Sunday, July 7, 2019

ആര്യൻ 19



വൈകുന്നേരം എല്ലാവരും ചേർന്ന് ബാല്കണിയിൽ ഇരുന്നു വർത്തമാനം പറയുമ്പോഴായിരുന്നു വീടിന്റെ മുറ്റത്തേക്ക് ഒരു പഴയ മോഡൽ കമാൻഡർ ജീപ്പ് ഇരച്ചെത്തിയത് . അതിൽ നിന്നിറങ്ങിയ ആളുകളെ കണ്ടു കൗസല്യയുടെയും ജഗദീഷിന്റെയും മുഖം ഇരുണ്ടു. ആരും അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു അവർ രണ്ടു പേരും ജഗ് മോഹനുമായി താഴേക്ക് പോയി.

വന്നതാരെല്ലാമാണെന്നു ജാൻവിയുടെ മുഖഭാവത്തിൽ നിന്ന് വ്യ്കതമായിരുന്നു . അവൾ ഒരു കൈകൊണ്ടു ഭയ്യയെയും മറു കൈകൊണ്ടു ആര്യനെയും മുറുക്കെ പിടിച്ചു. താഴെ നിന്ന് ബുന്ദേലി ഭാഷയിൽ വാഗ്വാദങ്ങൾ ഉയർന്നു കേട്ടു. പേടിച്ചിട്ടെന്നപോലെ ജാൻവി ഇരുവരെയും മാറി മാറി നോക്കി

"ജയ് ആര്യനുമായി താഴേക്ക് വരൂ " ജഗദീഷ് വിളിച്ചതനുസരിച്ചു ജയ് ആര്യനുമായി താഴേക്ക് പോകാനിറങ്ങി

"ഭയ്യാ " ജാൻവി പോകരുതെന്ന അപേക്ഷയുടെ ഭാവത്തിൽ ജയ്യുടെ കൈകൾ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി.

"ഒന്നും സംഭവിക്കില്ല മോളെ , ഭാവേഷ് നീ ഇവർ രണ്ടു പേരുമായി റൂമിലേക്ക് കയറിക്കൊള്ളൂ " ജാൻവിയുടെ കവിളിൽ തട്ടി ഭവേഷിനെ നോക്കിയിട്ട് അവൻ താഴേക്കിറങ്ങി. ഒന്നും ഉണ്ടാകില്ല എന്നർത്ഥത്തിൽ അവളെ കണ്ണടച്ച് കാണിച്ചു ആര്യനും പുറകെ പോയി.

താഴേക്ക് ചെല്ലുമ്പോൾ ,തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളെ ആര്യൻ കണ്ടു. സോഫയിൽ പ്രായം ചെന്ന ഒരാളും പിന്നെ വേറെ രണ്ടു പേരും ഇരിപ്പുണ്ട് . അടുത്തായി രോഹിതും പിന്നെ വേറെ രണ്ടു യുവാക്കളും . ആര്യൻ അങ്ങോട്ട് എത്തിയ ഉടനെ സോഫയിൽ ഇരുന്ന പ്രായം ചെന്ന മനുഷ്യനും മറ്റൊരാളും എഴുനേറ്റു.

"അപ്പോൾ നീയാണോ മദ്രാസി, ഞങ്ങളുടെ പെണ്ണിനെ മയക്കി എടുത്തവൻ . നിനക്ക് എന്ത് യോഗ്യത ഉണ്ടെടാ ഒരു രാജ്പുത് പെണ്ണിനെ കെട്ടാൻ , നിറം കണ്ടു പുറകേ കൂടിയതാ നീ , അതോ അവളുടെ സ്വത്തും കുടുംബവും കണ്ടോ " അയാൾ ആര്യന്റെ നേരെ ആക്രോശിച്ചു. ആര്യൻ എന്തോ പറയാൻ വായ് തുറന്നെങ്കിലും തന്റെ തോളിൽ അമർന്ന ജയ് യുടെ കൈകൾ ഒന്നും മിണ്ടരുതെന്നു അവനോടു അപേക്ഷിച്ചു.

"ഹേ അതുമാത്രമായിരിക്കില്ല ഭയ്യാ , കണ്ടില്ലേ അവന്റെയൊരു നിൽപ്. പേരിനൊരു ആര്യൻ ഉണ്ട് കൂടെ. പക്ഷെ പേരിട്ടകൊണ്ടൊന്നും നിനക്കു ആര്യന്മാരുടെ ആഢ്യത്വം കിട്ടില്ല മോനെ. നീ എന്നും തെക്കൻ മദ്രാസി തന്നെ, ചോറും മീനും തിന്നുന്ന രാക്ഷസന്റെ വർഗം ."

ആര്യൻ മുഖമൊന്നു തഴുകി മുന്നോട്ടു ഒരു കാൽ വച്ചു . അപ്പോഴേക്കും കൗസല്യ അവരുടെ ഇടയിലേക്ക് കയറി

"ദയവായി ഇപ്പോൾ തന്നെ എല്ലാവരും ഇവിടുന്നിറങ്ങണം , അവൻ ഞങ്ങളുടെ അതിഥി ആണ്, ഭാവി മരുമകനും. അവനെ നിങ്ങൾ ആക്ഷേപിക്കുന്നത് ഞങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. "

"കൗസല്യ , നീ പണ്ടേ അഹങ്കാരി ആണെന്ന് ഞങ്ങൾക്കറിയാം, വല്യ ഡോകട്ർ അല്ലെ. എന്ന് കരുതി ജാതകം പോലും നോക്കാതെ ഞങ്ങളുടെ രക്തത്തെ ആർകെങ്കിലും കെട്ടിച്ചു കൊടുക്കാമെന്നു നീ കരുതരുത്. "

"മതി , ഇനി നിങ്ങൾ ഒരക്ഷരം മിണ്ടിപ്പോകരുത് " കൗസല്യയുടെ മുഖഭാവം മാറുന്നത് ആര്യൻ അറിഞ്ഞു. ഓരോ സ്ത്രീയും ദേഷ്യം പൂണ്ടാൽ ദുർഗയായി മാറുമെന്ന് അമ്മ പറഞ്ഞതവനോർത്തു .

"മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് , അടുക്കളയിൽ ഒളിച്ചിരുന്ന ഒരു പതിനാലുകാരിയെ നിങ്ങൾക്കറിയൂ. പറഞ്ഞ ജാതകം പോലും നോക്കാതെ, അന്ന് വിവാഹം എന്താണെന്നു പോലുമറിയാത്ത പ്രായത്തിൽ കല്യാണ പന്തലിലേക്ക് എന്നെ എറിഞ്ഞു കൊടുത്തപ്പോൾ , പിന്നീട് ഇദ്ദേഹത്തിന്റെ മുൻപിൽ വച്ച് ഇവൾ നിന്റെ ഭാര്യയാണ് , തല്ലുവോ , കൊല്ലുവോ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞപ്പോൾ മുറിഞ്ഞു പോയതാണ് എനിക്ക് നിങ്ങളോടും പിന്നെ നിങ്ങളുടെ അച്ഛനോടുമുള്ള രക്തബന്ധം. പതിനാലുകാരി അല്ല ഞാനിപ്പോൾ, അതുപോലെ അന്ന് നിങ്ങളെ പേടിച്ചു കഴിഞ്ഞ പോലീസുകാരുമല്ല ഇപ്പോൾ ഉള്ളത് , കാലം ഒത്തിരി മാറിപ്പോയി. അത് കൊണ്ട് നിങ്ങൾ വീട്ടിലേക്കു പോയ്കൊള്ളൂ. "

"കൗസല്യ , നിന്റെ മകളുടെ നല്ലതിന് വേണ്ടിയാണിത് പറയുന്നത്. നമ്മുടെ കുടുംബത്തിൽ നിന്നല്ലങ്കിൽ പോലും, നമുക്ക് നല്ല ക്ഷത്രിയനെ കണ്ടെത്താം.."

"വേണ്ട .. എന്റെ മകളുടെ കാര്യമോർത്തു നിങ്ങൾ സങ്കടപെടേണ്ട. ഞാൻ നിങ്ങളുടെ ആരുമല്ല. പണ്ടേ അറുത്തു മുറിച്ചു കളഞ്ഞതാണ് നിങ്ങളുമായുള്ള ബന്ധം. പിന്നെ, അവളെ ഞങ്ങൾ ഏൽപ്പിക്കുന്നത് സുരക്ഷിതമായ കൈകളിൽ ആണെന്നുള്ള വിശ്വാസം ഞങ്ങൾക്കുണ്ട്. അവർ ആരും ഇരുട്ടിന്റെ മറവിൽ തട്ടികൊണ്ടു പോകാൻ വന്നതല്ല, അന്തസ്സായി പെണ്ണ് ചോദിച്ചു വന്നതാണ്. സ്ത്രീകളെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന നാട്ടിൽ നിന്ന്. അതുമല്ല, അവൾക്കു സ്വന്തം കാലിൽ നിൽക്കാനുള്ള യോഗ്യതയുണ്ടു , അതിനെ അംഗീകരിക്കാനുള്ള മനസ്സ് ഇവനുമുണ്ട്. " അവരുടെ നേരെ ചൂണ്ടിപിടിച്ച കൗസല്യയുടെ കൈ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി. അവർ രണ്ടു പേരും കൗസല്യയുടെ ഭാഗത്തു നിന്ന് അങ്ങിനെ ഒരു സംസാരം പ്രതീക്ഷിച്ചിരുന്നില്ല എന്ന വണ്ണം തല കുനിച്ചു.

"അപ്പോൾ , നിങ്ങൾ രണ്ടു പേരും വീട്ടിലേക്കു ചെല്ലൂ. പറ്റുമെങ്കിൽ നിങ്ങൾ അന്തസ്സായി കല്യാണം കഴിപ്പിച്ചു വിട്ട നിങ്ങളുടെ പെണ്മക്കളെ അവരുടെ അച്ഛനായിട്ടു ഒന്ന് വിളിച്ചു ചോദിക്കു, സന്തോഷമാണോ എന്ന്. അതോ അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയും വഴക്കും തല്ലും ഏറ്റു ജീവിക്കുകയാണോ എന്ന് . ആദ്യം , സ്വന്തം വീട് നന്നാക്കൂ, എന്നിട്ടാവാം മറ്റുള്ളവരുടെ കാര്യം. രോഹിതേ നീ വല്യച്ചന്മാരെയും കൊണ്ട് പോ " അവർ വാക്കുകൾക്ക് ഒട്ടും ഇടർച്ചയില്ലാതെ പറഞ്ഞ നിർത്തി.

രോഹിതും രണ്ടു യുവാക്കളും നേരത്തെ സംസാരിച്ച രണ്ട് പേരും പുറത്തേക്കിറങ്ങി. സോഫയിൽ ഇരുന്ന മൂന്നാമത്തെ ആൾ കൗസല്യയുടെ അടുത്തെത്തി അവരുടെ തോളിൽ തട്ടി

"മോളെ , ഇളയ ആൾ എന്ന നിലയിൽ എന്നും അവർ പറയുന്നത് കേൾക്കാമായിരുന്നു എനിക്ക് വിധി. എന്റെ രോഹിതിനെ നിന്റെ അടുക്കലേക്കു വിട്ടത് തന്നെ ഇവരുടെ അടുക്കൽ നിന്നും രക്ഷപെടാനായിരുന്നു. അവർ പറഞ്ഞതൊന്നും കാര്യമാക്കണ്ട , ഞാൻ കല്യാണത്തിന് ചിലപ്പോഴെ വരൂ. നീ ഇതവൾക്കു കൊടുക്കണം. " അയാൾ തന്റെ താറുടുത്ത മുണ്ടിന്റെ സൈഡിൽ നിന്ന് ഒരു ചെറിയ പൊതികെട്ടെടുത്തു അവരെ ഏല്പിച്ചു. അതിനു ശേഷം അയാൾ ആര്യന്റെ അടുക്കലേക്കു വന്നു, അവന്റ കൈകൾ രണ്ടും തന്റെ കൈയിൽ കൂട്ടിപ്പിടിച്ചു.

"ഞാൻ ജാൻവിയുടെ ഇളയ മാമനാണ് . ഇവളുടെ നേരെ മൂത്തത്. അന്നിവളുടെ അവസ്ഥ കണ്ടു കരയാനെ സാധിച്ചുള്ളൂ. ഇതോക്കെ കണ്ടു മോൻ അത്ഭുതപെട്ടുകാണും , നിങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലല്ലോ. എന്റെ മോളെ നല്ലവണ്ണം നോക്കണം. എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും " നിറഞ്ഞു വന്ന കണ്ണ് തുടച്ചു അയാൾ ഇറങ്ങിപ്പോയി.

ജീപ്പ് സ്പീഡിൽ വെളിയിലേക്കു ഓടിച്ചു പോയതോടെ മുകളിൽ നിന്നും ജാൻവി ഓടിവന്നു. അവൾ അമ്മ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ജയ് ആര്യനുമായി മുകളിലേക്ക് പോയി. ഒരു പെരുമഴ തോർന്ന പ്രതീതി ആയിരുന്നു ആവിടെ .

രാത്രിയുടെ ഏതോ യാമത്തിൽ ബാൽക്കണിയിൽ നിലത്തു ഇരിക്കുകയായിരുന്നു ആര്യനും ജാൻവിയും .
നിലാവ് പൊഴിക്കുന്ന പൂർണ്ണ ചന്ദ്രനെ നോക്കി ഭിത്തിയിൽ ചാരിയിരിക്കുന്ന ആര്യന്റെ നെഞ്ചിലേക്കമർന്നു ഒരേ കമ്പിളിക്കുള്ളിൽ ജാൻവി . ജയ്യോട് അനുവാദം വാങ്ങി വന്നതാണ് രണ്ടു പേരും

"ആര്യൻ, അവർ അങ്ങിനെ പറഞ്ഞപ്പോൾ നീ പേടിച്ചു പോയോ"

"ഇല്ല , പക്ഷെ എന്തെക്കൊയോ തിരിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ ജയ് .. അവൻ എന്നെ തടഞ്ഞു "

"അറിയാം ആര്യൻ, അഭിമാനമുളവർക്ക് കേട്ടു നിൽക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ തന്നെയാണ് അവർ പറഞ്ഞത് , പക്ഷെ, ചില സമയങ്ങളിൽ .. "

"ജാനൂ, ശെരിക്കും നിനക്കെന്നെ ഇഷ്ടമല്ലേ, നിനക്കും , നിന്റെ വീട്ടുകാർക്കും .."

ആര്യൻ പറഞ്ഞു തീരുന്നതിനു മുൻപേ ജാൻവി തിരിഞ്ഞിരുന്നു അവന്റെ വായ് പൊത്തി . അവളുടെ കണ്ണുകൾ നിറയുന്നത് നിലാവിന്റെ വെളിച്ചത്തിൽ അവൻ കണ്ടു

"സാസോം സെ പ്യാരി ആപ് കി ചാഹത്
ധട്കനോ സെ പ്യാരി ആപ് കി മൊഹബ്ബത് 
ജിന്ദഗി സെ പ്യാരി ആപ് കി മുസ്ക്റാഹട്ട് 
ഇസ്കെ ലിയേ കർതെ രഹെ ഉമ്രഭർ ഖുദ്കി ഇബാദത് "

(എന്റെ ശ്വാസത്തെക്കാൾ നിന്റെ പ്രണയത്തെ ഞാൻ ഇഷ്ടപെടുന്നു,
എന്റെ ഹൃദയമിടിപ്പിനെക്കാൾ നിന്റെ പ്രണയത്തെ ഞാൻ ഇഷ്ടപെടുന്നു,
എന്റെ ജീവിതത്തേക്കാൾ നിന്റെ പുഞ്ചിരിയെ ഞാൻ ഇഷ്ടപെടുന്നു,
നിനക്ക് വേണ്ടി , നിന്റെ പ്രണയത്തിനു വേണ്ടി , നിന്റെ സന്തോഷമുള്ള ജീവിതത്തിനായി ജീവിതം മുഴുവൻ ഞാൻ പ്രാർത്ഥിക്കുന്നു. )

"ആരൂ , നാളെ തന്നെ മടങ്ങിപ്പോയാലോ , നമ്മൾ മാത്രമുള്ള , നമ്മുടെ ലോകത്തേക്ക് "

"ജാൻ, നീ എന്ത് കരുത്തും എന്നെനിക്കറിയില്ല. ബന്ധങ്ങൾ അതൊരിക്കലും തകർത്തു കളയാനുള്ളതല്ല . അതൊരു മാല പോലെയാണ് , അതിലേക്കു പല നിറത്തിലും വലുപ്പത്തിലും ഉള്ള മുത്തുകൾ ചേർത്ത് കോർത്തെടുക്കുമ്പോൾ അതിനു നീളം കൂടും ഒപ്പം ഭംഗിയും . പിന്നെ , മുത്ത് കോർത്ത നൂലിന്റെ കട്ടി പോലെയിരിക്കും മാലയുടെ ആയുസ്സ് . എത്ര അടുത്ത് നിന്ന് സ്നേഹിക്കാൻ പറ്റുമോ ബന്ധങ്ങൾക്കും അത്രയും ആയുസ്സു ലഭിക്കും. നിനക്ക് നിന്റെ അച്ഛനോടുള്ള പോലെ അല്ലങ്കിൽ അദ്ദേഹത്തിന് തിരിച്ചു നിന്നോടുള്ള പോലെ അച്ഛനും ദാദക്കും പരസ്പരമുള്ള ഇഷ്ടം,അതൊക്കെ ഇപ്പോഴേ പ്രകടിപ്പിക്കാൻ സാധിക്കൂ."

"ആരൂ , നിന്നോടൊരിക്കലും പറഞ്ഞു ജയിക്കാൻ എനിക്കാവില്ല " ജാൻവി കമ്പിളി ഒന്ന് കൂടി പുതച്ചു അവനോടു ചേർന്നിരുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം അവർ ലളിത്പൂരിലേക്കും , കുറച്ചു ദിവസം അച്ഛനോടും അമ്മയോടും ഒപ്പം താമസിച്ച ശേഷം ജാൻവിയും ആര്യനും ബാംഗ്ലൂരേക്കും ജയ് ഡെൽഹിക്കും മടങ്ങിപ്പോയി

***********************
രണ്ടു മാസങ്ങൾക്കിപ്പുറം :- 
ആര്യന്റെ വീട്ടുകാരുടെ നിർബന്ധം കാരണം രണ്ടു പേരും ഇപ്പോൾ രണ്ടിടത്താണ് താമസം . ആര്യൻ ഫ്ലാറ്റിലും , ജാൻവി പിജി യിലും . ഓഫീസിൽ വച്ചും , പിന്നെ വീക്കെന്റുകളിൽ മാളുകളിലോ പാർക്കിലോ അല്ലാതെ യാതൊരു തരത്തിലുമുള്ള കണ്ടുമുട്ടലുകൾ ഇല്ല എന്ന് തന്നെ പറയാം . ആര്യന്റെ അമ്മ എന്നും വിളിച്ചു ജാൻവിയോട് കാര്യങ്ങൾ അന്വഷിക്കും,അവളാകട്ടെ ഉള്ളതെല്ലാം സത്യമായിട്ടു വിളിച്ചു പറയുകയും ചെയ്യും.

രണ്ടു മാസമായി ജാൻവിയും ആര്യനും കാത്തിരിക്കുന്നത് മാർച്ച് മൂന്നു ആകാൻ വേണ്ടിയാണ് .

(തുടരും)

1 comment:

  1. കുറേ പാർട്ട്‌ മിസ്സിംഗ്‌ ആണ് കേട്ടോ

    ReplyDelete