Monday, August 5, 2019

803 ലെ ശ്യാമ 9


"ചേട്ടന്മാര് പോയ്കൊള്ളു , ഞാൻ പുറകെ വന്നേക്കാം .. ഈ ഡ്രസ്സ് കൂടി കൊണ്ട് പൊയ്ക്കോളൂ " വാടകക്കെടുത്ത ഡ്രസ്സ് ഉള്ള കവർ അവരെ ഏല്പിച്ചു പറഞ്ഞു.

"അപ്പൊ ചേട്ടന്മാര് വിട്ടോ , ഇവനെ ഞങ്ങൾ അങ്ങോട്ട് എത്തിച്ചോളാം " അടുത്ത ആളും അവിടെ എത്തി .
അവരെ രണ്ടു പേരെയും കണ്ടു എൻ്റെ കണ്ണ് നിറഞ്ഞു ,അപമാന ഭാരത്താൽ തല കുനിഞ്ഞു.

അലക്‌സും ജോബിയും , എൻ്റെ ക്‌ളാസിലെ രണ്ട് സ്ഥിരം പ്രശ്നക്കാർ . എന്നും എന്തെങ്കിലും കേസ് കാണും അവരുടെ പേരിൽ . നല്ല കാശുള്ള കുടുംബത്തിലെ ആയ കാരണം എല്ലാം സോൾവ് ആകും. രണ്ടും കസിൻസ് ആണ്. സയാമീസ് ഇരട്ടകളെ പോലെ എപ്പോളും ഒരുമിച്ചാണ് നടപ്പ് .

"നീ എന്താടാ നന്ദാ ഒന്നും മിണ്ടാത്തെ , ഞങ്ങളെ അറിയില്ലേ "

"അത് .. ഞാൻ .. ദൈവത്തെ ഓർത്തു ഇതൊന്നും നാളെ ക്‌ളാസിൽ പോയി പറയരുത്. നാണക്കേട് കൊണ്ടല്ല .. ഈ സഹതാപം .. അതെനിക്കിഷ്ടമല്ല. "

അപ്പോളേക്കും ഒരു പഴയ അംബാസിഡർ കാർ ഞങ്ങളുടെ അടുത്ത് വന്നു നിന്നു . കാറിന്റെ അകത്തു നിന്ന് അറുപത്തിനടുത്തു പ്രായമുള്ള ഒരാൾ ഞങ്ങളെ നോക്കി പറഞ്ഞു

"എന്നതാടാ പുള്ളേരെ അവിടെ .. ജോബി ... ഈ ചെറുക്കൻ ഏതാ .. "

"അത് അപ്പച്ചാ ഇവൻ എൻ്റെ കൂടെ പഠിക്കുന്നതാ , ഇവിടെ കാറ്ററിങ്ങിനു ഉണ്ടായിരുന്നു .. ഇപ്പൊ നമ്മുടെ കൂടെ വരുന്നു. " അലക്സ് ആണ് മറുപടി പറഞ്ഞത് .

ജോബി കാറിന്റെ പുറകിൽ കേറി , എന്നെ അകത്തേക്ക് തള്ളി കേറ്റി അലക്‌സും കാറിൽ കയറി.

അലക്സിന്റെ അപ്പച്ചൻ കാർ സ്റ്റാർട്ട് ചെയ്തു , ആ റബ്ബർ തോട്ടത്തിന്റെ ഇടയിലൂടെ കാർ മുൻപോട്ടു പാഞ്ഞു.

"എന്നതാ മോന്റെ പേര് " അമ്മച്ചി ആണ് ചോദിച്ചത്

"നന്ദൻ "

"കോളേജിൽ പഠിക്കുന്ന നീ എങ്ങനാ ഇവിടെ "

കണ്ണുകളിൽ ഇരുട്ട് മൂടുന്നപോലെ എനിക്ക് തോന്നി , പിന്നെ എല്ലാ കാര്യവും തുറന്നു പറഞ്ഞു. അമ്മയുടെ അപകടം മുതൽ രാത്രിയിലും കോളേജില്ലാത്ത ദിവസങ്ങളിലും പണിക്കു പോകുന്നതു വരെ.

പെട്ടന്ന് അലക്സിന്റെ അപ്പച്ചൻ വണ്ടി നിർത്തി , മിററിലൂടെ എനിക്ക് അന്ദേഹത്തിനെ കണ്ണുകൾ കാണാമായിരുന്നു.

"അതെനിക്കു ഇഷ്ടമായി മോനെ .. കഷ്ടപ്പെട്ട് ജീവിച്ചു കാണിക്കണം , കുറച്ചു അഹങ്കാരമൊക്കെ അന്നേരം ആകാം . അതിരിക്കട്ടെ നീ ഈ പരീക്ഷക്കു ഒക്കെ ജയിക്കുന്നുണ്ടോടാ "

"ജയിച്ചു സർ "

പിന്നെ അവിടെ നടന്നത് കണ്ണ് പൊട്ടുന്ന തെറിവിളിയായിരുന്നു. അലക്സിനെയും ജോബിയെയും .

കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് അദ്ദേഹം തുടർന്നു .

"നീ സാർ എന്നൊന്നും വിളിക്കണ്ട , ജോസഫ് അതാണെന്റെ പേര് , നീ ഇവനെ പോലെ അപ്പച്ചാ എന്ന് വിളിച്ചോ , ഇവളെ അമ്മച്ചി എന്നും . പിന്നെ നാളെ മുതൽ ഇവന്മാരുടെ കൂടെ നീയും കൂടിക്കോ. ഇവരുടെ ഫുൾ കാര്യങ്ങൾ എന്നും എന്നെ വിളിച്ചു പറയണം . അതിനു വേണമെങ്കിൽ ശമ്പളം തരാം. കഴിഞ്ഞ പരീക്ഷക്ക് മുഴുവൻ തോറ്റിട്ടു വന്ന സാധനങ്ങളാ. അടുത്തതിന് നീ ഒന്ന് പാസ്സാക്കണം . ജോബീ നിനക്കെന്തെങ്കിലും പറയാനുണ്ടോ "

"ഇല്ല അങ്കിളേ "

"നിന്റെ അപ്പനോട് ഞാൻ പറഞ്ഞോളം .. കേട്ടോടാ നന്ദാ .. നിന്റെ കാര്യങ്ങൾ കേട്ടപ്പോ പണ്ട് ഞാൻ അപ്പന്റെ കൂടെ തൊടുപുഴക്കു വന്നതാ ഓർക്കണേ. കാടും മേടും വെട്ടിപിടിച്ചു വന്നപ്പോ പഠിക്കാൻ സാധിച്ചില്ല. ഇവന്റെ മൂത്തവൻ മാത്യു അവൻ മിടുക്കനാ, അങ്ങ് അമേരിക്കയിലാ , പിന്നെ നടുക്ക് മിന്നു , അവള് ഇവളെ പോലാ .. പഠിച്ചു പഠിച്ചു ഇപ്പൊ ഭർത്താവിന്റെ കൂടെ ചെങ്ങന്നൂരാ.. പിന്നെ ഇവൻ .. അവിടേം ഇല്ല ഇവിടേം ഇല്ല . നിനക്ക് ശെരിയാക്കാൻ പറ്റുവോ "

"നോക്കാം അപ്പച്ചാ "

ആ കാർ ഓടിച്ചു കേറിയത് ഒരു കൊട്ടാരം പോലുള്ള വീട്ടിലേക്കാണ് , തൊടുപുഴക്കും മൂന്നാറിനും ഇടയിൽ . അപ്പച്ചനെ പറ്റി പറയുകയാണെങ്കിൽ , ഒരു പക്കാ പ്ലാന്റർ കം ബിസിനെസ്സ് മാൻ . ജോബിയും അലക്‌സും അപ്പന്മാരുടെ പൈസ കൊണ്ട് പഠിക്കാനിറങ്ങിയ രണ്ടു പേരും. പക്ഷെ അന്ന് അവർ പിടിച്ചിട്ടത് വെറും ഒരു അംബാസിഡർ കാറിലേക്കല്ല അവരുടെ സൗഹൃദത്തിലേക്കായിരുന്നു അല്ലങ്കിൽ ആ നല്ല കുടുബത്തിലേക്കായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

അതിരാവിലെ അലക്സിന്റെ ജീപ്പിൽ ബിനോയിയുടെ റൂമിലെത്തി, ബാഗെല്ലാം എടുത്തു അലക്‌സിന്റെ വീട്ടിലേക്കു പോയി. ഒരു ഡുപ്ലെസ് വീട്. അങ്ങിനെ ഞാൻ അലക്സ് ജോസഫിന്റെയും ജോബിയുടെയും അടുത്ത കൂട്ടുകാരനായി. കുറച്ചു ആഴ്ച കഴിഞ്ഞപ്പോൾ രാജേഷും ഞങ്ങളുടെ ഒപ്പം കൂടി . അങ്ങിനെ നാലുപേരും ഒരു വീടും. ഞാൻ അപ്പോളും കല്യാണത്തിനും കാറ്റെറിംഗിനും പോകുമായിരുന്നു. കാലങ്ങൾ മുന്നോട്ടു പോയി. ഫോര്ത് സെമസ്റ്റർ അവസാനിക്കാറായി. ദൈവാനുഗ്രഹം കൊണ്ടോ മറ്റോ അലക്‌സും ജോബിയും സപ്ലി ഉൾപ്പെടെ എല്ലാ പരീക്ഷകളും പാസ്സായി.

നാലാം സെമസ്റ്ററിന്റെ അവസാനം ഞങ്ങളെ തേടി ഇച്ചായൻ എന്ന് വിളിക്കുന്ന മാത്യു ജോസഫ് എത്തി. മാത്യു ജോസഫ് , ഒരു പക്കാ IT പ്രഫഷണൽ വിത്ത് എ വൈസ് ബിസിനസ് മൈൻഡ് . തന്റെ ജോലിയോടൊപ്പം ഒരു പുതിയ കമ്പനി തുടങ്ങാനായി വന്നതായിരുന്നു ഇച്ചായൻ . ചെറിയ ചെറിയ സ്ഥാപനങ്ങൾക്കു അപ്ലിക്കേഷൻ ഉണ്ടാക്കി കൊടുക്കുക , അതിനെ സപ്പോർട്ട് ചെയ്യുക , അതിനാവശ്യമായ ഹോസ്റ്റിങ് സെർവർ കൊടുക്കുക ഇതൊക്കെയായിരുന്നു ബിസിനസ്. അവിടെ ഞങ്ങളും കൂടി. കോളേജിൽ പഠിക്കുന്നതല്ല യഥാർത്ഥത്തിൽ കോഡിങ് എന്ന് അങ്ങിനെയാണ് മനസ്സിലായത്. ആദ്യമായി ഉണ്ടാക്കിയത് ആഫ്രിക്കയിലെ ഏതോ ചെറിയ രാജ്യത്തിന്റെ എയർ ലൈൻ സിസ്റ്റം ആയിരുന്നു. ജാവ , സ്പ്രിങ് ,അംഗുലര് എന്നൊക്കെ കേട്ടത് അവിടെ നിന്നാണ്. പിന്നെ പിന്നെ കുറേശ്ശെയായി വർക്ക് വരാൻ തുടങ്ങി. എനിക്കും രാജേഷിനും നല്ല ഇന്റെരെസ്റ്റ് ആയിരുന്നതിനാൽ എന്നും വൈകിട്ട് അവിടെയായി ജോലി. ഇടക്കൊക്കെ കുറച്ചു കാശ് തരും. ഒരു ഫുൾ അപ്ലിക്കേഷൻ മൊഡ്യൂൾ എന്താണെന്നും , വെബ് ഹോസ്റ്റിങ് എന്താണെന്നും എല്ലാം അവിടെ നിന്നും പഠിച്ചു. ഞാൻ ഇവിടെ ജോലിക്കു വരുമ്പോൾ ശെരിക്കും ഫ്രഷർ അല്ലായിരുന്നു. ജെഎം സിൽ രണ്ടു വര്ഷം പണി പഠിച്ചിട്ടു ആണ് ഇവിടെ വന്നത് "

"അതൊക്കെ ശെരി എന്നാലും നമ്മൾ പറഞ്ഞു വന്നത് ദേവകിയുടെയും നന്ദന്റെയും കഥ യാണ് , അതെപ്പോ വരും " ബേബിച്ചായൻ അസ്വസ്ഥനാകാൻ തുടങ്ങി.

"ഇനി അതാണ് ബേബിച്ചായാ "

ഒരു ദീർഘ നിശ്വാസത്തോടെ നന്ദൻ തുടർന്നു .

മൂന്നാം വര്ഷം അല്ലെങ്കിൽ അഞ്ചാം സെമസ്റ്റർ , ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ പോകുന്ന സമയം .. ഒരു ദിവസം വൈകിട്ടാണ് ലക്ഷ്മിയുടെ വിളി വന്നത് . നേരത്തെ പറഞ്ഞ കസിൻ , പ്രായത്തിൽ ഇളയതാണെങ്കിലും വർത്തമാനത്തിൽ എന്റെ ചേച്ചിയാണ്.

"ഡാ .. നന്ദു , എനിക്കൊരു ഹെല്പ് വേണം "

"നിനക്ക് ഹെൽപോ .. പറയു , ഒരു നടക്കു പോകുന്നതാണോ എന്ന് നോക്കാം "

"എന്റെ ഒരു കൂട്ടുകാരി ഇല്ലേ മേഘ , അവളും അവളുടെ ഒരു കൂട്ടുകാരിയും എന്നെ കാണാൻ ഇവിടെ വന്നിട്ടുണ്ട് "

"അതിനു "

"നീ പഠിക്കുന്ന കോളേജിൽ തന്നെ ആണ് മേഘയുടെ കൂട്ടുകാരിക്ക് അഡ്മിഷൻ കിട്ടിയത് "

"അതിനു"

"അതിനൊന്നും ഇല്ല , ഒരു പാവം കുട്ടിയാ .. ഞാൻ നിന്നെ പറ്റി ഇത്തിരി പൊക്കി പറഞ്ഞിട്ടുണ്ട്. നീ അവളെ ഒന്ന് ഹെല്പ് ചെയ്യണം "

"എങ്ങനെ "

"അവിടെ വരുമ്പോൾ ഈ റാഗിങ്ങ് ഒക്കെ കാണില്ലേ , ഒരു പാവം കുട്ടിയാ , അകെ പേടിച്ചിരിക്കുവാ ,നീ അവളെ ഒന്നു നോക്കിക്കോളണം "

"കൊള്ളാം , സീനിയർ ആയ എന്നോട് തന്നെ പറയണം , പുതിയ കുട്ടികളെ റാഗിങ്ങ് നടത്താതെ നോക്കാൻ "

"മോനെ എന്നെ നാണം കെടുത്തരുത് , അവരുടെ മുൻപിൽ നിനക്കൊരു ഹീറോ ഇമേജ് കിട്ടും. പിന്നെ ഞാൻ നിന്റെ നമ്പർ കൊടുക്കുവാ . തിങ്കളാഴ്ച അവിടെ എത്തിയിട്ട് അവള് വിളിക്കും , പ്ളീസ് ഒന്ന് ഹെല്പ് ചെയ്യണം ബൈ "

എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ഫോൺ കട്ട് ചെയ്തു.സത്യം പറഞ്ഞാൽ ഞാൻ അത് വിട്ടു. കല്യാണ സമയമായതിനാൽ ശെനിയും ഞായറും വർക്ക് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ , ശെരിക്കു പറഞ്ഞാൽ നല്ല ഉറക്കത്തിൽ ആയിരുന്ന സമയത്താണ് എനിക്ക് കാൾ വന്നത്. മൊബൈൽ ലൌടു സ്‌പീക്കറിൽ ഇട്ടു ഈർഷ്യയോടെ ഞാൻ പറഞ്ഞു

"ഹലോ "

"നന്ദേട്ടൻ അല്ലെ .. ഞാൻ ദേവകി .. ലക്ഷ്മി പറഞ്ഞ കുട്ടി. ഞാൻ ഒൻപതു മണിയാകുമ്പോൾ കോളേജിന് വെളിയിൽ എത്തും , ചേട്ടൻ എവിടാ ഉണ്ടാകുക .. എനിക്ക് അകെ പേടിയാ .."

ഫോണിൽ നിന്നും കിളി നാദം കേട്ടതോടെ അലക്‌സും ജോബിയും ഓടിയെത്തി.

"ശെരി , അവിടെ ഗേറ്റിനു വെളിയിൽ ഒരു ആൽമരം ഉണ്ട് അവിടെ നിന്ന് വിളിക്കു. "

ഞാൻ ഫോൺ കട്ട് ചെയ്തു. അവരെല്ലാം ആരാണെന്നു ചോദിച്ചു ബഹളമായി. ലക്ഷ്മിയെയും ഭാമയെയും അവർക്കറിയാം , അവരല്ലാതെ വേറെ പെൺകുട്ടികൾ ആരും വിളിക്കാറും ഇല്ല. കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവര്ക്കും കൂടി തല്ലിയില്ലന്നേ ഉള്ളു. എങ്കിലും പെട്ടന്ന് കുളിച്ചു റെഡി ആയി ഞങ്ങൾ കോളേജിന്റെ ഗേറ്റിലെത്തി.അലക്‌സും ജോബിയും എന്റെ ഫോണുമായി വിളി കാത്തു ജീപ്പിൽ ഇരിക്കുകയായിരുന്നു ,ഞാൻ ബോണറ്റിൽ ബാഗും വച്ച് രാവിലെ പെയ്ത മഴയുടെ ഭംഗി ആസ്വദിച്ചു നിൽക്കുന്നു. അപ്പോളാണ് രാജേഷ് എന്നെ തോണ്ടി വിളിച്ചത്.

"ഹായ് നന്ദേട്ടൻ , ഞാൻ ദേവകി "

ഒരു പെൺകുട്ടി എന്റെ മുൻപിലേക്ക് വന്നു കൈ നീട്ടി.

(തുടരും)

No comments:

Post a Comment