Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 6

 ജോൺ വണ്ടിയിൽ നിന്നിറങ്ങിക്കൊള്ളാൻ വലതു കൈ ഉയർത്തി വീശിക്കാണിച്ചു .



"ദുർഗ്ഗാ , വന്നോളൂ, നിനക്ക് കാണേണ്ടവർ എല്ലാവരും ഇവിടെ തന്നെയുണ്ട് "


മുൻപിലെ ഡോർ തുറന്നു ഇറങ്ങിവന്ന ദുർഗ്ഗയെ കണ്ടു എല്ലാവരും അമ്പരന്നു . മുഖത്ത് നിന്ന് സൺഗ്ലാസ് എടുത്തു ഡാഷ് ബോർഡിന്റെ മുകളിലേക്ക് ഇട്ടു ഡോർ ശക്തമായി അടച്ചു മുമ്പോട്ടു നടന്നു അവൾ മഠത്തിൽ തറവാട്ടിലേക്ക് ഇടതു കാൽ വച്ച് കയറി . വിഷ്ണു വിശ്വസിക്കാനാകാതെ അവളെ നോക്കി നിന്നു .ചുരിദാറോ കോട്ടൺ സാരിയോ മാത്രം ധരിക്കാറുണ്ടായിരുന്ന അവൾ ആ സമയത്തു ഒരു കറുത്ത ജീൻസും അരക്കു താഴെ നിൽക്കുന്ന ഒരു ബ്ലൂ ഷർട്ടുമാണ് ധരിച്ചിരുന്നത്. കാതിൽ ജിമിക്കിക്കു പകരം ഒരു ഡയമണ്ട് സ്റ്റഡ് ചെയ്ത കമ്മൽ , മേൽക്കാതു കുത്തി ചെറിയ റിങ്ങും . വലതു കയ്യിൽ ഒരു വാച്ചും .


തന്നെ നോക്കിനിൽക്കുന്ന വിഷ്ണുവിന് നേരെ അവൾ വലതു കൈ ഉയർത്തി വിരൽ ഞൊടിച്ചു . 


"നീ എന്താ ഇവിടെ "


പല്ലുകൾ കടിച്ചു പിടിച്ചു വിശ്വനാഥ പണിക്കർ ചോദിച്ചു 


"സ്റ്റേഷനിൽ പോകുന്നതിനു മുൻപായി നിങ്ങളെ വന്നു കാണാമെന്നു കരുതി. ഞാൻ എവിടെയാണെന്ന് അറിയാൻ ഇവിടെയുള്ളവർക്കല്ലേ കൂടുതൽ താത്പര്യം "


"ഇറങ്ങിപ്പോടി ഒരുമ്പട്ടവളേ " അശോകൻ മുന്നോട്ടു കയറി വന്നു.


"മോനെ അശോകാ , പണ്ട് നിന്റെ മുൻപിൽ ഓച്ഛാനിച്ചു നിന്ന ഗുമസ്തൻ രാമൻനായരുടെ ഒന്ന് കണ്ണുരുട്ടിയാൽ പേടിക്കുന്ന പഴയ ദുർഗ്ഗയല്ല ഞാൻ .. നീ അതോർത്തോ . പിന്നെ ഇവിടെ താമസിക്കാൻ വന്നതും അല്ല , വന്ന വരവിൽ ചൂടോടെ ചിലരെ ഒക്കെ കാണണം എന്ന് തോന്നി "


"തേവിടിശ്ശി " പതുക്കെ പറഞ്ഞതാണെങ്കിലും പണിക്കരുടെ ശബ്ദം എല്ലാവരും വ്യക്തമായി കേട്ടു .


"മക്കള് വാ , അകത്തേക്ക് പോകാം " ആതിര കുട്ടികളുടെ തോളത്തു പിടിച്ചു അകത്തേക്ക് കൊണ്ടുപോകാൻ തുടങ്ങി .


"ആതിര . ആതി .. അങ്ങനെ അല്ലെ നിന്റെ പേര് , അവരും കേൾക്കട്ടെ അച്ഛന്റെയും മുത്തച്ഛന്റേയും കുടുംബ മഹിമ, എന്നിട്ടു അകത്തേക്ക് കൊണ്ട് പോകാം "


അവളുടെ സ്വരം കേട്ടതോടെ ആതിര അവിടെ തന്നെ നിന്നു. ദുർഗ്ഗ പണിക്കരുടെ അടുത്തേക്ക് നീങ്ങി.


"തേവിടിശ്ശി , വേശ്യ .. നല്ല പദങ്ങളാണ് പണിക്കരെ, ഞാനും ഇടക്കൊക്കെ അങ്ങനെ എന്നെ വിളിക്കാറുണ്ട് , കുട്ടികാലം മുതലേ സ്വന്തമെന്നു കരുതി പ്രണയിച്ച , എനിക്ക് വേണ്ടി ജീവിതം മാറ്റി വച്ച , ആത്മാർത്ഥമായ ആ പ്രണയം കാണാതെ , ശരീരം മാത്രം നോക്കി വന്ന ഒരുത്തന്റെ കാമുകിയാകേണ്ടി വന്നതിൽ , ആ ഓർമ്മകൾ എന്നിലേക്ക്‌ തികട്ടി വരുമ്പോഴെല്ലാം ഞാൻ എന്നെ തന്നെ വിളിക്കാറുണ്ട് തേവിടിശ്ശിയെന്നു. പണ്ട് , നിങ്ങൾ ഈ വിളിച്ച തേവിടിശ്ശി ,എന്നെങ്കിലും ഉട് മുണ്ട് സ്വയം അഴിക്കാൻ തയ്യാറായിട്ടുണ്ടങ്കിൽ അത് ഈ നിൽക്കുന്ന നിങ്ങളുടെ മകന് വേണ്ടിയായിരുന്നു എന്നോർക്കുന്നത് നല്ലതായിരിക്കും.ആ ഓർമ്മകൾ എന്നിലേക്ക്‌ വരുന്ന ഓരോ നിമിഷവും ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നത് , ഈ നാട്ടിൽ ഞാൻ തിരിച്ചു വരുന്നതിനു മുൻപ് നിങ്ങൾ ചാകരുതു എന്ന് മാത്രമായിരുന്നു."


ദുർഗ്ഗയുടെ കണ്ണുകളിൽ ജ്വലിക്കുന്ന ദേഷ്യം കണ്ടു പണിക്കർ തല താഴ്ത്തി . 


"ഇന്നേക്ക് അമ്പത്തിയാറാം നാൾ എന്റെ വീട്ടിൽ നിന്ന് , താൻ ബലമായി പിടിച്ചു വാങ്ങിയ എന്റെ അമ്മ ഉറങ്ങുന്ന മേച്ചേരിൽ വീട്ടിൽ നിന്ന് ഇരട്ട തൂക്കം പൂങ്കാവ് ദേവിയുടെ നടയിലേക്കു പോകും.ദാരികനെ കൊന്നിട്ടും ദേഷ്യം തീരാത്ത ഭദ്രകളിയെ നൃത്തം ചെയ്തും ഒടുവിൽ തന്റെ രക്തം കൊടുത്തും കോപമടക്കിയ ഗരുഡൻ , രാവിലെ പൂങ്കാവ് അമ്മയെ തൊഴുതു ഗരുഡന്മാർ വ്രതം തുടങ്ങി . താനും ഇന്ന് മുതൽ വ്രതം തുടങ്ങിക്കോ, കാരണം ഭരണി കടന്നു കാർത്തിക നക്ഷത്രം തെളിയുമ്പോൾ , ഗരുഡന്മാർ മുതുകിൽ ചൂണ്ട കൊളുത്തു കയറ്റി തട്ടിൽ തൂങ്ങി അമ്പലത്തിന്റെ വടക്കേ മുറ്റത്തു രക്തം വീഴ്ത്തി ദേവിക്ക് വലത്തു വയ്ക്കുന്നതിന് മുൻപ് തന്നെ , നിന്റെ രക്തം കണ്ടു ഇതിനൊരവസാനം ഞാൻ ഉണ്ടാക്കും . ഈ അമ്പത്തിആറ് ദിവസം കൊണ്ട് തന്നെ ഇഞ്ചിഞ്ചായി കൊന്നിരിക്കും."


"എടീ നിന്നെ .." അശോകൻ മുന്നോട്ടു വന്നു ദുർഗ്ഗയുടെ മുഖത്തിന് നേരെ കൈ വീശി.


പക്ഷെ അവൾ ഒഴിഞ്ഞു മാറി രണ്ടു കൈകൾ കൊണ്ടും അവനെ നിലത്തേക്ക് തള്ളിയിട്ടു . 


"അശോകാ .. നീ .. നിന്റെ ഭാവി , നിന്റെ ഇനിയുള്ള ജീവിതം , അതു എന്റെ കയ്യിലല്ല.നുള്ളിപ്പോലും നിന്നെ വേദനിപ്പിക്കില്ല എന്ന് ഞാൻ വാക്കു കൊടുത്തു പോയി .. കയ്യിലുള്ള എല്ലാ ആയുധങ്ങളുമായി നീ കാത്തിരുന്നോ, നിന്റെ കാലൻ വരുന്നതേ ഉളളൂ " ദുർഗ്ഗ ഇടതു കയ്യുയർത്തി ചൂണ്ടു വിരൽ അവനു നേരെ നീട്ടിപ്പറഞ്ഞു.


അവൾ വെട്ടി തിരിഞ്ഞു പടിയിറങ്ങാൻ പോയി , അപ്പോഴാണ് ഇതെല്ലം കണ്ടു പേടിച്ച നിൽക്കുന്ന കുട്ടികളെയും ആതിരയെയും അവൾ കണ്ടത് . 


"ആതിര , ഇതൊരു യുദ്ധഭൂമിയാണ്, വിജയം ആർക്കാണെന്ന് നേരത്തെ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിനക്ക് വേണമെങ്കിൽ നിന്റെ ഭർത്താവുമായി ഇതിൽ നിന്ന് ഒഴിഞ്ഞു പോകാം, ഇല്ലങ്കിൽ ഉരുളുന്ന തലകളുടെ കൂടെ , അപമാനിക്കപ്പെടുന്ന ആളുകളുടെ കൂടെ നിന്റെ ഭർത്താവും കാണും . ഒഴിവാക്കി തന്നതാണ് ഞാൻ , ഇനി ഒരു അവസരം കിട്ടിയെന്നു വരില്ല "


കുട്ടികളുടെ തലയിൽ തഴുകി ദുർഗ്ഗ തിരിഞ്ഞു നടന്നു .


"ദേവൂ " വിഷ്ണു അവളുടെ അരികിലേക്ക് ചെന്ന് വിളിച്ചു.


പടികളിറങ്ങിയ ദുർഗ്ഗ ഒരു നിമിഷം തിരഞ്ഞു നിന്നു . 


"അങ്ങിനെ വിളിക്കാൻ ഞാൻ ഒരാൾക്കേ അധികാരം കൊടുത്തിരുന്നുള്ളു. അയാളിൽ നിന്നും നിങ്ങൾ ആദ്യം എന്റെ പേര് വാങ്ങിച്ചെടുത്തു, പിന്നെ എന്നിലുള്ള അധികാരവും , മറന്നിട്ടില്ല ഞാൻ ഒന്നും, ഇനി ഒരിക്കലും മറക്കുകയുമില്ല , നേരത്തെ പറഞ്ഞത് പോലെ ഒഴിവാക്കിയതാണ് ഞാൻ , ഇവരോടൊപ്പം കൂടിയാൽ .. "


പൂങ്കാവ് അമ്പലത്തിനു ചുറ്റുമുള്ള ഏക്കര് കണക്കിന് പാടത്തു ,സ്വർണ്ണ വർണ്ണത്തിൽ കൊയ്യാറായി നിൽക്കുന്ന നെൽച്ചെടികൾക്കിടയിലൂടെ കിന്നാരം പറഞ്ഞു നടന്ന ആ ദുർഗ്ഗയല്ല തന്റെ മുൻപിൽ ഉള്ളതെന്ന് വിഷ്ണുവിന് മനസ്സിലായി.


വണ്ടിയുടെ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയ ദുർഗ്ഗയുടെ അടുത്തേക്ക് മറ്റൊരു കാർ പാഞ്ഞു വന്നു നിർത്തി . അതിൽ നിന്നും വിഷ്ണുവിന്റെ സഹോദരി വിദ്യ ഇറങ്ങിവന്നു . 


'മോളെ , ദുർഗേ , സുഖമാണോ നിനക്ക് , നീ എവിടെയാ പോയെ ഇവന്റെ ഒപ്പം "


ജോണിനെ ചൂണ്ടിക്കാണിച്ചു വിദ്യ അവളുടെ അടുത്തേക്ക് നടന്നടുത്തു. മറുപടിയായി വിദ്യയുടെ ചെകിട്ടത്തു ദുർഗ്ഗ ആഞ്ഞടിച്ചു . അടിയുടെ ശക്തിയിൽ അവൾ കാറിന്റെ ബോണറ്റിൽ തലയിടിച്ചു താഴെ വീണു . 


"വിദ്യേച്ചി എന്നു വിളിച്ചു പറഞ്ഞു പുറകെ നടന്ന പഴയ ദുർഗ്ഗയല്ല ഞാൻ , അതോർത്തോളു നീ.. പണ്ട് നിന്റെ ചേട്ടന്റെ മുറിയിൽ ആരും കാണാതെ എന്നെ നീ തള്ളിവിട്ടിട്ടുണ്ട് , എന്നൊക്കെ ഞാൻ വിചാരിച്ചതു എന്നെ സഹായിക്കാനായിരുന്നെന്നാ .. മറന്നിട്ടില്ല ഞാൻ ഒന്നും , എന്നോടും കുടുബത്തോടും കാണിച്ചത് .. ഇനി വരരുത് എന്റെ മുൻപിൽ ..." 


പറയാൻ വന്ന പലതും പാതിയിൽ നിർത്തി അവൾ ഡോർ തുറന്നു അകത്തു കയറി . 


"ജോണേട്ടാ, പോകാം "


"ശെരി മോളെ" 


ജോൺ ഓടി വന്നു വണ്ടിയിൽ കയറി വേഗത്തിൽ വെളിയിലേക്കു ഓടിച്ചു പോയി . വിദ്യ കവിളിൽ പിടിച്ചു അകത്തേക്ക് കയറിച്ചെല്ലുമ്പോൾ കസേരയിൽ ദേഷ്യം കൊണ്ട് വിറച്ചിരിക്കുന്ന അച്ഛനെയും അടുത്ത് നിൽക്കുന്ന ഭർത്താവിനെയും കണ്ടു. ആതിര , വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു കുട്ടികളുമായി അകത്തേക്ക് കയറിപ്പോയി. 


"അശോകാ "


"എന്താ അച്ഛാ.. "


"അറിയണം, ആരാണവൾക്കു പിന്നിലെന്ന് , എന്താണവളുടെ ഉദ്ദേശമെന്ന് , പിന്നെ എല്ലാവരെയും വിളിച്ചു കൂട്ടിക്കോ , അവൾ അമ്പത്തിയാറു ദിവസമാണ് തന്നതെങ്കിൽ നമുക്ക് പതിനഞ്ചു മതി" 


അശോകൻ എന്തോ കണക്കു കൂട്ടിയത് പോലെ തന്റെ മൊബൈലുമായി വെളിയിലേക്കു ഇറങ്ങിപ്പോയി . 


(തുടരും ) 

No comments:

Post a Comment