Sunday, July 7, 2019

ആര്യൻ 10


"ഏക് നഹി , തീൻ കപ്പ് , ഫാദർ ആൻഡ് ബ്രദർ അയാ " ഒരു കപ്പിൽ മാത്രം ചായ പകർന്ന ജാൻവിയെ നോക്കി , ഹിന്ദി സീരിയലിലെ സകല നായികമാരെയു മനസ്സിൽ വിചാരിച്ചു സുകന്യ പറഞ്ഞു.

ആര്യന്റെ അച്ഛനും ചേട്ടനും എന്ത് പറയുമെന്ന ആധിയിൽ മൂന്നു ചായ കപ്പുകളും ഒരു ട്രേയിൽ വച്ച് ജാൻവി ഡൈനിങ്ങ് റൂമിലേക്ക് നടന്നു.

ഫോണിൽ നോക്കികൊണ്ടിരിക്കുന്ന രണ്ടുപേർക്കും ചായ ഡൈനിങ്ങ് ടേബിളിൽ വച്ച് മൂന്നാമത്തെ കപ്പ് അടുത്ത് ഭിത്തിയിൽ ചാരിനിൽകുന്ന ആര്യനും കൊടുത്തു അവൾ അവനോടു ചേർന്ന് നിന്നു

"സൗമ്യയെ, ഇതെന്താ ഹാഫ് ടീ . "

"സോറി പപ്പാജി, വിൽ ഗെറ്റ് മോർ"

കുടിച്ച ചായ ആകാശിന്റെയും കാർത്തികേയന്റേയും മൂക്കിൽ കൂടി ഒരേ സമയം വെളിയിൽ വന്നു. അവർ വിക്കി പുറകോട്ടു നോക്കി

"രണ്ടിനും അങ്ങിനെ തന്നെ വേണം, മൊബൈലിൽ നിന്നും തല എടുത്താലല്ലേ വീട്ടിൽ വന്നിരിക്കുന്നവരെ കാണു"
സുകന്യ അങ്ങോട്ട് വന്നു . തലയിലെ ഷാൾ ഒന്ന് കൂടി ശെരിയാക്കി ജാൻവി കാർത്തികേയന്റെ കാലിൽ തൊട്ടു.

"പപ്പാജി " കാർത്തികേയൻ പെട്ടന്ന് സീറ്റിൽ ഇരുന്നു തന്നെ അവളെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.

"ഭയ്യാ " അവൾ ആകാശിന്റെ നേരെ തിരിഞ്ഞതും അവൻ കൈ കൊണ്ട് വേണ്ട എന്നു കാണിച്ചു.

"ഇത് ആരാ.. "

"ജാൻവി , ആര്യന്റെ ഫ്രണ്ട് .. ഇന്ന് രാവിലെ വന്നതാ "സുകന്യ കാർത്തികേയന്റെ പോക്കറ്റിൽ കിടന്ന പേഴ്സിൽ നിന്നും ഡെബിറ്റ് കാർഡ് എടുത്ത് അങ്ങോട്ട് വന്ന സൗമ്യക്ക് നേരെ നീട്ടി.

"സൗമ്യേ , നീ ഇവരേം കൊണ്ട് എറണാകുളം വരെ പോ , എന്നിട്ടു അവൾക്ക് എന്താന്നു വച്ചാൽ വാങ്ങിക്കു. ആകാശേ അവൾക്കു മാത്രം വാങ്ങിക്കാനാണ് പോകുന്നെ , വേറെ ആർക്കെങ്കിലും വാങ്ങണമെങ്കിൽ സ്വന്തം പോക്കെറ്റിൽ നിന്ന് . പോയിട്ട് വൈകുന്നേരത്തിനു മുമ്പേ വരണം "

ആര്യൻ തല ചെരിച്ചു ജാൻവിയെ നോക്കി. അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു. സമയത്തു സുകന്യ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു

ജാൻവി യാത്ര ക്ഷീണം കാരണം ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേക്ക് കുറച്ചു നേരം കിടക്കാനായി പോയി. മറ്റുള്ളവർ ഉമ്മറത്തേക്കും. സമയമത്രയും അടുക്കളയിലായിരുന്ന സുകന്യ പുറകിൽ ആര്യന്റെ കാൽപ്പെരുമാറ്റം കേട്ടു .

"അമ്മ "

"എന്താടാ "

"അവൾ വന്നതിൽ അമ്മക്ക് ദേഷ്യമൊന്നും ഇല്ലല്ലോ "

"എന്തിനു , എനിക്കവളെ ഇഷ്ടമായടാ "

"അമ്മ ഇങ്ങനെ ഒന്നും പറയാതെ , ഞങ്ങൾ തമ്മിൽ അങ്ങിനെ ഒന്നും ഇല്ല "

"എന്നിട്ടാണോ , നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു അവൾ ഓടി വന്നത് "

"അമ്മക്ക് ഇപ്പൊ ഞാൻ പറയുന്നതൊന്നും മനസ്സിലാവില്ല . ഞാൻ അവളെ പറഞ്ഞു മനസിലാക്കാം .ഇനി അമ്മ കൂടി അവൾക്കു ആശ കൊടുക്കരുത് , ഒരു പാവമാണവൾ "

"അവളൊരു പാവമെന്നു നീ പറയുന്നു. നല്ല കുട്ടിയാണെന്ന് നേരത്തെ പറഞ്ഞു. പിന്നെ എന്താ പ്രശനം"

"അമ്മെ , അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് , അതിലുപരിയായി ഞാൻ ഒന്നും കരുതിയിട്ടില്ല , അത് മാത്രവുമല്ല "

"പിന്നെ .. "

"പിന്നെ ഒന്നുമില്ല"

"ശെരി , ഇന്നലെ നീ എന്തിനാ ഇവിടെ ഇരുന്നു കരഞ്ഞേ, എന്തിനാ ഞങ്ങളുടെ മുൻപിൽ വരാതെ വൈകിട്ടു ചേട്ടന്റെ ഒപ്പം പോയെ. ഇന്ന് നീ എങ്ങനാ ഇത്ര സന്തോഷത്തിൽ ഇരിക്കുന്നെ"

"അത് പിന്നെ"

"മോനെ, അമ്മക്ക് നിന്റെ നടത്തത്തിൽ, സ്വരത്തിൽ എല്ലാം നിന്റെ അവസ്ഥ മനസ്സിലാകും. അത് പോലെ തന്നെ യാണ് നിന്റെ ജാനുവും. നിന്റെ ഹൃദയമിടിപ്പിൽ നിന്ന്, ശരീര ഭാഷയിൽ നിന്ന്, ശബ്ദത്തിൽ നിന്ന് നിന്റെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ അവൾ അമ്മക്ക് തുല്യമല്ലേ. പിന്നെ ഒരാളെ മറന്നു മറ്റൊരാളെ ഉടനെ സ്നേഹിക്കുക എന്നൊക്കെ പറയുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ അവൾ നിന്റെ കൂടെ ഉണ്ടെങ്കിൽ എല്ലാം ശരിയാകും. അവൾക്കു മാറ്റാൻ കഴിയാത്ത സങ്കടമൊന്നും നിനക്കില്ല മോനെ. എല്ലാം മറന്നു കുറച്ചു നാൾ അവൾ പറയുന്നത് കേൾക്കൂ. അവളുടെ കുടുംബം , അവരുടെ സമ്മതം ഇതൊക്കെ നേടാൻ നോക്കൂ. എന്റെ മനസ്സ് പറയുന്നു അവളാണ് നിനക്ക് പറഞ്ഞിരിക്കുന്നത് എന്ന്"

"'അമ്മ എങ്ങനെ ഇന്നലത്തെ കാര്യം .."

"നീ ഇന്നലെ വരെ ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് , അടുത്ത കൂട്ടുകാരനെ പോലെ. പിന്നെ , രാവിലെ സൗമ്യ ആണ് ഐശ്വര്യയുടെ കാര്യം പറഞ്ഞത് . ഇപ്പോൾ നീ ഇതൊന്നും ആലോചിച്ചു വിഷമിക്കണ്ട. അവളോടൊപ്പം പോയി കുറച്ചു ഡ്രസ്സ് എല്ലാം എടുക്കു. എന്നിട്ടു പറ്റുമെങ്കിൽ കുറച്ചു നേരം അവളുമായി തനിച്ചു സംസാരിക്കൂ.. ഒരു കാര്യം നീ എപ്പോളും ഓർത്തു വച്ചോ .. ഒരു നല്ല സുഹൃത്തിന് നല്ല കാമുകിയാകാൻ സാധിക്കും, അത് പോലെ നല്ല ഭാര്യയാകാനും. ഒരു കാമുകിയോ ഭാര്യയോ നല്ല സുഹൃത്താവാണമെന്നില്ല. അങ്ങിനെ വരുമ്പോൾ അവിടെ പ്രശ്ങ്ങൾ ഉണ്ടാകും. അല്ലങ്കിൽ ആരെങ്കിലും ഒരാൾ വിട്ടു വീഴ്ച ചെയ്യേണ്ടി വരും. മനസ്സിൽ ദേഷ്യം വച്ച് സ്നേഹം പ്രകടിപ്പിക്കേണ്ടി വരും. ഇതൊന്നുമില്ലാതെ വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നവരില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്, നിന്റെ അച്ഛനെയും എന്നെയും പോലെ .. ഞങ്ങൾ വിവാഹം കഴിഞ്ഞു ആദ്യം സുഹൃത്തുക്കളായി, പിന്നെ കാമുകി കാമുകന്മാരായി ഒടുവിൽ ഭാര്യയും ഭർത്താവും. ഇതൊക്കെ അമ്മക്കു മോനോട് പറയാമോ എന്നു ചോദിച്ചാൽ , നീ ഇതൊക്കെ അറിയേണ്ട പ്രായമായി. അത് കൊണ്ടാണ് പറഞ്ഞു തരുന്നത്. "

അമ്മ പറഞ്ഞതെല്ലാം മനസ്സിലായെങ്കിലും അപ്പോളും അവനൊരു തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല

കുറച്ചു സമയത്തിന് ശേഷം അവർ എറണാകുളത്തിന് യാത്രയായി . ആകാശും സൗമ്യയും ആര്യനും ജാൻവിയും മാത്രം . റിജോ ഉറങ്ങണമെന്നു പറഞ്ഞു വീട്ടിൽ തന്നെ നിന്നു.

ഷോപ്പിംഗ് കഴിഞ്ഞു അവർ നേരെ പോയത് സുഭാഷ് പാർക്കിലേക്കായിരുന്നു . ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ കായലിനെതിരായി ജാൻവിയും ആര്യനും ഇരുന്നു

" കോൻ കഹ്താ ഹേ ഇഷ്ക് മേ ബസ് ഏകരാർ ഹോത്താ ഹേ
കോൻ കഹ്താ ഹേ ഇഷ്ക് മേ ബസ് ഇൻകാർ ഹോത്താ ഹേ 
തൻഹായി കോ തും ബേബസി കാ നാം ദോ
ക്യുംകി ഇഷ്ക് കാ ദൂസാരാ നാം ഹി ഇന്തേസ്സാർ ഹോത്താ ഹേ "

(പ്രണയത്തിൽ സമ്മതം മാത്രമേ ഉള്ളു എന്ന് ആരാണ് പറഞ്ഞത് 
പ്രണയത്തിൽ വിസമ്മതം മാത്രമേ ഉള്ളു എന്ന് ആരാണ് പറഞ്ഞത്
എന്റെ ഒറ്റപെടലിനെ നിസ്സഹായാവസ്ഥ എന്ന് വിളിക്കരുത് 
കാരണം പ്രണയത്തിൻറെ മറ്റൊരു പേര് കാത്തിരിപ്പ് എന്ന് ആണ് ) 

"ജാൻവി , എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് "

"ആരു , നീ പറഞ്ഞതെല്ലാം ഞാൻ ക്ഷമയോടെ കേട്ടിട്ടുണ്ട് , ഇനിയും എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം, പക്ഷെ , ഇന്ന് , ഇപ്പോൾ ആദ്യം ഞാൻ പറയാം. ഒരു തവണ എങ്കിലും ഞാനും ജയിച്ചോട്ടെ "




"...."

(തുടരും)

No comments:

Post a Comment