Thursday, August 8, 2019

ശരത്കാലം 2






കോളേജ് ബെല്ലുകളുടെ അകമ്പടിയോടെ സമയം പൊയ്ക്കൊണ്ടിരുന്നു. ഓരോ പീരീയഡുകളുടെയും ഇടവേളകളിൽ തന്നെ പരിചയപ്പെടാൻ എത്തുന്നവരോട് സ്വന്തം പേരു മാത്രം പറഞ്ഞു രാഹുൽ തന്നിലേക്കൊതുങ്ങി . മൗനവും ക്ഷമയുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ആയുധങ്ങളെന്ന പുന്നത്തറ അച്ചന്റെ വാചകങ്ങൾ അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു .

ജീൻസും ടീഷർട്ടും സ്പോർട്സ് ഷൂവുമണിഞ്ഞ അല്ലെങ്കിൽ നിറം മങ്ങാത്ത ഷർട്ടും ട്രൗസറും ഷൂവും ധരിച്ച ആൺകുട്ടികൾക്കിടയിൽ നരച്ച നീല ഷർട്ടും വെളുപ്പ് മഞ്ഞക്കു വഴിമാറിതുടങ്ങിയ കറുപ്പ് കരയുള്ള മുണ്ടുമുടുത്തു വന്ന തന്നോടവന് ആദ്യമായി ലജ്ജ തോന്നി . നീലയും വെള്ളയും നിറമുള്ള സ്കൂൾ യൂണിഫോം ആയിരുന്നെങ്കിൽ എന്നവൻ മനസ്സിലോർത്തു .ഇനിയുള്ള നാളുകളിൽ , ഇവരെല്ലാം മാറി മാറി ഓരോ വസ്ത്രങ്ങൾ അണിഞ്ഞു വരുമ്പോൾ താൻ മാത്രം , ഈ നീലയും പിന്നെയൊരു മഞ്ഞയും നിറമുള്ള ഷർട്ടുമായി എത്ര നാൾ . ക്‌ളാസിൽ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു പ്യൂപ്പയെ പോലെ തന്നിലേക്കൊതുങ്ങി അവൻ അലോചിച്ചു കൂട്ടിക്കൊണ്ടിരുന്നു .ചിന്തകൾക്കവസാനം , തന്റെ ജീവിതം ഒരു കൂട്ടം നല്ല മനസ്സുകളുടെ ദാനത്തിന്റെ ആകെ തുകയാണെന്ന പുന്നത്തറ അച്ചന്റെ വാചകത്തിൽ അവസാനിക്കുമ്പോൾ അവൻ സമാധിയിൽ നിന്നും ഉണർന്നു. തന്റെ മുന്നിലുള്ള ഓരോ ലക്ഷ്യങ്ങളും നേടണമെങ്കിൽ പോരാടിയെ പറ്റൂ എന്ന തീരുമാനത്തിൽ അവൻ തുറന്നു വച്ചിരുന്ന ബുക്കിന്റെ അവസാന പേജിൽ പേന കൊണ്ട് തന്റെ സ്വപ്നകൂട് വരച്ചു കൊണ്ടിരുന്നു.

ഭക്ഷണത്തിന്റെ ഗന്ധം മൂക്കിലേക്ക് കയറിവന്നപ്പോഴാണ് , ഉച്ചഭക്ഷണത്തിന്റെ ഇടവേളയായ കാര്യം അവനറിഞ്ഞത്. പലരും തടിയൻ പേഴ്‌സുകളുമായി ക്യാന്റീനിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് , ചിലരാകട്ടെ പല പല കൂട്ടങ്ങളായി , കൊച്ചു വർത്തമാനം പറഞ്ഞു തങ്ങളുടെ ടിഫിൻ ബോക്സ് തുറക്കുന്നു. അവരുടെ പിൻവിളികളെ അവഗണിച്ചു , തന്റെ ബാഗ് തോളിലേക്കിട്ടു രാഹുൽ രാവിലെ കണ്ട ചാപ്പലിലേക്കു നടന്നു . ചെരുപ്പ് പുറത്തിട്ടു ഒരിക്കൽക്കൂടി മാതാവിനെ തൊഴുതു, തന്റെ ഇന്നത്തെ ജീവിതത്തിനു ദൈവങ്ങളോട് നന്ദി പറഞ്ഞു ചാപ്പലിന്റെ പടികെട്ടുകളിലേക്ക് അവനിരുന്നു.

ഇരു വശങ്ങളിലേക്കും തലചരിച്ചു നോക്കി , ബാഗിന്റെ ഉള്ളറയിൽ നിന്നും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ഒരു റോബസ്റ്റാ പഴം പുറത്തെടുത്തു. പൊളിച്ചെടുത്ത തൊലി അതെ കടലാസ്സിൽ പൊതിഞ്ഞു ബാഗിനുള്ളിലേക്കു വച്ച് ഒരു നിമിഷം കൊണ്ടത് കഴിച്ചു തീർത്തു . ഇന്നലെ രാത്രി കഴിച്ച ചോറിനു ശേഷമുള്ള ആഹാരം , തന്റെ ശരീരം അത്യുത്സാഹത്തോടെ സ്വീകരിക്കുന്നത് അവനിൽ സന്തോഷം ജനിപ്പിച്ചു. അധികം പഴുക്കാത്ത റോബസ്റ്റാ പഴം , വെളുപ്പിനെ പോരാനിറങ്ങുമ്പോൾ റപ്പായി ചേട്ടൻ നിർബന്ധത്തോടെ ബാഗിനുള്ളിൽ വച്ച് തന്നതാണ് , മുഷിഞ്ഞ അമ്പതു രൂപാ നോട്ടിനൊപ്പം . ദൂരെ പോകുമ്പോൾ , എന്റെ കുഞ്ഞിന് ഇതേ തരാനുള്ളൂ എന്ന് പറഞ്ഞു തലമുടിയിൽ തലോടുമ്പോൾ ആ കണ്ണുകളിൽ കണ്ട വാത്സല്യത്തിന് ഒരു അച്ഛന്റെ രൂപമായിരുന്നോ . അറിയില്ല .. അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. 

മറ്റൊരു നീണ്ട ബെൽ അവനെ ഓർമ്മകളിൽ നിന്നും ഉണർത്തി തിരിച്ചു ക്‌ളാസിലേക്കു പോകേണ്ട ആവശ്യകതയെ കുറിച്ചു ബോധവാനാക്കി . തന്നെ തുറിച്ചു നോക്കുന്ന ഒരു കൂട്ടം കണ്ണുകളെ അവഗണിച്ചു അവൻ ഏറ്റവും പുറകിലെ ബെഞ്ചിലേക്കിരുന്നു .

"ഐസക് .. ഐസക്ക് മാത്യു... "

ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കു മുൻപ് കാലിയായിരുന്ന ആ ബെഞ്ചിലേക്ക് പുതിയ ഒരാൾ വന്നിരുന്നതറിഞ്ഞു രാഹുൽ അതുഭുതപെട്ടു .

"രാഹുൽ.. "

"വെറും രാഹുൽ... ഞാൻ ഇവിടെ അടുത്തൂന്നാ .. നീയോ... "

ക്ലസ്‌റൂമിലേക്കെത്തിയ അധ്യാപകനെ ശ്രദ്ധിക്കാതെ ഐസക് തുടർന്നു. 

"രാഹുൽ രേവതി... കട്ടപ്പനേന്നാ .."

"രേവതി... ?"

"അമ്മ ..."

"ഹ്മ്മ് . കൊള്ളാല്ലോ നീയ്.. ഇവിടെ എവിടാ താമസം ... ഹോസ്റ്റലാ .."

"അല്ല .. ഒരു വീട്ടിലാ .. "

"അപ്പൊ പേയിങ് ഗെസ്റ്റാ ... "


അതിനുള്ള രാഹുലിന്റെ മറുപടി ഒരു പുഞ്ചിരിയായിരുന്നു. അതിനു മാത്രമല്ല, പിന്നീടുള്ള എല്ലാ ചോദ്യങ്ങൾക്കും. മൗനം എന്ന തന്റെ ഏറ്റവും നല്ല ആയുധമെടുത്തു ഐസക്കിന്റെ ചോദ്യങ്ങളെ നേരിടുമ്പോൾ , ക്ഷമയോടെ ഐസക്ക് രാഹുലിന്റെ തോളിൽ തട്ടി. 

വൈകിട്ടു, നീണ്ട ബെല്ലിന്റെ അകമ്പടിയോടെ തങ്ങളുടെ ഒരു ദിവസം കോളേജിൽ അവസാനിച്ചതിന്റെ സന്തോഷത്തിൽ കുട്ടികളെല്ലാം പുറത്തേക്കു പോയി തുടങ്ങിയപ്പോൾ , ഇരുകൈകളും തലക്കു പുറകിൽ പിടിച്ചു , മുഖം മുകളിലേക്കുയർത്തി , തന്റെ കള്ളങ്ങൾക്കു ഒരു ദിവസം കൂടി ആയുസ്സ് തന്ന ദൈവത്തിനവൻ നന്ദി പറഞ്ഞു . 

ശബ്ദമുഖരിതമായിരുന്ന ആ കലാലയത്തിലേക്കു നിശബ്ദത കടന്നുവന്നപ്പോൾ , അവൻ തന്റെ ബെഞ്ചിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടന്നു . മെയിൻ ഗേറ്റിനരുകിൽ പുറത്തേക്കു നടന്നു പോകുന്ന പ്രിനിസിപ്പലച്ചനെ കണ്ടു അവനങ്ങോട്ടു ഓടിച്ചെന്നു .

"ഫാദർ ... "

"ഉം.. പോകാറായില്ലേ ... "

പ്രിൻസിപ്പൽ തന്റെ ഗൗരവമുള്ള സ്വരത്തിൽ തന്നെ അവനോടു ചോദിച്ചു .

"ഇറങ്ങുവാണു ഫാദർ.. പിന്നെ.."

"പിന്നെ.. "

"രാവിലെ പറഞ്ഞ ജോലി.. എന്തേലും ആയാൽ പെട്ടന്ന് പറേണെ.."

അച്ചൻ മുന്നോട്ടു നടക്കാൻ തുടങ്ങി , പുറകെ രാഹുലും ..

"അത്.. നോക്കട്ടെ ..ഞാൻ മാനേജരച്ചനോട് പറയാം .. പിന്നെ .. നീയാ മറിയച്ചേടത്തീടെ വീട്ടിലാല്ലെ താമസം.. "

"തേരെഴുത്തു എന്നാ വീട്ടുപേര്.. ഒരു അമ്മച്ചി മാത്രമേ ഉള്ളൂ.. ഞാൻ രാവിലെയാ എത്തിയേ.. പേരൊന്നും ചോദിച്ചില്ല. കുരിയാക്കോസ് സാറിന്റെ വീടാന്നേ പറഞ്ഞെ.. "

"ഹ്മ്മ്.. ഈ കുരിയാക്കോസ് സാർ ഇവിടുത്തെ പഴയ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു... അല്ല എങ്ങനാ നീ പോകുന്നെ .. "

"അത് .. നടന്നു.. മൂന്നാലു കിലോമീറ്റർ അല്ലെ ഉള്ളൂ .."

"ന്നാ.. വാ ..ഞാനൊരു സൈക്കിൾ തരാം ..ഒന്ന് എണ്ണയിട്ടു ശെരിയാക്കിയാൽ നല്ലോണം ചവിട്ടാം.. "

കോളേജിനടുത്തുള്ള താമസസ്ഥലത്തേക്ക് കയറികൊണ്ട് പ്രിൻസിപ്പലച്ചൻ പറഞ്ഞു .

"അത്.."

"ഞാൻ പുന്നത്തറയച്ചനെ വിളിച്ചിരുന്നു. എല്ലാം പറഞ്ഞു.. നമുക്ക് വഴിയുണ്ടാക്കാം.. "

"..."

പുന്നത്തറ അച്ചനോട് സംസാരിച്ചു എന്ന് കേട്ടതോടെ , രാഹുൽ അവിടെ തന്നെ നിന്നു .

"വാടോ.. നീ ഇവിടം വരെ എത്തിയില്ലേ .. കഷ്ടപെടുന്നവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും .. "

പ്രിൻസിപ്പലച്ചൻ അവന്റെ തോളിൽ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. 

വൈകിട്ട് സൈക്കിളിൽ വീട്ടിലേക്കു ചെല്ലുമ്പോൾ അമ്മച്ചി സിറ്റ് ഔട്ടിൽ ഇരുന്നു ഒരു മധ്യവയസ്കനായുമായി സംസാരിക്കുകയായിരുന്നു .

"എന്നതാടാ കൊച്ചനെ.. അങ്ങോട്ട് നടന്നു പോയ നീ ഇങ്ങോട്ടു സൈക്കിളിൽ വന്നേ .. എവിടുന്നു കിട്ടി ഈ ശടകം "

"അത് അമ്മച്ചി.. ദൂരം ഉണ്ടല്ലോ എന്നും പറഞ്ഞു പ്രിൻസിപ്പൽ അച്ചൻ തന്നതാ.. അവിടെ വെറുതെ ഇരുന്നു തുരുമ്പു കേറണ്ട .. നീ വച്ചോ എന്ന് പറഞ്ഞു... "

രാഹുൽ, സൈക്കിൾ മുറ്റത്തു വച്ച് , വീടിന്റെ തെക്കു വശത്തുള്ള ഔട്ട് ഹൌസിന്റെ മുൻപിലെത്തി വാതിലിലെ പൂട്ട് തുറന്നു.

"നീ അവിടെ ഒന്ന് നിന്നെ.. രാവിലെ എന്നതാ ഒന്നും തിന്നാതെ പോയെ..നിന്നെ നോക്കിക്കൊള്ളണം എന്നും പറഞ്ഞാ അച്ചൻ ഇങ്ങോട്ടു വിട്ടേ.. "

"അത് .. അമ്മച്ചീ.. ആദ്യ ദിവസമല്ലായിരുന്നോ.. നേരത്തെ ചെല്ലാൻ വേണ്ടി.. "

"ഹാ.. നീ വേഷം മാറി അപ്പുറത്തോട്ടു ചെല്ല് .. ത്രേസ്യ ഉണ്ടവിടെ.. ചോറ് വാങ്ങി തിന്ന്.. "

"ശെരി അമ്മച്ചി.. "

"കേട്ടോ ശേഖരാ.. സാറിന്റെ വകേലൊരു അച്ചനാ പുന്നത്തറ.. പുള്ളിക്കാരന് ഇടുക്കീലൊരു അനാഥാലയം ഉണ്ട്, അവിടുത്തെ ചെക്കനാ.. നല്ലോണം പഠിക്കും എന്നാ കേട്ടെ.. മ്മടെ കോളേജിലാ ... "

"അത് മറിയ ചേടത്തി.. എന്തായാലും തണ്ടും തടീം ഉള്ള ഒരു ചെറുക്കനെ ഇങ്ങനെ വീട്ടിൽ നിർത്താവോ .. നിങ്ങള് രണ്ടു വയസ്സായവർ മാത്രമേ ഇവിടെ ഉള്ളൂ എന്നോർക്കണം .. "

"ആഹ് ..അതോർത്തു തന്നാ ഞാൻ ഇവിടെ നിർത്തിയെ .. ഞങ്ങള് രണ്ടു പേരല്ലേ ഉള്ളൂ. ഇതിപ്പോ ഒരു ആൺചെറുക്കൻ അല്ലിയോ .. എന്തേലും ആവശ്യം വന്നാൽ നിന്നെ വിളിക്കാനെങ്കിലും ഒരാള് വേണ്ടേ .. "

"എന്നാൽ ചേടത്തീടെ ഇഷ്ടം.. പിന്നെ ഈ കണക്കൊക്കെ ഒന്ന് നോക്കിക്കോ.. ബുക്ക് ഞാനിവിടെ വയ്ക്കുവാ, നാളെ വന്നു എടുത്തോളാം ..."

"എന്ത് നോക്കാനാ ശേഖരാ.. നീ നിന്റെ പണിക്കിടെ ഇവിടെ വന്നു ഇതൊക്കെ ചെയ്യുവല്ലേ .. എല്ലാം ശെരിയാ .."

"അങ്ങനെ അല്ല ചേട്ടത്തീ.. സാറിന്റെ കാലം മുതലേ ഇങ്ങനെ അല്ലെ.. ആ പിന്നെ .. റബ്ബർ വെട്ടാൻ ഇനി വേറെ ആളെ നോക്കേണ്ടി വരും.. ആ ജോൺ ഇത്തിരി മൊട കാണിക്കണുണ്ട്‌ .. "

"വേറെ ആളെ എവിടെ കിട്ടും.. ബംഗാളികൾ വെല്ലോം ഉണ്ടോ... "

"ഞാൻ മതിയോ .. എനിക്കറിയാം.. "

അവരുടെ സംഭാഷണത്തിനിടയിലേക്കു കയറി രാഹുൽ ചോദിച്ചു. അമ്മച്ചിയും ശേഖരനും തെല്ലൊരതുഭുതത്തോടെ അവനെ നോക്കി 

"അല്ല, റബ്ബർ വെട്ടാൻ ഞാൻ മതിയോ, അഞ്ചാറ് കൊല്ലമായി ചെയ്യുന്നു. റപ്പായി ചേട്ടൻ പഠിപ്പിച്ചതാ.. ഒരു പത്തു മുന്നൂറു മരം ഞങ്ങൾക്ക് ഉണ്ടാരുന്നേ..അങ്ങ് കട്ടപ്പനെല്.. "

"അതിപ്പോ മറിയച്ചേടത്തി ... "

"ഒന്നുമില്ല സാറെ.. വെളുപ്പിനെ തുടങ്ങിയാൽ ഒരു ആറേഴു മണിയാവുമ്പോ തീരില്ലേ.. പിന്നെ കോളേജിൽ പോകാം.. എന്തേലും തന്നാൽ മതി ..എന്റെ അനിയന്മാർക്കു ഒരു സഹായം ആവും.. "

ശേഖരൻ സംശയഭാവത്തിൽ അമ്മച്ചിയെ നോക്കി .

"ഹ്മ്മ്.. ഞാനൊന്നു പുന്നത്തറ അച്ചനോട് ചോദിക്കട്ടെ, ഇനി നിന്നെ പണിക്കു വച്ചെന്ന് പറഞ്ഞു പുള്ളിക്കാരൻ വഴക്കു പറയരുതല്ലോ... "

"അത് മതി.. അച്ചനൊന്നും പറയില്ല.. വിയർപ്പിന്റെ വിലയറിഞ്ഞു ഭക്ഷിക്കണമെന്നാ അച്ചൻ പറയാറ്... "

"ആ.. മതി മതി.. നീ അകത്തേക്ക് ചെന്ന് വെല്ലതും വാങ്ങി കഴിക്ക് .. "

വീടിനകത്തേക്ക് കയറിപ്പോകുന്ന രാഹുലിനെ നോക്കി ശേഖരൻ മുറ്റത്തേക്കിറങ്ങി . പോക്കറ്റിൽ നിന്നും താക്കോലെടുത്തു ബൈക്കിൽ ഇട്ടു അതിൽ കയറി ഇരുന്നു .

"അപ്പൊ ശേഖരാ.. ഒന്നാം തീയതി മുതൽ ജോണിനെ പറഞ്ഞു വിട്ടേക്ക്.. ഇവൻ വെട്ടിക്കോളും.. "

"ശെരി ചേട്ടത്തീ.. "

"ആ പിന്നെ.. നാളെ പെണ്ണിനോട് ഒന്നിങ്ങോട്ടു വരാൻ പറയണം..ഈ കുന്ത്രാണ്ടത്തിനു എന്തോ പറ്റി. ഇനി എന്നെ കണ്ടില്ലാന്നു പറഞ്ഞു അമേരിക്കേന്നും കാനഡേന്നും കുറ്റീം പറിച്ചു അതുങ്ങൾ ഇങ്ങോട്ടു വരണ്ട.."

അമ്മച്ചി അയാളെ തന്റെ ഫോൺ ഉയർത്തിക്കാട്ടി .

"ആഹ് .. അവളോട് നാളെ കോളേജിൽ പോണ വഴി ഇവിടെ കേറാൻ പറയാം.."

ശേഖരൻ ബൈക്ക് ഓടിച്ചു പുറത്തേക്കു പോയപ്പോൾ , അമ്മച്ചി തന്റെ കയ്യിലിരുന്ന ഫോൺ എടുത്തു പുന്നത്തറ അച്ചന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. 

(തുടരും)

No comments:

Post a Comment