Monday, August 5, 2019

803 ലെ ശ്യാമ 16



അവനു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി .. അടുത്ത നിമിഷം അവിടെ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറഞ്ഞു ...

"ശ്യാമ.... നീ .. " അവൻ അലറി വിളിച്ചു.


ഒരു കാറ്റ് ആശ്വസിപ്പിക്കാനാണെന്നവണ്ണം അവനെ തഴുകി കടന്നു പോയി. നന്ദന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല , അവൻ ശ്യാമയെ കണ്ടത് മുതലുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ചിന്തിച്ചു നോക്കി. ഒരിക്കൽ പോലും തന്നെ കുറിച്ചു ശ്യാമ പറഞ്ഞിരുന്നില്ല. എങ്കിലും ദേവകിയെ അടുത്തറിയാവുന്ന ആരോ ആണവൾ എന്നവന് തോന്നി.അവൻ ഫോൺ എടുത്തു ദേവകിയെ വിളിച്ചു അവിടെ നടന്നെതെല്ലാം വിശദീകരിച്ചു. അവന്റെ വാക്കുകളിലെ പതർച്ച അവളെ പരിഭ്രാന്തയാക്കി.

"നന്ദേട്ടാ , അവിടെ ഒറ്റയ്ക്ക് താമസിക്കാൻ പേടിയുണ്ടോ "

"എന്തിനു .. അവൾ .. ശ്യാമ എന്നെ ഒന്നും ചെയ്യില്ല... "

വീണ്ടും അവനു മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധം അനുഭവപെട്ടു.

"ദേവൂ .."

"എന്താ നന്ദേട്ടാ .. എനിക്കാകെ പേടിയാകുന്നു "

"അവൾ .. അവൾ ഇവിടെ ഉണ്ട് .. ഇവിടെ എവിടെയോ മറഞ്ഞിരുന്നു നമ്മളെ ശ്രദ്ധിക്കുന്നുണ്ട് . അവൾ ആരാണെന്നോ , നമ്മളുമായുള്ള ബന്ധമെന്താണെന്നോ , എന്തിനു നമ്മളെ ഒന്നിപ്പിച്ചു എന്നോ , ഒന്നും എനിക്കറിയില്ല .. പക്ഷെ അവൾ ഇവിടെ ഉണ്ട് .. ഞാൻ അറിയുന്നു അവളുടെ സാമീപ്യം .. ദേവൂ .. നീ പേടിക്കണ്ട , അവൾ നമ്മളുടെ സുഹൃത്ത് ആണ് .. നീ ഇപ്പൊ ഫോൺ വയ്ക്കു , ഞാൻ ഒന്ന് മയങ്ങട്ടെ "

നന്ദൻ ഫോൺ കട്ട് ചെയ്തു ബെഡിലേക്കു മലർന്നു കിടന്നു.

"ശ്യാമ .. നീ .. എന്തിനിങ്ങനെ ഒളിച്ചു കളിക്കുന്നു... എന്റെ മുൻപിലേക്ക് വരൂ .. പ്ളീസ് .. ഈ ഒളിച്ചു കളി എനിക്കിഷ്ട്ടമല്ലാ. പ്ളീസ് ... "

പിന്നെയും എന്തെല്ലാമോ പറഞ്ഞു അവൻ മയങ്ങിപ്പോയി.

എപ്പോഴോ നന്ദേട്ടാ എന്നൊരു വിളികേട്ടാണ് അവൻ ഉണർന്നത്. ശ്യാമയുടെ ശബ്ദം പോലെ , അവൻ പ്രതീക്ഷയോടെ ഹാളിലേക്ക് നടന്നു , ഫ്ലാറ്റിന്റെ വാതിൽ തുറന്നു.

അവിടെ അവന്റെ ശ്യാമ നിൽക്കുന്നുണ്ടായിരുന്നു. പുറത്തെ കാറ്റിൽ പാറിപ്പറക്കുന്ന നീളൻ മുടികൾ തന്റെ മെലിഞ്ഞ വിരലുകൾ കൊണ്ട് ഒതുക്കി വച്ച് , ചുണ്ടിൽ ചെറു പുഞ്ചിരിയുമായി ..

അവളുടെ വെള്ളാരം കണ്ണുകളിലേക്കു നോക്കിയപ്പോൾ പറയാൻ വന്നതെല്ലാം നന്ദൻ മറന്നു പോയി.

"ഇങ്ങനെ നോക്കി നില്കാതെ , മുൻപീന്നു മാറിക്കേ , ഞാൻ അകത്തേയ്ക്കു കയറട്ടെ .. "

നന്ദൻ ഡോറിന്റെ മുൻപിൽ നിന്നും മാറി നിന്നു.

"ഹോ എത്ര നേരമായി ഞാൻ വിളിക്കുന്നതെന്നറിയാമോ , എന്റെ തൊണ്ടയിലെ വെള്ളം പറ്റി."

നന്ദൻ അപ്പോളും അവളുടെ കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു.

"നന്ദേട്ടാ , ഇതെന്തൊരു നോട്ടമാ, ഇതുവരെ കാണാത്തതു പോലെ , ഇങ്ങോട്ടു വാ , ഇവിടെ.. ഈ കസേരയിൽ വന്നിരിക്കു. "

ശ്യാമ അവനെ ആ കസേരയിൽ പിടിച്ചിരുത്തി , എന്നിട്ട് അവന്റെ മുൻപിൽ മുട്ട് കുത്തി നിന്നു .

"നന്ദേട്ടന് ഒരു പാട് ചോദിക്കാനുണ്ടന്ന് എന്നെനിക്കറിയാം. ഞാൻ ആരാണെന്നു , എന്തിനാണ് ഇവിടെ വന്നതെന്ന് , ദേവൂട്ടിയെ കാണിച്ചുതന്നതെന്നു , നമ്മൾ തമ്മിലുള്ള ബന്ധം എന്തെന്ന് .. അങ്ങിനെ ഒരുപാടു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ "

കൊച്ചു കുട്ടിയെ എന്നപോലെ നന്ദന്റെ മുഖം പിടിച്ചുയർത്തി തലമുടിയിൽ തലോടി അവൾ തുടർന്നു

"ഇതെല്ലാം അറിയുന്ന ഒരു ദിവസം അടുത്ത് തന്നെ വരും , അത് വരെ ഇതെല്ലം രഹസ്യങ്ങൾ തന്നെ ആയിരിക്കട്ടെ... തിരിച്ചു വരണമെന്നോ ഒരിക്കൽ കൂടി ഇത്ര അടുത്ത് കാണണമെന്നോ കരുതിയതല്ല. പക്ഷെ നന്ദേട്ടന്റെ വേദന അതെന്നെ പോകാൻ അനുവദിക്കുന്നില്ല.കാരണം, ഞാൻ അത്രയേറെ നന്ദേട്ടനെ സ്നേഹിച്ചു പോയി ,ദേവൂട്ടിയെ സ്നേഹിച്ചു പോയി. നിങ്ങളുടെ വേർപാടിൽ നിങ്ങളെക്കാൾ ഏറെ വേദനിച്ചു "

നന്ദന്റെ കണ്ണുകളിലേക്ക് അവൾ നോക്കി. താൻ അവളിൽ അലിഞ്ഞു ചേരുന്നതായി അവനു തോന്നി.

"അതെല്ലാം പോട്ടെ , ഇപ്പൊ എല്ലാം നന്നായി അവസാനിച്ചുവല്ലോ .. ഇനി എനിക്കിവിടെ റോൾ ഇല്ല .. ഞാൻ പോകുന്നു , നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തിൽ നിന്നും ,മനസ്സിൽ നിന്നും. ഒരിക്കൽ സത്യം അറിയുന്ന നിമിഷം വരെ , ഇനി നിങ്ങൾ എന്നെ ഓർക്കില്ല. "

നന്ദന്റെ കവിളിൽ ഉമ്മവച്ചു അവൾ എഴുനേറ്റു വെളിയിലേക്കു നടന്നു.

പോകരുത് എന്ന് പറഞ്ഞു അവളുടെ കൈകളിൽ പിടിക്കാനായി അവൻ പലതവണ ശ്രമിച്ചു. പക്ഷേ, ഒരക്ഷരം മിണ്ടാനാകാത്ത , കൈകാലുകൾ അനക്കാനാവാത്ത വിധത്തിൽ താൻ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നു അവനു മനസ്സിലായി. അവൾ ഫ്ലാറ്റിനു വെളിയിലേക്കിറങ്ങിയതും കാറ്റടിച്ചു ആ കതകടഞ്ഞു . അടുത്ത നിമിഷം അവൻ സർവശക്തിയുമെടുത്തു അവിടെ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു , കാലുകൾക്കു ശക്തി കിട്ടാതെ ശ്യാമാ എന്ന നിലവിളിയോടെ അവൻ നിലത്തു വീണു.

############################################
അടുത്ത ദിവസം നന്ദൻ ഉറക്കമുണർന്നത് അത് വരെ തോന്നാത്ത ഉത്സാഹത്തോടെ ആയിരുന്നു. താൻ എങ്ങിനെ കട്ടിലിൽ കിടക്കാതെ തറയിൽ കിടന്നത് എന്ന ചിന്ത അവനെ അലട്ടിയെങ്കിലും ദേവകിയുടെ ഓർമ്മയിൽ എത്രയും പെട്ടന്ന് ഓഫീസിൽ എത്താൻ മനം കൊതിച്ചു. അടുത്ത ദിവസം അവരെ തേടി ആ സന്തോഷവാർത്ത എത്തി. അടുത്ത മാസം പതിനഞ്ചിനു കല്യാണം, ആ ഒരു ആഴ്‌ചക്കായി ഭാമയും രാഹുലും വരും. ഇനി നാൽപതു ദിവസം മാത്രം. നന്ദനും , ദേവകിയും കലണ്ടറിൽ തീയതി കട്ട് ചെയ്തു കാത്തിരിക്കാൻ തുടങ്ങി.
പിന്നെയെല്ലാം പെട്ടന്നായിരുന്നു, ഒന്നിടവിട്ട വീക്കെന്റുകളിൽ രണ്ടു പേരും നാട്ടിലേക്ക് പോകും.പോകാത്ത വീക്കെന്റുകളിൽ ബാംഗ്ലൂരിൽ ഷോപ്പിംഗ്. ചിക്പെട്ടിൽ നിന്നും വെഡ്‌ഡിങ് കാർഡ് , സർജപുരയിലെ മില്ലിൽ നിന്നും രണ്ടു വീടുകളിലെയും സ്ത്രീ ജനങ്ങൾക്കായി പട്ടു സാരികൾ , പിന്നെ മാളുകയിൽ നിന്നും മറ്റുള്ളവർക്കായി ഡ്രെസ്സുകളും. രണ്ടു വട്ടം രാഹുലിന്റെ കാറിൽ നാട്ടിലേക്കു ഡ്രൈവിംഗ് , മുഴുവൻ സാധനങ്ങളും നാട്ടിലെത്തി.
രണ്ടു താലി കൈ വശം വയ്‌ക്കേണ്ട എന്ന് പറഞ്ഞു നന്ദൻ ദേവകിയുടെ കയ്യിൽ നിന്നും താൻ കൊടുത്ത താലി തിരിച്ചു വാങ്ങിയിരുന്നു.
അങ്ങിനെ കല്യാണ ദിവസം വന്നെത്തി. ചോറ്റാനിക്കര അമ്മയുടെ നടയിൽ ഒരല്പം ടെൻഷനിൽ ഇരിക്കുമ്പോൾ സർവാഭരണ വിഭൂഷയായി ദൂരെ നിന്നും നടന്നു വരുന്ന ദേവകിയെ നന്ദൻ കണ്ടു. അവളുടെ വലുത് കയ്യിൽ അമ്മ ഇട്ടു കൊടുത്ത ഒറ്റ വള മാത്രം , നന്ദൻ തല ഉയർത്തി അമ്മയെ നോക്കി കണ്ണ് കൊണ്ട് അവളെ നോക്കാൻ പറഞ്ഞു.ദക്ഷിണ കൊടുക്കുമ്പോൾ അവളെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഉമ്മ വയ്ക്കുന്ന അമ്മയെ കണ്ടു അവനു സന്തോഷമായി.

"കല്യാണ ദിവസം തന്നെ അമ്മായമ്മയെ കുപ്പിയിലാക്കി അല്ലെ "

താലി കെട്ടാനായി അടുത്ത് വന്നിരുന്നപ്പോൾ നന്ദൻ അവളോട് ചോദിച്ചത്തിനു മറുപടിയായി കൈകൂപ്പി നേരെ ഇരിക്കാൻ ദേവകി ആഗ്യം കാണിച്ചു. ഏഴു മടക്കിട്ട മഞ്ഞൾ പുരട്ടിയ നൂലിൽ കോർത്ത ആ താലി അവൻ കഴുത്തിൽ കെട്ടുമ്പോൾ അവൾ രണ്ടു കയ്യും ചേർത്ത് പിടിച്ചു തങ്ങളുടെ ഭാവി ജീവിതത്തിനു വേണ്ടി ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു. ഒടുവിൽ വിട പറഞ്ഞു കാറിൽ കയറുമ്പോൾ അവൾ അച്ഛന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു.

നന്ദന്റെ വീട്ടിലെ റിസപ്ഷനും അന്ന് തന്നെ ആയിരുന്നു. എല്ലാം കഴിഞ്ഞു വൈകീട്ടോടെ എല്ലാവരും പിരിഞ്ഞു. ഒടുവിൽ അലക്‌സും ജോബിയും രാജേഷും മാത്രമായി. നന്ദൻ എന്തിനോ റൂമിലേക്ക് കയറിയപ്പോൾ റിസെപ്ഷന്റെ ഡ്രെസ്സുമണിഞ്ഞു അലമാരക്കു മുൻപിൽ ആലോചിച്ചു നിൽക്കുന്ന ദേവകിയെ കണ്ടു.

"എന്താ ദേവു "

"അതിപ്പോ , ഞാൻ സാരി മാറി മാറി മടുത്തു .. കല്യാണത്തിന് ഒന്ന് , ഊണ് കഴിക്കാൻ ഒന്ന് , ഇങ്ങോട്ടു വരാൻ ഒന്ന് , ഇപ്പൊ റീസപ്ഷനു വേറൊന്നു .. ഇനിയും "

"ദേവൂ നീ പോയി കുളിച്ചിട്ടു ഒരു ചുരിദാർ എടുത്തിട് "

"ശെരിക്കും .. അമ്മയ്ക്ക് വല്ലതും തോന്നുവോ "

"അമ്മക്ക് ഒന്നും തോന്നില്ല , നീ കുളിച്ചു ഡ്രസ്സ് മാറി എന്തെങ്കിലും കഴിക്കാൻ നോക്ക് , രാവിലെ തൊട്ടു ഒന്നും നല്ലവണ്ണം കഴിച്ചു കാണില്ലല്ലോ. ഞാനും പെട്ടന്ന് വരാം , നിന്നും നടന്നും ചിരിച്ചും മനുഷ്യൻ മടുത്തു. "

"താങ്ക്സ് നന്ദേട്ടാ " നന്ദന്റെ കവിളിൽ തലോടി അവൾ ബാത്റൂമിലേക്കു പോയി.

നന്ദൻ റൂം അടച്ചു വെളിയിലിറങ്ങി. അലക്‌സും, ജോബിയും രാജേഷും രാഹുലിനൊപ്പം അവരുടെ വീട്ടിലേക്കു പോയി. ഭാമയുടെ മകൻ മൂന്ന് വയസ്സുള്ള വൈഷ്‌ണവ് അച്ഛനുമമ്മക്കും ഒപ്പം നേരത്തെ തന്നെ പോയിരുന്നു. ആ വീട്ടിൽ നന്ദനും ദേവകിയും ഭാമയും പിന്നെ രാധയും മാധവനും മാത്രമായി.
നിറഗ്ലാസ് പാലുമായി ദേവകി ചെല്ലുമ്പോൾ നന്ദൻ ബെഡിൽ ഇരുന്നു ഒരു ബുക്കിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

"എന്താണാവോ , ഇത്രക്ക് എഴുതാൻ "

ഗ്ലാസ് ടേബിളിൽ വച്ച് അവൾ ചോദിച്ചു.

"ചുമ്മാ .. കണക്കൊക്കെ "

"നന്ദന്റെ കണക്കു പുസ്‌തകം ആണോ "

"എന്നും പറയാം , ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നല്ലേ .. എപ്പോളും എല്ലാത്തിനും ഒരു കണക്കു നല്ലതാണ് "

"സ്നേഹത്തിനോ "

അതിനു മറുപടിയായി അവളുടെ കൈകളിൽ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി. . ടോപ്പിന്റെ സ്ലിറ്റിനിടയിലൂടെ ഇടിപ്പിലേക്കു അവൻ കൈകൾ ചുറ്റി.

"ഇന്ന് ഞാൻ നല്ല ക്ഷീണത്തിൽ ആയത് നിന്റെ ഭാഗ്യം , ഇനിയുള്ള ദിവസത്തിൽ നിനക്ക് മനസ്സിലാകും കണക്കാനോ സയൻസാണോ എന്റെ സ്നേഹമെന്ന് "

നന്ദൻ അവളുടെ ചെറിയ നാസികയിൽ അധരങ്ങൾ ചേർത്തു .

"ദേ പിന്നേം .. ആദ്യ രാത്രിയിൽ , ആദ്യമായി ഭാര്യയുടെ മൂക്കിൽ തന്നെ ഉമ്മ വയ്ക്കുന്ന ഭർത്താവു നിങ്ങളായിരിക്കും. "

അവൾ അകന്നു മാറി, ടേബിളിൽ നിന്നും പാലിന്റെ ഗ്ലാസ് എടുത്തു അവനു നേരെ നീട്ടി.

ഒഴിഞ്ഞ ഗ്ലാസ് തിരിച്ചു ടേബിളിൽ വച്ച് , അവന്റെ കൈകൾക്കുള്ളിൽ , വെളിയിൽ നിന്നും അരിച്ചിറങ്ങുന്ന നിലാവിൽ അവന്റെ കണ്ണുകളിൽ നോക്കി അവൾ കിടന്നു . കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണം കാരണം രണ്ടു പേരും അൽപ സമയത്തിനകം ഉറങ്ങിപ്പോയി.

(തുടരും)

No comments:

Post a Comment