Monday, August 5, 2019

803 ലെ ശ്യാമ 13


"എന്നോടുള്ള സ്നേഹം കൂടിയിട്ട് .. ആത്മാർത്ഥത കൂടി ത്യാഗം ചെയ്തതല്ലേ, നിനക്കു നല്ല ചെക്കന്മാരെ കിട്ടും എന്ന ക്ളീഷേ ഡയലോഗ് അടിച്ചു ഒറ്റ പോക്കല്ലായിരുന്നോ... എന്നെ മറക്കണം എന്ന് പറഞ്ഞു തിരിഞ്ഞു നോൽക്കാതെ പോയാൽ , പുറകെ വിളിക്കാൻ , മറന്നു കളയാൻ , അല്ലങ്കിൽ ഒരു മൂലയ്ക്ക് കരഞ്ഞിരിക്കാൻ ഞാൻ സീരിയലിലെ നായിക അല്ല. ദേവകിയാണ് , മാമ്പുള്ളി കോവിലകത്തെ ദേവകി നാരായണൻ . ഞാൻ സ്നേഹിച്ചതു നിങ്ങളെ നഷ്ടപ്പെടുത്താൻ അല്ല നേടിയെടുക്കാൻ വേണ്ടി മാത്രമാണ്. അത് കൊണ്ടാണ് ഒരു നിഴല് പോലെ നിങ്ങളുടെ പുറകെ ഞാൻ ഉണ്ടായിരുന്നത്. " ദേവകി പറഞ്ഞു നിർത്തി. അവളുടെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ ചുവന്നു തുടുത്തിരുന്നു. പക്ഷെ പറഞ്ഞ വാക്കുകൾക്ക് പതർച്ച തീരെ ഉണ്ടായിരുന്നില്ല.
"ഇപ്പോളും രണ്ടു പേരും ശെരിയായ റീസൺ പറഞ്ഞില്ലല്ലോ" ബേബിച്ചായൻ രണ്ടുപേരോടുമായി ചോദിച്ചു.

"കുറ്റപ്പെടുത്തിയതാനെങ്കിലും അത് തന്നെയാണ് ശെരി. " നന്ദൻ പറഞ്ഞു തുടങ്ങി.
ആറാം സെമസ്റ്റർ ആയിട്ടും പൈസയുടെ ബുദ്ധിമുട്ടുള്ളത് കാരണം വേറെ ജോലിക്കു പോകുന്നത് ഞാൻ തുടർന്നിരുന്നു. അങ്ങിനെ ഒരു മാർച്ചു മാസം വൈറ്റിലക്കടുത്തു ഒരു കല്യാണത്തിന് പോയി. അത് ബ്രാമിൻസിന്റെ കല്യാണമായതിനാൽ രണ്ടു മൂന്നു ദിവസത്തെ പണി ഉണ്ടായിരുന്നു. അവിടെ എത്തിയതിനു ശേഷമാണ് അത് ദേവുവിന്റെ കസിന്റെ കല്യാണമാണെന്നു അറിഞ്ഞത്. ഞങ്ങൾ വെള്ളിയാഴ്ച തന്നെ ജോലി തുടങ്ങിയിരുന്നു. കോളേജിൽ നിന്നും ശനിയാഴ്ച ആണ് ഇവൾ എത്തിയത്. യാദൃച്ഛികമായിരുന്നു ഞങ്ങളുടെ കണ്ടു മുട്ടൽ. ഞാൻ പുറകിൽ , പാചകപ്പുരയിൽ എന്തോ ചെയ്യുമ്പോൾ ആയിരുന്നു ഉമ്മറത്തു പരിചയമുള്ള ഒരു കലപില ശബ്ദം കേൾക്കുന്നത്. ദേവു ആണെന്ന് മനസ്സിലായതോടെ ഞാൻ വീണ്ടും അടുക്കളയിലേക്കു ഒതുങ്ങി. എങ്ങനെ അവിടെ നിന്നും പോകും എന്നായിരുന്നു അപ്പോൾ ചിന്ത. തിരുമേനി ആണെങ്കിൽ ഈ കല്യാണത്തിന് സ്പെഷ്യൽ ഫുഡ് ആയിരിക്കണം എന്ന് പറഞ്ഞു എല്ലാവരെയും ചൂടാക്കി നിർത്തിയിരിക്കുകയാണ്. അതുകൊണ്ടു മുങ്ങാനും പറ്റില്ല , മാത്രവുമല്ല എന്നെ സാമ്പത്തികമായി സഹായിക്കുന്ന അളു കൂടിയാണ്. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് ഉമ്മറത്ത് നിന്നും തിരുമേനിയുടെ വിളി വന്നത് .ഞാൻ അങ്ങോട്ട് ചെന്നു.

"ഇതാണ് ഞാൻ പറഞ്ഞ നന്ദൻ , മോൾക്കറിയാമോ ഇവനെ. മോളുടെ കോളേജിലാണ് പഠിക്കുന്നെ "

എന്നെ, എന്റെ കാമുകിക്കും അവരുടെ വീട്ടുകാർക്കും പരിചയപെടുത്തിയതാണ്.

"അറിയാം അങ്കിൾ, എൻ്റെ സീനിയർ ആണ്. എൻ്റെ ഫ്രണ്ടിന്റെ ചേട്ടൻ ആണ്. അമ്മയോട് പറഞ്ഞിട്ടില്ലേ നന്ദേട്ടൻ, ലക്ഷ്മിയുടെ ചേട്ടൻ."

"ആ മോനായിരുന്നോ അത്. അന്ന് കോളേജിൽ പോകാൻ പേടിയാണ് എന്ന് പറഞ്ഞു കരഞ്ഞപ്പോൾ മേഘ മോളാണ് മോന്റെ കാര്യം പറഞ്ഞത് . ഏതായാലും അത് നന്നായി. " ദേവുവിന്റെ അമ്മ.

"അതെ .. അല്ല ചേട്ടൻ സ്ഥിരം ഈ സദ്യയുണ്ടാക്കാൻ പോകുവോ , എന്നും പായസം ഒക്കെ കുടിച്ചു ജോളി ആയിരിക്കുമല്ലോ , ഇതിനിടയിൽ എപ്പോളാ പഠിക്കുവാൻ സമയം. എക്‌സാമിനൊക്കെ നല്ല മാർക്ക് ഉണ്ടന്ന് കേട്ടല്ലോ." ഒന്നും അറിയാത്ത പോലെ ദേവകിയും .

"തിരുമേനി , അവിടെ അടുക്കളയിൽ ഇത്തിരി പണി ഉണ്ട് , ഞാൻ പൊയ്ക്കോട്ടേ " ഒരു മറുപടിക്കു കാത്തു നില്കാതെ ഞാൻ പുറകിലേക്ക് നടന്നു


"മിടുക്കൻ പയ്യനാ , കുറച്ചു സാമ്പത്തിക പ്രശ്ങ്ങൾ കാരണം പഠിത്തവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുന്നു." തിരുമേനി എന്റെ കഥ പറയുകയാകും. ഞാൻ തിരിച്ചു പാചകപ്പുരയിൽ വന്നു അന്ന് ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി മറ്റുള്ളവരുടെ ഒപ്പം കൂടി .

കുറച്ചു കഴിഞ്ഞു ഒരു ശു ശു വിളി കേട്ടാണ് ചുറ്റും നോക്കിയത് , അടുത്തുള്ള മേശയിൽ ചാരി ദേവകി.

ഭാഗ്യത്തിന് ആരും അടുത്തെങ്ങും ഇല്ല , ചിലർ വെളിയിലിരുന്നു പച്ചക്കറി അറിയുന്നു. മറ്റു ചിലർ വേറെ ഓരോ പണിയിലാണ്.

"എന്തെ തമ്പുരാട്ടി ഇവിടെ , ലഞ്ച് ആയോ എന്നോ നോക്കാൻ വന്നതാ "

"അല്ല മാഷെ , എന്റെ എന്തോ ഇവിടെ കളഞ്ഞു പോയി അത് തപ്പി വന്നതാ. "

"കൂടുതൽ തപ്പി എന്റെ പണി കളയാതെ അപ്പുറത്തേക്ക് പൊയ്ക്കോളൂ , ഫുഡ് ആകുമ്പോൾ അങ്ങോട്ട് എത്തിക്കാം "

ആരൊക്കയോ വരുന്ന ശബ്ദം കേട്ട് ദേവകി വീടിന്റെ ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞു വേറെയും കുറെ ബന്ധുക്കൾ ഒക്കെ വന്നു , കൊട്ടാരം പോലത്തെ വലിയ പന്തലിൽ എല്ലാവരും ചേർന്ന് ഉച്ച കഴിഞ്ഞു ആട്ടവും പാട്ടും , എന്തൊരു ആഘോഷമായിരുന്നു. ദേവുവിന്റെ പാട്ടു കേട്ട് ഞാൻ പതുക്കെ വീടിന്റെ മുൻപിൽ ചെന്ന് എത്തി നോക്കി. എല്ലാവരും വലിയ സന്തോഷത്തിൽ കൂടെ പാടുന്നു അല്ലങ്കിൽ കയ്യടിക്കുന്നു. അപ്പോൾ ഞാൻ ഭാമയുടെ കല്യാണം ഓർത്തു പോയി. എങ്ങനെയോക്കൊയോ അത് തീർക്കുകയായിരുന്നു. മൈലാഞ്ചി ഇടലെല്ലാം ഒരു വഴിപാടു പോലെ ആയിരുന്നു. പാവം , ഓർക്കുമ്പോളേക്കും കണ്ണ് നിറയും.

"ഡോ , ഇവിടെ നിന്ന് എന്താ പരുപാടി , അപ്പുറത്തു കുറച്ചു ചായ വേണം , ആരാ ഉണ്ടാക്കി തരുക "

അവരുടെ ഒരു ബന്ധുക്കാരൻ ചെറുക്കനാണ്. അഹങ്കാരം നിറയെ ഉണ്ടന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്.

"ഇപ്പൊ തരാം " ഞാൻ പാചകപ്പുരയിലേക്കു നടന്നു. അവിടെ ഉണ്ടായിരുന്നവരോട് കാര്യം പറഞ്ഞു ഞാൻ പുറത്തോട്ടു നടന്നു. രാത്രിയിലെ ഫുഡിന്റെ കാര്യം അത് നോക്കാൻ വേറെ ആളുണ്ട് . രാവിലെ ഉണ്ടായിരുന്നവർ ഇനി പിറ്റേ ദിവസത്തെ സദ്യ ഉണ്ടാക്കാനായി രാത്രി ഒൻപതു മണിക്കു വന്നാൽ മതി , അത് വരെ റസ്റ്റ് എടുക്കാം എന്നാണു തിരുമേനി പറഞ്ഞത്.മൂന്നു ദിവസത്തെ പണിയുള്ളതിനാൽ അവിടെ അടുത്തുള്ള ഒരു ചെറിയ വീട് ഞങ്ങൾക്ക് താമസിക്കാനായി തന്നിട്ടുണ്ട്.

നിർത്താതെയുള്ള ഫോണിന്റെ ബെല്ലടി കേട്ടാണ് ഞാൻ ഉണർന്നത്. വൈകിട്ട് വന്നു കിടന്നയുടെനെ മയങ്ങിപ്പോയി. നോക്കിയപ്പോൾ ദേവകിയാണ്

"എന്ത് പറ്റി ദേവു "

"ഇതെവിടെയാ , ഇവിടെയെങ്ങും കാണാനില്ലല്ലോ "

"ഞാൻ ഇവിടെ ... അടുത്തൊരു വീട് ശെരിയാക്കി തന്നിട്ടുണ്ട് അവിടെ ഒന്ന് മയങ്ങുകയായിരുന്നു. "

"കൊള്ളാം , ഞാൻ ഇവിടെ ഒരുങ്ങി നിൽക്കുന്നതു ആർക്കു കാണാനാ , ഒന്ന് പെട്ടന്ന് വായോ "

"അവിടെ നല്ല നമ്പൂരി ചെക്കൻ മാറില്ലേ , അവര് കണ്ടു രസിക്കട്ടെ , എനിക്ക് പിന്നെയാണേലും കാണാല്ലോ. "

"അയ്യടാ , ഞാനേ സെറ്റ് സാരീലാണ് , അന്ന് ഓണ പ്രോഗ്രാമിന് കണ്ടില്ല എന്ന് സങ്കടമല്ലായിരുന്നോ , ഇപ്പൊ വന്നാൽ ആ സങ്കടം മാറ്റി തരാം . "

അച്ഛന്റെ ഹോസ്പിറ്റൽ വാസം കാരണം ഓണപ്രോഗ്രാമിന് ഞാൻ കോളേജിൽ പോയിരുന്നില്ല , അന്ന് ദേവകി സെറ്റ് സാരി ആണ് ഉടുത്തിരുന്നത് , അതുകൊണ്ടു ഇടക്കിടക്ക് ഞാൻ സാരിയിൽ ഒന്ന് കാണണമെന്ന് പറയുമായിരുന്നു..

സമയം എട്ടു മണി കഴിഞ്ഞിരുന്നു. കൂടെയുള്ളവർ എല്ലാവരും പാചകപ്പുരയിലേക്കു തിരിച്ചു പോയി. ഞാൻ എഴുനേറ്റു ഒന്നു കുളിച്ചു വന്നപ്പോളേക്കും വീടിന്റെ വാതിലിൽ മുട്ട് കേട്ടു . തുറന്നപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ദേവകി , സെറ്റ് സാരിയിൽ. മുട്ടിനു താഴെ കൈ നീളമുള്ള , നിറയെ വർക്ക് ഉള്ള ഗോൾഡ് കളർ ബ്ലൗസ് , തലയിൽ നിറയെ മുല്ലപ്പൂ, നെറ്റിയിൽ ചെറിയ ചന്ദന കുറി. കഴുത്തിൽ ഒരു നെക്ലേസ് , രണ്ടോ മൂന്നോ വളകൾ. പിന്നെ എല്ലാത്തിലും കൂടുതൽ അഴകായി തിളങ്ങുന്ന മൂക്കുത്തിയും. വാതിൽ തുറന്ന പാടെ അവൾ ചാടി ഉള്ളിൽ കയറി. ആദ്യമായാണ് ഞാൻ ദേവുവിനെ സാരിയിൽ കാണുന്നത്.

"ഇങ്ങനെ നോക്കാതെ നന്ദേട്ടാ , ഞാൻ ദഹിച്ചു പോകും. "

"ഇമ്മാതിരി ഡ്രെസ്സിൽ വന്നാൽ പിന്നെ ഞാൻ എന്തു ചെയ്യാനാ .. അതിരിക്കട്ടെ , നീ എന്തിനാ ഇങ്ങോട്ടു വന്നത് , ആരെങ്കിലും കണ്ടായിരുന്നോ " ഞാൻ ചുറ്റും നോക്കി വാതിലടച്ചു.

"ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു മൊബൈലുമായി മുങ്ങിയതാ , ആരും അറിഞ്ഞിട്ടില്ല . നന്ദേട്ടനെ കണ്ടതോടെ എനിക്കവിടെ അവരുടെ കൂടെ ഇരിക്കാൻ പറ്റുന്നില്ല. ഇടക്കൊക്കെ പാചകപുരയിൽ വന്നു നോക്കി, ആളെ കണ്ടില്ല. ഇനിയിപ്പോ മുങ്ങിയോ എന്നോർത്താ ഫോൺ ചെയ്തത് . ഏതായാലും കഷ്ടപ്പെട്ട് വന്നതല്ലേ , എനിക്കുള്ളത് ഇങ്ങു തന്നേക്കു ഞാൻ പെട്ടന്ന് പൊയ്ക്കോളാം"

ദേവകി എന്നോട് ചേർന്ന് നിന്ന് പറഞ്ഞു.

ഒരു നിമിഷം ആലോചിച്ചു , ഞാൻ പതുക്കെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ എന്നോട് ചേർത്തു. ആദ്യം അവളുടെ മൂക്കുത്തിയിൽ ചുണ്ടുകളുരസി , പിന്നീട് ആ അധരങ്ങൾ കവർന്നെടുത്തു. അവൾ ഇരു കൈകൾ കൊണ്ടും എന്റെ കഴുത്തിലൂടെ ചുറ്റികെട്ടി ചേർത്തു പിടിച്ചു. അങ്ങിനെയൊരനുഭവം ആദ്യമായല്ലങ്കിൽ പോലും ഞങ്ങളുടെ ശരീരത്തിൽ ആ സമയത്തു ഒരു വിറയൽ അനുഭവപ്പെട്ടു. ശരീരവും മനസ്സും അതിൽ കൂടുതൽ എന്തോ ആഗ്രഹിച്ചു. പെട്ടന്നാണ് ആ റൂമിന്റെ വാതിൽ ആരോ ശക്തിയോടെ തുറന്നത്.

(തുടരും)

No comments:

Post a Comment