Monday, August 5, 2019

803 ലെ ശ്യാമ 15



അവർ മൂവി കഴിഞ്ഞു വെളിയിലിറങ്ങി , സമയം ആറര കഴിഞ്ഞിരുന്നു.

"ഇനി എന്താ പരുപാടി , നിന്നെ പിജിയിൽ വിടട്ടെ "

"വേണ്ട നന്ദേട്ടാ , നമുക്ക് പാർക്കിൽ പോയി അല്പനേരം ഇരുന്നാലോ , അന്ന് പോയ BTM ലെ മ്യൂസിക് ഫൗണ്ടൻ പാർക്കിൽ പോകാം , അതാകുമ്പോൾ അടുത്തല്ലേ "

"ശെരി "

അവർ രണ്ടുപേരും പാർക്കിലെത്തി, ഒരൊഴിഞ്ഞ ബെഞ്ചിലിരുന്നു. നിറയെ ആൾക്കാർ ആ പാർക്കിനു ചുറ്റും നടക്കുകയും ഓടുകയും ചെയ്യുന്നുണ്ടായിരുന്നു. നന്ദൻ തന്റെ വലം കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു അവളുടെ നീളൻ മുടിയിൽ തലോടി.

"നിന്റെ മുടിയെല്ലാം പോയല്ലോ ദേവൂ "

"ബാംഗ്ലൂർ വെള്ളത്തിന്റെയാ .. പ്രിയയെല്ലാം ആഴ്ചയിൽ ഒന്നാ കുളിക്കണേ .. "

"അപ്പൊ നീയോ " അവളുടെ മുടിയിൽ മുഖമമർത്തി അവൻ ചോദിച്ചു.

"ഞാൻ എന്നും കുളിക്കും മോനെ , അതല്ലേ പനങ്കുല പോലുണ്ടായിരുന്നതു ഏലി വാല് പോലെയായത് . "
അവൾ മുടി വലതു തോള് വഴി മുൻപോട്ടു ഇട്ടുകൊണ്ട് പറഞ്ഞു.

നന്ദൻ പതുക്കെ അവളുടെ നാസികയിൽ ചുണ്ടുകൾ ഉരസി.. പിന്നെ ആ വെളുത്ത മൂക്കുത്തിയിൽ നാക്കു കൊണ്ട് തൊട്ടു.

"അയ്യേ ഈ ചെക്കനെ കൊണ്ട് തോറ്റു. .. പണ്ടേ ചോദിക്കണമെന്ന് വിചാരിച്ചതാ , ഇത്രയും വലിയ എന്റെ ശരീരത്തിൽ , എപ്പോൾ നോക്കിയാലും ഈ മൂക്കുത്തിയിൽ ആണല്ലോ ആദ്യത്തെ ഉമ്മ .. ഉമ്മയാണേലും പോട്ടെ, ഇതൊരുമാതിരി നക്കുവല്ലേ. മൂക്കുത്തി അത്രക്ക് വീക്നെസ്സാ ?"

"ദേവൂ .. നിനക്ക് ഓർമ്മയുണ്ടോ നമ്മൾ ആദ്യം കണ്ടത് എങ്ങനെയാണെന്ന്. "
"ഓർമ്മയുണ്ട് , കോളേജ് ഗേറ്റിൽ വച്ച് “
“നീ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരുന്നെന്നു ഓർക്കുന്നുണ്ടോ.”
“വായും പൊളിച്ചു വാന നിരീക്ഷണം നടത്തുകയായിരുന്നു”

"ഓഹോ . അന്ന് നിനക്കെന്തു തോന്നി .."
"ഒരു പിരി ഇളകിയിരിക്കുവാണെന്നു അന്നേ തോന്നിയതാ ... അത് തന്നെ തലയിൽ ആകുമെന്ന് ഞാൻ വിചാരിച്ചില്ല. .. അതിരിക്കട്ടെ ഇപ്പൊ എന്താ അങ്ങനെ ചോദിക്കാൻ "

"മഴതോർന്ന ശേഷം മഴക്കാറിനിടയിലൂടെ വരുന്ന സൂര്യപ്രകാശത്തെ നീ കണ്ടിട്ടുണ്ടോ .. നല്ല തെളിച്ചമായിരിക്കും. ആ വെളിച്ചം ആലിലകളിൽ തൂങ്ങിയാടുന്ന വെള്ളത്തുള്ളികളിൽ മഴവില്ലു സൃഷ്ടിക്കും , അന്ന് ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോൾ ആ വെള്ളത്തുള്ളികളിൽ കണ്ട മഴവില്ലു നിന്റെ മൂക്കുത്തിയിലും കണ്ടു. "

"ചുരുക്കി പറഞ്ഞാൽ എന്റെ മൂക്കുത്തിയിൽ തട്ടി ചെക്കൻ മൂക്കും കുത്തി വീണെന്ന് .. എന്നിട്ടെന്തേ അത് പറയാൻ ആഴ്ചകൾ എടുത്തു."

"ഒരിക്കൽ പോലും ആഗ്രഹിക്കാൻ പറ്റാത്ത ഒരാളാണെന്ന് തിരിച്ചറിഞ്ഞ കൊണ്ട് , പിന്നെ മനസ്സും വിവേകവുമായുള്ള മത്സരത്തിൽ നീ ഒഴിവാക്കാനാവുന്നതിനുമപ്പുറം അടുത്ത് പോയി എന്നറിഞ്ഞപ്പോൾ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു. "

"ഓഹോ .. അതെന്തെങ്കിലും ആകട്ടെ , ഇനി എന്താണ് പ്ലാൻ "

"വ്യാഴം .. വൈകിട്ട് നമ്മൾ നാട്ടിലേക്കു പോകുന്നു. ഞായർ ഞങ്ങൾ പെണ്ണ് ചോദിയ്ക്കാൻ വരുന്നു. എല്ലാവർക്കും പറ്റിയ അടുത്ത സമയത്തു നമ്മുടെ വിവാഹം "

" ഇത്ര പെട്ടന്നോ ... എന്റെ അച്ഛൻ പെണ്ണ് കാണാൻ വരാൻ നന്ദേട്ടനെ സമ്മതിക്കുവോ "

"അതിനല്ലേ നീ വെള്ളിയാഴ്ച തന്നെ അവിടെ എത്തുന്നേ , രണ്ടു ദിവസം കൊണ്ടു കാര്യങ്ങൾ എല്ലാം ഒന്ന് സെറ്റ് ആക്ക് "

"അച്ഛൻ സമ്മതിച്ചില്ലങ്കിലോ "

"ഞാൻ പെണ്ണ് കാണാൻ അല്ല , ചോദിക്കാനാണ് വരുന്നേ. ആ ടെൻഷൻ വിട്, ഞാൻ ഡീൽ ചെയ്തോളാം .. പിന്നെ നിന്റെ അച്ഛനുമമ്മയും സമ്മതിക്കും എന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്. ആകെ പ്രശനം , നിന്റെ ചേട്ടനും ബന്ധുക്കാരുമാ "

"നന്ദേട്ടാ .. ചേട്ടൻ പാവമാ , ബന്ധുക്കാരോട് വേറെ പണി നോക്കാൻ പറ .. "

"മതി .. അത് മതി. അപ്പൊ നീ ഇന്ന് തന്നെ ഒരു സൂചന കൊടുത്തേക്ക് , പിന്നെ ഞാൻ ആണെന്ന് പറയണ്ട. "

ദേവകി നന്ദന്റെ അരയിൽ ചുറ്റി ചേർന്നിരുന്നു. അപ്പോളേക്കും അവരുടെ മുന്നിലേക്ക് ഒരു ചെറിയ പെൺകുട്ടി ഒരു ബോളുമായി വന്നു ,അവരെ നോക്കി നിന്ന ശേഷം തിരിച്ചു ഓടിപ്പോയി.

"നന്ദേട്ടാ .. നമുക്ക് എത്ര കുട്ടികൾ വേണം "

"നാല് .. വേണ്ട മൂന്നു മതി "

"അതെന്നാ മൂന്നേൽ നിർത്തിയത് , ഒരു ആറെണ്ണമെങ്കിലും ആകാമായിരുന്നു. " മുഖത്തിൽ ഒരല്പം ദേഷ്യം വരുത്തി ദേവകി ചോദിച്ചു.

"അപ്പൊ നിനക്ക് ജോലിക്കു പോവണ്ടേ .. ഇത് തന്നെ ജോലി ആക്കാനാണോ നോക്കുന്നെ "

"ദേ .. ഞാനൊന്നും പറയുന്നില്ല... നമുക്കതു പിന്നെ സംസാരിക്കാം . എനിക്ക് നല്ല വിശപ്പ് , എന്തെലും വാങ്ങിച്ചു താ , എന്നിട്ടു പിജിയിൽ കൊണ്ടുവിട്. "

"ഇവിടിപ്പോ … ബാര്ബിക്ക്യുവിൽ പോയാലോ "

"എന്നേം കൊണ്ടോ ..ഞാൻ .. ഇതെല്ലം കണ്ടാലേ ശർദ്ധിക്കും "

"എന്നാൽ A2B "

"മതി .. ആനന്ദഭവനിലെ മസാല ദോശ മതി "

"എന്റെ ദേവൂ , നീ എന്നെ പുല്ലും വൈക്കോലും തിന്നുന്ന കാളയാക്കുവാണോ, ഇറച്ചിയും മീനും തിന്നു ജീവിച്ച ഒരു നല്ല നായര് ചെക്കനായിരുന്നു. എന്താകുമോ എന്തോ "

"എന്ത് "

"ഒരു ആത്മഗതം പറഞ്ഞതാ കുഞ്ഞേ "

ഭക്ഷണം കഴിഞ്ഞു ദേവകിയെ പിജിയിൽ ആക്കി നന്ദൻ റൂമിലേക്ക് പോയി. ശ്യാമയുടെ ഫ്ലാറ്റിൽ ആരും ഇല്ല എന്നറിഞ്ഞിട്ടും ചുമ്മാ കാളിങ് ബെൽ അടിച്ചു അവൻ ഒരു നിമിഷം നിന്നു, പിന്നെ 804 ന്റെ കതകു തുറന്നു അകത്തേക്ക് കയറി.

അടുത്ത രണ്ടു ദിവസവും നന്ദൻ ഓഫീസിൽ പോയിരുന്നു. വെള്ളിയാഴ്ചത്തേക്ക് അവൻ ലീവിന് അപ്ലൈ ചെയ്തു. പതിവില്ലാതെ നന്ദന്റെ ചിരിയും തമാശ പറച്ചിലും കേട്ട് ടീമിലെ മറ്റുള്ളവർ അത്ഭുതപ്പെട്ടു. അവർ ടെസ്സയോട് കാര്യങ്ങൾ തിരക്കിയെങ്കിലും , വെള്ളിയാഴ്ച അവൻ ഇല്ലാത്തപ്പോൾ എല്ലാം പറയാമെന്നു ഉറപ്പു കൊടുത്തു.

വ്യാഴം, വൈകിട്ട് നന്ദനും ദേവകിയും ഒരേ ബസിൽ അടുത്തടുത്ത സീറ്റിൽ നാട്ടിലേക്കു പുറപ്പെട്ടു, ഇണക്കുരുവികളെ പോലെ വരാനിരിക്കുന്ന നല്ല നാളെകളെ സ്വപ്നം കണ്ടു ഇണങ്ങിയും പിണങ്ങിയും ഉള്ള യാത്ര.

രാവിലെ ദേവകിയെ തൃപ്പൂണിത്തുറയിൽ വിട്ടു അവൻ നാട്ടിലേക്കു പോയി.

വീട്ടിലെത്തി കുളിച്ചു ഫ്രഷായി കാപ്പി കുടിക്കാനിരിക്കുമ്പോളാണ് നന്ദൻ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചത്.

"അമ്മെ അച്ഛനെന്തിയെ "

"വെളിയിലുണ്ട് , ഏന്തു പറ്റി ഇപ്പൊ അച്ഛനെ തിരക്കാൻ "

"ഇങ്ങോട്ടു വിളിക്കു , കുറച്ചു സംസാരിക്കാൻ ഉണ്ട് "

നന്ദൻ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛനുമായി അമ്മ വന്നു.

"എന്താ മോനെ ഇപ്പൊ പ്രശനം "

"അത് .. ഉള്ള കാര്യം നേരെ പറയാം , എനിക്കൊരു കുട്ടിയെ ഇഷ്ടമാണ് , മറ്റെന്നാൾ നമുക്ക് ഒന്നവിടെ വരെ പോകാം , അത് പറയാൻ വേണ്ടിയാണു ഞാൻ .... അച്ഛനെ ധിക്കരിച്ചു എന്നൊന്നും തോന്നരുത്. " ഒറ്റ ശ്വാസത്തിൽ നന്ദൻ പറഞ്ഞു നിർത്തി.

"മോനെ .. നീ ആരെ കൊണ്ടുവന്നാലും എനിക്കൊരു പ്രശ്നമല്ല. നിനക്ക് അതിനുള്ള പക്വത ഉണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നെ. നീ എന്ത് പറയുന്നു ഭാര്യേ "

"മാധവേട്ടാ ... അത് .. ..നന്ദാ , ഏതാടാ കുട്ടി .. നിന്റെ കൂടെ ജോലി ചെയ്യുന്ന വല്ലവരും "

"എന്റെ ജൂനിയർ ആയി പഠിച്ചതാ , ഇപ്പൊ എന്റെ ഓഫീസിൽ ജോലി ചെയ്യുന്നു. തൃപ്പൂണിത്തുറ ആണ് വീട്. "

" ഫോട്ടോ വല്ലതും ഉണ്ടോ കയ്യിൽ ഒന്ന് കാണാൻ. "

നന്ദൻ തന്റെ ഫോണിൽ നിന്നും ദേവകിയുടെ ഫോട്ടോ അമ്മയെയും അച്ഛനെയും കാണിച്ചു കൊടുത്തു.

"ഹാവൂ , ഹിന്ദുവാ , പൊട്ടു തൊട്ടിട്ടുണ്ട്. കാണാൻ നല്ല ഐശ്വര്യവും "

"ഹിന്ദു .. ഒന്ന് പോടി .. നീ ഇനി ജാതീം മതോം പറഞ്ഞോ .." പഴയ കമ്മ്യൂണിസ്റ് ആയ നന്ദന്റെ അച്ഛന് ദേഷ്യം വന്നു .

"'അമ്മ ഒന്ന് കൊണ്ടും പേടിക്കണ്ട , അമ്മയുടെ പോലെ തന്നെയാ .. ഇറച്ചിയും മീനും ഒന്നും കഴിക്കില്ല, ഒരു കോലോത്തെ പെണ്ണാ , ദേവകി എന്നാ പേര് "

"അത് നന്നായി മോനെ .. നീ ഇനിയെങ്കിലും കുറച്ചു പച്ചക്കറി കഴിക്കുമല്ലോ ...."

" അതല്ല പ്രശനം , നമ്മള് പെണ്ണ് ചോദിയ്ക്കാൻ ചെന്നാൽ എന്താകും എന്നൊരു പേടി എനിക്കുണ്ട്."

നന്ദൻ അവരോടു കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന പ്രണയവും ദേവകിയുടെ അച്ഛൻ കാണാൻ വന്നതും പിന്നെ ഉണ്ടായതും എല്ലാം പറഞ്ഞു.
"അപ്പൊ അങ്ങിനെയാണ് കാര്യങ്ങൾ , നീ ഇന്ന് വൈകിട്ട് ഭാമയുടെ വീട്ടിൽ പോയിട്ട് അവളുടെ അച്ഛനോട് സംസാരിക്കു. നമുടെ ഏറ്റവും അടുത്ത ബന്ധു അവരല്ലേ.. , പിന്നെ നമുക്ക് അവരേം കൂട്ടം , ഒരു ബലത്തിന്. " നന്ദന്റ അച്ഛൻ പറഞ്ഞു.

രാഹുലിന്റെ അച്ഛനുമമ്മയും നന്ദനൊപ്പം വരാമെന്നു സമ്മതിച്ചു. അന്ന് വൈകിട്ട് , വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും ഞായറാഴ്ച പത്തു മണിക്ക് വരണമെന്നും ദേവകി നന്ദനെ വിളിച്ചറിയിച്ചു.


ഞായറാഴ്ച രാവിലെ നന്ദനും അച്ഛനുമമ്മയും , രാഹുലിന്റെ മാതാപിതാക്കളുടെ കൂടെ ദേവകിയുടെ വീട്ടിലെത്തി. രണ്ടു നില വീടായിരുന്നു ദേവകിയുടെ. വീട്ടിൽ ദേവകിയുടെ മാതാപിതാക്കളും പിന്നെ ചേട്ടനും ഭാര്യയും ഉണ്ടായിരുന്നു.

"ദേവകി എല്ലാം പറഞ്ഞിരുന്നു. ഇവിടെ ഞങ്ങള്ക് അല്പം വിഷമം ഉണ്ടെങ്കിലും അങ്ങിനെ എതിർപ്പൊന്നും ഇല്ല. പിന്നെ നന്ദനെയും കുടുംബത്തെയും എനിക്ക് വര്ഷങ്ങള്ക്കു മുൻപേ അറിയാം .. പണ്ടേ മെച്യുർ ആയ പയ്യൻ ആണ്. ഒരച്ഛന്റെ വേദന മനസ്സിലാക്കി , വര്ഷങ്ങള്ക്കു മുൻപേ ഇവളെ വിട്ടു പോയപ്പോൾ ശെരിക്കും സങ്കട പെട്ടത് ഞാനാണ് മോനെ. അത് കൊണ്ടാണ് അവൾ കല്യാണത്തിന് സമ്മതിക്കാതിരുന്നിട്ടും ഞാൻ നിര്ബന്ധിക്കാതിരുന്നത് . എൻ്റെ അരുൺ പോലും അങ്ങിനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. പിന്നെ ആ ഒരവസ്ഥയിൽ എനിക്ക് വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്റെ മക്കളോടുള്ള സ്നേഹം കൊണ്ടാണ് അന്ന് അങ്ങിനെ ചെയ്തത് . പക്ഷെ ഇന്ന് നീ വീണ്ടും എന്റെ മുൻപിൽ വന്നു പെണ്ണ് ചോദിക്കുമ്പോൾ , എനിക്ക് അഭിമാനമുണ്ട്, എന്റെ മകളുടെ സെലെക്ഷൻ തെറ്റിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. "

ദേവകിയുടെ അച്ഛൻ എഴുനേറ്റു വന്നു നന്ദനെ കെട്ടി പിടിച്ചു. അത് കണ്ടു ദേവകി ഓടി വന്നു അച്ഛന്റെ കാലിൽ വീണു. ദേവകിയുടെ അച്ഛൻ അവളെ എഴുന്നേൽപ്പിച്ചു അടുത്ത് നിർത്തി. അരുണിനെയും ഭാര്യയെയും അടുത്തേക്ക് വിളിച്ചു.

"കേട്ടോ ഭാഗീ , ഇനി മുതൽ നമുക്ക് മക്കൾ നാലാണ് , അരുണും കാർത്തികയും ദേവുവും പിന്നെ നന്ദനും .. നിനക്കെന്തെങ്കിലും പറയാനുണ്ടോ "

"ഇല്ല ഏട്ടാ " അത് വരെ കസേരയുടെ പുറകിൽ നിന്ന ദേവകിയുടെ അമ്മ ഭാഗീരഥി മുൻപോട്ടു വന്നു ദേവകിയുടെ തലയിൽ തലോടി.

" ദേവൂ നീ പോയി ചായ കൊണ്ട് വാ , കാർത്തൂ നീ കൂടെ ചെല്ലൂ , ചടങ്ങു ഒന്നും മാറ്റണ്ട " അരുൺ അവരോടായി പറഞ്ഞു.

രാഹുലിന്റെ മാതാപിതാക്കളെ മാധവൻ എല്ലാവര്ക്കും പരിചയപ്പെടുത്തി. ദേവകിയുടെ കയ്യിൽ നിന്നും ചായ വാങ്ങി അരുൺ എല്ലാവര്ക്കും കൊടുത്തു. എല്ലാവരും വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അരുൺ നന്ദനെയും കൊണ്ട് പുറത്തേക്കിറങ്ങി. രാധ ദേവകിയെ അടുത്ത് പിടിച്ചിരുത്തി

" നന്ദൻ കുറെ കഷ്ടപെടുത്തി അല്ലെ മോളെ .. പാവമാ .. അവൻ എല്ലാം ഞങ്ങളോട് കഴിഞ്ഞ ദിവസമാ പറഞ്ഞെ .. എല്ലാം ഞങ്ങൾക്കു വേണ്ടിയാ .. മോളെ പോലും വേണ്ടാന്ന് വച്ചത് .. "പറയുമ്പോൾ രാധയുടെ കണ്ണുകൾ നിറഞ്ഞു , വാക്കുകൾ മുറിഞ്ഞു.

"കഴിഞ്ഞത് കഴിഞ്ഞു അമ്മെ .. ഇനി അങ്ങിനെ ഒന്നും ഉണ്ടാകില്ലല്ലോ .. ഞാൻ എപ്പോളും കൂടെ ഉണ്ടാകും" ദേവകിയുടെ വാക്കുകൾക്ക് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ആ അമ്മ മറുപടി നൽകി.
ആ സമയത്തു അരുണും നന്ദനും വെളിയിൽ ചർച്ചയിൽ ആയിരുന്നു.

"നന്ദൻ .. ഞാൻ പോലും ഇതെല്ലം അറിയുന്നത് കഴിഞ്ഞ ദിവസമാണ് , ശ്രീയും അച്ഛനും ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. ബട്ട് , ദേവകി .. അവളെ ഞാൻ കുറെ വഴക്കു പറഞ്ഞിട്ടുണ്ട് , കല്യാണ കാര്യത്തിൽ . പക്ഷെ എല്ലാം ശെരിയായല്ലോ അത് മതി. "

"അരുണേട്ടാ ഞാൻ .. നിങ്ങളുടെ , ഐ മീൻ വൈഫിന്റെ വീട്ടുകാർക്കും പിന്നെ ഇവിടുത്തെ ബന്ധുക്കാർക്കും എല്ലാം എതിർപ്പായിരിക്കും അല്ലെ .. "

"അതൊക്കെ ശെരിയാക്കാടോ അളിയാ. പിന്നെ പ്രണയ വിവാഹത്തിൽ ഇത്തിരി പ്രശ്നങ്ങൾ ഉണ്ടാകും , നമുക്ക് എല്ലാം ശെരിയാക്കാം. ഇതിലും വലുത് കഴിഞ്ഞല്ലേ നിങ്ങൾ രണ്ടു പേരും നിൽക്കുന്നത്. "

"എന്താണ് അളിയനും അളിയനും തമ്മിൽ എന്താണ് സ്വകാര്യം " അരുണിന്റെ ഭാര്യ അങ്ങോട്ട് എത്തി.

"ഞാൻ ചുമ്മാ അരുണേട്ടനുമായിട്ടു ഓരോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. "

"അപ്പൊ പെണ്ണ് കാണാൻ വന്നിട്ട് പെണ്ണിനോട് ഒന്നും പറയാനില്ലേ , അവൾ അവിടെ കാത്തു നില്കുന്നു."

" എവിടെ "

കാർത്തിക നന്ദനുമായി അകത്തേക്ക് പോയി. എല്ലാവരും വലിയ സംസാരത്തിൽ ആണ്. രാധയുടെ കൈകൾ അപ്പോളും ദേവകിയെ മുറുക്കെ പിടിച്ചിരുന്നു. ഇടയ്ക്കു അവളുടെ കവിളിൽ തലോടുന്നുമുണ്ട്.

"ഈ ജാതക പൊരുത്തം നോക്കണ്ടേ .. എന്നിട്ടു നല്ല ദിവസം തിരഞ്ഞെടുക്കാം "

"പൊരുത്തം നോക്കിക്കോളൂ , പക്ഷെ മോളെ ഇനി തരില്ലെന്ന് മാത്രം പറയരുത്. പറ്റുമെങ്കിൽ ഇന്ന് തന്നെ ഞാൻ കൊണ്ടുപോയേനെ എന്റെ മോളെ. " നന്ദന്റെ അമ്മയാണ് മറുപടി പറഞ്ഞത് .

"രാധമ്മ .. അങ്ങനെ വിളിക്കാല്ലോ അല്ലെ.. നന്ദന് ദേവകിയോടു എന്തോ സംസാരിക്കണമെന്നു. ഒരഞ്ചു മിനിറ്റ്.." കാർത്തിക പറഞ്ഞു

"ഇനി ഇവനു എന്ത് സംസാരിക്കാനാ "

"അത് അമ്മ .. ഞാൻ .. നിങ്ങളെല്ലാവരും കാര്യങ്ങൾ എല്ലാം തീരുമാനിക്കു , അപ്പോളെക്കും .."

"എന്നാൽ അങ്ങിനെയാകട്ടെ .. മോളെ നന്ദനെ മുകളിലേക്ക് കൊണ്ട് പോയി എന്താണെന്നു വച്ചാൽ സംസാരിക്കു " ദേവകിയുടെ അച്ഛൻ അവരുടെ രക്ഷക്കെത്തി.

ദേവകി അവിടെ നിന്നും എഴുനേറ്റു സ്റ്റെപ് കയറി മുകളിലേക്ക് പോയി , പുറകെ നന്ദനും ..

"വാ .. ഇതാണെന്റെ ലോകം, അല്ല നമ്മളുടെ " ദേവകി അവളുടെ റൂം തുറന്നു നന്ദനോട് പറഞ്ഞു.

നന്ദൻ അതിശയത്തോടെ അവളുടെ റൂമിലെ ചുമരുകളിലേക്കു നോക്കി , പല പ്രായത്തിലുള്ള അവളുടെ ഫോട്ടോകൾ ഒരു വലിയ ഫോട്ടോ ഫ്രെയിമിൽ . കുഞ്ഞിലേ നീന്തുന്നത് മുതൽ ബാംഗ്ലൂരിലെ ഓഫീസിനു മുൻപിലെ വരെ.

"എന്താണ് ഇത്രക്കും നോക്കാനുള്ളത് , ഞാൻ തന്നെയ നന്ദേട്ടാ.."

"ഞാൻ വേറൊരു സൂത്രം കാണിച്ചു തരം " ദേവകി ഒരു താക്കോലുമായി വന്നു അവിടെ ഉണ്ടായിരുന്ന തടി അലമാരി തുറന്നു. അതിന്റെ ഉൾ വശം നിറയെ നന്ദന്റെ ഫോട്ടോകൾ , ഒടുവിൽ ബെസ്ററ് എംപ്ലോയർ അവാർഡ് വാങ്ങുന്ന ചിത്രം വരെ ..

"ഇതെല്ലാം നീ എങ്ങനെ "

"ഞാൻ പറഞ്ഞില്ലേ , ഒരു നിഴല് പോലെ കൂടെ ഉണ്ടായിരുന്നെന്ന്. അപ്പോൾ ഒരു ഫോട്ടോ എടുക്കാനാണോ പ്രയാസം. "

നന്ദൻ കൈ നീട്ടി അവളെ വലിച്ചു തന്നോട് ചേർത്തു .

"വേണ്ട നന്ദേട്ടാ , ഇപ്പൊ തന്നെ നമ്മൾ ഒരുമിച്ചാണ് ബാംഗ്ലൂർ പോകുന്നത് എന്ന് പറഞ്ഞു താഴെ ബഹളം ആണ് , അങ്ങനെയുള്ളപ്പോൾ നമ്മളെ ഈ അവസ്ഥയിൽ കണ്ടാൽ അകെ പ്രശനം ആകും "

നന്ദൻ അവളെ വേർപെടുത്തി താഴേക്ക് പോയി.

രാധ ദേവകിയെ അരുകിൽ വിളിച്ചു തന്റെ കയ്യിലെ കനം കുറഞ്ഞ ഒറ്റ വള ഊരി അവളുടെ വലതു കൈയ്യിൽ ഇട്ടു. ഭാമയോട് ആലോചിച്ചു അവൾ വരുന്ന പോലെ ഒരു ദിവസം കല്യാണം നടത്താമെന്നാണ് തീരുമാനിച്ചു നന്ദനും വീട്ടുകാരും ഉച്ചക്ക് മുൻപ് മടങ്ങി.

അങ്ങോട്ട് പോയ പോലെ അവരിരുവരും തിരിച്ചു ബാംഗ്ലൂർക്കു അടുത്തടുത്ത സീറ്റുകൾ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്.സൗത്തിൽ നിന്നും ദേവകിയും, വൈറ്റിലയിൽ നന്ദനും ബസിൽ കയറി. ഒന്നു ചിരിച്ചതല്ലാതെ നന്ദൻ ദേവകിയോടു ഒന്നും സംസാരിച്ചില്ല. അവൾക്കാണെങ്കിൽ ആകെ വീർപ്പു മുട്ടലായി, ബസിലെ ലൈറ്റ് എല്ലാം അണച്ചപ്പോൾ അവനോടു ചേർന്നിരുന്നു ചോദിച്ചു.

"നന്ദേട്ടന് ഞാൻ അങ്ങിനെ പറഞ്ഞത് വിഷമമായോ "

"എന്ത്"

"രാവിലെ , എന്നെ ചേർത്ത് പിടിച്ചപ്പോൾ "

"ആ .. അത് .. വിഷമമായി .. "

"സോറി നന്ദേട്ടാ .. ഞാൻ പിണക്കം മാറാൻ ഇപ്പൊ എന്തോ ചെയ്യണം "

മറുപടിയായി അവൻ തന്റെ പുതപ്പെടുത്തു അവളുടെ തലയിൽ കൂടി മൂടി.

ബാംഗ്ലൂരെത്തി പതിവ് പോലെ അവരിരുവരും ആ തിരക്കിൽ അലിഞ്ഞു ചേർന്നു . പക്ഷെ ഓഫീസിൽ നന്ദന് വലിയ സ്വീകരണം ആണ് ടീമിലുള്ളർ നൽകിയത്. ടെസ്സയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ അവർ നന്ദനെ കെട്ടിപ്പിടിച്ചും കൈ കൊടുത്തും സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ടീ ബ്രേക്കിലും ലഞ്ചിലും അവരോടൊപ്പം കൂടി. വൈകിട്ടു രണ്ടു പേരെയും ചേർത്ത് ഒരു കേക്ക് കട്ട് ചെയ്യിപ്പിച്ചിട്ടാണ് അവർ വിട്ടത്. ഗൗരവത്തിന്റെ മുഖം മാറ്റി ഒരു പുഞ്ചിരിയോടെ സംസാരിക്കുന്ന നന്ദൻ അവർക്കൊരത്ഭുതമായിരുന്നു.

വൈകിട്ട് നന്ദൻ ഫ്ലാറ്റിൽ എത്തിയപ്പോൾ കോറിഡോറിൽ രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു.

"Mr . നന്ദൻ "

"എസ് "

"ഭാമേച്ചിയുടെ "

"ബ്രദർ ആണ്. "

"ഹായ് , ഞാൻ മീര , ഇത് ഷീന .. ഈ ഫ്ലാറ്റിലാണ് താമസം .. ഇവിടെ എഞ്ചിനീയറിംഗ് ചെയ്യുന്നു.. ചേച്ചി പറഞ്ഞിട്ടുണ്ട് നന്ദനെ.. ഐ മീൻ നന്ദേട്ടനെ പറ്റി "

"ഓ .. ഓക്കേ .. നിങ്ങൾ ഒരാളും കൂടി ഇല്ലേ .."

ഒന്നും അറിയാത്ത മട്ടിൽ നന്ദൻ ചോദിച്ചു. ശ്യാമയെ കണ്ടിട്ട് വേണം നന്ദി പറയാൻ.

"ആ , ഒരാൾ കൂടിയുണ്ട് .. ശ്യാമ.. ഡീ ശ്യാമേ .. പെട്ടന്ന് വാടി .. ദേ .. ഭാമേച്ചിയുടെ ബ്രദർ നിന്നെ തിരക്കുന്നു. .. "

അവളിങ്ങോട്ടു വരട്ടെ , കഴിഞ്ഞ ആറേഴു ദിവസങ്ങൾ കൊണ്ടുണ്ടയാതെല്ലാം വിശദീകരിച്ചു പറയണം. പിന്നെ അവൾക്കെന്താണ് ഗിഫ്റ് വേണ്ടതെന്നു ചോദിക്കണം . ദേവുവിന്റെ മുൻപിൽ നിർത്തണം, എന്നിട്ടു ചോദിക്കണം അവർ തമ്മിലുള്ള ബന്ധം , അറിയില്ല എന്ന് പറഞ്ഞെങ്കിലും എന്തെങ്കിലും കണക്ഷൻ കാണാതിരിക്കില്ല .. നന്ദന്റെ മനസ്സ് വല്ലാതെ മിടിച്ചു കൊണ്ടിരുന്നു.

"ഉള്ള കാര്യം പറയാല്ലോ നന്ദേട്ടാ .. ഭാമേച്ചി നന്ദേട്ടന്റെ കാര്യം പറയുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഒരല്പം ഇന്റെരെസ്റ്റ് കൂടുതൽ അവൾക്കാണ് .. എടി ശ്യാമേ ഒന്ന് വാടി ഇങ്ങോട്ടു , എന്തൊരു ഒരുക്കമാ " ഷീന ചിരിച്ചു കൊണ്ട് പറഞ്ഞു.

നന്ദന്റെ മുഖത്ത് ഒരു മന്ദഹാസം വിടർന്നു.

അവരുടെ വാതിൽ തുറന്നു വെളുത്തു ചുരുണ്ട മുടിയുള്ള ഒരു പെൺകുട്ടി വെളിയിലേക്കു വന്നു. അവൾ നന്ദന് നേരെ കൈ നീട്ടി .

"ഹായ് .. നന്ദേട്ടാ .. ഐ ആം ശ്യാമ .. ശ്യാമ എസ് നായർ "

നന്ദൻ ആശ്രയത്തിനായി തന്റെ ഫ്ലാറ്റിന്റെ ഇരുമ്പു ഗ്രില്ലിൽ ഇടതു കൈ കൊണ്ട് പിടിച്ചു, അവളുടെ കാണുകളിലെ കറുത്ത കൃഷ്ണമണികളിൽ നോക്കി അവൻ വലതു കരം നീട്ടി.

"നന്ദൻ .. നന്ദൻ രാധാമാധവൻ "

"കൈ വിട് ശ്യാമേ .. നന്ദേട്ടൻ അടുത്ത ഫ്ലാറ്റിൽ തന്നെ കാണും , ഇടയ്ക്കിടയ്ക്ക് ഇനിയും കൈ കൊടുക്കാൻ വരാം ..അപ്പോൾ നന്ദേട്ടാ .. ഞങൾ ഒന്ന് പുറത്തു പോവുകയാ .. പിന്നെ കാണാം "

ഷീന , ശ്യാമയുടെ തലക്കിട്ടു ഒന്ന് കൊട്ടി.

"സോറി .. ഞാൻ .. " നന്ദൻ അവിടെ നിന്ന് വിയർത്തു. പെട്ടന്ന് തന്നെ അവൻ ഫ്ലാറ്റ് തുറന്നു അകത്തു കയറി ബെഡ്റൂമിലേക്ക് പോയി .

വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകൾ , നീണ്ട മെലിഞ്ഞ വിരലുകൾ , നീളൻ മുടി ..

അവനു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി .. അടുത്ത നിമിഷം അവിടെ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറഞ്ഞു ...

"ശ്യാമ.... നീ .. " അവൻ അലറി വിളിച്ചു.

(തുടരും)

No comments:

Post a Comment