Friday, August 23, 2019

ഉത്സവപ്പിറ്റേന്ന് 1




പതിനഞ്ചു വര്ഷങ്ങള്ക്കു മുൻപുള്ള കേരളത്തിലെ ഒരു നാട്ടിൻപുറം. ദേവി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു ജാതി മത ഭേതമന്യേ എല്ലാവരും അമ്പലത്തിൽ ആണ്. അമ്പലത്തിന്റെ വടക്കേ മുറ്റത്തു പ്രത്യേകം തയ്യാറാക്കിയ തട്ടിൽ രാത്രി പന്ത്രണ്ടു മണിയോടെ നൂറ്റമ്പതിൽ പരം വാദ്യക്കാർ നിറഞ്ഞു നിന്ന് കൊട്ടിക്കയറുമ്പോൾ പയറ്റ് നടത്തുന്ന ഗരുഡന്മാരെ കാണുവാൻ എല്ലാവരും തടിച്ചു കൂടും . ഏറ്റവും മുൻപിൽ നിന്നാലേ ഭംഗിയായി കാണാൻ സാധിക്കൂ , അത് കൊണ്ട് തന്നെ എട്ടു, ഒൻപതു മണിയോടെ എല്ലാവരും അമ്പലമുറ്റത്തു കാണും . തൂക്കം അമ്പലത്തിലേക്ക് വരുന്നത് വരെ ഹരികഥ ഉണ്ടാകും.കപ്പലണ്ടിയും കൊറിച്ചു പരന്നു കിടക്കുന്ന വിശാലമായ പാടത്തു നിന്നു വരുന്ന കാറ്റേറ്റ് കുഭമാസത്തിൽ ആ അമ്പലമുറ്റത്തു ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്.


ഇതേ സമയം , ആ ഗ്രാമത്തിൽ മറ്റൊരു സ്‌ഥലത്തു , രാത്രി ഒൻപതു മണിയോട് കൂടി ഇരുട്ടിനെ കീറിമുറിച്ചു ഒരു ബൈക്ക് അടച്ചിട്ടിരുന്ന ജങ്ഷനിലെ തുണിക്കടയുടെ മുന്നിലെത്തി . ഹെൽമെറ്റ് ഊരി അയാൾ ചുറ്റും നോക്കി , ആരും അവിടെയില്ല എന്നറിവിൽ സ്വരം താഴ്ത്തി മന്ത്രിക്കും പോലെ വിളിച്ചു.


"ദുർഗ്ഗേ .. "


കടയുടെ പുറകിലെ ഇരുട്ടിൽ നിന്നും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു പെൺകുട്ടി പുറത്തേക്കു വന്നു .

ചുവന്ന ചുരിദാറാണ് വേഷം , കയ്യിൽ ഒരു കറുത്ത ബാഗും .


"ജോണേട്ടാ .. "


"ദുർഗ്ഗേ , എല്ലാം റെഡി അല്ലെ .. ട്രെയിൻ എപ്പോഴാ "


"അത് പത്തു മണിക്ക് , പക്ഷെ "


"അവൻ എപ്പോഴാ എത്തുക, എന്താ ഒരു പക്ഷെ "


അപ്പോഴേക്കും ദൂരെ നിന്ന് ഒരു വെളിച്ചം കണ്ടു ആ പെൺകുട്ടി പിന്നെയും കടയുടെ പുറകിലുള്ള ഇരുട്ടിലേക്ക് മടങ്ങിപ്പോയി . ജോൺ ഒന്നുമറിയാത്തവനെപ്പോലെ ബൈക്കിൽ നിന്നിറങ്ങി , കുത്തിയിരുന്ന് എൻജിന് താഴെയുള്ള ട്യൂബുകളിൽ തട്ടി കൊണ്ടിരുന്നു. ആ വെളിച്ചം അടുത്ത് വന്നോപ്പോൾ ജോണിന് മനസ്സിലായി അതൊരു സൈക്കിൾ ആയിരുന്നെന്നും അതിലെ സവാരിക്കാരൻ അവർക്കു വേണ്ടപെട്ടവനാണെന്നും . ജോൺ എഴുനേറ്റു നിന്നു പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള ആ പയ്യന്റെ പരിഭ്രമം കലർന്ന മുഖത്തേക്ക് നോക്കി.


"ദുർഗ്ഗേ, ഇത് മോനൂട്ടനാ , നീ ഇങ്ങു പോരെ "


അവൾ വീണ്ടും ആ കടയുടെ മറവിൽ നിന്നും വെളിയിലേക്കു വന്നു , ദൂരെ പ്രകാശിക്കുന്ന വഴിവിളക്കിന്റെ വെളിച്ചത്തിൽ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും , കവിളിലെ വിരല്പാടുകളും അവർ കണ്ടു .


"മോനൂട്ടാ , അവൻ എന്തിയെ, എനിക്ക് ഈ ബൈക്ക് കൊടുത്തിട്ടു വേണം അമ്പലത്തിൽ പോകാൻ , ദുർഗ്ഗേ അവനോട് ഇത് പാർക്കിങ്ങിൽ വയ്ക്കാൻ പറഞ്ഞേക്ക് , നാളെ ഞാൻ വേറെ താക്കോലിട്ട് എടുത്തു കൊണ്ട് പൊന്നോലാം"


"ജോണേട്ടാ , ആകെ കുഴപ്പമായി , അവൻ ചതിച്ചതാ. അവൻ വരില്ല. അത് മാത്രമല്ല, അച്ഛൻ ഇതറിഞ്ഞു. ദുർഗ്ഗേച്ചിയെ നോക്കി പടിഞ്ഞാറ്റെ ചെക്കന്മാരെറങ്ങിയിട്ടുണ്ട് "


"എന്ന് വച്ചാ .. "


ദുർഗ്ഗയിൽ നിന്നും ഒരു വിങ്ങലുയർന്നു.


"ജോണേട്ടാ , ഇന്നലെ മുതലേ അവന്റെ മനസ്സ് മാറി. അവനു അച്ഛന്റെ വാക്ക് വിട്ടു പോരാൻ പറ്റില്ല എന്ന് "


"ദുർഗ്ഗേ , നീയും കൂടി അറിഞ്ഞിട്ടാണോ ഇതെല്ലം " ജോൺ ദുർഗ്ഗയുടെ നേരെ നോക്കി.


"ജോണേട്ടാ, ഇന്നലെ എന്നോട് അങ്ങിനെ പറഞ്ഞെങ്കിലും വരുമെന്നാ ഞാൻ കരുതിയെ, അതാ ഞാൻ " അവൾ കവിളിലെ വിരല്പാടുകളിൽ കൈകൾ അമർത്തി , കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.


"മോളെ നിന്റെ അച്ഛനോടുള്ള സ്നേഹം വച്ചാ ഞാൻ ഇതിനു കൂട്ട് നിന്നെ, നിനക്കറിയാല്ലോ പത്തുകൊല്ലം കഴിഞ്ഞു ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സഹായിക്കാൻ രാമേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ , ഇതിപ്പോ ചതിയായല്ലോ"


ആ പയ്യൻ സൈക്കിൾ തിരിച്ചു നിർത്തി , ഇടതുകാൽ നിലത്തു കുത്തി , വലതുകാൽ പെടലിൽ ചവിട്ടി മുന്നോട്ടു നിന്ന് ജോണിന്റെ കൈകളിൽ പിടിച്ചു .


"ജോണേട്ടാ, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയി, വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ച ആളാണ് നിങ്ങൾ. നിങ്ങള്ക്ക് ദുർഗ്ഗേച്ചിയുടെ അച്ഛനോട് നന്ദി ഉണ്ടങ്കിൽ ഒരു ഉപകാരം ചെയ്യാൻ സാധിക്കുമോ. "


ജോൺ എന്ത് എന്നർത്ഥത്തിൽ അവനെ നോക്കി.


"രണ്ടു ടിക്കറ്റ് ഏതായാലും ദുർഗ്ഗേച്ചിയുടെ കയ്യിലുണ്ട്. ചേച്ചിയെ ഒന്ന് ഉണ്ണിയേട്ടന്റെ അടുത്തെത്തിക്കാമോ? ഈ നാട് വിട്ടാൽ ചേച്ചിയെ അവർ ഉപദ്രവിക്കില്ല. ഉണ്ണിയേട്ടൻ നോക്കിക്കൊള്ളും ചേച്ചിയെ"


ജോൺ പരിഭ്രമത്താൽ ദുർഗ്ഗയെ നോക്കി . ആ പയ്യൻ തന്റെ പോക്കറ്റിൽ നിന്നും ആയിരത്തിന്റെ മൂന്ന് നോട്ടുകൾ എടുത്തു അയാളെ ഏല്പിച്ചു.


"അധികം സമയമില്ല ജോണേട്ടാ , അവർ എപ്പോൾ വേണമെങ്കിലും വരും . എന്റെ കയ്യിൽ ഇപ്പോൾ ഇത്രയേ ഉള്ളൂ , പെട്ടന്ന് പോയ്കൊള്ളു " അവൻ വീണ്ടും പരിഭ്രമത്തോടെ ചുറ്റും നോക്കി.


"ജോണേട്ടാ , എന്നെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ എങ്കിലും എത്തിച്ചു തരാമോ, ഞാൻ അവിടെ നിന്ന് എങ്ങനെയെങ്കിലും ഉണ്ണിയേട്ടന്റെ അടുത്തെത്തിക്കൊള്ളാം , ഒരു അനിയത്തിയുടെ അപേക്ഷയാണ് "


ദുർഗ്ഗ ജോണിന്റെ മുൻപിൽ കൈകൂപ്പി .ജോൺ കുറച്ചു നേരം ആലോചിച്ചു , പിന്നെ ബൈക്കിൽ കയറി, താക്കോൽ തിരിച്ചു.


"മോനൂട്ടാ , ഇതുവരെ ഞാൻ നല്ലതൊന്നും ചെയ്തിട്ടില്ല, ഇത്തവണ എങ്കിലും ഞാൻ കാരണം ആർകെങ്കിലും നല്ലതു വരട്ടെ , പത്തു മണിക്കല്ലേ ട്രെയിൻ "


ജോൺ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ബൈക്കിന്റെ മുൻപിൽ വച്ചു , അവളോട് പുറകിൽ കയറാൻ ആഗ്യം കാണിച്ചു .


"ചേട്ടാ നേരെ പോകണ്ട, പഞ്ചായത്തു കിണർ വഴി അംഗനവാടി റോട്ടിൽ കൂടെ പോയാൽ മതി... പറ്റുമെങ്കിൽ ചേച്ചിയുടെ കൂടെ അങ്ങ് വരെ പോണം , ഉണ്ണിയേട്ടന്റെ അടുക്കൽ വരെ "


ജോൺ ബൈക്ക് സ്റ്റാർട്ട് ആക്കി ഹെൽമറ്റ് വച്ച് വണ്ടി വലത്തോട്ടുള്ള ഇടറോഡിലേക്കു തിരിച്ചു , ഓടിച്ചു പോകുന്നതിനു മുൻപായി ഗ്ലാസ് ഉയർത്തി തിരിഞ്ഞു നോക്കി.


"മോനൂട്ടാ ,തിരിച്ചെത്തിയിട്ട് എനിക്ക് കാണാൻ ആരും ഇല്ലല്ലോ , അത് കൊണ്ട് ഞാൻ ഇവളെ അങ്ങെത്തിക്കും , ഉണ്ണിയുടെ അടുത്ത്. " ജോൺ ബൈക്ക് മുന്നോട്ടു ഓടിച്ചു പോയി. ആ പയ്യൻ സൈക്കിൾ ചവിട്ടി വീട്ടിലേക്കും.


ഈ സമയം തൂക്കം വഴിപാട് നേർന്നിട്ടുള്ള വീടുകളിൽ നിന്നും വെടിക്കെട്ടിന്റെ ശബ്ദം ഉയർന്നു. ഗരുഡന്മാർ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ അമ്പലത്തിലേക്ക് പുറപ്പെട്ടു എന്നതിന്റെ സൂചന ആയിരുന്നു അത്.


ഒരുമിച്ചുള്ള പയറ്റ് കഴിഞ്ഞു ഗരുഢൻമാരുടെ മുതുകിൽ ചൂണ്ടക്കൊളുത്തു കയറ്റി തൂക്ക ചാടിൽ ഇട്ടു അമ്പലത്തിനു മൂന്ന് വലത്ത്‌ വച്ച് മഹാകാളിക്കു രക്തം സമർപ്പിച്ചു വലിയ കുരുതിക്കു വഴിമാറി കൊടുക്കുമ്പോൾ , ദുർഗ്ഗയും ജോണും തിരുവനന്തപുരം ചെന്നൈ എക്സ്പ്രെസ്സിൽ പാലക്കാടു ജംഗ്ഷൻ കഴിഞ്ഞിരുന്നു. സൈഡ് അപ്പർ സീറ്റിൽ മുട്ടുകാലിൽ മുഖം ചേർത്ത് കരയുന്ന ദുർഗ്ഗയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ താഴത്തെ സീറ്റിൽ തന്റെ പഴയ കാല ഓർമ്മകളിൽ അലഞ്ഞു തിരിയുകയായിരുന്നു ജോൺ.


ഉത്സവപ്പിറ്റേന്ന് നാട് പുലർന്നത് മേച്ചേരിൽ രാമേട്ടന്റെ മകൾ പള്ളിപ്പറമ്പിൽ ജോണിനൊപ്പം ഒളിച്ചോടി എന്ന ഞെട്ടിക്കുന്ന വാർത്തയുമായിട്ടായിരുന്നു ..പ്രായമായവർക്ക് , ഒരു നായര് പെണ്ണ് ക്രിസ്ത്യാനി ചെറുക്കന്റെ ഒപ്പം ഒളിച്ചോടിയതായിരുന്നു അത്ഭുതമെങ്കിൽ , നാട്ടിലെ ചെറുപ്പക്കാർക്കു , തങ്ങളെ എല്ലാം ഒഴിവാക്കി ഒരു അവൾ ഗുണ്ടയെ പ്രണയിച്ചതിലായിരുന്നു ആശ്ചര്യം. സ്ത്രീ ജനങ്ങൾ ആവട്ടെ , കേവലം ഇരുപതു വയസ്സ് മാത്രമുള്ള ഒരു പെണ്ണ് എങ്ങനെ ഒരു നാല്പത് കാരന്റെ ഒപ്പം പോയി എന്നുള്ള അന്വഷണത്തിലും. ഒടുവിൽ അന്ന് വൈകിട്ട് രാമേട്ടൻ മൂത്ത മോനോടൊപ്പം അവന്റെ വീട്ടിലേക്കു പോകവേ ചോദ്യം ചെയ്തവരോട് തന്റെ ഇടത്തെ പോക്കറ്റിലെ ചെറിയ കടലാസ്സിൽ വലം കൈ കൊണ്ട് മുറുകെ പിടിച്ചു ഇടറുന്ന ശബ്ദത്തിൽ മറുപടി നൽകി .


"അവൾ പോയത് അവളെ സ്നേഹിക്കുന്നവരുടെ അടുത്തേക്കാ, നിങ്ങളാരും അന്വഷിക്കണ്ട"


പക്ഷെ, അയാളുടെ മറുപടിയിൽ തൃപ്തരാകാതെ ആ നാട്ടിലെ ജനങ്ങൾ കഥകൾ മെനഞ്ഞുകൊണ്ടിരുന്നു. മുൻപ് അവളെ സ്വന്തമാക്കാൻ ശ്രമിച്ചവർ , അവളുടെ വീട്ടിലേക്കു രാത്രിയിൽ എത്തിയവരുടെ പേരും അഡ്രസ്സും വരെ അവർ പരസ്യപ്പെടുത്തി . ഒടുവിൽ മേച്ചേരി എന്ന വീടിനും ദുർഗ്ഗ എന്ന പേരിനും പല അർഥങ്ങൾ കണ്ടെത്തി ആളുകൾ സായൂജ്യമടഞ്ഞു.

(തുടരും)

No comments:

Post a Comment