Tuesday, August 27, 2019

ശരത്കാലം 7


രാവിലെ എട്ടു മണിയോടെ സൈമണും സിസിലിയും അവരുടെ കുടുംബവും തേരേഴത്തു വീട്ടിലെത്തി. അവരിരുവരും മുകളിലെ റൂമിലേക്കാണ് പോയത് . ഇരുവരുടെയും മക്കൾക്കായി മൂന്നാമത്തെ റൂമും . ഷേർളി താഴെത്തെ റൂമിലായിരുന്നു കിടന്നിരുന്നത് . രണ്ടു പേരുടെയും കൂടി ആറോ ഏഴോ വലിയ പെട്ടികൾ രാഹുൽ ആണ്  മുകളിലെ റൂമുകളിൽ എത്തിച്ചത് . എല്ലാം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ സിസിലി നിർബന്ധിച്ചു അവന്റെ പോക്കറ്റിൽ അഞ്ഞൂറിന്റെ നോട്ട് വച്ച് കൊടുത്തു . ഒന്നും വെറുതെ വേണ്ടത്രേ.. അമ്മച്ചി പറഞ്ഞു അവന്റെ കഥകൾ എല്ലാം അറിയാമെന്നും പറഞ്ഞു.

ഔട്ട് ഹൌസിൽ എത്തി , നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി പോക്കെറ്റിൽ കിടന്ന നോട്ട് അവൻ കയ്യിലെടുത്തു . ഒരു നിമിഷം അതിലേക്കു നോക്കി നിന്ന ശേഷം , ബാഗിൽ നിന്നും എടുത്ത ബൈബിളിനുള്ളിലേക്കുവച്ച് അവൻ കട്ടിലിൽ മലർന്നു കിടന്നു കണ്ണുകൾ അടച്ചു . അവന്റെ മനസ്സ് അതിവേഗം പന്ത്രണ്ട് വർഷം പുറകോട്ടു സഞ്ചരിച്ചു .

വയസ്സായ സ്ത്രീയുടെ കൈകൾക്കുള്ളിൽ നിൽക്കുന്ന ഒരു ഏഴു വയസ്സുകാരൻ . ഓടിട്ട ചെറിയ വീടിന്റെ വേലിക്കരുകിൽ വന്നു നിന്ന കാറിൽ നിന്നും ഇറങ്ങി വരുന്ന യുവതി .വേലികെട്ടിനു ഒത്ത നടുക്കുള്ള , മുളം ചീളുകൾ കൊണ്ടുള്ള വാതിൽ തുറന്നു അകത്തേക്ക് വന്ന യുവതി തന്റെ ഹാൻഡ് ബാഗ് തുറന്ന് മൂന്നോ നാലോ നോട്ടുകെട്ടുകൾ കയ്യിലെടുത്തു , വയസ്സായ സ്ത്രീയുടെ നേരെ നീട്ടി . 

"ദേ, സരോജിനി ... ഒന്നും വെറുതെ വേണ്ട ഞങ്ങൾക്ക്, നാലു ലക്ഷം രൂപ ഉണ്ട് വാങ്ങിച്ചോ... "

എന്ത് ചെയ്യണമെന്നറിയാതെ നിറഞ്ഞ കണ്ണുകൾ തോളിൽ കിടന്ന പഴകിയ കറ വീണ തോർത്തിൽ ഒപ്പിയെടുക്കുന്ന അവരുടെ കൈകൾ ബലമായി പിടിച്ചെടുത്തു നോട്ട് കെട്ടുകൾ ആ യുവതി വച്ചു കൊടുത്തു . 

"ഇനി, ഇവന്റെ പേരും പറഞ്ഞു അങ്ങോട്ട് വന്നാൽ അറിയാല്ലോ ഞങ്ങടെ സ്വഭാവം .. ഇതോടെ തീർന്നു ബന്ധമെല്ലാം.. "

ഇരുവരുടെയും മുഖങ്ങളിലേക്കു മാറി മാറി നോക്കി പകച്ചു നിൽക്കുന്ന കുഞ്ഞിന്റെ നേരെ ആ യുവതി കൈ നീട്ടി .പ്രതീക്ഷയോടെ തിരികെ കൈനീട്ടിയ അവന്റെ കയ്യിലേക്ക് , തന്റെ ബാഗിൽ നിന്നും ഒരു സ്റ്റാമ്പ് പേപ്പർ വച്ചു  കൊടുത്തു അവൾ പുറത്തേക്കു നടന്നു . 

"പത്തു സെന്റ് സ്ഥലോം ഈ വീടും.. നിന്റെ പേരിലാക്കിയ പേപ്പറാ , ഒന്നും തന്നില്ലാന്നു വേണ്ട .. "

വേലികെട്ടിനു പുറത്തേക്കിറങ്ങി , ആ വാതിൽ പഴയ സ്ഥാനത്തേക്ക് വച്ച് അവൾ പറഞ്ഞു .

" തള്ളേ  , ഇനി നമ്മൾ തമ്മിൽ കാണില്ല... കാണരുത്.. വെറുതെ വിടുന്നത് ഇവിടുത്തെ ദയയായി കണ്ടാൽ മതി. ഇനി തമ്മിൽ കണ്ടാൽ ഭൂമിയിൽ വച്ചേക്കില്ല, രണ്ടിനേം... "

ആ യുവതി പുറകിലെ സീറ്റിൽ കയറി ഇരുന്നു ഡോർ അടച്ച ശേഷം , ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന ആൾ തന്റെ വലതു കൈ വെളിയിലികെട്ടു അവരുടെ നേരെ ചൂണ്ടി വിളിച്ചു പറഞ്ഞു. പിന്നെ , പൊടി പറത്തികൊണ്ട് ആ വണ്ടി പൂഴി റോഡിലൂടെ മുന്നോട്ട് ഓടിച്ചു പോയി . അവരുടെ പുറകെ എന്തിനോ വേണ്ടി ഓടാൻ തുടങ്ങിയ ആ കുട്ടിയെ ആ വയസ്സായ സ്ത്രീ തടഞ്ഞു നിർത്തി . അവന്റെ കയ്യിലിരുന്ന സ്റ്റാമ്പ് പേപ്പർ വഴുതി താഴേക്ക് വീണു , ഒപ്പം ബോധം മറഞ്ഞു അവനും . കണ്ണുകൾ അടയും മുൻപ് , അവനെ കുലുക്കി വിളിച്ചു ഉണർത്താൻ ശ്രമിക്കുന്ന ആ വൃദ്ധയുടെ സ്വരം അവന്റെ കാതിൽ വീണിരുന്നു ...

"രാഹുൽ.. മോനെ രാഹുലേ... "

മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ ആണ് അവനെ തിരികെ ബോധത്തിലേക്കെത്തിച്ചത് . അരികിൽ ടോണി നിൽക്കുന്നുണ്ടായിരുന്നു .

"എന്ത് പറ്റി മോനെ.. വല്ലാണ്ട് വേർത്തല്ലോ .. മേലായ്ക വല്ലതും.. "

അയാൾ തന്റെ വലതു കൈത്തലം മടക്കി അവന്റെ നെറ്റിയിലും കവിളിലും കഴുത്തിലും മാറിമാറി വച്ചു .

"ഒന്നുമില്ല ചേട്ടാ.. നേരത്തെ ഉണർന്നതല്ലേ, അത് കൊണ്ട് വല്ലാതെ ഉറക്കം വന്നു, ഒന്ന് മയങ്ങിപ്പോയി.. "

"ഹ്മ്മ്, ഉറക്കത്തിൽ വെല്ല സ്വപ്നോം കണ്ടോ.. നീ ഇങ്ങനെ കൈകാല് ഇട്ടടിക്കണ കണ്ടാ ഞാൻ വന്നേ .. എന്റെ നല്ല ജീവൻ പോയി.. "

ടോണി അടുത്തേക്കിരുന്നു അവന്റെ തോളിൽ തട്ടി .. 

"നീ ഒരു കാര്യം ചെയ്യ്, ഉച്ചക്ക് അച്ചന്റെ അടുത്ത് ചെന്ന് ഒരു കൊന്ത വാങ്ങി കഴുത്തിലിട്.. അല്ലേൽ വൈകിട്ട് അമ്പലത്തിൽ ചെന്ന് ഒരു ചരട് പൂജിച്ചു കയ്യിൽ കെട്ട് .. "

"വേണ്ട ചേട്ടായീ... ഈ കണ്ട ദുസ്വപ്നം മാറാൻ കോന്തേം ചരടും ഒന്നും പോരാതെ വരും.. ഞാൻ ഒന്ന് പറമ്പിലോട്ടു ഇറങ്ങട്ടെ.. വീട്ടുകാര് വന്നെന്നു കരുതി, പാൽ എടുക്കാതിരുന്നാൽ എങ്ങനാ.. "

രാഹുൽ കട്ടിലിൽ നിന്നെഴുന്നേറ്റു മുണ്ടു മുറുക്കിയുടുത്തു മുറിയുടെ പുറത്തേക്കു നടക്കാനൊരുങ്ങി . 

"ചേട്ടായീ ഒന്ന് മയങ്ങിക്കോ.. ഞാൻ വരുന്നതിനു മുൻപ് എണീക്കുവാണേൽ, മുറി പൂട്ടി താക്കോൽ ചേട്ടത്തിയെ ഏല്പിച്ചെര്.. പുള്ളേരൊക്കെ ഉള്ളതാ, അവര് കേറി മുറി ചീത്തയാക്കണ്ട.. "

ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ ചൂണ്ടിക്കാട്ടി , മുറിയുടെ വാതിൽ ചാരി അവൻ പറമ്പിലേക്ക് നടന്നു .

അതിനുശേഷമുള്ള സമയങ്ങളിലെല്ലാം അവൻ വീട്ടിൽ നിന്നും മാറി നടന്നു . ആരുമില്ലാത്തപ്പോൾ അടുക്കള വാതിലിൽ ചെന്ന് ത്രേസ്യ ചേടത്തിയുടെ കൈയ്യിൽ നിന്ന് അവന്റെ പങ്കു വാങ്ങി നടക്കല്ലിലോ , മുറ്റം കെട്ടിയതിലോ ഇരുന്നു കഴിച്ച ശേഷം തിരികെ മുറിയിലേക്കോ , പറമ്പിലേക്കോ പോകും . ഉച്ചയൂണിനു ശേഷം ഷേർളിയും കുടുംബവും വണ്ടിപ്പെരിയാറിലേക്കു , മാത്യുവിന്റെ വീട്ടിലേക്കു പോയി .


വൈകിട്ട് എട്ടുമണിയോടെ അടുക്കളയിൽ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരുന്നു രാഹുൽ . ത്രേസ്യ ചേടത്തി അടുക്കളയിൽ ഒറ്റക്ക് ഇതെല്ലം ചെയ്യുന്നത് കണ്ടു സഹായിക്കാൻ എത്തിയതായിരുന്നു അവൻ.

"ചേടത്തി.. മുകളിലേക്കുള്ളത് റെഡി ആയോ... "

ഡൈനിങ് റൂമിൽ നിന്നും അടുക്കളയിലേക്കു തലയിട്ടു സിസിലി ആണ് ചോദിച്ചത് . 

"ആഹ് മോളെ.. എല്ലാം ദേണ്ടെ ,  ഈ രണ്ടു പാത്രങ്ങളിൽ ചൂടാറാതെ വച്ചിട്ടുണ്ട്... "

അടുത്തിരുന്നു കാസറോളിലേക്കു അവർ വിരൽ ചൂണ്ടി ... 

"ചെക്കാ .. നീ ഇതെല്ലം ഒന്ന് മോളിലേക്കു കൊടുത്തേര് .. അമ്മച്ചിയും മക്കളും കൂടി സഭ തുടങ്ങാനായി.. "

സിസിലിക്ക് നേരെ നോക്കി തലയാട്ടി  അവൻ  ത്രേസ്യ ചേടത്തിയുടെ നേരെ തിരിഞ്ഞു .

"പ്ലേറ്റുമെടുത്തു  ഈ ഇറച്ചി ഒലത്തുമായി  മോൻ ടെറസ്സിലേക്കു പൊക്കോ.. ടോണി കാണും അവിടെ.. "

രാഹുൽ മുകളിലേക്ക് ചെല്ലുമ്പോൾ , മൂന്നു  കസേരകളിൽ ആയി അമ്മച്ചിയും സൈമണും ഈപ്പനും ഒരു ടീപ്പോക്കു ചുറ്റും ഇരിക്കുന്നുണ്ട് . താഴെ ഒരു ന്യൂസ് പേപ്പറിൽ ടോണിയും . എല്ലാവരുടെയും കൈകളിൽ മദ്യവും .  രാഹുൽ പ്ലേറ്റുകൾ നിരത്തി വച്ച് ടോണിയെ നോക്കി. അയാൾ എഴുനേറ്റു വന്നു, പാത്രങ്ങളിൽ നിന്നും വരട്ടിയെടുത്ത ഇറച്ചി കഷണങ്ങൾ രണ്ടു പ്ലേറ്റുകളില്ലേക്ക് പകർന്നു, തിരികെ അടച്ചു താഴ്ത്തേക്കു വച്ചു .  പിന്നെ അടുത്തിരുന്ന  കവറിൽ നിന്നും മിച്ചറും ചിപ്‌സും മറ്റു പ്ലേറ്റുകളിലേക്കും പകർന്നു.

"നിനക്ക് വേണോടാ.... "

ഇതെല്ലം നോക്കി നിന്ന രാഹുലിന് നേരെ തന്റെ ഗ്ലാസ് നീട്ടി സൈമൺ ചോദിച്ചു .. 

"വേണ്ട.. "

അവൻ ഒന്ന് പരുങ്ങി താഴേക്കു പോകാനൊരുങ്ങി . 

"നീയെവിടെ നിന്നെ , ചോദിക്കട്ടെ  .. അമ്മച്ചിക്ക്  നിന്നെ അങ്ങ് വല്ലാണ്ട് പിടിച്ചു പോയല്ലോ.. എന്നാ മാജിക്കാ നീ കാട്ടിയെ.. "

രാഹുൽ ഭീതി മുഖത്തു വരുത്തി അമ്മച്ചിയെ നോക്കി ..

"നീ താഴേക്ക് പൊയ്ക്കോ.. പോയിരുന്നു പഠിച്ചോ.. ഇവന് വേറെ പണി ഇല്ലാഞ്ഞിട്ടാ.. "

അമ്മച്ചി പറഞ്ഞു തീർന്നതും രാഹുൽ , താഴെക്കിറങ്ങുന്ന ഭാവത്തിൽ ടെറസ്സിൽ നിന്നും അകത്തേക്കുള്ള വാതിൽ തുറന്നു , അതിനു പുറകിലേക്ക് ചേർന്ന് നിന്നു.

"ചേട്ടായീ , ചെക്കൻ മിടുക്കനാ .. നമുക്ക് വിശ്വസിക്കാൻ പറ്റിയ ഇനമാ.. അതുമല്ല.. കഠിനാധ്വാനിയാ.. നാളെ പറമ്പിലൊട്ടൊക്കെ ഒന്നിറങ്ങി നോക്ക്.. "

ടോണിയാണ് മറുപടി പറഞ്ഞത് ..

"അത് മാത്രമല്ലടാ .. ഇവിടെ ഞങ്ങൾക്ക് ഒരാൺ തുണ വേണ്ടേ ..ഇപ്പൊ, ദോ ,  കാറും ഓടിക്കാൻ അറിയാം..   പിന്നെ അച്ചൻ വളർത്തിയ ചെക്കൻ അല്ലെ.. അതിന്റെ ഗുണോം ഉണ്ട്.. അവൻ ഇവിടെ നിൽക്കട്ടെ .."

ഒറ്റ വലിക്കു ഗ്ലാസ് കളിയാക്കി , ഇറച്ചിക്കഷണം വായിലേക്കിട്ടു ചവച്ചു കൊണ്ട് അമ്മച്ചി പറഞ്ഞു .

"അമ്മച്ചീ, ഫോറിൻ സാധനാ.. പതുക്കെ അടിക്ക്... "

ഈപ്പൻ അമ്മച്ചിയെ അടിമുടി നോക്കി . 

"ഡാ.. നല്ലൊന്നാന്തരം വാറ്റു കുടിച്ചു വളർന്നതാ ഈ മറിയം .. അതിന്റെ മുൻപിൽ ഈ സാധനം ഒക്കെ എന്ത് .. നോക്കി നില്കാതെ വലിച്ചു കേട്ടീട്ടു അടുത്ത റൌണ്ട് ഒഴിക്ക് .."

അവിടെ ഒരു കൂട്ടച്ചിരി ഉയർന്നപ്പോൾ , വാതിലിനു പുറകിൽ മറഞ്ഞു നിന്ന രാഹുൽ താഴേക്ക് പടിക്കെട്ടുകൾ ഇറങ്ങി , മുഖം നിറഞ്ഞ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെ ... 

(തുടരും ) 

3 comments:

  1. Waiting for ശരത്കാലം

    ReplyDelete
  2. തുടര്കഥകളുടെ ഇടവേള ഒരു 3, 4 ഡേയ്‌സ് ൽ കൂടാതെ ഇരുന്നാൽ നന്നായിരുന്നു.. ഒരു നിശ്ചിത ഇടവേളയിൽ ആണ് പോസ്റ്റ്‌ ചെയ്യുന്നതെങ്കിൽ വായനക്കാർക്ക് അത് സൗകര്യം ആയേനെ... waiting for next part..

    ReplyDelete