കടലാഴങ്ങൾ
5
"ആഹാ , രാവിലെ ആറു
മണിക്ക് കാണണം എന്ന് പറഞ്ഞിട്ട് വിളിക്കാതെ പോകുവാണോ .. "
പടികൾ ഇറങ്ങാൻ തുടങ്ങിയ
ആദി തിരിഞ്ഞു നോക്കി .
"ഹേ , ഗുഡ് മോർണിംഗ്
അഞ്ജലി , ഞാൻ കരുതി താൻ വെറുതെ .. "
"ഗുഡ് മോർണിംഗ്
ആദിയേട്ടാ , അങ്ങനെ ഒരു വെറുതെ പറച്ചിലൊന്നും എനിക്കില്ല കേട്ടോ , ഒരു കാര്യം പറഞ്ഞാൽ
പറഞ്ഞതാ .."
"ഓ , ശരി , ഞാൻ
തിരിച്ചെടുത്തു , വായോ .. "
"അതെ .. ഒരു കാര്യം
ചോദിക്കട്ടെ .."
ആദിയോടൊപ്പം ഓടിയെത്താൻ
പ്രയാസപ്പെടുന്നതിനിടയിൽ അവൾ ചോദിച്ചു
"ചോദിക്കൂ .. "
"ഇത് വരെ , അതായത്
കഴിഞ്ഞ ആഴ്ച വരെ ആദിയേട്ടൻ ഈ പ്രോജെക്ടിൽ ഇല്ലായിരുന്നു , ഇപ്പോൾ പെട്ടന്ന് എങ്ങനെ
.. "
"ഹ്മ്മ് .. ശെരിയാണ്
, എന്നോടും സൺഡേ രാത്രിയിലെ ആണ് ഈ പ്രോജെക്ടിൽ ജോയിൻ ചെയ്യാൻ പറഞ്ഞത് .. "
"മനസ്സിലായില്ല
.. "
"അതായത് , നിങ്ങൾ
ഈ വർക്ക് ചെയ്യുന്ന ഗൾഫിലെ ഹോസ്പിറ്റൽ മറ്റൊരു വലിയ ഹെൽത് കെയർ കമ്പനിയുടെ ഭാഗമാണ്
. ഈ ഹോസ്പിറ്റലിൽ നിങ്ങളുടെ പുതിയ സൊല്യൂഷൻ അടുത്ത ആറു മാസം ടെസ്റ്റ് ചെയ്യും , കാര്യങ്ങൾ
എല്ലാം പ്രതീക്ഷിച്ചതു പോലെ നടക്കുകയാണെങ്കിൽ അത് ആ ഹെൽത് കെയർ കമ്പനിയുടെ
എല്ലാ ഹോസ്പിറ്റലുകളിലും ഉപയോഗിക്കും . ഇതിന്റെ കൂടുതൽ വിവരങ്ങൾ എന്നോട് ചോദിക്കരുത്
, പോളിസി അനുസരിച്ചു അതൊന്നും പുറത്തു വിടാൻ പറ്റില്ല .. "
"അപ്പോഴും എൻ്റെ
ചോദ്യത്തിന്റെ ഉത്തരമായില്ലല്ലോ .. "
"ആ , ഈ പേരന്റ്
ഹെൽത് കെയർ കമ്പനിയുടെ കൺസൾറ്റന്റ് ആണ് ഞാൻ . ഇവിടെ ഇങ്ങനെ ഒരു പ്രശ്‍നം
ഉണ്ടെന്നും ഉടനെ അതിൽ ഇടപെടണമെന്നും എന്നെ വിളിച്ചു പറയുകയായിരുന്നു . അങ്ങനെ ഇവിടെ
എത്തി .. "
"പക്ഷെ ഇത്ര പെട്ടന്ന്
.. "
"നിങ്ങൾ സംസാരിച്ചു
കൊണ്ടിരുന്ന ജോൺ , അയാളുമായി മീറ്റിങ് ഉണ്ടായിരുന്നു . അതിൽ കാര്യങ്ങൾ എല്ലാം വ്യക്തമാക്കി
പറഞ്ഞു തന്നു. അത് പ്രോജക്ടിന്റെ തുടർന്നുള്ള ജോലിക്കു എനിക്ക് സഹായമായി . ആ പിന്നെ
, ഇതിനെ കുറിച്ച് എന്ത് കൊണ്ട് ഇന്നലെ രാവിലെ പറഞ്ഞില്ല എന്ന് ചോദിക്കരുത് , കാരണം
കമ്പനിയുടെ കാര്യങ്ങൾ അങ്ങനെ പുറത്തു പറയുന്നത് നിയമവിരുദ്ധമാണ് .. "
"ഹ്മ്മ് , മനസ്സിലായി
.. അല്ല , ഗൾഫിലെ കമ്പനിയിൽ ഇവിടെ ഇരുന്നു .. "
"ഞാൻ അവിടുത്തെ
എംപ്ലോയീ ആണ് , പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി വീട്ടിലിരുന്നു ജോലി ചെയ്യുന്നു , ഗൾഫിൽ
അല്ല ബാംഗ്ലൂർ ആണെന്ന് മാത്രം , ഇടയ്ക്കു മീറ്റിംഗ് ഉണ്ടങ്കിൽ പോയി വരും .. പിന്നെ
ഇവിടുത്തെ പല കമ്പനികളുമായി , ഈ ഹെൽത് കെയർ ഓർഗനൈസേഷനും ബിസ്സിനെസ്സ് റിലേഷൻ ഉള്ളത്
കാരണം ഞങ്ങളുടെ ഒരു ഓഫീസ് ഇവിടെയും ഉണ്ട് ."
"ഹോ , അവിടുത്തെ
ശമ്പളം , ഇവിട ഇരുന്നു ജോലി, അല്ലെ. അങ്ങനെ ആണെങ്കിൽ നാട്ടിൽ പൊയ്ക്കൂടേ
.. "
"നാട്ടിൽ .. ആ നാട്ടിൽ
പോകാമായിരുന്നു .. പക്ഷെ .. ഈ ഇന്റർനെറ്റ് ഇഷ്യൂ , നെറ്റ്‌വർക്കെ , അത് ചിലപ്പോൾ
കിട്ടില്ല . .. "
"ഹ്മ്മ് .. ശെരിയാണ്
.. ചില സമയത്തു നാട്ടിൽ നെറ്റ് കിട്ടാൻ വല്യ പാടാണ് .. "
അവളൊന്നു നിർത്തിയ ശേഷം
തുടർന്നു ..
"ഏട്ടനറിയാമോ ,
എൻ്റെ വീട്ടിലും അതെ അവസ്ഥയാ , മുകളിലത്തെ നിലയിൽ നിന്നാൽ പോലും നെറ്റ് കിട്ടില്ല
, അതെങ്ങനാ , ചുറ്റും റബ്ബർ അല്ലെ .. "
"ഹ്മ്മ് .. "
"അപ്പന് എന്നെ വെളിയിൽ
ജോലിക്കു വിടാൻ താത്പര്യമില്ലായിരുന്നെ .. എന്നെ എന്നല്ല എല്ലാരേം , അപ്പന് ഒരു അനിയനും
രണ്ടു പെങ്ങന്മാരുമാ .. എല്ലാരും അടുപ്പ് കുറ്റി പോലെ ചുറ്റും ഉണ്ട് .. ഏതു , പെങ്ങന്മാരുടെ
കെട്ടിയവന്മാരെയും പുള്ളി ഇങ്ങോട്ടു കൊണ്ടുപോന്നു .. "
"കൊള്ളാല്ലോ ..
"
"ആ അപ്പനങ്ങാനാ
.. ബന്ധുക്കാരും സ്വന്തക്കാരും ഇപ്പോഴും ചുറ്റും വെണോന്നാ പുള്ളീടെ ഒരു സിദ്ധാന്തം
.. അമ്മച്ചി തിരിച്ചാ കേട്ടോ , പള്ളീ സ്കൂളിലെ ടീച്ചറാ .. പിന്നെ ഉള്ളത് അനിയത്തിയാ
, ഞാൻ പറഞ്ഞില്ലായിരുന്നോ .. കുറവിലങ്ങാട് കോളേജിൽ ഡിഗ്രിക്ക് പഠിക്കുവാ .. മടിച്ചിയാ
.. എഞ്ചിനീറിംഗ് എന്നൊന്നും പറഞ്ഞാൽ അവൾ കേൾക്കില്ലായിരുന്നു . പിന്നെ അപ്പനും അത്
മതി , അടുത്ത് തന്നെ അവളുണ്ടല്ലോ എന്നേ. ഞാൻ ഈ ബാംഗ്ലൂരിൽ വന്നു കിടക്കുന്നതിനു വഴക്കാ
.. ഒന്നിടവിട്ട ആഴ്ചക്കു വീട്ടിൽ ചെല്ലണം എന്നാ പറഞ്ഞിരിക്കുന്നെ .. ഈ ഫ്രൈഡേ പോകും
.. "
"കൊള്ളാല്ലോ തൻ്റെ
അപ്പൻ , വല്യ സ്നേഹമാ അല്ലെ .. "
"ആണോന്നോ .. ഒന്നും
പറയണ്ടാ .."
"എന്നതാ , പ്ലാന്ററാണോ
.. "
"ആ കുറച്ചു കുടുബസ്വത്ത്
ഉണ്ട് , അതിലീ റബ്ബറും ഒക്കെ തന്നെ .പിന്നെ മെയിൻ റോട്ടില് കുറച്ചു കടമുറികൾ ഉണ്ട്
, അമ്മച്ചീ ഇടുക്കീന്നാണെ , അവിടെ കുറച്ചു പാട്ടത്തിനു സ്ഥലം കൊടുത്തിട്ടുണ്ട് .. "
"ആഹാ , അപ്പൊ മറിയാമ്മേ
കെട്ടുന്നവന് കോളാണല്ലോ .. നിന്ന നില്പിൽ കുറച്ചു സ്ത്രീധനം കിട്ടും .. "
"ഉവ്വ , അപ്പനു
കണ്ണിനു പിടിച്ചിട്ടു വേണോല്ലോ എനിക്കൊരു ചെക്കനെ കിട്ടാൻ , കുടുംബ മഹിമേം , വിദ്യാഭ്യാസോം
, അമ്മായിഅപ്പന് അടിമ പണിയും ചെയ്യുന്ന ഒരാളെ എവിടുന്നു കിട്ടാൻ , ഞാനും പെണ്ണും നിന്ന്
പോകത്തെ ഉള്ളൂ.. "
"ഹഹ , കൊള്ളാല്ലോ
.. "
ആദി ചിരി തുടങ്ങിയപ്പോൾ
അഞ്ജലിയും അതിൽ പങ്കു ചേർന്നു .
"ആല്ല ആദിയേട്ടന്റെ
കാര്യമൊന്നും പറഞ്ഞില്ലല്ലോ , വീട്ടിലാരൊക്കെ ഉണ്ട് .. "
"വീട്ടിൽ .. വീട്ടിൽ
ഞാൻ പറഞ്ഞില്ലേ , എല്ലാവരുമുണ്ട് .. അച്ഛൻ , അമ്മ , അനിയൻ , അനിയത്തി , മുത്തശ്ശി പിന്നെ
മുത്തശ്ശൻ .."
"ആഹാ വല്യ കുടുംബം
ആണല്ലോ .. "
"ഹ്മ്മ് .. "
"അച്ഛൻ എന്ത് ചെയ്യുന്നു
.. "
"അച്ഛൻ .. അച്ഛൻ
ഡോക്ടറാണ് .. ഈ ആയുർവേദം .. "
"കൊള്ളാല്ലോ
... "
"അഞ്ജു ക്ഷീണിച്ചെങ്കിൽ
ഇവിടെ ഇരിക്ക് , ഞാൻ പെട്ടന്ന് ഓടി തീർത്തിട്ട് വരാം .. "
ഒരു ചാരുബെഞ്ചു ചൂണ്ടിക്കാട്ടി
ആദി പറഞ്ഞു .
"ഹ്മ്മ് , അതാണ്
നല്ലതു , ഇങ്ങേരുടെ കൂടെ ഓടിയെത്താൻ എനിക്ക് പറ്റില്ല , പോയി ആറു കിലോമീറ്റർ ഓടി തീർത്തിട്ട്
വാ , ഞാൻ ഇവിടെ ഇരിക്കാം .. "
കിതപ്പോടെ അവൾ ബെഞ്ചിലേക്കിരുന്നപ്പോൾ
അവൻ വേഗത്തിൽ ഒടാൻ തുടങ്ങി ..
"പോകാം .. "
കുറച്ചു സമയത്തിന് ശേഷം
അവളുടെ അടുത്തേയ്ക്കിരുന്നു ആദി ചോദിച്ചു
"ഇത്രപെട്ടന്നു
ഓടി തീർന്നോ ..അല്ല ഇനി വിയർപ്പു മാറേണ്ട .. "
"ദോ , ആറു കിലോമീറ്റെർ
ആയി ... അത് മാത്രമല്ല , ചെന്നിട്ടു പണിയുള്ളതല്ലേ , നേരത്തെ പോണം .. "
"ഹ്മ്മ് .. അണപ്പ്
തീർന്നിട്ടില്ല , ഇന്നാ എൻ്റെ കൈപിടിച്ച് എഴുന്നേറ്റോ .. "
അഞ്ജലി എഴുനേറ്റ് ആദിയുടെ
നേരെ കൈ നീട്ടി . അവൻ ഒന്ന് മടിച്ചുവെങ്കിലും പിന്നീട് അവളുട കൈയിൽ പിടിച്ചു എഴുനേറ്റ്
മുന്നോട്ടു നടന്നു ..
"ഞാനൊരല്പം സാഹിത്യം
പറഞ്ഞോട്ടെ സഖീ .. "
"ഏഹ് , സഖീ എന്നൊക്കെ
..എന്താണ് രാവിലെ കഞ്ചാവ് വലിച്ചോ ..അതോ .. ആ എന്നായാലും പറയ് .."
അവനവളെ പിടിച്ചു തൻ്റെ
നേരെ നിർത്തി ..
"അഞ്ജലീ ..നിന്റെയീ
പുഞ്ചിരിക്ക് ഉദിച്ചുയരുന്ന സൂര്യനെക്കാൾ പ്രഭയുണ്ട് .. .."
"ആയ് .. വെല്ല ബെഡ്റൂമിലും
വച്ച് പറയേണ്ട ഡയലോഗാണോ മാഷെ ഇങ്ങനെ പാർക്കിൽ പറഞ്ഞു തീർക്കുന്നെ ... ഏതായാലും കൊള്ളാം
, ഞാൻ ഇമ്പ്രെസ്സ്ഡ് ആയി "
ആദി അവളെ പിന്നിലാക്കി
മുന്നോട്ടു നടന്നു ..
"ഹേ മാഷെ , ഞാൻ
ഒരു തമാശ പറഞ്ഞതാടോ .. എനിക്കിഷ്ടമായി , അല്ലങ്കിലും സത്യം പറയുന്നവരെ എനിക്കിഷ്ടമാണ്
.. പറഞ്ഞ സന്ദർഭം റൊമാന്റിക് അല്ലായിരുന്നു എന്നാണു ഉദ്ദേശിച്ചത് .. പതുക്കെ പോ ആദിയെട്ടാ
"
അവൾ പിന്നാലെ ചെന്നു
അവന്റെ കൈ പിടിച്ചു നിർത്താൻ ഒരു വിഫല ശ്രമം നടത്തി ..
"അതെ , ഒരു കാര്യം
കൂടി ചോദിക്കാനുണ്ട് , ഇന്നലെ രാത്രി പത്തു മണിവരെ വീട്ടിൽ എത്തിയില്ലായിരുന്നല്ലോ
.. എവിടെയായിരുന്നു .. "
"ഏഹ് , അതെന്തിനാ
നീ അറിയുന്നേ .. "
അവൻ നടക്കുന്നതിനിടയിൽ
സംശയ ഭാവത്തിൽ അവളെ നോക്കി ..
"അത് .. അതിന്നലെ
ഒരു സ്‌പെഷ്യൽ കറി വച്ചിരുന്നു , കാണുകയാണെങ്കിൽ തരാമെന്ന് കരുതി .. "
അവൾ ഒരു വശത്തേക്ക് മുഖം
കോട്ടി .
"ഇന്നലെ ഓഫീസിൽ
നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി , വീട്ടിലെത്തിയത് പതിനൊന്നു കഴിഞ്ഞാണ് . സംശയമുണ്ടങ്കിൽ
നിന്റെ ലീഡിനോട് ചോദിച്ചാൽ മതി . അയാളുമുണ്ടായിരുന്നു എൻ്റെ കൂടെ. "
"എനിക്കെന്തു സംശയം
, അല്ലങ്കിലും ഞാൻ എന്തിനു സംശയിക്കണം .. "
"അതും ശെരിയാണ്
, ഏതായാലും വാ.. ഓരോ ജ്യൂസ് കുടിച്ചിട്ട് പോകാം .. "
ഫ്ലാറ്റിലേക്ക് തിരിയുന്നതിനു
മുൻപു ആദി അവളെ വിളിച്ചു .
"വേണ്ടാ .. എന്നും
വന്നാൽ ശെരിയാവില്ല .. ഹ്മ്മ്, അപ്പോൾ ഓഫീസിൽ കാണാം .. "
അവനു മുഖം കൊടുക്കാതെ
അവൾ ഫ്ലാറ്റിന്റെ ദിശയിലേക്കു വേഗം നടന്നു .
**********************************************
"മിഥൂ , ആ അഞ്ജുവിന്റെ
പട്ടി വന്നെന്നു തോന്നുന്നു .. "
ഫ്ലാറ്റിനുള്ളിലേക്കു
കയറി വരുന്ന അഞ്ജലിയ കണ്ടു ദിയ ഉച്ചത്തിൽ പറഞ്ഞു ..
"ദിയെ , അതിനെ അകത്തു
കേറ്റാതെ , വീടെല്ലാം വൃത്തികേടാക്കും .. "
"മതിയെടി , മതിയെടി
.. ഞാൻ ഒന്ന് ഓടാൻ പോയതിനു ഇതിനും മാത്രം പറയണ്ടാ .. നീയൊക്കെ ഇങ്ങനെ തിന്നു തടിച്ചു
കൊഴുത്തു ആന്റിമാരെ പോലെ ആയി ചെക്കന്മാരെ കിട്ടാതെ നരകിച്ചു പോകത്തെ ഉള്ളൂ .. "
"ആ ഓടി ഓടി ഒരു
കല്യാണം , അത് ചിലപ്പോ നിനക്ക് മാത്രം വിധിച്ചിട്ടുള്ളതാകാം ."
"ഡി , ഒരു കാര്യം
പറ .. ഞാൻ ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടോ .."
അവൾ ഷൂസ് ഊരി വച്ച് മൈഥിലിയുടെ
അടുത്തേക്കെത്തി ..
"എന്താണ് ഇപ്പൊ
അങ്ങനെ ഒരു ചോദ്യം .."
"എൻ്റെ ചിരിക്ക്
ഉദിച്ചുയരുന്ന സൂര്യനെക്കാൾ തെളിച്ചമുണ്ടന്ന് .. "
"അഹ് ..അടിപൊളി
ഫ്ലർട്ടിംഗ് .. അങ്ങേരു ഇപ്പൊ പറഞ്ഞതാണോ .."
"ആ.. എൻ്റെ രണ്ടു
കയ്യും പിടിച്ചു മുന്നിൽ നിർത്തി കണ്ണിൽ നോക്കി പറഞ്ഞതാ .. "
"എന്നിട്ടു നീ എന്ത്
പറഞ്ഞു .. "
"രാവിലെ പറയാൻ പറ്റിയ
ഡയലോഗ് തന്നെ എന്ന് പറഞ്ഞു .. "
"അത് നന്നായി ,
ആളെ ഒന്ന് സൂക്ഷിക്കണം അഞ്ജു , രണ്ടു ദിവസത്തെ പരിചയത്തിൽ ഇമ്മാതിരി പറയണമെങ്കിൽ ഒന്നില്ലങ്കിൽ
ആള് പക്കാ ഫ്രോഡ് അല്ലങ്കിൽ .. "
"അല്ലങ്കിൽ .."
"മുടിഞ്ഞ പ്രേമം
.. "
"എൻ്റെ ദിയെ , നീ
ചുമ്മാ ആദിയേട്ടനെ പറ്റി ഓരോന്നും പറയാതെ , അങ്ങേർക്കു ഇവളോട് പ്രേമം തന്നെയാകാനാ
സാധ്യത . ആള് ഫ്രോഡാല്ലന്നു ഉറപ്പാ .."
"അങ്ങനെ പറയാതെ
മിഥൂ .. നമുക്കതു കണ്ടു പിടിക്കാം , അങ്ങനെ പ്രേമം ആണേൽ അങ്ങേരുടെ മനസ്സ് നമുക്ക് തുറപ്പിക്കാം
.. "
"എങ്ങനെ ദിയ
.."
"കൃഷ്ണ .."
"അവനെ എന്തിനാ ഇതിന്റെ
ഇടയിൽ വലിച്ചു കേറ്റുന്നെ .."
"ഡി പെണ്ണെ .. അവന്റെ
കാര്യം ആദിയേട്ടൻ പറഞ്ഞതല്ലേ .. അത് കൊണ്ട് പുള്ളിയുടെ മുൻപിൽ വച്ച് നീ ഒന്ന് ഇത്തിരി
കൃഷ്ണയോട് അയഞ്ഞു പെരുമാറണം . ഓഫീസിൽ വച്ച് പേഴ്സണൽ കാര്യങ്ങൾ സംസാരിക്കരുത് എന്നല്ലേ
.. വേണോങ്കിൽ രണ്ടു ദിവസം ഓടാനും പോകണ്ടാ .. പിന്നെ ശനീം ഞായറും .. നീ നാട്ടിലും
..മോളെ അടുത്ത തിങ്കൾ .. അങ്ങേർക്കു നിന്നോട് പ്രേമമാണെങ്കിൽ അത് നിന്നോട് പറഞ്ഞിരിക്കും
.."
"ഡി , ദിയെ , മിഥൂ
കുഴപ്പമാകുമോ .. "
"ആകും .. നിനക്കങ്ങേരോടു
പ്രണയം തോന്നി തുടങ്ങിയില്ലേ , അത് കൊണ്ട് തന്നെ ഇത് കുഴപ്പമാകും .. ഇവിടെ അല്ല ..
അങ്ങ് പാലായിൽ .. കുന്നേൽ തോമസിന്റെ അടുക്കൽ .."
"മാതാവേ .. വേണ്ട
.. എനിക്ക് പ്രേമിക്കണ്ടാ .."
"എന്നാൽ വേണ്ടാ
.. ദിയെ , ഞാനൊന്നു നോക്കിയാലോ ..."
ടൗവലുമെടുത്തു ബാത്റൂമിലേക്ക്
കയറിപ്പോയ അഞ്ജലി തിരികെ അവരുടെ മുന്നിലേക്ക് വന്നു
"മിഥൂ , നീ എൻ്റെ
നല്ല കൂട്ടുകാരിയല്ലേ , അറിഞ്ഞു കൊണ്ട് നിന്നെ കുഴിയിൽ ചാടിക്കാൻ എനിക്ക് വയ്യ , അങ്ങേരു
ഫ്രോഡാണങ്കിലോ ... ഹേ .. അത് കൊണ്ട് നീ വേണ്ടാ .. ഞാൻ തന്നെ മതി ..ഇന്ന് മുതൽ മിഷൻ
ആദി .. കർത്താവേ ..കൂടെ കാണണെ .."
അഞ്ജലി ബാത്‌റൂമിലേക്കു
കയറിയപ്പോൾ മൈഥിലിയും ദിയയും പരസ്പരം നോക്കി ചിരിച്ചു .
************************************************
അന്ന് ഓഫീസിൽ മീറ്റിങ്ങുകളാൽ
തിരക്ക് പിടിച്ച ദിവസമായിരുന്നു ആദിക്ക് . ജോലികൾ ചെയ്യുമ്പോൾ അടുത്തുണ്ടങ്കിലും ഒരിക്കൽ
പോലും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ രാവിലെ ദിയ പറഞ്ഞത് പോലെ
ചെയ്യാൻ അഞ്ജലി തീരുമാനിച്ചു . അവന്റെ മുന്നിൽ വച്ച് പലതവണ അവൾ കൃഷ്ണയോട്
അടുത്ത് പെരുമാറി .ഒഫീഷ്യൽ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും ആദിയോട് സംസാരിക്കാൻ അവൾ
കൂട്ടാക്കിയതുമില്ല . അവളുടെ അവഗണന ആദ്യമൊക്കെ അലട്ടിയെങ്കിലും ജോലിയിൽ വ്യാപൃതനായതിനാൽ
പിന്നീടവൻ ശ്രദ്ധിച്ചില്ല . രാവിലെ അവളോട് കൂടുതൽ അടുത്ത് പെരുമാറിയതാകാം കാരണം എന്നവനോർത്തെടുത്തു
. അടുത്ത ദിവസം പാർക്കിൽ വച്ച് എല്ലാം സംസാരിച്ചു തീർക്കാമെന്ന വിചാരത്തിൽ അവൻ ജോലിയിൽ
മുഴുകി .
അതെ സമയം അഞ്ജലിക്ക്
തന്നോടുള്ള പെരുമാറ്റത്തിൽ വന്ന വ്യത്യാസത്തിൽ ഒരേ സമയം സന്തോഷവും ആശയക്കുഴപ്പവും കൃഷ്ണയെ
അലട്ടി . ഇന്നലെ വരെ അകറ്റി നിർത്തിയ ഒരുവൾ ഇന്ന് തന്നോട് വളരെ അടുപ്പത്തിൽ പെരുമാറുന്നു
അതും ആധിയുടെ മുന്നിൽ വച്ച്, ഒരു പക്ഷെ അവൻ ഏതെങ്കിലും തരത്തിൽ അവളോട് മോശമായി പെരുമാറിയോ
എന്ന് പോലും കൃഷ്ണ സംശയിച്ചു . അത് കൊണ്ട് തന്നെ ആദിയുടെ മുന്നിൽ അവളെ സംരക്ഷിക്കേണ്ട
ചുമതല അവൻ സ്വയം ഏറ്റെടുക്കയും ചെയ്തു .
ആദിയുടെ മുന്നിൽ വച്ച്
കൃഷ്ണയോട് അടുത്ത് പെരുമാറിയിട്ടും അവൻ്റെ അവഗണന ഒരു വശത്തു , മറിച്ചു ഒരല്പം അയഞ്ഞു
കൊടുത്തപ്പോൾ പുറകെ നടന്നു ശല്യം ചെയ്യുന്ന കൃഷ്ണ മറു വശത്തു .. അഞ്ജലിയുട ജീവിതം കൂടുതൽ
സങ്കീർണ്ണമാവുകയായിരുന്നു .എങ്കിലും അവൾ ആദിയുടെ തീരുമാനം അറിയാനായി ഈ നാടകത്തെ മുന്നോട്ടു
കൊണ്ട് പോകാനായി തന്നെ തീരുമാനിച്ചു . വെറും രണ്ടു ദിവസം കൊണ്ട് പ്രണയം തുടങ്ങില്ലെന്നുള്ള
കൂട്ടുകാരുടെ വാദം തന്നെയായിരുന്നു അതിനു കാരണം . പക്ഷെ അവർ അറിയുന്നുണ്ടായിരുന്നില്ല
, ആദ്യം കണ്ട നിമിഷത്തിൽ തന്നെ ഉണ്ടായേക്കാവുന്ന ഒന്നാണ് പ്രണയമെന്ന് .
(തുടരും)
No comments:
Post a Comment