Monday, August 17, 2020

കടലാഴങ്ങൾ - 14

                  കടലാഴങ്ങൾ 14 



കതകിലെ തുടർച്ചയായ  മുട്ടുകേട്ടാണ് ആദി ഉറക്കമുണർന്നത് . ശരീരം മുഴുവൻ നുറുങ്ങുന്ന വേദന അവനെ കട്ടിലിൽ നിന്നും എഴുനെല്കുന്നതിനെ  പിന്തിരിപ്പിച്ചു കൊണ്ടിരുന്നു . തലേ ദിവസം മുഖത്തും ശരീരത്തിലും ഏറ്റ മർദ്ധനം അത്രയും കടുപ്പമുള്ളതു തന്നെയായിരുന്നു . 


"മോനെ , അവൻ നിന്നെ ഒരുപാട് ഉപദ്രവിച്ചോ .. "


വാതിൽ തുറന്നതും വെളിയിൽ നിന്നിരുന്ന മുത്തശ്ശിയും മുത്തശ്ശനും അകത്തേക്ക് കയറി . ആദി മറുപടി പറയാതെ തിരികെ കട്ടിലിലേക്ക് ഇരുന്നു .


"കണ്ണാ , അവൻ .. "


കണ്ണുനീരൊഴുക്കി മുത്തശ്ശി അവൻ്റെ കവിളിൽ തലോടി. 


"വേണ്ട , എണീപ്പിക്കണ്ട , നല്ല വേദന കാണും ,  ഞാനൊന്നു താഴെ ചെല്ലട്ടെ .. "


മുത്തശ്ശിയെ വിലക്കിയ ശേഷം അദ്ദേഹം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .


"രാവിലെയാ അറിഞ്ഞേ , അവിടുന്ന് ഓടി പോരുകയായിരുന്നു . "


"വേണ്ടായിരുന്നു മുത്തശ്ശി , അതും ഇന്ന് തന്നെ .. "


"പിന്നെ ഞാൻ എന്ത് ചെയ്യണം എന്നാ കണ്ണാ നീ പറയുന്നേ , സരോജിനി വന്നു പറഞ്ഞപ്പോ അവിടുന്ന് ഓടി വന്നതാ .. "


"ഞാൻ ഇന്നലെ പറഞ്ഞതല്ലേ നിങ്ങളോടു , നമ്മുടെ ഗായുവിൻ്റെ കാര്യമാ .. "


മുത്തശ്ശി അവനെ തലോടിക്കൊണ്ടിരുന്നു ..


"ഇനിയും അവൻ .. അംബരീഷ്.."


"വരില്ല മുത്തശ്ശി , ഞാൻ ശനിയാഴ്ച ഇവിടെ നിന്നും പോകുന്നത് വരെ അയാൾ വരില്ല .."


"നീ .. "


അവർ സംശയത്തോടെ ആദിയെ നോക്കി ..


"ഇല്ല...  ഞാൻ ഒന്നും ചെയ്തില്ല , അയാൾ എന്തോ ജോലിക്കാര്യത്തിനു പോയിരിക്കുവാ .. "


"ഉം.."


ഒന്നിരുത്തി മൂളി മുത്തശ്ശി വീണ്ടും കട്ടിലിലേക്കിരുന്നു അവനെ തലോടി ..


"ഇത്തിരി കയ്പ് കാണും, മൂക്ക് പൊത്തി ഒരൊറ്റ വലിക്കു കുടിച്ചോളൂ   .."


ഒരവൗണ്സു ഗ്ലാസിൽ കഷായവുമായി എത്തിയ മുത്തശ്ശൻ അതവന് നേരെ നീട്ടി .


"ഭക്ഷണം കഴിച്ചിട്ട് കുടിക്കാനുള്ളത് ഞാൻ വേറെ തരാം .."


കഷായം കുടിച്ചശേഷം തല കുടഞ്ഞ അവനെ നോക്കി പറഞ്ഞു കൊണ്ടു ആ വൃദ്ധൻ മുറിയുടെ പുറത്തേക്കിറങ്ങി .


"മുത്തശ്ശാ .. "


"ഉം  .."


വരാന്തയിൽ നിന്നും ജനൽ വഴി അയാൾ ചോദ്യഭാവത്തിൽ അവനെ നോക്കി .


"ഗായു , കല്യാണം ... "


"പോകുന്നുണ്ട് , ചടങ്ങു കഴിയണവരെ  അവിടെ ഉണ്ടാകും , എന്നിട്ടു അവനെ , ആ കാർക്കോടകനെ , എനിക്കൊന്നു കാണണം .. "


"മുത്തശ്ശനു ഉടനെ കാണാൻ പറ്റി  എന്ന് വരില്ല .. "


"മോനെ കൊണ്ട് വന്ന  .. "


"ഹ്മ്മ് , എൻ്റെ കൂട്ടുകാരനാ  .. "


മുത്തശ്ശന്റെ മുഖത്ത് വിഷമം മാറി പുഞ്ചിരി വിരിയുന്നത് ആദി ശ്രദ്ധിച്ചു ..


"ജാനകീ , വന്നേ , നമുക്ക് കല്യാണം കൂടണം , ഇവന്റെ കാര്യം അച്യുതൻ നോക്കിക്കോളും .. അയാളോട് ഇവിടം വരെ വരാൻ പറഞ്ഞിട്ടുണ്ട് .."


മുത്തശ്ശൻ നടന്നകന്നപ്പോൾ മുത്തശ്ശി സങ്കടത്തോടെ അവനെ നോക്കി .


"പറഞ്ഞില്ലേ മുത്തശ്ശി , എനിക്കൊരു കുഴപ്പവുമില്ല , ഇനി ശനിയാഴ്ച പോകുന്നത് വരെ ഒന്നും ഉണ്ടാകാനും പോകുന്നില്ല .. ഹ്മ്മ് .. മുത്തശ്ശി ചെല്ല് ... "


അവൻ മുത്തശ്ശിയെ പറഞ്ഞു വിട്ട ശേഷം വീണ്ടും കട്ടിലിലേക്ക് കിടന്നു . 


*********************************************************


 "അച്ചുവേട്ടാ , അവളിപ്പോ എവിടാ ഉള്ളെ .. "


"ആര് മോനെ .. "


"എൻ്റെ സെറ്റപ്പ് , സീന .. "


ഉച്ച ഭക്ഷണത്തിനു ശേഷം ഏഴുമുറ്റം തറവാടിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു ആദി . മുത്തശ്ശന്റെ മരുന്നിന്റെ ഗുണമാകണം , അപ്പോഴക്കും അവൻ്റെ ശരീര വേദനകൾ എല്ലാം കുറഞ്ഞിരുന്നു .


കാര്യസ്ഥൻ അച്യുതൻ  രാവിലെ മുതൽ ഭക്ഷണവും മരുന്നുമായി അവനൊപ്പം തന്നെ ഉണ്ടായിരുന്നു .


"മോനെ .. എന്തിനാ വെറുതെ , ഈ അച്ചുവേട്ടനറിയാം   അതെല്ലാം ചുമ്മാ നാട്ടുകാര് പറഞ്ഞുണ്ടാക്കിയതാണന്നു .. "


"അച്ചുവേട്ടനു അങ്ങനെ പലതും അറിയാം അല്ലെ ... "


അയാളുടെ കണ്ണുകളിൽ നോക്കിയാണ് ആദി ചോദിച്ചത് . 


"അത് .. അത് പിന്നെ , സീന  , അതെല്ലാം അംബരീഷ് സാർ ഉണ്ടാക്കിയ കഥകൾ അല്ലെ , മോനെ മോശക്കാരൻ ആക്കാൻ .."


"ഹ്മ്മ് ... അവളിപ്പോ എവിടെ ഉണ്ടെന്നു രാമേട്ടനു അറിയില്ല അല്ലെ .. "


"അതിപ്പോ , അവള് കെട്ടി ഇടുക്കീല് എങ്ങാണ്ടും .. എന്തിനാ മോൻ ഇതെല്ലാം  ഇപ്പൊ തിരക്കുന്നേ .. "


"എനിക്ക് വേണ്ടി ഉടുമുണ്ടഴിച്ചു തന്നു എന്ന് കവലേൽ വച്ച് പറഞ്ഞതവളല്ലേ , അപ്പൊ ഞാൻ അല്ലാതെ വേറെ ആരാ അവളുടെ കാര്യം  തിരക്കുക .."


"വേണ്ട മോനെ , സത്യം എല്ലാവര്ക്കും അറിയാം , ഇനി അതിന്റെ പുറകെ പോയി .. ചെളിൽ ചവിട്ടിയ നമുക്കല്ലേ നാറ്റം ഉണ്ടാകൂ .. "


"എന്നാ സീനയെ  വിട്ടേക്ക് , ബാക്കി എന്തെല്ലാം സത്യം അച്ചുവേട്ടനു അറിയാം .. "


"എന്ന് വച്ചാൽ .. "


അയാളൊന്നു പതറി ..


"എൻ്റെ അമ്മയെ കുറിച്ച് "


"അത് .."


പരിഭ്രമത്തോടെ അയാൾ എന്തോ പറയാൻ വന്നതും  മുറ്റത്തേക്ക് മനോഹരമായി അലങ്കരിച്ച ഒരു കാർ വന്നു നിന്നു . വാഹനത്തിന്റെ ശബ്ധം കേട്ട മാത്രയിൽ തെക്കേ വാരാന്തയിൽ നിന്നും പിടഞ്ഞെഴുനേറ്റ ആദി വീടിൻ്റെ മുൻവശത്തേക്കു നടന്നു .


കാറിൽ നിന്നും വിവാഹ വേഷത്തിൽ ഇറങ്ങിയ ഗായത്രിയെ കണ്ടു അവനാദ്യം  അത്ഭുതപെട്ടെങ്കിലും പെട്ടന്ന് അവൻ വരാന്തയിൽ നിന്നും താഴേക്കിറങ്ങി .


"മോളെ , നീ .. "


മറുപടിയായി അവൻ്റെ ദേഹത്തേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു .


"ഹാ , നല്ലൊരു ദിവസമായിട്ടു ... ചുമ്മാ ... "


അവനവളെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി മറുവശത്തു നിന്നും നടന്നു വരുന്ന പയ്യനെ നോക്കി .


"ആദിയേട്ടൻ .. ഞാൻ സൂരജ് , നമ്മൾ തമ്മിൽ നേരിട്ട് പരിചയപ്പെട്ടിട്ടില്ല എന്നെ  ഉള്ളൂ , ഗായത്രി എല്ലാം പറഞ്ഞിട്ടുണ്ട് .. "


ഇടതു കയ്യാൽ ഗായത്രിയെ ചേർത്ത് പിടിച്ചു വലതു കൈ നീട്ടി സൂരജിന്റെ കൈ പിടിച്ചു കുലുക്കി . 


"പോകും മുൻപ് ഏട്ടനെ കാണണം എന്ന് ഇവളുടെ ആഗ്രഹമായിരുന്നു .."


"വേണ്ടിയിരുന്നില്ല സൂരജ് .. "


"എനിക്കെല്ലാം അറിയാം ഏട്ടാ .. ഈ കൂടി കാഴ്ചയുടെ പേരിൽ അവൾക്കൊരു ഇനിയൊരു പ്രശ്നവും ഉണ്ടാകില്ല. അതെൻ്റെ വാക്ക്  ."


"ഹ്മ്മ് .. നല്ലത്   , ഏതായാലും എന്നെ കണ്ടില്ലേ , ഇനി സമയം കളയാതെ നിങ്ങൾ ഇറങ്ങൂ .."


"തിരക്കൊക്കെ കഴിയട്ടെ , കണ്ടു പിടിച്ചു ഏട്ടന്റെ അടുത്തെത്തിക്കാം എന്ന് ഞാൻ ഗായത്രിക്കു വാക്കു കൊടുത്തിട്ടുണ്ട് . "


"നന്ദി സൂരജ് , എന്റെ അനിയത്തിയെ മനസ്സിലാക്കിയല്ലോ .. അത് മതി .."


കാറിന്റെ ഡോർ  അവൾക്കായി തുറന്നു കൊടുത്തു ആദി അവനെ നോക്കി പുഞ്ചിരിച്ചു. 


"ചെല്ല് , മോള് പോയി വാ .. "


ഗായത്രിയെ അകത്തേക്കിരുത്തി ഡോർ അടച്ചു ആദി പുറകോട്ടു മാറി . 


"അപ്പൊ ശെരി , നമുക്ക് കാണാം .. "


മറു വശത്തെ ഡോർ തുറന്നു കാറിനകത്തേക്കു കയറും മുൻപ് സൂരജ് ആദിയുടെ നേരെ ഒരിക്കൽ കൂടി കൈ വീശി .


"ഇനി മുതൽ എന്നും ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാകും , ഇവിടെ അല്ലന്നു മാത്രം .. ഉം .. മോള് പോയി വാ .. "


കാർ നീങ്ങി തുടങ്ങിയപ്പോൾ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ അവൻ ഗായത്രിയോട് പറഞ്ഞു .


"എന്ത് നല്ല മനസ്സിന്റെ ഉടമയാ ആ കുട്ടി , അംബികയുടെ ഒരു സ്വഭാവോം മോൾക്ക് കിട്ടിയിട്ടില്ല .. "


ദൂരേക്കു ഓടിപ്പോകുന്ന കാറിനെ നോക്കി നിൽകുമ്പോൾ കേട്ട അച്യുതന്റെ വാക്കുകൾ അവനിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല 


*****************************************


" ഗായു പോകും വഴി ഇത് വഴി വന്നിരുന്നു അല്ലെ .. "


"ഹ്മ്മ് ... "


"അംബികയാകെ കലി തുള്ളി നടക്കുവാ .. മിക്കവാറും നാളെ രാവിലെ തന്നെ ഇങ്ങട് വന്നേക്കും .. "


വൈകിട്ട് നാലുകെട്ടിനുള്ളിൽ കല്യാണ വിശേഷങ്ങൾ വിവരിക്കുന്നതിനിടയിൽ മുത്തശ്ശി അവനോടു പറഞ്ഞു . മറുപടിയായി മുത്തശ്ശിയുടെ മടിയിൽ തല വച്ച് കിടന്നിരുന്ന അവൻ നിസ്സാഹായമായി മൂളികൊണ്ടിരുന്നു .


"അവൾ , അവളിങ്ങോട്ടു വരട്ടെ , ഇതോടെ അവളുടെ ഒച്ചയെടുപ്പു  ഞാൻ നിർത്തും , ഈ പരമേശ്വരൻ ആരാണെന്നു അവൾക്കിതുവരെ മനസ്സിലായിട്ടില്ല , കല്യാണ വീടല്ലേ , നാട്ടുകാരും ബന്ധുക്കാരും ഉള്ളതല്ലേ എന്നോർത്തിട്ടാ .. "


അവരുടെ സംസാരം കേട്ട് അങ്ങോട്ടെത്തിയ മുത്തശ്ശൻ ചാരു   കസേരയിലേക്കിരുന്നു . ആദി അപ്പോഴേക്കും എഴുനേറ്റു നടുമുറ്റത്തേക്കു നടന്നു , 


"എന്താ .. എന്താണ് ഇനി തൻ്റെ ഉദ്ദേശം .."


മുത്തശ്ശൻ ചാരു കസേരയിൽ നിന്നും തല ഉയർത്തി പിടിച്ചു അവനെ നോക്കി . 


"തിരിച്ചു പോകണം , ശനിയാഴ്ച .. "


ആദി മുഖം കുനിച്ചു മറുപടി പറഞ്ഞു 


"ഹ്മ്മ് .. നീ .. നീ കൂടി  ഉണ്ടായിരുന്നെങ്കിൽ .. "


"..."


അവൻ ഇടം കണ്ണിട്ടു മുത്തശ്ശിയെ നോക്കി , പുരികമുയർത്തി എന്താണ് എന്ന് ചോദിച്ചു , മറുപടിയായി അറിയില്ല എന്ന ഭാവത്തിൽ അവർ കൈകൾ വിടർത്തി .


"എനിക്ക് പഴയതു പോലെ ഒന്നിനും വയ്യ , എന്നും പൂജകൾക്കായി വിളി വരുന്നുണ്ട് , നീ കൂടെ .."


"വേണ്ട .. "


മുത്തശ്ശൻ പറഞ്ഞു തീരും മുൻപ് ആദി അദ്ദേഹത്തെ വിലക്കി ഇടയിൽ കയറി .


"പത്തു പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് വരെ നിങ്ങളുടെ കൂടെ ഒരു നിഴല് പോലെ നടന്നിരുന്നതാ ഞാൻ , ഏഴുമുറ്റത്തെ അടുത്ത ആൺ തരി മുത്തശ്ശനെക്കാൾ കേമനാ എന്നുള്ള വാക്കുകൾ കേട്ട് അഭിമാനം കൊണ്ടിട്ടുണ്ട് . പക്ഷെ ഈ പറഞ്ഞ മന്ത്ര തന്ത്രങ്ങൾ തന്നെയാണ് എന്റെ ജീവിതം ഈ വിധം ആക്കിയതെന്നറിഞ്ഞ നിമിഷം മുതൽ വെറുത്തതാ .. ഇനി ഇല്ല , എന്നെ വെറുതെ വിട്ടേക്ക് .. "


അവൻ വേഗം നടുമുറ്റത്ത് നിന്നും കയറി മുകളിലേക്ക് പോകുവാൻ പടികളുടെ അടുത്തേക്ക് നടന്നു . 


"ഇനിയും ഗൾഫിലേക്ക് പോകാൻ തന്നെയാണോ നിൻറെ തീരുമാനം .. "


"ഹ്മ്മ്  , അതെ .."


"വീണ്ടുമൊരു ഒളിച്ചോട്ടം .. "


"അല്ല , എനിക്കിവിടെ പറ്റില്ല , ഞാൻ മാറിക്കൊണ്ടിരിക്കുകയാണ് , ആരുമില്ല എന്ന ചിന്ത ഇപ്പോൾ എന്നെ വേട്ടയാടാറില്ല , പകരം ആരെങ്കിലുമൊക്കെ ഉണ്ട് എന്നൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട് . പോയെ പറ്റൂ . പിന്നെ ഒളിച്ചോട്ടമല്ല , എന്തോ നേടാൻ വേണ്ടിയുള്ള വെമ്പലാണ് .."

ആദി വേഗത്തിൽ പടികൾ കയറി മുകളിലേക്ക് പോയി .


"തിരുമേനി .. "


മുകളിലെ മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം കേട്ടതും മുത്തശ്ശി വേദനയോടെ തൻ്റെ ഭർത്താവിനെ നോക്കി 


"വിധി , അത് പോലെ നടന്നേ ഒക്കൂ .. "


"മഹേശ്വരൻ , എൻ്റെ കുഞ്ഞിനെ അവൻ  "


"അവനെ കുറ്റം പറയേണ്ട ഇല്ലത്തമ്മേ , ആദിക്കൊരു ജീവിതം ഉണ്ടായതു അവൻ കാരണമാണ് . "


കസേരയിലേക്ക് ചാരികിടന്നു പരമേശ്വരൻ നമ്പൂതിരി ചിന്തയിലാണ്ടു 

(തുടരും)

Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 18

 വിഷ്ണുവിന്റെ മുഖം പിടിച്ചു തള്ളി, ഒരു പരിഹാസ ചിരിയുമായി ഉണ്ണി മുൻപോട്ടു നടന്നു . അപ്പോൾ അവന്റെ കീശയിൽ കിടന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങി 



"ജീനാ കാളിങ് "


ഒരിക്കൽ കൂടി വിഷ്ണുവിനെ തിരിഞ്ഞു നോക്കി ഉണ്ണി നാനൂറ്റിയെട്ടാം നമ്പർ മുറിയിലേക്ക് കയറിപ്പോയി. അവൻ കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു. 


"എന്ത് പറ്റി മോളെ, "


" ഒന്നും ഇല്ല ഉണ്ണിയേട്ടാ , നാളെ ഞങ്ങൾ തിരിച്ചു പോവ്വാ ..."


"ഇത്ര പെട്ടന്നോ , ഒരു മാസം എന്ന് പറഞ്ഞിട്ട് .. "


"വൈശാഖേട്ടനോട് പെട്ടന്ന് ജോയിൻ ചെയ്യാമോ എന്ന് ചോദിച്ചു മെയിൽ വന്നു , പിന്നെ ചേച്ചിയുടെ ഈ അവസ്ഥയൊക്കെ കണ്ടു .. മടുത്തു ചേട്ടാ ഇവിടം "


"വൈശാഖ് ഉണ്ടോ അവിടെ, അവനൊന്നു കൊടുത്തേ "


"ശെരി "


അല്പസമയത്തിന്റെ ഇടവേളയ്ക്കു ശേഷം, ഫോണിന്റെ മറു പുറത്തു നിന്ന് വൈശാഖിന്റെ സ്വരം ഉണ്ണി കേട്ടു .


"ഉണ്ണിയേട്ടാ .. "


"എന്തു പറ്റി പെട്ടന്നൊരു തിരിച്ചു പോക്ക് , ഇതെല്ലാം കണ്ടു നീ പേടിച്ചു പോയോ , നിനക്കെന്നെ വിശ്വാസമില്ലേ "


"ഈ ലോകത്തു എനിക്ക് ഉണ്ണിയേട്ടനേ മാത്രമേ വിശ്വാസമുള്ളൂ .. ഇത് വരെ ഉണ്ണിയേട്ടൻ പറഞ്ഞതു പോലെയെ ഞാൻ ചെയ്തിട്ടുള്ളൂ , ഇനിയും അങ്ങിനെ തന്നെ ആയിരിക്കും .. "


"ഹ്മ്മ് .. വൈശാഖ് , നീ എനിക്ക് വേണ്ടി ചെയ്തു തന്നതൊന്നും ഞാൻ മറക്കില്ല . കഴിഞ്ഞ തവണ നിനക്ക് വാക്കു തന്ന പോലെ , ഇനി നീ പൂങ്കാവിൽ വരുമ്പോൾ , ആരെയും പേടിക്കാതെ നിനക്ക് ജീനയുമായി മഠത്തിൽ തറവാട്ടിൽ കയറാൻ ഉള്ള സാഹചര്യം ഞാൻ ഉണ്ടാക്കി തന്നിരിക്കും . "


"മഠത്തിൽ തറവാട്ടിലെ അടിമത്തത്തിൽ നിന്നും ഒരു മോചനം , ഇഷ്ടപെട്ട പെണ്കുട്ടിയുമായുള്ള ജീവിതം, ഇതും രണ്ടും എനിക്ക് സമ്മാനിച്ചത് ഉണ്ണിയേട്ടനാണ് . പകരം കൊടുക്കേണ്ടി വന്നത് വിഷ്ണുവേട്ടന്റെ പ്രണയമായിരുനെങ്കിലും .. "


ഉണ്ണിയുടെ മുഖത്തു വീണ്ടും ആ ക്രൂരമായ പരിഹാസ ചിരി വിടർന്നു . അവൻ മുന്നോട്ടു നടന്നു വാഷ് ബേസിനു മുകളിലുള്ള കണ്ണാടിയിൽ നോക്കി തന്റെ ഉലഞ്ഞു പോയ മുടി ഇടതു കൈ കൊണ്ട് കോതിയൊതുക്കി .


"വൈശാഖ് .. നിനക്ക് തോന്നുന്നുണ്ടോ , ദേവുവിനു സന്തോഷമുള്ള ഒരു ജീവിതം മഠത്തിൽ തറവാട്ടിൽ കിട്ടുമായിരുന്നെന്നു, പണിക്കരും പിന്നെ നിന്റെ അളിയനും കൂടി അവളെ കൊന്നു കളഞ്ഞേനെ.. "


"അറിയാം ഉണ്ണിയേട്ടാ.. ഞാൻ ഒന്നും മറന്നിട്ടില്ല, മറക്കില്ല.. "


"ഞാനും ..., വൈശാഖ് .. , ഈ വരുന്ന ഉത്സവം തീരുമ്പോഴേക്കും കുറച്ചേറെ ദുഃഖ വാർത്തകൾ ഇനിയും നിന്നെ തേടിയെത്തും.വിഷമിക്കരുത് .. അതിനു ശേഷം നീ ആഗ്രഹിച്ചപോലെ മഠത്തിൽ തറവാട് നിനക്കായി ഞാൻ തുറന്ന് തരും "


"കാത്തിരിക്കും ഉണ്ണിയേട്ടാ ആ ദുഃഖവാർത്തകൾക്കായി , ഒരിക്കലും വിഷമിക്കില്ല.. പണ്ട് പറഞ്ഞു പഠിപ്പിച്ച വാചകങ്ങൾ ഞാൻ മറന്നിട്ടില്ല ,ലക്ഷ്യമാണ് പ്രധാനം , മാർഗ്ഗമല്ല , ഏതു വഴിയിലായാലും എതിരാളികളെ വെട്ടി നിരത്തണം , പകയുടെ കനൽ ഊതി ഊതി കത്തിക്കണം .. മറന്നിട്ടില്ല,ഒന്നും , ഞാൻ കണ്ടതും കേട്ടതും"


മറുവശത്തു നിന്ന് കേട്ട വാക്കുകൾക്ക് ഒട്ടും ഇടർച്ചയില്ലന്നു ഉണ്ണിക്കു മനസ്സിലായി . 


"ഹ്മ്മ് .. പോയി വാ "


കോൾ കട്ട് ചെയ്തു , ഫോൺ ബെഡിലേക്കെറിഞ്ഞു അവൻ വാഷ് ബേസിന്റെ ടാപ്പ് തുറന്നു . കുറച്ചേറെ വെള്ളം രണ്ടു കൈകളിലും എടുത്തു മുഖത്തേക്കു ഒഴിച്ചു . ഇപ്പോൾ സംസാരിച്ചതൊന്നും കേൾക്കാൻ രാമേട്ടൻ ഇല്ലാതിരുന്നതു നന്നായി എന്ന് ഉണ്ണിക്കു തോന്നി. രാമേട്ടനെ പാലക്കാട്ടേയ്ക്കുള്ള ബസിൽ കയറ്റി വിട്ടിട്ടു തിരിച്ചു വരുമ്പോഴായിരുന്നു വിഷ്ണു ഉണ്ണിയെ തടഞ്ഞത്. ജനലിന്റെ കമ്പിയിൽ വിരിച്ചിട്ടിരുന്ന ടൗവൽ കൊണ്ട് മുഖം തുടച്ചു അവനും ആ ബെഡിലേക്കു മലർന്നു കിടന്നു.


ഉണ്ണി ഒന്ന് മയങ്ങി വന്നപ്പോഴേക്കും ഡോറിൽ മുട്ടുകേട്ടു . ചെറിയ ഈർഷ്യയോടെ കതകു തുറന്നപ്പോൾ മുന്നിൽ ഡ്യൂട്ടി നേഴ്സ് . 


"സർ , പേഷ്യന്റിനെ റൂമിലേക്കു ഷിഫ്റ്റ് ചെയ്യണം , ഒരു പത്തു മിനിറ്റു പുറത്തേക്കു നില്കാമെങ്കിൽ റൂം ശെരിയാക്കാമായിരുന്നു "


ഉണ്ണി മൊബൈൽ കയ്യിലെടുത്തു പുറത്തേക്കു നടന്നു. കുറച്ചു സമയത്തിനുള്ളിൽ, പുതിയ ബെഡ് ഷീറ്റ് വിരിച്ചു ഗ്ളൂക്കോസ് സ്റ്റാൻഡും വേറെ എന്തൊക്കെയോ ഹോസ്പിറ്റൽ ഉപകരണങ്ങളും ബെഡിനു സൈഡിൽ വച്ച് ആ നേഴ്സും മറ്റു രണ്ടു പെൺകുട്ടികളും മുറിയിൽ നിന്നിറങ്ങി. അൽപ സമയത്തിന് ശേഷം സ്‌ട്രെച്ചറിൽ ദുർഗയെ കൊണ്ട് വന്നു ബെഡിലേക്കു കിടത്തി . 


"സർ, ബോഡിക്ക് അധികം സ്ട്രെസ് കൊടുക്കാറായിട്ടില്ല . രാവിലെയും വൈകുന്നേരവും ക്‌ളീൻ ആക്കാൻ കുട്ടികൾ വരും, ഇതിനിടയിൽ എന്ത് ഹെല്പ് വേണമെങ്കിലും വിളിച്ചാൽ മതി. പിന്നെ ലിക്വിഡ് ആയിട്ടുള്ള ഫുഡ് വൈകിട്ട് കൊണ്ട് വരും, അത് വേണം പേഷ്യന്റിനു കൊടുക്കാൻ . "


തിരിഞ്ഞു നടക്കുന്നതിനിടയിൽ നേഴ്സ് ഉണ്ണിയോട് പറഞ്ഞു .


നേഴ്സ് പുറത്തേക്കിറങ്ങി ഡോർ അടച്ചു കഴിഞ്ഞപ്പോൾ ഉണ്ണി കസേര വലിച്ചു ദുർഗയുടെ വലതു വശത്തിരുന്നു.


"ദേവൂ, എന്ത് പറ്റി , ഒരു പുഞ്ചിരി "


അവളുടെ വലതു കൈ , തന്റെ രണ്ടു കൈകൾ കൊണ്ടും ഉയർത്തി അവൻ തന്റെ കവിളിനോട് ചേർത്തു.


"ഇങ്ങനെ ഹോസ്പിറ്റലിൽ കിടന്നാലെന്താ , ഉണ്ണിയേട്ടൻ അടുത്തുണ്ടല്ലോ.. എത്ര നാളു കൂടിയാ .. ഇത്രയും ദിവസം, എനിക്ക് വേണ്ടി .."


"ഹ്മ്മ്, കൊള്ളാല്ലോ നീയ് "


"ഉണ്ണിയേട്ടാ നമ്മുടെ മക്കൾ .. അവരോടു പറഞ്ഞോ"


"ഇത് വരെ പറഞ്ഞിട്ടില്ല, എക്സാം തുടങ്ങാൻ പോവുകയല്ലേ .. നീ കേസിന്റെ കാര്യത്തിനായി കൊൽക്കത്തയിലാണെന്നാ പറഞ്ഞെ.. അവരു അനിലേട്ടന്റെ ഒപ്പം ഹാപ്പിയാ .. എന്റേം നിന്റെം കാര്യം ചെറുപ്പം മുതൽ അറിയാവുന്നതല്ലേ .. ഞാൻ എന്നും വിളിക്കാറുണ്ട്. "


"ഹ്മ്മ് .. എന്നാലും രണ്ടു ദിവസത്തിൽ കൂടുതൽ മാറി നിന്നിട്ടില്ലല്ലോ, ഇതിപ്പോ രണ്ടാഴ്ചയ്ക്ക് മേലെ ആയില്ലേ"


"അവിടെ അമ്മയില്ലേ, പിന്നെ രെവേച്ചിയുണ്ട് , അവരുടെ കുട്ടികൾ ഉണ്ട്.. നീ പേടിക്കണ്ട"


"പിന്നേ ... "


"പിന്നെ ..?"


"വിഷ്ണു കാണാൻ വന്നിരുന്നു "


പരിഭ്രമത്തോടെ ഉണ്ണി അവളുടെ കണ്ണുകളിലേക്കു നോക്കി .. 


"എന്നിട്ടു ?"


"ഞാൻ അറിഞ്ഞുകൊണ്ടല്ല ഒന്നും നടക്കുന്നത് എന്ന് പറഞ്ഞു, വേറെയും എന്തെല്ലാമോ സംസാരിക്കണമെന്ന്"


"ഹ്മ്മ്"


"എനിക്ക് സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞു, വെറുപ്പാണയാളെ കാണുന്നത് പോലും "


ഉണ്ണിയുടെ കൈകൾക്കിടയിൽ നിന്നും തന്റെ വലതു കൈ വലിച്ചെടുത്തു അവൾ തന്റെ ഇരു കവിളുകളിലും തഴുകി . അവളുടെ കണ്ണുകളിലേക്കു ദേഷ്യം ഇരച്ചു വരുന്നത് ഉണ്ണിയുടെ മുഖത്തു ആശ്വാസം പടർത്തി. തന്റെ ശരീരത്തിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ അറിയാതിരിക്കാൻ , അവൻ കസേരയിൽ നിന്നും എഴുനേറ്റു റൂമിലെ ജനലിനരുകിലേക്കു നടന്നു.


"എന്നെയും കാണാൻ വന്നു "


"എന്നിട്ടു ? "


"എന്നിട്ടെന്താ, എന്റെ കഴുത്തിൽ ചേർത്ത് പിടിച്ചു ഭിത്തിയിലേക്കു അമർത്തി ഇത്തരക്കാരുടെ സ്ഥിരം ക്ളീഷേ ഡയലോഗ് വിട്ടു .. അവനെ ചതിച്ചു ഞാൻ നിന്നെ സ്വന്തമാക്കിയെന്നു .. "


"പിന്നെ "


അവൾ ബെഡിൽ നിന്നും ചെറുതായി തല ഉയർത്തി അവനെ നോക്കി


"പിന്നെ .. എനിക്കങ്ങോട്ടു ദേഷ്യം വന്നു , ഭാര്യ ICU വിൽ കിടക്കുമ്പോഴാ പണ്ട് പഴം കഞ്ഞി കുടിച്ച കാര്യം , ഞാൻ നിങ്ങളെ ചതിച്ചതാണെന്നും, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു നാടകമായിരുന്നു ഡൽഹിയിലേക്കുള്ള നിങ്ങളുടെ ഒളിച്ചോട്ടമെന്നും, ഞാൻ പറഞ്ഞിട്ടാണ് ജോണിനൊപ്പം നീ ഡൽഹിക്കു വന്നതെന്നും അവനോടു പറഞ്ഞു. അവൻ അതും വിശ്വസിച്ചു പോയിക്കാണും .."


ചില സത്യങ്ങൾക്കു നല്ല നുണകളാകാനും കഴിയുമെന്ന് മനസ്സിൽ ഉറപ്പിച്ചു , ദുർഗ്ഗയ്ക്കു മുഖം കൊടുക്കാതെ അവൻ ജനലിലൂടെ ദൂരേക്ക് നോക്കി. പിന്നീട്, കണ്ണുകൾ നിറച്ചു അവളുടെ അരികിലേക്ക് ചെന്നു, ഉയർത്തിപ്പിടിച്ച അവളുടെ മുഖം തന്റെ ശരീരത്തോട് ചേർത്തു .


"നിനക്കും, വേണമെങ്കിൽ ഈ കഥ വിശ്വസിക്കാം , എന്നെ വെറുക്കാം .. പക്ഷെ ഇനി എന്നെ ഉപേക്ഷിക്കരുത് "


"ഇല്ല ഉണ്ണിയേട്ടാ, ഇനി എന്റെ ജീവിതത്തിൽ ഉണ്ണിയേട്ടൻ ഇല്ലാതാകണമെങ്കിൽ ഞാൻ മരിക്കണം"


"ഹ്മ്മ് , നീ കിടന്നോളൂ , അധികം സംസാരിക്കേണ്ട , ഞാൻ ഒന്ന് വെളിയിലേക്കിറങ്ങിയിട്ടു വരാം " 


ദുർഗ്ഗയുടെ കണ്ണുകളിൽ നിന്നും ഉതിർന്നു തുടങ്ങിയ കണ്ണുനീർ തന്റെ കൈകൾ കൊണ്ട് തുടച്ചു , അവളെ കട്ടിലിലേക്ക് കിടത്തി ഉണ്ണി പുറത്തേക്കു നടന്നു . 


അവളുടെ മനസ്സിൽ വീണ്ടും ഡൽഹിയിലെ ഓർമ്മകൾ നിറയാൻ തുടങ്ങി. 


(തുടരും)

ഉത്സവപ്പിറ്റേന്ന് 17

 

നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നും ഡൽഹിയിലെ ആ ചെറിയ ഫ്ലാറ്റിലേക്ക് ഉണ്ണിയോടൊപ്പം കുടുസു ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു കയറിച്ചെല്ലുമ്പോൾ ദുർഗ്ഗ ശാരീകമായും മാനസികമായും അകെ തളർന്നിരുന്നു . കുളിച്ചു ഉച്ചഭക്ഷണം കഴിച്ചു അകത്തെ മുറിയിൽ അവൾ ഉറങ്ങിതുടങ്ങിയപ്പോൾ ഉണ്ണി അമ്മയോടും ചേച്ചിയോടും അവളുടെയും വിഷ്ണുവിന്റെയും കഥ പറഞ്ഞു. വൈകിട്ട് ജോണുമായി ഉണ്ണി ഗാസിയാബാദിലേക്കു പോയി അവിടെ പരിചയമുള്ള കോൺട്രാക്ടർ വഴി കമ്പനിയുടെ ലോറിയുടെ ഡ്രൈവർ ജോലിയും താമസ സൗകര്യവും ശെരിയാക്കി.


ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു , ഉണ്ണി വീണ്ടും ജോലിയിലും തൻറെ കോച്ചിങ്ങിലും വീണ്ടും വ്യാപൃതനായി . ദുർഗ്ഗ , ഉണ്ണിയുടെ അമ്മക്കൊപ്പം രേവതിയെ വീടുപണികളിലും കുട്ടികളെ നോക്കുന്നതിലും സഹായിച്ചു പോന്നു . പലപ്പോഴും ദുർഗ്ഗ ഉണ്ണിയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ വാചകത്തിൽ കൂടുതൽ സംസാരിക്കാൻ അവൻ കൂട്ടാക്കാറില്ലായിരുന്നു. ഉണ്ണിയുടെ ആ സ്വഭാവം അവളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് . പക്ഷെ അതെല്ലാം തന്റെ വിധിയാണെന്ന് കരുതി അവൾ അവരോടൊപ്പം ജീവിച്ചു പൊന്നു . ഡൽഹിയിലെ ചൂടിന്റെ കാഠിന്യം നാല്പത്തി അഞ്ചിലെത്തിയ ഒരു മെയ് മാസത്തിലെ ഞായറാഴ്ച ദിവസം , ഉച്ചക്ക് കൂളറിന്റെ മുൻപിൽ ഇരുന്ന അനിലിനൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഉണ്ണി , അപ്പോഴാണ് ടെറസ്സിൽ നിന്നും നനച്ചുണങ്ങിയ തുണികളുമായി അവൾ ഫ്ലാറ്റിലേക്ക് കയറി വന്നത് . 


"ദേവൂ .."


ദിവസങ്ങൾക്കു ശേഷം ഉണ്ണിയുടെ ദേവൂ എന്നുള്ള വിളി അവൾക്കു വലിയൊരാശ്വാസമായിരുന്നു, എന്ത് എന്നർത്ഥത്തിൽ അവൾ ഉണ്ണിയെ മുറിയുടെ പടിവാതിലിൽ നിന്നും നോക്കി.


"ഇന്ന് വൈകിട്ട് നമുക്കൊരുമിച്ചു അമ്പലം വരെ പോകാം, എന്റെ കൂടെ വരുന്നതിനു എന്തെങ്കിലും അസ്വകര്യം ഉണ്ടോ "


"ഇല്ല ഉണ്ണിയേട്ടാ"


നിറഞ്ഞു വന്ന കണ്ണുകൾ, ആരും കാണാതെ, ഇരു കൈകൾ കൊണ്ടും തുടച്ചു അവൾ അകത്തേക്ക് ഓടിപ്പോയി.


വൈകിട്ട്, മനസ്സ് തുറന്നു പ്രാർത്ഥിച്ചു ഉണ്ണിയോടൊപ്പം തിരിച്ചു വരുമ്പോൾ , ബൈക്കിന്റെ ദിശമാറിയതറിഞ്ഞു അവൾ അവന്റെ തോളിൽ വിരലമർത്തി . അവർ ചെന്നെത്തിയത് മനോഹരമായ ഒരു പാർക്കിലായിരുന്നു . അവധിയുടെ ആലസ്യത്തിൽ സംസാരിച്ചിരുന്നവരും , വൈകിട്ട് വെയില് മങ്ങിയപ്പോൾ ജോഗിങ്ങിന് ഇറങ്ങിയവരുമായി ഒരാൾക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. ആളൊഴിഞ്ഞ ഒരു മൂലയിലെ സിമെന്റ് ചാരുബെഞ്ചിൽ അവരിരുവരും ഇരുന്നു .


"ദേവൂ , എന്താണ് ഇനി നിന്റെ പ്ലാൻ "


അവൾ പ്രതീക്ഷിച്ചിരുന്ന ഒരു ചോദ്യമായിരുന്നെങ്കിലും , അതിത്ര പെട്ടന്ന് കേട്ടതിന്റെ അങ്കലാപ്പിൽ അവൾ അവനെ പ്രതീക്ഷയോടെ നോക്കി .


"നീ ഇപ്പോഴും വിഷ്ണുവിനെ സ്നേഹിക്കുന്നുണ്ടോ, മഠത്തിൽ തറവാട്ടിലേക്ക് തിരിച്ചു ചെല്ലാൻ ആഗ്രഹമുണ്ടോ "


"ഇല്ല " പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി അവനോടു ചേർന്നിരുന്നു, അവന്റെ വലതു തോളിലേക്ക് മുഖമമർത്തി അവൾ കരയാൻ തുടങ്ങി.


"എന്നാൽ നീ എനിക്കു വാക്ക് താ, ഇനി ഒരിക്കലും വെറുപ്പോടെ അല്ലാതെ അവനെ ഓർക്കില്ലന്നു, നിന്നെ ഉപദ്രവിച്ച അവരോടുള്ള പക സൂക്ഷിച്ചു വയ്ക്കുമെന്ന്, ഇനി ഒരിക്കലും അവർക്ക് വേണ്ടി കരയില്ലന്നു "


അവൾ മുഖമുയർത്തി അവനെ നോക്കി , പിന്നെ അവന്റെ വലതു കൈ തന്റെ ഇരു കൈകളിലും ചേർത്ത് തലയാട്ടി.


അവളിൽ നിന്നും വേർപെട്ടു ഉണ്ണി എഴുനേറ്റു നിന്നു , മുഖത്ത് വിരിഞ്ഞ നിഗൂഢമായ പുഞ്ചിരി ഒളിപ്പിച്ചു വച്ച് അവൻ തുടർന്നു.


"നാളെ വൈകിട്ട് നീ ഇവിടുന്നു പോകുന്നു, അനിതേച്ചിയുടെ അടുത്തേക്ക് , സാഗറിലേക്കു , അവിടെ ഒരു രണ്ടു മാസം അവരോടൊപ്പം , ആ നാടുമായി ഒന്ന് പരിചയപെട്ടു വരുമ്പോഴേക്കും അവിടെ നിനക്ക് LLB ക്കു സീറ്റ് ശെരിയാകും. പിന്നെ രണ്ടോ മൂന്നോ വര്ഷം, ഒരു വക്കീലായി നീ തിരിച്ചു വരണം"


"അത് ഞാൻ ... ഉണ്ണിയേട്ടൻ വരില്ലേ എന്റെ കൂടെ"


"ഇല്ല , ഇനിയുള്ള യാത്രകൾ നീ തനിച്ചു മതി , നാളെ രാവിലെ എട്ടരയ്ക്ക് ആണ് ഇവിടുന്നു ട്രെയിൻ, ടിക്കറ്റ് ഞാൻ ശെരിയാക്കിയിട്ടുണ്ട്. വൈകിട്ട് ഏഴു മണിക്ക് അവിടെ എത്തും , സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ ഒരു ആർമി ഓഫീസ് ഉണ്ട് , അതിനടുത്തു ഒരു ബുക്സ്‌ സ്റ്റാളും. അനിതേച്ചിയും പ്രേമേട്ടനും അവിടെ ഉണ്ടാകും . "


ഉണ്ണി തന്റെ പോക്കറ്റിൽ നിന്നും വെളുപ്പും കറുപ്പും ഇടകർന്ന നിറമുള്ള ഒരു ഫോൺ അവൾക്കു നേരെ നീട്ടി .


"പുതിയതാണ്, എന്റെയും അനിലേട്ടന്റെയും നമ്പർ ഇതിൽ ഉണ്ട്.. അവിടെ ചെന്നിട്ടു പുതിയ സിം കിട്ടുന്നത് വരെ ഇത് ഉപയോഗിച്ചോളൂ.. പിന്നെ നിന്റെ അടുത്ത കൂട്ടുകാരുടെയും അനിതേച്ചിയുടെയും പ്രേമേട്ടന്റെയും നമ്പർ മാത്രം സേവ് ചെയ്താൽ മതി, ആർക്കും നിന്റെ നമ്പർ കൊടുക്കുകയും വേണ്ട.നാട്ടിലേക്ക് ആരെയും വിളിക്കുകയും ചെയ്യരുത് .രാമേട്ടനോട് ഞാൻ പറഞ്ഞോളാം"


"ജോണേട്ടൻ "


"ജോൺ , ലോഡുമായി പോയിരിക്കുകയാണ്. തിരിച്ചു വരുമ്പോൾ പറഞ്ഞോളം"


ശരി എന്നർത്ഥത്തിൽ അവൾ തലയാട്ടി .


"ദേവൂ..ജൂൺ മാസത്തിൽ എന്റെ പരീക്ഷയാണ് , ഇത്തവണ എങ്കിലും എനിക്ക് പാസ്സാവണം, നീ എനിക്കു വേണ്ടി പ്രാര്ഥിക്കുമോ "


അവളുടെ നിശബ്ദത അവനെ വല്ലാതെ വിഷമിപ്പിച്ചു 


"നീ .. നീ, ഒരിക്കലെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ , അതോ ഈ വഴക്കാളിയെ എന്നും നിനക്ക് വെറുപ്പായിരുന്നോ "


മറുപടിയായി അവൾ സിമന്റ് ബെഞ്ചിൽ നിന്നും എഴുനേറ്റ് അവനരുകിലേക്കു ഓടിവന്നു കെട്ടിപിടിച്ചു . അവളുടെ കണ്ണുനീർ കൊണ്ട് തൻറെ നെഞ്ച് നനയുന്നത് ഉണ്ണി അറിഞ്ഞു . ആ സ്നേഹത്തിനു മറുപടിയായി അവന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ഉതിർന്നു വീണു .


"ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ , നീ ഒരു വക്കീലായിരിക്കണം, വിഷ്ണുവിനേക്കാൾ , പണിക്കരെക്കാൾ വാക് സാമർഥ്യമുള്ള , കഴിവും വിവരവുമുള്ള ഒരു വക്കീൽ".


വൈകിട്ട് അവൾ തന്റെ വസ്ത്രങ്ങൾ ബാഗിലേക്കു അടുക്കി വയ്ക്കുമ്പോൾ , ഉണ്ണി , അമ്മയോട് നാട്ടിലെ ദുർഗ്ഗ കാണാതായതിനെ തുടർന്നുള്ള കേസിനെക്കുറിച്ചും , അവൾ ഡൽഹി വിട്ടു താമസിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ബോധ്യപ്പെടുത്തി . 


അടുത്ത ദിവസം രാവിലെ ഹിരാക്കുഡ് എക്സ്പ്രെസ്സിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള , തികച്ചും അപരിചിതരായ അനിതേച്ചിയുടെയും പ്രേമേട്ടന്റെയും വീട്ടിലേക്കുള്ള യാത്രയിൽ അവൾ തികച്ചും അസ്വസ്ഥയായിരുന്നു .തനിച്ചുള്ള ആദ്യത്തെ ട്രെയിൻ യാത്രയും തനിക്കു ചുറ്റും ഇരിക്കുന്നവർ സംസാരിക്കുന്ന ഭാഷ തനിക്കു പരിചയമല്ലാത്തതും അവളെ കൂടുതൽ ഭയചകിതയാക്കി. ഒരു പോള കണ്ണ് ചിമ്മാതെ , ഒരു തരി ഭക്ഷണം കഴിക്കാതെ , ജനലിനരികിലുള്ള തന്റെ ഒൻപതാം നമ്പർ സീറ്റിൽ ആ കറുത്ത ബാഗ് നെഞ്ചോടടുപ്പിച്ചു വച്ച് പുറകോട്ടോടി മറയുന്ന കാഴ്ചകൾക്കോപ്പം തന്റെ നശിച്ച ഭൂതകാലത്തെയും ഉപേക്ഷിച്ചു , ഇനി തനിക്കുള്ള ജീവിതം ഉണ്ണിയേട്ടന് വേണ്ടി മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചു അവൾ ഇരുന്നു. 


പ്രേമേട്ടൻ എന്ന പ്രേമചന്ദ്രൻ തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ മധ്യപ്രദേശിലേക്കു ജോലിക്കു വേണ്ടി കുടിയേറിയ വ്യക്തിയായിരുന്നു . തന്റെ കയ്യിലുള്ള ഡിപ്ലോമ കൊണ്ട് മധ്യപ്രദേശ് ഇലട്രിസിറ്റി ബോർഡിൽ ജോലിക്കാരനായി. പിന്നീട് നാട്ടിൽ നിന്നും അനിതയെ വിവാഹം കഴിച്ചു , അവർ സാഗർ എന്ന ചെറിയ പട്ടണത്തിൽ താമസം തുടങ്ങി . ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള അനിതക്കു സാഗർ യൂണിവേഴ്‌സിറ്റിയിൽ ഓഫീസ് സ്റ്റാഫായി ജോലി കിട്ടി. ഉണ്ണി , ദുർഗ്ഗയെക്കുറിച്ചും അവളുടെ തുടർവിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചപ്പോൾ അനിൽ ആണ് ചേച്ചിയുടെ കാര്യം പറഞ്ഞതും അവിടെ താമസിക്കാനും , പഠിക്കാനുമുള്ള സൗകര്യം തരപ്പെടുത്തി കൊടുക്കുകയും ചെയ്തത്. 


സാഗർ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ചുറ്റും നോല്കുമ്പോൾ , ഉണ്ണി പറഞ്ഞ പോലെ ഒന്നാം പ്ലാറ്റ്ഫോമിൽ ദൂരെ ആർമിയുടെ ഓഫീസും അതിനോട് ചേർന്ന് ഒരു ചെറിയ ബുക്ക്സ് സ്റ്റാളും അവൾ കണ്ടു . മേല്പാലത്തിലൂടെ കയറി ഒന്നാം പ്ലാറ്റ്ഫോമിൽ എത്തി അവൾ ബുക്ക്സ് സ്റ്റാളിനടുത്തേക്കു നടന്നടുത്തു . അവിടെ അവളെയും കാത്തു അനിതേച്ചിയും പ്രേമേട്ടനും നിൽക്കുന്നുണ്ടായിരുന്നു . 


"ദുർഗ്ഗേ "


ആ വിളി അവളെ ഓർമ്മകളിൽ നിന്നും ഹോസ്പിറ്റൽ ബെഡിലേക്കു തിരിച്ചു കൊണ്ട് വന്നു . മുൻപിൽ വിഷ്ണു.


"ഇപ്പോൾ നിനക്കെങ്ങനെ ഉണ്ട് "


വിഷ്ണു അവൾക്കരുകിലേക്ക് വന്നു , മറുപടിയായി അവൾ എതിർദിശയിലേക്കു മുഖം തിരിച്ചു . 


"ദുർഗ്ഗ , അന്നും ഇന്നും എനിക്കൊന്നും അറിയില്ല, എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് "


" എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല "


അവൾ കയ്യുയർത്തി , ഇടതു ഭാഗത്തുള്ള , ചെറിയ സ്വിച്ചിൽ പ്രസ് ചെയ്തു . ബെല്ലടിക്കുന്നതു കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്‌സ് അങ്ങോട്ട് ഓടിവന്നു .


"എന്ത് പറ്റി മാഡം , എന്തെങ്കിലും ആവശ്യം "


"ഇയാളെ എന്തിനാ ഇങ്ങോട്ടു കടത്തി വിട്ടത് . എനിക്കൊന്നു മയങ്ങണം , ഇയാളോട് പുറത്തേക്കു പോകാൻ പറയു , പ്ളീസ് . "


നേഴ്‌സ് വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി.പിന്നീടൊന്നും പറയാതെ അയാൾ പുറത്തേക്കു നടന്നു.


ICUവിന്റെ പുറത്തെത്തിയ വിഷ്ണു, ഫോണിൽ നോക്കി നടന്നു പോകുന്ന ഉണ്ണിയെ കണ്ടു.


"ഉണ്ണി.. "


പരിചിതമായ സ്വരം കേട്ട് ഉണ്ണി തിരിഞ്ഞു നോക്കി . ഉടൻ തന്നെ വിഷ്ണു ഉണ്ണിയുടെ അടുത്തേക്ക് ഓടിച്ചെന്നു, അവന്റെ കഴുത്തിന് ഇരുകൈകളും കൊണ്ട് ചേർത്ത് പിടിച്ചു ആശുപത്രിയുടെ ഭിത്തിയിലേക്കു ചേർത്ത് പിടിച്ചു നിർത്തി .


"ഉണ്ണി, നീ പറ, ഈ കഥയിൽ ഞാനോ നീയോ വില്ലൻ"


ആ ആക്രമണത്തിൽ അവനൊന്നു പതറിയെങ്കിലും , പെട്ടന്ന് തന്നെ , കാലുകൾ നിലത്തുറപ്പിച്ചു , ഫോൺ പാന്റിന്റെ കീശയിലേക്കിട്ടു, ഉണ്ണി തന്റെ കൈകൾ കൊണ്ട് വിഷ്ണുവിന്റെ വയറിലേക്ക് ആഞ്ഞിടിച്ചു . ശക്തമായ ആ ഇടിയിൽ ഉണ്ണിയുടെ കഴുത്തിൽ നിന്നും കൈകൾ വിടുവിച്ചു വയറ്റിൽ അമർത്തി പിടിച്ചു വിഷ്ണു നിലത്തേക്കിരുന്നു . ICUവിന്റെ പുറത്തു നിൽക്കുന്നവർ പരിഭ്രാന്തരായി നോക്കി നിൽക്കേ ഉണ്ണി അവനെ പിടിച്ചെഴുനേല്പിച്ചു അടുത്തുണ്ടായിരുന്ന കസേരയിലേക്കിരുത്തി . 


"വിഷ്ണു, ഉണ്ണി ഒരു പരാജിതനാണ് , സ്നേഹത്തിനു മുൻപിൽ എന്നും തോറ്റു തരുന്നവൻ, പക്ഷെ രുദ്രൻ അങ്ങിനെ അല്ല , ആഗ്രഹിച്ചതെല്ലാം നേടിയിട്ടേ ഉള്ളു..ദേവൂ ഉൾപ്പെടെ. ഇവിടെ വില്ലനും നായകനും രക്ഷകനും ദൈവവും ,എല്ലാം, ഞാൻ തന്നെ ആണ്. നീ ഇവിടെ ഇരുന്നു പ്രണയിച്ചപ്പോൾ , അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഇരുന്നു ഞാൻ കളിച്ചു. നാട്ടിലും , എന്തിനു നിന്റെ വീട്ടിൽ വരെ ഞാൻ ആളെ ഏർപ്പാടാക്കിയിരുന്നു . നാട്ടിൽ നിന്ന് പോയതിനു ശേഷം , അവൾ എന്ന തേടി വന്നത് വരെ മൂന്നു വര്ഷം ഞാൻ ശെരിക്കുറങ്ങിയിട്ടില്ല , എന്തിനു , നിങ്ങളുടെ ഒളിച്ചോട്ടം പോലും , ഞാൻ എഴുതിയ കഥയായിരുന്നു . ഓർമ്മ വച്ച നാളു മുതൽ അവളെ ഈ നെഞ്ചിൽ കൊണ്ട് നടന്നത് ഇടയ്ക്കു കയറിവന്ന നിനക്ക് തരാനല്ല. "


ഉണ്ണിയുടെ മുഖത്ത് ക്രൂരത കലർന്ന ഒരു ചിരി വിടർന്നു . അവൻ ഇടതു കൈ കൊണ്ട് വിഷ്ണുവിന്റെ താടിയിൽ പിടിച്ചുയർത്തി വലതു കൈയ്യുടെ ചൂണ്ടു വിരൽ തനിക്കു നേരെ ചൂണ്ടി മുകളിലേക്കും താഴേക്കും ആക്കി തുടർന്നു . 


"ഈ കഥയിൽ , സൃഷ്ടിയും സംഹാരവും ഞാൻ ആണ് നടത്തുന്നത്, ഈ രുദ്രൻ. കഥകൾ ഒരുപാടുണ്ട് വിഷ്ണു, ദേവൂ അതിലൊന്ന് മാത്രം ... ഓരോന്നായി ഞാൻ തീർത്തുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ പഴയ പ്രേമ നഷ്ടത്തിന്റെ കണക്കുമായി എണ്ണം കുറഞ്ഞ എതിരാളികളുടെ കൂടെ നീയും ചേർന്നാൽ നിന്റെ രണ്ടു മക്കൾക്ക് അച്ഛനില്ലാതായി തീരും. പറഞ്ഞല്ലോ ഇവിടെ വില്ലനും നായകനും ഞാൻ മാത്രമാണ് .. ഈ രുദ്രൻ മഹാദേവൻ . "


വിഷ്ണുവിന്റെ മുഖം പിടിച്ചു തള്ളി, ഒരു പരിഹാസ ചിരിയുമായി ഉണ്ണി മുൻപോട്ടു നടന്നു . അപ്പോൾ അവന്റെ കീശയിൽ കിടന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങി 


"ജീനാ കാളിങ് "


(തുടരും)

ഉത്സവപ്പിറ്റേന്ന് 16

 

ഒരു മണ്ഡലമാസക്കാലം , ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന , മയൂർ വിഹാറിലെ കൃഷ്ണന്റെ അമ്പലത്തിൽ നടക്കുന്ന മണ്ഡലകാല ഭജനയ്ക്ക് ശേഷം വീട്ടിലേക്കു പോകും വഴിയാണ് അവന്റെ ജീവിതം മാറ്റി മറിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ട് കാണുന്നത് .


" ലാൽ ബഹദൂർ സിവിൽ സർവീസ് അക്കാദമി"


അന്ന് വൈകിട്ട് അത്താഴം കഴിക്കുന്ന സമയത്താണ് ഉണ്ണി തന്റെ ആഗ്രഹം എല്ലാവരോടുമായി പറഞ്ഞത്. അമ്മയും ചേച്ചിയും ചിരിച്ചു തള്ളിയെങ്കിലും , അനിൽ അവനൊപ്പം നിന്നു. തന്റെ മനസ്സിലുള്ള മോഹം കെടാതെ നോക്കാനും ഇപ്പോൾ ഉള്ള ജോലി കളയാതെ കോച്ചിങ്ങിനു പോകാൻ ശ്രമിക്കാനും അയാൾ ഉപദേശിച്ചു. അടുത്ത ദിവസം രാവിലെ തന്റെ സർട്ടിഫിക്കറ്റുകളുമായി ഉണ്ണി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി തന്റെ പേര് രജിസ്റ്റർ ചെയ്തു. ഗണിതത്തിൽ ബിരുദാന്തര ബിരുദം നേടിയ ഉണ്ണിക്ക് സിവിൽ സർവീസ് ബുദ്ധിമുട്ടാവില്ല എന്ന് അവിടുത്തെ കോഓർഡിനേറ്റർ പറഞ്ഞെങ്കിലും അവൻ അത് മുഖവിലക്കെടുത്തില്ല.


രാവിലെ ഒൻപതു മുതൽ അഞ്ചു മണി വരെ ഒരു ബാച്ച് , വൈകിട്ട് ഏഴു മുതൽ പതിനൊന്നു വരെ രണ്ടാമത്തെ ബാച്ച് . തന്റെ ജോലി കളയാതെ പഠിക്കുക എന്ന ഉദ്ദേശ്യത്തിൽ ഉണ്ണി രണ്ടാമത്തെ ബാച്ചിലായിരുന്നു ചേർന്നത്. ഉണ്ണിയെ പോലെ ജോലിയുള്ളവരോ അല്ലങ്കിൽ അപ്പോഴും ഏതെങ്കിലും കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയിരുന്നു വൈകിട്ടത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നത് . ഒരു പഴയ ബൈക്ക് വാങ്ങിച്ചു ,ഓഫീസിൽ നിന്നും കഴിവതും നേരത്തെ വീട്ടിൽ തിരിച്ചെത്തി , റെഡി ആയി, എന്നും ഏഴു മണിക്ക് മുൻപ് തന്നെ അവൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്താൻ ശ്രദ്ധിച്ചു. രണ്ടു മണിക്കൂർ പഠിത്തവും , രണ്ടു മണിക്കൂർ ചർച്ചകളുമായി അവരുടെ ക്ലാസ് മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഡൽഹിയിൽ എത്തി ഒരു വർഷമാകാൻ പോകുന്ന ആ കാലയളവിൽ , രണ്ടായിരത്തി രണ്ടിലെ യു പി എസ് സി പരീക്ഷക്ക് അവൻ അപേക്ഷിച്ചു . വലിയ പ്രതീക്ഷയോടെ ജൂണിൽ നടന്ന പ്രാഥമിക പരീക്ഷ എഴുതിയെങ്കിലും അവനു ആ കടമ്പ കടക്കാൻ സാധിച്ചില്ല. തോറ്റു പിന്മാറാൻ കൂട്ടാക്കാതെ അവൻ അടുത്ത വര്ഷം വീണ്ടും അപേക്ഷിക്കുകയും പ്രാഥമിക പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. പക്ഷെ, സെപ്റ്റംബറിൽ നടന്ന മെയിൻ പരീക്ഷയിൽ വീണ്ടും അവൻ പരാജയപെട്ടു. തോൽവി വിജയത്തിന്റെ മുന്നോടി ആണെന്നു സ്വയം ആശ്വസിച്ചു അവൻ വീണ്ടും പഠനവും ജോലിയും തുടർന്നു പോന്നു. ആറു അവസരങ്ങളിലെ രണ്ടെണ്ണം നഷ്ട്ടപെടുത്തിയെങ്കിലും ഇനിയും നാലെണ്ണം മുന്നിലുണ്ടെന്നുള്ളതും, രണ്ടാം തവണ തന്നെ പ്രാഥമിക പരീക്ഷ വിജയിച്ചതും അവന്റെ ആത്മവിശ്വാസം കൂട്ടി. തൊട്ടടുത്ത വർഷത്തെ പരീക്ഷകൾക്കായി അവൻ അക്ഷീണം പഠിച്ചു കൊണ്ടിരുന്നു.


ഡൽഹിയിൽ എത്തി മൂന്നാം വര്ഷം , രണ്ടായിരത്തിനാലിൽ , സിവിൽ സർവീസ് പരീക്ഷയിൽ ,തന്റെ മൂന്നാം അവസരത്തിനായി അപേക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് , ആദ്യമായി ഉണ്ണിയുടെ പേരിൽ ഒരു കത്ത് നാട്ടിൽ നിന്നും അവനെ തേടി എത്തിയത്. വിഷ്ണുവിന്റെ പേരിലുള്ള ആ കത്തിൽ , തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞെന്നും , നാട്ടിൽ നിൽക്കാൻ സാധിക്കില്ലെന്നും, എങ്ങനെയെങ്കിലും ഡൽഹിയിൽ ഒരു ജോലി ശെരിയാക്കി അങ്ങോട്ട് വിളിക്കണമെന്നും ആയിരുന്നു ഉള്ളടക്കം .താൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഇതിനകം തന്നെ അത്യാവശ്യം പരിചയം ഉണ്ടാക്കിയെടുത്തിരുന്ന ഉണ്ണി, വിഷ്ണുവിന് വേണ്ടി അവിടെ ഒരു ചെറിയ ജോലി ശെരിയാക്കി. അതിനോടൊപ്പം , അവർ വരുന്നതിന്റെ അടുത്ത ദിവസം തന്നെ കല്യാണം രജിസ്റ്റർ ചെയ്യാൻ വേണ്ടപെട്ടവരെയും ഏർപ്പാടാക്കി . 


ഡോറിലെ മുട്ട് കേട്ടാണ് ഉണ്ണി ഓർമ്മകളിൽ നിന്നും ഉണർന്നത് . ബെഡിൽ നിന്നും ബുദ്ധിമുട്ടി എഴുനേൽക്കാൻ ശ്രമിക്കുന്ന രാമേട്ടനോട് വേണ്ട എന്ന് കൈകൾ ഉയർത്തി കാണിച്ചു അവൻ കൂട്ടുകിടപ്പുകാരുടെ ബെഡിൽ നിന്നും എഴുനേറ്റു മുന്നോട്ടു നടന്നു. മുന്നിലെ ഡോർ തുറന്നതും , പുറത്തു നിന്ന CI കൃഷ്ണകുമാർ ധൃതി പിടിച്ചു അകത്തേക്ക് കയറി ഡോർ അടച്ചു . 


"കിച്ചു, നീ "


ദുർഗ്ഗാ കിച്ചാ എന്നും ഉണ്ണി കിച്ചു എന്നുമാണ് കൃഷ്ണകുമാറിനെ വിളിച്ചിരുന്നത് .


"ഇപ്പൊൾ CI കൃഷ്ണകുമാർ ആയാണ് വന്നിരിക്കുന്നത്"


"നീ ഇരിക്കൂ " അടുത്ത് കിടന്ന പ്ലാസ്റ്റിക് കസേര കൃഷ്ണകുമാറിനു നേരെ നീക്കിയിട്ടു ഉണ്ണി ബെഡിലേക്കിരുന്നു.


"ഇനി പറയു, എന്ത് പറ്റി."


"പ്രതേകിച്ചു ഒന്നും ഇല്ല, പിന്നെ മഫ്തിയിൽ ആണെങ്കിലും , ഞാൻ ഇവിടെ കയറി വരുന്നത് ആരും കാണേണ്ട എന്ന് കരുതി"


"ഹ്മ്മ്" ഉണ്ണി കൈനീട്ടി അടുത്ത് കിടന്ന മൊബൈൽ എടുത്തു വിരൽ കൊണ്ട് സ്ക്രീൻ മാറ്റി സമയം നോക്കി.


"പിന്നെ, ഞാൻ ഒരു അന്വഷണത്തിനു വന്നതാണ്.. "


മൊബൈലിൽ നോക്കികൊണ്ടിരുന്ന ഉണ്ണി , മുഖമുയർത്തി എന്ത് എന്നർത്ഥത്തിൽ കൃഷ്ണകുമാറിനെ നോക്കി .


"ഓഹ്‌ , അങ്ങിനെ ഒന്നും ഇല്ല, ഒരു ആക്സിഡന്റ് കേസ്, ആള് നല്ല വണ്ണം മദ്യപിച്ചിട്ടുണ്ടായിരുന്നു. പിന്നെ സീറ്റ് ബെൽറ്റും ഇട്ടില്ല. എന്ത് പറയാനാ,രാത്രിയിൽ വരുന്ന വഴി നിയന്ത്രണം വിട്ടു , വഴിയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പു കുറ്റികൾ ഇടിച്ചു തെറിപ്പിച്ച കാർ മൂക്കും കുത്തി വയലിലേക്ക് വീണു . "


"എന്നിട്ടു " ആകാംഷയോടെ ഉണ്ണി കൃഷ്ണകുമാറിന്റെ കണ്ണുകളിലേക്കു നോക്കി.


"എന്തു പറയാനാ, കഴുത്തും , നെഞ്ചും വന്നു സ്റ്റീയറിങ്ങിൽ ഇടിച്ചു . ഓവർ സ്പീഡ് ആയതു കൊണ്ടാകാം , കാർ വയലിലോട്ടു ഇറങ്ങിയിട്ട് ഒന്നോ രണ്ടോ വട്ടം മറിഞ്ഞാണ് നിന്നതു എന്ന് തോന്നുന്നു , കയ്യും കാലും നടുവും ഒന്നും അനക്കാൻ വയ്യ . ചുരുക്കി പറഞ്ഞാൽ മിണ്ടാനും അനങ്ങാനും ഒന്നും വയ്യാത്ത അവസ്ഥയിൽ ജീവിക്കേണ്ടി വരും. ഒരു ഇഞ്ച പരുവം. മരിക്കേണ്ടതായിരുന്നു , ഏതോ വഴിപോക്കർ അപകടം കണ്ടു, കാറു തല്ലി പൊളിച്ചു എടുത്തു കൊണ്ട് വന്നതാ. ഇപ്പോൾ ഇവിടെ അഡ്മിറ്റ് ആണ് ."


മുഖത്തു ഒരു പുഞ്ചിരിയുമായി കൃഷ്ണകുമാർ എഴുനേറ്റു . 


"ഓഹ് , വെരി സാഡ് , ഇട്സ് എ ബാഡ് ന്യൂസ് , മിസ്റ്റർ കൃഷ്ണകുമാർ "


ഉണ്ണി എഴുനേറ്റു നിന്ന് കൃഷ്ണകുമാറിനു നേരെ തന്റെ വലതു കൈ നീട്ടി. കൃഷ്ണകുമാർ ഉണ്ണിക്കു കൈ കൊടുക്കാൻ ശ്രമിക്കാതെ നിവർന്നു നിന്ന് സല്യൂട്ട് ചെയ്തു.


"എന്റെ ഡ്യൂട്ടി കഴിഞ്ഞു രുദ്രൻ സർ, എങ്കിലും, എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം, ഞാൻ ഉണ്ടാകും എവിടെയും നിങ്ങൾക്കൊപ്പം"


ഉണ്ണിയോട് രഹസ്യമായി പറഞ്ഞു കൃഷ്ണകുമാർ തിരിഞ്ഞു നടന്നു .


രാമേട്ടനോടൊപ്പം ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിലാണ് , ഒരു നഴ്സ് അവരുടെ മുറിയിലേക്ക് കയറി വന്നത് . 


"ഉണ്ണി "


"എസ്, ഞാനാണ് "


"പേഷ്യന്റ് ഉണർന്നു, താങ്കളെ കാണണമെന്ന് പറയുന്നു "


ഇന്നത്തോടെ സെഡേഷൻ നിർത്തുമെന്ന് ഡോക്ടർ പറഞ്ഞതു അവൻ ഓർത്തെടുത്തു . കഴിപ്പ് നിർത്തി രണ്ടു പേരും കൈകൾ കഴുകി ICU വിലേക്ക് നടന്നു .


"ഉണ്ണി, ഞാൻ വെളിയിൽ ഉണ്ടാകും "


ICUവിൽ ദുർഗ്ഗയോടൊപ്പം അല്പനേരം ചിലവിട്ടു ഒന്നും മിണ്ടാതെ രാമൻ നായർ പുറത്തേക്കു നടന്നു.


"അച്ഛൻ " അവൾ തളർന്ന ശബ്ദത്തിൽ ഉണ്ണിയോട് ചോദിച്ചു.


"രണ്ടു ദിവസമായി ഇവിടെ ഉണ്ടായിരുന്നു, നിന്നെ കണ്ടിട്ടേ പോകുകയുള്ളു എന്ന് പറഞ്ഞു. "


ഉണ്ണി അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് ഇടതു കൈ തന്റെ രണ്ടു കൈകൾക്കുള്ളിൽ ചേർത്തുപിടിച്ചു . 


"രണ്ടു ദിവസം, ഞാൻ ഇവിടെ മയക്കത്തിൽ .. "


"ഹ്മ്മ്"


"എന്നും എന്നെ കൊണ്ട് അച്ഛനും ഉണ്ണിയേട്ടനുമെല്ലാം ബുദ്ധിമുട്ടെ ഉണ്ടായിട്ടുള്ളൂ, ഒരു നശിച്ച ജന്മമാണല്ലേ എന്റേത് "


അത് വരെ അവൾ പിടിച്ചു നിർത്തിയിരുന്ന കണ്ണുനീർ താഴേക്ക് ഒഴുകാൻ തുടങ്ങി . 


"ആയില്യം നക്ഷത്രം, എന്നും അലച്ചിലാണ്, എനിക്കും, എന്നോട് ചേർന്ന് നില്ക്കുന്നവർക്കും.. "


"നീ എന്തിനാ ദേവൂ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നത് "


"അതെ ഉണ്ണിയേട്ടാ, കുഞ്ഞിലേ അമ്മ പോയി, എന്നും ദുഃഖങ്ങൾ മാത്രമേ എന്നെ ഒരുപാടു സ്നേഹിച്ച അച്ഛനും ഉണ്ണിയേട്ടനും എല്ലാം നല്കിയിട്ടുള്ളു.. "


"ദേവൂ , നീ എന്റെ ഭാഗ്യമല്ലേ പെണ്ണെ, നീ വന്നതിനു ശേഷമല്ലേ ഞാൻ .. "


അവളുടെ സങ്കടം കണ്ടു ഉണ്ണിയുടെ വാക്കുകളും ഇടറാൻ തുടങ്ങി . 


"ദേവൂ, അവൻ ഇവിടെ താഴെയുണ്ട്, നീ ഒന്ന് എഴുനേറ്റ് നടക്കൂ , എന്നിട്ടു നമുക്ക് ഒരുമിച്ചു പോയി കാണാം"


ഉണ്ണി വലതു കൈ നീട്ടി അവളുടെ കണ്ണുനീർ തുടച്ചെടുത്തു .


"ജോണേട്ടൻ "


"ജോൺ ഹംസയുമായി പൂങ്കാവിലേക്കു പോയി. മകരം തീരുന്നതിനു മുൻപ് വീടുകൾ രണ്ടും ശെരിയാക്കണ്ടേ ?"


"ഹ്മ്മ്"


"അതെ .. പേഷ്യന്റിനെ അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കണ്ട, നിങ്ങൾ പുറത്തേക്കു ഇറങ്ങിക്കൊള്ളു, ഇതിപ്പോൾ ഡോക്ടർ പ്രേത്യേകം പറഞ്ഞിട്ടുള്ളതു കൊണ്ടാണ് നിങ്ങളെ കയറ്റിയത്. "


നേരത്തെ റൂമിൽ വന്ന നഴ്സ് അവരുടെ അടുത്ത് വന്നു പറഞ്ഞു . പിന്നെയും എന്തോ ചോദിക്കാൻ പോയ ദുർഗ്ഗയുടെ ചുണ്ടിൽ വിരൽ ചേർത്ത് , അവളുടെ ഇടതു കൈയ്യിൽ ചുണ്ടുകൾ അമർത്തി പുഞ്ചിരിച്ചു ഉണ്ണി പുറത്തേക്കു നടന്നു . 


(തുടരും)