ഒരു നിമിഷം ആലോചിച്ചു , ഞാൻ പതുക്കെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ എന്നോട് ചേർത്തു. ആദ്യം അവളുടെ മൂക്കുത്തിയിൽ ചുണ്ടുകളുരസി , പിന്നീട് ആ അധരങ്ങൾ കവർന്നെടുത്തു. അവൾ ഇരു കൈകൾ കൊണ്ടും എന്റെ കഴുത്തിലൂടെ ചുറ്റികെട്ടി ചേർത്തു പിടിച്ചു. അങ്ങിനെയൊരനുഭവം ആദ്യമായല്ലങ്കിൽ പോലും ഞങ്ങളുടെ ശരീരത്തിൽ ആ സമയത്തു ഒരു വിറയൽ അനുഭവപ്പെട്ടു. ശരീരവും മനസ്സും അതിൽ കൂടുതൽ എന്തോ ആഗ്രഹിച്ചു. പെട്ടന്നാണ് ആ റൂമിന്റെ വാതിൽ ആരോ ശക്തിയോടെ തുറന്നത്.
വൈകിട്ട് ചായ
ചോദിച്ച ചെറുപ്പക്കാരനും വേറൊരു മധ്യവയസ്കനും. ഞാൻ പെട്ടന്ന് ദേവകിയെ വിട്ടകന്ന് നിന്നു.
ആ ചെറുപ്പക്കാരൻ എന്തെല്ലാമോ ആക്രോശിച്ചുകൊണ്ടു ഞങ്ങളുടെ നേരെ പാഞ്ഞടുത്തു. വേണ്ടപ്പെട്ടവരാരോ
ആണതന്നു അവളുടെ മുഖ ഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. അവൻ അവളെ ആ മധ്യവയസ്‌കന്റെ
നേരെ തള്ളിയിട്ട് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി. മോഷണത്തിനിടയിൽ
പിടിക്കപ്പെട്ട കള്ളനെ പോലെ ഞാൻ തല താഴ്ത്തി നിന്നു . ദേവകിയുടെ ഏങ്ങലടിയാണ് എന്നെ
സ്വബോധത്തിലെത്തിച്ചതു.
"നിനക്ക്
പ്രേമിക്കാൻ വേറെ ആരെയും കിട്ടിയില്ലേ @##$% മോനെ "
അടുത്ത നിമിഷം
ആ ചെറുപ്പക്കാരൻ എന്റെ കവിളിൽ മാറി മാറി അടിച്ചു. അവനെ തടുക്കണമെന്നും തിരിച്ചു തല്ലണമെന്നും
ഉണ്ടായിരുന്നെങ്കിലും , ആ അവസ്ഥയിൽ ഞാൻ എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ശെരിക്കും
അവരുടെ മുൻപിൽ ഞാൻ അപ്പോൾ ഹീറോ അല്ലായിരുന്നല്ലോ.
"അച്ഛാ
നിർത്താൻ പറയു , ഞാനാണ് നന്ദേട്ടനെ തിരക്കി ഇങ്ങോട്ടു വന്നത് .. പ്ളീസ് .. "
അത് ദേവകിയുടെ
അച്ഛനാണെന്നു എനിക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ കണ്ണിൽ നനവ് പടർന്നിരുന്നു.
"മതി ശ്രീക്കുട്ടാ
.. "
"മാമ
.. ഇവൻ "
"വേണ്ട
.. ചോദ്യവും ഉത്തരവും എല്ലാം പിന്നീട്. നാളെ ഒരു മംഗള കർമം നടക്കാനിരിക്കുമ്പോൾ ഇതൊന്നും
ഇപ്പോൾ വേണ്ട , മാത്രവുമല്ല , ഈ നാല് പേരും ഒരു തരത്തിലല്ലങ്കിൽ വേറൊരു തരത്തിൽ അതിൽ
പങ്കെടുക്കേണ്ടവരാണ്. പിന്നെ ഇവിടെ നടന്നതൊന്നും നമ്മളല്ലാതെ വേറൊരാളറിയരുത്. "
അങ്ങിനെ പറഞ്ഞു
അവർ ദേവകിയെയും കൂട്ടി മടങ്ങിപ്പോയി. അല്പം കഴിഞ്ഞു ഞാനും പാചകപ്പുരയിലേക്കു പോയി
.വെളുപ്പിനെ പ്രധാനപ്പെട്ട ജോലികൾ എല്ലാം കഴിഞ്ഞപ്പോൾ ഞാൻ റൂമിലേക്ക് തിരിച്ചുപോയി.
പിന്നീട് പലതവണ ദേവകിയുടെ ഫോണിൽ വിളിച്ചങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച
അവളെ തിരക്കി ക്‌ളാസിൽ ചെന്നെങ്കിലും എത്തിയില്ല എന്നാണറിയാൻ കഴിഞ്ഞത് .കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ
ബുന്ധിമുട്ടേറിയതാണെന്നു എനിക്ക് മനസ്സിലായി.
മൂന്നോ നാലോ
ദിവസത്തിന് ശേഷം ദേവകിയുടെ അച്ഛനും ആ ചെറുപ്പക്കാരനും എന്നെ കാണാൻ ഞങ്ങളുടെ റൂമിൽ വന്നു.
"ഇത് ശ്രീനാഥ്
, ദേവകിയുടെ കസിൻ ആണ്. " പ്രതേകിച്ചു ആമുഖമില്ലാതെ തന്നെ അച്ഛൻ സംസാരിച്ചു തുടങ്ങി
.
"അന്ന്
അങ്ങിനെ പെരുമാറിയതിന് ക്ഷമ ചോദിക്കുന്നു. പെട്ടന്ന് അങ്ങിനെ കണ്ടപ്പോൾ എന്ത് ചെയ്യണം
എന്നറിയാതെ അവൻ അങ്ങിനെ പെരുമാറിയത്. "
"അത് കുഴപ്പമില്ല
" ഞാൻ പറഞ്ഞു .
"ശ്രീകുട്ടാ
, നീ കാറിൽ ഇരിക്ക് , ഞാൻ വരാം "
"ശെരി
മാമാ..." ശ്രീ പുറത്തേക്കു ഇറങ്ങി.
"നന്ദൻ
.. എനിക്ക് രണ്ടു മക്കളാണ് ഉള്ളത് , മൂത്തത് അരുൺ , അവൻ എന്നെ പോലെ തന്നെ ബാങ്കിലാണ്
ജോലി. പിന്നെ ഇളയത് ദേവകി. എന്റെ അമ്മയുടെ പേരാണ് അവൾക്ക് . ആ വാശിയും."
ഒരു നൂറു പ്രാവശ്യം
ദേവുവിൽ നിന്നും കേട്ടതാണെങ്കിലും ആ അച്ഛന്റെ വാക്കുകളെ തടയാൻ എനിക്ക് തോന്നിയില്ല
.
"അപ്പോ
പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ... ഞാൻ അല്പം പുരോഗമനവാദി ഒക്കെ തന്നെയാണ് , മകൾ
ജാതിയിൽ കുറഞ്ഞ ആളെ കല്യാണം കഴിച്ചു എന്ന് വച്ച് എനിക്ക് പ്രശനം ഇല്ല. പക്ഷെ ഇവിടെ
ഇപ്പൊ ഇതല്ലല്ലോ അവസ്ഥ. ഞാൻ തന്നെ കുറിച്ചു അന്വഷിച്ചു. നല്ല പയ്യനാ.. ശെരി തന്നെ.
പക്ഷെ ഒരച്ഛന് തന്റെ മകളെ കൊടുക്കുന്നവന്റെ മുഴുവൻ കാര്യങ്ങളും അന്വഷിക്കണ്ടേ. ചേച്ചിയെ
കല്യാണം കഴിപ്പിക്കാൻ, ഉണ്ടായിരുന്ന സ്ഥലത്തിന്റെ പകുതി വിറ്റു , ബാക്കി ഭൂ പണയ ബാങ്കിൽ
ലോണിലും. ഇതെല്ലാം അടച്ചു തീർക്കും എന്ന് തോന്നുന്നുണ്ടോ. താൻ എന്റെ മകളെ എങ്ങോട്ടു
കൊണ്ടുപോകും . വയ്യാത്ത അച്ഛനെയും അമ്മയെയും കൊണ്ട് ജപ്തി പേടിച്ചു വീടിറങ്ങാനിരിക്കുന്ന
നിന്റെ അടുത്തേക്ക് ഞാൻ എന്റെ മകളെ കൂടി പറഞ്ഞയക്കണോ. രൂപ ഒന്നും രണ്ടും അല്ല പന്ത്രണ്ടു
ലക്ഷമാ കടം. അതിനി കൂട്ടുപലിശ കൂടി രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോൾ എത്രയാകുമെന്നു
ഒരു ബാങ്ക് മാനേജർ ആയ എനിക്ക് കണക്കു കൂട്ടാനറിയാം. ഇതെല്ലം കൂടി നീ എങ്ങനെ വീട്ടും.
അച്ഛന്റെ പെൻഷൻ കാശു കിട്ടിയിട്ട് വീട്ടാൻ നോക്കിയാലും , ബാക്കിയാകും കടം."
ദേവകിയുടെ അച്ഛൻ
പറഞ്ഞു നിർത്തി,കയ്യിലിരുന്ന ചെറിയ കുപ്പിയിലെ വെള്ളം കുടിച്ചു.
" പത്തിരുപതു
കൊല്ലം കൈവെള്ളയിൽ ഒന്നും അറിയിക്കാതെ വളർത്തികൊണ്ടുവന്നതല്ലേ , ഇനിയും അവൾ എങ്ങനെ
ജീവിക്കണമെന്ന് ഞങ്ങൾക്കൊരാഗ്രഹമില്ലേ .. ആരെങ്കിലും ചോദിച്ചാൽ തനിക്ക് പറയാൻ ഒരു ജോലി
ഉണ്ടോ , ടാക്സി ഡ്രൈവർ , പാചകപ്പുരയിലെ സഹായി , കാറ്ററിംഗ് ... ഇത് കൊണ്ട് തനിക്കു
ഒരു കുടുംബം നോക്കാൻ പറ്റുവോ .. അതോ ഇനി അതും അച്ഛന്റെ പെൻഷൻ കൊണ്ട് നോക്കുവോ. ഇനി
ഒരു ജോലി കിട്ടി എന്ന് വയ്ക്കുക , എത്ര കിട്ടും തുടക്കക്കാരന് , ഈ കടമെല്ലാം വീട്ടി
വരുമ്പോൾ എന്ത് കാണും. തനിക്കെന്റെ മകളെ വെറുതെ വിട്ടുകൂടെ , ഒരച്ഛന്റെ അപേക്ഷയാണെന്നു
കരുതിയാൽ മതി. ഒരു പെങ്ങൾ ഇല്ലായിരുന്നോ മോന്. അവൾക്കു ഈ അവസ്‌ഥ വന്നിരുന്നെങ്കിൽ എന്ത്
ചെയ്യുമായിരുന്നു. "
കൈകൾ കൂപ്പി
കണ്ണ് നിറഞ്ഞു നിൽക്കുന്ന ദേവകിയുടെ അച്ഛനെ കണ്ടപ്പോൾ ഞാൻ ആറേഴു മാസം മുൻപ് രാഹുലേട്ടന്റെ
മുൻപിൽ ഇതിനേക്കാൾ പരിതാപകരമായ അവസ്ഥയിൽ യാചിച്ച എന്റെ അച്ഛനെ ഓർത്തു പോയി. എല്ലാവരും
അമ്മയുടെ വേദനകൾ പാടി പുകഴ്ത്തുമ്പോൾ ഒന്നും പറയാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛൻ.
ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു ഒരു നല്ല ഷർട്ടോ ചെരുപ്പോ ഇല്ലാതെ എല്ലാം പിന്നീടേക്ക്
മാറ്റിവയ്ക്കുന്ന മനുഷ്യൻ. പത്താം തീയതിക്കപ്പുറം , അമ്മയുടെയും മക്കളുടെയും പരാതിക്കു
മുൻപിൽ രാവിലെ മുഖം തിരിച്ചു ഇറങ്ങിപ്പോയി വൈകിട്ട് കടം മേടിച്ചിട്ടെങ്കിലും പരാതി
തീർക്കുന്ന , ഒറ്റക്കിരുന്ന് കണക്കു കൊണ്ട് മാജിക്ക് കാണിക്കുന്ന അച്ഛൻ.
അങ്ങിനെയുള്ള
അച്ഛനോട് ഞാൻ എന്ത് പറയാനാ.
"ഞാൻ
.. ഒന്നിനും വേണ്ടിയിട്ടു സ്നേഹിച്ചതല്ല. ഞാൻ പോലും അറിയാതെ അവൾ എനിക്ക് പ്രിയപ്പെട്ടതാണെന്നു
തോന്നിപ്പോയി. എന്റെ കഷ്ടപ്പാടുകൾക്കിടയിൽ ഒരല്പം ആശ്വാസം കിട്ടിയിരുന്നത് അവളോട് സംസാരിക്കുമ്പോളായിരുന്നു.
എന്റെ സങ്കടങ്ങൾ അവളുടെ ചെറു ചിരിയിൽ മാഞ്ഞു പോയിരുന്നു. ഓരോ തവണയും അവളെ കാണുമ്പോൾ
... മുന്നോട്ടുള്ള ദിവസങ്ങൾക്കുള്ള പ്രചോദനം ആയിരുന്നു. .. പക്ഷെ നിങ്ങളുടെ ഈ വാക്കുകൾ
എന്നെ പലതും ഓർമ്മിപ്പിക്കുന്നു. അർഹത ഇല്ലാത്തതു ആഗ്രഹിച്ചത് ഞാൻ തന്നെയാണ്. അത് കൊണ്ട്
ഞാൻ വാക്ക് തരുന്നു. ഒരു തവണ കൂടി ഞാൻ അവളെ കാണും , എല്ലാം അവസാനിച്ചു എന്ന് പറയാനായി
. അതിനപ്പുറം ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ട് അവളെ തേടി വരില്ല. താങ്കളും എനിക്കൊരു വാക്കു
തരണം , എഞ്ചിനീയറിംഗ് അവളുടെ വലിയ ആഗ്രഹമാണ്. അത് തീർക്കാൻ അവളെ അനുവദിക്കണം. ഇനി ഒരു
മൂന്നു മാസം കൂടി ഞാൻ ഈ കോളേജിൽ കാണും , അതിൽ തന്നെ ഒരു പത്തു ദിവസത്തിൽ കൂടുതൽ ക്‌ളാസിൽ
ഉണ്ടാകില്ല. പിന്നെ എക്‌സാമിന് മാത്രം വരും . അതിനു ശേഷം ഈ നാട്ടിലേ ഉണ്ടാകില്ല. "
അദ്ദേഹത്തിന്റെ
കൈകൾ കൂട്ടിപ്പിടിച്ചു ഞാൻ വാക്ക് കൊടുത്തു.
അടുത്ത തിങ്കളാഴ്ച
ദേവുവിനെ അതെ വാകമരച്ചുവട്ടിൽ വച്ച് കണ്ടു.
"എന്താ
നന്ദേട്ടാ എന്നോട് പറയാനുള്ളത് "
എനിക്ക് പറയാനുള്ളത്
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ തയ്യാറാക്കി വച്ചിരുന്നു.
"അത്
, ദേവു , നമ്മൾ തമ്മിൽ ശെരിയാവില്ല, എന്നെ മറക്കണം എന്നൊക്കെ പറഞ്ഞാൽ അത്ര എളുപ്പമാവില്ല
എന്നെനിക്കറിയാം , എങ്കിലും എനിക്കിപ്പോൾ വേറൊന്നും പറയാനില്ല. നീ പഠിച്ചു മിടുക്കിയാവു
, നിനക്കൊരു നല്ല ചെക്കനെ കിട്ടും , എന്റെ കൂടെ ഇനി നീ വേണ്ട , എനിക്ക് ഞാൻ മാത്രം
മതി "
ഒരു പക്ഷെ
, അതിൽ കൂടുതൽ നേരം അവളുടെ മുഖത്ത് നോക്കിയാൽ ഞാൻ പഴയ നന്ദനായി പോയേനെ. ഞാൻ തിരിച്ചു
റൂമിലെത്തി കുറെ കരഞ്ഞു. അതോടു കൂടി ഇനി ഈ ജന്മത്തിൽ കരയില്ല എന്ന് ഞാൻ തീരുമാനിച്ചു.
ദേവകി എന്നൊരു അദ്ധ്യായം എന്റെ ജീവിധത്തിൽ നിന്നും പൂർണ്ണമായി തുടച്ചു നീക്കി. പിന്നെ
നിങ്ങൾ ഈ കാണുന്ന ഒരു പുതിയ ജീവിതം തിരഞ്ഞെടുത്തു. അച്ഛനോടും അമ്മയോടും പിന്നെ എന്റെ
അടുത്ത കൂട്ടുകാരോടുമല്ലാതെ അതിന് ശേഷം ഇന്ന് വരെ ചിരിച്ചു സംസാരിച്ചിട്ടില്ല. എല്ലാത്തിനോടും
ഒരു തരം വെറുപ്പും വാശിയുമായിരുന്നു. നന്ദൻ പറഞ്ഞു നിർത്തി.
ടെസ്സയും ബേബിച്ചായനും
സോഫയിൽ നിന്നും എഴുന്നേറ്റു.
"ബേബിച്ചായാ
, ഉച്ചയായി , എന്തങ്കിലും ഓർഡർ ചെയ്യൂ. ഇത് കേട്ടിരുന്നു ഫുഡ് ഉണ്ടാക്കാനുള്ള മൂട്
പോയി. "
ബേബിച്ചായൻ
ഓൺലൈനിൽ എന്തോ ഓർഡർ ചെയ്തു , ദേവകിയോടു ചോദിച്ചു
"എന്നിട്ടു
എന്തുണ്ടായി , ദേവകി എന്താ ചെയ്തേ "
" താങ്ക്സ്
ബേബിച്ചായാ എന്റെ കാര്യങ്ങൾ ഒരാളെങ്കിലും ചോദിച്ചല്ലോ . നന്ദേട്ടൻ ഒരു വശം മാത്രമേ
ചിന്ദിച്ചുള്ളു. എന്റെ സ്നേഹം , ജീവിതം അതിനൊന്നും ഒരു വിലയില്ലല്ലോ "
അന്നത്തെ സംഭവത്തിനു
ശേഷം എന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല , അത് കൊണ്ട് തന്നെ എന്ത് നടക്കുന്നു എന്നൊരറിവും
ഉണ്ടായിരുന്നില്ല. നന്ദേട്ടനെ കണ്ടതിനു ശേഷം വീട്ടിൽ വന്ന അച്ഛന്റെ മുഖത്ത് നിന്ന്
കാര്യങ്ങൾ ഏകദേശം ഞാൻ മനസ്സിലാക്കി. പിന്നെ, അന്ന് രാവിലെ ക്‌ളാസിൽ വച്ച് തന്നെ റീന
ചേച്ചി എല്ലാം പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ നന്ദേട്ടൻ പറഞ്ഞതൊന്നും എനിക്ക് ഫീൽ
ചെയ്തില്ല. നന്ദേട്ടൻ കോളേജ് വിട്ട ശേഷം എവിടെ ആണെന്ന് അച്ഛൻ അന്വഷിച്ചിരുന്നു. നാട്ടിൽ
ഇല്ലന്നും , കൂട്ടുകാരോട് പോലും വലിയ അടുപ്പം ഇല്ലന്നും അദ്ദേഹത്തിന് മനസ്സിലായി. പക്ഷെ
നന്ദേട്ടൻ എല്ലാം ലക്ഷ്മിയോട് പറയുമായിരുന്നു. അവൾ മേഘയോടും . അങ്ങിനെ ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു.
കുറച്ചു നാൾ കഴിഞ്ഞു, ഞാൻ ഹോസ്റ്റലിൽ നിൽക്കില്ല എന്നുറപ്പിൽ ഫോൺ എനിക്ക് തിരിച്ചു
തന്നു. പിന്നെ അലക്സേട്ടനെയും ലക്ഷ്മിയെയും സ്ഥിരം വിളിച്ചു കാര്യങ്ങൾ എല്ലാം അറിയുമായിരുന്നു.
എന്റെ കോഴ്സ് കഴിഞ്ഞ ശേഷം , കല്യാണം കഴിപ്പിക്കാൻ വീട്ടുകാർ കുറെ നോക്കി. ശ്രീയേട്ടൻ
മുതൽ ഒരുപാടു പേരു വന്നു . ഒരു ജോലി ആകാതെ കല്യാണം വേണ്ട എന്ന എന്റെ വാശിയിൽ പിന്നെ
അച്ഛൻ ഒന്നും പറഞ്ഞില്ല. പിന്നെ ജോലി കിട്ടിയ ശേഷം വന്ന കുറെ എണ്ണത്തെ ഞാനും വെറുപ്പിച്ചു.
അങ്ങിനെ ഇവിടം വരെ എത്തി.
ദേവകി പറഞ്ഞു
നിർത്തി.
അപ്പോഴക്കും
കോളിങ് ബെൽ അടിച്ചു , പിസ ഡെലിവറി.
പിസ കഴിച്ചു
കൊണ്ടിരിക്കുമ്പോൾ ബേബിച്ചായൻ പിന്നെയും ചോദിച്ചു
"നന്ദാ
, അപ്പൊ നിന്റെ കടമെല്ലാം ?"
കോഴ്സ് കഴിഞ്ഞു
ഞാൻ മാത്യുച്ചായന്റെ ഒപ്പം ബാംഗ്ലൂർക്കു പോന്നു. ആരും ഒന്നും അറിയരുതെന്ന് ഞാൻ കൂട്ടുകാരോട്
പറഞ്ഞിരുന്നു. എന്റെ വീട്ടുകാർക്ക് പോലും കൃത്യമായി അറിവില്ലായിരുന്നു ഞാൻ എവിടെ ആണെന്ന്.
റിസൾട്ട് വന്ന ശേഷം എനിക്ക് ഇവിടെ ജോലി ശെരിയായി , ആ സമയത്തു അച്ഛന് പെൻഷൻ ആയി. കുറച്ചു
മാസങ്ങൾക്കു ശേഷം പെൻഷൻ കാശും , എന്റെ കുറച്ചു വരുമാനവും ചേർത്ത് ഭൂ പണയ ബാങ്കിലെ കടം
എല്ലാം അടച്ചു തീർത്തു . റിസൾട്ട് വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം അലക്സിന്റെ അപ്പച്ചന്
ആയിരുന്നു. എന്നെ സഹായിക്കാൻ പഠിച്ചു പഠിച്ചു അലക്‌സും ജോബിയും സപ്ലി ഇല്ലാതെ എഞ്ചിനീയറിംഗ്
കടന്നു കൂടി. അപ്പച്ചൻ , എന്നെ വിളിപ്പിച്ചു, ഞങ്ങളുടെ കയ്യിൽ നിന്നും മേടിച്ച സ്ഥലം
എന്റെ പേരിൽ തിരിച്ചെഴുതി തന്നു. അവനെ കൂടെ കൊണ്ട് നടന്നു നന്നാക്കിയതിനുള്ള കൂലി.
അവനിപ്പോ MBA കഴിഞ്ഞു ആനിചേച്ചിയോടൊപ്പം ജെ എം എസ് നോക്കി നടത്തുന്നു. ഒപ്പം അപ്പന്റെ
പ്ലാന്റേഷനും . ജോബി US ഇൽ ആണ് രാജേഷ് തിരുവന്തപുരത്തു ടെക്നോ പാർക്കിലും.
"കൊള്ളാം
.. അപ്പൊ എന്ത് കൊണ്ടും പെണ്ണ് ചോദിക്കാൻ യോഗ്യനായി. എന്നാലും ഇവളുടെ മുൻപിൽ വരില്ല
എന്നു പറഞ്ഞിട്ട് ഇപ്പൊ എങ്ങനെ കണ്ടുമുട്ടി " ടെസ്സയാണ് ചോദിച്ചത്.
"ശ്യാമ
, എന്റെ അടുത്ത ഫ്ളാറ്റിലെ കുട്ടി, ഇവിടെ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. രണ്ടു ദിവസമായി
മാത്രം ഉള്ള ഫ്രണ്ട്ഷിപ് ആണ് , അവളാണ് എനിക്ക് ചേരുന്ന ഒരു പെണ്കുട്ടിയുണ്ടന്നു പറഞ്ഞു
അമ്പലത്തിൽ വച്ച് ഇവളെ കാണിച്ചു തന്നത്. ഇത്രക്ക് പരിചയമുള്ളതു കൊണ്ട് മിക്കവാറും ഇവളുടെ
ആളാകും , ഭാമ വഴി എന്റെ കാര്യങ്ങൾ അറിയാൻ നിയോഗിക്കപ്പെട്ട വേറൊരു ചാര പ്രവർത്തക "
"ശ്യാമയോ
, അതാരാ .. ഭാമേച്ചി ബാംഗ്ലൂരിൽ ആണെന്ന് അറിയാം , പക്ഷെ സത്യമായിട്ടും ശ്യാമയെ അറിയില്ല.
അല്ല .. അപ്പൊ നന്ദേട്ടൻ .. നമ്മൾ തമ്മിൽ കണ്ടത് .. ഞാൻ കരുതി യാദൃച്ഛികമായിരിക്കുമെന്നു
. "
"ഒരിക്കലും
അല്ല , ഒരുപാടു തുറന്നു സംസാരിക്കുന്ന കുട്ടിയാണ് ശ്യാമ. അവളാണ് എന്നെ നിർബന്ധിച്ചു
അന്ന് മടിവാള അമ്പലത്തിൽ കൊണ്ട് വന്നത് നിന്നെ കാണിച്ചു തന്നത് . അതിനു ശേഷം നാട്ടിൽ
പോവുകയാണെന്നും പറഞ്ഞു .. "
"എനിക്കറിയില്ല
ശ്യാമയെ , ഇനി കാണുമ്പോൾ എന്റെ അടുത്ത് കൊണ്ട് വരണം .. നമ്മുടെ മനസ്സറിഞ്ഞു നമ്മളെ
ഒന്നാക്കിയതല്ലേ , "
"അല്ല
നന്ദാ , ഇതിപ്പോ ദേവകിക്കും അവളെ അറിയില്ല , അപ്പൊ എങ്ങനാ നിങ്ങളെ രണ്ടു പേരെയും അവൾക്ക്
ഇത്ര പരിചയം. അതും ഇവൾ അമ്പലത്തിൽ വരുന്ന സമയം വരെ കൃത്യമായി പറയാൻ. " ബേബിച്ചായന്
പിന്നെയും സംശയമായി.
"അറിയില്ല
ബേബിച്ചായാ , ഇപ്പോൾ കോളേജ് ലീവോ മറ്റോ ആണ് , അത് കൊണ്ട് നാട്ടിൽ പോയതാണ്. തിരിച്ചു
വരുമ്പോൾ ചോദിക്കാം. "
"ടെസ്സ
, എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ , ഇനി ഞങ്ങൾ ഇറങ്ങട്ടെ " ദേവകി പെട്ടെന്നെഴുനേറ്റു
കൊണ്ട് ചോദിച്ചു.
അവളുടെ ഭാവമാറ്റം
കണ്ടിട്ട് നന്ദനും സോഫയിൽ നിന്നും എഴുനേറ്റു.
"ഇനി എങ്ങോട്ടാ
രണ്ടു പേരും കൂടി "
"ചുമ്മാ
, ഒന്ന് കറങ്ങാൻ ടെസ്സ , കുറെ നാളു കൂടി അടുത്ത് കിട്ടിയിട്ട് മുഴുവനും സംസാരിച്ചു
തീർന്നിട്ടില്ല "
"ശെരി
.. എന്നാൽ വിട്ടോ .. നിങ്ങളായി , നിങ്ങളുടെ പാടായി "
ടെസ്സയും ബേബിച്ചായനും
അവരുടെ ഒപ്പം വീടിന്റെ പുറത്തേക്കു വന്നു. നന്ദൻ വണ്ടി സ്റ്റാർട്ട് ആക്കി റോഡിലേക്കിറക്കി.
ദേവകി അവന്റെ പുറകിൽ കയറി തോളിലൂടെ വലതു കയ്യിട്ടു ചേർന്നിരുന്നു.
"നീ എന്തിനാ
പെട്ടന്ന് പോകാം എന്ന് പറഞ്ഞത് "
"നന്ദേട്ടാ
, എനിക്ക് ഇത്തിരി നേരം നന്ദേട്ടന്റെ മാത്രമായി ഇരിക്കണം , ആരും ശ്രദ്ധിക്കാത്ത ഒരിടത്തു
, നന്ദേട്ടന്റെ നെഞ്ചോട് ചേർന്ന് ..."
"ഹം
.. കൊള്ളാല്ലോ പൂതി .. അതിപ്പോ ... ബാംഗ്ലൂർ .. രണ്ടു സ്ഥലമുണ്ട് .. ഒന്ന് ഏതെങ്കിലും
മാളിൽ പോകാം , ഒരു കന്നഡ സിനിമക്ക് , ഒറ്റ ഒരെണ്ണം കാണില്ല , ഉണ്ടങ്കിലും നമ്മളെ പോലുള്ളവർ
ആയിരിക്കും. "
"മറ്റേ
സ്ഥലം "
"എന്റെ
ഫ്ലാറ്റ് .. അവിടാകുമ്പോൾ അന്ന് കല്യാണ വീട്ടിൽ നടക്കാതെ പോയത് പൂർത്തിയാക്കാം .. എന്തെ"
ദേവകി അവന്റെ
ഷർട്ടിനിടയിലൂടെ കൈകൾ അകത്തേക്ക് ഇട്ടു നെഞ്ചിലെ രോമങ്ങളിൽ പിടിച്ചു വലിച്ചു.
"എന്റെ
കരടികുട്ടാ .. വേകുവോളം ക്ഷമിച്ചെങ്കിൽ ഇനി നല്ലവണ്ണം തണുക്കട്ടെ , അത് വരെ മോൻ വെയിറ്റ്
ചെയ്യൂ . ഇപ്പൊ
മാളിലേക്ക് വിട്ടോ... "
നന്ദന്റെ വണ്ടി
ചെന്ന് നിന്നതു ബെന്നാർഘട്ട റോഡിൽ ഉള്ള ഗോപാലൻ മാളിൽ ആണ്. പേര് പോലും അറിയില്ലാത്ത
ഏതോ ഒരു കന്നഡ സിനിമക്ക് രണ്ടുപേരും കയറി , പ്രതീക്ഷിച്ച പോലെ അങ്ങുമിങ്ങും കുറച്ചു
കപ്പിൾസ് ഇരിക്കുന്നുണ്ട് . തിരക്ക് കുറഞ്ഞ ഒരു സൈഡിൽ അവരിരുന്നു. നന്ദന്റെ കൈകൾക്കുള്ളിലേക്കു
അവൾ ചാഞ്ഞിരുന്ന് മുഖമുയർത്തി . നന്ദന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർന്നു.
"നന്ദേട്ടാ
"
"എന്താടാ
ദേവൂട്ടാ .."
"ഇനിയും
അച്ഛൻ പറഞ്ഞാൽ എന്നെ വിട്ടു പോകുമോ ? "
അതിനു മറുപടിയായി,
അവളെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു , മുഖം താഴേക്ക് കൊണ്ടുവന്നു നെഞ്ചിൽ ചേർന്ന് കിടന്ന
താലിയിൽ ചുംബിച്ചു.അവൾ കൈകൾ കൊണ്ട് അവനെ നെഞ്ചോട് ചേർത്തു പിടിച്ചു . കണ്ണുനീർ വീണ്
തൻ്റെ നെഞ്ച് നനയുന്നത് അവൾ അറിഞ്ഞു.അവൾ സ്നേഹത്തോടെ അവന്റെ തലമുടിയിൽ തഴുകി, അവന്റെ
മുഖം പിടിച്ചുയർത്തി. അവന്റെ കണ്ണുനീർ തുള്ളികൾ ചുംബിച്ചെടുത്തു.
"നന്ദേട്ടൻ
ഇനി കരയണ്ട , എനിക്കെന്റെ മറുപടി കിട്ടി...."
പറഞ്ഞു മുഴുപ്പിക്കുന്നതിനു
മുൻപേ അവളുടെ അധരങ്ങൾ അവൻ കവർന്നെടുത്തു. അവർ വീണ്ടും ആ പഴയ കോളേജ് കമിതാക്കളായി ,
ആ സിനിമ തീരുവോളം. ..
(തുടരും)
No comments:
Post a Comment