രാവിലെ നന്ദൻ താമസിച്ചാണ് ഉണർന്നതു. ഓഫീസിൽ പോകാൻ തോന്നുന്നും ഇല്ല. ലീവ് പറയാനായി ഫോൺ എടുത്തു ടെസ്സയെ റിങ് ചെയ്തു.
"ഹേ ടെസ്സ , ഗുഡ് മോർണിംഗ് "
"മോർണിംഗ് നന്ദൻ .."
"ടെസ്സ , ഐ ആം നോട് ഫീലിംഗ് വെൽ , ടേക്കിങ് ലീവ് ടുഡേ "
"ഹം .. എനിക്ക് തോന്നി .. അച്ചായൻ കറക്കം കഴിഞ്ഞു ഇന്നലെ രാത്രിയിൽ വന്നു , സൊ ഞാനും ഓഫീസിൽ പോകുന്നില്ല .. യു ഡു വൺ തിങ്. കം ഹിയർ. ഗെറ്റ് ദേവകി ടൂ "
"ടെസ്സ , ഞാൻ .."
"ഡു വാട്ട് ഐ സെ .. പിന്നെ എന്റെ ലാലേട്ടാ ... അറിയും തോറും അകലം കൂടുന്ന മഹാ സാഗരം ആണല്ലോ നിന്റെ ജീവിതം , ഇന്ന് അതറിഞ്ഞിട്ടേ ബാക്കി പരുപാടി ഉള്ളു .. കേട്ടപ്പോൾ മുതൽ അച്ചായനും നല്ല മൂഡിലാ .."
നന്ദൻ ജോയിൻ ചെയ്തപ്പോൾ മുതൽ ടെസ്സയായിരുന്നു മാനേജർ. കഷ്ടപ്പെട്ട് ജോലി ചെയ്താലും ഉയർച്ച വേണമെങ്കിൽ ഒരു ഗോഡ് ഫാദർ വേണം , അവൻ്റെ കാര്യത്തിൽ ടെസ്സ ആ ഭാഗം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട് . അത് കൊണ്ട് തന്നെ മറുത്തു പറയാനും പറ്റില്ല. പിന്നെ ഇടക്കൊക്കെ അച്ചായനുമായി കൂടിയിട്ടുമുണ്ട് . ബേബിച്ചായൻ ക്ലോത് എക്സ്പോർട്ട് ബിസിനെസ്സ് നടത്തുന്നു. മിക്കവാറും യാത്രകൾ ആയിരിക്കും. ദേവുവിനെ വിളിച്ചു ലീവ് പറയാനും , മുപ്പതു മിനിറ്റിനുള്ളിൽ റെഡി ആയിരിക്കാനും പറഞ്ഞു.
പത്തു മണിയായപ്പോളേക്കും ദേവുവിനെയും കൂട്ടി അവൻ ടെസ്സയുടെ വീട്ടിലെത്തി.
ഇലക്ട്രോണിക് സിറ്റിയിലെ ഒരു പോഷ് ഏരിയയിലായിരുന്നു അവരുടെ വില്ല.
നന്ദനെയും ദേവുവിനെയും കണ്ടു ബേബിച്ചായൻ സിറ്റ് ഔട്ടിൽ നിന്നും വിളിച്ചു പറഞ്ഞു .
"ദേണ്ടടി ടെസ്സപ്പെണ്ണേ , ചെക്കനും പെണ്ണും എത്തി. "
ദേവകി എന്ത് എന്നർത്ഥത്തിൽ നന്ദനെ നോക്കി. അവൻ ഒന്നുമില്ല കേറിപ്പോര് എന്നർത്ഥത്തിൽ കൈ വീശി .
"കേറി വാ .. ഭാര്യയും ഭർത്താവും " ടെസ്സ അകത്തു നിന്ന് വിളിച്ചുപറഞ്ഞു .
"എന്തെടാഉവ്വെ .. നീ എന്നോട് പോലും പറഞ്ഞില്ലല്ലോ .. ഒരു പെണ്ണ് കെട്ടിയ കാര്യം " അച്ചായനും വിടുന്ന മട്ടില്ല .
"എൻ്റെ ഇച്ചായാ .. ഇന്നലെ അവന്റെ ഞെട്ടൽ കണ്ടിട്ട് അവനും കല്യാണം കഴിഞ്ഞ കാര്യം ഉറപ്പില്ല എന്ന തോന്നുന്നേ "
ദേവകി ആകെ നാണിച്ചു തലയും താഴ്ത്തി നിൽക്കുകയാണ്, ഇടയ്ക്കിടയ്ക്ക് നന്ദൻ്റെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കുന്നുമുണ്ട് . അവനാകട്ടെ അനുഭവിച്ചോ എന്ന മട്ടിലാണ് നില്കുന്നത്.
"ഇങ്ങോട്ടു ഇരിക്കടാ " ടെസ്സ ഗ്ലാസിൽ ജ്യൂസുമായി വന്നു .
"ടെസ്സ .. എന്തേലും തിന്നാൻ കിട്ടുവോ , നല്ല വിശപ്പുണ്ട്. " നന്ദൻ വിഷയം മാറ്റാനായി ചോദിച്ചു.
"നല്ല പാലപ്പോം മൊട്ടക്കറീം തരാം , പക്ഷെ ഒറ്റ കണ്ടിഷൻ. കഥ മുഴുവൻ പറയണം ."
"ശെരി .. ടെസ്സ , പിന്നെ ഇവള് മുട്ടക്കറി കഴിക്കില്ല .. ഉള്ളി കഴിക്കില്ല .. അങ്ങിനെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട് , സൊ ഇത്തിരി പഞ്ചസാര ഇട്ടു കൊടുത്താൽ മതി "
"അതെന്താ ഉള്ളി ഇവളെ പിടിച്ചു കടിച്ചോ " അച്ചായൻ ചോദിച്ചു
"അത് അച്ചായാ .. ദേവകി അന്തർജ്ജനം ആണ് , ദേവകി നായർ അല്ല "
"എന്റമ്മച്ചിയെ ..നീ ഒരു നമ്പൂതിരി പെണ്ണിനെയാണോ വളച്ചേ .. ചുമ്മാതല്ല ആ മുഖത്തൊരു ഐശ്വര്യം .. നീ പിന്നെയും ഞെട്ടിക്കുവാണല്ലോ " ടെസ്സ തലയ്ക്കു കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
ഭക്ഷണം കഴിച്ചു രണ്ടുപേരും സോഫയിലേക്കിരുന്നു , അച്ചായനും ടെസ്സയും ഓപ്പസിറ്റായി മറ്റൊരു സോഫയിലും .
നന്ദൻ പറഞ്ഞു തുടങ്ങി .. അവന്റെ കഥ . മംഗലത്തു വീട്ടിൽ നന്ദൻ രാധാ മാധവന്റെ കഥ.
അച്ഛൻ മാധവൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു , ആരോഗ്യ വകുപ്പിലെ ക്ലാർക്ക് . അമ്മ രാധ ഒരു വീട്ടമ്മ , പിന്നെ ചേച്ചി ഭാമ അവനേക്കാൾ രണ്ടു വയസ്സ് മൂത്തത് . അച്ഛന് രണ്ടു സഹോദരിമാർ ആയിരുന്നു , അവരുടെ കല്യാണം ,വീതം വയ്പ് ഒക്കെ കഴിഞ്ഞപ്പോൾ കിട്ടിയ ഇരുപതു സെൻറ് സ്ഥലത്തു അവരൊരു ചെറിയ വീട് വച്ചു . വലിയ കുഴപ്പങ്ങളൊന്നുമില്ല സന്തോഷമായി പോകുന്ന കുടുംബം , കുട്ടികൾ രണ്ടും പഠിക്കാൻ മിടുക്കർ .
അങ്ങിനെ ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ദൈവം ഞങ്ങളെ പരീക്ഷിച്ചത് . ബസ് കാത്തു നിന്ന അമ്മയുൾപ്പടെയുള്ളവരുടെ ഇടയിലേക്ക് ഒരു ലോറി പാഞ്ഞു കയറി , രണ്ടു പേർ മരിച്ചു .. അമ്മയെ ഞങ്ങൾക്ക് തിരിച്ചു കിട്ടി , പക്ഷെ ഒരു വശം തളർന്നു പോയി. കുറെ നാൾ ആശുപത്രിയിൽ കിടന്നു . പിന്നെ ആയുർവേദ ചികിൽസാ.. ഒടുവിൽ അമ്മക്ക് പൂർണ്ണമായി ചലനശേഷി തിരിച്ചു കിട്ടി. പക്ഷെ സാമ്പത്തികമായി ഞങ്ങൾ തകർന്നു എന്ന് വേണമെങ്ങിൽ പറയാം. ഇൻഷുറൻസ് കിട്ടുമെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. അച്ഛൻ കുറെ PF ലോൺ എടുത്തു. പുതിയ വീട് പണി കഴിഞ്ഞ കൊണ്ട് കയ്യിലും വേറെ ഒന്നും ഇല്ലായിരുന്നു. ഞാൻ അത്യാവശ്യം നല്ല മാർക്കോടെ പത്താം ക്‌ളാസ് പാസ്സായി. ഡോക്ടർ ആകണമെന്ന് ആഗ്രഹിച്ചിരുന്ന ചേച്ചി ഒടുവിൽ ഡിഗ്രിക്ക് ചേർന്നു .പിന്നെയും രണ്ടു വർഷങ്ങൾ . എടുത്ത കടങ്ങളിൽ കുറച്ചു തിരിച്ചടച്ചു. ഞാൻ പ്ലസ്‌ടു പാസ്സായി , ഒപ്പം എൻട്രൻസിനും അത്യാവശ്യം ഭേദപ്പെട്ട റാങ്ക് കിട്ടി.
എഞ്ചിനീയറിംഗ് എന്റെ വലിയ ആഗ്രഹമായിരുന്നു. ഡോക്ടർ ആകാത്തിലുള്ള വിഷമത്തിൽ ഉള്ള ചേച്ചിയും അതിനെ പിന്താങ്ങി. അച്ഛനെ സംബന്ധിച്ചെടുത്തോളം ഇനി ഒരു ലോൺ താങ്ങാനാവില്ലായിരുന്നു. മൂന്നോ നാലോ വർഷത്തിനുള്ളിൽ ചേച്ചിയുടെ കല്യാണം , പിന്നെ തീരാനുള്ള കടങ്ങൾ ..അതായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ വിഷമം. ശമ്പളത്തിൽ നിന്നും വീടിന്റെ ലോൺ അടക്കാം , റിട്ടയർ ആകുമ്പോൾ കിട്ടുന്ന കാശിനു ഭാമയുടെ കല്യാണം നടത്താം , ഇതായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. അമ്മയുടെ അപകടത്തിന് ശേഷം അച്ഛൻ ആകെ മാറിയിരുന്നു. നാളേക്ക് വേണ്ടി ഒന്നും കരുതിയില്ല എന്ന സങ്കടം അദ്ദേഹത്തെ വല്ലാതെ അലട്ടി. കോളേജിൽ ജോയിൻ ചെയ്യന്നതിനു മുൻപുള്ള രാത്രിയിൽ ഞാൻ അദ്ദേഹത്തിന് ഒരു വാക്ക് കൊടുത്തു. പഠിക്കുന്നതിനൊപ്പം ഞാൻ ജോലിയും ചെയ്യും , പഠിത്തത്തെ ബാധിക്കാതെ . എനിക്ക് വേണ്ടത് ട്യൂഷൻ ഫീസ് മാത്രമാണ്. ഒടുവിൽ അച്ഛൻ മനസ്സില്ലാ മനസ്സോടെ അതിനു സമ്മതിച്ചു
എറണാകുളത്തായിരുന്നു കോളേജ് , താമസം എന്റെ കൂടെ സ്കൂളിൽ പഠിച്ച ബിനോയിയുടെ കൂടെ . അവൻ അവിടെ മേശരിപ്പണിയാണ് . അവന്റെ കൂടെ താമസിക്കുന്നത് കൊണ്ട് കുറെ ഗുണങ്ങൾ ഉണ്ട് , കുറച്ചു ലോക്കൽസിനെ പരിചയമുള്ളതുകൊണ്ടു റാഗിങ്ങ് ഒന്നും ഉണ്ടായില്ല , ഇടക്കൊക്കെ അവന്റെ ഒപ്പം പണിക്കു പോകും , പെയിന്റടി , സൈറ്റിൽ സാധനം ഇറക്കുക , മുകളിലേക്ക് കേറ്റുക അങ്ങിനെയൊക്കെ , പിന്നെ താമസം ഫ്രീ ആണ്. ഭക്ഷണത്തിനു മാത്രമെ ചിലവുള്ളു . ഞാൻ കോളേജിൽ പഠിക്കുന്ന ആളാണെന്നു അറിഞ്ഞത് മുതൽ അവിടെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു . കടുപ്പമുള്ള പണിയൊന്നും തരില്ല. ഒടുവിൽ അവർ എന്നെ ഒരു കാറ്ററിംഗ് ടീമിന്റെ അടുത്ത് വിട്ടു. അതാകുമ്പോൾ വീക്കിലി ഒന്നോ രണ്ടോ പണി , ആയിരം രൂപ എങ്ങനെ വന്നാലും കിട്ടും. പിന്നെ നല്ല ഫുഡും.
കോളേജിൽ ഒൻപതു മണിക്ക് വന്നു നാലരക്ക് പോകുന്ന ഒരു പഠിപ്പിസ്റ് മുഖമായിരുന്നു എൻ്റെത് . എല്ലാവരെയും പരിചയപ്പെട്ടെങ്കിലും ആരോടും അത്രക്ക് അടുത്ത് പെരുമാറിയിരുന്നില്ല. കൂട്ടുകാരൻ എന്ന് പറയാൻ ഒരു രാജേഷ് മാത്രം , ഒരു പാവം തിരുവനന്തപുരംകാരൻ , അച്ഛൻ പോലീസിൽ ഹെഡ് കോൺസ്റ്റബിൾ ആണ്. അവൻ വലുതായെങ്കിലും അച്ഛനെ പേടിയാണ്, അതുകൊണ്ടു തന്നെ വേറൊരു പുസ്തക പുഴു എന്ന് പറയാം. അവൻ ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത് . ഞാൻ ഇല്ലാത്ത ദിവസങ്ങളിലെ അല്ലങ്കിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ദിവസങ്ങളിൽ അവന്റെ നോട്ട് വച്ചായിരുന്നു പഠനം . രണ്ടാം സെമസ്റ്റർ തുടങ്ങി കുറച്ചു നാളുകൾക്കു ശേഷം ആദ്യ സെമസ്റ്ററിന്റെ റിസൾട്ട് വന്നു , കുത്തിയിരുന്ന് പഠിച്ചകൊണ്ട് നല്ല റിസൾട്ട് കിട്ടി. അപ്പോളാണ് എൻ്റെ വീട്ടുകാർക്ക് ഒരു വിശ്വാസമായത് , അച്ഛൻ വിളിച്ചു ഒരുപാട് സങ്കടപ്പെട്ടു. ഞാൻ ജോലിക്കു പോകുന്ന കാര്യം അച്ഛന് മാത്രമേ അറിയൂ. പിന്നെ എന്റെ കസിൻ ലക്ഷ്മിക്കും. എൻ്റെ ബെസ്ററ് ഫ്രണ്ട് ആയിരുന്നു അവൾ , എൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയും. താമസസ്ഥലത്തും എല്ലാവര്ക്കും വല്യ സന്തോഷമായിരുന്നു. അവരുടെ കൂടെ താമസിച്ചു , ജോലി ചെയ്തു പഠിക്കുന്ന ഒരാൾ പരീക്ഷ പാസ്സായി എന്നൊക്കെ അവര് അഭിമാനത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അതോടൊപ്പം എനിക്കൊരു പുതിയ ജോലിയും കിട്ടി. ആലുവക്കടുത്തുള്ള ഒരു തിരുമേനിയോടൊപ്പം സദ്യ ഉണ്ടാക്കാൻ സഹായിയായി പോവുക. ഒരിക്കൽ കാറ്ററിംഗിംഗിന് പോയി പരിചയപ്പെട്ടതാണ്. സദ്യക്ക് സഹായി എന്നൊക്കെ പറഞ്ഞാൽ വൈകിട്ട് അഞ്ചു മണി മുതൽ ജോലി തുടങ്ങും .. പച്ചക്കറി മുറിക്കൽ , കൂട്ടു ചേർത്ത കറികൾ അടിയിൽ പിടിക്കാതെ ഇളക്കി കൊണ്ടിരിക്കുക , പിന്നെ തേങ്ങാ പണി. അതിത്തിരി കടുപ്പമാ. ചിലപ്പോൾ അഞ്ഞൂറ് അറുന്നൂറ് തേങ്ങാ വരെ ചിരവണം .. മെഷീൻ ഉണ്ട് .. കൈ പോകാതെ പിടിച്ചാൽ മതി. എല്ലാം കഴിഞ്ഞാൽ ഒരു ആറു മണി വരെ ഉറങ്ങാം . പിന്നെ നേരം വെളുത്തിട്ടിട്ടു ആ ചിരകിയ തേങ്ങാ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുക്കണം .. പായസത്തിനെ .. പിന്നെ ക്ലാസ് ഉള്ള ദിവസമാണെങ്കിൽ റൂമിലേക്ക് പോരാം. ചുരുക്കി പറഞ്ഞാൽ ക്ലാസ് ഉള്ള ദിവസവും നമുക്ക് വരുമാനം ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ എനിക്കിഷ്ടം കാറ്ററിംഗ് തന്നെ ആയിരുന്നു , അതും നിങ്ങടെ ക്രിസ്ത്യൻ പരിപാടികൾ .. അവിടെ പോയാൽ നല്ല തീറ്റയാ , പിന്നെ രണ്ടു ദിവസത്തേക്ക് എന്തേലും ലൈറ്റ് ആയിട്ടു കഴിച്ചാൽ മതി. രണ്ടാം സെമസ്റ്ററിന്റെ അവസാനം , അങ്ങിനെ തട്ടീം മുട്ടീം പോകുമ്പോൾ മൂവാറ്റുപുഴക്കപ്പുറം ഒരു കല്യാണം കിട്ടി. ഒരു രന്ടു ദിവസത്തെ പ്രോഗ്രാം. അത് ഈ ഇവന്റ് മാനേജർ വിളിക്കുന്നതാ , ചുമ്മാ കോട്ടിട്ട് നിന്ന മതി , ബുഫെ ആണ് , എല്ലാ ഐറ്റംസും എപ്പോളും നിറച്ചു വയ്ക്കണം , പിന്നെ അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ട് മറുനാട്ടുകാർ വന്നാൽ കറികളുടെ പേര് ചോദിക്കുന്നവരോട് അതൊക്കെ പറയണം. ഇടക്ക് ഇത്തിരി ചീത്ത ഒക്കെ കേൾക്കും , നമുക്ക് കാശല്ലേ വലുത് . ചീത്ത ഒരു കാതു വഴി കേട്ടു മറ്റേ കാതു വഴി കളയും .
പക്ഷെ എൻ്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് അവിടെ എന്നെ കാത്തിരിപ്പുണ്ടന്നു ഞാൻ അറിഞ്ഞിരുന്നില്ല.
നന്ദൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി ..
"ഡാ ഉവ്വേ ഇതിപ്പോ ചുമ്മാ കേൾക്കാനൊന്നും പറ്റില്ല , ഞാൻ ഒരു പെഗ് എടുക്കട്ടേ " എന്നും പറഞ്ഞു അച്ചായൻ അകത്തേക്ക് പോയി. ടെസ്സയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവകി അവന്റെ തോളിൽ തല ചായ്ച്ചു വിതുമ്പുകയായിരുന്നു .
"ആ പറയടാ , എന്നിട്ടു എന്തുണ്ടായി " അച്ചായൻ ഒരു ഗ്ലാസ്സ് മദ്യവുമായി എത്തി .
നന്ദൻ വീണ്ടും അവന്റെ കഥ പറഞ്ഞു തുടങ്ങി ..
ഒടുവിൽ പരുപാടി കഴിഞ്ഞു ഞായറാഴ്ച രാത്രിയിൽ എല്ലാം വാരികെട്ടി പോകുമ്പോൾ ആണ് ഒരാൾ വന്നു എന്നെ തടഞ്ഞത് .
"അവരൊക്കെ പൊക്കോട്ടെ നീ ഇവിടെ നില്ക്കു , നിന്നെ കൊണ്ട് ഇത്തിരി പണി ഉണ്ട്. "
"നന്ദൻ .. . അവനു നാളെ കോളേജ് ഉള്ളതാ . എന്താണെന്നു പറഞ്ഞാൽ ഞങ്ങൾ എല്ലാവരും കൂടി ചെയ്തു തീർത്തു തരാം " കൂട്ടത്തിലെ ചേട്ടൻ പറഞ്ഞു .
"വേണ്ട , അവൻ മാത്രം മതി .. അല്ലേടാ "
"ചേട്ടന്മാര് പൊയ്ക്കോ , ഞാൻ പുറകെ വന്നേക്കാം .. ഈ ഡ്രസ്സ് കൊണ്ട് പൊയ്ക്കോളൂ "ഞാൻ എൻ്റെ വാടകക്കെടുത്ത ഡ്രസ്സ് ഉള്ള കവർ അവരെ ഏല്പിച്ചു പറഞ്ഞു.
"അപ്പൊ ചേട്ടന്മാര് വിട്ടോ , ഇവനെ ഞങ്ങൾ അങ്ങോട്ട് എത്തിച്ചോളം " അടുത്ത ആളും അവിടെ എത്തി .
അവരെ രണ്ടു പേരെയും കണ്ടു എൻ്റെ കണ്ണ് നിറഞ്ഞു ,അപമാന ഭാരത്താൽ തല കുനിഞ്ഞു.
തുടരും
No comments:
Post a Comment