"ഒരുത്തൻ ആളറിയാതെ ഒന്ന് കത്തി കയറ്റി, അത്രയേ ഉള്ളൂ.. ഇപ്പോൾ മെഡിക്കൽ ട്രസ്റ്റിൽ ആണ്"
വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടു എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ,കഴുത്തിലെ വെളുത്ത ഷാൾ കൊണ്ട് മുഖം തുടച്ചു ജോൺ പറഞ്ഞു. പറഞ്ഞത് ശാന്തമായാണെങ്കിലും , ആ കണ്ണുകളിൽ പകയെരിയുന്നതു വിഷ്ണു ശ്രദ്ധിച്ചു . ജോണിനൊപ്പം വന്നവർ വണ്ടിയിൽ കയറുന്നതിനിടെ വിഷ്ണുവും അതിലേക്കു ചാടിക്കയറി. കണ്ണുകൾ അടച്ചു പൂങ്കാവിലമ്മയെ പ്രാർത്ഥിക്കുമ്പോൾ, മുഖത്തിന് നേരെ ഒരു പിടി ചെത്തിപ്പൂവെറിഞ്ഞു ഓടിമറയുന്ന ഒരു നീളൻ പാവടക്കാരിയുടെ മുഖം തന്റെ ഓർമ്മയിലേക്ക് തികട്ടിവരുന്നത് വിഷ്ണുവറിഞ്ഞു. അതെ സമയം തറയിൽ നിന്നും എഴുനേറ്റ് , തന്റെ ഡ്രെസ്സിലെ മണ്ണ് തട്ടിക്കളഞ്ഞു , കുറ്റിത്താടി വിരലുകൾ കൊണ്ട് തഴുകി, സംതൃപ്തിയോടെ അശോകൻ മഠത്തിൽ തറവാടിന്റെ മുറ്റത്തു നിൽകുമ്പോൾ അങ്ങകലെ ഗോവയിലെ ഡാബോലിം എയർപോർട്ടിൽ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ ഒരു എമർജൻസി സീറ്റ് തരപ്പെടുത്താൻ വെപ്രാളപ്പെടുകയായിരുന്നു അവൻ .
വണ്ടി അല്പം മുന്നോട്ടു പോയതും ജോണിന്റെ മൊബൈൽ വീണ്ടും ശബ്ദിച്ചു. കോൾ അറ്റൻഡ് ചെയ്തു വണ്ടി സൈഡിൽ നിർത്തി അയാൾ പുറത്തിറങ്ങി, ഇടതു വശത്തോട്ടു നടന്നു മുൻപിലെ ഡോർ തുറന്നു അവിടെ ഇരുന്നവനോട് കൈകൾ കൊണ്ട് പുറത്തിറങ്ങാൻ പറഞ്ഞു. അവൻ ഇറങ്ങിയപ്പോൾ ആ സീറ്റിലേക്ക് കയറി അവനു നേരെ വണ്ടിയുടെ കീ എറിഞ്ഞു കൊടുത്തു. ഈ സമയങ്ങളിൽ അത്രയും ജോൺ ഫോണിലൂടെ ഒരക്ഷരം മിണ്ടാതെ മൂളുക മാത്രമായിരുന്നു. ഒടുവിൽ സമയം സന്ധ്യയിൽ നിന്നും രാത്രിയിലേക്ക് യാത്ര തുടരുമ്പോൾ , അവരുടെ വണ്ടി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമാക്കി എറണാകുളത്തിന് കുതിച്ചു പാഞ്ഞു .
തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്സ് , ഒരു മണിക്കൂർ വൈകി പതിനൊന്നു മണിയോടെ ആണ് സെൻട്രൽ സ്റ്റേഷനിൽ എത്തിയത് . കരഞ്ഞു കലങ്ങി ക്ഷീണിച്ച മുഖവുമായി എങ്ങോട്ടാണെന്നറിയാതെ ദുർഗ്ഗ ജോണിന്റെ പുറകെ ആ പ്ലാറ്റ്ഫോമിലൂടെ മേൽപാലത്തിലേക്കു നടന്നു . സ്ത്രീകളുടെ വിശ്രമമുറി കാണിച്ചു കൊടുത്തു , അവളോട് ഫ്രഷായി വരാൻ പറഞ്ഞു , ആ മുറിക്കു മുൻപിലെ ഇരുമ്പു കസേരയിൽ അവളുടെ ബാഗുമായി ഇരുന്നു വൈകിട്ടത്തെ ട്രെയിനിന്റെ ടിക്കറ്റിലൂടെ അയാൾ കണ്ണോടിച്ചു. കുറച്ചു സമയത്തിന് ശേഷം പുറത്തേക്കു വന്ന അവളുമായി അടുത്ത് കണ്ട ക്യാന്റീനിലേക്കു ജോൺ കയറി.
"ദുർഗ്ഗ , ദത്തനെ പോലെ എന്നെയും കണ്ടോളൂ , ഉണ്ണിയുടെ അടുക്കൽ എത്തിക്കുന്നത് വരെ ഞാൻ കൂടെ ഉണ്ടാകും "
വെയ്റ്റർ കൊണ്ട് വന്ന ദോശ അവളുടെ നേരെ നീട്ടി ജോൺ പറഞ്ഞു. അവൾ പിന്നെയും ഓരോന്നു ആലോചിക്കുന്നത് കണ്ടു അയാൾ ആ ടേബിളിൽ ചെറുതായി തട്ടി. പെട്ടന്നുള്ള ശബ്ദത്തിൽ ഞെട്ടിയ അവൾ ഉരുണ്ടു കൂടിയ കണ്ണുനീർ തുടച്ചു അയാളെ നോക്കി .
"ഇന്നലെ വൈകിട്ട് മുതൽ ഒന്നും കഴിച്ചിട്ടില്ല. ഇനി ഇന്ന് ട്രെയിൻ കേറിയാൽ മറ്റന്നാൾ രാവിലയെ അങ്ങേത്തൂ.. ഇതിനിടയിൽ കിട്ടുന്ന ഉണക്ക റൊട്ടി, നീ കഴിക്കുമോ എന്ന് പോലും അറിയില്ല. അത് കൊണ്ട് ഇന്ന് നല്ലവണ്ണം കഴിച്ചോ"
അവൾ മുഖത്തൊരു പുഞ്ചിരി വിടർത്തി ആ പ്ലേറ്റ് അരികിലേക്ക് വച്ചു .
"പെട്ടന്ന് കഴിക്കു, എന്നിട്ടു വെളിയിൽ ഒന്ന് പോകണം, ഒരു മുണ്ടോ, പാന്റോ പിന്നെ രണ്ടു ഷർട്ടും വാങ്ങണം, ഇട്ടിരിക്കുന്നതല്ലാതെ വേറെ ഒന്നും എന്റെ കൈയിലില്ല. "
ഉച്ചമുതൽ വൈകിട്ട് വരെ അവളോടൊപ്പം ആ പ്ലാറ്റുഫോമിൽ ഇരിക്കുമ്പോൾ , തന്റെ പരുക്കൻ മുഖം അവളിൽ നിന്നും മറക്കാനായി അയാൾ ബുദ്ധിമുട്ടി. അവളുടെ ചെറിയ ചെറിയ ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ , ചില നിമിഷങ്ങളിൽ അവളിൽ പുഞ്ചിരി കാണുമ്പോൾ , തനിക്കും ആരൊക്കൊയോ കൂട്ടിനുണ്ട് എന്ന് ജോണിന് തോന്നിത്തുടങ്ങി .
വൈകുന്നേരം ഏഴുമണിക്ക് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ട ജി റ്റി എന്നറിയപ്പെടുന്ന, ഇന്ത്യൻ റയിൽവെയുടെ ഏറ്റവും പുരാതന സെർവീസുകളിൽ ഒന്നായ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രെസ്സിലെ പത്താം നമ്പർ സ്‌ളീപ്പറിൽ അപ്പർ ബർത്തുകളായ പതിനൊന്നിലും പതിനാലിലും അവർ കയറി കിടന്നു. ഒടുവിൽ , രണ്ടായിരത്തി ഇരുന്നൂറോളം കിലോമീറ്റർ യാത്ര ചെയ്തു , മുപ്പത്തി അഞ്ചു മണിക്കൂറോളം കഴിച്ചു കൂട്ടി , മൂന്നാം ദിവസം രാവിലെ ആറു മണിക്ക് , നിസാമുദ്ധീൻ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റുഫോമിൽ , ചെറിയ തണുപ്പിൽ അവർ ചെന്നിറങ്ങുമ്പോൾ തന്നെ പിരിയരുത് എന്ന വണ്ണം ദുർഗ്ഗയുടെ കൈകൾ ജോണിന്റെ വലതു കൈയ്യിൽ കൂട്ടിപിടിച്ചിരുന്നു. തന്നെ കാത്തു നിന്നിരുന്ന ഉണ്ണിയുടെ നെഞ്ചിൽ കണ്ണീരൊഴുക്കി , അവന്റെ കൈകൾക്കുള്ളിലെ സുരക്ഷിതത്തിൽ ചേർന്ന് നിന്നപ്പോഴും അവൾ പറഞ്ഞത് , എന്നോടൊപ്പം എന്നും കാണണമെന്നാണ് . ആ ചുരുങ്ങിയ ദിവസങ്ങളിൽ അനുഭവിച്ച , തനിക്കു ഉണ്ടാകാതെ പോയ ഒരു കൂടപ്പിറപ്പിന്റെ സ്നേഹം , ഒരേ വയറ്റിൽ പിറന്നതല്ലങ്കിലും , വാക്ക് കൊടുത്തതാണ് , ദുർഗ്ഗയുടെ കൂടെ ഒരു ചേട്ടനെ പോലെ എന്നും ഉണ്ടാവുമെന്ന്. തന്നെ കടന്നു മാത്രമേ അവൾക്കൊരു ആപത്തു ഉണ്ടാകാൻ സമ്മതിക്കൂ എന്ന്. ജോണിന്റെ ഹൃദയത്തിൽ നിന്നും ഒരു വിങ്ങൽ ഉയർന്നു. തങ്ങളുടെ വണ്ടിക്കു സ്പീഡ് കുറവാണെന്നു അയാൾക്ക് തോന്നി .
ആശുപത്രിയിൽ എത്തി, ലിഫ്റ്റിന് പോലും കാത്ത് നില്കാതെ അയാൾ ഓടുകയായിരുന്നു നാലാമത്തെ നിലയിലേക്ക് , അമ്പത്തി അഞ്ചാം വയസ്സിലും ഇത്ര കരുത്തോടെ , സ്റ്റെപ്പുകൾ ഓടിക്കയറുന്ന അയാൾക്കൊപ്പം എത്താൻ വിഷ്ണുവും മറ്റുള്ളവരും പണിപ്പെട്ടു.
"ഡോക്ടർ എന്ത് പറഞ്ഞു"
ICU വിന്റെ മുൻപിൽ , വിസിറ്റർ ചെയറിൽ ഇരിക്കുന്ന അഡ്വക്കേറ്റ് ശ്രീറാമിന്റെയും രക്തക്കറ പുരണ്ട ഡ്രെസ്സുമായി ഇരിക്കുന്ന മറ്റൊരാളിന്റെയും അടുത്തേക്ക് ജോൺ പാഞ്ഞടുത്തു.
"ജോൺ , ഒന്നും പറഞ്ഞിട്ടില്ല ഇത് വരെ , താഴേന്നു ഇങ്ങോട്ടു മാറ്റി. "
"ഹ്മ്മ് "
അപ്പോഴേക്കും ICUവിൽ നിന്നും രണ്ടു ഡോക്ടർമാർ ഇറങ്ങി വന്നു.
"ശ്രീറാം, ഭാഗ്യമുണ്ട്, ലിവറിനു കുഴപ്പമൊന്നുമില്ല, അത് കൊണ്ട് കൂടുതൽ പേടിക്കാനൊന്നുമില്ല , കുറച്ചു ബ്ലഡ് പോയിട്ടുണ്ട് , പിന്നെ വന്കുടലിനും ചെറിയ പ്രശ്നമുണ്ട് . ഈ കിടപ്പു കുറച്ചു നാൾ കിടക്കണം, മിനിമം ഒരു മാസം .. പിന്നെ പോലീസ് കേസ് "
"അത് പേടിക്കാനില്ല സർ, കമ്മീഷണർ ഉടൻ എത്തും, പിന്നെ ഇതിനൊരു പബ്ലിസിറ്റി കൊടുക്കരുത്, അത് കൊണ്ടാണ് ഞാൻ പേർസണൽ ആയിട്ടു വന്നത്. ഒരു മോഷണ ശ്രമം അത്രെയേ ഉള്ളൂ"
ജോണും വിഷ്ണുവും ശ്രീറാമിന്റെ മുഖത്തേക്ക് നോക്കി .
"ആ, പിന്നെ, ഒരാൾക്ക് കേറി കാണാം, എന്നാൽ ശെരി ഞങ്ങൾ റൂമിൽ കാണും " അവർ ശ്രീറാമിന്റെ കൈ പിടിച്ച കുലുക്കി മുന്നോട്ടു നടന്നു.
"വിഷ്ണു , നീ വേണമെങ്കിൽ കയറിക്കൊള്ളു , അവളെ ഈ അവസ്ഥയിൽ കാണാൻ എനിക്ക് പറ്റില്ല "
വിഷ്ണു തലകുലുക്കി ICUവിനു നേർക്ക് നടന്നപ്പോൾ ജോൺ ശ്രീറാമിന്റെ കൈപിടിച്ചു കസേരയിലേക്ക് ഇരുന്നു.
"സർ, എന്താന്നീ പറയുന്നത്, മോഷണം അല്ലെന്നു അറിയാവുന്ന കാര്യമല്ലേ"
"ജോൺ, വർമാജി വിളിച്ചിരുന്നു, ഇതു മനപൂർവ്വമുള്ള അറ്റാക്ക് ആണെന്ന് വന്നാൽ, മീഡിയ അറിഞ്ഞാൽ പ്രശ്നമാകും, അതും ചിട്ടി കേസ് നടക്കുന്ന ഈ സമയത്തു, ഇലെക്ഷനും അടുത്തു .. പിന്നെ .."
"പിന്നെ "
"ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴിക്കു ഹംസയോടും മോഷണശ്രമം ആണെന്നാണ് അവൾ പറഞ്ഞത്, ഇതിനു പിന്നിൽ ആരാണെന്നു പുറംലോകം അറിയണ്ടെന്നു , പിന്നെ , അവർ , അവളെ അക്രമിച്ചവർ രണ്ടു പേരും സ്റ്റേഷനിൽ ഉണ്ട് "
"അവരെ ഒന്നും ചെയ്യരുതെന്ന് സർ കമ്മീഷണറോട് പറയണം, അതൊരു അപേക്ഷയാണ് , പിന്നെ ഹംസാ .."
ജോൺ ചോര പുരണ്ട ഷർട്ട് ധരിച്ചു നിൽക്കുന്ന ആളുടെ നേരെ തിരിഞ്ഞു , അയാൾ ജോണിനോട് ചേർന്ന് നിന്നു .
"മേച്ചേരിലേക്കും , മാളിയേക്കലേക്കും കൂടുതൽ ആളുകളെ വിടണം. പിന്നെ ഫ്ലാറ്റിൽ നടന്നതെന്താണെന്നു മൊത്തം വിവരം എനിക്ക് കിട്ടണം. പൊയ്ക്കോ"
"ഡോ , ഇന്ത്യയുടെ അങ്ങേയറ്റം ഇങ്ങേയറ്റം പിടിയുള്ള നിങ്ങൾക്കു ഈ പൂങ്കാവിലെ അശോകനെ തൊടാൻ എന്തിനാ പേടി "
എല്ലാം മനസ്സിലായ പോലെ ശ്രീറാം ജോണിനോട് ചോദിച്ചു. മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു .
"നെല്മണിയുടെ പുറത്തു അത് കഴിക്കേണ്ട ആളുടെ പേരുണ്ട് എന്ന് പറയുന്ന പോലെ, അവനു വേണ്ടി , അവന്റെ കുടുംബത്തിന്റെ നാശം കാണാൻ ഒരാൾ വരുന്നുണ്ട് .. "
എന്തോ അരുതാത്തതു പറഞ്ഞപോലെ ജോൺ നിർത്തി ,
"സർ പൊയ്ക്കോളൂ, ഇതൊരു മോഷണ ശ്രമം മാത്രമാണ് "
നഴ്സ് കൊടുത്ത വസ്ത്രം തന്റെ ഡ്രെസ്സിനു മുകളിലൂടെ കയറ്റി വിഷ്ണു അവളുടെ അരികിലേക്ക് ചെന്നു. മരുന്നിന്റെ മയക്കത്തിൽ കിടക്കുന്ന അവളെ കണ്ടു ശാന്തമായ ഒരു തടാകം പോലെ അവനു തോന്നി , നിറയെ ചുഴികൾ നിറഞ്ഞ , എന്നാൽ പുറമെ നിന്ന് നോക്കുമ്പോൾ വളരെ ശാന്തമായ ഒരു തടാകം . ആശുപത്രി ഉപകരണങ്ങൾക്കിടയിൽ , തോളോളം ബെഡ്ഷീറ്റിനാൽ മൂടിക്കിടക്കുന്ന അവളുടെ കവിളിൽ അവൻ പതുക്കെ തലോടി. ഡ്രിപ് ഇട്ടിരിക്കുന്ന അവളുടെ ഇടതു കയ്യുടെ ചൂണ്ടു വിരലിൽ ഒന്ന് തൊട്ട ശേഷം അവൻ പുറത്തേക്കു നടന്നു. നഴ്‌സിന് ഡ്രെസ്സുകൾ ഊരി നൽകി അവൻ വിജനമായ ICUവിന്റെ മുന്നിലെ കസേരയിലേക്ക് ഇരുന്നു .
"വിഷ്ണുവേട്ടാ കയ്യീന്നു വിട് , ആരെങ്കിലും കാണും "
കട്ടിയുള്ള ഷിഫൊൺ മെറ്റീരിയലിൽ കറുപ്പിൽ വെള്ള പൂക്കൾ ഡിസൈൻ ഉള്ള, പാദം വരെ ഇറക്കമുള്ള പാവാടയും നീളൻ ബ്ലൗസുമാണ് ദുർഗ്ഗയുടെ വേഷം. മഠത്തിൽ തറവാട്ടിലെ കാവിനരുകിലുള്ള ചെത്തിപ്പൂവുകൾ ഒരു ചെറിയ പ്ലാസ്റ്റിക് കൂട്ടിലേക്ക് പറിച്ചിടുകയായിരുന്നു അവൾ . പുറകിൽ അനക്കം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ തൊട്ടരികിൽ വിഷ്ണു. ഓടിമാറാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ ഇടത്തെ കയ്യിൽ തന്റെ വലതു കൈ കൊണ്ട് പിടിച്ചു തന്നോട് ചേർക്കാൻ ശ്രമിക്കുകയാണ് അവൻ.
"വിടൂല്ല മോളെ, കുറെ നാളായി എന്നെ പറ്റിക്കുന്നു "
"ഞാനോ, എങ്ങനെ "
കണ്ണുകൾ വേഗത്തിൽ ചിമ്മി അവൾ അവനെ നോക്കി.
"എത്ര നാളായി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു, ഇത് വരെ തന്നോ നീയ് , ഇങ്ങനെ ഡിമാൻഡ് വയ്ക്കല്ലേ "
അവൻ, കൈവിടാതെ തന്നെ തന്റെ ഇടതു കൈകൊണ്ടു അവളുടെ ഇടുപ്പിലേക്കു ചുറ്റി തന്നോട് ചേർത്തു പിടിച്ചു ആ കണ്ണുകളിലേക്കു നോക്കി .അവളുടെ ജീവനുള്ള കണ്ണുകൾ തന്നോട് ഒരായിരം രഹസ്യങ്ങൾ പറയുന്നത് പോലെ വിഷ്ണുവിന് തോന്നി.
"ദേവൂ .."
ദുർഗ്ഗയുടെ വലതു ചെവിയുടെ പുറകിൽ ചുണ്ടുകൾ ചേർക്കുന്നതിനു മുൻപ് അവൻ മന്ത്രിച്ചു. അരുതാത്തതെന്തോ കേട്ടപോലെ അവനെ തള്ളി മാറ്റി അവൾ മുന്നോട്ടു നടന്നു .
"സോറി, ഞാൻ അറിയാതെ .. "
"കുഴപ്പമില്ല ഏട്ടാ.. ഉണ്ണിയേട്ടൻ മാത്രമേ എന്നെ അങ്ങിനെ വിളിക്കാറുള്ളൂ അതാ.. പെട്ടന്ന് "
പരിഭ്രമിച്ചു നിന്ന വിഷ്ണുവിന് നേരെ ഒരു പിടി ചെത്തിപ്പൂ എറിഞ്ഞു അവൾ കാവിനടുത്തുകൂടി വയലിലേക്ക് ഓടി.
"നാഗത്തറയിൽ ഇന്ന് സർപ്പം തുള്ളൽ ഉണ്ട് ,വരണേ "
ഓടുന്നതിനിടയിൽ തിരഞ്ഞു നിന്ന് വിഷ്ണുവിനെ നോക്കി അവൾ വിളിച്ചു പറഞ്ഞു.
അന്ന് വൈകിട്ട് സർപ്പം തുള്ളലിൽ ശരീരത്തിൽ മണിനാഗത്തെ ആവാഹിച്ചു , ശാന്തമായി തുടങ്ങി ഒടുവിൽ കളഭതറയിൽ ഉറഞ്ഞു തുള്ളി ഭഗവാന് നൂറും പാലും കൊടുത്തു, കണ്ടു നിന്നവർക്ക് അനുഗ്രഹം നൽകി, ഒടുവിൽ മയങ്ങി വീഴുമ്പോഴും ദുർഗ്ഗയുടെ മുഖത്ത് ഇന്ന് ആശുപത്രിയിൽ കണ്ട അതെ ഭാവമായിരുന്നെന്നു വിഷ്ണുവിന് തോന്നി.
(തുടരും)
No comments:
Post a Comment