Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 7

 അപ്പർ കുട്ടനാട്ടിലെ പൂങ്കാവ് ക്ഷേത്രത്തിനു അരികിലുള്ള , അരക്കു മുകളിൽ ഉയരത്തിൽ ഇരിപ്പൂ കൃഷി വിളഞ്ഞു കിടക്കുന്ന വയൽ വരമ്പിലൂടെ രണ്ടു കൈകൾ കൊണ്ടും മുട്ടോളം പാവാട ഉയർത്തി ഓടുകയാണ് ഒരു പെൺകുട്ടി .ഇടയ്ക്കിടയ്ക്ക് പുറകോട്ടു നോക്കി താഴെ വീഴാതെ വരമ്പിലൂടെ തനിക്കാവുന്നത്ര വേഗത്തിൽ. അല്പം പുറകിലായി ചെളിപുരണ്ട വേഷത്തിൽ പാടത്തെ പോയ് കോലത്തിൽ വച്ച ചട്ടിയുമായി ഒരു ചെറുപ്പക്കാരനും. 



"ദേവൂ , നിൽക്കടി അവിടെ , നീ വഴിയേ പോണവരെ പേടിപ്പിക്കും അല്ലെ "


അൽപ സമയത്തിന് ശേഷം, പുറകിൽ നിന്ന് ശബ്ദം കേൾക്കാത്തതിനാൽ അവൾ തിരിഞ്ഞു നോക്കി , പാടവരമ്പിൽ ക്ഷീണത്തോടെ നിൽക്കുന്ന അവനെ ചിറി കോട്ടി കാണിച്ചു . ദേഷ്യത്തോടെ , ഉന്നം പിടിച്ചു അവൻ എറിഞ്ഞ , ചോക്കു കൊണ്ട് മുഖം വരച്ചു ചേർത്ത ആ ചട്ടി അവളുടെ അരികിലൂടെ കടന്നു പോയി. അവനെ കൊഞ്ഞനം കുത്തി കാണിച്ചു അവൾ വീണ്ടും ഓടാൻ തുടങ്ങി . 


" നീ പി റ്റി ഉഷ ആണെങ്കിൽ ഞാൻ കാൾ ലൂയിസാടി "


മുണ്ടു മുറുക്കിയുടുത്തു , മടക്കിക്കുത്തി അവൻ പുറകെ ഓടാൻ തുടങ്ങി . ഒടുവിൽ,വരമ്പിൽ നിന്നും കരയിലേക്ക് ഉയർന്നു ചാടി ഓടാൻ തുടങ്ങിയ അവളുടെ ഇടതു പാദത്തിൽ അവൻ ബലമായി തട്ടി . ആ പെൺകുട്ടി കമന്നടിച്ചു വയലിന്റെ കരയിലെ പൊടി മണലിലേക്കു വീണു. തുടയോളം ഉയർന്നു പൊങ്ങിയ പാവാട കണ്ടു അവൻ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച നിന്നു . പെട്ടന്നു തിരിഞ്ഞു ഇരുന്നവൾ പാവാടതുമ്പു പദത്തിലേക്ക് വലിച്ചിട്ട് മുട്ടുകൾ മുഖത്തോടു ചേർത്തിരുന്നു. ഒരു നിമിഷത്തെ ഇടവേളയിൽ, അവളുടെ രണ്ടു കൈകളിലും പിടിച്ചെഴുനേല്പിച്ചു , തന്നോട് ചേർത്ത് പിടിച്ചു , അവൻ തന്റെ മുഖം അവളുടെ മുഖത്തേക്ക് ചേര്ത്തുരച്ചു, ഒപ്പം ശരീരവും . പിന്നെ കൈകൾ വിട്ടു അകന്നു മാറി നിന്ന് നോക്കി. 


"മതി, ഇത്രയും മതി.. , ആഹാ എന്നാ ഒരു ഭംഗി , മേല് മുഴുവനും പൊടി മണലും പിന്നെ ചെളിയും .. ചേട്ടനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും "


അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടുന്ന കണ്ണുനീർ കണ്ടവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു .


"ദേവൂ, ഞാൻ ചുമ്മാ.. കളിയായി .. നീ വിഷമിക്കാതെ .. സോറി , പിണങ്ങല്ലേടാ " അവൻ അവളുടെ മുൻപിൽ കൈകൾ കൂപ്പി.


അവൾ പുറകോട്ടു മാറി ഇരു കൈകളിലും ചുരുട്ടിപിടിച്ച പൊടിമണൽ അവന്റെ കണ്ണുകളിലേക്കു എറിഞ്ഞു തിരിഞ്ഞു ഓടിപ്പോയി .


"എടി , അവലോസുണ്ടെ , നിക്കടി , ഞാൻ എങ്ങനെ വീട്ടിൽ പോകും " അവൻ കണ്ണുകൾ തിരുമ്മാൻ തുടങ്ങി


"നീ പോടാ സാമ്പാറു കുടിയാ " ഓടിപ്പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.



" സ്റ്റേഷൻ എത്തി " ചെറു പുഞ്ചിരിയോടെ കണ്ണുകളടച്ചു മയങ്ങി കിടന്ന ദുഗ്ഗയെ നോക്കി ജോൺ പറഞ്ഞു. 


അകത്തേക്ക് കയറി കേസിന്റെ നടപടി ക്രമങ്ങൾ തീർത്തു കൊണ്ടിരിക്കുന്നതിനിടയിൽ SI ചന്ദ്രഹാസൻ അവരുടെ അടുത്തേക്കെത്തി . 


"മാഡം , ഞങ്ങൾ ആളറിയാതെ , ജോൺ സാറിനോട് .. "


"അത് കുഴപ്പമില്ല , SI സാറെ, നിങ്ങളുടെ ഡ്യൂട്ടി നിങ്ങൾ ചെയ്തു എന്ന് കരുതിയാൽ മതി " ജോൺ അയാളെ നോക്കി പുഞ്ചിരിച്ചു.


"SP സാർ വിളിച്ചിരുന്നു, ഇന്ന് വരുമെന്നും നിങ്ങള്ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നും പറഞ്ഞിരുന്നു"


"ഹും " ദുർഗ്ഗ ഒന്നും മിണ്ടാതെ ഒന്ന് അമർത്തി മൂളി.


"മാഡം, പിന്നെ പോകുന്നതിനു മുൻപ് CI സാറിനെ കാണണമെന്ന് പറഞ്ഞിരുന്നു , അടുത്ത മുറിയാണ്"


"കെ . കൃഷ്ണകുമാർ "


സർക്കിൾ ഇൻസ്‌പെക്ടറുടെ മുറിക്കു മുന്നിൽ ഒരു നിമിഷം ആ പേര് വായിച്ചു നിന്നിട്ടു അവൾ ഡോറിൽ വലതു കൈയുടെ ചൂണ്ടു വിരൽ മടക്കി കൊട്ടി .


"വന്നോളൂ" അനുമതി കിട്ടിയതോടെ ദുർഗ്ഗയും ജോണും അകത്തേക്ക് കയറി. കൃഷ്ണകുമാർ തന്റെ മുൻപിൽ തുറന്നിരുന്ന ഫയലിൽ നിന്നും കണ്ണുകൾ എടുക്കാതെ കൈ കൊണ്ട് അവരോടു ഇരിക്കാൻ പറഞ്ഞു .


"സൊ , ദുർഗ്ഗാ , ഈ കേസ് ഇവിടം കൊണ്ട് തീരുമെന്ന് കരുതുന്നുണ്ടോ "


"ഉണ്ട് "


"അപ്പൊൾ , നാട്ടിൽ നിലയും വിലയും ഉള്ള പണിക്കർ സാറിന്റെ വീട്ടി കയറി അനാവശ്യം പറഞ്ഞതോ , അവരുടെ മുറ്റത്തിട്ടു ഒരു സ്ത്രീയെ മർദിച്ചതോ , അടുത്ത കേസ് അതിനായാലോ "


ജോണിന്റെ മുഖം ഇരുണ്ടു , കയ്യിലെ കട കസേരയിൽ മുട്ടുന്നതിന്റെ ശബ്ദം ഉയർന്നു വന്നു . ദുർഗ്ഗ തന്റെ ഇടതു കൈ നീട്ടി അയാളെ തൊട്ടു , കണ്ണുകൾ കൊണ്ട് വേണ്ട എന്ന് കാണിച്ചു . 


"സർക്കിൾ ആയിട്ടും മുഖത്തു നോക്കി നുണ പറയാൻ പഠിച്ചില്ല , അല്ലേ കിച്ചാ " അത് പറഞ്ഞു തീർന്നതും ദുർഗ്ഗയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു , ആ പുഞ്ചിരി കൃഷ്ണകുമാറിലേക്കും ജോണിലേക്കും പടർന്നു, പിന്നീടതൊരു പൊട്ടിച്ചിരിയായി മാറി.


"എന്റെ ഡിഡി , പെണ്ണുങ്ങളുടെ, അതും നിന്നെപ്പോലെ ഇത്രയും സ്ട്രോങ്ങ് ആയിട്ടുള്ളവരുടെ മുഖത്ത് നോക്കി കള്ളം പറയാൻ പേടി തന്നെയാണ്. ഈ രണ്ടു മിനിറ്റു പിടിച്ചിരുന്നതെങ്ങനെയെന്നു എനിക്കെ അറിയാവൂ. "


"അതെന്താ ഈ ഡിഡി " ജോൺ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.


"ദുർഗ്ഗാ ദേവി .. കോളേജിൽ വച്ച് ഇവളെ പേര് വിളിച്ചു വിളിച്ചു ഒരു മാതിരി അമ്പലത്തിൽ ചെന്ന പോലെയായി , അങ്ങിനെ ഇട്ട പേരാ ഡിഡി . അതിരിക്കട്ടെ , അവിടെപ്പോയി വെല്ലു വിളിച്ചതല്ലേ , ഇനി എന്താ നിങ്ങളുടെ പ്ലാൻ, അയാള് നാട്ടിലെ മൊത്തം ഗുണ്ടകളേം ഇറക്കാൻ തുടങ്ങീട്ടുണ്ട് "


"വരട്ടെ കിച്ചു , നമുക്ക് നോക്കാം , എവിടെ വരെ പോകുമെന്ന് "


"പിന്നെ വേറൊരു കാര്യം, അയാൾ നിന്റെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ ചരിത്രം തപ്പി ഇറങ്ങിയിട്ടുണ്ട്, അതറിഞ്ഞു കഴിയുമ്പോഴാകും അടുത്ത പണി "


"അറിഞ്ഞാലും മോശമായി ഒന്നും ഇല്ലല്ലോ , പണിക്കർ പേടിച്ചു എന്നതിന്റെ തെളിവാ ഇതെല്ലം , അയാളുടെ നാശത്തിന്റെ വഴി അയാൾ തന്നെ വെട്ടിക്കോളും , ഇനിയുള്ള ദിവസങ്ങൾ വെടി കൊണ്ട പന്നിയെപ്പോലെ അയാൾ ഓടും, ഓടി ഓടി ക്ഷീണിച്ചു കഴിയുമ്പോൾ നമുക്ക് പെട്ടന്ന് പിടിക്കാം "


"വിഷ്ണു .. "


"അയാൾ ഇറങ്ങില്ല, അതിനൊരു പണി കൂടി ഞാൻ അടുത്ത് തന്നെ കൊടുക്കും"


അവർ കൈകൊടുത്തു പിരിഞ്ഞു 


അടുത്ത ദിവസം രാവിലെ , ഭിത്തിയിൽ ഉറപ്പിച്ച ടി വിയിൽ നിന്നും വരുന്ന പാട്ടിനൊപ്പം സൂംബ ചെയ്യുകയായിരുന്നു ദുർഗ്ഗ . കറുപ്പും പിങ്കും ചേർന്ന 7/8 ജിം ബോട്ടവും പിങ്ക് സ്ലീവ് ലെസ്സ് ടോപുമാണ് വേഷം . എസിയുടെ തണുപ്പിലും അവൾ വിയർത്തിരുന്നു . ആ പാട്ടു കഴിഞ്ഞതോടെ ഷൂവും സോക്‌സും ഊരി വച്ച് അടുത്തിരുന്ന വെള്ള കുപ്പി കയ്യിലെടുത്തു ഹാളിന്റെ ബാൽക്കണിയിലേക്കു നടന്നു . പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും ദൂരെ അറബിക്കടലിന്റെ തീരത്തു , കാറ്റിന്റെ ശക്തിയിൽ ആർത്തലച്ചു കയറുന്ന തിരകളെ നോക്കി . തന്റെ മനസ്സും ഇതുപോലെ കലുഷിതമായി മാറുന്നത് പോലെ അവൾക്കു തോന്നി. ആ സമയത്തു തന്നെ ബലിഷ്ഠമായ കരങ്ങൾ തന്നെ പുറകിൽ നിന്നും മുറുക്കെ പുണരുന്നതു അവൾ അറിഞ്ഞു .


"ഗുഡ് മോർണിംഗ് ഡിയർ"


"മോർണിംഗ്, അകെ വിയർത്തിരിക്കുവാ , എന്നെ വിട്ടെ " അവൾ കുതറി മാറാൻ നോക്കി. പക്ഷെ അവളെ അയാൾ പൂർവാധികം ശക്തിയോടെ തന്നിലേക്ക് അടുപ്പിച്ചു, മുടിക്കിടയിൽ നിന്നും ഇടതു ചെവിയുടെ മുന്നിലൂടെ കവിളിലേക്കിറങ്ങി വന്ന അവളുടെ വിയർപ്പിൽ അയാൾ ചുണ്ടുകൾ അമർത്തി.


"അയ്യേ, വൃത്തികെട്ട മനുഷ്യൻ, വെള്ളം വേണമെങ്കിൽ ദാ , ഈ കുപ്പിയിൽ നിന്നും കുടിച്ചോ "


"വേണ്ട മോളെ, നിന്റെ ഈ വിയർപ്പിന് നല്ല മധുരമുണ്ട് .." അവൾ പുഞ്ചിരിച്ചു കൊണ്ട് , തന്റെ വയറിൽ അമർന്നിരിക്കുന്ന കൈകലിൽ തന്റെ കൈകൾ വച്ച് അയാളോട് ചേർന്ന് നിന്നു.


"അതേയ് , നല്ലയൊരു മഴയ്ക്ക് ചാൻസ് ഉണ്ട്.. "


"ഹ്മ്മ് "


"മഴ പെയ്താൽ എന്നെ ബൈക്കിൽ കറക്കാൻ കൊണ്ട് പോകാമോ"


"പോകാം" 


"മഴ കൊണ്ട് വരുമ്പോൾ ഐസ് ക്രീം വാങ്ങി തരുവോ"


"വാങ്ങിത്തരാം , അതിനു മുൻപ് എന്റെ കൂടെ അകത്തേക്ക് വാ "


"എന്തിനു "


"നിന്നെ ഈ കോലത്തിൽ കണ്ടിട്ട് എങ്ങനെയാ വെറുതെ വിടുന്നത് " കണ്ണടച്ച് കാണിച്ചു അയാൾ അവളെ തൻറെ കൈകളിൽ കോരിയെടുത്തു അകത്തേക്ക് കൊണ്ടുപോയി.ഡാൻസ് ചെയ്‌ത്‌ തളർന്നിരുന്നുവെങ്കിലും അയാളുടെ പ്രണയം തനിക്കിനി ഒരിക്കലും നിരസിക്കാൻ പറ്റില്ലായെന്നു അവൾക്കറിയാമായിരുന്നു.


കുറച്ചു സമയത്തിന് ശേഷം യോഗ മാറ്റിൽ അയാളുടെ നെഞ്ചിൽ തലചേർത്തു കിടക്കവേ ആ ശ്വാസഗതിവേഗം മാറുന്നതവൾ അറിഞ്ഞു . 


"എന്ത് പറ്റി "


"നീ എന്താ മാളിയേക്കൽ പോകാഞ്ഞത് , എന്തിനാ കൊച്ചിയിലേക്കു ഓടി വന്നത് "


"ഞാൻ ആ ഗ്രാമത്തിൽ ഒരു രാത്രിയുറങ്ങുന്നുണ്ടങ്കിൽ അത് എന്റെ മേച്ചേരിൽ വീട്ടിലായിരിക്കും, നിങ്ങളെപ്പോലെ എനിക്കും വാശികാണില്ലെ , നമ്മുടെ രണ്ടു പേരുടെയും ഈ വാശി ആളി കത്തിച്ചല്ലേ ചിലതെല്ലാം ചാമ്പലാക്കാൻ പറ്റൂ"


ആ സമയത്തു തന്നെ വെളിയിൽ മഴ തുടങ്ങി . അവൾ എഴുനേറ്റു , മുടി വാരികെട്ടി ചുറ്റും ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്തു അകത്തേക്ക് പോയി . അൽപ സമയത്തിനു ശേഷം റൌണ്ട് നെക്ക് ടി ഷർട്ടും ത്രീ ഫോർത്തും ധരിച്ചു എത്തി ഒരു കാവി മുണ്ടും ടി ഷർട്ടും അയാൾക്ക്‌ നേരെ വലിച്ചെറിഞ്ഞു .


"പെട്ടന്ന് റെഡി ആയി താഴേക്ക് വാ, ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി വയ്ക്കാം"


ആർത്തലച്ചു പെയ്യുന്ന മഴയിൽ അവരുടെ ബൈക്ക് ചെന്ന് നിന്നതു ബീച്ചിൽ ആയിരുന്നു . ശക്തമായ മഴയിൽ ഉയരത്തിൽ അടിച്ചു കയറുന്ന തിരമാലകൾ കരയെ വിഴുങ്ങി തിരിച്ചിറങ്ങുന്നതു കണ്ടു നിൽക്കവേ അവരുടെ മുഖത്തു പുഞ്ചിരി വിടർന്നു . കല്ലുകൾ പെറുക്കിയെറിയുന്നത് പോലുള്ള മഴത്തുള്ളികൾ കൊണ്ട് ശരീരം വേദനിക്കുമ്പോൾ തങ്ങളുടെ ഹൃദയം ശാന്തമാകുന്നത് അവർ മനസ്സിലാക്കി . ആളൊഴിഞ്ഞ ബീച്ചിൽ അവർ രണ്ടു പേർ , പരസ്പരം ഇടുപ്പിൽ കൈകൾ ചേർത്ത് , ആ മഴയിൽ അലിഞ്ഞു ചേർന്നു . 


(തുടരും)

No comments:

Post a Comment