാത്ര പോകാമോ "
"പോകാം "
"എങ്ങോട്ടാണെന്ന് നിനക്കറിയണ്ടേ "
"വേണ്ട ..
"
"നിനക്ക് വേണ്ടങ്കിലും ഞാൻ പറയാം, കേദാര്നാഥിലേക്കു , ആരുവിനെ എനിക്ക് തിരിച്ചു തന്ന മഹേശ്വരനെ കണ്ടു നന്ദി പറയാൻ .നമുക്കൊരുമിച്ചു നിന്ന് ..
"
പറഞ്ഞു തീരുന്നതിനു മുൻപ് എല്ലാം മനസ്സിലായവനെപ്പോലെ തലയാട്ടി അവളെ ബെഡിൽ നിന്നും കോരിയെടുത്തു ആര്യൻ ആ പൂളിലേക്കെറിഞ്ഞു.നെഞ്ചിൽ കൈകൾ ചേർത്ത് പൊങ്ങിവന്ന ജാൻവി അവനെ കണ്ടു കണ്ണുകൾ അടച്ചു. മീശ ഒന്ന് കൂടി പിരിച്ചു ,കുറ്റിത്താടിയിൽ തഴുകി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു അവനും ആ പൂളിലേക്ക് ചാടി .
ആര്യന്റെയും ജാൻവിയുടെയും ഒരുമിച്ചുള്ള ജീവിതം അങ്ങിനെ ഇവിടെ ആരംഭിക്കുകയാണ്.
(അവസാനിച്ചു)
Njan aad cheyan nokkunnu kazhiyunnila
ReplyDelete