കടലാഴങ്ങൾ 14
കതകിലെ തുടർച്ചയായ മുട്ടുകേട്ടാണ് ആദി ഉറക്കമുണർന്നത് . ശരീരം മുഴുവൻ നുറുങ്ങുന്ന വേദന അവനെ കട്ടിലിൽ നിന്നും എഴുനെല്കുന്നതിനെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു . തലേ ദിവസം മുഖത്തും ശരീരത്തിലും ഏറ്റ മർദ്ധനം അത്രയും കടുപ്പമുള്ളതു തന്നെയായിരുന്നു .
"മോനെ , അവൻ നിന്നെ ഒരുപാട് ഉപദ്രവിച്ചോ .. "
വാതിൽ തുറന്നതും വെളിയിൽ നിന്നിരുന്ന മുത്തശ്ശിയും മുത്തശ്ശനും അകത്തേക്ക് കയറി . ആദി മറുപടി പറയാതെ തിരികെ കട്ടിലിലേക്ക് ഇരുന്നു .
"കണ്ണാ , അവൻ .. "
കണ്ണുനീരൊഴുക്കി മുത്തശ്ശി അവൻ്റെ കവിളിൽ തലോടി.
"വേണ്ട , എണീപ്പിക്കണ്ട , നല്ല വേദന കാണും , ഞാനൊന്നു താഴെ ചെല്ലട്ടെ .. "
മുത്തശ്ശിയെ വിലക്കിയ ശേഷം അദ്ദേഹം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .
"രാവിലെയാ അറിഞ്ഞേ , അവിടുന്ന് ഓടി പോരുകയായിരുന്നു . "
"വേണ്ടായിരുന്നു മുത്തശ്ശി , അതും ഇന്ന് തന്നെ .. "
"പിന്നെ ഞാൻ എന്ത് ചെയ്യണം എന്നാ കണ്ണാ നീ പറയുന്നേ , സരോജിനി വന്നു പറഞ്ഞപ്പോ അവിടുന്ന് ഓടി വന്നതാ .. "
"ഞാൻ ഇന്നലെ പറഞ്ഞതല്ലേ നിങ്ങളോടു , നമ്മുടെ ഗായുവിൻ്റെ കാര്യമാ .. "
മുത്തശ്ശി അവനെ തലോടിക്കൊണ്ടിരുന്നു ..
"ഇനിയും അവൻ .. അംബരീഷ്.."
"വരില്ല മുത്തശ്ശി , ഞാൻ ശനിയാഴ്ച ഇവിടെ നിന്നും പോകുന്നത് വരെ അയാൾ വരില്ല .."
"നീ .. "
അവർ സംശയത്തോടെ ആദിയെ നോക്കി ..
"ഇല്ല... ഞാൻ ഒന്നും ചെയ്തില്ല , അയാൾ എന്തോ ജോലിക്കാര്യത്തിനു പോയിരിക്കുവാ .. "
"ഉം.."
ഒന്നിരുത്തി മൂളി മുത്തശ്ശി വീണ്ടും കട്ടിലിലേക്കിരുന്നു അവനെ തലോടി ..
"ഇത്തിരി കയ്പ് കാണും, മൂക്ക് പൊത്തി ഒരൊറ്റ വലിക്കു കുടിച്ചോളൂ .."
ഒരവൗണ്സു ഗ്ലാസിൽ കഷായവുമായി എത്തിയ മുത്തശ്ശൻ അതവന് നേരെ നീട്ടി .
"ഭക്ഷണം കഴിച്ചിട്ട് കുടിക്കാനുള്ളത് ഞാൻ വേറെ തരാം .."
കഷായം കുടിച്ചശേഷം തല കുടഞ്ഞ അവനെ നോക്കി പറഞ്ഞു കൊണ്ടു ആ വൃദ്ധൻ മുറിയുടെ പുറത്തേക്കിറങ്ങി .
"മുത്തശ്ശാ .. "
"ഉം .."
വരാന്തയിൽ നിന്നും ജനൽ വഴി അയാൾ ചോദ്യഭാവത്തിൽ അവനെ നോക്കി .
"ഗായു , കല്യാണം ... "
"പോകുന്നുണ്ട് , ചടങ്ങു കഴിയണവരെ അവിടെ ഉണ്ടാകും , എന്നിട്ടു അവനെ , ആ കാർക്കോടകനെ , എനിക്കൊന്നു കാണണം .. "
"മുത്തശ്ശനു ഉടനെ കാണാൻ പറ്റി എന്ന് വരില്ല .. "
"മോനെ കൊണ്ട് വന്ന .. "
"ഹ്മ്മ് , എൻ്റെ കൂട്ടുകാരനാ .. "
മുത്തശ്ശന്റെ മുഖത്ത് വിഷമം മാറി പുഞ്ചിരി വിരിയുന്നത് ആദി ശ്രദ്ധിച്ചു ..
"ജാനകീ , വന്നേ , നമുക്ക് കല്യാണം കൂടണം , ഇവന്റെ കാര്യം അച്യുതൻ നോക്കിക്കോളും .. അയാളോട് ഇവിടം വരെ വരാൻ പറഞ്ഞിട്ടുണ്ട് .."
മുത്തശ്ശൻ നടന്നകന്നപ്പോൾ മുത്തശ്ശി സങ്കടത്തോടെ അവനെ നോക്കി .
"പറഞ്ഞില്ലേ മുത്തശ്ശി , എനിക്കൊരു കുഴപ്പവുമില്ല , ഇനി ശനിയാഴ്ച പോകുന്നത് വരെ ഒന്നും ഉണ്ടാകാനും പോകുന്നില്ല .. ഹ്മ്മ് .. മുത്തശ്ശി ചെല്ല് ... "
അവൻ മുത്തശ്ശിയെ പറഞ്ഞു വിട്ട ശേഷം വീണ്ടും കട്ടിലിലേക്ക് കിടന്നു .
*********************************************************
"അച്ചുവേട്ടാ , അവളിപ്പോ എവിടാ ഉള്ളെ .. "
"ആര് മോനെ .. "
"എൻ്റെ സെറ്റപ്പ് , സീന .. "
ഉച്ച ഭക്ഷണത്തിനു ശേഷം ഏഴുമുറ്റം തറവാടിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു ആദി . മുത്തശ്ശന്റെ മരുന്നിന്റെ ഗുണമാകണം , അപ്പോഴക്കും അവൻ്റെ ശരീര വേദനകൾ എല്ലാം കുറഞ്ഞിരുന്നു .
കാര്യസ്ഥൻ അച്യുതൻ രാവിലെ മുതൽ ഭക്ഷണവും മരുന്നുമായി അവനൊപ്പം തന്നെ ഉണ്ടായിരുന്നു .
"മോനെ .. എന്തിനാ വെറുതെ , ഈ അച്ചുവേട്ടനറിയാം അതെല്ലാം ചുമ്മാ നാട്ടുകാര് പറഞ്ഞുണ്ടാക്കിയതാണന്നു .. "
"അച്ചുവേട്ടനു അങ്ങനെ പലതും അറിയാം അല്ലെ ... "
അയാളുടെ കണ്ണുകളിൽ നോക്കിയാണ് ആദി ചോദിച്ചത് .
"അത് .. അത് പിന്നെ , സീന , അതെല്ലാം അംബരീഷ് സാർ ഉണ്ടാക്കിയ കഥകൾ അല്ലെ , മോനെ മോശക്കാരൻ ആക്കാൻ .."
"ഹ്മ്മ് ... അവളിപ്പോ എവിടെ ഉണ്ടെന്നു രാമേട്ടനു അറിയില്ല അല്ലെ .. "
"അതിപ്പോ , അവള് കെട്ടി ഇടുക്കീല് എങ്ങാണ്ടും .. എന്തിനാ മോൻ ഇതെല്ലാം ഇപ്പൊ തിരക്കുന്നേ .. "
"എനിക്ക് വേണ്ടി ഉടുമുണ്ടഴിച്ചു തന്നു എന്ന് കവലേൽ വച്ച് പറഞ്ഞതവളല്ലേ , അപ്പൊ ഞാൻ അല്ലാതെ വേറെ ആരാ അവളുടെ കാര്യം തിരക്കുക .."
"വേണ്ട മോനെ , സത്യം എല്ലാവര്ക്കും അറിയാം , ഇനി അതിന്റെ പുറകെ പോയി .. ചെളിൽ ചവിട്ടിയ നമുക്കല്ലേ നാറ്റം ഉണ്ടാകൂ .. "
"എന്നാ സീനയെ വിട്ടേക്ക് , ബാക്കി എന്തെല്ലാം സത്യം അച്ചുവേട്ടനു അറിയാം .. "
"എന്ന് വച്ചാൽ .. "
അയാളൊന്നു പതറി ..
"എൻ്റെ അമ്മയെ കുറിച്ച് "
"അത് .."
പരിഭ്രമത്തോടെ അയാൾ എന്തോ പറയാൻ വന്നതും മുറ്റത്തേക്ക് മനോഹരമായി അലങ്കരിച്ച ഒരു കാർ വന്നു നിന്നു . വാഹനത്തിന്റെ ശബ്ധം കേട്ട മാത്രയിൽ തെക്കേ വാരാന്തയിൽ നിന്നും പിടഞ്ഞെഴുനേറ്റ ആദി വീടിൻ്റെ മുൻവശത്തേക്കു നടന്നു .
കാറിൽ നിന്നും വിവാഹ വേഷത്തിൽ ഇറങ്ങിയ ഗായത്രിയെ കണ്ടു അവനാദ്യം അത്ഭുതപെട്ടെങ്കിലും പെട്ടന്ന് അവൻ വരാന്തയിൽ നിന്നും താഴേക്കിറങ്ങി .
"മോളെ , നീ .. "
മറുപടിയായി അവൻ്റെ ദേഹത്തേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു .
"ഹാ , നല്ലൊരു ദിവസമായിട്ടു ... ചുമ്മാ ... "
അവനവളെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി മറുവശത്തു നിന്നും നടന്നു വരുന്ന പയ്യനെ നോക്കി .
"ആദിയേട്ടൻ .. ഞാൻ സൂരജ് , നമ്മൾ തമ്മിൽ നേരിട്ട് പരിചയപ്പെട്ടിട്ടില്ല എന്നെ ഉള്ളൂ , ഗായത്രി എല്ലാം പറഞ്ഞിട്ടുണ്ട് .. "
ഇടതു കയ്യാൽ ഗായത്രിയെ ചേർത്ത് പിടിച്ചു വലതു കൈ നീട്ടി സൂരജിന്റെ കൈ പിടിച്ചു കുലുക്കി .
"പോകും മുൻപ് ഏട്ടനെ കാണണം എന്ന് ഇവളുടെ ആഗ്രഹമായിരുന്നു .."
"വേണ്ടിയിരുന്നില്ല സൂരജ് .. "
"എനിക്കെല്ലാം അറിയാം ഏട്ടാ .. ഈ കൂടി കാഴ്ചയുടെ പേരിൽ അവൾക്കൊരു ഇനിയൊരു പ്രശ്നവും ഉണ്ടാകില്ല. അതെൻ്റെ വാക്ക് ."
"ഹ്മ്മ് .. നല്ലത് , ഏതായാലും എന്നെ കണ്ടില്ലേ , ഇനി സമയം കളയാതെ നിങ്ങൾ ഇറങ്ങൂ .."
"തിരക്കൊക്കെ കഴിയട്ടെ , കണ്ടു പിടിച്ചു ഏട്ടന്റെ അടുത്തെത്തിക്കാം എന്ന് ഞാൻ ഗായത്രിക്കു വാക്കു കൊടുത്തിട്ടുണ്ട് . "
"നന്ദി സൂരജ് , എന്റെ അനിയത്തിയെ മനസ്സിലാക്കിയല്ലോ .. അത് മതി .."
കാറിന്റെ ഡോർ അവൾക്കായി തുറന്നു കൊടുത്തു ആദി അവനെ നോക്കി പുഞ്ചിരിച്ചു.
"ചെല്ല് , മോള് പോയി വാ .. "
ഗായത്രിയെ അകത്തേക്കിരുത്തി ഡോർ അടച്ചു ആദി പുറകോട്ടു മാറി .
"അപ്പൊ ശെരി , നമുക്ക് കാണാം .. "
മറു വശത്തെ ഡോർ തുറന്നു കാറിനകത്തേക്കു കയറും മുൻപ് സൂരജ് ആദിയുടെ നേരെ ഒരിക്കൽ കൂടി കൈ വീശി .
"ഇനി മുതൽ എന്നും ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാകും , ഇവിടെ അല്ലന്നു മാത്രം .. ഉം .. മോള് പോയി വാ .. "
കാർ നീങ്ങി തുടങ്ങിയപ്പോൾ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ അവൻ ഗായത്രിയോട് പറഞ്ഞു .
"എന്ത് നല്ല മനസ്സിന്റെ ഉടമയാ ആ കുട്ടി , അംബികയുടെ ഒരു സ്വഭാവോം മോൾക്ക് കിട്ടിയിട്ടില്ല .. "
ദൂരേക്കു ഓടിപ്പോകുന്ന കാറിനെ നോക്കി നിൽകുമ്പോൾ കേട്ട അച്യുതന്റെ വാക്കുകൾ അവനിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല
*****************************************
" ഗായു പോകും വഴി ഇത് വഴി വന്നിരുന്നു അല്ലെ .. "
"ഹ്മ്മ് ... "
"അംബികയാകെ കലി തുള്ളി നടക്കുവാ .. മിക്കവാറും നാളെ രാവിലെ തന്നെ ഇങ്ങട് വന്നേക്കും .. "
വൈകിട്ട് നാലുകെട്ടിനുള്ളിൽ കല്യാണ വിശേഷങ്ങൾ വിവരിക്കുന്നതിനിടയിൽ മുത്തശ്ശി അവനോടു പറഞ്ഞു . മറുപടിയായി മുത്തശ്ശിയുടെ മടിയിൽ തല വച്ച് കിടന്നിരുന്ന അവൻ നിസ്സാഹായമായി മൂളികൊണ്ടിരുന്നു .
"അവൾ , അവളിങ്ങോട്ടു വരട്ടെ , ഇതോടെ അവളുടെ ഒച്ചയെടുപ്പു ഞാൻ നിർത്തും , ഈ പരമേശ്വരൻ ആരാണെന്നു അവൾക്കിതുവരെ മനസ്സിലായിട്ടില്ല , കല്യാണ വീടല്ലേ , നാട്ടുകാരും ബന്ധുക്കാരും ഉള്ളതല്ലേ എന്നോർത്തിട്ടാ .. "
അവരുടെ സംസാരം കേട്ട് അങ്ങോട്ടെത്തിയ മുത്തശ്ശൻ ചാരു കസേരയിലേക്കിരുന്നു . ആദി അപ്പോഴേക്കും എഴുനേറ്റു നടുമുറ്റത്തേക്കു നടന്നു ,
"എന്താ .. എന്താണ് ഇനി തൻ്റെ ഉദ്ദേശം .."
മുത്തശ്ശൻ ചാരു കസേരയിൽ നിന്നും തല ഉയർത്തി പിടിച്ചു അവനെ നോക്കി .
"തിരിച്ചു പോകണം , ശനിയാഴ്ച .. "
ആദി മുഖം കുനിച്ചു മറുപടി പറഞ്ഞു
"ഹ്മ്മ് .. നീ .. നീ കൂടി ഉണ്ടായിരുന്നെങ്കിൽ .. "
"..."
അവൻ ഇടം കണ്ണിട്ടു മുത്തശ്ശിയെ നോക്കി , പുരികമുയർത്തി എന്താണ് എന്ന് ചോദിച്ചു , മറുപടിയായി അറിയില്ല എന്ന ഭാവത്തിൽ അവർ കൈകൾ വിടർത്തി .
"എനിക്ക് പഴയതു പോലെ ഒന്നിനും വയ്യ , എന്നും പൂജകൾക്കായി വിളി വരുന്നുണ്ട് , നീ കൂടെ .."
"വേണ്ട .. "
മുത്തശ്ശൻ പറഞ്ഞു തീരും മുൻപ് ആദി അദ്ദേഹത്തെ വിലക്കി ഇടയിൽ കയറി .
"പത്തു പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് വരെ നിങ്ങളുടെ കൂടെ ഒരു നിഴല് പോലെ നടന്നിരുന്നതാ ഞാൻ , ഏഴുമുറ്റത്തെ അടുത്ത ആൺ തരി മുത്തശ്ശനെക്കാൾ കേമനാ എന്നുള്ള വാക്കുകൾ കേട്ട് അഭിമാനം കൊണ്ടിട്ടുണ്ട് . പക്ഷെ ഈ പറഞ്ഞ മന്ത്ര തന്ത്രങ്ങൾ തന്നെയാണ് എന്റെ ജീവിതം ഈ വിധം ആക്കിയതെന്നറിഞ്ഞ നിമിഷം മുതൽ വെറുത്തതാ .. ഇനി ഇല്ല , എന്നെ വെറുതെ വിട്ടേക്ക് .. "
അവൻ വേഗം നടുമുറ്റത്ത് നിന്നും കയറി മുകളിലേക്ക് പോകുവാൻ പടികളുടെ അടുത്തേക്ക് നടന്നു .
"ഇനിയും ഗൾഫിലേക്ക് പോകാൻ തന്നെയാണോ നിൻറെ തീരുമാനം .. "
"ഹ്മ്മ് , അതെ .."
"വീണ്ടുമൊരു ഒളിച്ചോട്ടം .. "
"അല്ല , എനിക്കിവിടെ പറ്റില്ല , ഞാൻ മാറിക്കൊണ്ടിരിക്കുകയാണ് , ആരുമില്ല എന്ന ചിന്ത ഇപ്പോൾ എന്നെ വേട്ടയാടാറില്ല , പകരം ആരെങ്കിലുമൊക്കെ ഉണ്ട് എന്നൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട് . പോയെ പറ്റൂ . പിന്നെ ഒളിച്ചോട്ടമല്ല , എന്തോ നേടാൻ വേണ്ടിയുള്ള വെമ്പലാണ് .."
ആദി വേഗത്തിൽ പടികൾ കയറി മുകളിലേക്ക് പോയി .
"തിരുമേനി .. "
മുകളിലെ മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം കേട്ടതും മുത്തശ്ശി വേദനയോടെ തൻ്റെ ഭർത്താവിനെ നോക്കി
"വിധി , അത് പോലെ നടന്നേ ഒക്കൂ .. "
"മഹേശ്വരൻ , എൻ്റെ കുഞ്ഞിനെ അവൻ "
"അവനെ കുറ്റം പറയേണ്ട ഇല്ലത്തമ്മേ , ആദിക്കൊരു ജീവിതം ഉണ്ടായതു അവൻ കാരണമാണ് . "
കസേരയിലേക്ക് ചാരികിടന്നു പരമേശ്വരൻ നമ്പൂതിരി ചിന്തയിലാണ്ടു
(തുടരും)
No comments:
Post a Comment