Friday, August 30, 2019

തൂക്കുപാലം




തുള്ളിക്കൊരുകുടം നിറയുന്ന കാലവർഷത്തിൽ നാരായണൻ വീണ്ടും ആ പാലം കയറി , തൂക്കുപാലം .


"എങ്ങോട്ടാ നാരായണേട്ടാ ..ഈ മഴയത്ത്.. "


പുഴയുടെ കരയിലെ ചായക്കടയിൽ ഇരുന്നു വിളിച്ചുചോദിച്ചവരോട് ഒന്നും മിണ്ടാതെ അയാൾ കാറ്റത്തു ഉലഞ്ഞു പോകുന്ന, നിറയെ തുളകൾ ഉള്ള , കറുത്ത തുണിയിൽ നിന്നും രണ്ടോ അതിലധികമോ കമ്പികൾ വെളിയിലേക്കു തള്ളി നിൽക്കുന്ന തന്റെ നീളൻ കുടയിൽ ഇടതു കൈ കൊണ്ട് ബലമായി പിടിച്ചു വലതു കൈകൊണ്ടു പാലത്തിന്റെ കൈവരികളിൽ അമർത്തി മുകളിലേക്ക് പടികൾ കയറിത്തുടങ്ങി.


സഖാവ് മന്ത്രിസഭ ഉണ്ടാക്കിയ കൊല്ലം , തന്റെ ഇരുപതാമത്തെയോ മറ്റോ വയസ്സിൽ ആണ് ആദ്യമായി ഇതുപോലൊരു മഴയത്തു ഈ പുഴകടന്നു വന്നത് എന്ന് അയാൾ ഓർത്തു. അന്നൊരിക്കൽ തുരുത്തിലെ പറമ്പിൽ കിളച്ചു കൊണ്ടിരുന്ന തന്റെയടുക്കൽ വന്നു മേലെക്കാട്ട് കേശവൻ തമ്പ്രാൻ കൂടെ വരുന്നുണ്ടോടാ എന്ന് ചോദിച്ചത്. കടുക് പെറുക്കി എറിഞ്ഞപോലെ മൂവാറ്റുപുഴയാറിന്റെ കൈവഴികളിൽ കിടക്കുന്ന എത്രയോ തുരുത്തുകളുടെ അധിപൻ ആയിരുന്നു മേലെക്കാട് തമ്പ്രാന്മാർ. അന്ന് വൈകിട്ട് തമ്പ്രാൻ തിരികെപ്പോയ വള്ളത്തിൽ താനും ഉണ്ടായിരുന്നു. കാറ്റിലും മഴയിലും കുത്തൊഴുക്കിലുമായി ഉലഞ്ഞുപോയ വള്ളത്തിൽ നിന്നും ചാടിയിറങ്ങി കരയിലേക്ക് നീന്തി , ഓലകെട്ടാൻ കൊണ്ടുവന്ന കയറു കൊണ്ട് വള്ളത്തിൽ കെട്ടി കരക്കടുപ്പിച്ചപ്പോൾ തമ്പ്രാൻ തോളിൽ തട്ടി കാര്യസ്ഥൻ ശങ്കരനോട് പറഞ്ഞത് , പാടത്തിന്റെ കരയിലെ സ്ഥലത്തു ഇവൻ വീട് വയ്ക്കട്ടെ , നാളെ മുതൽ നമ്മുടെ പറമ്പിൽ പണിയാൻ ഇവനും ഉണ്ടാകും എന്നാണ് .


പിന്നീടെപ്പോഴോ പണിക്കിടയിൽ , മേലെക്കാട് വീടിന്റെ വടക്കേ മുറ്റത്തു കഞ്ഞി വെള്ളം ചോദിച്ചു ചെന്നപ്പോഴാണ് തമ്പ്രാട്ടികുട്ടിയെ പോലെ ഉള്ള ഒരു അടുക്കളക്കാരിയെ കണ്ടത് . അവളോടു തോന്നിയ മോഹം കാരണം , ഒളിഞ്ഞും തെളിഞ്ഞും നോക്കി നടന്ന തന്നോട് തമ്പ്രാൻ തന്നെയാണ് പറഞ്ഞത് , അവളെ കൂടെ കൂട്ടിക്കോ എന്ന്.


പാടത്തിന്റെ കരയിലെ ഓലമേഞ്ഞ , ചാണകം മെഴുകിയ വീട്ടിൽ വീട്ടുകാരിയായി അവളെത്തി. നാട് വിട്ടു പോയ വല്യമ്പ്രാനു വേലക്കാരിയിൽ ഉണ്ടായ മകളാണ് എന്നൊക്കെ ഷാപ്പിലെ സഹ കുടിയന്മാർ പറഞ്ഞിരുന്നെങ്കിലും എന്നെ അവൾക്കു വലിയ ഇഷ്ടമായിരുന്നു . വൈകിട്ട് കുളം കോരിയൊ , ചൂണ്ടയിട്ടോ , ഒറ്റാല് വച്ച് തപ്പിയോ കൊണ്ട് വരുന്ന വരാലും , കാരിയും ,കറൂപ്പും ,മുഷിയുമെല്ലാം എത്ര ഇരുട്ടിയാലും പരാതി പറയാതെ കഞ്ഞിക്കൊപ്പം വറുത്തു തന്നു , ശരീരത്തിൽ നിന്നും ഉയരുന്ന ചെളിയുടെയും കള്ളിന്റെയും ദുർഗന്ധത്തെ, തന്റെ ശരീരത്തിലെ വാസന സോപ്പിന്റെ ഗന്ധം കൊണ്ട് നേരിട്ട പെണ്ണ് . നാരായണന്റെ പെണ്ണ് നാരായണി എന്നല്ലാതെ അവളുടെ പേരുപോലും താൻ മറന്നു പോയിരിക്കുന്നു.


രവി , ശശി , മുരുഗൻ , കൗസല്യ , രാധ ഒടുവിൽ ഇളയവൻ ഗിരീഷ് . ഒരു പരാതി പോലും പറയാതെ ആറു മക്കളെയും വളർത്തി വലുതാക്കിയപ്പോൾ താൻ പലപ്പോഴും കള്ളുഷാപ്പിലേക്കു കിടപ്പു മാറ്റി തുടങ്ങി . ഒടുവിൽ മൂത്തമക്കൾ കുടുംബം നോക്കാൻ തുടങ്ങിയപ്പോൾ അമ്മയും അച്ഛനും പണിക്കു പോകുന്നത് അവർക്കു നാണക്കേടായപ്പോൾ കൊച്ചു മക്കളെയും നോക്കി വീട്ടിലിരിപ്പായി. എങ്കിലും , പിടിച്ചു കൊണ്ട് വരുന്ന മീൻ ഒരു പരാതിയും കൂടാതെ വൈകിട്ട് കഞ്ഞിക്കൊപ്പം വിളമ്പാൻ അവൾക്കു മടിയുണ്ടായിരുന്നില്ല. ബീഡിവലി കാരണം , ചുമ കൂടി സർക്കാർ ആശുപത്രിയിൽ കിടന്നപ്പോഴും , താഴെ നിലത്തു തറയിൽ തുണി വിരിച്ചു കൂട്ടിരിക്കാൻ അവളെ ഉണ്ടായിരുന്നുള്ളു. അവിടെ കിട്ടുന്ന മുട്ടയും പാലും പങ്കിട്ടെടുത്തു കഴിക്കുമ്പോൾ , കഴിഞ്ഞു പോയ , നഷ്ടപ്പെടുത്തിയ ജീവിതത്തെ ഓർത്തു താൻ സങ്കടം പറയുമ്പോൾ , ചേർന്നിരുന്നു തഴുകി നാരായണൻ ഇല്ലങ്കിൽ ഈ നാരായണിയും ഇല്ലന്ന് പറയുമായിരുന്നു.


ഒടുവിൽ മക്കൾക്കും മരുമക്കൾക്കും ഭാരമായി തുടങ്ങിയപ്പോൾ , ഈ കേശവൻ തമ്പ്രാൻ വരെ അവസാന കാലത്തു കഴിച്ചു കൂട്ടിയ വൃദ്ധ സദനത്തിൽ പോലും തങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് എത്തിച്ചേരാൻ സാധിക്കില്ല എന്ന് തോന്നിയ സമയത്തു നാരായണി നാരായണന്റെ കൈപിടിച്ച് ഇറങ്ങിയതാണ് .. ഇതുപോലൊരു മഴയത്തു , കടത്തു മാറി , പുതിയതായി പണിത തൂക്കുപാലം കയറി തന്റെ പഴയ തുരുത്തിലെ കുടിലിലിലേക്കു . തുരുത്തിലെ ചെറ്റക്കുടിലും അഞ്ചു സെന്റ് സ്ഥലവും മക്കൾക്ക് കൊടുക്കണ്ട എന്ന അവളുടെ വാശി , അതിങ്ങനെ ഉപകാരപ്പെടുമെന്നു അപ്പോഴാണ് മനസ്സിലായത്. പിന്നെയും വർഷം മൂന്നാലു കടന്നു പോയപ്പോൾ , തൊഴിലുറപ്പും ടിക്കറ്റ് വില്പനയും , കരിക്കു കച്ചവടവുമായി വയസ്സാം കാലത്തു ഒന്ന് സന്തോഷിച്ചു വന്നപ്പോൾ , കഴിഞ്ഞ മഴയത്തു അവളും പോയി. പറഞ്ഞതാണ് , സമയത്തു മരുന്ന് കഴിക്കണമെന്നു , തണുപ്പത്തു ഇറങ്ങരുതെന്നു ... കേട്ടില്ല ..


അവളെരിഞ്ഞു തീർന്നപ്പോൾ താനും ഇല്ലാതായി എന്നുള്ളതായിരുന്നു സത്യം. അല്ലങ്കിലും നാരായണി ഇല്ലങ്കിൽ പിന്നെ നാരായണൻ എന്തിനാ ..


കാറ്റത്തു ഇളകിയാടുന്ന ആ തൂക്കു പാലത്തിന്റെ നടുവിൽ നിന്നും നാരായണൻ താഴേക്ക് നോക്കി . കുത്തിയൊഴുകുന്ന വെള്ളത്തിൽ ,ചന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയിൽ , ഒറ്റക്കയ്യിൽ പങ്കായം പിടിച്ചു കൊതുമ്പ്‌ വള്ളത്തിൽ അവൾ , നാരായണി. അവളുടെ , മറ്റേ കയ്യിൽ , ഒരു സ്റ്റീൽ പാത്രത്തിൽ കഞ്ഞിയും കറൂപ്പ് വറുത്തതും . ആ നിമിഷത്തിൽ നാരായണൻ പഴയ ഇരുപതു വയസ്സുകാരനായി . വീശിയടിച്ച കാറ്റിൽ പറന്നു പോയ കുടയെ അവഗണിച്ചു ആ പുഴയിലേക്ക് ചാടി അയാൾ അകന്നു പോകുന്ന നാരായണിയുടെ വള്ളം ലക്ഷ്യമാക്കി നീന്തിത്തുടങ്ങി .


--പീയാർ ---


Tuesday, August 27, 2019

ശരത്കാലം 7


രാവിലെ എട്ടു മണിയോടെ സൈമണും സിസിലിയും അവരുടെ കുടുംബവും തേരേഴത്തു വീട്ടിലെത്തി. അവരിരുവരും മുകളിലെ റൂമിലേക്കാണ് പോയത് . ഇരുവരുടെയും മക്കൾക്കായി മൂന്നാമത്തെ റൂമും . ഷേർളി താഴെത്തെ റൂമിലായിരുന്നു കിടന്നിരുന്നത് . രണ്ടു പേരുടെയും കൂടി ആറോ ഏഴോ വലിയ പെട്ടികൾ രാഹുൽ ആണ്  മുകളിലെ റൂമുകളിൽ എത്തിച്ചത് . എല്ലാം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ സിസിലി നിർബന്ധിച്ചു അവന്റെ പോക്കറ്റിൽ അഞ്ഞൂറിന്റെ നോട്ട് വച്ച് കൊടുത്തു . ഒന്നും വെറുതെ വേണ്ടത്രേ.. അമ്മച്ചി പറഞ്ഞു അവന്റെ കഥകൾ എല്ലാം അറിയാമെന്നും പറഞ്ഞു.

ഔട്ട് ഹൌസിൽ എത്തി , നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി പോക്കെറ്റിൽ കിടന്ന നോട്ട് അവൻ കയ്യിലെടുത്തു . ഒരു നിമിഷം അതിലേക്കു നോക്കി നിന്ന ശേഷം , ബാഗിൽ നിന്നും എടുത്ത ബൈബിളിനുള്ളിലേക്കുവച്ച് അവൻ കട്ടിലിൽ മലർന്നു കിടന്നു കണ്ണുകൾ അടച്ചു . അവന്റെ മനസ്സ് അതിവേഗം പന്ത്രണ്ട് വർഷം പുറകോട്ടു സഞ്ചരിച്ചു .

വയസ്സായ സ്ത്രീയുടെ കൈകൾക്കുള്ളിൽ നിൽക്കുന്ന ഒരു ഏഴു വയസ്സുകാരൻ . ഓടിട്ട ചെറിയ വീടിന്റെ വേലിക്കരുകിൽ വന്നു നിന്ന കാറിൽ നിന്നും ഇറങ്ങി വരുന്ന യുവതി .വേലികെട്ടിനു ഒത്ത നടുക്കുള്ള , മുളം ചീളുകൾ കൊണ്ടുള്ള വാതിൽ തുറന്നു അകത്തേക്ക് വന്ന യുവതി തന്റെ ഹാൻഡ് ബാഗ് തുറന്ന് മൂന്നോ നാലോ നോട്ടുകെട്ടുകൾ കയ്യിലെടുത്തു , വയസ്സായ സ്ത്രീയുടെ നേരെ നീട്ടി . 

"ദേ, സരോജിനി ... ഒന്നും വെറുതെ വേണ്ട ഞങ്ങൾക്ക്, നാലു ലക്ഷം രൂപ ഉണ്ട് വാങ്ങിച്ചോ... "

എന്ത് ചെയ്യണമെന്നറിയാതെ നിറഞ്ഞ കണ്ണുകൾ തോളിൽ കിടന്ന പഴകിയ കറ വീണ തോർത്തിൽ ഒപ്പിയെടുക്കുന്ന അവരുടെ കൈകൾ ബലമായി പിടിച്ചെടുത്തു നോട്ട് കെട്ടുകൾ ആ യുവതി വച്ചു കൊടുത്തു . 

"ഇനി, ഇവന്റെ പേരും പറഞ്ഞു അങ്ങോട്ട് വന്നാൽ അറിയാല്ലോ ഞങ്ങടെ സ്വഭാവം .. ഇതോടെ തീർന്നു ബന്ധമെല്ലാം.. "

ഇരുവരുടെയും മുഖങ്ങളിലേക്കു മാറി മാറി നോക്കി പകച്ചു നിൽക്കുന്ന കുഞ്ഞിന്റെ നേരെ ആ യുവതി കൈ നീട്ടി .പ്രതീക്ഷയോടെ തിരികെ കൈനീട്ടിയ അവന്റെ കയ്യിലേക്ക് , തന്റെ ബാഗിൽ നിന്നും ഒരു സ്റ്റാമ്പ് പേപ്പർ വച്ചു  കൊടുത്തു അവൾ പുറത്തേക്കു നടന്നു . 

"പത്തു സെന്റ് സ്ഥലോം ഈ വീടും.. നിന്റെ പേരിലാക്കിയ പേപ്പറാ , ഒന്നും തന്നില്ലാന്നു വേണ്ട .. "

വേലികെട്ടിനു പുറത്തേക്കിറങ്ങി , ആ വാതിൽ പഴയ സ്ഥാനത്തേക്ക് വച്ച് അവൾ പറഞ്ഞു .

" തള്ളേ  , ഇനി നമ്മൾ തമ്മിൽ കാണില്ല... കാണരുത്.. വെറുതെ വിടുന്നത് ഇവിടുത്തെ ദയയായി കണ്ടാൽ മതി. ഇനി തമ്മിൽ കണ്ടാൽ ഭൂമിയിൽ വച്ചേക്കില്ല, രണ്ടിനേം... "

ആ യുവതി പുറകിലെ സീറ്റിൽ കയറി ഇരുന്നു ഡോർ അടച്ച ശേഷം , ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന ആൾ തന്റെ വലതു കൈ വെളിയിലികെട്ടു അവരുടെ നേരെ ചൂണ്ടി വിളിച്ചു പറഞ്ഞു. പിന്നെ , പൊടി പറത്തികൊണ്ട് ആ വണ്ടി പൂഴി റോഡിലൂടെ മുന്നോട്ട് ഓടിച്ചു പോയി . അവരുടെ പുറകെ എന്തിനോ വേണ്ടി ഓടാൻ തുടങ്ങിയ ആ കുട്ടിയെ ആ വയസ്സായ സ്ത്രീ തടഞ്ഞു നിർത്തി . അവന്റെ കയ്യിലിരുന്ന സ്റ്റാമ്പ് പേപ്പർ വഴുതി താഴേക്ക് വീണു , ഒപ്പം ബോധം മറഞ്ഞു അവനും . കണ്ണുകൾ അടയും മുൻപ് , അവനെ കുലുക്കി വിളിച്ചു ഉണർത്താൻ ശ്രമിക്കുന്ന ആ വൃദ്ധയുടെ സ്വരം അവന്റെ കാതിൽ വീണിരുന്നു ...

"രാഹുൽ.. മോനെ രാഹുലേ... "

മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ ആണ് അവനെ തിരികെ ബോധത്തിലേക്കെത്തിച്ചത് . അരികിൽ ടോണി നിൽക്കുന്നുണ്ടായിരുന്നു .

"എന്ത് പറ്റി മോനെ.. വല്ലാണ്ട് വേർത്തല്ലോ .. മേലായ്ക വല്ലതും.. "

അയാൾ തന്റെ വലതു കൈത്തലം മടക്കി അവന്റെ നെറ്റിയിലും കവിളിലും കഴുത്തിലും മാറിമാറി വച്ചു .

"ഒന്നുമില്ല ചേട്ടാ.. നേരത്തെ ഉണർന്നതല്ലേ, അത് കൊണ്ട് വല്ലാതെ ഉറക്കം വന്നു, ഒന്ന് മയങ്ങിപ്പോയി.. "

"ഹ്മ്മ്, ഉറക്കത്തിൽ വെല്ല സ്വപ്നോം കണ്ടോ.. നീ ഇങ്ങനെ കൈകാല് ഇട്ടടിക്കണ കണ്ടാ ഞാൻ വന്നേ .. എന്റെ നല്ല ജീവൻ പോയി.. "

ടോണി അടുത്തേക്കിരുന്നു അവന്റെ തോളിൽ തട്ടി .. 

"നീ ഒരു കാര്യം ചെയ്യ്, ഉച്ചക്ക് അച്ചന്റെ അടുത്ത് ചെന്ന് ഒരു കൊന്ത വാങ്ങി കഴുത്തിലിട്.. അല്ലേൽ വൈകിട്ട് അമ്പലത്തിൽ ചെന്ന് ഒരു ചരട് പൂജിച്ചു കയ്യിൽ കെട്ട് .. "

"വേണ്ട ചേട്ടായീ... ഈ കണ്ട ദുസ്വപ്നം മാറാൻ കോന്തേം ചരടും ഒന്നും പോരാതെ വരും.. ഞാൻ ഒന്ന് പറമ്പിലോട്ടു ഇറങ്ങട്ടെ.. വീട്ടുകാര് വന്നെന്നു കരുതി, പാൽ എടുക്കാതിരുന്നാൽ എങ്ങനാ.. "

രാഹുൽ കട്ടിലിൽ നിന്നെഴുന്നേറ്റു മുണ്ടു മുറുക്കിയുടുത്തു മുറിയുടെ പുറത്തേക്കു നടക്കാനൊരുങ്ങി . 

"ചേട്ടായീ ഒന്ന് മയങ്ങിക്കോ.. ഞാൻ വരുന്നതിനു മുൻപ് എണീക്കുവാണേൽ, മുറി പൂട്ടി താക്കോൽ ചേട്ടത്തിയെ ഏല്പിച്ചെര്.. പുള്ളേരൊക്കെ ഉള്ളതാ, അവര് കേറി മുറി ചീത്തയാക്കണ്ട.. "

ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ ചൂണ്ടിക്കാട്ടി , മുറിയുടെ വാതിൽ ചാരി അവൻ പറമ്പിലേക്ക് നടന്നു .

അതിനുശേഷമുള്ള സമയങ്ങളിലെല്ലാം അവൻ വീട്ടിൽ നിന്നും മാറി നടന്നു . ആരുമില്ലാത്തപ്പോൾ അടുക്കള വാതിലിൽ ചെന്ന് ത്രേസ്യ ചേടത്തിയുടെ കൈയ്യിൽ നിന്ന് അവന്റെ പങ്കു വാങ്ങി നടക്കല്ലിലോ , മുറ്റം കെട്ടിയതിലോ ഇരുന്നു കഴിച്ച ശേഷം തിരികെ മുറിയിലേക്കോ , പറമ്പിലേക്കോ പോകും . ഉച്ചയൂണിനു ശേഷം ഷേർളിയും കുടുംബവും വണ്ടിപ്പെരിയാറിലേക്കു , മാത്യുവിന്റെ വീട്ടിലേക്കു പോയി .


വൈകിട്ട് എട്ടുമണിയോടെ അടുക്കളയിൽ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരുന്നു രാഹുൽ . ത്രേസ്യ ചേടത്തി അടുക്കളയിൽ ഒറ്റക്ക് ഇതെല്ലം ചെയ്യുന്നത് കണ്ടു സഹായിക്കാൻ എത്തിയതായിരുന്നു അവൻ.

"ചേടത്തി.. മുകളിലേക്കുള്ളത് റെഡി ആയോ... "

ഡൈനിങ് റൂമിൽ നിന്നും അടുക്കളയിലേക്കു തലയിട്ടു സിസിലി ആണ് ചോദിച്ചത് . 

"ആഹ് മോളെ.. എല്ലാം ദേണ്ടെ ,  ഈ രണ്ടു പാത്രങ്ങളിൽ ചൂടാറാതെ വച്ചിട്ടുണ്ട്... "

അടുത്തിരുന്നു കാസറോളിലേക്കു അവർ വിരൽ ചൂണ്ടി ... 

"ചെക്കാ .. നീ ഇതെല്ലം ഒന്ന് മോളിലേക്കു കൊടുത്തേര് .. അമ്മച്ചിയും മക്കളും കൂടി സഭ തുടങ്ങാനായി.. "

സിസിലിക്ക് നേരെ നോക്കി തലയാട്ടി  അവൻ  ത്രേസ്യ ചേടത്തിയുടെ നേരെ തിരിഞ്ഞു .

"പ്ലേറ്റുമെടുത്തു  ഈ ഇറച്ചി ഒലത്തുമായി  മോൻ ടെറസ്സിലേക്കു പൊക്കോ.. ടോണി കാണും അവിടെ.. "

രാഹുൽ മുകളിലേക്ക് ചെല്ലുമ്പോൾ , മൂന്നു  കസേരകളിൽ ആയി അമ്മച്ചിയും സൈമണും ഈപ്പനും ഒരു ടീപ്പോക്കു ചുറ്റും ഇരിക്കുന്നുണ്ട് . താഴെ ഒരു ന്യൂസ് പേപ്പറിൽ ടോണിയും . എല്ലാവരുടെയും കൈകളിൽ മദ്യവും .  രാഹുൽ പ്ലേറ്റുകൾ നിരത്തി വച്ച് ടോണിയെ നോക്കി. അയാൾ എഴുനേറ്റു വന്നു, പാത്രങ്ങളിൽ നിന്നും വരട്ടിയെടുത്ത ഇറച്ചി കഷണങ്ങൾ രണ്ടു പ്ലേറ്റുകളില്ലേക്ക് പകർന്നു, തിരികെ അടച്ചു താഴ്ത്തേക്കു വച്ചു .  പിന്നെ അടുത്തിരുന്ന  കവറിൽ നിന്നും മിച്ചറും ചിപ്‌സും മറ്റു പ്ലേറ്റുകളിലേക്കും പകർന്നു.

"നിനക്ക് വേണോടാ.... "

ഇതെല്ലം നോക്കി നിന്ന രാഹുലിന് നേരെ തന്റെ ഗ്ലാസ് നീട്ടി സൈമൺ ചോദിച്ചു .. 

"വേണ്ട.. "

അവൻ ഒന്ന് പരുങ്ങി താഴേക്കു പോകാനൊരുങ്ങി . 

"നീയെവിടെ നിന്നെ , ചോദിക്കട്ടെ  .. അമ്മച്ചിക്ക്  നിന്നെ അങ്ങ് വല്ലാണ്ട് പിടിച്ചു പോയല്ലോ.. എന്നാ മാജിക്കാ നീ കാട്ടിയെ.. "

രാഹുൽ ഭീതി മുഖത്തു വരുത്തി അമ്മച്ചിയെ നോക്കി ..

"നീ താഴേക്ക് പൊയ്ക്കോ.. പോയിരുന്നു പഠിച്ചോ.. ഇവന് വേറെ പണി ഇല്ലാഞ്ഞിട്ടാ.. "

അമ്മച്ചി പറഞ്ഞു തീർന്നതും രാഹുൽ , താഴെക്കിറങ്ങുന്ന ഭാവത്തിൽ ടെറസ്സിൽ നിന്നും അകത്തേക്കുള്ള വാതിൽ തുറന്നു , അതിനു പുറകിലേക്ക് ചേർന്ന് നിന്നു.

"ചേട്ടായീ , ചെക്കൻ മിടുക്കനാ .. നമുക്ക് വിശ്വസിക്കാൻ പറ്റിയ ഇനമാ.. അതുമല്ല.. കഠിനാധ്വാനിയാ.. നാളെ പറമ്പിലൊട്ടൊക്കെ ഒന്നിറങ്ങി നോക്ക്.. "

ടോണിയാണ് മറുപടി പറഞ്ഞത് ..

"അത് മാത്രമല്ലടാ .. ഇവിടെ ഞങ്ങൾക്ക് ഒരാൺ തുണ വേണ്ടേ ..ഇപ്പൊ, ദോ ,  കാറും ഓടിക്കാൻ അറിയാം..   പിന്നെ അച്ചൻ വളർത്തിയ ചെക്കൻ അല്ലെ.. അതിന്റെ ഗുണോം ഉണ്ട്.. അവൻ ഇവിടെ നിൽക്കട്ടെ .."

ഒറ്റ വലിക്കു ഗ്ലാസ് കളിയാക്കി , ഇറച്ചിക്കഷണം വായിലേക്കിട്ടു ചവച്ചു കൊണ്ട് അമ്മച്ചി പറഞ്ഞു .

"അമ്മച്ചീ, ഫോറിൻ സാധനാ.. പതുക്കെ അടിക്ക്... "

ഈപ്പൻ അമ്മച്ചിയെ അടിമുടി നോക്കി . 

"ഡാ.. നല്ലൊന്നാന്തരം വാറ്റു കുടിച്ചു വളർന്നതാ ഈ മറിയം .. അതിന്റെ മുൻപിൽ ഈ സാധനം ഒക്കെ എന്ത് .. നോക്കി നില്കാതെ വലിച്ചു കേട്ടീട്ടു അടുത്ത റൌണ്ട് ഒഴിക്ക് .."

അവിടെ ഒരു കൂട്ടച്ചിരി ഉയർന്നപ്പോൾ , വാതിലിനു പുറകിൽ മറഞ്ഞു നിന്ന രാഹുൽ താഴേക്ക് പടിക്കെട്ടുകൾ ഇറങ്ങി , മുഖം നിറഞ്ഞ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെ ... 

(തുടരും ) 

Monday, August 26, 2019

ശരത്‌കാലം 6




അടുത്ത ശനിയാഴ്ച , വാതിലിലെ മുട്ടുകേട്ടാണ് രാഹുൽ ഉറക്കമുണർന്നത് . രാവിലെ ടാപ്പിംഗിന് ശേഷമുള്ള ചെറിയ മയക്കത്തിലായിരുന്നു അവൻ . 

"മോനെ, ദേ ചേച്ചി വിളിക്കുന്നു... "

ത്രേസ്യ ചേട്ടത്തി , അമ്മച്ചി വിളിക്കുന്ന കാര്യം പറയാൻ വന്നതായിരുന്നു .. അമ്മച്ചിയെ , ത്രേസ്യചേട്ടത്തി ഇങ്ങനെ പല പേരുകളിൽ ആണ് മറ്റുള്ളവരോട് പറയുക , ചേച്ചി , ചേടത്തി , മറിയേടത്തി , കൊച്ചമ്മ , എല്ലാം നമ്മൾ ഊഹിച്ചെടുത്തോളണം .. 

"നീ പെട്ടന്നൊന്നു മാർകെറ്റിൽ പോണം.. "

വടക്കു വശത്തേക്ക് ചെല്ലുമ്പോൾ രണ്ടായിരത്തിന്റെ ഒരു നോട്ട് നീട്ടി അമ്മച്ചി അവനോടു പറഞ്ഞു ..

"അവറാച്ചന്റെ കടയിൽ തന്നെ പോണം .. മൂന്നു ഇറച്ചി കിലോ മേടിച്ചോ .. പിന്നെ ഒരു കിലോ പോട്ടീം "

"അഹ്... "

ത്രേസ്യ ചേട്ടത്തി നീട്ടിയ ചായക്കപ്പ്‌ വാങ്ങി അവൻ പടിക്കെട്ടിലിരുന്നു.

"പിന്നെ ഇങ്ങോട്ടാണെന്ന് പ്രത്യേകിച്ച് പറയണം, കഷ്ണം ചെറുതാക്കി മുറിപ്പിക്കണം.. "

"ശെരി അമ്മച്ചി.. "

"മോനെ.. ഇറച്ചി നല്ലോണം നോക്കണേ.. പോത്ത് തന്നെ വാങ്ങണം .. "

"കുഞ്ഞേ , ഇറച്ചി ഈ ഇലയിൽ പൊതിഞ്ഞു വാങ്ങിയാ മതി . പിന്നെ നെയ്യ് നല്ല വെള്ള നിറത്തിലുള്ളത് നോക്കി വാങ്ങണം, എന്നാലോട്ടു നെയ്യ് വാങ്ങുവോം ചെയ്യരുത് ... "

അതെങ്ങനെ എന്നാശ്ചര്യപ്പെട്ടു നോക്കുന്ന അവന്റെ നേരെ കുറച്ചു വട്ടയില സഞ്ചിയിലാക്കി ത്രേസ്യ ചേട്ടത്തി നീട്ടി . എന്നെകൊണ്ട് ആവൂല്ല അമ്മച്ചി എന്നവന്റെ മുഖഭാവം വ്യക്തമായി അവരോടു പറയുന്നുണ്ടായിരുന്നു .

"ത്രേസ്യേ .. നീ ഇങ്ങനെ പറഞ്ഞാൽ അവൻ പെട്ട് പോകത്തെ ഉള്ളൂ , രാഹുലെ , മോൻ മാർക്കെറ്റിലേക്കു ചെല്ല്, ഞാൻ ടോണിയോട് പറഞ്ഞേക്കാം, അവൻ വാങ്ങി വച്ചോളും..പിന്നെ ശേഖരന്റെ വീട്ടിൽ ഒന്ന് കയറണം .."

അവന്റെ നിസ്സഹായാവസ്ഥ കണ്ടു അമ്മച്ചി തന്നെ രക്ഷക്കെത്തി . 

മാർകെറ്റിൽ എത്തിയപ്പോഴേക്കും വേണ്ട ഇറച്ചിയും മറ്റു പച്ചക്കറികളും ടോണി വാങ്ങി വച്ചിരുന്നു . എല്ലാം പൊതിഞ്ഞു സഞ്ചിയിലാക്കി അവൻ ശേഖരന്റെ വീട്ടിലേക്കു സൈക്കിൾ ചവിട്ടി. ആ നാട്ടിൽ വന്നിട്ട് നാല് മാസമായെങ്കിലും ആദ്യമായാണ് ശേഖരന്റെ വീട്ടിലേക്കു അവൻ പോകുന്നത്. ശേഖരന് മാർകെറ്റിൽ തന്നെ സാമാന്യം വലിയൊരു പലവ്യഞ്ജന കടയുണ്ട്. അടുത്തിടെ തുടങ്ങിയ സൂപ്പർ മാർക്കറ്റ് ചെറിയ തോതിൽ അയാളുടെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നു അമ്മച്ചി പറഞ്ഞത് അവനോർത്തു.

തേരെഴത്തു വീട്ടിലെ റബ്ബർ ഷീറ്റുകൾ വിൽക്കുന്നതും , പുറത്തെ പറമ്പിലെ നാളികേര കച്ചവടവം നടത്തുന്നതും ശേഖരൻ ആണ് .സാർ ഉള്ളപ്പോൾ മുതൽ ഉള്ള ശീലമാണത്രെ .. കുറച്ചു കാലം മുൻപ് വരെ ശേഖരൻ ആഴ്ചയിൽ ഒന്ന് വീട്ടിലെത്തി എല്ലാ കണക്കും അമ്മച്ചിയെ കാണിക്കുകയായിരുന്നു പതിവ് . അടുത്ത കാലത്തായി , രാഹുൽ ആണ് റബ്ബർ ഷീറ്റ് കടയിൽ കൊണ്ടുവന്നു കൊടുക്കുന്നതും , കണെക്കെല്ലാം കടയിൽ വച്ചു തന്നെ സംസാരിച്ചു , ബുക്ക് വാങ്ങി അമ്മച്ചിയെ കാണിക്കുന്നതും . അവൻ കടയിൽ നിന്നും ഇറങ്ങി വീട്ടിൽ വരുന്നതിനു മുൻപേ അമ്മച്ചിക്ക് ശേഖരന്റെ ഫോൺ വരും. കണെക്കെല്ലാം കൃത്യമാണ് എന്നുറപ്പിക്കാൻ മാത്രം . ആദ്യ ദിവസങ്ങളിൽ ശേഖരന് അവനോടു അല്പം ഈർഷ്യ തോന്നിയിരുന്നെങ്കിലും പോകെ പോകെ അവന്റെ സ്വഭാവം അയാൾക്ക്‌ ഇഷ്ടമായി തുടങ്ങി . കഠിനാദ്ധ്വാനി , സൽസ്വഭാവി , പഠിക്കാൻ മിടുക്കൻ , അനാഥൻ എന്നൊരു കുറവ് മാത്രം , അമ്മച്ചിയോടു ഒരിക്കൽ പറയുന്നതു താൻ കേട്ടതാണ്. അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നെങ്കിലും , ഷെഡിലെ അലൂമിനിയം ഷീറ്റിൽ ചാരി നിന്ന് കരയുന്ന അമൂല്യയുടെ മുഖം അവനിൽ നൊമ്പരം പടർത്തി .

സൈക്കിൾ മുറ്റത്തു വച്ച് , ഇറച്ചി വച്ചിരിക്കുന്ന സഞ്ചി കയ്യിലെടുത്തു അവൻ ഉമ്മറത്തെ പടിക്കെട്ടുകൾ കയറി കോളിംഗ് ബെൽ അടിച്ചു . അൽപ സമയത്തിന് ശേഷവും അകത്തു നിന്ന് മറുപടി ഒന്നും കേൾകാത്തതിനാൽ വീണ്ടും ബെല്ലടയ്ക്കാനായി കൈ ഉയർത്തിയെങ്കിലും ആരുടെയോ കാൽ പെരുമാറ്റം കേട്ട് അവൻ പെട്ടന്ന് പടികെട്ടുകളിൽ നിന്നും ഇറങ്ങി താഴേക്ക് നിന്നു.

"ആരാ.. "

വാതിൽ പകുതി തുറന്നു ഒരു സ്ത്രീ അവനോടു ചോദിച്ചു ...

"ശേഖരൻ സാർ .. "

"ശേഖരേട്ടൻ കുളിക്കുവാ .. ആരാ "

"ഞാൻ രാഹുൽ.. തേരേഴത്തു നിന്ന് അമ്മച്ചി പറഞ്ഞിട്ട് .. "

"ആ .. അത് മോനായിരുന്നോ.. വാ അകത്തേക്ക് ഇരിക്ക്, ചേട്ടൻ ഇപ്പൊ കുളിച്ചിട്ടു വരും .. "

അവർ വാതിൽ മുഴുവനായി തുറന്നു കൊടുത്തു അവനെ അകത്തേക്ക് ക്ഷണിച്ചു . രാഹുൽ ഒന്ന് രണ്ടു പടിക്കെട്ടുകൾ കയറിയെങ്കിലും , എന്തോ ഓർമ്മയിൽ തിരിച്ചിറങ്ങി .

"ഇഹ് .. എന്ത് പറ്റി , വാ മോൻ അകത്തേക്ക് ഇരിക്ക് .. "

"വേണ്ടമ്മാ .. "

അവൻ പെട്ടന്ന് പറഞ്ഞു , 

"അല്ല മാഡം .. എന്റെ കയ്യിൽ ഇറച്ചി ഉണ്ട് ... "

പിന്നെ എന്തോ ഓർമ്മയിൽ അവൻ തിരുത്തിപ്പറഞ്ഞു . 

"മോൻ അമ്മാ എന്ന് വിളിച്ചോ, അതിനെന്താ.... അല്ലെൽ, ഭാമ എന്നാ എന്റെ പേര് അങ്ങനെ വിളിച്ചോ ..മാഡം എന്നൊന്നും വിളിക്കണ്ട ..."

"ഹ്മ്മ്"

അവൻ തലയാട്ടി 

"അല്ലേൽ ഒരു കാര്യം ചെയ്യ് .. മോൻ അധികം നേരം നിൽക്കണ്ട , ഇറച്ചിയൊക്കെ ഉള്ളതല്ലേ , അതൊക്കെ ശെരിയാക്കാൻ ലേറ്റ് ആകും , വീട്ടിലേക്കു പൊയ്ക്കോ , ശേഖരേട്ടൻ കുളി കഴിഞ്ഞു വരുമ്പോ ഞാൻ പറഞ്ഞേക്കാം "

"എന്തോ വാങ്ങി വരണം എന്ന് അമ്മച്ചി പറഞ്ഞിരുന്നു.. സാർ എങ്ങോ പോവും എന്നും... "

അവൻ വീണ്ടും മുറ്റത്തു നിന്ന് പരുങ്ങി .. 

"മോൻ പൊയ്ക്കോ, ഞാൻ അമ്മുവിനെ പറഞ്ഞു വിട്ടേക്കാം.. "

"ശെരി.. "

സൈക്കിൾ എടുത്തു പുറത്തേക്കു ചവിട്ടുന്നതിനിടയിൽ , തനിക്കു പോകാൻ സാധിക്കില്ല എന്ന് അമ്മു പറയുന്നതും നീ പോയെ ഒക്കൂ എന്ന് അവളുടെ അമ്മ പറയുന്നതും , പിന്നെ അതൊരു വഴക്കായി മാറുന്നതും രാഹുൽ കേട്ടു .

അടിച്ചെടുത്ത റബ്ബർ ഷീറ്റുകൾ ടെറസ്സിൽ കെട്ടിയ അഴയിൽ വിരിച്ചിടുമ്പോൾ ആണ് മുറ്റത്തേക്ക് അമ്മുവിൻറെ സ്കൂട്ടർ വന്നു കയറിയത് അവൻ കാണുന്നത് . അകത്തു നിന്നും ഉയരുന്ന അമ്മച്ചിയുടെയും അവളുടെയും സംസാരം കേൾക്കാനായി അവൻ ടെറസ്സിൽ നിന്നും ചാടിയിറങ്ങി , ഡൈനിങ്ങ് റൂമിന്റെ സൺഷേഡിലേക്കു പതുങ്ങി നിന്നു . പരസ്പരം സംസാരിക്കാറില്ലെങ്കിലും , അവളെ കാണുമ്പോഴെല്ലാം , തന്റെ മനസ്സ് വല്ലാതെ തുടിക്കുന്നത് അവനറിഞ്ഞിരുന്നു . അവസാന സെമസ്റ്റർ പരീക്ഷയെ കുറിച്ചും , മക്കൾ വരുന്നതിനെ കുറിച്ചുമല്ലാതെ മറ്റൊന്നും അവർ സംസാരിക്കുന്നില്ല എന്നത് അവനെ നിരാശപ്പെടുത്തി . അവൾ തിരിച്ചു പോകുന്നു എന്നറിഞ്ഞു അടുത്ത് നിന്ന തെങ്ങിലൂടെ ഊർന്നിറങ്ങി അവൻ മുൻ വശത്തെ ഗേറ്റിനരുകിലേക്കു ഓടി .

സ്കൂട്ടർ ഓടിച്ചു അമ്മു അങ്ങോട്ടെത്തിയപ്പോൾ , ഗേറ്റുകൾ അടച്ചു മുന്നിൽ തടസ്സമായി നിൽക്കുന്ന രാഹുലിനെയാണ് അവൾ കണ്ടത് . സ്കൂട്ടർ സ്റ്റാൻഡിലിട്ടു , ഹെൽമെറ്റ് ഊരി , സീറ്റിൽ വച്ച് അവൾ അവനരുകിലേക്കു നടന്നു .

"എന്താടാ ചെക്കാ നിന്റെ പ്രശനം... "

അവളുടെ മുഖത്തു ആ നിമിഷം കണ്ടത് വെറുപ്പോ ക്ഷോഭമോ എന്നറിയാതെ അവൻ നിന്നു .

"നിന്നോടാ ചോദിച്ചേ.. എന്താ നിന്റെ പ്രശ്നം.. അന്നത്തെ സംഭവം , അത് ഞാൻ വിട്ടു, ഇനി ഷോ കാണിക്കാൻ വന്നാലുണ്ടല്ലോ... "

തന്റെ കണ്ണുകളിലേക്കു നോക്കി നിൽക്കുന്ന രാഹുലിന്റെ മുന്നിലേക്ക് വിരൽ ഞൊടിച്ചുകൊണ്ട് അവൾ നടന്നടുത്തു .. 

"കൂൾ.. കൂൾ അമ്മു.. ഒരു സോറി പറയാൻ വേണ്ടി മാത്രം നിന്നതാണിവിടെ.. ഇത് വരെ താൻ സമയം തന്നില്ലല്ലോ അത് കൊണ്ടാ.. "

പുറകോട്ടു മാറി ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നപോലെ അവൻ അഭിനയിച്ചു കൊണ്ടിരുന്നു . 

"ഹ്മ്മ്മ്.. "

അവൾ പുറകോട്ടു നടന്നു സ്കൂട്ടർ സ്റ്റാൻഡിൽ നിന്നും എടുത്തു സ്റ്റാർട്ട് ആക്കി .. 

"പിന്നെ .. ഞാൻ അന്ന് പറഞ്ഞത് .. പറഞ്ഞതൊന്നും മറക്കരുത്... കൊണ്ട് പൊയ്ക്കൊള്ളാം ഞാൻ .. എന്റെ അമ്മുവിനെ.. "

ഗേറ്റ് തുറക്കാതെ തന്നെ , അവളുടെ അരികിലേക്ക് നടന്നെത്തി , അമ്മുവിൻറെ കൈപ്പത്തികളെ വണ്ടിയുടെ ഹാന്ഡിലിലേക്കു തന്റെ ഇരു കൈകളും കൊണ്ട് ചേർത്ത് പിടിച്ചു , അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു വച്ച് , രഹസ്യമായി അവൻ പറഞ്ഞു . 

"ദേ.. ചെക്കാ.. നിന്നെ ഞാൻ.. "

വലതു കൈപ്പത്തി , ബലമായി അവന്റെ കയ്യിൽ നിന്നും വലിച്ചൂരി കൊണ്ടു വിരൽ അവനു നേരെ നീട്ടി അവൾ വിറയലോടെ പറഞ്ഞു . 

"തല്ലണോ ..തല്ലിക്കോ .. പക്ഷെ ഒരാഴ്ച .. അത്രയും സമയം നീ എനിക്ക് തരണം, അത് കഴിഞ്ഞു , മൂത്തതാ , ചേച്ചിയാണ് , കോപ്പാണ് എന്നൊന്നും ഡയലോഗ് ഇട്ടു വന്നേക്കരുത്.. കേട്ടല്ലോ ... "

തനിക്കു നേരെ നീട്ടിയ അമ്മുവിൻറെ വലതു ചൂണ്ടു വിരലിന്റെ ആഗ്രഭാഗത്തു ചുണ്ടുകൾ ചേർത്ത് വേഗത്തിൽ അവൻ പുറകോട്ടു നടന്നു , അവൾക്കായി ഗേറ്റ് തുറന്നു കൊടുത്തു .

അമ്മുവിൻറെ മുഖത്തേക്ക് ദേഷ്യം ഇരച്ചു വന്നുവെങ്കിലും , അവന്റെ കണ്ണുകളിൽ കണ്ട കുസൃതി മറിച്ചൊരു പ്രവർത്തിയിൽ നിന്നവളെ വിലക്കി . 

"ഇതിന്റെ പേരിൽ ദേഷ്യം വച്ച് വണ്ടി ഓടിക്കരുത് , സൂക്ഷിച്ചു പോണം . ദേഷ്യം തീർക്കാൻ ഒരു ജന്മം മുഴുവൻ നമുക്ക് ബാക്കിയുണ്ട്.. "

ഗേറ്റ് കടന്നു സ്കൂട്ടർ മുന്നോട്ടു പോയപ്പോൾ അവൻ വിളിച്ചു പറഞ്ഞു. മറുപടിയായി ഒരു വിരൽ മാത്രം നിവർത്തി വച്ചു , അവളുടെ ഇടതു കൈ വായുവിൽ ഉയർന്നു . 

################

വൈകിട്ട് നാലു മണിയോടെ , അമേരിക്കയിൽ നിന്നും ഷേർളിയും ഭർത്താവു മാത്യുവും മക്കളും എത്തി . ടോണി ആയിരുന്നു അവരെ കൊണ്ട് വരാൻ എയർപോർട്ടിൽ പോയിരുന്നത് .

അടുത്ത ദിവസം വരുന്ന സിസിലിയെയും സൈമണിനേയും കണ്ടിട്ട് മാത്യുവിന്റെ നാടായ വണ്ടിപ്പെരിയാറിലേക്കു പോകാമെന്നാണ് അവരുടെ തീരുമാനം .ഷേർളി ആണ് മൂത്ത മകൾ , സിസിലിയും സൈമണും ഇരട്ടകളും . ഇരട്ടകളായതു കൊണ്ട് സിസിലിയും സൈമണും തമ്മിൽ നല്ല ആത്മബദ്ധമാണ് . സൈമണും കുടുംബവും അമേരിക്കയിൽ നിന്നും കാനഡയിൽ ചെന്ന് സിസിലിയോടൊപ്പമാണ് വരുന്നത് . സിസിലിയുടെ ഭർത്താവു ഈപ്പൻ , പാലാക്കാരൻ ആണ് , പക്ഷെ ആരും ഇപ്പോൾ കുടുംബത്തു താമസം ഇല്ല , ഏതു കൊണ്ട് , ലീവ് തീർന്നു തിരികെ പോകുന്നത് വരെ അമ്മച്ചിയോടൊപ്പം ആയിരിക്കും . എല്ലാവര്ക്കും ഒരുമിച്ചു വരാനായി , ടാക്സി പറഞ്ഞിട്ടുണ്ട് . ഒപ്പം ടോണിയും രാഹുലും അവിടുത്തെ കാറിൽ എയർ പോർട്ടിലേക്കു പോകും . അടുത്ത ദിവസം രാവിലെ പോകേണ്ട കാരണം രാഹുലിനൊപ്പം ടോണി ഔട്ട് ഹൌസിലാണ് ഉറങ്ങാൻ കിടന്നത് . ആ സമയത്തു അവനോടു പറഞ്ഞതാണ് ഇതെല്ലം. ഷേർളി ചേച്ചിയും സൈമൺ ചേട്ടായിയും പാവങ്ങൾ ആണ്, പക്ഷെ സിസിലി ചേച്ചി ഇത്തിരി ഭയങ്കരി ആണെന്നാണ് ടോണിയുടെ പക്ഷം. ആയിരിക്കാം.. രാഹുൽ തന്റെ മനസ്സിൽ പറഞ്ഞു, പുറത്തെ തണുപ്പിനെ തോല്പിക്കാനായി പുതപ്പെടുത്തു തലവഴി മൂടി ചുരുണ്ടു കിടന്നു.

നീണ്ട പന്ത്രണ്ടു വർഷത്തിന് ശേഷം തന്റെ ഇന്നത്തെ ജീവിതത്തിനു കാരണക്കാരായവരെ അടുത്ത് കാണാൻ സാധിക്കുമെന്നുള്ള ആകാംഷയിൽ , ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു . എന്തിനു വേണ്ടി .. ആ ചോദ്യം പലയാവർത്തി മനസ്സിൽ അവൻ ചോദിച്ചു കൊണ്ടിരുന്നു .

(തുടരും)

Friday, August 23, 2019

ഉത്സവപ്പിറ്റേന്ന് 2




വർഷങ്ങൾക്കിപ്പുറം ഒരു പ്രഭാതം 


ട്രെഡ് മില്ലിൽ കലോറി നാനൂറ്റി അമ്പത് എന്ന് കാണിച്ചപ്പോൾ വിഷ്‌ണു വേഗത എട്ടിൽ നിന്നും ആറിലേക്കാക്കി, ഓട്ടം നിർത്തി നടക്കാൻ തുടങ്ങി. നാനൂറ്റി എൺപത്തി അഞ്ചു കടന്നപ്പോൾ വേഗത നാലിലേക്കാക്കി,പിന്നെ രണ്ടും. ഒടുവിൽ കലോറി അഞ്ഞൂറ് എന്ന സഖ്യ തൊട്ടപ്പോൾ പതുക്കെ ട്രെഡ്മിൽ ഓഫാക്കി താഴേക്കിറങ്ങി , കസേരയിലേക്കിരുന്നു. അടുത്തുകിടന്ന തോർത്തെടുത്തു മുഖം തുടച്ചു മൊബൈലിന്റെ ഇന്റർനെറ്റ് ഓണാക്കി. തന്റെ കാലുകൾ അപ്പോഴും ചലിക്കാൻ ശ്രമിക്കുന്നതായി അവനു തോന്നി.വാട്ട്സാപ്പിന്റെയും ഫേസ്ബുക്കി ന്റെയും പിന്നെ പേരറിയാത്ത ഒരുപാടു ഗെയിമുകളുടെയും മുന്നറിയിപ്പുകളും സന്ദേശങ്ങളും വലിയ ശബ്ദത്തോടെ ഫോണിൽ നിറയാൻ തുടങ്ങി. തോർത്തെടുത്തു തോളിലിട്ട് , കുപ്പിയിൽ നിന്നും വെള്ളവും കുടിച്ചു അവൻ ജിം റൂം പൂട്ടി ടെറസ്സിലേക്കിറങ്ങി. ധനുമാസത്തിലെ ചെറിയ തണുപ്പിലും തന്റെ ശരീരത്തിന് വല്ലാത്ത ചൂട് അനുഭവപ്പെടുന്നത് പോലെ അവനു തോന്നി. ടെറസ്സിലേക്ക് പരന്നു കിടന്ന മൂവാണ്ടൻ മാവിന്റെ ശിഖിരങ്ങളുടെ ചുവട്ടിലെ കസേരയിൽ ഇരുന്നു , കാലുകൾ അടുത്ത കസേരയിലേക്ക് വച്ച് വിഷ്ണു ഫോണിലെ മെസ്സേജുകൾ നോക്കാൻ തുടങ്ങി. പതിവുപോലെ പോലെ രാവിലെ ആറരക്ക് മക്കളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന ഭാര്യയുടെയും ഇത്തിരികൂടി ഉറങ്ങണമെന്നു പറയുന്ന കുട്ടികളുടെയും വഴക്കുകൾ ഉച്ചത്തിലായപ്പോൾ അവൻ അവിടെ നിന്നും എഴുനേറ്റു താഴേക്ക് നടന്നു . 


അഡ്വക്കേറ്റ് മഠത്തിൽ വിശ്വനാഥപണിക്കർക്ക് മൂന്ന് മക്കളാണ് , മൂത്തയാൾ വിഷ്ണു , അച്ഛനെ പോലെ തന്നെ വക്കീൽ ആണ് . ഭാര്യ ആതിര , അടുത്ത് തന്നെയുള്ള സഹകരണ ബാങ്കിൽ മാനേജർ ആണ്. മക്കൾ ഒൻപതു വയസ്സുള്ള വീണയും ആറ് വയസ്സുള്ള വേദും . രണ്ടാമത്തെയാൾ വിദ്യ , ഭർത്താവ് അഡ്വക്കേറ്റ് അശോക് , കോടതിയിൽ പണ്ടൊരു കേസിൽ വിശ്വനാഥ പണിക്കർക്ക് എതിരായി വാദിക്കാൻ വന്നതാണ്. തന്നെക്കാൾ കൂർമ്മബുദ്ധിയുള്ള ആളായത് കൊണ്ടു , ഉടനെ തന്നെ അശോകിനെ തന്റെ മരുമകനാക്കി. മക്കൾ പത്തു വയസ്സുകാരി അഞ്ജലിയും , ആറു വയസ്സുകാരി അനന്യയും. അശോകിന്റെ അനിയത്തിയാണ് ആതിര. ഒരു മാറ്റക്കല്യാണം എന്ന് വേണമെങ്കിൽ പറയാം . അവർ ഒരുകിലോമീറ്റർ അപ്പുറമാണ് താമസം. വിശ്വനാഥ പണിക്കർ ഇപ്പോൾ അങ്ങിനെ കോടതിയിൽ പോകാറില്ലെങ്കിലും എന്നും രാവിലെ അശോക് അയാളെ കാണാൻ വരും , കേസുകളെ കുറിച്ച് സംസാരിക്കും , വേണ്ട നിര്ദശങ്ങളും അഭിയപ്രായങ്ങളും തേടും. ഫസ്റ്റ് ക്ലാസ് കോർട്ടിലും ജില്ലാ കോർട്ടിലും പുലികളാണ് വിശ്വനാഥപണിക്കരും അശോകും എങ്കിൽ അവിടുത്തെ സിംഹം ആണ് വിഷ്ണു. പക്ഷെ , അച്ഛനും ഏട്ടനും താത്പര്യമുള്ള ഒരു കേസിലും വിഷ്ണു ഇടപെടാറില്ല , അതുപോലെ തിരിച്ചും. ഒരു പര്സപര ധാരണ എന്ന് വേണമെങ്കിൽ പറയാം. അശോക് ഇടപെടുന്ന കേസുകൾ മുഴുവനും ക്രിമിനലുകൾക്ക് വേണ്ടി ആയതു കൊണ്ട് സ്വന്തമായി തല്ലാനും കൊല്ലാനും ഒരു സേനതന്നെയുണ്ടയാൾക്ക്. അത് പോലെ രാഷ്ട്രീയത്തിൽ നല്ല പിടിപാടും.


ഇളയ ആൾ വൈശാഖ് , ഇവരുടെ വഴിയേ സഞ്ചരിക്കാത്ത, വിശ്വനാഥപണിക്കരുടെ ഭാഷയിൽ പറഞ്ഞാൽ പിഴച്ചുപോയ സന്തതി. എംസിഎ കഴിഞ്ഞു ബാംഗ്ലൂരിൽ ആയിരുന്നു ജോലി. അങ്ങിനെയാണ് ഇളയ മകന് തറവാട് എന്ന നിലയിൽ വിഷ്ണു അടുത്ത് തന്നെ വൈഷ്ണവം എന്ന പേരിൽ ഒരു ഇരുനില വീട് വച്ചത്. പക്ഷെ, അവരുടെ ആഗ്രഹങ്ങളെ തള്ളിക്കളഞ്ഞു വൈശാഖ് കൂടെ ജോലി ചെയ്തിരുന്ന ഒരു പാലക്കാരി അച്ചായത്തിയെ കെട്ടി. വൈശാഖിന്റെ ജനനത്തിനു മൂന്നു വർഷങ്ങൾക്കിപ്പുറം അമ്മ മരിച്ചു പോയിരുന്നു. അത് കൊണ്ട് തന്നെ കൂടുതൽ ശ്രദ്ധയും കൊഞ്ചലും എറ്റു വളർന്നിട്ടാണ് അവൻ അങ്ങിനെയായതു എന്ന് പഴിച്ചു വിശ്വനാഥപണിക്കർ അവനെ തറവാടിന് പുറത്താക്കി. അതോടെ വൈശാഖ് ഭാര്യ ജീനയുമൊത്തു യു സ് ലേക്ക് കുടിയേറി. ഇപ്പോൾ വർഷത്തിലൊരിക്കൽ പാലായിൽ വരുമ്പോൾ അച്ഛനറിയാതെ ചേട്ടനെയും ചേച്ചിയെയും കാണാനെത്തും. മകൻ നാലുവയസ്സുകാരൻ ആദവ് . 


വൈശാഖ് പോയതോടെ ഒറ്റക്കായ അച്ഛനൊപ്പം വിഷ്ണുവും കുടുംബവും താമസം തുടങ്ങി. ആറ് മാസങ്ങൾക്കു മുൻപ് ചെറിയ ക്ഷീണം തോന്നിയപ്പോഴാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം വിഷ്ണു ഫുൾ ബോഡി ചെക്കപ്പ് നടത്തിയത്. ഒരു ശരാശരി മലയാളിയെ പോലെ ആവശ്യത്തിൽ കൂടുതൽ കൊളെസ്ട്രോൾ ശരീരത്തിൽ കണ്ടതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വന്തമായി ഒരു ചെറിയ ജിം വൈഷ്ണവത്തിന്റെ മുകളിൽ സ്ഥാപിച്ചു തുടങ്ങിയതാണ് രാവിലത്തെ വ്യായാമം.


വിഷ്ണു മഠത്തിൽ തറവാട്ടിലേക്കെത്തി പത്രവുമായി സോപാനത്തിലേക്കിരുന്നു. 


"ആതി .. ചായ "


അവിടെയിരുന്നു വിഷ്ണു തെക്കേ മുറിയിലെ അച്ഛന്റെ ഓഫീസിലേക്ക് നോക്കി. ചെറിയൊരു പരിഭ്രമത്തോടെ വിശ്വനാഥപണിക്കർ അവിടെയുള്ള പേപ്പർ കെട്ടുകൾ തിരിച്ചും മറിച്ചും നോക്കിയും ചില പേപ്പറുകളിൽ നിന്നും എന്തൊക്കെയോ ഒരു വെള്ള പേപ്പറിലേക്കു എഴുതുകയും ചെയ്യുന്നുണ്ട് . മുഖത്തെ പരിഭ്രമത്തിൽ നിന്നും ഏതോ പ്രധാനപ്പെട്ട കേസിന്റെ വാദം ഇന്നുണ്ട് എന്ന് അവനു മനസ്സിലായി. 


"അതെ, രാവിലെ വേണുവിന്റെയൊപ്പം ഡിസ്കഷൻ ഒന്നും ഇല്ലല്ലോ, കുട്ടികളെ ഒന്ന് റെഡി ആക്കൂ "


ആതിരയുടെ കയ്യിൽ നിന്നും ചായ കപ്പു വാങ്ങി അവൻ വീണ്ടും പേപ്പറിലേക്കു തല താഴ്ത്തി . 


"വിഷ്ണുവേട്ടാ , ഞാൻ പറഞ്ഞത് കേട്ടോ. അമ്മിണിഅമ്മ പറഞ്ഞാലൊന്നും അവർ കേൾക്കത്തില്ല.എനിക്കിന്ന് ബാങ്കിൽ ഓഡിറ്റിങ് ഉണ്ട് , രാവിലെ പോണം "


ആതിര തിരിഞ്ഞു അകത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു . ഇനിയും താൻ എഴുനേറ്റില്ലങ്കിൽ കുടുംബ പ്രശ്‍നം ഉണ്ടാകും എന്ന തിരിച്ചറിവിൽ വിഷ്ണു പേപ്പർ സോപാനത്തിലേക്കു ഇട്ടു അകത്തേക്ക് നടന്നു. 


"വലിയ വക്കീലാണെന്നു പറഞ്ഞിട്ടെന്തു കാര്യം, സന്തോഷകരമായ കുടുംബ ജീവിതത്തിനു വിട്ടു വീഴ്‌ച ചെയ്തേ പറ്റൂ " ആത്മഗതം പറഞ്ഞു അവൻ കുട്ടികളുടെ റൂമിലേക്ക് കയറി.


എട്ടുമണിയോട് കൂടി ആതിര രണ്ടു കുട്ടികളുമായി വെളിയിലേക്കു ഇറങ്ങുമ്പോൾ അവരുടെ ഡ്രൈവർ ഗോപി അങ്ങോട്ട് ഓടി വന്നു .


"ആതിര കുഞ്ഞേ, ഞാൻ കൊണ്ടേ വിടാം"


"വേണ്ട ഗോപിയേട്ടാ , എനിക്ക് രാവിലെ ബാങ്കിൽ പോണം. അവരെ സ്കൂളിൽ വിട്ട് ഞാൻ അത് വഴി പോയ്കോളാം "


ആതിര തന്റെ കാറിൽ രണ്ടുപേരെയും കേറ്റി വെളിയിലേക്കു ഓടിച്ചു പോകുമ്പോൾ എതിർ ദിശയിൽ നിന്നും വീട്ടിലേക്കു ഒരു XUV ഇരച്ചെത്തി . അതിൽ നിന്നും അശോകും പിന്നെ മുടി നീട്ടി വളർത്തിയ ഒരാളും ഇറങ്ങി വിഷ്ണുവിനെ കൈപൊക്കി കാണിച്ചു വിശ്വനാഥപണിക്കരുടെ ഓഫീസിലേക്ക് നടന്നു. കാശു കിട്ടിയാൽ എന്തും ചെയ്യുന്ന ആളാണ് അശോക് എന്നറിയാവുന്ന കൊണ്ട് വന്നത് ഏതോ ഗുണ്ടയാണെന്നു വിഷ്ണുവിന് മനസ്സിലായി. അവർ വരുന്നത് കണ്ടതോടെ വിശ്വനാഥപണിക്കർ ഒരു വെളുത്ത പേപ്പറുമായി പുറത്തേക്കിറങ്ങി.


"അശോകാ, അപ്പൊ എങ്ങിനെയാ ഇന്നത്തെ കാര്യം "


"അച്ഛാ, ആ ദേവകി തള്ള മാത്രമേ ഇനി ഒപ്പിട്ടു താരം ഉള്ളു. അവർക്കു വേണ്ടി ആരും ഹാജരാകത്തുമില്ല. "


വിശ്വനാഥപണിക്കർ തല ഉയർത്തി എന്ത് എന്നർത്ഥത്തിൽ അശോകിനെ നോക്കി.


"എന്ന് വച്ചാൽ, ഇവിടുന്നു ഒരു വക്കീലും അവർക്കു വേണ്ടി വാദിക്കില്ല. പിന്നെ ഇവൻ കുറച്ചു പിള്ളേരെ അവിടെ ഇട്ടിട്ടുണ്ട്. ആരേലും വെളീന്നു വന്നാൽ ഇവൻ നോക്കിക്കൊള്ളും , ഏതായാലും അതിനുള്ള കപ്പാസിറ്റി അവർക്കില്ല"


അശോക് തന്റെ കയ്യിലിരുന്ന പേപ്പർ കേട്ട് കൊണ്ട് താടി ചുരണ്ടി . 


"അതേതായാലും നന്നായി. അവര് കൂടി പോയിട്ട് വേണം റോഡിന്റെ സൈഡിൽ ഉള്ള ആ സ്ഥലത്തൊരു ഷോപ്പിംഗ് കോംപ്ലെക്സ് പണിയാൻ. ഹൈവേ എങ്ങാനും ഇത് വഴി വന്നാൽ കോടികളുടെ മുതലാ അത്. "


അവരുടെ സംസാരം കേട്ട വിഷ്ണുവിന് കാര്യങ്ങൾ ഏതാണ്ടെല്ലാം മനസ്സിലായി . അടുത്ത് തന്നെ തങ്ങളുടെ ഗ്രാമത്തിൽ കൂടി പോകുന്ന റോഡ് ഹൈവേ ആയി പ്രഖ്യാപിക്കുമെന്നും അങ്ങിനെ നാലു വരി പാത ആയാൽ അതിന്റെ ചുറ്റുപാടും ഉള്ള സ്ഥലത്തിന് വിലകൂടും എന്നും MLA കഴിഞ്ഞതവണ അച്ഛനോട് പറഞ്ഞത് അവനോർത്തു. തന്റെ ജൂനിയർ ആയ രമേശിനോട് ഇന്നത്തെ കേസിന്റെ കാര്യങ്ങൾ എല്ലാം തയ്യാറാക്കി വയ്ക്കാൻ പറഞ്ഞു മെസ്സേജ് ഇട്ടു അവൻ അകത്തേക്ക് പോയി. 


പത്തു മണിയോടെ വിഷ്ണു റെഡിയായി വന്നപ്പോഴേക്കും അച്ഛനും അശോകേട്ടനും കോടതിയിലേക്ക് പോയെന്നു അവനു മനസ്സിലായി. തന്റെ കോട്ടു കാറിലേക്കിട്ടു അവനും വെളിയിലേക്കു ഓടിച്ചു പോയി.


വൈകുന്നേരം തിരിച്ചെത്തിയ വിഷ്ണു കണ്ടത് ദേഷ്യത്തിൽ ഓഫീസ് റൂമിലെ പേപ്പറുകൾ മുഴുവനും വലിച്ചെറിഞ്ഞു കണ്ണുകൾ ചുവപ്പിച്ചു നിൽക്കുന്ന വിശ്വനാഥപണിക്കരെയാണ്. മുൻപിൽ കുറ്റം ചെയ്ത കൊടും കുറ്റവാളിയെപ്പോലെ തലതാഴ്ത്തി കൈകൾ കെട്ടി അശോകും. അങ്ങോട്ട് നടക്കാൻ തുടങ്ങിയ വിഷ്ണുവിനെ ആതിര പുറകിൽ കൂടി കൈപിടിച്ച് വലിച്ചു അകത്തേക്ക് കൂട്ടി കൊണ്ടുപോയി . 


"എന്ത് പറ്റി .. ആതി "


"അറിയില്ല വിഷ്ണുവേട്ടാ .. ഞാൻ വന്നപ്പോൾ മുതൽ രണ്ടു പേരും ഇങ്ങനെ നില്പുണ്ട് , എന്താ എന്ന് ചോദിച്ചതിന് എന്നെയും കുറെ ചീത്ത വിളിച്ചു . കുട്ടികളെ മുറിയിലാക്കി ഏട്ടൻ വരാൻ നോക്കി നിൽക്കുകയായിരുന്നു ഞാൻ "


"വിഷ്ണൂ .. ഇങ്ങോട്ടു വന്നേ ... "


അപ്പോഴേക്കും വിശ്വനാഥപണിക്കർ അവനെ അങ്ങോട്ട് വിളിച്ചു . ഓഫീസിലേക്ക് പോകുന്ന വിഷ്ണുവിനെ നോക്കി പേടിയോടെ അവൾ വാതിലിന്റെ പുറകിൽ നിന്നു . 


"എന്താ അച്ഛാ .. "


"ഒരു കേസ് .. ഒരു കേസ് നീ വാദിക്കണം എനിക്ക് വേണ്ടി.. "


"ഏതു കേസ് .. എന്താ പറ്റിയത് എന്ന് പറയു "


"ഇവൻ , ഇവന്റെ വാക്കും കേട്ടു ഇന്ന് കോടതിയിൽ പോയതാ , കക്ഷിക്ക്‌ വേണ്ടി ആരും വരില്ല എന്നും പറഞ്ഞു ചെന്നിട്ടു , സമയമായപ്പോൾ ഹൈക്കോടതിയിൽ നിന്നും വക്കീൽ വന്നു വാദിച്ചു തിരിച്ചു പോയി. ആദ്യമായിട്ട് ഞാൻ നാണം കെട്ടു , അശോകാ എവിടെപ്പോയി നിന്റ ഉണ്ടകളെല്ലാം .."


വിശ്വനാഥപണിക്കർ നിന്ന് വിറക്കാൻ തുടങ്ങി.


"അച്ഛൻ അവിടെ ഇരിക്ക്, നമുക്ക് നോക്കാം, ആദ്യം കേസ് എന്താണെന്നു പറയു, അതിന്റെ ഡീറ്റെയിൽസ് ഒക്കെ എനിക്ക് താ , ഞാൻ ഒന്ന് പഠിക്കട്ടെ "


അശോകൻ തന്റെ കയ്യിലിരിക്കുന്ന വലിയൊരു ഫയൽ അവനു നേരെ നീട്ടി . അപ്പോൾ ആ വീട്ടു മുറ്റത്തേക്ക് പൊടി പറത്തി ഒരു വെളുത്ത ഫോർച്യൂണർ കയറി വന്നു . DL രെജിസ്ട്രേഷൻ ഉള്ള ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടു വിശ്വനാഥപണിക്കരും അശോകനും വിഷ്ണും ഞെട്ടി. 


(തുടരും)