കടലാഴങ്ങൾ 10
രാവിലെ ബാംഗ്ലൂരിൽ എത്തിയ ശേഷം വല്ലാത്തൊരു പരവേശത്തിൽ ആയിരുന്നു അഞ്ജലി. ഫ്ലാറ്റിന്റെ ഡോർ അടക്കാതെ കൊറിഡോറിലൂടെയുള്ള ഓരോ ചലനങ്ങൾക്കുമായി അവൾ കാതോർത്തു . പക്ഷെ നിരാശയായിരുന്നു ഫലം . ദിയയും മൈഥിലിയും ഓഫീസിലേക്ക് പോകാനായി തയ്യാറായി വന്നുവെങ്കിലും അപ്പോഴും ഒരു കോഫീ മഗുമായി അഞ്ജലി ഹാളിലും ബെഡ്റൂമിന്റെ ബാല്കണിയിലുമായി സമയം തള്ളി നീക്കുകയായിരുന്നു .
"ഞാനൊന്നു പോയി ബെല്ലടിച്ചു നോക്കിയാലോ .. "
"എന്തിനു .. "
"നീയൊക്കെ അല്ലെ പറഞ്ഞെ , ഇന്ന് രാവിലെ ആദിയേട്ടൻ എന്നെ കാണാൻ വരുമെന്ന് .കാണാൻ വന്നില്ല എന്ന് മാത്രമല്ല ആളുടെ ഒരനക്കം പോലുമില്ലല്ലോ . "
"അഞ്ജു , ഇനി വല്ല അസുഖവുമാണോ .. "
"ആ മിഥൂ , അതാ പറഞ്ഞേ, ഞാനൊന്നു നോക്കിയാലോ .. "
മൈഥിലിയുടെ മറുപടിക്കു കാത്തു നിൽകാതെ അഞ്ജലി ഫ്ലാറ്റ് തുറന്നു പുറത്തേക്കിറങ്ങി ആദിയുടെ ഫ്ലാറ്റിനു മുന്നിലെ കാളിങ് ബെൽ അമർത്തി . വാതിൽ തുറക്കാഞ്ഞതിനാൽ കുറച്ചു നേരം അവിടെ നിന്ന ശേഷമാണ് ഗ്രില്ലിനു മുന്നിലെ പൂട്ടിയ ഓടാമ്പൽ അവൾ ശ്രദ്ധിച്ചത് .
"എന്തായി .. "
തിരികെ വന്നു കയറിയ അവളോട് ദിയ ചോദിച്ചു .
"ഡി , ഡോർ പുറത്തു നിന്നും പൂട്ടിയിരിക്കുന്നു . ആളിവിടെ ഇല്ല .. "
"ഹ്മ്മ് .. അതല്ല ഇനി നാട്ടിൽ പോയിക്കാണമോ .. അല്ലങ്കിൽ ഇനി നമ്മൾ വരുന്നതിനു മുൻപേ ഓഫീസിൽ പോയിക്കാണുമോ .. "
"ശ്ശെ . എവിട പോകണമായിരുന്നെങ്കിലും ഒന്ന് പറയാമായിരുന്നു .. ഇതിപ്പോ .. "
"എൻ്റെ അഞ്ജു , ഇനി വെള്ളിയാഴ്‌ച അത് പറയാൻ ആണോ നിന്റെ അടുത്ത് വന്നത്. നീയാണെങ്കിൽ വായിൽ തോന്നിയത് പറഞ്ഞു പുള്ളിയെ ഓടിച്ചു വിട്ടു .."
അഞ്ജലി നിരാശയോടെ മൈഥിലിയുടെ മുഖത്തേക്ക് നോക്കി.
"ഒരു മിനിറ്റ് , നീ അല്ലെ ഇനി അങ്ങേരുമായി ബന്ധമൊന്നുമില്ല എന്നൊക്കെ ഇന്നലെ വൈകിട്ട് പറഞ്ഞത് .. എന്നിട്ടിപ്പോ .. "
"ദിയെ , അത് ഞാൻ ആ സമയത്തു .. അങ്ങനയല്ലടി .. പുള്ളി അടുത്തുള്ളപ്പോ , അങ്ങേരെ കുറിച്ച് ചിന്തിക്കുമ്പോ .. ഒരിത് .. ആ എനിക്കറിയാൻ മേലാ .. "
"പെണ്ണെ , അത് തന്നാ ഈ പ്രണയം എന്ന് പറയുന്നേ .. ഇനി എങ്കിലും നീ സമ്മതിക്ക് .. നീ വീണെന്ന് .. "
"ഒന്ന് മിണ്ടാതിരി ദിയെ , ഇത് ക്രഷ് ആണ് .. ഒരു തരം ഇൻഫാച്ചുവേഷൻ .. "
"മിഥൂ , നീ ഇംഗ്ലീഷിൽ പറഞ്ഞ അതെ സാധനം തന്നാ മലയാളത്തിൽ ഞാനും പറഞ്ഞത് ..ഇവൾക്ക് അങ്ങേരോട് ആദ്യം ഒരു ആകർഷണം തോന്നി , ഇപ്പോൾ അടുത്ത സ്റ്റെപ്പിൽ എത്തി .. പ്രണയത്തിന്റെ തുടക്കം .. ഇനി എന്താകും എന്നെ നോക്കേണ്ടൂ .. "
"നിർത്തിക്കെ രണ്ടാളും , നീയൊക്കെ പറഞ്ഞു പറഞ്ഞു കാട് കേറുന്നു . ആദിയേട്ടനെ കണ്ടാൽ എല്ലാം പറഞ്ഞു ഒന്ന് തീർക്കാം എന്ന് വിചാരിച്ചതാ രാവിലെ ... അല്ലാതെ വേറെ ഒന്നും ഇല്ല .. "
"എന്ത് പറഞ്ഞു തീർക്കാം എന്ന് .. "
"അത് .. അത് .. വെള്ളിയാഴ്‌ച ഉണ്ടായതിനു ഒരു സോറി, പിന്നെ എനിക്ക് ഇങ്ങനെ ഒന്നും ഇല്ലാ , ഞാൻ ഫ്രീ ആയി ഇടപെഴുകുന്നത് തെറ്റിദ്ധരിക്കരുത് എന്ന് .. "
"അത് ഞങ്ങൾക്ക് മനസ്സിലായി .. അല്ലെ മിഥൂ .. "
ദിയ കണ്ണുകൾ ചിമ്മി മൈഥിലിയെ നോക്കി ..
"ആ നിങ്ങൾ രണ്ടു പേരും കൂടി എന്താണെന്ന് വച്ചാൽ ചിന്തിച്ചു കൂട്ട് . എനിക്ക് അങ്ങേരെ കണ്ടില്ലാന്നു വച്ച് ഒരു കുഴപ്പവും ഇല്ലാ . പോരെ .."
ബാത്റൂമിലേക്കു ദേഷ്യത്തോടെ കയറി പോകുന്ന അഞ്ജലിയെ നോക്കിയവരിരുവരം പുഞ്ചിരിച്ചു .
***************************************
കനകമംഗലം ഗ്രാമം എന്നെഴുതിയ ബോർഡിന് കീഴേക്കു ഒരു എൻഫീൽഡ് വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ യുവാവ് , തൻ്റെ ഹെൽമെറ്റ് ഊരാതെ ഷോൾഡർ ബാഗ് ഒന്ന് കൂടി നേരെയാക്കി ചൂണ്ടുവിരലിൽ താക്കോൽ കറക്കി അടുത്ത് തന്നെയുള്ള ചെറിയ ചായക്കടയിലേക്ക് കയറി. തടിയുടെ അട്ടികൾ ഉയർത്തി വച്ച ആ പഴയ ചായക്കട ടാർ റോഡിന്റെ വശത്തുള്ള ഒരു ചെറിയ ഓടിട്ട വീടിന്റെ ഭാഗമായിരുന്നു . ആ റോഡിന്റെ മറു വശത്തു രണ്ടു വലിയ മാവുകൾ നിവർന്നു നിന്നിരുന്നു , അതിനു പിന്നിലായി വയലും . ആ മാവുകളുടെ നടുവിലായി അടുക്കി വച്ചിരിക്കുന്ന ചെങ്കല്ലുകളിൽ പഴയ രണ്ടു ഇലക്ടിക് പോസ്റ്റ് കിടത്തിയിട്ടിരിക്കുന്നു . ഏതൊരു ഗ്രാമത്തിന്റെയും ഭാഗവാക്കെന്ന പോലെ അവിടെയിരുന്നു ആളുകൾ വർത്തമാനം പറയുന്നുണ്ട് . ചായക്കടക്കപ്പുറം മൂന്നോ നാലോ കടമുറികളും ,അവയുടെ മുകളിലായി ഒരു വലിയ ഹാളും ചേർന്ന ഒരു വാർക്ക കെട്ടിടവുമുണ്ട്
ഹെൽമെറ്റ് ഊരി ആ ചായക്കടയുടെ ആളൊഴിഞ്ഞ കൗണ്ടറിലേക്ക് വച്ച് അടുത്തു തന്നെയുള്ള കണ്ണാടി അലമാരിയിൽ നിന്നും വലതു കൈ കൊണ്ട് ഒരു വെട്ടു കേക്ക് എടുത്തു കടിച്ചു, ഇടതു കൈ നീട്ടി സമോവാറിൽ നിന്നും ചൂടുവെള്ളം എടുത്തു ചായ അടിച്ചു കൂട്ടി കൊണ്ടിരുന്ന പ്രായമേറിയ ആളെ ഗൗനിക്കാതെ അയാൾ ചായ പകർന്നു കൊണ്ടിരുന്ന ഗ്ലാസ്സുകളിൽ നിന്നും ഒരെണ്ണം എടുത്തു അടുത്തു കിടന്ന ഒരു ബഞ്ചിലേക്കിരുന്നു . അയാൾ, തന്നോട് അനുവാദം ചോദിക്കാതെ ഇങ്ങനെ പെരുമാറിയതിൽ ഉള്ള നീരസത്തോടെ ആ യുവാവിനെ നോക്കി .
"താനെന്ത് പണിയാടോ ഈ കാണിച്ചത് . ഇവിടെ ബാക്കിയുള്ളവർക്കു ചായ കൊടുക്കണ്ടേ .. "
"എൻ്റെ രാഘവേട്ടാ , എന്നോട് ഒരു ചായക്ക് കണക്കു പറയുന്നോ .. "
അവൻ ഷോൾഡർ ബാഗ് മേശപ്പുറത്തേക്കു വച്ചു , മുഖത്തിരുന്ന ഗ്ലാസ്സ് ഊരി മാറ്റിയ ശേഷം അതിശയത്തോടെ വിടർന്നു വരുന്ന അയാളുടെ മുഖത്തേക്ക് നോക്കി അവൻ കണ്ണ് ചിമ്മി .
"എൻ്റെ സ്‌പെഷ്യൽ കിട്ടുമോ .. "
"അയ്യയ്യോ .. ആരിത് .. ആദിത്യൻ കുഞ്ഞോ .. ശ്ശെടാ .. അകെ മാറിപോയല്ലോ .. പാന്റും ഷൂവും .. ഹോ, ഈ രാഘവന് ആള് മനസ്സിലായില്ല കേട്ടോ .. "
അയാൾ കയ്യിലിരുന്ന ചായ ഗ്ലാസ്സുകൾ എതിർ വശത്തിരുന്നവരുടെ മുന്നിലേക്ക് വച്ചു കൊടുത്തിട്ടു തന്റെ കൈകൾ തോളിൽ കിടന്ന തോർത്തിൽ തുടച്ചു അവന്റെ അടുത്തേക്ക് ചെന്നു .
"കുഞ്ഞിന് തന്നില്ലേ പിന്നെ ഈ രാഘവൻ ആർക്കു വേണ്ടിയാ സ്‌പെഷ്യൽ ഉണ്ടാക്കുന്നത് .. "
അയാൾ പരിഭ്രമത്തോടെ ആദിയുടെ കൈകൾ തലോടി ചായക്കടയുടെ പുറകിലേക്ക് നോക്കി .
"സരോ .. സരോ .. സരോജം .. "
"എന്തെ .."
അകത്തു നിന്നും ഒരു സ്ത്രീയുടെ മറുപടി വന്നു ..
"ഡി .. നീ ഇങ്ങോട്ടേക്കു വന്നേ , ആരാ വന്നേ എന്ന് നോക്കിക്കേ . "
"ആരാണപ്പാ ഈ സമയത്തു .. മോള് വന്നോ .. "
നെഞ്ചിലേക്ക് തോർത്ത് വലിച്ചിട്ടു ഒരു സ്ത്രീ അവരുടെ അടുത്തേക്കെത്തി ..
"ആദി കുഞ്ഞു . "
"ആ .. നീ അപ്പുറത്തേക്ക് വിളിച്ചോണ്ട് പോ . സ്‌പെഷ്യൽ ചോദിക്കുന്നു .. "
"വാ മോനെ അപ്പുറത്തേക്ക് ഇരിക്കാം .. "
ആ സ്ത്രീ അധികാരത്തോടെ ആദിയുടെ ഷോൾഡർ ബാഗ് കയ്യിലെടുത്തു അകത്തേക്ക് നടന്നു , പുറകെ ആദിയും ആ ചായക്കടയുടെ ഉള്ളിലൂടെ പുറകിലേക്ക് പോയി .
"ആരാ രാഘവേട്ടാ അത് .. "
ചായകുടിച്ചുകൊണ്ടിരുന്ന ഒരുവൻ സംശയത്തോടെ അവരെ നോക്കി രാഘവനോട് ചോദിച്ചു .
"അതാണ് ആദിത്യൻ .. ഏഴുമുറ്റത്തെ .."
"ഏതു അഞ്ചാറു കൊല്ലം മുൻപ് മ്മടെ ബ്ലേഡ് സാബുവിൻ്റെ ... "
അവൻ പകുതിയിൽ നിർത്തി പേടിയോടെ ചുറ്റും നോക്കി ..
"ഏഹ് , ആ ചെക്കൻ വന്നോ .. പറ്റിയ സമയത്താ വന്നേ , ആ പെങ്കൊച്ചിന്റെ കല്യാണം നടക്കാൻ പോകുവാ , ഇവൻ വന്ന സ്ഥിതിക്ക് ഇനി അടിക്കും ഇടിക്കും ഒരു കുറവും ഈ നാട്ടിൽ കാണില്ല .. "
അടുത്തിരുന്ന വയസ്സായ ഒരാൾ എഴുനേറ്റു പുറത്തേക്കു നടന്നു .
"ഏഹ് , ഈ കുഞ്ഞിനെ എല്ലാത്തിലും മനഃപൂർവ്വം കുടുക്കുന്നതാ .. ഇനി നിങ്ങളായിട്ടു വീണ്ടും പറഞ്ഞു പ്രശ്‍നം ഉണ്ടാക്കേണ്ട .."
രാഘവൻ വേഗത്തിൽ അടുപ്പു കത്തിച്ചു അതിലേക്കു ദോശ കല്ല് എടുത്തു വച്ചു.
"മോനെ വാറ്റൊന്നും ഇപ്പൊ ഇല്ലാ , അങ്ങേരുടെ കുപ്പി ഇരിപ്പുണ്ട് , ഞാൻ ചമ്മന്തി അരക്കുമ്പോഴേക്കും ഒരെണ്ണം ഒഴിച്ചോ.. "
അകത്തെ മുറിയിലെ കസേരയിലേക്ക് ആദിയെ ഇരുത്തി സരോജം കബോർഡ് തുറന്നു വിദേശമദ്യകുപ്പി അവന്റെ മുന്നിലേക്ക് വച്ചു .
"ഓഹ് ,വേണ്ടാ ചേച്ചിയെ .. ഞാൻ ഇതൊക്കെ വിട്ടു . "
അവൻ വേണ്ട എന്ന് പറഞ്ഞതും അതിശയത്തോടെ ഇടതു കൈ നെഞ്ചിൽ പിണച്ചു വച്ച് വലതു കൈമുട്ട് അതിൽ കുത്തി കൈപ്പത്തി ഇടതു കവിളിൽ പിടിച്ചു അത്‌ഭുതത്തോടെ അവർ ആദിയെ നോക്കി .
"സന്തോഷമായി മോനെ .. പണ്ട് രാവിലെ രണ്ടെണ്ണം ഇവിടെ വന്ന് അടിച്ചല്ലേ പോകുവായിരുന്നുള്ളൂ .. ആ ശീലം വിട്ടത് ഏതായാലും നന്നായി . മോനിത് വേണ്ടാ .."
അവർ തിരികെ മദ്യ കുപ്പി കബോർഡിലേക്കു വച്ചു .
"എൻ്റെ കുഞ്ഞേ , വന്നു കേറിയപ്പോ എനിക്കാളെ മനസ്സിലായില്ല കേട്ടോ , പണ്ടെന്നായിരുന്നു കോലം , മുടീം താടീം വളർത്തി , മുറുക്കി ചുവന്നു .. "
"അതു തിരിച്ചറിവില്ലാത്ത ഒരു കാലമല്ലായിരുന്നോ ചേച്ചി .. "
"അതെ .. അത് തന്നെ .. അല്ല മോൻ ബോംബേക്കു പോയീന്നും അവിടുന്നു ഗൾഫിൽ പോയെന്നും ഒക്കെ കേട്ടല്ലോ .. ഇതിപ്പോ എവിടുന്നാ വരുന്നേ .. ഗൾഫ് ഏതായാലും അല്ല .. അവിടുന്നാണെൽ കുറെ ബാഗ് ഒക്കെ കണ്ടേണെല്ലോ .. "
മിക്സിയുടെ ജാറിലേക്കു ചിരകിയ തേങ്ങയും വറ്റൽ മുളകും ഇഞ്ചി കഷണവും ഇട്ടുകൊണ്ട് അവരവനെ നോക്കി .
"ഗൾഫ് .. അത് .. ഞാൻ .. അവിടുന്നു ഞാൻ ഒരു സുഹൃത്തിന്റെ വീട്ടിലാ വന്നേ .. ഇങ്ങോട്ടു ബാഗൊക്കെ ആയിട്ടു വന്നിട്ട് എന്ത് ചെയ്യാനാ .. ഗായത്രീടെ കല്യാണം അല്ലെ . അതൊന്നു കൂടണം , തിരികെ പോണം .. "
"ആഹ് .. അപ്പൊ മോൻ കല്യാണം അറിഞ്ഞു വന്നതാ അല്ലെ. അവര് വിളിച്ചു അല്ലെ .."
"ഇല്ല ചേച്ചി . അറിഞ്ഞു , വന്നു .. അത്രേ ഉള്ളൂ . "
"മോനെ , ഇനി ഇതിന്റെ പേരിലൊരു പ്രശ്നം ഉണ്ടാക്കരുത് . ഒന്നുമില്ലെങ്കിലും വലിയ തിരുമേനിയെയും ഇല്ലത്തമ്മയെയും ഓർത്തെങ്കിലും .."
അവർ ചെറിയ ചീന ചട്ടിയിലേക്കു കടുകിട്ടു പൊട്ടിച്ചു അതിലേക്കു ഒരു വറ്റൽ മുളകും പുറകെ കറിവേപ്പിലയും ചേർത്തു . പുറകെ രണ്ടു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞു ആ എണ്ണയിൽ ഇട്ടൊന്നു വഴറ്റി അതിനെ നേരത്തെ അരച്ച് വച്ചിരുന്ന ചമ്മന്തിയിലേക്കു ഒഴിച്ച് അവന്റെ മുന്നിലേക്ക് ഒരു പാത്രത്തിൽ വച്ച് കൊടുത്തു . അപ്പോഴേക്കും ഒരു പ്ലേറ്റിൽ മൂന്ന് നാലോ ദോശയുമായി രാഘവനും എത്തിയിരുന്നു . ആ ദോശമേലേക്കു ചമ്മന്തി ഒഴിച്ച് കുഴച്ചു ഒരു വായ് അകത്താക്കി ആദി അവരെ നോക്കി . അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
"എന്ത് പറ്റി കുഞ്ഞേ .. എരിവ് കൂടുതൽ ആണോ .. "
"ഇല്ല ചേച്ചി .. എന്തോ ഓർത്തിട്ടാ .."
"ഹ്മ്മ് .. ചോദിക്കാൻ പാടില്ലാത്തതാ , എന്നാലും .. മോൻ എന്നാ തിരിച്ചു പോണേ .."
"എന്നെ പറഞ്ഞു വിടാൻ അത്രക്കു ധൃതി ആയോ ചേച്ചി .. "
"അല്ല മോനെ , എന്നാലും മോൻ ഇവിടെ ഉള്ള ഓരോ ദിവസവും എന്താകും എന്നോർത്തു ആധിയാ .. "
അവൻ കുറച്ചു നേരത്തേക്ക് മറുപടി ഒന്നും പറയാതെ ആഹാരം കഴിച്ചു കൊണ്ടിരുന്നു
"ആധി പിടിക്കാൻ ഒരാൾ ഉള്ളത് നല്ലതല്ലേ .. ഞാൻ എഴുനേൽക്കുവാ .. "
ദോശ കഴിച്ചു കഴിഞ്ഞു ആദി എഴുനേറ്റു .
"ചേച്ചി .. പഴയ ആദിത്യൻ ആയിരിക്കില്ല എന്ന് ഞാൻ ഉറപ്പു തരാം .. അത് പോലെ ഒറ്റക്കല്ല എന്നും .. ഹ്മ്മ് "
കൈകൾ തുടച്ചു , ഷോൾഡർ ബാഗ് തോളിൽ തൂക്കി വന്ന വഴിയിലൂടെ അവൻ ചായക്കടയിലൂടെ തിരികെ നടന്നപ്പോൾ എല്ലാം നന്നാകണെ ദൈവമേ എന്ന് മനസ്സിൽ പറഞ്ഞു അവർ കൈകൾ കൂപ്പി
"മോനെ ഇത്രയൊന്നും ... "
"ഇരിക്കട്ടെ രാഘവേട്ടാ .. ഇനിം വരാല്ലോ .."
നൂറിന്റെ രണ്ടു നോട്ടുകൾ അയാളെ പിടിപ്പിച്ചു ഗ്ലാസ്സ് തിരികെ മുഖത്തേക്കു വച്ച് ഹെൽമെറ്റ് ഇടതു കൈയ്യിൽ തൂക്കി ആദി പുറത്തേക്കിറങ്ങി . വണ്ടിയിലേക്ക് കയറി താക്കോൽ ഇട്ടു വണ്ടി ഓണാക്കി . കഴുത്തു ഇരു വശത്തേക്കും വെട്ടിച്ചു ഹെൽമെറ്റ് തലയിലേക്ക് വച്ചതും ആരോ വന്നു താക്കോൽ തിരിച്ചു വണ്ടി ഓഫാക്കി .
"ആദിത്യൻ , അങ്ങനെ പെട്ടന്ന് വന്നു പോകാമെന്നു കരുതിയോ .. "
അവൻ സംശയത്തോടെ മുന്നിൽ നിൽക്കുന്ന ആളെ നോക്കി .
"സാബു .."
"ആഹ് , അപ്പൊ ഓർമ്മയുണ്ട് .. എല്ലാം ഓർമ്മയുണ്ടെന്നു കരുതുന്നു ."
"സാബു , അന്ന് പറഞ്ഞതെ ഇപ്പോഴും പറയാനുള്ളൂ , നിന്റെ പെങ്ങളുടെ കാര്യത്തിൽ ഞാൻ നിരപരാധിയാണ് . പിന്നെ നിന്നെ തല്ലിയത് , അന്നത്തെ അവസ്ഥയിൽ എനിക്കതെ പറ്റുമായിരുന്നുള്ളൂ .."
"ഹ്മ്മ് .. ഇതുവരെ ഒരാളുടെ മുന്നിലെ ഞാൻ തോറ്റുപോയിട്ടുള്ളൂ , ഒരാൾക്കേ കിട്ടിയത് തിരികെ കൊടുക്കാതിരിന്നിട്ടുള്ളൂ . ."
"സാബു , എനിക്കാ പഴയ സ്വഭാവം ഇപ്പോൾ ഇല്ല , അത് കൊണ്ട് തന്നെ ഒരിക്കൽ കൂടി അന്നത്തെ പോലെ സീൻ ഉണ്ടാക്കാനും താത്പര്യമില്ല .. "
സാബുവിന്റെ കൈ ബലമായി പിടിച്ചു മാറ്റി ആദി ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി .
"സാബു , പറഞ്ഞല്ലോ , ഒരിടിക്കും തല്ലിനും ഒന്നും ഞാൻ ഇല്ല . വേണമെങ്കിൽ മാപ്പു പറയാനും ഞാൻ തയ്യാറാണ് . പക്ഷെ ചെയ്യാത്ത കുറ്റം മാത്രം എന്റെ തലയിൽ കെട്ടിവയ്ക്കരുത് . "
ആദി അവനെ പിന്നിലാക്കി ബുള്ളെറ്റ് റോഡിലൂടെ ദൂരേക്ക് ഓടിച്ചു പോയി .
************************************
ആനയുടെ ശബ്ദവും ചങ്ങല ഇളകുന്നതും കേട്ടാണ് പരമേശ്വരൻ നമ്പൂതിരി മനയുടെ പുറത്തേക്കിറങ്ങി വന്നത് .
"എന്താടാ മാധവാ .. "
ആ വൃദ്ധൻ പടികൾ ഇറങ്ങി വീടിന്റെ തെക്കു വശത്തുള്ള കപ്പമാവിന്റെ ചുവട്ടിലേക്ക് നടന്നു . അവിടെയാണ് ഏഴുമുറ്റം മാധവൻ എന്ന അവരുടെ ആനയെ തളച്ചിരുന്നത് .
"തിരുമേനി , ഒരു ചെറുക്കൻ, അവൻ പറഞ്ഞിട്ടും കേൾക്കാതെ ആനേടെ അടുക്കലേക്കു പോയിരിക്കുവാ . അവനെ കണ്ടതും മാധവന് നല്ല പരിചയം ഉള്ളത് പോലെ ..കണ്ടില്ലേ , കാലെല്ലാം മടക്കി വച്ച് കൊടുക്കുന്നെ .. "
ഏഴുമുറ്റത്തു പുറം പണിക്കു നിന്നിരുന്നവരിൽ ഒരാൾ പറഞ്ഞു .
"പാപ്പാൻ എന്തിയെ .. "
"അവരിവനെ തളച്ചിട്ടു ഓല വെട്ടാൻ പോയി .. "
പരമേശ്വരൻ നമ്പൂതിരി നോക്കിയപ്പോൾ ഇടതു കാൽ മടക്കി നിൽക്കുന്ന മാധവനെയും ഒരു കൈ കൊണ്ട് അവന്റെ കൊമ്പിൽ പിടിച്ചു മറു കൈകൊണ്ടു ചെവിയിൽ തലോടുന്ന യുവാവിനെയും ആണ് . അവന്റെ സംസാരം ആസ്വദിച്ചെന്നപോലെ മാധവൻ ഇടയ്ക്കിടയ്ക്ക് തലയാട്ടുകയും തുമ്പിക്കൈ കൊണ്ട് അവനെ ചുറ്റിപിടിക്കുകയും ചെയ്യുന്നുണ്ട്
"ആദി .. മോനെ .. "
അയാൾ ഉറക്കെ വിളിച്ചു ..
വിളി കേട്ടതും അവൻ തിരിഞ്ഞു നിന്നു , പിന്നെ മുത്തശ്ശന്റെ അടുക്കലേക്കു നടന്നടുത്തു . പുറകെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മാധവനും .
(തുടരും)
No comments:
Post a Comment