Monday, August 26, 2019

ശരത്‌കാലം 6




അടുത്ത ശനിയാഴ്ച , വാതിലിലെ മുട്ടുകേട്ടാണ് രാഹുൽ ഉറക്കമുണർന്നത് . രാവിലെ ടാപ്പിംഗിന് ശേഷമുള്ള ചെറിയ മയക്കത്തിലായിരുന്നു അവൻ . 

"മോനെ, ദേ ചേച്ചി വിളിക്കുന്നു... "

ത്രേസ്യ ചേട്ടത്തി , അമ്മച്ചി വിളിക്കുന്ന കാര്യം പറയാൻ വന്നതായിരുന്നു .. അമ്മച്ചിയെ , ത്രേസ്യചേട്ടത്തി ഇങ്ങനെ പല പേരുകളിൽ ആണ് മറ്റുള്ളവരോട് പറയുക , ചേച്ചി , ചേടത്തി , മറിയേടത്തി , കൊച്ചമ്മ , എല്ലാം നമ്മൾ ഊഹിച്ചെടുത്തോളണം .. 

"നീ പെട്ടന്നൊന്നു മാർകെറ്റിൽ പോണം.. "

വടക്കു വശത്തേക്ക് ചെല്ലുമ്പോൾ രണ്ടായിരത്തിന്റെ ഒരു നോട്ട് നീട്ടി അമ്മച്ചി അവനോടു പറഞ്ഞു ..

"അവറാച്ചന്റെ കടയിൽ തന്നെ പോണം .. മൂന്നു ഇറച്ചി കിലോ മേടിച്ചോ .. പിന്നെ ഒരു കിലോ പോട്ടീം "

"അഹ്... "

ത്രേസ്യ ചേട്ടത്തി നീട്ടിയ ചായക്കപ്പ്‌ വാങ്ങി അവൻ പടിക്കെട്ടിലിരുന്നു.

"പിന്നെ ഇങ്ങോട്ടാണെന്ന് പ്രത്യേകിച്ച് പറയണം, കഷ്ണം ചെറുതാക്കി മുറിപ്പിക്കണം.. "

"ശെരി അമ്മച്ചി.. "

"മോനെ.. ഇറച്ചി നല്ലോണം നോക്കണേ.. പോത്ത് തന്നെ വാങ്ങണം .. "

"കുഞ്ഞേ , ഇറച്ചി ഈ ഇലയിൽ പൊതിഞ്ഞു വാങ്ങിയാ മതി . പിന്നെ നെയ്യ് നല്ല വെള്ള നിറത്തിലുള്ളത് നോക്കി വാങ്ങണം, എന്നാലോട്ടു നെയ്യ് വാങ്ങുവോം ചെയ്യരുത് ... "

അതെങ്ങനെ എന്നാശ്ചര്യപ്പെട്ടു നോക്കുന്ന അവന്റെ നേരെ കുറച്ചു വട്ടയില സഞ്ചിയിലാക്കി ത്രേസ്യ ചേട്ടത്തി നീട്ടി . എന്നെകൊണ്ട് ആവൂല്ല അമ്മച്ചി എന്നവന്റെ മുഖഭാവം വ്യക്തമായി അവരോടു പറയുന്നുണ്ടായിരുന്നു .

"ത്രേസ്യേ .. നീ ഇങ്ങനെ പറഞ്ഞാൽ അവൻ പെട്ട് പോകത്തെ ഉള്ളൂ , രാഹുലെ , മോൻ മാർക്കെറ്റിലേക്കു ചെല്ല്, ഞാൻ ടോണിയോട് പറഞ്ഞേക്കാം, അവൻ വാങ്ങി വച്ചോളും..പിന്നെ ശേഖരന്റെ വീട്ടിൽ ഒന്ന് കയറണം .."

അവന്റെ നിസ്സഹായാവസ്ഥ കണ്ടു അമ്മച്ചി തന്നെ രക്ഷക്കെത്തി . 

മാർകെറ്റിൽ എത്തിയപ്പോഴേക്കും വേണ്ട ഇറച്ചിയും മറ്റു പച്ചക്കറികളും ടോണി വാങ്ങി വച്ചിരുന്നു . എല്ലാം പൊതിഞ്ഞു സഞ്ചിയിലാക്കി അവൻ ശേഖരന്റെ വീട്ടിലേക്കു സൈക്കിൾ ചവിട്ടി. ആ നാട്ടിൽ വന്നിട്ട് നാല് മാസമായെങ്കിലും ആദ്യമായാണ് ശേഖരന്റെ വീട്ടിലേക്കു അവൻ പോകുന്നത്. ശേഖരന് മാർകെറ്റിൽ തന്നെ സാമാന്യം വലിയൊരു പലവ്യഞ്ജന കടയുണ്ട്. അടുത്തിടെ തുടങ്ങിയ സൂപ്പർ മാർക്കറ്റ് ചെറിയ തോതിൽ അയാളുടെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നു അമ്മച്ചി പറഞ്ഞത് അവനോർത്തു.

തേരെഴത്തു വീട്ടിലെ റബ്ബർ ഷീറ്റുകൾ വിൽക്കുന്നതും , പുറത്തെ പറമ്പിലെ നാളികേര കച്ചവടവം നടത്തുന്നതും ശേഖരൻ ആണ് .സാർ ഉള്ളപ്പോൾ മുതൽ ഉള്ള ശീലമാണത്രെ .. കുറച്ചു കാലം മുൻപ് വരെ ശേഖരൻ ആഴ്ചയിൽ ഒന്ന് വീട്ടിലെത്തി എല്ലാ കണക്കും അമ്മച്ചിയെ കാണിക്കുകയായിരുന്നു പതിവ് . അടുത്ത കാലത്തായി , രാഹുൽ ആണ് റബ്ബർ ഷീറ്റ് കടയിൽ കൊണ്ടുവന്നു കൊടുക്കുന്നതും , കണെക്കെല്ലാം കടയിൽ വച്ചു തന്നെ സംസാരിച്ചു , ബുക്ക് വാങ്ങി അമ്മച്ചിയെ കാണിക്കുന്നതും . അവൻ കടയിൽ നിന്നും ഇറങ്ങി വീട്ടിൽ വരുന്നതിനു മുൻപേ അമ്മച്ചിക്ക് ശേഖരന്റെ ഫോൺ വരും. കണെക്കെല്ലാം കൃത്യമാണ് എന്നുറപ്പിക്കാൻ മാത്രം . ആദ്യ ദിവസങ്ങളിൽ ശേഖരന് അവനോടു അല്പം ഈർഷ്യ തോന്നിയിരുന്നെങ്കിലും പോകെ പോകെ അവന്റെ സ്വഭാവം അയാൾക്ക്‌ ഇഷ്ടമായി തുടങ്ങി . കഠിനാദ്ധ്വാനി , സൽസ്വഭാവി , പഠിക്കാൻ മിടുക്കൻ , അനാഥൻ എന്നൊരു കുറവ് മാത്രം , അമ്മച്ചിയോടു ഒരിക്കൽ പറയുന്നതു താൻ കേട്ടതാണ്. അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നെങ്കിലും , ഷെഡിലെ അലൂമിനിയം ഷീറ്റിൽ ചാരി നിന്ന് കരയുന്ന അമൂല്യയുടെ മുഖം അവനിൽ നൊമ്പരം പടർത്തി .

സൈക്കിൾ മുറ്റത്തു വച്ച് , ഇറച്ചി വച്ചിരിക്കുന്ന സഞ്ചി കയ്യിലെടുത്തു അവൻ ഉമ്മറത്തെ പടിക്കെട്ടുകൾ കയറി കോളിംഗ് ബെൽ അടിച്ചു . അൽപ സമയത്തിന് ശേഷവും അകത്തു നിന്ന് മറുപടി ഒന്നും കേൾകാത്തതിനാൽ വീണ്ടും ബെല്ലടയ്ക്കാനായി കൈ ഉയർത്തിയെങ്കിലും ആരുടെയോ കാൽ പെരുമാറ്റം കേട്ട് അവൻ പെട്ടന്ന് പടികെട്ടുകളിൽ നിന്നും ഇറങ്ങി താഴേക്ക് നിന്നു.

"ആരാ.. "

വാതിൽ പകുതി തുറന്നു ഒരു സ്ത്രീ അവനോടു ചോദിച്ചു ...

"ശേഖരൻ സാർ .. "

"ശേഖരേട്ടൻ കുളിക്കുവാ .. ആരാ "

"ഞാൻ രാഹുൽ.. തേരേഴത്തു നിന്ന് അമ്മച്ചി പറഞ്ഞിട്ട് .. "

"ആ .. അത് മോനായിരുന്നോ.. വാ അകത്തേക്ക് ഇരിക്ക്, ചേട്ടൻ ഇപ്പൊ കുളിച്ചിട്ടു വരും .. "

അവർ വാതിൽ മുഴുവനായി തുറന്നു കൊടുത്തു അവനെ അകത്തേക്ക് ക്ഷണിച്ചു . രാഹുൽ ഒന്ന് രണ്ടു പടിക്കെട്ടുകൾ കയറിയെങ്കിലും , എന്തോ ഓർമ്മയിൽ തിരിച്ചിറങ്ങി .

"ഇഹ് .. എന്ത് പറ്റി , വാ മോൻ അകത്തേക്ക് ഇരിക്ക് .. "

"വേണ്ടമ്മാ .. "

അവൻ പെട്ടന്ന് പറഞ്ഞു , 

"അല്ല മാഡം .. എന്റെ കയ്യിൽ ഇറച്ചി ഉണ്ട് ... "

പിന്നെ എന്തോ ഓർമ്മയിൽ അവൻ തിരുത്തിപ്പറഞ്ഞു . 

"മോൻ അമ്മാ എന്ന് വിളിച്ചോ, അതിനെന്താ.... അല്ലെൽ, ഭാമ എന്നാ എന്റെ പേര് അങ്ങനെ വിളിച്ചോ ..മാഡം എന്നൊന്നും വിളിക്കണ്ട ..."

"ഹ്മ്മ്"

അവൻ തലയാട്ടി 

"അല്ലേൽ ഒരു കാര്യം ചെയ്യ് .. മോൻ അധികം നേരം നിൽക്കണ്ട , ഇറച്ചിയൊക്കെ ഉള്ളതല്ലേ , അതൊക്കെ ശെരിയാക്കാൻ ലേറ്റ് ആകും , വീട്ടിലേക്കു പൊയ്ക്കോ , ശേഖരേട്ടൻ കുളി കഴിഞ്ഞു വരുമ്പോ ഞാൻ പറഞ്ഞേക്കാം "

"എന്തോ വാങ്ങി വരണം എന്ന് അമ്മച്ചി പറഞ്ഞിരുന്നു.. സാർ എങ്ങോ പോവും എന്നും... "

അവൻ വീണ്ടും മുറ്റത്തു നിന്ന് പരുങ്ങി .. 

"മോൻ പൊയ്ക്കോ, ഞാൻ അമ്മുവിനെ പറഞ്ഞു വിട്ടേക്കാം.. "

"ശെരി.. "

സൈക്കിൾ എടുത്തു പുറത്തേക്കു ചവിട്ടുന്നതിനിടയിൽ , തനിക്കു പോകാൻ സാധിക്കില്ല എന്ന് അമ്മു പറയുന്നതും നീ പോയെ ഒക്കൂ എന്ന് അവളുടെ അമ്മ പറയുന്നതും , പിന്നെ അതൊരു വഴക്കായി മാറുന്നതും രാഹുൽ കേട്ടു .

അടിച്ചെടുത്ത റബ്ബർ ഷീറ്റുകൾ ടെറസ്സിൽ കെട്ടിയ അഴയിൽ വിരിച്ചിടുമ്പോൾ ആണ് മുറ്റത്തേക്ക് അമ്മുവിൻറെ സ്കൂട്ടർ വന്നു കയറിയത് അവൻ കാണുന്നത് . അകത്തു നിന്നും ഉയരുന്ന അമ്മച്ചിയുടെയും അവളുടെയും സംസാരം കേൾക്കാനായി അവൻ ടെറസ്സിൽ നിന്നും ചാടിയിറങ്ങി , ഡൈനിങ്ങ് റൂമിന്റെ സൺഷേഡിലേക്കു പതുങ്ങി നിന്നു . പരസ്പരം സംസാരിക്കാറില്ലെങ്കിലും , അവളെ കാണുമ്പോഴെല്ലാം , തന്റെ മനസ്സ് വല്ലാതെ തുടിക്കുന്നത് അവനറിഞ്ഞിരുന്നു . അവസാന സെമസ്റ്റർ പരീക്ഷയെ കുറിച്ചും , മക്കൾ വരുന്നതിനെ കുറിച്ചുമല്ലാതെ മറ്റൊന്നും അവർ സംസാരിക്കുന്നില്ല എന്നത് അവനെ നിരാശപ്പെടുത്തി . അവൾ തിരിച്ചു പോകുന്നു എന്നറിഞ്ഞു അടുത്ത് നിന്ന തെങ്ങിലൂടെ ഊർന്നിറങ്ങി അവൻ മുൻ വശത്തെ ഗേറ്റിനരുകിലേക്കു ഓടി .

സ്കൂട്ടർ ഓടിച്ചു അമ്മു അങ്ങോട്ടെത്തിയപ്പോൾ , ഗേറ്റുകൾ അടച്ചു മുന്നിൽ തടസ്സമായി നിൽക്കുന്ന രാഹുലിനെയാണ് അവൾ കണ്ടത് . സ്കൂട്ടർ സ്റ്റാൻഡിലിട്ടു , ഹെൽമെറ്റ് ഊരി , സീറ്റിൽ വച്ച് അവൾ അവനരുകിലേക്കു നടന്നു .

"എന്താടാ ചെക്കാ നിന്റെ പ്രശനം... "

അവളുടെ മുഖത്തു ആ നിമിഷം കണ്ടത് വെറുപ്പോ ക്ഷോഭമോ എന്നറിയാതെ അവൻ നിന്നു .

"നിന്നോടാ ചോദിച്ചേ.. എന്താ നിന്റെ പ്രശ്നം.. അന്നത്തെ സംഭവം , അത് ഞാൻ വിട്ടു, ഇനി ഷോ കാണിക്കാൻ വന്നാലുണ്ടല്ലോ... "

തന്റെ കണ്ണുകളിലേക്കു നോക്കി നിൽക്കുന്ന രാഹുലിന്റെ മുന്നിലേക്ക് വിരൽ ഞൊടിച്ചുകൊണ്ട് അവൾ നടന്നടുത്തു .. 

"കൂൾ.. കൂൾ അമ്മു.. ഒരു സോറി പറയാൻ വേണ്ടി മാത്രം നിന്നതാണിവിടെ.. ഇത് വരെ താൻ സമയം തന്നില്ലല്ലോ അത് കൊണ്ടാ.. "

പുറകോട്ടു മാറി ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നപോലെ അവൻ അഭിനയിച്ചു കൊണ്ടിരുന്നു . 

"ഹ്മ്മ്മ്.. "

അവൾ പുറകോട്ടു നടന്നു സ്കൂട്ടർ സ്റ്റാൻഡിൽ നിന്നും എടുത്തു സ്റ്റാർട്ട് ആക്കി .. 

"പിന്നെ .. ഞാൻ അന്ന് പറഞ്ഞത് .. പറഞ്ഞതൊന്നും മറക്കരുത്... കൊണ്ട് പൊയ്ക്കൊള്ളാം ഞാൻ .. എന്റെ അമ്മുവിനെ.. "

ഗേറ്റ് തുറക്കാതെ തന്നെ , അവളുടെ അരികിലേക്ക് നടന്നെത്തി , അമ്മുവിൻറെ കൈപ്പത്തികളെ വണ്ടിയുടെ ഹാന്ഡിലിലേക്കു തന്റെ ഇരു കൈകളും കൊണ്ട് ചേർത്ത് പിടിച്ചു , അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു വച്ച് , രഹസ്യമായി അവൻ പറഞ്ഞു . 

"ദേ.. ചെക്കാ.. നിന്നെ ഞാൻ.. "

വലതു കൈപ്പത്തി , ബലമായി അവന്റെ കയ്യിൽ നിന്നും വലിച്ചൂരി കൊണ്ടു വിരൽ അവനു നേരെ നീട്ടി അവൾ വിറയലോടെ പറഞ്ഞു . 

"തല്ലണോ ..തല്ലിക്കോ .. പക്ഷെ ഒരാഴ്ച .. അത്രയും സമയം നീ എനിക്ക് തരണം, അത് കഴിഞ്ഞു , മൂത്തതാ , ചേച്ചിയാണ് , കോപ്പാണ് എന്നൊന്നും ഡയലോഗ് ഇട്ടു വന്നേക്കരുത്.. കേട്ടല്ലോ ... "

തനിക്കു നേരെ നീട്ടിയ അമ്മുവിൻറെ വലതു ചൂണ്ടു വിരലിന്റെ ആഗ്രഭാഗത്തു ചുണ്ടുകൾ ചേർത്ത് വേഗത്തിൽ അവൻ പുറകോട്ടു നടന്നു , അവൾക്കായി ഗേറ്റ് തുറന്നു കൊടുത്തു .

അമ്മുവിൻറെ മുഖത്തേക്ക് ദേഷ്യം ഇരച്ചു വന്നുവെങ്കിലും , അവന്റെ കണ്ണുകളിൽ കണ്ട കുസൃതി മറിച്ചൊരു പ്രവർത്തിയിൽ നിന്നവളെ വിലക്കി . 

"ഇതിന്റെ പേരിൽ ദേഷ്യം വച്ച് വണ്ടി ഓടിക്കരുത് , സൂക്ഷിച്ചു പോണം . ദേഷ്യം തീർക്കാൻ ഒരു ജന്മം മുഴുവൻ നമുക്ക് ബാക്കിയുണ്ട്.. "

ഗേറ്റ് കടന്നു സ്കൂട്ടർ മുന്നോട്ടു പോയപ്പോൾ അവൻ വിളിച്ചു പറഞ്ഞു. മറുപടിയായി ഒരു വിരൽ മാത്രം നിവർത്തി വച്ചു , അവളുടെ ഇടതു കൈ വായുവിൽ ഉയർന്നു . 

################

വൈകിട്ട് നാലു മണിയോടെ , അമേരിക്കയിൽ നിന്നും ഷേർളിയും ഭർത്താവു മാത്യുവും മക്കളും എത്തി . ടോണി ആയിരുന്നു അവരെ കൊണ്ട് വരാൻ എയർപോർട്ടിൽ പോയിരുന്നത് .

അടുത്ത ദിവസം വരുന്ന സിസിലിയെയും സൈമണിനേയും കണ്ടിട്ട് മാത്യുവിന്റെ നാടായ വണ്ടിപ്പെരിയാറിലേക്കു പോകാമെന്നാണ് അവരുടെ തീരുമാനം .ഷേർളി ആണ് മൂത്ത മകൾ , സിസിലിയും സൈമണും ഇരട്ടകളും . ഇരട്ടകളായതു കൊണ്ട് സിസിലിയും സൈമണും തമ്മിൽ നല്ല ആത്മബദ്ധമാണ് . സൈമണും കുടുംബവും അമേരിക്കയിൽ നിന്നും കാനഡയിൽ ചെന്ന് സിസിലിയോടൊപ്പമാണ് വരുന്നത് . സിസിലിയുടെ ഭർത്താവു ഈപ്പൻ , പാലാക്കാരൻ ആണ് , പക്ഷെ ആരും ഇപ്പോൾ കുടുംബത്തു താമസം ഇല്ല , ഏതു കൊണ്ട് , ലീവ് തീർന്നു തിരികെ പോകുന്നത് വരെ അമ്മച്ചിയോടൊപ്പം ആയിരിക്കും . എല്ലാവര്ക്കും ഒരുമിച്ചു വരാനായി , ടാക്സി പറഞ്ഞിട്ടുണ്ട് . ഒപ്പം ടോണിയും രാഹുലും അവിടുത്തെ കാറിൽ എയർ പോർട്ടിലേക്കു പോകും . അടുത്ത ദിവസം രാവിലെ പോകേണ്ട കാരണം രാഹുലിനൊപ്പം ടോണി ഔട്ട് ഹൌസിലാണ് ഉറങ്ങാൻ കിടന്നത് . ആ സമയത്തു അവനോടു പറഞ്ഞതാണ് ഇതെല്ലം. ഷേർളി ചേച്ചിയും സൈമൺ ചേട്ടായിയും പാവങ്ങൾ ആണ്, പക്ഷെ സിസിലി ചേച്ചി ഇത്തിരി ഭയങ്കരി ആണെന്നാണ് ടോണിയുടെ പക്ഷം. ആയിരിക്കാം.. രാഹുൽ തന്റെ മനസ്സിൽ പറഞ്ഞു, പുറത്തെ തണുപ്പിനെ തോല്പിക്കാനായി പുതപ്പെടുത്തു തലവഴി മൂടി ചുരുണ്ടു കിടന്നു.

നീണ്ട പന്ത്രണ്ടു വർഷത്തിന് ശേഷം തന്റെ ഇന്നത്തെ ജീവിതത്തിനു കാരണക്കാരായവരെ അടുത്ത് കാണാൻ സാധിക്കുമെന്നുള്ള ആകാംഷയിൽ , ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു . എന്തിനു വേണ്ടി .. ആ ചോദ്യം പലയാവർത്തി മനസ്സിൽ അവൻ ചോദിച്ചു കൊണ്ടിരുന്നു .

(തുടരും)

No comments:

Post a Comment