ദിനരാത്രങ്ങൾ
കടന്നു പൊയ്ക്കൊണ്ടിരുന്നു . വിളവെടുപ്പിന്റെയും ഉത്സവങ്ങളുടെയും ദിവസങ്ങളായ ശരത്കാലം
പിന്നിട്ടു ഋതുക്കൾ ശിശിരത്തിനു മുന്നോടിയായുള്ള ഹേമന്തകാലത്തിലേക്കു ചേക്കേറി. പകലുകളുടെ
ദൈർഖ്യം കുറഞ്ഞു വന്നു , കാലം ഉത്തരായനത്തിന്റെ സൂചനകൾ നൽകി തുടങ്ങി. കറുത്തിരുണ്ട
തുലാവർഷം പെയ്തൊഴിഞ്ഞു ഒരിക്കൽ കൂടി സൂര്യകിരണങ്ങൾ ഭൂമിയിൽ പതിക്കുന്ന വൃശ്ചിക മാസത്തിലൂടെ
രാഹുലിന്റെ ജീവിതം മുനോട്ടു പോയി . അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മാസം , തന്റെ
ജന്മദിനം, കൗമാരത്തിന്റെ അവസാനം, ആരോരുമറിയാതെ അടച്ചിട്ട ആ ഔട്ട്ഹൌസിൽ ഒരു ചെറിയ കപ്പ്കേക്കിൽ
കൃഷ്ണന്റെയും കർത്താവിന്റെയും ഒപ്പം ആഘോഷിച്ചു തീർത്തു . പത്തൊൻപതു വയസ്സ് തികഞ്ഞ ഒരു
യുവാവായി രാഹുൽ മാറി.
ത്രേസ്യചേടത്തിയും
അമ്മച്ചിയും പള്ളിയിൽ പോയ ഒരു ഞായറാഴ്ച , വീടിന്റെ സിറ്റ്ഔട്ടിൽ മലർന്നു കിടന്നു ,
കഴിഞ്ഞ രണ്ടു മാസങ്ങളെ അവൻ ഓർത്തെടുത്തു . അമ്മു , അവളൊരു വേദനയായി മനസ്സിലുണ്ട് .
ഒരു പെണ്കുട്ടിയോടും മോശമായി പെരുമാറരുത് എന്നാണ് ചെറുപ്പം മുതൽ പഠിച്ചത് , അനുഭവങ്ങൾ
പഠിപ്പിച്ചത്. എന്നിട്ടും , അവളോട് എങ്ങനെ അതുപോലെ പെരുമാറാൻ സാധിച്ചു എന്നോർത്തു പലപ്പോഴും
അവൻ കുറ്റബോധം കൊണ്ട് നീറി. പലതവണ കോളേജിലും വീട്ടിലും വഴിയിലുമെല്ലാം തമ്മിൽ കണ്ടുവെങ്കിലും
, ഒന്നു മാപ്പ് പറയാൻ പോലും അനുവദിക്കാതെ, തന്നെ അവഗണിച്ചവൾ പോകുന്നത് അവനെ കൂടുതൽ
വിഷമിപ്പിച്ചു . അതിലുപരി , അറിയാതെയാണെങ്കിലും തന്റെ നാവിൽ നിന്നും വീണു പോയ രഹസ്യങ്ങളെക്കുറിച്ചോർത്തു
അവൻ കൂടുതൽ ചിന്താധീനനായി .
മറുവശത്തു
, ഐസക്കും അഭിലാഷും അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു . തന്റെ
വ്യക്തിതത്തെ ചോദ്യം ചെയ്യാതെ , എല്ലാം അറിഞ്ഞു കൂടെ നിൽക്കുന്ന അവരെ ഓർത്തു അവനു അഭിമാനം
തോന്നി . ക്ളാസ്സുകൾ തുടങ്ങി ഒരു മാസം കഴിഞ്ഞാണ് രാഹുൽ എത്തിയതെങ്കിലും , പിന്നീടുള്ള
ദിവസങ്ങളിൽ പഠനത്തിനുള്ള ആ കുറവ് അവൻ നികത്തി , അത് കൊണ്ട് തന്നെ ക്ളാസ്സിലും , അധ്യാപകർക്കിടയിലും
അവൻ കൂടുതൽ സ്വീകാര്യമായി മാറി . സ്വന്തമായി ഒരു പുസ്തകം പോലും വാങ്ങാതെ , ലൈബ്രറി
ഉപയോഗിച്ചും , മറ്റുള്ളവർക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്നതിനായി അവരുടെ പുസ്തകങ്ങൾ
വാങ്ങി നോട്ട് എഴുതിയെടുത്തും അവൻ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു .
വീട്ടിലും സ്ഥിതി
വ്യത്യസ്തമല്ലായിരുന്നു . രാവിലെ അഞ്ചു മണി മുതൽ തുടങ്ങുന്ന ടാപ്പിംഗും ,പുകപ്പുരയിലെയും
, റബ്ബർ അടിച്ചെടുക്കുന്ന ഷെഡിലെയും പണികളും എല്ലാം ഏഴു മണിവരെ തുടരും . വൈകിട്ട് വന്നാൽ
പിന്നെ പിക്കാസും മൺവെട്ടിയുമായി പറമ്പിലേക്ക്.റബ്ബർ വയ്ക്കാതെ കിടക്കുന്ന തരിശു ഭൂമിയിൽ
വാഴയും മറ്റു പച്ചക്കറികളും നട്ടു വളർത്തി. കഴിഞ്ഞ തവണ കട്ടപ്പനക്കു പോയിട്ട് വന്നപ്പോൾ
കൊണ്ടുവന്ന പച്ചക്കറി വിത്തുകൾ എല്ലാം മുളച്ചു കായ് ഇടാറായി നില്കുന്നു . വാഴ വിത്തുകൾ
എല്ലാം ഇവിടുത്തെ ചന്തയിൽ നിന്നും വാങ്ങിയതാണ് . ആദ്യ ഭിവസങ്ങളിൽ വീട്ടിനകത്തു മാത്രം
ഇരുന്നിരുന്ന അമ്മച്ചിയും ഇപ്പോൾ കൂടെ വരും , സാർ ഉണ്ടായിരുന്നപ്പോൾ ഉള്ള പോലെ എന്നും
പറഞ്ഞു എല്ലാത്തിനും കൂടെ നില്കും.
"മുൻവിധികൾ
നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കും , ലക്ഷ്യങ്ങൾ, മുൻധാരണ വേണം , പക്ഷെ ഒന്നിനെക്കുറിച്ചും
, ആരെക്കുറിച്ചും മുൻവിധികൾ പാടില്ല "
പുന്നത്തറയച്ചന്റെ
വാചകങ്ങൾ അവന്റെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു .
വീട്ടു മുറ്റത്തേക്ക്
കയറി വരുന്ന ഓട്ടോയുടെ ശബ്ദം കേട്ടാണ് അവൻ തറയിൽ നിന്നും എഴുന്നേറ്റത് . ടോണിയുടെ ഓട്ടോയിൽ
അമ്മച്ചിയും ത്രേസ്യചേടത്തിയും പിന്നെ അവന്റെ ഭാര്യയും ചെറിയ കുട്ടിയും വന്നിറങ്ങി.
"എന്നതാടാ
ഒരു ശോകം നിന്റെ മൊകത്തു ... "
അകത്തേക്ക്
കയറിപ്പോകുന്നതിനടയിൽ പടികെട്ടുകളിൽ നിന്ന് അമ്മച്ചി അവനെ നോക്കി .
"ഒന്നുമില്ലമ്മച്ചി
.. ചുമ്മാ അങ്ങിനെ ഇരുന്നു പിന്നേം മയങ്ങിപ്പോയി... "
"ഹ്മ്മ്..
രാവിലെ തുടങ്ങിയ പണി അല്ലെ.. കണ്ടോടാ ടോണി.. ഇതുപോലെ ഒരു ചെക്കനെ നിനക്കീ നാട്ടീ കാണിച്ചു
തരാൻ പറ്റുവോ.. "
"ഇല്ലന്റെമ്മച്ചി
.. എന്റെ അനിയൻ ചെക്കൻ മിടുക്കനല്ലേ ... "
ടോണി അവനോടു
ചേർന്നിരുന്നു.
ടോണിയുടെ പതിവങ്ങനെയാണ്
, ഞായറാഴ്ച പള്ളീന്നു നേരെ തേരേഴതെക്കു . അന്ന് ഓട്ടോ ഓടിക്കാൻ പോകില്ല . കുടുംബോം
കുട്ടിയുമായി രണ്ടു അമ്മച്ചിമാർക്കൊപ്പം . പിന്നെ ഇപ്പോൾ രാഹുലും കൂടും , ടോണിക്ക്
സ്വന്തം അനുജനെപ്പോലെയാണവൻ . വൈകിട്ട് ,എല്ലാരും കൂടി , അവിടുത്തെ കാറിൽ പുറത്തേക്കൊരു
യാത്ര . കറക്കം കഴിഞ്ഞു വന്നു , കുരിശു വരച്ചു അത്താഴം കഴിച്ചു ടോണി വീട്ടുകാരേം കൊണ്ട്
തിരിച്ചു പോകും .
അന്ന് വൈകിട്ട്
അവരുടെ യാത്ര നാല് മണികാറ്റ് എന്നറിയപ്പെടുന്ന മണർകാടിനടുത്തുള്ള സ്ഥലത്തേക്കായിരുന്നു.
റോഡിനരുകിൽ റെസിഡന്റ്സ് അസോസിയേഷൻ ഉണ്ടാക്കിയിരിക്കുന്ന ചെറിയ പാർക്ക്. വയലിൽ നിന്നും
വീശുന്ന തണുത്ത കാറ്റേറ്റ് , കുടുംബശ്രീക്കാരുടെ അടുക്കളയിൽ നിന്നുള്ള ചൂടു മാറാത്ത
നാല് മണിപലഹാരങ്ങളും നുണഞ്ഞു..
"നിനക്ക്
കാർ ഓടിക്കാൻ പഠിക്കണോ... "
നീണ്ടു കിടക്കുന്ന
വള്ളത്തിന്റെ മാതൃകയിൽ ഇരിന്നു കാച്ചിൽ പുഴുങ്ങിയത് കഴിക്കുന്ന രാഹുലിനോട് ടോണി ചോദിച്ചു
.
"അതിപ്പോ..
അമ്മച്ചി.."
"ഡാ
.. ഒരു പണി അറിഞ്ഞിരിക്കുന്നത് നല്ലതാ.. ഈ കാറു അവിടെ ഇങ്ങനെ മൂടി ഇട്ടിരിക്കുവല്ലേ
.. ഞാനീ ആഴ്ചക്കൊന്നു എടുക്കുന്നതല്ലാതെ വേറെ ഗുണമൊന്നും ഇല്ലല്ലോ.. അമ്മച്ചിയോടു ഞാൻ
പറഞ്ഞോളാം.. "
dഅടുത്തിരുന്നു
തന്റെ ഡ്രൈവിംഗ് നോക്കിയിരിക്കുന്ന രാഹുലിനെ ടോണി പലതവണ ശ്രദ്ധിച്ചിരുന്നു. തിരിച്ചു
വരുന്ന വഴി , ടോണി ആണ് അമ്മച്ചിയുടെ സമ്മതം വാങ്ങിയെടുത്തത്. അടുത്ത ദിവസം മുതൽ ഒരു
മണിക്കൂർ എന്നും ഡ്രൈവിംഗ് പഠിത്തം . ടോണി ഇല്ലാതെയും അവർക്കു വെളിയിൽ പോകാമല്ലോ എന്നോർത്ത്
അമ്മച്ചി സമ്മതിക്കുകയായിരുന്നു . ഒരു മാസം കൊണ്ട് അവൻ ലൈസൻസ് നേടിയെടുത്തു .
ഹേമന്തം ശിശിരത്തിനു
വഴി മാറി . രാഹുലിന്റെ മനസ്സ് കലുഷിതമാക്കി ക്രിസ്തുമസ് കാലം വന്നെത്തി. തിരുപ്പിറവി
എന്നും സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു അവനെപ്പോലെയുള്ള അനാഥർക്ക് സമ്മാനിച്ചിരുന്നത്
. പുതിയ വസ്ത്രങ്ങൾ , മിട്ടായികൾ , ഒരു കേക്ക് കഷ്ണം , ഉച്ചക്ക് വയർ നിറച്ചു കിട്ടുമായിരുന്ന
രുചിയുള്ള ഭക്ഷണം , ഒരു വർഷത്തേക്കു കാത്തിരിക്കാൻ അത് മാത്രം മതിയായിരുന്നു അവർക്ക്
. ഏതോ ദയയുള്ള മനുഷ്യർ വച്ച് നീട്ടുന്ന സമ്മാനങ്ങൾ വാങ്ങി അവർ ഓരോരുത്തർക്കുമുള്ള ഇരുമ്പുപെട്ടിയിൽ
സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ഇടക്കെല്ലാം ആരുമില്ലാത്തവർ ആണെന്ന തോന്നൽ വരുമ്പോൾ
അതെടുത്തു , കെട്ടിപിടിച്ചു കിടക്കും. ഓർമ്മകളുടെ വേലിയേറ്റത്തിൽ നിലതെറ്റി വീണവൻ ശ്വാസം
കിട്ടാതെ പിടയാൻ തുടങ്ങി . താൻ അനാഥനല്ലാ എന്ന വാക്യം ഉരുവിട്ട് നിലയില്ലാ കയത്തിൽ
നിന്നും പുറത്തേക്കു വരാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു.
വാതിലിലെ മുട്ടുകേട്ടു
രാഹുൽ പിടഞ്ഞെഴുനേറ്റു . ശനിയാഴ്ച, പതിവില്ലാത്ത ഉച്ചയുറക്കം അവന്റെ മനോനിലയിൽ കാര്യമായ
മാറ്റങ്ങൾ വരുത്തി.
"എന്താടാ
ചെക്കാ ..മേലായ്ക വല്ലോം ഉണ്ടോ ... "
തുറന്നു കൊടുത്ത
വാതിലിലൂടെ അകത്തേക്ക് കയറിയ അമ്മച്ചി അവന്റെ അവസ്ഥ കണ്ടു ചോദിച്ചു .
"ഇല്ല..
ഒന്നുറങ്ങിപ്പോയി.. "
"ഹ്മ്മ്
.. മണി നാലായി ... നീയൊന്നു വന്നേ .. ചായ കുടിച്ചിട്ട് ഇത്തിരി പണിയുണ്ട് ...
"
അവരവന്റെ മുറി
മുഴുവൻ വീക്ഷിച്ചു കൊണ്ടിരുന്നു . എന്നത്തേയും പോലെ അടുക്കും ചിട്ടയും ഉള്ള മുറി .
തുറന്ന ഷെൽഫിൽ അവന്റെ വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നു. ചെറിയ മേശപ്പുറത്തു അല്പം
പോലും പൊടിപ്പിടിക്കാതെ ഇരിക്കുന്ന ടേബിൾ ലാമ്പിനടുത്തു ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു
. ഒരു ചെറിയ പെയിന്റ് പാട്ടയിൽ പേനയും പെൻസിലും .
"വാ
..."
അവർ പുറത്തേക്കു
നടന്നു , പുറകെ രാഹുലും .
മുഖം കഴുകി
അടുക്കളയിലേക്കു ചെന്നു ത്രേസ്യ ചേടത്തി വച്ച് നീട്ടിയ ചായയും ഇലയടയും വാങ്ങി വടക്കു
വശത്തെ നടക്കല്ലിൽ ഇരുന്നു . ഒപ്പം ചേട്ടത്തിയും . അമ്മച്ചി മുറ്റം കെട്ടിയതിന്റെ മുകളിലും
. അതാണ് അവരുടെ സ്ഥിരം ഇരിപ്പടങ്ങൾ . വാടിയ ഇലയുടെയും , അതിനുള്ളിലെ ഏലക്ക കലർന്ന അടയുടെയും
മണം അവന്റെ മൂക്കിലേക്ക് എത്തിയപ്പോൾ , മനസ്സിലേക്ക് വീണ്ടും തന്റെ നിറം മങ്ങിയ ബാല്യകാലത്തെ
സ്മരണകൾ കടന്നു വന്നു. നിറഞ്ഞു വന്ന കണ്ണുകൾ അവരിൽ നിന്നും മറച്ചു പിടിച്ചു , ചായക്കപ്പ്
താഴേക്കു വച്ച് അവൻ ഇലപ്പൊതി തുറന്നു അട നിവർത്തിവച്ചു. ഒരു നിമിഷം , തനിക്കു ഭക്ഷണം
തരുന്ന ദൈവത്തിനു നന്ദി പറഞ്ഞു , അട രണ്ടായി പിളർന്നു അതിലെ ശർക്കരയും തേങ്ങയും ചേർന്ന
ഭാഗം , വിരലുകൾ കൊണ്ട് പുറത്തേക്കു മാറ്റി , ബാക്കി ഭാഗം കഴിക്കാൻ തുടങ്ങി .
തന്നെ ആശ്ചര്യത്തോടെ
രണ്ടു ജോഡി കണ്ണുകൾ വീക്ഷിക്കുന്നതറിയാതെ , അവൻ ആദ്യം അടയുടെ പുറം ഭാഗം കഴിച്ചു തീർത്തു
. പിന്നാലെ കപ്പിലെ ചൂടുള്ള ചായ ഊതി ഊതി കുടിച്ചു .അപ്പോഴും ഇലയട ഇരുന്നിരുന്ന പ്ലേറ്റിലെ
ശർക്കരയും തേങ്ങയും ചേർന്ന ഭാഗത്തു അവൻ തന്റെ വലതു ചൂണ്ടു വിരൽ കറക്കി കൊണ്ടിരിക്കുകയായിരുന്നു
. ചായ കുടിച്ചു കപ്പു താഴേക്കു വച്ച് ആദ്യം ആ ചൂണ്ടു വിരൽ വായിലേക്ക് വച്ച് നാക്കു
കൊണ്ട് ചുഴറ്റിയെടുത്തു . കണ്ണുകളടച്ചു , ആ അനുഭൂതിയിൽ ഒരു നിമിഷം ലയിച്ചിരുന്നപ്പോൾ
ശർക്കരയുടെ മധുരത്തിൽ താൻ അലിഞ്ഞു പോകുന്നത് പോലെ അവനു തോന്നി . ശേഷം , ചൂണ്ടുവിരലും
തള്ള വിരലും ചേർത്തു ശ്രദ്ധയോടെ , അത് മുഴുവൻ തിന്നു തീർത്തു .
"ഇനി വേണോടാ
ചെക്കാ.. "
തന്റെ കയ്യിലിരുന്ന
അട ചൂണ്ടി ത്രേസ്യ ചേടത്തി അവനോടു ചോദിച്ചു .
വേണ്ട എന്ന്
തലയാട്ടി, അവിടെ നിന്നും എഴുനേറ്റ്, കപ്പും പ്ലേറ്റും കഴുകി വച്ച് രാഹുൽ ഉമ്മറത്തേക്ക്
നടന്നു. ആ സമയത്തു അവിടെ മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു . വ്യത്യസ്തങ്ങളായ
ഓർമ്മകൾ ആയിരുന്നു രാഹുലിന്റെയും അമ്മച്ചിയുടെയും കണ്ണ് നനച്ചെതെങ്കിൽ, താൻ ഉണ്ടാക്കിയ
ഭക്ഷണം ഇത്രയും ആസ്വദിച്ചു കഴിച്ച ഒരാളെ കണ്ട സന്തോഷത്തിൽ ആയിരുന്നു ത്രേസ്യ ചേടത്തിയുടെ
കണ്ണുകൾ നിറഞ്ഞു വന്നത്.
"രാഹുലെ..
വാ നമുക്ക് മുറികളൊക്കെ ഒന്ന് വൃത്തിയാക്കണം.. ക്രിസ്തുമസിന് അവരെല്ലാം വരുന്നതാ..
"
"ശെരി
അമ്മച്ചി.. "
അമ്മച്ചിയുടെ
വിളികേട്ടു അവൻ അകത്തേക്ക് നടന്നു . മുകളിലെ മൂന്നു മുറികളും താഴത്തെ ഒരു മുറിയും ആയിരുന്നു
വിദേശത്തുള്ള മക്കൾ വരുമ്പോൾ ഉപയോഗിച്ചിരുന്നത് . വല്ലപ്പോഴും മാത്രം തുറക്കുന്നതിനാൽ
അധികം പൊടിപടലങ്ങൾ ആ മുറികളിൽ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം .ജനാലകൾ തുറന്നിട്ട്
, മാറാലകൾ വടിയിൽ ചുഴറ്റിയെടുത്തു , പഴയ ബാഗുകൾ എടുത്തു മാറ്റി , അലമാരകളിൽ പുതിയ ന്യൂസ്പേപ്പറുകൾ
വിരിച്ചു ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്കവൻ ഓടിക്കൊണ്ടിരുന്നു . വാക്വം ക്ളീനർ
ഉപയോഗിച്ച് പൊടികൾ എല്ലാം ഒപ്പിയെടുത്തു ,തുണികൾ കൊണ്ടു , ഭിത്തിയിൽ അലങ്കരിച്ചിരുന്ന
ചിത്രങ്ങളും കർത്താവിന്റെ രൂപങ്ങളും വൃത്തിയാക്കി . മോപ് ഉപയോഗിച്ച് തറ തുടച്ചു , ബെഡ്
പൊതിഞ്ഞു വച്ചിരുന്ന പ്ലാസ്റ്റിക്ക് കവറുകൾ എടുത്തു മാറ്റി , പുതിയ ഷീറ്റുകൾ വിരിച്ചു
മുറികളെ മനോഹരമാക്കി . ഒടുവിലായി , റൂം ഫ്രഷ്നെർ അടിച്ചു നാലു മുറികളും പൂട്ടി ഇറങ്ങുമ്പോൾ
സമയം എട്ടു മണി കഴിഞ്ഞിരുന്നു.
കുളി കഴിഞ്ഞു
അത്താഴത്തിനുള്ള കഞ്ഞിയും കുടിച്ചു ഔട്ട് ഹൌസിലെ തന്റെ ബെഡിൽ കിടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ്
വല്ലാതെ ഉയർന്നിരുന്നു . താൻ കാത്തിരുന്ന മുഹൂർത്തം ഇങ്ങടുത്തെത്തി എന്നറിവ് , അവനെ
വീണ്ടും വികാരാധീനനാക്കി . എന്തിന് .. ആ ഒരു ചോദ്യം മാത്രം ... അതിനുള്ള ഉത്തരം മാത്രമാണ്
താൻ തേടുന്നത് ..
(തുടരും)
ഇനി അമ്മച്ചിയുടെ മകനാണോ 🤔
ReplyDeleteആണോ .. ആവോ :)
DeleteI meant villain
DeleteThis comment has been removed by the author.
ReplyDelete