"വൈറ്റില , വൈറ്റില , ലാസ്റ്റ് സ്റ്റോപ്പ് "
ഡ്രൈവർ വിളിച്ചു പറയുന്നത് കേട്ടാണ് ആര്യൻ ഉറക്കം തെളിഞ്ഞത്.
ബാഗുമായി ഇറങ്ങി , ഹബ്ബിലേക്കു നടന്നു.ഹബ്ബിൽ നിന്നും ഒരു വൈക്കം ബസിൽ കയറി തന്റെ സ്റ്റോപ്പിൽ ഇറങ്ങി. ഈ സമയമത്രയും അവൻ ആരെയോ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
"കൊച്ഛച്ചാ "
വീട്ടിലേക്കെത്തിയതേ സ്കൂളിൽ പോകാൻ റെഡിയായി നിന്ന ആദിത്യൻ അവൻറെ മേലേക്ക് ചാടിക്കയറി.
" കൊച്ഛച്ചൻ ഇന്ന് സ്കൂളിൽ വരുവോ "
"എന്തിന് "
"ഇന്ന് എന്റെ പ്രസന്റേഷനാ "
"പ്രസന്റേഷനോ ,
UKG യിലോ "
"ആ .. കൊച്ഛച്ചൻ വന്നാൽ മതി , അപ്പൂപ്പൻ വേണ്ടാ "
"ആര്യാ , അവനു ഇന്ന് പ്രസന്റേഷൻ ഉണ്ട് , പെയിന്റിംഗ് ആണ് സബ്ജക്ട് . ഞാൻ ഇപ്പൊ അവിടുത്തെ ടീച്ചർ അല്ലെ ,അതുകൊണ്ടു എനിക്ക് പോകാൻ പറ്റില്ല. ഏട്ടന് ട്രെയിനിങ് ആയിട്ടു നേരത്തെ പോയി. അതാ അച്ഛനും അമ്മയും വരട്ടെ എന്ന് പറഞ്ഞത്. എന്നാലും അവനു പിടിച്ചില്ല. നീ ഒന്ന് വരാമോ , ഒരു മണിക്കൂർ മതിയെടാ "
സൗമ്യ ഉമ്മറത്തേക്ക് വന്നു ആദിത്യനെ പിടിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു.
"ശെരി ചേച്ചി , എപ്പോളാ എത്തേണ്ടത് "
"നീ ഒരു പത്തു മണിയാകുമ്പോൾ വന്നാൽ മതി. ഞാൻ ഇവനേം കൊണ്ട് ഇറങ്ങുവാ "
"കൊച്ഛച്ചാ , വരണേ ..
" സൗമ്യ സ്കൂട്ടർ സ്റ്റാർട്ട് ആക്കിയപ്പോളും ആദി വിളിച്ചു പറഞ്ഞു.
"ശെരി മോനെ " അവനു നേരെ കൈ വീശി ആര്യൻ അകത്തേക്ക് പോയി.
"ഞാൻ രക്ഷപെട്ടു " ഉമ്മറത്തു പത്രം വായിച്ചുകൊണ്ടിരുന്ന കാർത്തികേയൻ പത്രം മടക്കി വച്ച് എഴുനേറ്റു.
"അച്ഛനെങ്ങോട്ടാ "
"ഞാൻ ഒന്ന് വെളിയിലേക്കിറങ്ങിയിട്ടു ഉച്ചക്ക് മുൻപേ വരാം "
"പെൻഷൻ പറ്റിയാലും വീട്ടിൽ ഇരിക്കാൻ കഴിയാതെ ഇങ്ങനെ കറങ്ങി നടക്കും , ഇപ്പൊ പോയത് വായനശാലയിലേക്കാ . നാളെ എന്തോ അയൽക്കൂട്ടം പരുപാടി ഉണ്ട് ,അതിനു വേണ്ടി. സ്കൂളിൽ പോണമല്ലോ എന്ന് വിചാരിച്ചു ടെൻഷൻ അടിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാ നീ മതിയെന്ന് ആദി പറഞ്ഞെ..
" അങ്ങോട്ട് വന്ന സുകന്യ അവന്റെ ബാഗ് എടുത്തു അകത്തേക്ക് നടന്നു.
"അച്ഛൻ അങ്ങിനെ നടക്കട്ടെ അമ്മെ "
"ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. നീ ഇങ്ങനെ വന്ന കാലിൽ നില്കാതെ പോയി കുളിച്ചിട്ടു വാ "
കുളി കഴിഞ്ഞു വന്നു ജാൻവിയെ വിളിച്ചു കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്കു അവൻ ഇരുന്നു. ആദ്യബെല്ലിൽ തന്നെ അവൾ ഫോൺ പിക്ക് ചെയ്തു.
"ഹലോ ജാൻ "
"പാസ് ആകർ ദൂർ ചാലേ ജാതെ ഹോ ,
ഹം അകെലെ ഹെ ഓർ അകെലെ ഹി റഹ് ജാതെ ഹെ ,
ദിൽ കാ ദർദ് കഹെ ഭി തോ കൈസേ കഹെ ,
ഹമാരെ അപ്നേ ഹി ഹമേ ജഖ്മ് ദേകെ ചലേ ജാതെ ഹെ "
(ഒറ്റക്കായിരുന്ന എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ജനിപ്പിച്ചു പിന്നെയും ഒറ്റക്കാക്കി നിങ്ങൾ അകന്നു പോയി,
എന്റെ ഈ ഹൃദയ വേദന എനിക്കാരോടും പറയാൻ സാധിക്കില്ല , കാരണം എന്നെ മുറിവേല്പിച്ചതു കടന്നു പോയത് എനിക്ക് അത്രക്ക് വേണ്ടപ്പെട്ടവർ ആയിരുന്നു)
"കൊള്ളാം .. നീ എന്ത് ചെയ്യുന്നു "
"ആരു , നീ ഇല്ലാതെ ഞാൻ എന്ത് ചെയ്യാൻ .. ഉറങ്ങുന്നു.
"
"എഴുനേറ്റു പോ പെണ്ണെ, ഇങ്ങനെ കിടന്നുറങ്ങിയാൽ തടി വയ്ക്കും "
"തടി വയ്ക്കട്ടെ , നിനക്കെന്താ ..
“
“"എനിക്കൊന്നുമില്ലേ ..
"
"ആരു , പ്ളീസ് അണ്ടർസ്റ്റാൻഡ് മീ .. ഇന്നലെ നീ പോയ ശേഷം ഞാൻ എന്തുമാത്രം വിഷമിച്ചു എന്നറിയാമോ . നീ ഇല്ലാത്ത ഓരോ നിമിഷങ്ങളും എനിക്ക് വേദന നിറഞ്ഞതാണ് , നിന്റെ ഓരോ യാത്രകളും എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. നീ എന്നിൽ നിന്നകന്നു പോകുന്നത് പോലെ, സത്യം പറയു .. നിനക്കു ഞാൻ ആരാണ് "
അവളുടെ വിങ്ങൽ അവനെ സങ്കടത്തിലാക്കി .ഒരിക്കൽ കൂടി അവന്റെ വാക്കുകൾ പ്രണയാർദ്രമായി.
"നീ .. ഞാൻ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും മണമുള്ള പൂവാണ് , ഞാൻ കേട്ട മനോഹരമായ ഗാനമാണ്, എന്റെ കണ്ണുകളിൽ തിളങ്ങി നിൽക്കുന്ന പൂര്ണചന്ദ്രനാണ് ,അതിലുപരി നീ എന്റെ ജീവനാണ് "
"എന്നിട്ടും നീ എന്തെ എന്നെ മനസ്സിലാക്കാത്തത് "
"മറന്നു പോയോ നീ ഇന്നലെ പറഞ്ഞത് "
"അറിയില്ല ആരു , ചില സമയങ്ങളിൽ തോന്നും എല്ലാം നിനക്ക് വേണ്ടി വിട്ടു തരുന്നതാണ് പ്രണയമെന്നു , പിന്നെ തോന്നും ആർക്കും വിട്ടു കൊടുക്കാതെ നിന്നെ ജീവിതകാലം മുഴുവൻ ചേർത്ത് പിടിക്കുന്നതാണ് പ്രണയമെന്നു , എനിക്കറിയില്ല ....
"
"അറിയണം ജാനൂ .. ഞാൻ പറഞ്ഞിട്ടില്ലേ .. പിരിയേണ്ടവരാണ് നമ്മൾ.
"
"ഒന്നില്ലങ്കിൽ നീ കഴിക്കൂ , അല്ലങ്കിൽ ഫോൺ ചെയ്യൂ." അടുക്കളയിൽ നിന്ന് വന്ന സുകന്യ ദേഷ്യത്തോടെ അവനോടു പറഞ്ഞു
സുകന്യയുടെ ശബ്ദം കേട്ടതും ജാൻവി നിശബ്ദയായി .
"അമ്മയുടെ മരുമോളാ ഫോണിൽ , അമ്മയുടെ വിശേഷം അന്വഷിച്ചതാ "
"ഹിന്ദിയിൽ " അടുക്കളയിലേക്കു നടന്ന സുകന്യ തിരിഞ്ഞു നിന്ന് ചോദിച്ചു.
"അതല്ലേ അമ്മെ നല്ലതു . രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും എന്താ പറയുന്നതെന്ന് മനസ്സിലാവില്ലല്ലോ , അപ്പൊ എന്റെ പകുതി ടെൻഷൻ തീരും. പിന്നെ , ഇനി വരും കാലത്തു പണിയാൻ ഹിന്ദിക്കാരെ കേരളത്തിൽ ഉണ്ടാകൂ.. നമുക്ക് ആ വഴിക്കും പ്രയോജനം ഉണ്ടാകും "
"ഹ ഹ ..നല്ല തമാശ . മോനെ, കണ്ട കുഞ്ഞു ഉടുപ്പിട്ടൊണ്ട് നടക്കുന്നവളുമാരെ കെട്ടാമെന്നു നിനക്ക് ആശയുണ്ടങ്കിൽ അത് മാറ്റി വച്ചോ. നിനക്ക് പറ്റിയ പെണ്ണിനെ ഞങ്ങൾ നോക്കികൊള്ളാം ."
സുകന്യ അടുക്കളയിലേക്കു തിരിച്ചു പോയി. കുറച്ചു നേരമായിട്ടും ശബ്ദം ഒന്നും കേൾക്കാത്തത് കാരണം ജാൻവി അസ്വസ്ഥയായി.
"ആരൂ ..
"
".."
"അരൂ "
"ഹാം "
"നീയെന്താ ഒന്നും മിണ്ടാത്തത് , അമ്മയെന്താ പറഞ്ഞെ ."
"നല്ല ചൂടുള്ള പുട്ടും കടലയും ചേർത്ത് കുഴച്ചു തിന്നാൻ എന്ത് ടേസ്റ്റ് ആണെന്ന് അറിയാമോ "
"നല്ല ഇടി വച്ച് തന്നാലുണ്ടല്ലോ , മരുമോൾ , പെണ്ണ് എന്നൊക്കെ കേട്ടല്ലോ "
"അതിവിടെ അടുത്ത വീട്ടിലെ കാര്യം പറഞ്ഞതാ. ഞാൻ ഇപ്പൊ വയ്ക്കുന്നു , അമ്മ ഇവിടെ ഉണ്ട് ,ഉച്ചക്ക് വിളിക്കാം "
"ഓക്കേ , ബൈ ഡിയർ "
"ഓക്കേ , ബൈ ഡിയർ "
"പെണ്ണ് മലയാളം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും ചെയ്തേ പറ്റു ". ഫോൺ കട്ട് ചെയ്തു ആത്മഗതം പറഞ്ഞു ആര്യൻ നോക്കിയത് അമ്മയുടെ മുഖത്തേക്ക് .
"അമ്മയെപ്പോൾ വന്നു "
"കുറെ നാളായി , കൃത്യമായ ദിവസം പറയാനോ " കാസറോളിലേക്കു പുട്ടു കുത്തിയിട്ടു കൊണ്ട് സുകന്യ പറഞ്ഞു .
"അതൊരു ഫ്രണ്ട് ആണമ്മേ , ജാൻവി . ഞാൻ പറഞ്ഞിട്ടില്ലേ "
"ആരാണേലും കൊള്ളാം , അടക്കവും ഒതുക്കവും ഉള്ളതായിരിക്കണം , പിന്നെ കെട്ടി ഇങ്ങോട്ടു കേറണം അങ്ങോട്ട് പോയേക്കരുത്.
" അമ്മയുടെ പുട്ടു കുത്തുന്ന കോലു വച്ചുള്ള സംസാരം കണ്ടിട്ട് അവനു ചിരി വന്നു.
"നമുക്ക് നോക്കാമമ്മേ " സുകന്യയുടെ കവിളിൽ പിടിച്ചു വലിച്ചു അവനെഴുനേറ്റു.
പത്തു മണിയോടെ ആര്യൻ ആദിയുടെ സ്കൂളിലെത്തി.
സെക്യൂരിറ്റി രെജിസ്റ്ററിൽ ഒപ്പു വച്ച് UKG ബി സെക്ഷന്റെ ക്ലാസ്സു അന്വഷിച്ചു മുൻപോട്ടു നടക്കുമ്പോളായിരുന്നു അത്രയും നാൾ കാത്തിരുന്ന ആ കാഴ്‌ച കണ്ടത്. തന്റെ ഹൃദയമിടിപ്പ് ഉയർന്നു ,താൻ ഇപ്പോൾ മരിച്ചുപോകുമെന്നു ആര്യന് തോന്നി.ഒരു കൈ സഹായത്തിനായി അടുത്തുണ്ടായിരുന്ന തൂണിൽ ബലമായി പിടിച്ചു . ഒരു മന്ത്രം പോലെ എന്തോ പലവട്ടം ഉരുവിട്ട് തുറന്നു കിടന്ന ജനലിലൂടെ ആ ക്ലാസ്റൂമിലെക്കു പ്രതീക്ഷയോടെ അവൻ നോക്കി.
(തുടരും )
No comments:
Post a Comment