Wednesday, August 14, 2019

ശരത്കാലം 3





അടുത്ത ദിവസം രാവിലെ ഔട്ട് ഹൌസിനു മുൻപിലിരുന്നു , സൈക്കിളിന്റെ ചക്രങ്ങൾക്കിടയിൽ മണ്ണെണ്ണെയും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം ഒഴിക്കുകയായിരുന്നു രാഹുൽ . ആ സമയം , മുറ്റത്തേക്ക് എത്തിയ സ്കൂട്ടറിന്റെ ശബ്ദം കേട്ടാണ് രാഹുൽ തല ഉയർത്തി നോക്കിയത് .

"നീ .. നീ എന്താ ഇവിടെ .. "

സ്കൂട്ടറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി പോകാൻ തുടങ്ങിയ പെൺകുട്ടി , തിരിച്ചിറങ്ങി അവന്റെ അരുകിലേക്കെത്തി . 

"ഞാൻ.. ഇവിടെയാ താമസം .. "

സൈക്കിളിൽ പിടിച്ചെഴുനേറ്റു , ആദ്യം കാണുന്ന ഒരാൾ തന്നെ ചോദ്യം ചെയ്യുന്നതിന്റെ പരിഭ്രമത്തോടെ അവൻ പറഞ്ഞു . 

"ഇവിടെന്നു വച്ചാ.. "

അവൾ അവനരുകിലേക്കു ചെന്ന് സൈക്കിളിന്റെ ഹാന്ഡിലിൽ പിടിച്ചു .

"ഈ .. ഔട്ട് ഹൌസിൽ .. "

"ഓഹ്.. നീ ഇവിടെ പേയിങ് ഗെസ്റ്റാണോ.. എന്നിട്ടു അമ്മച്ചി പറഞ്ഞില്ലല്ലോ.. "

രാഹുൽ ഒന്നും മനസ്സിലാകാതെ അവളെ നോക്കികൊണ്ടിരുന്നു . 

"ഡി .. അമ്മുവേ നീ വന്നോ... "

അകത്തു നിന്നും അമ്മച്ചിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നടന്നു . 

"സ്കൂട്ടറിന്റെ ഒച്ച കേട്ടപ്പോഴേ നീയാണെന്നു തോന്നി.. അല്ലാ ... നീ കോളേജിൽ പോണ വഴി കേറും എന്നാണല്ലോ ശേഖരൻ പറഞ്ഞെ, എന്നിട്ടു അതിരാവിലെ തന്നെ വന്നല്ലോ .. "

"അമ്മച്ചി.. അത് ഞാൻ രാവിലെ അച്ഛനെ കൊണ്ടേ ബസ്റ്റോപ്പിൽ വിടാൻ പോയതാ .. എന്നാ പിന്നെ ഇവിടെ കേറീട്ടു പോകാമെന്നു കരുതി.. "

"അവൻ എവിടെപ്പോയി , ഇന്നലെ യാത്രയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.. "

"അച്ഛൻ എറണാകുളം വരെ പോയി.. കടേൽ സാധനം എടുക്കാൻ പോയതാ.. "

"ആ.. നീ വാ അകത്തേക്ക് .. "

അമ്മച്ചിയും അമ്മുവും അകത്തേക്ക് കയറിപ്പോയപ്പോൾ , രാഹുൽ വീണ്ടും നിലത്തേക്കിരുന്നു സൈക്കിളിന്റെ പെഡൽ കറക്കി ചക്രത്തിനിടയിലേക്കു എണ്ണ ഒഴിച്ചു കൊണ്ടിരുന്നു .

"അവൻ ഏതാ അമ്മച്ചി.. "

ഡൈനിങ്ങ് റൂമിലെ കസേരയിൽ ഇരുന്നു അമ്മു ആകാംഷയോടെ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി .

"ഏതു .. "

താത്പര്യമില്ലാത്തത് പോലെ , ഒരു കപ്പിലേക്കു അവർ ചായ പകർന്നു അവളെ നോക്കി .

"വെളിയിൽ കണ്ട ചെറുക്കൻ.. അവനെന്താ ഇവിടെ .. "

"അതിനു നിനക്കറിയാമോ അവനെ.. "

അമ്മച്ചി അവൾക്കു നേരെ ചായ നിറച്ച കപ്പ് നീട്ടി.

"ഹാ .. ഇന്നലെ ഞാൻ ഫസ്റ്റ് ഇയർ ക്ലാസ്സിൽ പോയിരുന്നു.. അവിടെ ഇവനെ കണ്ടിരുന്നു.. പുറകിൽ ,ആരോടും മിണ്ടാതെ ഒരു മാതിരി ശോകം.. "

"എന്റെ കർത്താവെ.. അതൊരു പാവം കൊച്ചനാ .. ആരും ഇല്ലാത്ത .. മ്മടെ വകേലൊരു അച്ചനുണ്ട് , അങ്ങ് ഇടുക്കീല് .. പുള്ളീടെ അനാഥാലയത്തിൽ പഠിച്ചതാ. അങ്ങേരു പറഞ്ഞിട്ടു ഇവിടെ നിർത്തിയതാ .. "

"ഓഹ്.. അങ്ങിനെ.. "

ഇടതു കയ്യിൽ ചായക്കപ്പുമായി അമ്മു കസേരയിൽ നിന്നും എഴുനേറ്റു , ജനലിനരുകിലേക്കു ചെന്ന് വലതു കൈ കൊണ്ട് ജനാലവിരികൾ മാറ്റി അവനെ നോക്കി . 

"വല്ലാത്തൊരു വശപ്പിശക് ഫീല് ചെയ്യുന്നുണ്ടല്ലോ അമ്മച്ചീ.. ഇന്നലെ, ക്ലാസിൽ കണ്ട ഭാവം പോലും വച്ചില്ല . ഒന്നുമില്ലേലും ഞാൻ അവന്റെ സീനിയർ അല്ലെ .."

"ഞാൻ പറഞ്ഞില്ലേ.. ആരും ഇല്ലാത്തവനാ.. ഈ അച്ചന്മാരുടെ കൂടെ വളർന്നത് കൊണ്ട് നമ്മളെ പോലെ പെരുമാറാനൊന്നും അറിയത്തില്ലന്നേ .. "

"ഹ്മ്മ്.. "

അവളൊന്നമർത്തി മൂളി തിരികെ കസേരയിലേക്ക് വന്നിരുന്നു .

"അല്ലടി പെണ്ണെ .. നീ അവസാന വര്ഷം അല്ലെ, പിന്നെ എന്തിനാ അവന്റെ ക്‌ളാസ്സിൽ പോയെ.. "

"അതമ്മച്ചീ ..ഈ ഡിപ്പാർട്മെന്റ് എല്ലാം ഒന്നല്ലിയോ.. അപ്പൊ ചിലപ്പോഴൊക്കെ പോവേണ്ടി വരും. ഇന്നലെ ഒരു സെമിനാർ ഉണ്ടായിരുന്നു. നമ്മളീ , വെളിയിൽ പോയി എടുക്കുന്നതിനു മുൻപ് കോളേജിലെ പുള്ളേരുടെ മുൻപിൽ എടുക്കുന്ന പതിവുണ്ട് . അങ്ങിനെ , hod പറഞ്ഞിട്ട് ഇവരുടെ ക്ളാസ്സിലാ ഇന്നലെ എടുത്തേ.. അപ്പൊ കണ്ടതാ .. "

"ആ.. എന്നതാണേലും കൊള്ളാം.. നീ അവന്റെ ഡിപ്പാർട്മെന്റിൽ ആയതു നന്നായി. ഒരു നോട്ടം കിട്ടുവല്ലോ... "

"ഹ്മ്മ്.. നല്ലോണം നോക്കിക്കൊള്ളാം.. "

അവൾ വീണ്ടും തുറന്നു കിടന്ന ജനാല വിരികൾക്കിടയിലൂടെ അവനെ നോക്കി .

"കൊച്ചെ .. നീ ഇതൊന്നു നോക്കിക്കേ.. രണ്ടു ദിവസമായി വിളിച്ചാൽ കാണാൻ പറ്റുന്നില്ല "

അമ്മച്ചി ടേബിളിലിന്റെ മുകളിൽ ഇരുന്ന മൊബൈൽ എടുത്തു അവൾക്കു നേരെ നീട്ടി .അമ്മു ഫോൺ വാങ്ങി , വീഡിയോ കാളിങ് അപ്ലിക്കേഷൻ വീണ്ടും ഇൻസ്റ്റാൾ ചെയ്തു തിരിച്ചു കൊടുത്തു .

"അമ്മച്ചി.. ഇപ്പൊ ശെരിയായിക്കാണും.. ഞാൻ ഒന്ന് കൂടി ഇട്ടിട്ടുണ്ട്. ഇപ്പൊ വിളിച്ചു നോക്കാൻ പറ്റില്ലല്ലോ, എല്ലാവരും ഉറങ്ങാൻ പോയിക്കാണില്ലേ.. വൈകിട്ട് വിളിച്ചിട്ടു കിട്ടില്ലേ പറ.. ഞാൻ വീണ്ടും വരാം .."

അമ്മച്ചിയുടെ കവിളിൽ തട്ടി അവൾ എഴുനേറ്റു . 

"എന്നാൽ പിന്നെ അങ്ങിനെ ആകട്ടെ.. "

പുറത്തേക്കു നടക്കുന്ന അമ്മുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അമ്മച്ചി വിളിച്ചു പറഞ്ഞു .

വീടിനു പുറത്തേക്കിറങ്ങിയ അമ്മു , ഔട്ട് ഹൌസിനു വെളിയിൽ നിൽക്കുന്ന രാഹുലിന്റെ അടുക്കലേക്കു ഒരിക്കൽ കൂടി നടന്നു ചെന്നു. 

"ഡാ .. നീ എന്താ എന്നെ അറിയാത്ത ഭാവത്തിൽ നിന്നേ .. "

"അതിനു നമ്മൾ തമ്മിൽ കണ്ടിട്ടില്ലല്ലോ.. "

"അപ്പൊ പിന്നെ ഇന്നലെ നിന്റെ ക്ലാസ്സിൽ വന്നതു ആരാ .. "

അവൻ അത്ഭുതത്തോടെ അവളെ നോക്കി .

"ഇന്നലെ.. എപ്പോൾ.. "

"ആഹ്.. നീ പൊട്ടൻ കളിക്കുവാ..ഒരെണ്ണം വച്ച് തന്നാലുണ്ടല്ലോ .. ആ ...ഇന്നലെ ഒരു സെമിനാർ നിന്റെ ക്‌ളാസിൽ നടന്നത് ഓർക്കുന്നുണ്ടോ.. "

"ഉണ്ട് .. "

"അതെടുത്ത് ആരാണെന്നു അറിയാമോ.. "

"അർജുൻ .. "

"ആ .. അർജുന്റെ സൈഡിൽ നിന്ന രണ്ടു മൂന്നു പേരെ ഓർമ്മയുണ്ടോ.. "

"ഇല്ല .. "

"ബെസ്റ്റ് .. നിന്നോട് പറഞ്ഞ എന്നെ തല്ലിയാൽ മതി.. "

അവൾ തലക്കു കൈ കൊടുത്തു , തിരികെ വന്നു സ്കൂട്ടറിൽ കയറി .

"ഒരു നിമിഷം.. "

അവൻ അവൾക്കരുകിലേക്കു ഓടിയെത്തി.

"ഹ്മ്മ് .എന്താ .."

സ്കൂട്ടറിലേക്കു കയറിയിരുന്ന അവൾ പുരികമുയർത്തി ചോദ്യ ഭാവത്തിൽ അവനെ നോക്കി .

"എന്റെ കാര്യങ്ങൾ എല്ലാം അമ്മച്ചി പറഞ്ഞു കാണുമല്ലോ.. ഒത്തിരി ആഗ്രഹങ്ങൾ ഒന്നുമില്ല. പഠിച്ചൊരു ജോലി വാങ്ങണം, എന്നെ പോലെ കുറെ അനിയന്മാരും അനിയത്തിമാരും അവിടെ ഉണ്ട്, അവരെ നോക്കണം.. "

"അത് കൊണ്ട് ഞാൻ എന്നാ വേണോന്നാ .. "

"അല്ല .. ഞാൻ ഒരനാഥനാണ് എന്നകാര്യം ഇവിടെ അറിയാല്ലോ.. അത് ദയവായി കോളേജിൽ പറയരുത്. എനിക്ക് കുറച്ചിലായിട്ടൊന്നുമല്ല, ചെറുപ്പം മുതലേ അത് കേട്ട് തന്നെയാണ് വളർന്നത്. പക്ഷെ, ചില സഹതാപം നിറഞ്ഞ നോട്ടങ്ങൾ, വാക്കുകൾ, അതെല്ലാം വല്ലാണ്ട് കുത്തി നോവിക്കും. "

അവനവൾക്കു മുൻപിൽ ഇരു കൈകളും കൂപ്പി .

"നോക്കാം .. "

വണ്ടി പുറകോട്ടാക്കി തിരിച്ചു നിർത്തി , അവനെ ആപാദചൂഡം നോക്കി. ശേഷം , ഹെൽമെറ്റ് ശെരിയാക്കി, വണ്ടിയോടിച്ചവൾ പുറത്തേക്കു പോയി.

കുളിയെല്ലാം കഴിഞ്ഞു പ്രാതൽ കഴിക്കാനായി അകത്തേക്ക് ചെല്ലുമ്പോഴായിരുന്നു അമ്മച്ചി അകത്തെ മുറിയിലേക്ക് അവനെ വിളിച്ചത് . 

"ഡാ .. നീ യാ പെട്ടികൾ ഇങ്ങെടുത്തേ.. "

സ്ലാബിനു മുകളിൽ ഇരിക്കുന്ന ട്രാവൽ ബാഗുകളിലേക്കു വിരൽ ചൂണ്ടി അവർ പറഞ്ഞു. 

അവൻ ആ ബാഗുകൾ താഴേക്കെടുത്തു വച്ചപ്പോൾ അത് തുറന്നു കുറെ ടീഷർട്ടുകളും ജീൻസും അവന്റെ മുന്നിലേക്ക് അവർ നിരത്തിയിട്ടു . 

"ദാ .. ഇത് മുഴുവൻ നിനക്കുള്ളതാ..വളരെ കുറച്ചേ ഉപയോഗിച്ച് കാണൂ.. നിനക്കിഷ്ടമുള്ളതെല്ലാം എടുത്തോ... "

അവൻ അത്ഭുതത്തോടെ അവരുടെ മുഖത്തേക്ക് നോക്കി .

"എനിക്ക് മൂന്നു മക്കളാ.. ഷേർളി, സിസിലി പിന്നെ സൈമൺ. അതില് ഷെർലീം സൈമണും അമേരിക്കേലാ. സിസിലി കാനഡലും.. അവരുടെയും കെട്ടിയവന്മാരുടെയും മക്കടേം ഒക്കെ ഡ്രെസ്സാ.. ഇനി അടുത്ത ക്രിസ്തുമസിനെ എല്ലാരും വരൂ.. അപ്പൊ വേറെ കുറെ പിന്നേം മേടിച്ചു കൂട്ടും. എന്നിട്ടു ഇവിടെ ഇട്ടേച്ചും പോകും.. പഴയതൊക്കെ ത്രേസ്യ കൊണ്ടുപോയി ആർക്കെങ്കിലും കൊടുക്കും അതാ പതിവ് . ഇതിപ്പോ നിനക്കു എടുക്കാല്ലോ . .."

"അമ്മച്ചീ .. "

"നീ ഇങ്ങനെ നോക്കണ്ട.. ഇഷ്ടമുള്ളത്, പാകമുള്ളതു നോക്കി എടുത്തോ.. കോളേജിൽ ഒക്കെ പോണതല്ലേ... "

"എനിക്കിതൊന്നും ഇട്ടു ശീലമില്ല .."

അവിടെ നിന്നും നാലോളം ഷർട്ട് മാത്രമെടുത്തു ബാക്കിയെല്ലാ വസ്ത്രങ്ങളും മടക്കി ബാഗിലേക്കു വച്ചുകൊണ്ട് രാഹുൽ പറഞ്ഞു ..

"അപ്പൊ ഈ പാന്റ് ഒന്നും വേണ്ടേ.. "

"എനിക്ക് മുണ്ടാണിഷ്ടം അമ്മച്ചീ.. ബാക്കി ആർക്കും വേണ്ടങ്കിൽ ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം .. അവിടെ , കട്ടപ്പനെല് , കുട്ടികൾക്ക് ഇതൊക്കെ ഇഷ്ടാവും ... "

ബാഗുകൾ സ്ലാബിനു മുകളിലേക്ക് തിരിച്ചു വച്ചു, ഷർട്ടുകൾ മടക്കി കയ്യിലെടുത്തു രാഹുൽ മുറിക്കു പുറത്തേക്കിറങ്ങി .


"ഇന്നാടാ രണ്ടു മുണ്ടു.. നീയെടുത്തോ .. "

കുറച്ചു സമയത്തിന് ശേഷം , ആഹാരം കഴിച്ചു കൊണ്ടിരുന്ന അവന്റെ അരികിലേക്ക് ഒരു കവർ നീക്കി വച്ച് അമ്മച്ചി അടുത്ത കസേരയിലേക്കിരുന്നു 

"സാറിന്റെയാ.. ഉപയോഗിക്കാതെ ഇരുന്നതാ.. മക്കൾക്കാർക്കും വേണ്ടല്ലോ.. അവരെല്ലാം മുട്ടെ പാന്റ്കാരാ .. നീയെടുത്തോ.. "

കഴിച്ചു കൊണ്ടിരുന്ന ആഹാരം തന്റെ തൊണ്ടയിൽ കുടുങ്ങിയപോലെ രാഹുലിന് തോന്നി . 

"അമ്മച്ചീ... "

"പിന്നേ , നിന്റെ ഈ പാവത്താൻ സ്വഭാവം മാറ്റണം കേട്ടോ.. ഇത് കട്ടപ്പന അല്ല.. കോട്ടയമാ ... ഇവിടെ എല്ലാം വിളഞ്ഞ വിത്തുകളാ.. നിന്നെയെടുത്തു ഓട്ടുപാലിന്റെ ബോള് പോലെ അടിച്ചു തെറിപ്പിച്ചു കളയും .."

"ഹ്മ്മ് "

നിറഞ്ഞു വന്ന മിഴികൾ തുടച്ചു മാറ്റി ,അമ്മച്ചി പറഞ്ഞതിന് സമ്മതം എന്ന അർത്ഥത്തിൽ തലയാട്ടി , കഴിച്ച പാത്രവും എടുത്തവൻ അടുക്കളയിലേക്കു പോയി. 

#################

കോളേജിൽ എത്തി, ചാപ്പലിൽ കയറി പ്രാർത്ഥിച്ചു തന്റെ ക്ളാസിലേക്ക് പോകുമ്പോഴായിരുന്നു രാഹുലിനെ അടുത്തൊരു മരച്ചുവട്ടിൽ നിന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ വിളിച്ചത് . അങ്ങോട്ട് നടന്നടുക്കുന്നതിനിടയിൽ അവരുടെ നടുക്ക് നിൽക്കുന്ന അമ്മുവിനെ അവൻ കണ്ടിരുന്നു.

"നിനക്ക് ഭയങ്കര മറവി ആണല്ലോടാ.. "

അടുത്തേക്ക് ചെന്ന അവന്റെ തോളിൽ തട്ടി അവരുടെ കൂടെ ഉണ്ടായിരുന്ന അർജുൻ ചോദിച്ചു. 

"അത്.. ഞാൻ .. "

അവിടെ ഉയർന്ന പൊട്ടിച്ചിരികൾക്കിടയിൽ , തന്റെ കള്ളം കണ്ടുപിക്കപെട്ടതു പോലെ തല താഴ്ത്തി നിന്ന അവന്റെ നേരെ ഒരു പെൺകുട്ടിയുടെ വലതു കൈ നീണ്ടു വന്നു . 

"അമൂല്യ .. അമൂല്യ ശേഖരൻ.. തേർഡ് ഇയർ ബി എസ് സി ഫിസിക്സ് .. "

ആ നീണ്ട വിരലുകളിലൂടെ കണ്ണുകൾ ഓടിച്ചു, പിന്നെ തലയുയർത്തി അവളുടെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി , അവനും കൈ നീട്ടി .

"രാഹുൽ രേവതി .. ഫസ്റ്റ് ഇയർ ബി എസ് സി ഫിസിക്സ് .. "

മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്നതിനിടയിൽ , തന്നിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഒന്നും പുറത്തവരുതേ എന്നവൻ ആ നിമിഷങ്ങളിൽ മനസ്സിൽ മാതാവിനോട് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു .

(തുടരും)

No comments:

Post a Comment