Monday, August 5, 2019

803 ലെ ശ്യാമ 3


അവൾ നന്ദന് നേരെ കൈകൾ നീട്ടി .. " ശ്യാമ , ശ്യാമ എസ് നായർ "


നന്ദന് അപ്പോളാണ് സമാധാനമായത്. ഒരു നെടുവീർപ്പോടെ അവനും കൈകൾ നീട്ടി .


"നന്ദൻ , നന്ദൻ രാധാമാധവൻ "


" രാധാമാധവൻ .. അമ്മയെ ഒത്തിരി ഇഷ്ടമാണല്ലേ "


"അതെ ... അമ്മയാണെനിക്കെല്ലാം "


"എല്ലാ ആണ്മക്കളെയും പോലെ .. അതിരിക്കിട്ടെ ഇതെന്താ കവറിൽ .. ഒത്തിരി വാങ്ങി കൂട്ടിയിട്ടുണ്ടല്ലോ "


അവൾ സോഫയിൽ ഇരുന്ന കവർ കയ്യിലെടുത്തു.


"ഒന്നും ഇല്ല ഇത്തിരി അടുക്കള സാധനങ്ങളാ , ഇങ്ങോട്ടു തന്നേക്കു "


"ഇതെന്താ ഒരു കറുത്ത കവർ .. ഓഹോ അപ്പൊ ആളു കണ്ടപ്പോലെ അത്രക്ക് പാവം ഒന്നും അല്ല , വെള്ളമടിയും ഉണ്ടല്ലേ "


ബിയർ കുപ്പിയിൽ തൊട്ടു അവൾ ചോദിച്ചു.


"എന്റെ പൊന്നെ , അങ്ങിനെ സ്ഥിരം വെള്ളമടിയൊന്നുമല്ല , ഇന്ന് ആദ്യ ദിവസമല്ലേ , സ്ഥലം മാറി കിടക്കുന്നതുകൊണ്ടു ഉറക്കം വരില്ല അതാ "


"കൊള്ളാം , എന്തിനും ഓരോ കാരണങ്ങൾ .. അപ്പൊ എങ്ങനയാ പരുപാടി "


"എന്ത് പരുപാടി .. അല്ല ശ്യാമേ , നിനക്ക് ഇങ്ങനെ ഒറ്റയ്ക്ക് ആണൊരുത്തന്റെ ഒപ്പം നിൽക്കുന്നതിനു പേടി ഒന്നും ഇല്ലേ , അതും അവൻ ഒരു ബിയർ ഒക്കെയായിട്ടു .. "


"എൻ്റെ നന്ദേട്ടാ നിങ്ങള് ഇത്രക്ക് ഡീസന്റ് ആകല്ലേ , ഞാൻ കേറിയിട്ടു റൂമിന്റെ വാതില് പോലും അടച്ചിട്ടില്ല. അങ്ങനെ ഉള്ള ഒരാളെ എന്തിനാ പേടിക്കുന്നെ. ഒരാളെ കണ്ടാൽ അയാളുടെ സ്വഭാവം മനസ്സിലാവാനുള്ള പക്വത എനിക്കുണ്ടന്നു വച്ചോ. പിന്നെ , എനിക്കേ ..അല്പസ്വല്പം കരാട്ടെ അറിയാം "


കൈകൾ പിണച്ചു കൊണ്ടുള്ള അവളുടെ നിൽപ് കണ്ടപ്പോൾ നന്ദന് ചിരി വന്നു


"അച്ചോടാ , എൻ്റെ നന്ദേട്ടന് ചിരിക്കാനും അറിയാല്ലോ "


"എൻ്റെ നന്ദേട്ടനോ , എന്താ ഇങ്ങോട്ടു ചൂണ്ടയിടുവാനോ "


"ചൂണ്ടയിടാൻ പറ്റിയ ബെസ്റ്റ് പീസ് , ഇനി എന്താ പ്ലാൻ , അത്താഴം "


"നീ കഴിച്ചതാണോ "


"ഞാൻ എട്ടു മണിക്ക് മുൻപേ കഴിക്കും , ഇപ്പൊ സമയം ഒൻപതു കഴിഞ്ഞു .. "


"ശെരി , ബിയർ അടിച്ചാൽ പിന്നെ ഫുഡ് ഉണ്ടാക്കാൻ പറ്റില്ല , മാത്രവുമല്ല ഇന്ന് ഒരു എളുപ്പത്തിലുള്ള പണി നടത്താം , ഒരു പത്തു മിനിറ്റു "

നന്ദൻ കവറുകളുമായി അടുക്കളയിലേക്കു കയറി .


അടുക്കളയിൽ നിന്നും പച്ചക്കറി അരിയുന്നതിന്റെയും പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെയും ശബ്ദം ഉയർന്നു ,

കുറച്ചു സമയത്തിന് ശേഷം ..


" ടൺ ഡ ഡാൻ " ഒരു പ്ലേറ്റ് നിറയെ ബ്രഡ് സ്ക്രമ്ബ്ളുമായി അടുക്കളയിൽ നിന്നും നന്ദൻ പുറത്തേക്കിറങ്ങി .


പക്ഷേ ശ്യാമയെ അവിടെ അവൻ കണ്ടില്ല. ഒരു പക്ഷെ അവളുടെ റൂമിലേക്ക് പോയിരിക്കും .


അവൻ കോറിഡോറിലേക്കു നടന്നു .. അവളുടെ റൂം അടഞ്ഞു കിടക്കുന്നു .. അവൻ ആകാശത്തിലേക്കു നോക്കി , ഇന്ന് പൗർണമി ആണോ .. പൂർണ ചന്ദ്രൻ ഉദിച്ചുയർന്ന് നില്കുന്നു. അപ്പോൾ അവിടെ വീശിയ കുളിര്കാറ്റിനു മുല്ലപ്പൂവിന്റ്റെയും ചന്ദനത്തിന്റെയും മണം .


"എന്ത് പറ്റി മിസ്റ്റർ , ആകാശത്തേക്കു നോക്കി സ്വപ്നം കാണുവാണോ "


"അല്ല , ടെറസിൽ പോയി വെള്ളമടിച്ചാലോ എന്നോർക്കുവാ "


"നല്ല ഐഡിയ .. ഓടിപ്പോയി സാധനങ്ങൾ എടുത്തുകൊണ്ടു വാ , ഞാൻ അവിടെ കാണും , കുറച്ചു പേപ്പർ എടുത്തോ , നിലത്തു വിരിക്കാം "


ശ്യാമ പെട്ടന്ന് സ്റ്റെപ് കയറി മുകളിലേക്ക് പോയി.


നന്ദൻ ബ്രഡ് സ്ക്രമ്ബ്ൾ ഒരു പാത്രത്തിലാക്കി , കുപ്പികളും, പേപ്പറുമായി മുകളിലേക്ക് പോയി .


അല്പം അകലത്തിൽ നിലാവിൽ കുളിച്ചു നിൽക്കുന്ന ശ്യാമയെ അവൻ കണ്ടു . അവളുടെ കണ്ണുകൾ തിളങുന്നതു പോലെ ,


"നന്ദേട്ടാ ഇങ്ങോട്ടു വരൂ , ഇവിടെ ഇരിക്കാം .. "


നന്ദൻ അവൾ പറഞ്ഞിടത്തു പേപ്പർ വിരിച്ചു , കവറിൽ നിന്നും സാധനങ്ങൾ എടുത്തു നിരത്തി.


"ഇതെന്താ സാധനം , ബ്രെഡ് ഉപ്പുമാവോ" ശ്യാമ ഒരു പുഞ്ചിരിയോടെ ചോദിച്ചു


"ഇത് .. അങ്ങിനെയും പറയാം. കയ്യിൽ കിട്ടിയ പച്ചക്കറികൾ അരിഞ്ഞിട്ടു , രണ്ടു മുട്ടയും , പിന്നെ കുറച്ചു ബ്രെഡും കൂട്ടിയുള്ള ഒരു അഡ്ജസ്റ്റ്മെന്റ് . ടച്ചിങ്‌സ് വിത്ത് ഡിന്നർ , കഴിച്ചു നോക്കി അഭിപ്രായം പറ , ഇതൊക്കെ ബാച്ച്ലർ സ്പെഷ്യൽ ആണ് ."


"ഇന്ന് ഏതായാലും വേണ്ട ചേട്ടാ, ബ്രെഷ് ചെയ്തു , ഇനി ഒന്ന് കൂടി വയ്യ , നെക്സ്റ്റ് ടൈം ആകട്ടെ "


"ഓക്കേ , വേണ്ടൽ വേണ്ട, കൊതി വിടരുത് "


അങ്ങിനെ പറഞ്ഞു നന്ദൻ ഒരു കഷണം എടുത്തു വെളിയിലേക്കെറിഞ്ഞു , മറുപടിയായി അവൾ നന്ദനെ തള്ളുന്നത് പോലെ കാണിച്ചു.


ഒരു ചിരിയോടെ , നന്ദൻ ബിയർ കുടിക്കാൻ തുടങ്ങി .


" നന്ദേട്ടാ .. ഒരു കാര്യം ചോദിക്കട്ടെ , വഴക്കു പറയരുത് "


"ചോദിക്കു "


"അല്ല ചേട്ടന്റെ മൊബൈലിൽ റേഞ്ച് ഇല്ലേ "


അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കികൊണ്ട്‌ പറഞ്ഞു "ഉണ്ടല്ലോ"


"ചേട്ടനെ ആരേലും തേച്ചിട്ടുണ്ടോ " അവൻ പുരികം ഉയർത്തി ഇല്ല എന്ന് പറഞ്ഞു .


"ചേട്ടന് സീരിയസ് ആയി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ " ഒരല്പം ദൂരം പാലിച്ചുകൊണ്ട്‌ ചുണ്ടിന്റെ കോണിൽ ഒരു ചെറു ചിരിയോടെ "അല്ല ഐ മീൻ , ഈ പെൺകുട്ടികളെ തൃപ്തി പെടുത്താൻ പറ്റായ്ക അങ്ങിനെ വല്ലതും "


നന്ദൻ ഒറ്റയടിക്ക് ആ കുപ്പിയിലുണ്ടായിരുന്ന ബിയർ മുഴുവനും കാലിയാക്കി അവളെ തല്ലാൻ പോകുന്ന പോലെ ഭാവിച്ചു


"നിനക്ക് എന്തിന്റെ കേടാ പെണ്ണെ "


"ശോ , ഇതിൽ നിന്നോ , ഞാൻ കണ്ണ് പൊട്ടുന്ന തെറിയാ പ്രതീക്ഷിച്ചതു "


നന്ദന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.


"അതെ നന്ദേട്ടാ , ഞാൻ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ , ഇതേ പ്രായത്തിലുള്ള കല്യാണം കഴിക്കാത്ത എല്ലാ ചെറുക്കന്മാരും ഈ സമയത്തു ഫോണിൽ സംസാരിക്കുകയാവും , അല്ലെങ്കിൽ ഇത് പോലെ കൂട്ടുകാരുടെ കൂടെ ഇരുന്നു വെള്ളമടിക്കുകയാവും. ഇത് റെയർ പീസ് ആണ്, ആരെയും പ്രണയിക്കുന്നുമില്ല , ആരും തേച്ചിട്ടുമില്ല , നല്ല ജോലിയും ശമ്പളവും , എന്നിട്ടു തന്നെ ഇരുന്നു വെള്ളമടിക്കുന്നു "

"പ്രണയം .. അതെനിക്ക് ശെരിയാവില്ല .. ഒരാളെ ഇഷ്ടപ്പെടുക , വേറൊരാളെ കല്യാണം കഴിക്കുക .. പിന്നെ ഇമ്മാതിരി ദേഷ്യപെട്ടുനടക്കുന്ന ആളെ ആർക്കാണ് ഇഷ്ടപ്പെടുക "


"അപ്പൊ ദേഷ്യക്കാരനാണെന്നു സ്വയം സമ്മതിച്ചല്ലേ .."


"അങ്ങിനെ ഒന്നും ഇല്ല , പക്ഷെ നമുക്ക് പറ്റിയ ഒരാളെ കിട്ടണ്ടേ "


"നന്ദേട്ടൻ പറയൂ , എങ്ങനെ ഉള്ള പെൺകുട്ടി ആകണമെന്ന് , നമുക്കൊന്ന് തപ്പാം , ചിലപ്പോൾ കിട്ടിയാലോ ?"


"എനിക്കങ്ങനെ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല , എന്നോട് അട്ജെസ്റ് ചെയ്യുന്ന ആളായിരിക്കണം , ഒരു ദൈവ വിശ്വാസി , പിന്നെ അമ്മയെ ഒത്തിരി സ്നേഹിക്കുന്ന ആളായിരിക്കണം, പിന്നെ... എനിക്ക് പാട്ടു മൂളി തരുന്ന ഒരാളായിരിക്കണം "


"കൊള്ളാല്ലോ അപ്പൊ ഈ വട്ട മുഖം , നീണ്ട മുടി , വെളുത്ത നിറം , ആകർഷണമുള്ള കണ്ണുകൾ അങ്ങിനെ ഒന്നും ഇല്ലേ "


"അതൊക്കെ ബാഹ്യ സൗന്ദര്യ സങ്കല്പമല്ലേ , അഞ്ചോ പത്തോ കൊല്ലത്തേക്കുള്ളത് , നമുക്ക് വേണ്ടത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന , ദുഃഖങ്ങളിൽ ചേർത്ത് പിടിക്കുന്ന ഒരാളെയാണ്. "


ശ്യാമയുടെ കണ്ണുകൾ തിളങ്ങുത്ത് പോലെ നന്ദന് തോന്നി .


"ഇതിപ്പോ ഇത്തിരി കടുപ്പമാണല്ലോ നന്ദേട്ടാ , എന്നാലും നോക്കാം .. ഇതെല്ലാം ചേർന്ന ഒരാളെ കണ്ടാൽ നന്ദേട്ടൻ എന്ത് ചെയ്യും ? പ്രണയിക്കുമോ "


"ചിലപ്പോ " അവൻ പുഞ്ചിരിയോടെ അടുത്ത കുപ്പി കാലിയാക്കി .



"നന്ദേട്ടനൊരു കാര്യമറിയാമോ ? ഏട്ടൻ ദേഷ്യപെടുന്നത് കണ്ണിൽ നോക്കാതെ ആണ് . കാരണം കണ്ണിൽ നോക്കിയാൽ ഏട്ടന് ദേഷ്യപ്പെടാൻ പറ്റില്ല. അത്രക്കും പാവമാണ് .. നേരത്തെ പറഞ്ഞപോലെ ഒരു പാവം മുയൽ കുഞ്ഞിനെ പോലെ "


കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ ശ്യാമ തന്നെ മനസ്സിലാക്കിയിരിക്കുന്നു എന്ന് നന്ദന് തോന്നി.


"ഞാൻ ഈ മടിയിലൊന്നു കിടന്നോട്ടെ " അവൻ അവളോട് ചോദിച്ചു.


മറുപടിക്കു കാത്തു നില്കാതെ അവൻ അവളുടെ മടിയിലേക്കി തല വച്ച് കിടന്നു. താൻ മേഘക്കൂട്ടങ്ങൾ ക്കിടയിൽ കിടക്കുന്നതു പോലെ അവനു തോന്നി.


"നന്ദേട്ടന് ആ നക്ഷത്രത്തെ കണ്ടോ , അത് നമ്മളെ നോക്കുന്നത് പോലെ "


"ശെരിയാ , ഇന്ന് നല്ല നിലാവുണ്ട് അല്ലെങ്കിൽ വേട്ടക്കാരനെയും , സപ്തർഷികളെയും എല്ലാം കാണാമായിരുന്നു."


"അതെ അതെ . ഏട്ടൻ പ്രേമിക്കാൻ കുറച്ചു പാട് പെടും " അവൾ പുഞ്ചിരിയോടെ നന്ദനറെ മൂക്കിൽ പിടിച്ചു


"എന്താ നീ നോക്കുന്നോ "


അവൾ ഒരു നിമിഷം നിശബ്ദമായി , ദൂരേക്ക് നോക്കി , അവളുടെ മിഴികൾ നിറഞ്ഞുവോ ..


"നോക്കാമായിരുന്നു , ഇനി പറ്റില്ല "


"അതെന്തേ , വൈകിട്ട് പാട്ടു കേട്ടപ്പോളെ ഒരു വിരഹം മണത്തു ഞാൻ "


"കൊള്ളാമല്ലോ നന്ദേട്ടൻ , പ്രണയിക്കാനെ അറിയാതെയുള്ളു. പാട്ടു കേട്ട് സന്ദർഭം പറയുമല്ലേ ..ഏട്ടനൊരു സർപ്രൈസ് ഉണ്ട് .. നാളെ പറയാം "


"ഓക്കേ , എന്നാലൊരു പാട്ടു പാടി തരാമോ , അറിയില്ല എന്ന് മാത്രം പറയരുത് "


"ഏതു പാട്ടു വേണം "


"ഏതായാലും കുഴപ്പമില്ല മെലഡി മതി "


"ശെരി , ഇതാ പിടിച്ചോ "


വീണ്ടും മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധം അവിടെയാകെ നിറയാൻ തുടങ്ങി ..


അവന്റെ തലമുടികൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു ,കണ്ഠം ശെരിയാക്കി ശ്യാമ മൂളി തുടങ്ങി


"ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു


ഓമലേ ... ജീവനില്‍, അമൃതേകാനായ്‌ വീണ്ടും,


എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!



നീയുലാവുമ്പോള്‍, സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍


മാഞ്ഞുപോയൊരു പൂത്താലം പോലും,


കൈ നിറഞ്ഞു വാസന്തം പോലെ,


തെളിയും നിന്‍, ജന്മപുണ്യം പോല്‍..


ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു."


നന്ദൻ കണ്ണുകൾ അടച്ചു ഉറക്കത്തിലേക്കു യാത്രയായി .. നിറഞ്ഞ നിലാവിൽ പോലും തെളിഞ്ഞു നിന്ന ആ നക്ഷത്രം അവരെ നോക്കി പുഞ്ചിരിച്ചു ..


തുടരും

No comments:

Post a Comment